''എന്റെ ഏറ്റവും വലിയ ആഗ്രഹമോ? അനശ്വരനാവുക... പിന്നെ മരിക്കുക'' -ഴാങ് ലൂക് ഗൊദാർദ് ( ഷോൺ - പിയെർ മെൽവിൽ വഴി 'ബ്രെത്ത്ലെസി'ൽ )
ഴാങ് ലൂക് ഗൊദാർദ് ഇരുപതാം നൂറ്റാണ്ട് വിടപറയുന്നതിനും എത്രയോ മുമ്പുതന്നെ ചലച്ചിത്രകലയിലൂടെ 'അനശ്വരത' കൈവരിച്ചിരുന്നു. അമേരിക്കൻ നിരൂപകയും രാഷ്ട്രീയചിന്തകയുമായ സൂസൻ സൊണ്ടാഗ്, ഗൊദാർദ് ആദ്യ 'കഥാചിത്രം' എടുത്ത് (1959) ഒരു ദശകത്തിനുള്ളിൽതന്നെ ''പിക്കാസോ, ഷോൻബെർഗ് എന്നിവരോടൊപ്പം ലോകത്തിലെ പ്രമുഖ സാംസ്കാരിക നായകനായി'' മാറിക്കഴിഞ്ഞുവെന്ന് എഴുതി; ഒന്നാന്തരമൊരു ദീർഘപ്രബന്ധത്തിലൂടെ1 ഗൊദാർദിനെ അടയാളപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്തു. ഫ്രഞ്ചു കവിയും നോവലിസ്റ്റും കമ്യൂണിസ്റ്റുമായ ലൂയി അരഗോൻ, ''ഇന്നിന്റെ കല ഴാങ് ലൂക് ഗൊദാർദാണ്'' എന്നു പ്രഖ്യാപിച്ചു. നിരാസങ്ങളിലും ഗൊദാർദ് കേന്ദ്ര കഥാപാത്രമായിരുന്നു. 1968ലെ 'മേയ് വസന്ത' കാലത്ത് സൊർബോൻ സർവകലാശാലയുടെ ചുവരിൽ, ''കല മരിച്ചു, ഗൊദാർദിന് അതിനെ രക്ഷിക്കാൻ കഴിയില്ല'' എന്ന് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു.2 ചിത്രകലയിലുണ്ടായ ആധുനികതയുടെ തുടർച്ച സിനിമയിലാണെന്നും അതു ഗൊദാർദിലൂടെയാണെന്നും വാഴ്ത്തപ്പെട്ടു. ഇങ്ങനെ 'അനശ്വര'നായതിനുശേഷം, മരിക്കാനായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെ രണ്ടാം വർഷം വരെ ഗൊദാർദ് കാത്തുനിന്നു. മരണത്തിനു വഴങ്ങിക്കൊടുത്തതല്ല, വിളിച്ചുവരുത്തിയതാണ്. ''സിനിമക്ക് ഗോഡ് ഇല്ല, ഗൊദാർദേ ഉള്ളൂ'' (There is no God for film, only Godard) എന്ന ശ്ലേഷഭംഗിയുള്ള ആംഗലച്ചൊല്ലിനെ ശരിവെക്കുകയായിരുന്നുവെന്നു തോന്നും! ''ദൈവവിശ്വാസിയല്ലാത്തതിനു ദൈവത്തിനു നന്ദി പറഞ്ഞ'' (Thank God, I'm an atheist) ലൂയിസ് ബുനുവൽ മരിക്കാൻ നേരത്ത് ''ഞാനിതാ മരിക്കുന്നു'' എന്നു പറഞ്ഞ്, ആ നിമിഷത്തിൽ മരിച്ചതായി ബുനുവലിന്റെ ദീർഘകാല തിരക്കഥാ സഹകാരി ഴാങ് ക്ലൂദ് കരിയേർ പറയുന്നതു കേട്ടു; തന്റെ മരണത്തിനുമുമ്പ് ഗോയ്യയോടും ഗോയ്യച്ചിത്രങ്ങളോടും യാത്രചോദിക്കാൻ പ്രാദോ മ്യൂസിയത്തിലും മഡ്രിഡിലെ സാൻ അന്തോണിയോ സെമിത്തേരിയിലുമെല്ലാം ചെല്ലുന്നതു ചിത്രീകരിച്ച, ഈ വർഷം പുറത്തിറങ്ങിയ ഒരു സിനിമയിൽ.3 മരണത്തെ 'തണുത്തുറഞ്ഞ' ഒരു 'വസ്തുത'യായാണ് അവരെല്ലാം കണ്ടത്! എന്തതിശയമേ!
സിനിമയുടെ 127 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സ്രഷ്ടാവ് ഗൊദാർദായിരിക്കില്ല. അത് ഒരുപക്ഷേ, ഫെദറികോ ഫെല്ലിനി പറയുമ്പോലെ ലൂയിസ് ബുനുവലോ ഇംഗ്മർ ബർഗ്മാൻ പറയുമ്പോലെ ആേന്ദ്ര താർകോവ്സ്കിയോ താർകോവ്സ്കി പറയുമ്പോലെ റൊബേർ ബ്രസ്സനോ ആകാം. സംഹാരമൂർത്തി, സംശയിക്കാനില്ല, ഒരേയൊരാളാണ്: ഴാങ് ലൂക് ഗൊദാർദ്. ഗൊദാർദിന്റെ കാര്യമായതിനാൽ പറയുന്നതിന്റെ നേരെ എതിരും ശരിയായിത്തീരും എന്നൊരു വിശേഷം കൂടിയുണ്ട്. വിഗ്രഹഭഞ്ജകൻ മാത്രമല്ല സ്രഷ്ടാവു കൂടിയായിരുന്നു ഈ ചലച്ചിത്രകാരൻ. തച്ചുടക്കലിൽനിന്നുള്ള സൃഷ്ടി.
അപ്രതിരോധ്യനായിരുന്നു ഗൊദാർദ്. താൻ ചെയ്യുന്നതെന്താണെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്നതിനാൽ വിമർശനങ്ങൾ തൊലിപ്പുറമേ പോലും ഏശിയില്ല. പിക്കാസോ മട്ടിൽതന്നെത്തന്നെ തള്ളിപ്പറയുക ശീലമായതിനാൽ വിമർശനങ്ങളുടെ മുനയൊടിയുകയും ചെയ്തു. ഈ സവിശേഷത ചലച്ചിത്രനിരൂപകർക്ക് അനന്തസാധ്യതകൾ തുറന്നിട്ടു. അവസാന സിനിമകളിലൊന്നിൽ ('ഗുഡ്ബൈ ടു ലാംഗ്വേജ്,' 2014) 'ഭാഷയോടുതന്നെ വിടപറഞ്ഞ' ഗൊദാർദിനെക്കുറിച്ച് പല ഭാഷകളിൽ പുസ്തകപ്രളയംതന്നെ ഉണ്ടായി. വാഴ്ത്തുന്നതും വീഴ്ത്തുന്നതുമായ പുസ്തകങ്ങൾ. ഒരേസമയം ഇത്രയേറെ വാഴ്ത്തപ്പെട്ട, അത്രതന്നെ ഇകഴ്ത്തപ്പെട്ട മറ്റൊരു സംവിധായകൻ സിനിമാചരിത്രത്തിലില്ല. 91ാം വയസ്സിൽ, 'ഇച്ഛാമൃത്യു' വരിക്കുമ്പോഴും നിത്യയുവാവായിരുന്നു ഗൊദാർദ്. ജാഗ്രത! നിതാന്തജാഗ്രത! ''ഉരുളൻ കല്ലിനു പായൽ പിടിക്കില്ല.''
ഗൊദാർദിനെക്കുറിച്ച് എവിടെനിന്നു തുടങ്ങാം? തുടങ്ങണം? ''എന്തും ഏതും സിനിമയാകയാൽ'' എവിടെനിന്നും തുടങ്ങാം. ''പൂജ്യത്തിലേക്കു മടങ്ങുക'' എന്നത് ഒരു ഗൊദാർദ് 'മുദ്രാവാക്യ'മാകയാൽ, പൂജ്യത്തിൽനിന്ന്, അഥവാ ശൂന്യതയിൽനിന്നു തുടങ്ങാം, മാർക്സിൽനിന്നു തുടങ്ങാം, വെർതോവിൽനിന്നു തുടങ്ങാം, ഗ്രിഫിത്തിൽനിന്നു തുടങ്ങാം, െബ്രഹ്തിൽനിന്നു തുടങ്ങാം, കൊക്കക്കോളയിൽനിന്നും തുടങ്ങാം. അവസാനമില്ലാതെ വാദിച്ചും തർക്കിച്ചും വ്യാഖ്യാനിച്ചും അപനിർമിച്ചും അതെല്ലാം മടുക്കുമ്പോൾ എല്ലാം കൂട്ടിച്ചേർത്തും കഴിയാം. കളിയായിപ്പറഞ്ഞതല്ല, ജീവിക്കുന്ന കാലം അതിന്റെ രാഷ്ട്രീയസത്തയിൽ ഗൊദാർദ് സിനിമകളിൽ ഉണ്ടായിരുന്നു. അതിനാൽ, അഭിപ്രായഭേദങ്ങൾ സ്വാഭാവികമായിരുന്നു; അനിവാര്യവും. ചരിത്രത്തിന്റെ നട്ടുച്ചയിൽ കാലുപൊള്ളി നിർത്തിച്ച േപ്രക്ഷകനോടാണ് ഗൊദാർദ് സംസാരിച്ചത്. ചലച്ചിത്രനിരൂപകരും ചലച്ചിത്രകാരന്മാർതന്നെയും അവരുടെ സൗകര്യത്തിനായി രണ്ടായിത്തിരിച്ച കഥാചിത്രം, ഡോക്യുമെന്ററി എന്നിവ തമ്മിലുള്ള അതിരുകൾ മായ്ച്ച, ''ഫോട്ടോഗ്രഫി സത്യം, സിനിമ സെക്കൻഡിൽ 24 െഫ്രയിം ഓടുന്ന സത്യം'' എന്നു സാങ്കേതികമായി മാത്രമല്ല സൗന്ദര്യശാസ്ത്രപരമായും തിരിച്ചറിഞ്ഞ ഗൊദാർദ,് ''സിനിമയിൽ എന്തും ചേർക്കാം'' എന്നു മാത്രമല്ല, ''സിനിമയിൽ എന്തും ചേർക്കണം'' എന്ന പക്ഷക്കാരനുമായിരുന്നു. ഗൊദാർദിനെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ 'കർമകാണ്ഡ ജീവചരിത്ര'ത്തിന്റെ പേരുതന്നെ 'എല്ലാം സിനിമയാണ്'4 എന്നാണല്ലോ.
സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് പ്രത്യക്ഷമായും തീവ്രമായും പ്രതികരിക്കുന്നവയായിരുന്നു, ഗൊദാർദിന്റെ ആദ്യകാല സിനിമകൾ. വിശേഷിച്ചും അൽജീരിയ, അംഗോള, പാരിസ് വിദ്യാർഥി കലാപം, വിയറ്റ്നാം യുദ്ധം തുടങ്ങി ലോകമനസ്സാക്ഷിയെ മഥിച്ച പ്രശ്നങ്ങൾ. വിയറ്റ്നാം തുറന്ന മുറിവായിരുന്നു. അക്കാലത്ത് എടുത്ത നാലു കഥാചിത്രങ്ങളിൽ മുഖ്യകഥാപാത്രങ്ങളെക്കൊണ്ട് അമേരിക്കയുടെ വിയറ്റ്നാം അധിനിവേശത്തിനും ആക്രമണത്തിനുമെതിരെ സംസാരിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കുംവരെ തന്റെ വരാനിരിക്കുന്ന 'കഥാസിനിമ'കളിൽ അത്തരം രംഗങ്ങൾ കൂട്ടിച്ചേർക്കുമെന്നും പ്രഖ്യാപിച്ചു. 'ഫോട്ടോഗ്രഫി' എന്ന നിലയിൽ സിനിമയുടെ യാഥാർഥ്യ ചിത്രീകരണസ്വഭാവത്തെ, അഥവാ അതിന്റെ 'പത്രപ്രവർത്തനസ്വഭാവത്തെ' കണ്ടെത്തുകയായിരുന്നു ഗൊദാർദ്. വിയറ്റ്നാം യുദ്ധകാലത്ത്, പൊരുതുന്ന ജനതക്ക് സാഹോദര്യം പ്രഖ്യാപിച്ച് പ്രതിബദ്ധരായ ഏഴു സംവിധായകർ (ജോറിസ് ഐവൻസ്, വില്യം ക്ലൈൻ, ക്ലോദ് ലെലോച്ച്, ആസ്െവർദ, ഗൊദാർദ്, ക്രിസ് മാർക്കർ, അലൻ റെനെ) ചേർന്ന് 'വിയറ്റ്നാമിൽനിന്ന് അകലെ' (1967) എന്ന സിനിമയെടുത്തപ്പോൾ, ഗൊദാർദ് സാക്ഷാത്കരിച്ച ഭാഗം – 'കാമറ ഐ'–തന്റെ മിറ്റ്ച്ചെൽ കാമറയുടെ 'ഐ പീസി'ൽ നോക്കിക്കൊണ്ടുള്ള 'ഉച്ചത്തിലുള്ള ആത്മഗത'മാണ്.5 വിയറ്റ്നാമിൽ ചെന്നു സിനിമയെടുക്കാൻ തനിക്ക് അനുമതി നിഷേധിച്ചതിനെക്കുറിച്ച് ഗൊദാർദ് അതിൽ തുറന്നുപറയുന്നു. അതിനു കാരണം തന്റെ പ്രത്യയശാസ്ത്രം 'ഒഴുക്കൻമട്ടി'ലുള്ളതാണെന്ന് അവർ കരുതുന്നതുകൊണ്ടാകാമെന്നും അതിൽ കുറ്റം പറയാനാവില്ലെന്നും ഗൊദാർദ് ഏറ്റുപറഞ്ഞു. താൻ അവിടെച്ചെന്നും സിനിമയെടുത്താൽ അവർക്കത് ഗുണത്തെക്കാളേറെ ദോഷംചെയ്തേക്കുമെന്നും ഗൊദാർദ് വിലയിരുത്തി. മറ്റാരാണ് തന്നെത്തന്നെ ഇങ്ങനെ നിർദയം വിചാരണ ചെയ്യുക? അതാകുന്നു, ഗൊദാർദിന്റെ രാഷ്ട്രീയജാഗ്രത!
തത്ത്വചിന്താചരിത്രത്തിൽ മാർക്സിന്റെ ഫോയർബാഹ് പതിനൊന്നാം തിസീസിനോളം (''തത്ത്വചിന്തകന്മാർ ലോകത്തെ പലമട്ടിൽ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ, അതിനെ മാറ്റിത്തീർക്കുകയാണു കാര്യം'') പ്രസിദ്ധമാണ് സിനിമാചരിത്രത്തിൽ ഗൊദാർദിന്റെ രാഷ്ട്രീയ സിനിമാദർശനം. ''രാഷ്ട്രീയ സിനിമ നിർമിക്കുകയല്ല, രാഷ്ട്രീയമായി സിനിമ നിർമിക്കുകയാണ് കാര്യം.'' തത്ത്വചിന്തക്ക് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ടായിരുന്നു. ഗൊദാർദ് ഇങ്ങനെ പറയുമ്പോൾ സിനിമക്ക് ഏഴരപ്പതിറ്റാണ്ടിന്റെ ചരിത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ഹ്രസ്വചരിത്രത്തിൽ ഗൊദാർദ് കൈയെത്തിപ്പിടിച്ചത് സിഗാ വെർതോവിനെയാണ്, 'മാൻ വിത്ത് എ കാമറ'യുടെ സ്രഷ്ടാവായ റഷ്യൻ സംവിധായകൻ. അങ്ങനെയാണ് സിഗ വെർതോവ് ഗ്രൂപ്പിന്റെ ജനനം. (1969) മാവോവാദിയായിരുന്ന ഴാങ് പിയെർ ഗോറിനായിരുന്നു മുഖ്യകൂട്ടാളി. 1970ൽ ഗ്രൂപ്പിന്റെ 'മാനിഫെസ്റ്റോ'യിൽ ഗൊദാർദ് തീവ്രനിലപാട് പ്രഖ്യാപിച്ചു. ''വർഗത്തിന്, വർഗസമരത്തിനു മീതെ ഒരു സിനിമയുമില്ല. സിനിമ ഞങ്ങളുടെ രണ്ടാമത്തെ കടമ മാത്രമാണ്. ആദ്യത്തെ കടമ വളരെ ലളിതം: തൊഴിലാളിവർഗത്തെ മുന്നിൽ നിർത്തുക, ലോകത്തിനു കാണിച്ചുകൊടുക്കുക.'' പാരിസ് നഗരകാന്താരത്തിലെ ഈ 'മാവോയിസം' ചലച്ചിത്രത്തിലൂടെയുള്ള 'നേരിട്ടുള്ള ആക്ഷന്റെ' ഭാഗമായിരുന്നു. ആവശ്യത്തിലേറെ സിദ്ധാന്തഭാരം അനുഭവിച്ചതിൽനിന്നുള്ള കുതറൽ. 'കൊടുങ്കാറ്റു പോലുള്ള' നാല് ചിത്രങ്ങളാണ് പ്രധാനമായും വെർതോവ് ഗ്രൂപ്പിന്റേതായി അറിയപ്പെടുന്നതെങ്കിലും, ഗ്രൂപ്പ് പിരിച്ചുവിടുന്നതിനുമുമ്പ് വിയറ്റ്നാം, ഫലസ്തീൻ പ്രശ്നങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും എടുത്തു. പിൽക്കാലത്ത് ഗൊദാർദ് രാഷ്ട്രീയം അധികവും ഉള്ളിലേക്കിട്ടു. കാലത്തിന്റെയും അസ്തിത്വത്തിന്റെയും സാന്ദ്രവും ഗാഢവുമായ ആവിഷ്കാരങ്ങൾ. ''ആദ്യം ഗ്രീക് നാഗരികതയുണ്ടായിരുന്നു. പിന്നെ നവോത്ഥാനകാലം. നാമിപ്പോൾ കഴുതക്കാലത്തിലേക്കു പ്രവേശിക്കുകയാണ്'', ഗൊദാർദ് നൂറ്റാണ്ടുകളെ തന്റേതായ കാചത്തിലൂടെ കടത്തിവിട്ടിരുന്നു.
2
എൺപതുകളിൽ, ഞങ്ങൾ ഫിലിം സൊസൈറ്റി പ്രവർത്തകർക്ക്, ഗൊദാർദ് ഒരു വീട്ടുപേരായിരുന്നു. ബർഗ്മാൻ, ഫെല്ലിനി, കുറൊസാവ, ബുനുവൽ എന്നിവരോട് 'കലാപരമായ' അടുപ്പമായിരുന്നു, ഗൊദാർദിനോട് രാഷ്ട്രീയമായ അടുപ്പവും. ബർഗ്മാനായിരുന്നു ഏറ്റവും ജനപ്രീതി. പക്ഷേ, അന്നത്തെ കാലം ആവശ്യപ്പെട്ടിരുന്ന രാഷ്ട്രീയമായ ഉണർവു പകർന്നത് ഗൊദാർദായിരുന്നു. ''ചോദ്യം ചോദിക്കുകയാണ് ഉത്തരം കണ്ടെത്തുന്നതിനെക്കാൾ പ്രധാനം'' എന്ന ഗൊദാർദ് വാക്യം വെളിച്ചത്തിലേക്കു തുറക്കുന്നതായിരുന്നു. അതിലേക്കു കടക്കുക എളുപ്പമായിരുന്നില്ല. വായിക്കേണ്ടിയും പഠിക്കേണ്ടിയും വന്നു. കാരണം, ഗൊദാർദിനു കല മനുഷ്യവികാരങ്ങൾ വേവിക്കാനുള്ള അടുപ്പായിരുന്നില്ല. അവ ചിന്തിക്കാൻ േപ്രരിപ്പിച്ചു. ഹന്ന ആരെന്റ് പറഞ്ഞതുപോലെ, അപകടകരമായ ചിന്ത എന്നൊന്നില്ലെന്നും ചിന്തിക്കുന്നതുതന്നെയും അപകടകരമാണെന്നും മനസ്സിലാക്കി. െബ്രത്ത് ലെസ് (1959) തൊട്ട് വീക്കെൻഡ് (1967) വരെയുള്ള സിനിമകൾ എൺപതുകളിൽ ഞങ്ങളുടെ 'ക്ഷുഭിതയൗവന'ങ്ങളെ പൂരിപ്പിച്ചു; മാനസികമായും ശാരീരികമായും. ശാരീരികമായി അത് പുകവലിയായിരുന്നു. മാനസികമായി, മാർക്സിസം കൂടി ഉൾച്ചേർന്ന അരാജകത്വവും. അതിന്റെ രാഷ്ട്രീയ-സൗന്ദര്യശാസ്ത്രധ്വനികൾ തെളിഞ്ഞുകിട്ടുന്നത് മാർട്ടിൻ വാൾഷിലൂടെയാണ്.6 ഗൊദാർദ് ഒരു വെളിപാടല്ലെന്നും കൈമറിഞ്ഞുകിട്ടിയ ചരിത്രത്തിന്റെ മൂർഛയാണെന്നും തിരിച്ചറിഞ്ഞു.
ഗൊദാർദിന്റെ കുറിവാക്കുകളും നിരീക്ഷണങ്ങളും പ്രകോപനങ്ങളും ഉരുളക്കുപ്പേരിയും വഴക്കാളിത്തവുമെല്ലാം നന്നേ ആസ്വദിച്ചിരുന്നു, രസിച്ചിരുന്നു. നാട്ടിൽ കണ്ടുവരുന്ന തരം പരാതിപറച്ചിലുകളോ കൊതിക്കെറുവുകളോ ജൽപനങ്ങളോ ആയിരുന്നില്ല, രാഷ്ട്രീയോന്മുഖമായ 'അമ്ലഭാഷണ'ങ്ങളായിരുന്നു. ചിലതെല്ലാം എടുത്തെഴുതാനുള്ള 'ത്വര' അടക്കാനാവുന്നില്ല:
''ലോകത്തിലെ ഏറ്റവും മനോഹരമായ തട്ടിപ്പാണു സിനിമ.''
''കല യാഥാർഥ്യത്തിന്റെ പ്രതിഫലനമല്ല, പ്രതിഫലനത്തിലെ യാഥാർഥ്യമാണ്.''
''ഒരു സിനിമക്കാവശ്യം: ഒരു തോക്കും ഒരു പെണ്ണും.''
''നേരംപോക്കാനാണ് ഞാൻ സിനിമയെടുക്കുന്നത്.''
''എല്ലാ എഡിറ്റിങ്ങും നുണയാണ്.''
''ചിലപ്പോൾ യാഥാർഥ്യം വളരെ സങ്കീർണമാണ്. കഥകൾ അതിനൊരു രൂപം നൽകുന്നു.''
''ഒരു സിനിമ അനുഭവിക്കാനാവുമെന്നു തോന്നുന്നില്ല. സ്ത്രീയാണെങ്കിൽ അനുഭവിച്ചറിയാം. സിനിമയെ ചുംബിക്കാനാവില്ല.''
''ഒരാശയത്തെ പ്രതിരോധിക്കാനായി ഒരാളെ കൊല്ലുന്നത് ആശയത്തെ പ്രതിരോധിക്കലല്ല; ഒരാളെ കൊല്ലൽ മാത്രമാണ്.''
''ടു ബി ഓർ നോട്ട് ടു ബി –ശരിക്കും അതൊരു ചോദ്യമല്ല.''
''ശൂന്യതയിലേക്ക് എടുത്തുചാടുന്നവന് കരയിലിരുന്നു നോക്കിനിൽക്കുന്നവനോട് ഒന്നും ബോധ്യപ്പെടുത്തേണ്ട ബാധ്യതയില്ല.''
''ഒരു സിനിമയെക്കുറിച്ച് രണ്ടഭിപ്രായമുള്ള ഭാര്യാഭർത്താക്കന്മാർ വിവാഹമോചനം നേടുമെന്നാണ് എന്റെ തോന്നൽ.''
''തോറ്റവർക്ക് എല്ലാം കിട്ടുന്ന കളിയാണ് കവിത.''
''പരസ്യചിത്രങ്ങൾ വളരെ ചടുലവും ആകർഷകവുമാണ്, 'ബാറ്റിൽഷിപ്പ് പോതെംകിന്നി'നെപ്പോലെതന്നെ. പക്ഷേ, ആ പടത്തെപ്പോലെ തൊണ്ണൂറുമിനിറ്റ് പിടിച്ചുനിൽക്കാൻ അവക്കാവില്ല. കാരണം അവ നുണയാണ് പറയുന്നത്.''
''സിനിമ ഡി.ഡബ്ല്യു ഗ്രിഫിത്തിൽനിന്നു തുടങ്ങി, അബ്ബാസ് കിയരോസ്തമിയിൽ അവസാനിക്കുന്നു.''
''ചെറുപ്പക്കാർക്ക് സിനിമയുണ്ടാക്കാൻ ചെറിയ ഉപകരണങ്ങളിൽ താൽപര്യമുണ്ടായിരുന്നില്ല. വലിയ കാമറയും അമ്പതാളുകളും ഒസ്കറുമാണ് അവർക്കു വേണ്ടിയിരുന്നത്. കുറച്ചുകാലം മുമ്പുവരെ അങ്ങനെയായിരുന്നു കാര്യങ്ങൾ. ഇപ്പോൾ ചെറിയ മൂവി കാമറകൊണ്ട് പല കാര്യങ്ങൾ ചെയ്യാം. ഐഫോൺ കാമറകൊണ്ട് നൂറായിരം കാര്യങ്ങൾ ചെയ്യാം. അതാണ് അതിന്റെ കുഴപ്പവും. ഒരു സാധ്യത മാത്രമാണെങ്കിൽ നേരാംവണ്ണം അതുപയോഗിക്കാൻ അവർ പഠിച്ചേനെ.''
ഗൊദാർദിന്റെ വഴക്കാളിത്തത്തിന്റെ പാരമ്യം ഫ്രഞ്ചുസിനിമയുടെ കാരണവരിൽ ഒരാളായ ഷോർഷ് ഫ്രാഞ്ചുവുമായുള്ള തർക്കത്തിൽ കണ്ടു. കാൻ ചലച്ചിത്രമേളയിൽ ഒരു സംവാദത്തിൽ വഴക്കവസാനിപ്പിക്കാൻ ഫ്രാഞ്ചു അവസാനത്തെ അടവു പ്രയോഗിച്ചു, ''ഏതായാലും മൗസ്യേ ഗൊദാർദ്, ഒരു സിനിമക്ക് തുടക്കവും മധ്യവും ഒടുക്കവും വേണമെന്നെങ്കിലും താങ്കൾ അംഗീകരിക്കുമല്ലോ.'' ''ഉറപ്പായും'' -ഗൊദാർദ് പറഞ്ഞു, ''ആ ക്രമത്തിലാകണമെന്നില്ലെന്നു മാത്രം.''
ഏറ്റവും രസകരമായ ഒരനുഭവം – യാത്രാവിവരണത്തിന്റെ ഭാഗമായി പറയുകയല്ല – പാരിസിൽ ലോകപ്രശസ്തനായ ശബ്ദലേഖകൻ നാരാ കൊല്ലേരിയോടൊപ്പം താമസിച്ചപ്പോഴാണ്. ലൂവ് ര മ്യൂസിയത്തിലെ ഒരു കടയിൽനിന്ന് ഗൊദാർദിന്റെ 'ഹിസ്റ്ററി ദു സിനിമി'യുടെ മൂന്നു വാള്യം വിഡിയോ പതിപ്പ് വാങ്ങിക്കാനായി എടുത്തപ്പോൾ, അദ്ദേഹം ''എനിക്കത്, വെറുതെ കിട്ടിയാലും വേണ്ട'' എന്നു ചിരിച്ചു. ഫ്രഞ്ച് സിനിമയിലെ ഏതാണ്ടെല്ലാ നവതരംഗക്കാരെയും പ്രിയമെങ്കിലും ഫ്രാങ്സ്വാ ത്രൂഫോയോട് ഏറെ പ്രിയമെങ്കിലും ഗൊദാർദിനെ – പിൽക്കാല ഗൊദാർദിനെ– കണ്ണിനു കണ്ടുകൂടായിരുന്നു. കാരണം ഊഹിക്കുക വിഷമമായിരുന്നില്ല. ഗൊദാർദിന്റെ ശബ്ദപഥം, ക്ലാസിക്കൽ ശബ്ദപഥം പിന്തുടർന്നിരുന്ന നാരാ കൊല്ലേരിക്ക് ചതുർഥിയായിരുന്നു. 'വീക്കെൻഡി'ലേതുൾപ്പെടെയുള്ള സിനിമയിലെ 'ബഹള'ങ്ങളെ അദ്ദേഹം കലാകാരന്റെ അച്ചടക്കമില്ലായ്മയായി കണ്ടു!
ഗൊദാർദിന് സമഗ്രസംഭാവനക്കുള്ള ഓണററി ഓസ്കർ പ്രഖ്യാപിച്ചപ്പോൾ (2010) ചിരിച്ചുചിരിച്ച്, അതെ, മണ്ണുകപ്പിയിരുന്നു. നൊബേലിനെക്കാളും പ്രശസ്തിയുള്ള, ടെലിവിഷൻ പകിട്ടുള്ള ആ പുരസ്കാരം ഗൊദാർദ് സ്വീകരിക്കില്ലെന്ന് ഉറപ്പായിരുന്നുവെങ്കിലും എങ്ങനെയാകും നിരസിക്കുക എന്നാലോചിച്ചിരുന്നു. 1973ൽ മികച്ച വിദേശചിത്രത്തിനുള്ള ('ദ ഡിസ്ക്രീറ്റ് ചാം ഓഫ് ദ ബൂർഷ്വാസി,' 1972) ഓസ്കർ, ലൂയിസ് ബുനുവലിനു പ്രഖ്യാപിച്ചപ്പോൾ, ''ഓസ്കർ കിട്ടുകയെന്നപോലെ ധാർമികമായി അവമതിപ്പുണ്ടാക്കുന്ന മറ്റൊന്നുമില്ല'' എന്നു പ്രഖ്യാപിച്ച് സ്വീകരിക്കാൻ പോയില്ല. ഓസ്കർ സംഘാടകർ മെഡലുമായി വീട്ടിൽ വന്നപ്പോൾ വേഷപ്രച്ഛന്നനായി മെഡൽ വാങ്ങിവെക്കുകയും ചെയ്തു. ബുനുവൽ, ഗൊദാർദിന് –രഹസ്യമായി– സിനിമയുടെ ബാഹ് ആയിരുന്നുവെങ്കിലും അനുകരിക്കാൻ മുതിരില്ലെന്നും അറിയാമായിരുന്നു.
ഗൊദാർദ് ആദ്യം പരിഹാസം ചൊരിഞ്ഞു, ''എന്റെ ഏതു സിനിമയാണ് അവർ കണ്ടിട്ടുള്ളത്? എന്റെ സിനിമകളെക്കുറിച്ച് അവർക്ക് എന്തെങ്കിലും അറിയാമോ? ഗവർണറുടെ അവാർഡ് എന്നാണ് ഓസ്കർ അറിയപ്പെടുന്നത്. ആർണോൾഡ് ഷ്വാർസ് നെഗർ ആണോ എനിക്ക് അവാർഡ് സമ്മാനിക്കുക?''
ഓസ്കർ സംഘാടകർ നിർബന്ധിച്ചപ്പോൾ അമേരിക്കൻ വിസ ഇല്ല, അഞ്ചു മണിക്കൂർ നേരം പുകവലിക്കാതിരിക്കുക വയ്യ എന്നെല്ലാം പറഞ്ഞ് ഒഴിഞ്ഞുമാറി. ഓസ്കർ അതിനു പരിഹാരമുണ്ടാക്കാൻ മുതിരുമ്പോഴേക്കും ഗൊദാർദിനെ 'കാണാതായി.' ഓസ്കറിന് അപ്പോഴായിരിക്കണം എന്തൊരബദ്ധമാണ് കാണിച്ചതെന്നു ബോധം വീണിരിക്കുക?
നമ്മുടെ കേരളം അന്താരാഷ്ട്ര ചലച്ചിേത്രാത്സവത്തിൽ (2021) ഗൊദാർദിന് സമഗ്രസംഭാവനാ പുരസ്കാരം നൽകിയപ്പോൾ, ചുരുട്ട് – ഗൊദാർദിന്റെ ദീപശിഖ– കൊളുത്തിക്കൊണ്ട് വിദൂരദേശത്തിലിരുന്ന് സ്വീകരിച്ചു.
'ക്രമരഹിത'മായി മുന്നോട്ടുപോയ ഈ ആദരക്കുറിപ്പിനും ഒരു ഒടുക്കം വേണമല്ലോ. ഒരു 'ദുരൂഹ'സന്ദർഭത്തിലൂടെയാകട്ടെ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സമയം എന്ന 'പ്രതിഭാസ'ത്തെക്കുറിച്ച് വിഖ്യാത സംവിധായകർ എടുത്ത 'ടെൻ മിനിറ്റ്സ് ഓൾഡർ' എന്ന ചലച്ചിത്രസഞ്ചയത്തിൽ, 'ഇൻ ദ ഡാർക് നെസ് ഓഫ് ടൈം' എന്ന ഗൊദാർദ് ഖണ്ഡം7 കാണുകയായിരുന്നു. ''ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാൻ ഉണ്ട്'' എന്ന ദെക്കാർത്തിന്റെ അതിപ്രശസ്തമായ ദാർശനിക പ്രസ്താവത്തിന്റെ വ്യാഖ്യാനമെന്നോ വിശദീകരണമെന്നോ നിരാസമെന്നുതന്നെയോ പറയാവുന്ന ഗൊദാർദിന്റെ വിശകലനത്തിന്റെ അർഥസന്ദിഗ്ധത, കുരുക്കഴിച്ചാലും കെട്ടുപിണഞ്ഞ് ഇപ്പോഴും കൂടെയുണ്ട്.
''ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാൻ ഉണ്ട്'' എന്നതിലെ, 'ഞാൻ ചിന്തിക്കുന്നു' എന്നതിലെ 'ഞാനും', 'ഞാൻ ഉണ്ട്' എന്നതിലെ 'ഞാനും' ഒന്നല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.