മാരി സെല്‍വരാജ് സംവിധാനംചെയ്ത 'കർണൻ' എന്ന സിനിമ ഏത് രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. കീഴാള രാഷ്ട്രീയത്തിന് ഒപ്പമാണോ സിനിമ ചലിക്കുന്നത്? കർണൻ സിനിമ തമിഴിലെയും മലയാളത്തിലെയും സമാനമായ സിനിമകളിൽനിന്ന് എങ്ങനെയൊക്കെ വ്യത്യസ്തമാണെന്നും പരിശോധിക്കുന്നു.
തമിഴകത്ത് ചലച്ചിത്രത്തോളം പൊതുജനാംഗീകാരം നേടിയ സംവേദന മാധ്യമങ്ങള്‍ വിരളമാണ്. പ്രാദേശികമായ നാടോടികലാരൂപങ്ങള്‍ ധാരാളമുണ്ടെങ്കിലും തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം സിനിമയും ചലച്ചിത്രഗാനങ്ങളും ഏറെ സ്വീകാര്യമായിത്തുടരുന്നു. അതിനാല്‍, ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായി പല കാലയളവിലും ചലച്ചിത്രഭാഷ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ജാതി ഉന്മൂലനത്തിെൻറയും ദ്രാവിഡ രാഷ്ട്രീയത്തിെൻറയും വക്താക്കളാണ് ഈ മാധ്യമത്തിെൻറ പ്രബോധനസാധ്യത തമിഴ്നാട്ടില്‍ ആദ്യം തിരിച്ചറിഞ്ഞത്. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകള്‍ മുതല്‍ എഴുപതുകളുടെ അന്ത്യപാദം വരെ അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ തിരക്കഥകളില്‍ പുറത്തുവന്ന ചിത്രങ്ങള്‍ ദ്രാവിഡവാദത്തിെൻറ ആശയാവലികള്‍ പ്രക്ഷേപിക്കുന്നതിനുള്ള മാധ്യമങ്ങൾകൂടിയായിരുന്നു. ഈ പ്രവണതയുടെ ചില അനുരണനങ്ങള്‍ പില്ക്കാല തമിഴ് സിനിമകളിലും പ്രകടമാണ്.
1987ല്‍ കരുണാനിധിയുടെ തിരക്കഥയില്‍ പുറത്തുവന്ന 'ഒരേ രത്തം' എന്ന ചിത്രത്തില്‍ മദ്രാസ് നഗരത്തില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ഗ്രാമത്തിലെത്തുന്ന നന്ദകുമാര്‍ (എം.കെ. സ്റ്റാലിന്) കാളവണ്ടി യാത്രക്കിടയില്‍ ജാതീയമായി അപമാനിക്കപ്പെടുന്നതായി ആവിഷ്കരിച്ചിട്ടുണ്ട്. ദ്രാവിഡവാദത്തിെൻറ സമത്വസങ്കല്പം പുനരവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്. തുടര്‍ന്ന്, ജാതിശാക്തീകരണത്തിന് യോജിച്ച സങ്കേതമെന്ന നിലയില്‍ സിനിമയെ ഉപയോഗപ്പെടുത്തിയവരുടെ ഒരു കാലയളവും തമിഴ് സിനിമയില്‍ സജീവമായുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ് തേവര്, ഗൗണ്ടര്‍ ജാതി സമുദായങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ടുള്ള സിനിമാവതാരങ്ങള് രൂപപ്പെടുന്നത്. 'മുതല്‍ മര്യാദൈ (1985), 'വേദം പുതുത്' (1987), 'ചിന്ന ഗൗണ്ടര്‍' (1991), 'തേവര് മകന്'(1992), 'യജമാന്' (1993) തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. 2010നു ശേഷം പാ. രഞ്ജിത്തിെൻറ ചിത്രങ്ങളിലൂടെ ആരംഭിക്കുന്ന ദലിത്/ കീഴാള മുന്നേറ്റ സ്വഭാവമുള്ള ചിത്രങ്ങള്‍ സിനിമയെ പ്രതിഷേധത്തിെൻറയും പ്രതിനിധാനത്തിെൻറയും മാധ്യമമായി ഉപയോഗിക്കുന്നവയാണ്. പാ. രഞ്ജിത്തിൽ ആരംഭിക്കുന്ന പ്രസ്തുത ധാരയിലാണ് മാരി സെല്‍വരാജ് ഉള്‍പ്പെടുന്നത്. ഇപ്രകാരം, തമിഴകത്ത് ജാതിശാക്തീകരണത്തിെൻറയും ജാതിയുന്മൂലനത്തിെൻറയും സാധ്യതകള്‍ കാലാനുസൃതമായി ആവിഷ്കരിക്കുന്ന കലാസങ്കേതമാണ് സിനിമ. അതുകൊണ്ടുതന്നെ, സംവിധായകെൻറ രാഷ്ട്രീയവും നിലപാടുകളും തമിഴ് സിനിമയെ സംബന്ധിച്ച അന്വേഷണങ്ങളില്‍ പ്രസക്തമായി വരുന്നു.
സിനിമയെ രാഷ്ട്രീയം സംസാരിക്കുവാനുതകുന്ന മാധ്യമമായി പരിഗണിക്കുന്ന തമിഴകത്തെ പുതുനിര സംവിധായകരില്‍ പ്രധാനിയാണ് മാരി സെല്‍വരാജ്. 'പരിയേറും പെരുമാള്‍', 'കര്ണന്' എന്നീ രണ്ട് ചിത്രങ്ങളിലും തമിഴ് സാംസ്കാരികതയെ വിമര്‍ശനാത്മകമായാണ് അദ്ദേഹം സമീപിക്കുന്നത്. മാരി സെല്‍വരാജും സമകാലികനായ പാ. രഞ്ജിത്തും തമിഴ്നാടിെൻറ ജാതിഭൂപടത്തെ അത്ര സുപരിചിതമല്ലാത്ത ദൃശ്യങ്ങളിലൂടെ ഒരു മറുപുറം കാഴ്ച എന്ന നിലയില്‍ ചിത്രീകരിച്ചവരാണ്. നഗരങ്ങളെ കേന്ദ്രീകരിച്ചാണ് പാ. രഞ്ജിത്തിെൻറ ചിത്രങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതെങ്കില്, ഉള്‍നാടന്‍ ഗ്രാമങ്ങളും തമിഴ്നാടിെൻറ ചരിത്രസൂചനകളിലേക്ക് വെളിച്ചം വീശുന്ന സംഭവങ്ങളും മാരി സെല്‍വരാജ് തെൻറ ചിത്രങ്ങളില്‍ ഉപയോഗിക്കുന്നു. 'പരിയേറും പെരുമാള്‍' എന്ന ആദ്യ ചിത്രത്തിനു സമാനമായ രാഷ്ട്രീയം 'കര്‍ണനി'ലും അദ്ദേഹം പിന്തുടരുന്നു. ഇരു ചിത്രങ്ങളുടെയും അന്തരീക്ഷത്തില്‍ നിഴലിക്കുന്ന ഒരേ ഗാനത്തിെൻറ സൂചന ഇത് വെളിപ്പെടുത്താന്‍ പര്യാപ്തമാണ്. 'പരിയേറും പെരുമാളി'ലും, 'കര്‍ണനി'ലും 1985ല്‍ പുറത്തുവന്ന 'അലൈ ഓസൈ' എന്ന തമിഴ് ചിത്രത്തിലെ ''പോരാടടാ...'' എന്ന ഗാനം ആവര്‍ത്തിക്കുന്നു. തമിഴ്നാടിെൻറ തെക്കന്‍പ്രദേശങ്ങളിലെ ശക്തമായ സാന്നിധ്യമായ പല്ലര് (ദേവേന്ദ്രകുല വേളാളര്‍) എന്ന ദലിത് സമുദായത്തിെൻറ ആഘോഷവേളകളില്‍ ഉപയോഗിക്കപ്പെടുന്ന ഗാനമാണിത്. പല്ലര്, പറയര് സമുദായങ്ങളെക്കുറിച്ചുള്ള പരാമര്‍ശം ഉള്ളടങ്ങുന്ന ചലച്ചിത്രഗാനം എന്ന നിലയിലാണ് ഇത് സ്വീകാര്യമാകുന്നത്. സമുദായത്തിെൻറ ശക്തി, കൂട്ടായ്മ എന്നിവ വെളിപ്പെടുത്തുന്ന ചലച്ചിത്ര സന്ദര്‍ഭങ്ങളിലാണ് ഇരു ചിത്രങ്ങളിലും ഈ ഗാനം മാരി സെല്‍വരാജ് ഉപയോഗിച്ചിട്ടുള്ളത്.
തമിഴ്നാടിെൻറ തെക്കന്‍ പ്രദേശമായ തിരുനെല്‍വേലിയില്‍ പ്രയോഗത്തിലുള്ള തമിഴ് ഭാഷാഭേദമാണ് 'കര്‍ണനി'ല്‍ ഉപയോഗിച്ചിട്ടുള്ളത്. പൊടിയങ്കുളം, മേലൂര്‍ ഗ്രാമങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് ഈ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. സാംസ്കാരികമായ ചിഹ്നങ്ങളുപയോഗിച്ച് ഇരു ഗ്രാമങ്ങളും ജാതീയമായി വേര്തിരിക്കപ്പെട്ടവയാണെന്ന സൂചന ചിത്രത്തില്‍ നല്‍കിയിട്ടുണ്ട്. പൊടിയങ്കുളം ഗ്രാമത്തിന് സ്വന്തമായി ബസ് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ അവിടത്തെ ജനങ്ങള്‍ക്ക് മേലൂര്‍ ഗ്രാമത്തെ ആശ്രയിക്കേണ്ടതായി വരുന്നു. മേലൂര്‍ ഗ്രാമക്കാരില്നിന്ന് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങള്‍ ആശുപത്രി, വിദ്യാഭ്യാസ- തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള പൊടിയങ്കുളം ഗ്രാമവാസികളുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. പൊടിയങ്കുളം ജനതയുടെ ആശ്രിതാവസ്ഥയും കീഴ്നിലയും മേലൂര്‍ ഗ്രാമവാസികള്‍ ആസ്വദിക്കുന്നതായുള്ള ചിത്രീകരണവും 'കര്‍ണ'െൻറ ആഖ്യാനത്തിലുണ്ട്.
ബസ് സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും അനുകൂലമായ നടപടി ഉണ്ടാകുന്നില്ല. ഇതിനെതിരെ പ്രതികരിക്കുവാന്‍ പൊടിയങ്കുളം ഗ്രാമവാസിയും യുവാവുമായ കര്ണന് (ധനുഷ്) തയാറാകുന്നുവെങ്കിലും ഗ്രാമാംഗങ്ങളുടെ പിന്തുണ അദ്ദേഹത്തിനു ലഭിക്കുന്നില്ല. ഗര്‍ഭിണിയായ തെൻറ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ ബസ് നിര്‍ത്താത്തതുമൂലം താമസം നേരിട്ടപ്പോള്‍ അവരുടെ മൂത്തമകന് കല്ലെറിഞ്ഞ് ബസിെൻറ ചില്ലു പൊട്ടിക്കുന്നു. അതേത്തുടര്‍ന്നുണ്ടാകുന്ന വാഗ്വാദം സംഘര്‍ഷത്തില്‍ കലാശിക്കുകയും കര്ണെൻറ നേതൃത്വത്തിലുള്ള യുവാക്കള്‍ ബസ് പൂര്‍ണമായും നശിപ്പിക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൊടിയങ്കുളത്ത് എത്തുന്ന പൊലീസ് മേലുദ്യോഗസ്ഥനായ കണ്ണപ്പിരന് (നടരാജന് സുബ്രഹ്മണ്യം) ഗ്രാമവാസികളുടെ പെരുമാറ്റം ജാതിസമവാക്യങ്ങള്‍ പാലിക്കാതെയുള്ള അഹങ്കാരമായി മുദ്രകുത്തുന്നു. കേസിെൻറ ഒത്തുതീര്‍പ്പിനായി പൊലീസ് സ്റ്റേഷനിലെത്തുന്ന ഗ്രാമത്തിലെ മുതിര്‍ന്നവരെ അയാള്‍ നിർദയമായി മർദിക്കുകയും വ്യാജക്കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഇതറിഞ്ഞ് കര്ണനടക്കമുള്ള ഗ്രാമത്തിലെ യുവാക്കള്‍ സ്റ്റേഷന് ആക്രമിച്ച് ഇവരെ മോചിപ്പിക്കുന്നു. ഇതിനെത്തുടര്‍ന്ന്, പൊടിയങ്കുളം ഗ്രാമത്തിലുണ്ടാകുന്ന പൊലീസ് അതിക്രമങ്ങളും നരനായാട്ടും അനന്തര സംഭവങ്ങളുമാണ് 'കര്‍ണ'െൻറ കഥാഗതി നിര്‍ണയിക്കുന്നത്.
രേഖീയമായ ആഖ്യാനരീതിയാണ് 'പരിയേറും പെരുമാളി'ലും 'കര്‍ണനി'ലും മാരി സെല്‍വരാജ് സ്വീകരിച്ചുകാണുന്നത്. അപസ്മാരം വന്ന് ആരാലും സംരക്ഷിക്കപ്പെടാതെ നടുറോഡില്‍ കിടന്ന് മരിക്കുന്ന കര്ണെൻറ ഇളയ സഹോദരിയെ കുറിച്ചുള്ള പരാമര്‍ശം ആഖ്യാനത്തില്‍ നിര്‍ണായകമായ സംഭവങ്ങളിലൊന്നായി ആവിഷ്കരിച്ചിട്ടുണ്ട്. അവള് ക്രമേണ കുടുംബദൈവമായി മാറുന്നു. ഗ്രാമത്തിനുവേണ്ടി പ്രതികരിക്കുവാനും പകരം ചോദിക്കുവാനും കര്‍ണനെ പ്രേരിപ്പിക്കുന്ന ത്വരകം എന്ന നിലയില്‍ കൂടിയാണ് അവളുടെ ഓര്മ അയാളില്‍ നിലനില്‍ക്കുന്നത്. അതോടൊപ്പം ഗ്രാമത്തിലെ ആചാരത്തിെൻറ ഭാഗമായി കര്ണന് നേടുന്ന വാളിന് ആഖ്യാനത്തില്‍ കൃത്യമായ ധര്‍മം അനുഷ്ഠിക്കാനുണ്ട്. നിരവധി സന്ദര്‍ഭങ്ങളില്‍ വാള് അയാളില്‍നിന്ന് അകറ്റപ്പെടുന്നുണ്ടെങ്കിലും, ധര്മപൂരണത്തിെൻറ ഭാഗമായി കര്‍ണനിലേക്ക് അത് തിരികെയെത്തുന്നു.
ഒരു വ്യക്തിയുടെ പേര് ജാതിയധിഷ്ഠിതമായ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന സാംസ്കാരിക ചിഹ്നമായി പരിഗണിക്കുന്ന രീതി നിരവധി സമൂഹങ്ങളില്‍ പ്രചാരത്തിലുണ്ട്. പേരില്‍ ജാതിസൂചനയുള്പ്പെടുത്തുന്ന പ്രവണത സാമൂഹികമായ സവിശേഷാനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള ഉപാധിയായി പല സമുദായങ്ങളും സ്വീകരിക്കുന്നു. പേരിനു പിന്നിലെ ജാതിസൂചനകളെ നിരാകരിച്ചുകൊണ്ട് പെരിയാറിെൻറ നേതൃത്വത്തില്‍ തമിഴകത്തു നടന്ന ജാതിവിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് 'കര്‍ണനി'ല്‍ സ്വീകരിച്ചിട്ടുള്ള വ്യക്തിനാമങ്ങളും അതിെൻറ രാഷ്ട്രീയവും പ്രസക്തമാകുന്നത്.
കര്ണന്, യമന്‍ (ലാല്‍), ദുര്യോധനന് (ജി.എം. കുമാര്‍), അഭിമന്യു (ഷണ്മുഖ രാജന്), ദ്രൗപദി (രജിഷ വിജയന്) തുടങ്ങിയവരാണ് കര്‍ണനിലെ മുഖ്യ കഥാപാത്രങ്ങള്‍. കീഴാള ജാതിസൂചനകള്‍ അടയാളപ്പെട്ടു കിടന്ന പരമ്പരാഗതമായ വ്യക്തിനാമങ്ങളില്നിന്ന് വിമുക്തമായവയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ള പേരുകള്‍. ഇതിനോട് ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വിഷയം പല്ലര് സമുദായത്തിെൻറ പേരിന് 2021ല്‍ നിയമം മൂലം വരുത്തിയ മാറ്റമാണ്. ദേവേന്ദ്രകുല വേളാളര്‍ എന്ന തങ്ങളുടെ പൂര്‍വകാല കുലനാമത്തിലേക്ക് മടങ്ങിപ്പോകണമെന്ന അവരുടെ ദീര്‍ഘകാലത്തെ ആവശ്യം സമീപകാലത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 'കര്‍ണനി'ല്‍ ആവിഷ്കരിച്ചിട്ടുള്ള സമുദായം പല്ലര്/ദേവേന്ദ്രകുല വേളാളര്‍ ആണെന്നതിെൻറ സൂചനകള്‍ ചിത്രത്തില്‍ ലഭ്യമാണ്. അതിലൊന്ന്, മുമ്പ് സൂചിപ്പിച്ച 'അലൈ ഓസൈ' എന്ന ചിത്രത്തിലെ ഗാനമാണ്. കൂടാതെ, പൊലീസുകാര്‍ ഗ്രാമത്തലവനെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിെൻറ തലക്കെട്ടഴിക്കാന് ആവശ്യപ്പെടുന്നു. ചുറ്റുമുള്ളവര്‍ അത് വിലക്കുന്നത് അദ്ദേഹം 'ഊര് കുടുംബരാ'ണെന്ന് പറഞ്ഞുകൊണ്ടാണ്. ദേവേന്ദ്രകുല വേളാളര്‍ സമുദായത്തിലുള്‍പ്പെട്ട ഏഴ് വിഭാഗങ്ങളില്‍ ഒന്നാണ് കുടുംബര്‍. ഇത്തരം സൂചനകളിലൂടെ ഒരു പേരിന് നിരവധി രാഷ്ട്രീയ മാനങ്ങളുണ്ട് എന്ന വസ്തുത വെളിപ്പെടുന്നു.
സമാനമായി, സമീപകാലത്ത് പുറത്തിറങ്ങിയ 'മണ്ടേല' (സംവിധാനം: മഡോണ്‍ അശ്വിന്) എന്ന തമിഴ് ചിത്രം ചര്‍ച്ച ചെയ്യുന്ന പേരിെൻറ രാഷ്ട്രീയവും പ്രസക്തമാണ്. സ്വന്തമായി പേര്, വീട്, വിലാസം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയില്ലാത്ത മനുഷ്യനാണ് (യോഗി ബാബു) ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അയാള്‍ക്ക് മണ്ടേല എന്ന പേരും വോട്ടവകാശവും ലഭിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഗ്രാമത്തിലെ പോസ്റ്റ് മാസ്റ്ററാണ്. മണ്ടേല എന്ന പേരിനെ മുന്‍നിര്‍ത്തി ജാതി തിരിച്ചറിയാനാകാതെ ബുദ്ധിമുട്ടുന്ന ഗ്രാമത്തിലെ രണ്ട് ജാതിവിഭാഗങ്ങളുടെ ആവിഷ്കരണം ചിത്രത്തെ രാഷ്ട്രീയവത്കരിക്കുന്നു. ജാതികേന്ദ്രിതമായ വോട്ടുബാങ്കുകള്‍, പണത്തിനും സൗജന്യവസ്തുക്കള്ക്കും വേണ്ടി നടത്തുന്ന വോട്ട് വില്പന, ജനാധിപത്യ പ്രക്രിയയുടെ അട്ടിമറി എന്നിവ ആക്ഷേപഹാസ്യരൂപേണ വിമര്‍ശിക്കുന്ന ചിത്രമെന്ന നിലയിലാണ് 'മണ്ടേല' പ്രസക്തമാകുന്നത്.
ജാതികേന്ദ്രിതമായ സംഘര്‍ഷങ്ങള്‍ തമിഴ്നാട്ടില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. തമിഴ് സിനിമകളില്‍, സാംസ്കാരിക സൂചനകള്‍ സന്നിവേശിപ്പിക്കുന്ന രീതി സ്വീകരിച്ചു പോരുന്നതിനാല്‍ ഇത്തരം സംഘര്‍ഷങ്ങള്‍ നേരിട്ടും പ്രചോദിതമായും അനുകല്പനവിധേയമായിട്ടുണ്ട്. വെട്രിമാരന് സംവിധാനം ചെയ്ത 'അസുരന്' കീഴ്വെണ്മണി കൂട്ടക്കൊലയിലേക്കുള്ള സൂചനകള്‍ അവതരിപ്പിച്ച ചിത്രമായിരുന്നു. സമാനമായി, 1995ല്‍ തൂത്തുക്കുടി ജില്ലയിലെ കൊടിയങ്കുളം ഗ്രാമത്തില്‍ നടന്ന ജാതിസംഘര്‍ഷവും തുടര്‍ന്നുണ്ടായ പൊലീസ് അതിക്രമങ്ങളും 'കര്‍ണ'െൻറ ഇതിവൃത്തത്തില്‍ പ്രചോദിതമായിട്ടുണ്ട്. കൂടാതെ, 'കര്ണന്' ചലച്ചിത്രത്തിലെ ''കണ്ടാ വര സൊല്ലുങ്ക...'' എന്ന ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്ന രേഖാചിത്രത്തിന് മധുരയിലെ മേലവളവില് 1997ല്‍ നടന്ന ജാതിസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുരുകേശന് എന്ന ദലിത് യുവാവിെൻറ ചിത്രത്തോട് സാമ്യമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ചര്‍ച്ചകള്‍ നടന്നിരുന്നു. അതോടൊപ്പം 1999ല്‍ തിരുനെല്‍വേലിയിലെ മാഞ്ചോലയില്‍ പൊലീസിെൻറ ലാത്തിച്ചാര്‍ജ് ഭയന്ന് താമരഭരണിയാറ്റില് വീണ് 17 തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവവുമായി ചിത്രത്തെ ബന്ധിപ്പിക്കുന്ന നിരീക്ഷണങ്ങളും സജീവമാണ്.
'കര്‍ണ'െൻറ ആഖ്യാനത്തില്‍ പ്രസക്തമാകുന്ന മറ്റൊരു രംഗം ചുമരില്‍ വരക്കുന്ന ശിരസ്സില്ലാത്ത മനുഷ്യചിത്രമാണ്. പച്ചനിറത്തിലുള്ള വേഷം ധരിച്ച പ്രസ്തുത ചിത്രം ദേവേന്ദ്രകുല വേളാളര്‍ സമുദായത്തില്‍ രക്തസാക്ഷിയും വീരപുരുഷനുമായി ആദരിക്കപ്പെടുന്ന ഇമ്മാനുവല്‍ ശേഖരനിലേക്കുള്ള സൂചന നല്‍കുന്നതാണ്. എന്നാല്‍, ചിത്രത്തിെൻറ പരിസമാപ്തിയില്‍ ഗ്രാമത്തിനും സമുദായത്തിനും വേണ്ടി ആത്മാഹൂതി ചെയ്യുന്ന യമെൻറ മുഖം ചേര്‍ത്ത് ചുവരിലെ ചിത്രം പൂര്‍ത്തീകരിക്കുന്നത് രക്തസാക്ഷിത്വത്തിെൻറ രാഷ്ട്രീയമുള്ളടങ്ങുന്ന ചലച്ചിത്രഭാഷ്യമാകുന്നു.
ചലച്ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ള ഭാഷാഭേദത്തിനു പുറമെ തിരുനെല്‍വേലി പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത് എന്ന സൂചന നല്കുന്ന മറ്റൊരു ഘടകം സര്‍ക്കാര്‍ ബസ് സര്‍വിസുകള്‍ക്ക് ഉപയോഗിച്ചിട്ടുള്ള പേരുകളാണ്. 1997 ജൂലൈ മാസം വരെയുള്ള കാലയളവില്‍ തിരുനെല്‍വേലി പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകള്‍ കട്ടബൊമ്മന് ട്രാന്‍സ്പോര്‍ട്ട് കോർപറേഷന് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചിത്രത്തില്‍, പൊടിയങ്കുളത്ത് ബസ് നിര്‍ത്തുന്നതിനായി കര്ണന് ശബ്ദമുയര്‍ത്തുന്നുണ്ട്. പ്രതിഷേധസൂചകമായി അയാള്‍ പുറത്തേക്ക് ചാടുന്നത് സര്‍ക്കാര്‍ ഉsമസ്ഥതയിലുള്ള കട്ടബൊമ്മന് ട്രാന്‍സ്പോര്‍ട്ട് ബസില്‍നിന്നാണ്. തമിഴ്നാട്ടിലെ പ്രദേശങ്ങളില്‍ അതത് ഇടങ്ങളില്‍ പ്രസിദ്ധരായ വ്യക്തികളുടെ പേരുകള്‍ ട്രാന്‍സ്പോര്‍ട്ട് കോർപറേഷനുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ 1997ല്‍ കരുണാനിധി മന്ത്രിസഭയുടെ കാലത്ത് ഇത്തരം പേരുകള്‍ ഒഴിവാക്കി പൊതുവില്‍ TNSTC എന്ന പേര് നല്കി ഏകീകരിച്ചു. ഇത്തരം ചലച്ചിത്ര സൂചനകളില്‍ നിന്ന് കഥ നടക്കുന്ന കാലം 1997 െൻറ ആദ്യപകുതിയോ അതിനു മുേമ്പാ ആണെന്ന് വ്യക്തമാകുന്നു. 'കര്‍ണ'െൻറ തിയറ്റര്‍ പ്രദര്‍ശനത്തോട് അനുബന്ധിച്ച് ഡി.എം.കെ നേതാവും ചലച്ചിത്ര നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന് മുന്നോട്ടു െവച്ച വിമര്ശനത്തിെൻറ പശ്ചാത്തലത്തിലാണ് ഇത്തരം വര്‍ഷ സൂചനകള്‍ കൂടുതല്‍ പ്രസക്തമാകുന്നത്. 2021 ഏപ്രില്‍ 9ന് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിെൻറ ആരംഭത്തില്‍ 1997 എന്ന വര്‍ഷം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ചരിത്രവിരുദ്ധമായ പ്രസ്താവനയാണെന്ന് അദ്ദേഹം വാദിച്ചു. 1995ലെ കൊടിയങ്കുളം സംഭവം ജയലളിതയുടെ ഭരണകാലത്താണ് നടന്നതെന്നും ചിത്രത്തിലെ 1997 എന്ന പരാമര്‍ശം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ ഭരണകാലത്താണ് പ്രസ്തുത സംഭവം നടന്നതെന്ന തെറ്റിദ്ധാരണ നിര്മിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിെൻറ വാദം. പൊലീസിനെ ഉപയോഗിച്ച് ഒരു ഗ്രാമം അതിക്രമത്തിനിരയാക്കിയ സംഭവം ഭരണപരമായ വീഴ്ച വെളിപ്പെടുത്തുന്നുവെന്നതിനാലാണ് വര്ഷസൂചന ഇത്രയേറെ പ്രസക്തി നേടുന്നത്. ഇതിെൻറ അടിസ്ഥാനത്തില്‍ മേയ് പതിമൂന്നിന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിച്ച 'കര്‍ണ'െൻറ പതിപ്പില്‍ 1997 എന്ന വര്ഷസൂചന ഒഴിവാക്കിയിട്ടുമുണ്ട്.
വിദ്യാഭ്യാസം നേടുക, പ്രതിഷേധിക്കുക, സംഘടിക്കുക എന്ന അംബേദ്കറിെൻറ ആശയമാണ് പ്രസ്തുത ചിത്രത്തിെൻറ അന്തഃസത്ത നിര്‍ണയിക്കുന്നത്. പൊതുയിടങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും എത്തിച്ചേരുന്നതിന് വിഘാതമായി നില്ക്കുന്ന സാഹചര്യങ്ങളോട് കര്ണന് കലഹിക്കുന്നു. തെൻറ ഗ്രാമത്തിലെ കുട്ടികള്‍ക്ക് സ്കൂള്‍/ കോളജ് തലങ്ങളിലേക്ക് എത്തിപ്പെടുന്നതിനുള്ള ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത അയാളില്‍ അമര്‍ഷമുളവാക്കുന്നു. ഇത്തരം അനീതികള്‍ സ്വാഭാവികമെന്ന മട്ടില്‍ സ്വാംശീകരിച്ച ഗ്രാമത്തിലെ മുതിര്‍ന്നവരുടെ മനോഭാവത്തെ അയാള്‍ എതിര്‍ക്കുന്നു. ഒടുവില്‍, തനിക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ജോലിയുപേക്ഷിച്ച കര്ണന്, ആളുകളെ ഏകോപിപ്പിക്കുകയും ഗ്രാമത്തിനായി ആയുധമേന്തി പോരാടുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
വിദ്യാഭ്യാസത്തിലൂടെ മുന്നേറാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബോധപൂര്‍വം പൊലീസ് അതിക്രമത്തിനിടയില്‍ നശിപ്പിക്കുന്ന രംഗം കൂടുതല്‍ അർഥസാധ്യതകളുള്ളതാണ്. തലയുയര്‍ത്തി നിന്നും ശരീരത്തില്‍ സ്പര്ശിച്ചും സംസാരിച്ചതിെൻറ പേരിലാണ് ഗ്രാമത്തിലുള്ളവരോട് പൊലീസ് മേലുദ്യോഗസ്ഥന് പ്രതികാരം ചെയ്യുന്നത്. ഗ്രാമത്തിെൻറ ഐക്യവും ജാതിക്കോയ്മയെ അംഗീകരിക്കാത്ത അവരുടെ പെരുമാറ്റവും അയാളെ കൂടുതല്‍ അസ്വസ്ഥനാക്കുന്നു. വിദ്യാഭ്യാസവും സമത്വചിന്തയും ജാതിബോധത്തിെൻറ വേരറുക്കുമെന്ന ഭയം പൊടിയങ്കുളം ഗ്രാമത്തെ ഒറ്റപ്പെടുത്തുന്നവര്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഗ്രാമത്തിെൻറ അബോധത്തില്‍ അടിയുറച്ച വിധേയത്വബോധത്തെ കര്‍ണനും പുതിയ തലമുറയും തങ്ങളുടെ ആവര്‍ത്തിച്ചുള്ള പ്രതിഷേധങ്ങളിലൂടെയാണ് തുടച്ചു നീക്കുന്നത്. നേതാവും രക്ഷകനുമായുള്ള കര്ണെൻറ രൂപാന്തരം വ്യക്തിതാല്പര്യങ്ങളില്നിന്ന് സാമുദായികമായ താൽപര്യങ്ങളിലേക്ക് ഗ്രാമവാസികളെ ഉണര്‍ത്തുന്നതു കൂടിയായിരുന്നു. കൂട്ടക്കൊല ഒഴിവാക്കുന്നതിനായുള്ള യമെൻറ ആത്മാഹൂതിയും പൊലീസ് സ്റ്റേഷനില്‍ മർദനമേറ്റ ഗ്രാമത്തലവന് അടക്കമുള്ളവര്‍ ക്രമേണ മരണപ്പെടുന്നതും സാമുദായത്തിനു വേണ്ടിയുള്ള ജീവിതാര്പ്പണങ്ങളെന്ന നിലയിലാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
രാഷ്ട്രീയമായ വിശകലനത്തിന് ഈ ചിത്രത്തെ വിധേയമാക്കുമ്പോള്‍, ഏറ്റവും പ്രസക്തമായ ഒരു രംഗം മുന്‍കാലുകള്‍ കൂട്ടിക്കെട്ടിയ കഴുതയെ കര്ണന് സ്വതന്ത്രമാക്കുന്ന സന്ദര്‍ഭമാണ്. ഗ്രാമത്തിെൻറ അതിര്‍ത്തികള്‍ വിട്ട് ഓടിപ്പോകാന്‍ അനുവദിക്കാത്ത തരത്തില്‍ ഉടമസ്ഥന് കഴുതയെ ബന്ധിക്കുന്നത് അതിെൻറ മുന്‍കാലുകള്‍ ചേര്‍ത്തുകെട്ടിയാണ്. ഉടമക്ക് മാത്രമേ കഴുതയുടെ കുരുക്കഴിക്കാനാവൂ എന്ന യമെൻറ പരാമര്‍ശം കാലങ്ങളായി അടിമബോധം അബോധത്തില്‍ സ്വാംശീകരിച്ച ജനതയുടെ സൂചനയുള്ക്കൊള്ളുന്നതാണ്. എന്നാല്‍, അതിെൻറ കെട്ടഴിക്കാന്‍ തയാറാണെന്ന് പ്രഖ്യാപിക്കുന്ന കര്ണന് മറ്റൊരു രംഗത്തില്‍ അത് നടപ്പിലാക്കുന്നു. അതുവരെ മുടന്തി നടന്നുകൊണ്ടിരുന്ന കഴുത സ്വതന്ത്രമായതിനു ശേഷം കുതിച്ചു പായുകയും മലമുകളില്‍ കര്ണെൻറ കുടുംബദൈവമായ സഹോദരിയുടെ പക്കല്‍ എത്തി നില്‍ക്കുകയും ചെയ്യുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. സാമുദായികമായി സ്വയം തിരിച്ചറിയുകയും ഐക്യപ്പെടുകയും ചെയ്യുന്ന സ്വത്വബോധത്തിെൻറ സൂചനകള്‍ ഉള്ളടങ്ങുന്നതാണ് ഈ ചലച്ചിത്ര സന്ദര്‍ഭം. ബസ് പൂര്‍ണമായും ഉടച്ചുതകര്‍ത്ത് പ്രതിഷേധിക്കുന്നതിലേക്കും വിയോജിപ്പ് അടയാളപ്പെടുത്തുന്നതിലേക്കും കര്ണനെയും ഗ്രാമവാസികളെയും നയിക്കുന്ന പ്രതീകാത്മക നില കെട്ടഴിച്ച കഴുതയുടെ മുന്‍കാലുകളുടെ കുതിപ്പുകളിലൂടെ ആരോപിക്കപ്പെടുന്നു.
ഇത്തരത്തില്‍ ശാക്തീകരിക്കപ്പെട്ട കീഴാള മുന്നേറ്റ സമരങ്ങളെ പ്രതിലോമകരമായി അഭിമുഖീകരിക്കുന്നിടത്താണ് 'നായാട്ട്' എന്ന മലയാള സിനിമ പരാജയപ്പെടുന്നത്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത പ്രസ്തുത ചിത്രം, രാഷ്ട്രീയ രംഗപ്രവേശം നടത്തുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുന്ന ദലിത് സംഘടനകളെ ക്രമസമാധാനനിലക്കും ജനാധിപത്യത്തിനും ഭീഷണിയായ ആള്‍ക്കൂട്ടമായാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതര മുന്നാക്ക/ പിന്നാക്ക സമുദായങ്ങള്‍ക്ക് പ്രാപ്യമായ വിലപേശല്‍ശേഷി ആര്‍ജിച്ചെടുക്കാന്‍ ശ്രമിക്കുന്ന ദലിത് സംഘടനകള്‍ പൊതുസമൂഹത്തിന് ആപത്താണെന്ന സവര്ണപൊതുബോധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യം ഈ ജനപ്രിയ ചിത്രം നിര്‍വഹിക്കുന്നു. പാ. രഞ്ജിത്തും മാരി സെല്‍വരാജും ജനപ്രിയ തമിഴ് സിനിമയുടെ ചേരുവകള്‍ ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന കീഴാളമുന്നേറ്റത്തിെൻറ ചലച്ചിത്ര സമവാക്യങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വിദൂരമാണ്. ജാതികേന്ദ്രിതമായ പൊതുബോധങ്ങള്‍ ജനപ്രിയ ചലച്ചിത്രത്തിെൻറ ചേരുവകളെ നിയന്ത്രിക്കുന്ന മലയാളത്തില്‍, ചലച്ചിത്ര മാധ്യമത്തെ പ്രതിവായനകള്ക്കുള്ള സാധ്യതയായി പരിഗണിക്കുന്ന സമീപനങ്ങള്‍ കൂടുതലായി രൂപപ്പെടേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.