ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച 'ചുരുളി' എന്ന സിനിമക്ക് ഒരു കാഴ്ച. സിനിമയിലെ ഭാഷ പലതരത്തിൽ വിവാദമുണർത്തിയ പശ്ചാത്തലത്തിൽ സിനിമയുടെ സാംസ്കാരിക വ്യവഹാരത്തെയും രാഷ്ട്രീയത്തെയും പരിശോധിക്കുന്നു.
സിനിമ സാങ്കേതികമായി കാഴ്ചയുടെ കലയാണെങ്കിലും സാംസ്കാരികോൽപന്നംകൂടിയാണെന്നത് യാഥാർഥ്യമാണ്. ഷോട്ടുകളുടെ സ്വഭാവം, വർണസൂചനകൾ, പശ്ചാത്തലസംഗീതം, ഭാഷ, താരനിർണയം തുടങ്ങി സിനിമയെ രൂപപ്പെടുത്തുന്ന ഘടകങ്ങളിലെല്ലാം സംസ്കാര രാഷ്ട്രീയം രാസത്വരകംപോലെ വർത്തിക്കുന്നുണ്ട്. അതിനാൽ സാംസ്കാരിക വ്യവഹാരങ്ങളെ പരിഗണിച്ചുകൊണ്ടുമാത്രമേ സിനിമയെ അടുത്തറിയാനാവൂ. വിനോയ് തോമസിെൻറ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയെ ആധാരമാക്കി ഹരീഷ് തിരക്കഥയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിർവഹിച്ച 'ചുരുളി' എന്ന സിനിമയുടെ സാംസ്കാരിക വ്യവഹാരമേഖല വ്യതിരിക്തമാകുന്നത് പ്രധാനമായും ഭാഷണത്തിലെ സഭ്യസഭ്യേതര വരമ്പുകളെ ഇല്ലാതാക്കുന്ന സാങ്കൽപികദേശനിർമിതികൊണ്ടാണ്.
മൈലാടുംപാറ ജോയി എന്ന പിടികിട്ടാപ്പുള്ളിയെ തേടി ചുരുളിയിൽ കൂലിപ്പണിക്കാരുടെ വേഷത്തിലെത്തുന്ന രഹസ്യപ്പൊലീസുകാരായ ആൻറണിയും ഷാജിവനും കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും പ്രേക്ഷകപക്ഷത്തുനിന്നുകൊണ്ടാണ്. വീക്ഷണകോൺ ഷോട്ടിലൂടെ സിനിമയുടെ പ്രാരംഭഘട്ടത്തിൽത്തന്നെ ചുരുളിവാസികളെ അപരമാക്കി നിലനിർത്താൻ ചലച്ചിത്രകാരൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ അപരത്വം ക്രമേണ ഇല്ലാതാകുന്നതായാണ് സിനിമയുടെ അന്ത്യം സൂചിപ്പിക്കുന്നത്.
അധമമെന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള ഭാഷണങ്ങൾക്ക് പ്രയോഗസാധുത ലഭിക്കുന്ന ഒരു സാങ്കൽപിക ഇടം 'ചുരുളി'യിൽ രൂപപ്പെടുത്തിയിരിക്കുന്നു. നിയമവ്യവസ്ഥക്ക് അപ്പുറമാണ് ഈ ലോകം. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ലോകം. ചുരുളിക്കാരെ സംബന്ധിച്ചിടത്തോളം സ്വർഗരാജ്യം
സൂചകസൂചിതങ്ങൾ തമ്മിലുള്ള അന്തരത്തെ അപ്രസക്തമാക്കുന്ന കാഴ്ചയനുഭവം സിനിമയുടെ പ്രത്യേകതയാണ്. ഇത് കാണികളെ സംബന്ധിച്ചിടത്തോളം അനായാസപ്രക്രിയയാണെങ്കിലും ലിജോ ജോസിെൻറ ചിത്രങ്ങളിൽ പ്രേക്ഷകജാഗ്രത ആവശ്യപ്പെടുന്ന പ്രതീകഭാഷയും ഭ്രമകൽപനയും ധാരാളമായി കടന്നുവരുന്നുണ്ട്. ചുരുളിയെയും സാധാരണ ഇടത്തെയും വേർതിരിക്കുന്ന തടിപ്പാലം ശക്തമായ ഒരു ചലച്ചിത്രപ്രതീകമാണ്. അവിടത്തെ ഭാഷാപരിവൃത്തി (language shift) ആൻറണിയെയും ഷാജിവനെയും മാത്രമല്ല പ്രേക്ഷകനെയും നടുക്കിക്കളയുന്നുണ്ട്. സാമൂഹിക ചരങ്ങൾ (social variables) ഭാഷാഭേദത്തിെൻറ അടിസ്ഥാനമാണ്. കാമ്പസ് പോലെയുള്ള താൽക്കാലിക ഇടങ്ങൾക്കുപോലും സവിശേഷ ഭാഷയുണ്ട്. എന്നാൽ അധമമെന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള ഭാഷണങ്ങൾക്ക് പ്രയോഗസാധുത ലഭിക്കുന്ന ഒരു സാങ്കൽപിക ഇടം 'ചുരുളി'യിൽ രൂപപ്പെടുത്തിയിരിക്കുന്നു. നിയമവ്യവസ്ഥക്ക് അപ്പുറമാണ് ഈ ലോകം. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ലോകം. ചുരുളിക്കാരെ സംബന്ധിച്ചിടത്തോളം സ്വർഗരാജ്യം.
തടിപ്പാലം ഭാഷാപരിവൃത്തിയെ മാത്രമല്ല അടയാളപ്പെടുത്തുന്നത്, പ്രകൃതി സംസ്കാര ദ്വന്ദ്വങ്ങളെക്കൂടിയാണ്. തടിപ്പാലം കടക്കുന്നതുവരെ ചുരുളിവാസികൾക്ക് ഭാഷണത്തിൽ മാത്രമല്ല ശരീരഭാഷയിലും വിനയം, ആദരവ് പരസ്പര ബഹുമാനം തുടങ്ങിയ പഠിതവൃത്തിശീലങ്ങൾ പ്രകടമാണ്. അവരെ നോക്കി ''പാവങ്ങളാ'' എന്ന് ആൻറണി വിലയിരുത്തുന്നുമുണ്ട്. തടിപ്പാലം കടക്കുന്നതോടെ ദൃശ്യസംസ്കാരംതന്നെ മാറുന്നുണ്ട്. വന്യസാഹചര്യങ്ങളിൽ ഭാഷ പരുക്കനാകുമെന്ന് എഡ്വേഡ് സപീർ ഒരു നൂറ്റാണ്ടുമുമ്പേ നിരീക്ഷിച്ചിട്ടുള്ളതാണ്. ഇവിടെ ഭാഷ മാത്രമല്ല പരുക്കനാകുന്നത്. നടപ്പുരീതികളിൽനിന്ന് വ്യത്യസ്തമായ തരത്തിലേക്ക് സിനിമയിലെ ബാഹ്യക്രിയാംശങ്ങളെല്ലാം ഏകോപിക്കപ്പെടുന്നു. ആൻറണി വളരെ പെട്ടെന്നും ഷാജിവൻ തെല്ലു സാവധാനത്തിലും അതിെൻറ ഭാഗമായി മാറുന്നതും പ്രേക്ഷകൻ മനസ്സിലാക്കുന്നു. ഒരുതരം സാധാരണീകരണ പ്രക്രിയ അവിടെ അനിവാര്യമായിത്തീരുന്നു. അതുകൊണ്ട് കേട്ടാലറയ്ക്കുന്ന തെറിയും സ്വാഭാവികമെന്നവണ്ണം അവതരിപ്പിക്കേണ്ടത് ചലച്ചിത്രകാരെൻറ ആവശ്യവും ധാർമികപക്ഷത്തെ അനാവശ്യവുമാകുന്നു. അതുകൊണ്ട് ലൈംഗികച്ചുവയുള്ള അധമപ്രയോഗങ്ങൾ /അസഭ്യപ്രയോഗങ്ങൾ സാധാരണീകരിക്കപ്പെടുന്ന ഇടമായി ചുരുളി മാറുന്നു. എന്നാൽ തെറിയുടെ ലോകം വ്യാമോഹിപ്പിക്കുന്ന ഇടമായി മാറുന്നു എന്നതാണ് അത് സാംസ്കാരിക മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നതിലേക്ക് നയിക്കുന്നത്. പ്രസ്തുത ലോകത്തിലേക്കുള്ള കവാടമാണ് തടിപ്പാലം. പാലം കടക്കുന്ന ദൈർഘ്യമേറിയ ആ ഷോട്ട് ഹിച്ച്കോക്ക് സിനിമകളെ അനുസ്മരിപ്പിക്കുന്ന ചടുലതയും ആകാംക്ഷയും പങ്കുവെക്കുന്നുണ്ട്. അത്തരത്തിലുള്ള അവതരണമാണ് 'ചുരുളി'യുടെ സവിശേഷലോകനിർമിതിയെപ്പറ്റിയുള്ള ധാരണ പ്രേക്ഷകനിലുണ്ടാക്കുന്നത്.
ഏരിയൽ ഷോട്ടുകളുടെ ധാരാളിത്തം 'ചുരുളി'യുടെ സവിശേഷമായ പ്രത്യേകതയാണ്. ദൂരദൃശ്യങ്ങളും സമീപദൃശ്യങ്ങളും നിരന്തരം കൂട്ടിയിണക്കി അകലവും അടുപ്പവും സ്ഥലകാലബന്ധത്തിൽ സൂചിപ്പിച്ച് പ്രേക്ഷകനെ ചാക്രികബന്ധത്തിെൻറ ചുരുളിയിലാക്കുകയാണ് ചലച്ചിത്രകാരൻ ഈ ചിത്രത്തിലൂടെ. അതൊരു മാന്ത്രികവലയംപോലെയാണ്. അതിൽനിന്ന് പുറത്തുകടക്കുക ബുദ്ധിമുട്ടാണ്. പിടികിട്ടാപ്പുള്ളിയും പിടിക്കാൻ വന്ന പൊലീസുകാരും ഒരുപോലെ ആ രസവലയത്തിലാണ്. പ്രസ്തുത രസവലയത്തിെൻറ നിർമിതിയിൽ ഉടനീളം പ്രയോജനപ്പെടുത്തിയ അസംസ്കൃതവസ്തുവാണ് തെറിഭാഷ. സമൂഹമാധ്യമങ്ങൾ ഭയപ്പെടുന്നതുപോലെ നാളെമുതൽ എല്ലാ മലയാളസിനിമയും തെറിപറയും എന്ന പ്രവചനത്തിന് വലിയ അടിസ്ഥാനമില്ല. എന്നാൽ ലിജോയുടെ സിനിമയിലെ കാമറ അവതരിപ്പിക്കുന്ന വന്യചാരുതയോടൊപ്പം ചുരുളിക്കാരുടെ വാറ്റുചാരായത്തോടൊപ്പം അനായാസം വാർന്നുവീഴുന്ന വഷളൻ ഭാഷണത്തോടൊപ്പം ഐക്യപ്പെടാനും താദാത്മ്യം പ്രാപിക്കാനും ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നവരെ ഉത്സുകരാക്കുന്ന സാംസ്കാരികപരിസരം സിനിമക്കുണ്ടെന്നതിൽ സംശയമില്ല.
ഷാജിവനും ജോയിയും മായ്ക്കലുകളും അവശിഷ്ടങ്ങളുമായി പരസ്പരം ആവർത്തിച്ചുകൊണ്ടേയിരിക്കും. മനുഷ്യർ ആവർത്തനങ്ങളാണെന്ന് പ്രമേയത്തിലൂടെയും ചുരുളിപ്രതീകത്തിലൂടെയും സിനിമ ഉറപ്പിക്കാൻ താൽപര്യപ്പെടുന്നുണ്ട്
ചുരുളി എന്ന അപരലോകത്തിലെത്തിയ പൊലീസുകാരൻ ആൻറണി, കുറ്റവാളി പിടിക്കപ്പെടുന്നതിെൻറ രസമില്ലായ്മയെപ്പറ്റി സഹപ്രവർത്തകനുമായി പങ്കുവെക്കുന്നുണ്ട്. ഷാപ്പുമാനേജർ പണ്ട് പേരാമ്പ്രയിൽ ചിട്ടിക്കമ്പനി നടത്തി അതു പൊട്ടിയപ്പോൾ നാടുവിട്ട ആളാണെന്ന് തനിക്കറിയാമെന്നും അവനെ നമുക്ക് ആവശ്യമില്ലെന്നും ആൻറണി വെളിപ്പെടുത്തുമ്പോൾ ''അപ്പോൾ സുകുമാരക്കുറുപ്പിനെ കിട്ടിയാലും പിടിക്കണ്ടേ'' എന്ന് ഷാജിവൻ ആശ്ചര്യത്തോടെ ചോദിക്കുന്നുണ്ട്. ആൻറണിയുടെ അപ്പോഴത്തെ മറുപടി അപകടകരമായവിധം രസകരമാണ്. ''എടോ കുറുപ്പ് എെൻറ മുന്നിൽ വന്നുനിന്നാൽ ഞാൻ പറയും: എെൻറ പൊന്നു കുറുപ്പുചേട്ടാ നിങ്ങളു മുങ്ങിക്കോ. നിങ്ങളെ പിടിച്ചാ പിന്നെ എന്നാ ഒരു രസം. ഇവമ്മാരു നാളെ ഇതങ്ങു മറക്കും. ഒരു ഇരുനൂറു കൊല്ലം കഴിഞ്ഞാലും നിങ്ങളെ അവിടെക്കണ്ടു ഇവിടെക്കണ്ടു എന്നെല്ലാം ഈ ...ന്മാരു പറഞ്ഞുകൊണ്ടു നടക്കും.'' ഇവിടെ ചലച്ചിത്രം കുറ്റകൃത്യങ്ങളുടെ ന്യായീകരണം നിയമപാലകനെക്കൊണ്ടുതന്നെ നിർവഹിക്കുന്നു എന്ന വൈരുധ്യം ശ്രദ്ധേയമാണ്.
'ചുരുളി'യിലൂടെ നിർമിതമാക്കപ്പെട്ട ലോകത്തിൽ പ്രയോഗിക്കപ്പെടുന്ന തെറിപ്രയോഗങ്ങളിൽ സ്ത്രീ ഉപഭോഗവസ്തുവായി നിരന്തരം പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും താന്തോന്നിത്തത്തിെൻറ കാര്യത്തിൽ അവിടത്തെ സ്ത്രീകൾ പുരുഷന്മാരോടൊപ്പം കട്ടക്കു കട്ട നിൽക്കുന്നവരാണ്. വൈദ്യനു സ്ത്രീലിംഗപ്രയോഗംപോലും സാമാന്യവ്യവഹാരത്തിലില്ലെങ്കിലും വേട്ടക്കിടയിൽ ക്ഷതം പറ്റിയ ആൻറണിയെ ചികിത്സിക്കുന്നത് സ്ത്രീയാണ്. ആളുകൾ ആൻറണിയെ താങ്ങിയെടുത്തുകൊണ്ടു ചെല്ലുമ്പോൾ ''ഏതാണീ ഏരണംകെട്ടവൻ''എന്നാണ് അവർ ചോദിക്കുന്നത്. തെറിഭാഷണത്തിെൻറ കാര്യത്തിൽ ലിംഗപദവീതുല്യത പാലിക്കപ്പെട്ടിട്ടുമുണ്ട്; സ്ത്രീയെ പുരുഷെൻറ ലൈംഗികകാമനക്കുള്ള വസ്തുവായി കണക്കാക്കുന്ന തെറിപരാമർശങ്ങളുണ്ടെങ്കിലും.
ചുരുളി ഒരു സ്ഥലശൂന്യത(Non-Place)യാണ്; ഇടമല്ലായ്മയാണ് അതിെൻറ യാഥാർഥ്യം. ചുരുളാകൃതിയിലുള്ള ചർമപത്രത്തിെൻറ മാതൃകയിൽ ഒരു സ്ഥലശൂന്യത ചുരുളഴിയുകയും ചുരുളുകയും ചെയ്യുന്നിടത്ത് സംഭവിക്കുന്ന വിച്ഛേദങ്ങളിലൂടെ കഥ വ്യാപിക്കുന്നു. ചർമലിഖിതങ്ങളിലുള്ള പല അടുക്കുകളെ ഓർമിപ്പിക്കുംവിധം അവിടെ വ്യക്തികളും സംഭവങ്ങളും വെളിപ്പെടുന്നതായി കാണാം. അവക്കും അപവ്യക്തികൾ (non-persons), അപസംഭവങ്ങൾ (non-events)എന്ന വിശേഷണങ്ങൾ നൽകുന്നതിൽ തെറ്റില്ല. കാരണം ചുരുളി എന്ന സ്ഥലശൂന്യതയിൽ വ്യവഹരിക്കുന്ന പലരും അവരല്ല. അവിടത്തെ സംഭവങ്ങൾ അവയിൽത്തന്നെ ഒതുങ്ങുന്നില്ല. ചുരുളിയിലെ വ്യക്തികൾ മറ്റാരൊക്കെയോ ആണെന്ന ബോധ്യം അവിടെ ശക്തമാണ്. ഷാജിവൻ കാണുന്ന പല കാഴ്ചകൾക്കും നേർരേഖയിലൂടെയുള്ള യുക്തിഭദ്രമായ വിവരണം അസാധ്യമാകുന്നതിനു കാരണം ഇതുതന്നെ. വെളിച്ചം ഘടിപ്പിച്ച് ചരിക്കുന്ന രൂപങ്ങൾ ഒരു ഉദാഹരണം മാത്രമാണ്.
ആൻറണിയും ഷാജിവനും പാലം കടക്കുന്നതോടെ മുമ്പു സൂചിപ്പിച്ചതുപോലെ സ്ഥല-കാല-സംസ്കാര യാഥാർഥ്യങ്ങളിൽ ഒരു വിച്ഛേദം സംഭവിക്കുന്നു. സ്ഥലം അതല്ലാതാകുന്നു. വ്യക്തികൾ അവരല്ലാതാകുന്നു. സംഭവങ്ങൾ അവയല്ലെന്നു വരുന്നു; ഭാഷയും മാറുന്നു. പാലം കടക്കുന്നതിെൻറ ആഘാതം അതിജീവിച്ച് ആൻറണിയും ഷാജിവനും പ്രവേശിക്കുന്നത് ഒരു പുനർലിഖിത(palimpsest) സാധ്യതയിലേക്കാണെന്നു പറയാം. മുൻപ് എഴുതിയവയെ മായ്ച്ചുകൊണ്ട് വീണ്ടും വീണ്ടും ഒന്നിനൊന്നു മുകളിലായി എഴുതാൻ സാധിക്കുന്ന ചർമപത്രമാണ് palimpsest. ഇത്തരത്തിൽ സംഭവങ്ങളിൽ രൂപപ്പെടുന്ന അടുക്കുകളെയും കാഴ്ചപ്പാടുകളെയും സൂചിപ്പിക്കാനും ഈ ആശയം ഉപയോഗിക്കാം. ചുരുളിയുടെയും ചുരുളിക്കാരുടെയും മുൻലിഖിതങ്ങളും പുനർലിഖിതങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. ആൻറണിയും ഷാജിവനും ചുരുളിയിലേക്ക് പ്രവേശിക്കുന്നതുതന്നെ അവരല്ലാതെയാണ്. അവരുടെ അപവ്യക്തിവത്കരണം അവിടെ അവസാനിക്കുന്നുമില്ല. ഷാജിവനെ ആദ്യമായി കാണുന്നവരായിരുന്നിട്ടുപോലും ''നേരത്തേ കണ്ടു പരിചയമുണ്ടല്ലോ'' എന്ന് ആളുകൾ ആവർത്തിക്കുന്നു. ജോയിയുടെ അതേ കുറ്റങ്ങൾതന്നെ ഷാജിവനിലൂടെ ആവർത്തിക്കപ്പെടുകയും ചെയ്യുന്നത് ശ്രദ്ധിക്കണം. ഒരു ഫ്രോയ്ഡിയൻ മാതൃകയിലൂടെ ഈ ആവർത്തനഹേമം(repetition compulsion) സിനിമയിലുടനീളം നിലനിൽക്കുന്നു. ഷാജിവൻതന്നെയാണ് ജോയി അഥവാ ജോയിതന്നെയാണ് ഷാജിവൻ എന്ന തലത്തിലേക്ക് സിനിമയുടെ അവസാനം ജോയിയും ഷാജിവനും തമ്മിൽ സംഭവിക്കുന്ന സ്ഥാനചലനം നമ്മെ എത്തിക്കുന്നുണ്ട്. ജോയിയുടെ അംശം(trace) ഷാജിവനിലും ഷാജിവെൻറ അംശം ജോയിയിലും ഉണ്ടായിരുന്നതായി മനസ്സിലാക്കണം. ദെറിദയുടെ അഭിപ്രായത്തിൽ ഇത്തരത്തിലുള്ള പുനർലിഖിതങ്ങൾ മാത്രമാണ് സാധ്യമായത്. ഒന്നും ആർക്കും ആദ്യമായി ആരംഭിക്കാനാവില്ല. മായ്ക്കലുകളും അവശിഷ്ടങ്ങളും ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും (Dissemination 1981). ഷാജിവനും ജോയിയും മായ്ക്കലുകളും അവശിഷ്ടങ്ങളുമായി പരസ്പരം ആവർത്തിച്ചുകൊണ്ടേയിരിക്കും. മനുഷ്യർ ആവർത്തനങ്ങളാണെന്ന് പ്രമേയത്തിലൂടെയും ചുരുളിപ്രതീകത്തിലൂടെയും സിനിമ ഉറപ്പിക്കാൻ താൽപര്യപ്പെടുന്നുണ്ട്.
മനുഷ്യർ പലരാകാനുള്ള സാധ്യതകൾ ഉള്ളതിനാൽ ചുരുളിയിൽ അവർ അജ്ഞാതർതന്നെയാണ്. ഇവിടെയുള്ളവർക്കെല്ലാം പല പേരുകളാണെന്ന് ഷാജിവൻ ആൻറണിയോട് വെളിപ്പെടുത്തുന്നുണ്ട്. പലത് എന്നത് ഒന്നല്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ഏകം എന്ന സുസ്ഥിരാവസ്ഥ അവിടെ നഷ്ടമാകുമ്പോൾ അത് അനേകവും അജ്ഞാതവുമാണെന്ന് ഉറപ്പിക്കണം. അങ്ങനെ അനേകരായ 'അജ്ഞാതരുടെ' കൂടിച്ചേരലാണ് ചുരുളിയെന്ന ശൂന്യസ്ഥലം. സ്ഥലങ്ങൾ സ്വത്വനിർമിതിയുടെ ഇടങ്ങൾകൂടിയാണെന്നിരിക്കെ അപ്രകാരമുള്ള ഏകസ്വത്വനിർമിതി ഇല്ലാത്ത ഇടങ്ങളെ മാർക് ഓഗെ അപലോകം/സ്ഥലമല്ലായ്മ/ശൂന്യസ്ഥലം എന്ന് നിർണയിക്കുന്നു (non-place 1992). അവ പൂർണമായി മായ്ക്കപ്പെടുകയോ അടയാളപ്പെടുത്തപ്പെടുകയോ ചെയ്യാതെ അനേകം അജ്ഞാതസ്വത്വങ്ങളുടെ മുൻ/പുനർ ലിഖിതങ്ങൾ വഹിക്കുന്ന palimpsest ആയി നിലകൊള്ളും. അവിടെ ഇടങ്ങളേക്കാൾ വഴിയിടങ്ങളാണ് അധികവും. അതുകൊണ്ടുതന്നെ ചുരുളിയിൽ വഴികൾ തെറ്റുന്നുമുണ്ട്: ''അതിലേ-ഇതിലേ''എന്നതാണ് അവിടത്തെ രീതി; ''അങ്ങോട്ടു പോകാം ഇങ്ങോട്ടു പോകാം'' എന്നതിൽനിന്ന് അങ്ങോട്ടുപോയാലും ഇങ്ങോട്ടുപോയാലും ഇവിടെത്തന്നെ എന്ന തിരിച്ചറിവോടെ ഷാജിവൻ ചാരായഷാപ്പിൽ ഇരിക്കുന്നു. അവിടെയും ഇവിടെയും അല്ലാത്തതും ആയതുമായ ഉമ്മറപ്പടിയാണ് (threshold) ഷാപ്പ്. ചുരുളിയുടെ സൂക്ഷ്മരൂപംതന്നെയാണത്. വിക്ടർ ടർണർ ഉമ്മറപ്പടി എന്ന ആശയത്തിന് ലിമിനാലിറ്റി( Liminality) എന്ന വാക്ക് ഉപയോഗിക്കുന്നു (The Ritual Process 2017). ഇതും അല്ല, അതും അല്ല; ഇവിടെയും അല്ല അവിടെയും അല്ല (അതുകൊണ്ട് ഇവിടെയും അവിടെയും ഇതും അതും ആകാം) എന്നതാണ് ഉമ്മറപ്പടി/ലിമിനാലിറ്റി. ചുരുളി ഒരു ഉമ്മറപ്പടിപ്രദേശമാണെന്നു കരുതണം. അവിടെ അലംഘനീയമായവയും (sacred) കളിയും (play) സന്ധിക്കുന്നു. കളി അനുഷ്ഠാനങ്ങളിലേക്ക് പടർന്നുകയറുന്നതായി 'ചുരുളി'യിൽ അനുഭവപ്പെടും.
അലംഘനീയമായ നിയമവ്യവസ്ഥയിലേക്ക് കളി പ്രവേശിക്കുമ്പോൾ സുകുമാരക്കുറുപ്പിനെ പിടികൂടുന്നതിനേക്കാൾ രസം പിടികൂടാതിരുന്ന് കളി തുടരുന്നതിലാണെന്ന ആൻറണിയുടെ വിനോദചിന്ത പ്രസക്തമാകുന്നു. ജോയിയുടെ സംസാരത്തിലും നിയമപാലകരുടെ വഴിതെറ്റിക്കുന്ന കളിയെക്കുറിച്ചുള്ള പരാമർശം ഉണ്ട്. അതിനെത്തുടർന്ന് ആൻറണിയും ഷാജിവനും ജോയിയും ഒടുക്കത്തെ കളിയിലേക്ക് പ്രവേശിക്കുന്നു എന്നുവേണം ചിന്തിക്കാൻ. അവരും ജീപ്പും ഒരു ബഹിരാകാശവാഹനംപോലെ മുകളിലേക്ക് ഉയരുന്നു. തോക്ക് പറന്നുകളിക്കുന്നു. ചുരുളി എന്ന ലിമിനൽ/ഉമ്മറപ്രദേശത്തെ ഉത്സവവും അടിമത്സരവുമെല്ലാം അവിടത്തെ കളിയനുഭവങ്ങളുടെ ഭാഗംതന്നെ. കളിയുടെ ഉല്ലാസരീതിയിലൂടെ അവിടെ ഒരു ഉത്സവലോകം രൂപപ്പെടുന്നു. ഇത് പാഠഭേദങ്ങളുടെയും പാഠാന്തരതയുടെയും ലോകമാണ്. പല ഭാഷ്യങ്ങളും പതിപ്പുകളും അനുവദിക്കപ്പെടുന്ന, യഥാർഥത്തിനും (real) അയഥാർഥത്തിനും (unreal) ഇടയിലുള്ള ഉമ്മറപ്പടിയായ irreal ലോകം നിർമിക്കപ്പെടുകയാണ് 'ചുരുളി'യിൽ. ഇത്തരത്തിലുള്ള ലോകരൂപവത്കരണങ്ങളിൽ വക്രീകരണവും രൂപാന്തരീകരണവും അനുബന്ധങ്ങളും ആധിപത്യങ്ങളും സാധാരണമാണെന്ന് നെൽസൺ ഗുഡ്മാൻ നിരീക്ഷിക്കുന്നുണ്ട് (ways of world making 1978.) 'ചുരുളി'യിലെ ചിഹ്നങ്ങളും രൂപങ്ങളും മാതൃകകളും ഈ ലോകരൂപവത്കരണത്തിെൻറ ഭാഗമാണ്. ഒരു കുരിശ് ഷാപ്പിനെ പള്ളിയാക്കുന്നു. തോക്ക് പൂമ്പാറ്റപോലെ പാറിക്കളിക്കുമ്പോൾ അധികാരത്തിന് ബലക്ഷയമുണ്ടാകുന്നു. കൂരിരുട്ട് തിന്മയെയും ഹിംസയെയും പ്രതിനിധാനം ചെയ്യുന്നു. ഇപ്രകാരം ചലച്ചിത്രഭാഷയുടെ സാധ്യത പ്രയോജനപ്പെടുത്തി ചുരുളി എന്ന സാങ്കലിക അപരലോക നിർമിതി ലിജോ ജോസ് പെല്ലിശ്ശേരി സമർഥമായി നിർവഹിച്ചിട്ടുണ്ട്.
'ചുരുളി'യിൽ രൂപപ്പെടുന്ന (irreal) ലോകം പാഠാന്തരതയിൽ അതിയാഥാർഥ്യത്തിലേക്കും (hyper reality) നീങ്ങുന്നതായി കാണാം. സിമുലേഷൻ/സിമുലാക്ര എന്നീ ആശയങ്ങളിലൂടെ ബോദ്രിയാർ അതിയാഥാർഥ്യത്തെ സമീപിക്കുന്നു. സിമുലേഷെൻറ മൂന്ന് തലങ്ങൾ അദ്ദേഹം വിവരിക്കുന്നു: 1. അടിസ്ഥാനപരമായ യാഥാർഥ്യത്തിെൻറ പ്രതിഫലനം 2. അടിസ്ഥാന യാഥാർഥ്യത്തിെൻറ മറയ്ക്കൽ/ വക്രീകരണം 3. അടിസ്ഥാന യാഥാർഥ്യമില്ലായ്മ 4. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലായ്മ (Simulacra and Simulation 1981). 'ചുരുളി' ഈ നാല് തലങ്ങളിലൂടെയും ഒരേസമയം സഞ്ചരിക്കുന്നുണ്ട്. ആൻറണിയും ഷാജിവനും ചുരുളിയിലേക്ക് വരുന്നത് തീർച്ചയായും യാഥാർഥ്യ ലോകത്തിെൻറ പ്രതിഫലനംതന്നെ. പാലം കടക്കുന്നതോടെ വക്രീകരണം ആരംഭിക്കുന്നതായി കണക്കാക്കണം. 'ചുരുളി'യുടെ പ്രദേശം മറ്റൊരു യാഥാർഥ്യം ഉണ്ടെന്ന തോന്നൽ മാത്രമാണ് ഉളവാക്കുന്നത്. സത്യത്തിൽ ചുരുളി അതിനു പിന്നിൽ ഇല്ലാത്ത ഒരു യാഥാർഥ്യത്തെ, ഒരു ശൂന്യതയെ മറച്ചുപിടിച്ചുകൊണ്ട് നിലനിൽക്കുന്നു. അതിനു പിന്നിൽ ഏതോ ആഴമേറിയ/പിടികിട്ടാത്ത സത്യം ഉണ്ടെന്ന് (മയിലാടുംപറമ്പിൽ ജോയി) ചിന്തിച്ച് എത്തുന്ന ഷാജിവൻതന്നെയാണ് ജോയി എന്ന് പറയേണ്ടിവരുന്നു. അവസാനത്തെ ജീപ്പുയാത്രയും ആ സൂചന നൽകുന്നുണ്ട്. ജോയിയുടെ കുറ്റകൃത്യങ്ങൾതന്നെയാണ് ഷാജിവെൻറ കൃത്യങ്ങളും. അങ്ങനെ ചുരുളിയിൽ മറഞ്ഞിരിക്കുന്നതായി ഒന്നുമില്ലാതെതന്നെ ആ പ്രദേശം അങ്ങനെയൊരു പ്രതീതി ജനിപ്പിക്കുന്നു. പിന്നിലുള്ള ശൂന്യതയെ മറയ്ക്കുന്ന പ്രതിബിംബങ്ങൾ മാത്രമാണ് അവിടെ നിറയുന്നതെന്ന് പറഞ്ഞുവെക്കാം. ചുരുളി അതിൽത്തന്നെ യഥാർഥമോ അയഥാർഥമോ അല്ലെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. അവിടെ പിന്നിൽ മറഞ്ഞിരുന്നേക്കാവുന്ന യാഥാർഥ്യം എന്ന നാട്യംപോലും ഉപേക്ഷിച്ച് ഒരു ലോകരൂപവത്കരണം നടക്കുന്നു. ചന്ദ്രനിലേക്ക് അല്ലാതെ എങ്ങനെയാണ് ഒരു ജീപ്പിൽ യാത്ര ചെയ്യുക? യാഥാർഥ്യം ഒരു കാപട്യമായിപ്പോലും അവശേഷിക്കാത്ത സിമുലാക്രയാണ് ചുരുളി. അതുകൊണ്ടുതന്നെ അവിടത്തെ ഭാഷാവ്യവഹാരങ്ങളെയും ആ പശ്ചാത്തലത്തിൽത്തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിനെ സാമാന്യവത്കരിക്കുകയോ ആദർശവത്കരിക്കുകയോ ചെയ്യേണ്ടതില്ല. യാഥാർഥ്യം അവിടെ കാപട്യമായിപ്പോലും സന്നിഹിതമല്ല എന്നു നാം കണ്ടുകഴിഞ്ഞു. അറിവധികാരത്തിെൻറ (power/knowledge) ഒരു സവിശേഷ വ്യാപനം 'ചുരുളി'യിൽ സംഭവിക്കുന്നു. ശരീരത്തെയും സ്ത്രീപുരുഷബന്ധത്തെയും ലൈംഗികതയെയും സംബന്ധിച്ച അറിവുകളിലോ അറിവില്ലായ്മകളിലോ ഉടലെടുക്കുന്ന, നിഗൂഢത ജനിപ്പിക്കുന്ന അധീശത്വത്തിെൻറ വ്യാപനത്തോടുള്ള പ്രതികരണമാണ് പലപ്പോഴും തെറിപ്രയോഗങ്ങളിലൂടെ പുറത്തുവരുന്നത്. അറിവിൽനിന്ന് അധികാരവും അധികാരത്തിൽനിന്ന് അറിവും രൂപപ്പെടുന്നു എന്ന് ഫൂക്കോ നിരീക്ഷിക്കുന്നു (Power/Knowledge -1980). അവിടെ അറിവില്ലായ്മ സൃഷ്ടിക്കുന്ന നിഗൂഢതയിൽ നഷ്ടമാകുന്ന അധികാരത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയുമുള്ള അടിസ്ഥാന യാഥാർഥ്യങ്ങൾ വക്രീകരിക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്യപ്പെടുന്ന സാഹചര്യങ്ങളാണ് അവയെ അന്യവത്കരിച്ചു സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്. അവിടെ ശരീരഭാഗങ്ങളുടെ വസ്തുവത്കരണവും (objectification) ലൈംഗികതയുടെ അന്യവത്കരണവും പങ്കാളിയുടെ അപരവത്കരണവും സംഭവിക്കുന്നു. അങ്ങനെയാണ് ചുരുളിയുടെ യാഥാർഥ്യങ്ങൾ വക്രീകരിക്കപ്പെട്ട ഭൂമികയിൽ ശരീരത്തിലെ ലൈംഗിക അവയവങ്ങളെപ്പറ്റിയും ലൈംഗികബന്ധങ്ങളെപ്പറ്റിയും ഉള്ള തെറികൾ വ്യാപിക്കുന്നത്. അധികാരസംബന്ധിയായ ഒരു വ്യഥയാണ് അതിനു പിന്നിൽ.
അധികാരം ഒരു വ്യക്തിയിൽ നിക്ഷിപ്തമല്ല. മറിച്ച് അതൊരു വലയുടെ കണ്ണികൾപോലെ വ്യാപിക്കുന്നു(network) അധികാരം എല്ലായിടത്തും ഉണ്ട് എന്ന് ഫൂക്കോ പറയുന്നുണ്ട്. ഇതൊരു നിരോധകപരമായ മർദനോപാധിയല്ല (repressive apparatus), ഉൽപാദകമായ സ്വാധീനമാണ് (productive force) എന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നിടത്ത് അനാവശ്യമായ പ്രതിഷേധങ്ങൾ തുടർന്നുകൊണ്ടിരിക്കും എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. മർദനോപാധിയുടെ ചിഹ്നങ്ങളായി പൊലീസുകാർ ചുരുളിയിൽ പ്രവേശിക്കുന്നുണ്ടെങ്കിലും അവർ മടങ്ങിപ്പോകുന്നില്ല എന്ന ജോയിയുടെ നിരീക്ഷണം ശ്രദ്ധിക്കണം. ഇവിടെ പൊലീസുകാർ വന്നാൽത്തന്നെ നേരാംവണ്ണം മടങ്ങിപ്പോകില്ലെന്നും ഇതു കര വേറെയാണെന്നും ഷാപ്പുമുതലാളി ഷാജിവനോടും പറയുന്നുണ്ട്. ആൻറണിയും ഷാജിവനുമല്ല അവിടേക്കെത്തുന്ന ആദ്യ പൊലീസുകാർ. എന്നാൽ അധികാരത്തിെൻറ network മാതൃക 'ചുരുളി'യിൽ വ്യാപിക്കുന്നു. ഇത്തരത്തിലൊരു വ്യാപനമാണ് 'ചുരുളി'യിലെ വന്യത. ചിലന്തിവലയുടെ ബിംബം ഇതിെൻറ സൂചനയല്ലാതെ മറ്റൊന്നുമല്ല. സ്വത്വബോധത്തിെൻറയും കർതൃത്വരൂപവത്കരണത്തിെൻറയും മേഖലയായ ശരീരവ്യവഹാരങ്ങളുടെ അഭാവവും ശരീരത്തിെൻറ തിരസ്കരണവും ചുരുളിയിൽ അവയെ സംബന്ധിക്കുന്ന തെറികളായി പരിണമിക്കുന്നു. ചുരുളിയുടെ പ്രകൃതിയിൽ വ്യാപരിക്കുന്ന അറിവധികാരത്തോടുള്ള പ്രതികരണമാണത്. പ്രകൃതിയുടെ അറിവ് ശരീരത്തെ നിഷേധിക്കുന്നില്ല എന്ന തിരിച്ചറിവിൽ മാത്രമേ ശരീരത്തിെൻറ അധികാരവും ആധികാരികതയും വീണ്ടെടുക്കപ്പെടുകയുള്ളൂ. ശരീരനിഷേധത്തിെൻറ വ്യവഹാരങ്ങൾ അവിടെ അനാവശ്യമായിത്തുടങ്ങും; ശരീരത്തിലധിഷ്ഠിതമായ അപരവത്കരണവും (othering) അന്യവത്കരണവും നിഷേധാത്മകമാണെന്ന തിരിച്ചറിവ് രൂപപ്പെടും; ശരീരത്തിെൻറ വസ്തുവത്കരണം നിന്ദ്യമായി അനുഭവപ്പെടും. ഈ വിധത്തിലുള്ള അറിവധികാരത്തിെൻറ ഉൽപാദകമായ സ്വാധീനബോധത്തിലേക്കും അതിെൻറ സ്വയംഭരണ/നിർണയസാധ്യതകളിലേക്കും (governmentality) നാം വളർന്നുകൊണ്ടേയിരിക്കണം. അവിടെയാണ് മർദകോപാധികൾ പാറിപ്പറന്ന് പോകുന്നതായി ഒരുപക്ഷേ 'ചുരുളി' ചിത്രീകരിക്കുന്നത്. എന്നാൽ കുറ്റകൃത്യങ്ങളുടെ ന്യായീകരണം എന്ന മറ്റൊരു ചലച്ചിത്രവായനയുടെ സാധ്യതയും തള്ളിക്കളയാനാവില്ല. നീതിവ്യവസ്ഥകളെ പരിഹസിച്ച് അപരലോകം സൃഷ്ടിക്കുകയും അധമഭാഷയെ സാധാരണീകരിക്കുകയും ചെയ്യുന്നു എന്ന നിഗമനമാണ് അപ്പോൾ ഉണ്ടാവുക. ഇവിടെ ചലച്ചിത്രകാരൻ ഒരു വിധിയും പ്രസ്താവിക്കുന്നില്ല. തെരെഞ്ഞടുപ്പ് പ്രേക്ഷകനു വിട്ടുതന്നിരിക്കുകയാണ്. ഇതിനെ ചലച്ചിത്രപാഠത്തിെൻറ തുറവിയായി കണക്കാക്കാം.
ബൈബിളിലെ വെളിപാടുപുസ്തകത്തിലുള്ള ചില ഭാഗങ്ങൾ സിനിമയിൽ പാരായണം ചെയ്യപ്പെടുന്നുണ്ട്. വെളിപാടുപുസ്തകത്തിലെ നിഗൂഢതയും 'ചുരുളി'യിലെ നിഗൂഢതയും സമാന്തരബന്ധത്തിൽ സൂചിപ്പിക്കപ്പെടുന്നുമുണ്ട്
വക്കീലും കോടതിയും പൊലീസും ഇല്ലെങ്കിലും മതപരമായ അനുഷ്ഠാനങ്ങൾ 'ചുരുളി'യിൽ കാണുന്നുണ്ട്. അകലെനിന്നും പുരോഹിതനെ മകളുടെ ആദ്യ കുർബാനക്കായി ഷാപ്പുമുതലാളി വരുത്തുന്നുണ്ട്. പള്ളി പോയിട്ട് ഒരു കുരിശടിപോലും ഇല്ലാത്ത ഇടമെന്ന് ഷാജിവൻ ചുരുളിയെപ്പറ്റി പറയുന്നുണ്ട്. പള്ളിയില്ലാത്തതിനാൽ രണ്ടു ദിവസത്തേക്ക് കച്ചവടം നിർത്തി ചാരായഷാപ്പ് പള്ളിയായി പരിവർത്തിപ്പിക്കുന്നു. ''അക്കരേക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരീ'' എന്നു തുടങ്ങുന്ന ഭക്തിനിർഭരമായ ഗാനം കോളാമ്പിയിലൂടെ മുഴങ്ങുന്നുണ്ട്. ചാരായഷാപ്പിനെ അൾത്താരയാക്കുന്നതിൽ മതനിന്ദ കണ്ടെത്തുന്നവരുണ്ടാകാം. എന്നാൽ സ്ഥലപരമായ നിത്യവിശുദ്ധി എന്ന സങ്കൽപംതന്നെ അവിടെ പൊളിച്ചെഴുതപ്പെടുന്നു. പള്ളിയെയും അമ്പലത്തെയും തീർഥാടനകേന്ദ്രങ്ങളാക്കി മാറ്റി വരുമാനമുണ്ടാക്കുന്ന ആത്മീയവ്യാപാരം ശക്തമായി അവിടെ വിമർശനവിധേയമാകുന്നുണ്ട്. കുറ്റവാളികൾ കുടിയേറ്റപ്പെട്ട സവിശേഷ ഇടമാണെങ്കിലും മതാനുഷ്ഠാനങ്ങൾ ചുരുളിക്കാർ ഉപേക്ഷിച്ചിട്ടില്ല. ആൻറണിക്ക് ചികിത്സ ലഭിക്കുന്നിടത്തും താന്ത്രികാനുഷ്ഠാനങ്ങളെ അനുസ്മരിപ്പിക്കുന്ന ചടങ്ങുകൾ കാണാം. പ്രാകൃതമായ ചികിത്സാലയമാണത്. പ്രാകൃതമായതിനെയും അജ്ഞതയെയുമാണ് പരിഷ്കൃതസമൂഹം ബന്ധിപ്പിക്കുന്നത്. എന്നാൽ പ്രാകൃതമായ ചികിത്സാലയത്തിലെ സ്ത്രീ ''സർ പൊലീസാണല്ലേ'' എന്ന് ആൻറണിയോട് ചോദിക്കുന്നുണ്ട്. പരിഷ്കൃതരുടെ വേഷപ്രച്ഛന്നത പൊളിച്ചുകൊടുക്കുന്നത് ഒരുതരം അറിവാണ്.
നിഗൂഢവത്കരണം ഒരു ചലച്ചിത്രോപകരണമെന്ന നിലയിൽ 'ചുരുളി'യിൽ സംവിധായകൻ വിനിയോഗിച്ചിട്ടുണ്ട്. ഇത് 'ചുരുളി'യെ വ്യത്യസ്ത വായനക്ക് പാകപ്പെടുത്തുന്ന ഒരു ഘടകംകൂടിയാണ്. ബൈബിളിലെ വെളിപാടുപുസ്തകത്തിലുള്ള ചില ഭാഗങ്ങൾ സിനിമയിൽ പാരായണം ചെയ്യപ്പെടുന്നുണ്ട്. വെളിപാടുപുസ്തകത്തിലെ നിഗൂഢതയും 'ചുരുളി'യിലെ നിഗൂഢതയും സമാന്തരബന്ധത്തിൽ സൂചിപ്പിക്കപ്പെടുന്നുമുണ്ട്. 'ചുരുളി'യിൽ എല്ലാവരും ഏതെങ്കിലുമൊക്കെ കുറ്റം ചെയ്തവരാണെങ്കിലും പൊലീസ് അന്വേഷിക്കുന്നത് ജോയിയെ മാത്രമാണ്. ജോയിയിൽ ക്രിസ്തുവിെൻറ നിഴൽ വീണുകിടപ്പുണ്ട്. എല്ലാവർക്കുംവേണ്ടി ഒരുവൻ ബലിയായി എന്നതാണ് ക്രിസ്തുവിെൻറ ത്യാഗത്തെ വ്യത്യസ്തമാക്കുന്നത്. ക്രിസ്തു ഒറ്റിക്കൊടുക്കപ്പെട്ടതിനെ അനുസ്മരിപ്പിക്കുന്ന മട്ടിലാണ് തങ്കൻ ജോയിയെ കാണിച്ചുകൊടുക്കാൻ കൊണ്ടുപോകുന്നത്. ക്രിസ്തുശിഷ്യനായിരുന്ന പത്രോസ് പടയാളിയുടെ കാത് അറുത്തുമാറ്റിയ ബൈബിൾസന്ദർഭത്തിനു സമാനമായി 'ചുരുളി'യിൽ ഷാപ്പുമുതലാളിയുടെ ചെവിയുടെ ഒരു ഭാഗം ഷാജിവെൻറ വെടിയേറ്റ് അറ്റുപോകുന്നുണ്ട്. അന്ത്യരംഗത്ത് ജീപ്പ് മുകളിലേക്ക് ഉയരുന്നത് ക്രിസ്തുവിെൻറ സ്വർഗാരോഹണത്തിെൻറയും മേഘങ്ങളിൽ എടുക്കപ്പെടുക എന്ന ക്രൈസ്തവപ്രത്യാശയുടെയുമെല്ലാം ആശയധ്വനിയും ഭാവനാപരിസരവും സൃഷ്ടിക്കുന്നുണ്ട്.
നീതിന്യായവ്യവസ്ഥകളുടെ അഭാവത്തിലും പരിഷ്കൃത സംവിധാനങ്ങളുടെ അപര്യാപ്തതയിലും സ്വർഗരാജ്യത്തിലാണ് തങ്ങളെന്നു വിശ്വസിക്കുന്ന ചുരുളിയിലെ മനുഷ്യർ തികച്ചും സാങ്കൽപികമായ സമൂഹമാണ്. അവർ ഏതെങ്കിലും ജാതിയെയോ സമുദായത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. തെറിഭാഷയുടെ കർത്തൃത്വം ചലച്ചിത്രകാരൻ ആരുടെയും തലയിൽ കെട്ടിവെക്കുന്നുമില്ല. മലയാളിക്ക് തെറിപരിശീലനം നൽകുക സിനിമയുടെ ലക്ഷ്യവുമല്ല. അതുകൊണ്ടുതന്നെ പൊതുപ്രദർശനം സാംസ്കാരികപ്രതിസന്ധിയുണ്ടാക്കുമെങ്കിലും ശരാശരി ചലച്ചിത്രസാക്ഷരതയുള്ള ആർക്കും സിനിമ മുഴുവനായും കണ്ടുകഴിഞ്ഞാൽ തെറിപ്രയോഗങ്ങളുടെ പേരിൽ 'ചുരുളി'യെ അവഗണിക്കാനാവില്ല. ഓരോ ഫ്രെയിമിലും ശബ്ദ ദൃശ്യപ്പൊരുത്തം പാലിക്കാൻ കഴിഞ്ഞു എന്നതും കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന അഭിനേതാക്കളെ കണ്ടെത്താൻ കഴിഞ്ഞു എന്നതും 'ചുരുളി'യുടെ ദൃശ്യപാഠത്തെ കൂടുതൽ സംവേദനക്ഷമമാക്കുന്നുണ്ട്. ചുരുളി എന്ന അപരലോകത്തിെൻറ നിർമിതിയുടെ അനുപേക്ഷണീയ ഘടകമെന്ന നിലയിലാണ് അഭിനേതാക്കളുടെ ശരീരഭാഷയും സംഭാഷണവുമെല്ലാം സജ്ജമാക്കപ്പെട്ടത് എന്നതും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. വഴി തെറ്റിക്കുന്ന മാടെൻറ കഥ പറഞ്ഞുതുടങ്ങിയ സിനിമ അവസാനിക്കുമ്പോഴും വഴിതെറ്റലും വഴിയില്ലായ്മയുമാണ് പ്രേക്ഷകശ്രദ്ധയിൽ വരുന്നത്. ഇങ്ങനെ തുടക്കവും ഒടുക്കവും കൂട്ടിയിണക്കി 'ചുരുളി' എന്ന ശീർഷകം പൂർണമായും ചലച്ചിത്രകാരൻ അന്വർഥമാക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.