നാടകത്തിലും വെള്ളിത്തിരയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത കെ.പി.എ.സി ലീല തന്റെ ജീവിതവും അനുഭവവും മുതിർന്ന മാധ്യമപ്രവർത്തകനായ ബൈജു ചന്ദ്രേനാട്പങ്കുവെക്കുന്നു. ആദ്യഭാഗം മാധ്യമം വാർഷികപ്പതിപ്പ് 2023ലും രണ്ടാം ഭാഗം ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞ ലക്കവും (1332) പ്രസിദ്ധീകരിച്ചിരുന്നു. ഇൗ നീണ്ട ജീവിതകഥ മലയാള നാടകദേവിയുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ജീവിതകഥകൂടിയായി മാറുന്നു.
ഒമ്പത്
വിവാഹം കഴിഞ്ഞ് ഡേവിഡ് അന്നു ജോലി ചെയ്തിരുന്ന കോഴിക്കോടാണ് താമസമാക്കിയത്. ഷെല്ലി, സാൻഡി, ടോണി എന്ന മൂന്നുകുട്ടികളും ജനിച്ചു.
കുടുംബജീവിതത്തിന്റെ അകത്തളങ്ങളിൽ കുട്ടികളെയും വളർത്തി സ്വസ്ഥമായി കഴിയുമ്പോഴാണ്, മൂന്നു വർഷത്തെ ഇടവേളക്കുശേഷം തീരെ ആകസ്മികമായി ലീല വീണ്ടും അരങ്ങിലെത്തുന്നത്.കെ.പി.എ.സിയിൽ കുറേനാളുകൾ ഒപ്പമുണ്ടായിരുന്ന ഡോ. മിനിക് ആലുമ്മൂട് എന്ന ആലുമ്മൂടൻ പുതുതായി തുടങ്ങിയ നാടകസമിതിയായ നളന്ദ തിയറ്റേഴ്സിന്റെ ‘ജാതകം’ എന്ന നാടകത്തിൽ അഭിനയിക്കാനായിരുന്നു അത്. നാടകം പൂർണമായും വിട്ട് സിനിമയിലെ മുൻ നിര ഹാസ്യനടന്മാരിൽ ഒരാളായി വിരാജിക്കുന്ന കാലത്ത് ആലുമ്മൂടന് ഒരു നാടകസമിതി തുടങ്ങണമെന്ന മോഹമുദിച്ചു.
തോപ്പിൽ ഭാസിയും എസ്.എൽ. പുരവും നാടകവേദി വിട്ട് പൂർണമായും സിനിമയിൽ നിലയുറപ്പിച്ച നാളുകൾ. എന്നാൽ, പി.ജെ. ആന്റണിയാകട്ടെ സിനിമയേതാണ്ട് മതിയാക്കി മദിരാശിയിൽനിന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തിയിരുന്നു. ആന്റണിയെയാണ് ആലുമ്മൂടൻ നാടകമെഴുതാൻ സമീപിച്ചത്. ഹാസ്യരസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആന്റണി നാടകമെഴുതിക്കൊടുത്തു. പേര് ‘ജാതകം’. അഭിനേതാക്കളുടെ കാര്യത്തിൽ ആന്റണിക്ക് ചില നിബന്ധനകളുണ്ടായിരുന്നു. നായികയായി കെ.പി.എ.സി ലീലയെ വിളിക്കണമെന്നുള്ളതായിരുന്നു അതിലൊന്നാമത്തേത്.
അതനുസരിച്ച് ആലുമ്മൂടൻ വന്ന് ലീലയെയും ഡേവിഡിനെയും കണ്ടു. സമിതിക്ക് ഒരു പേര് നേടിയെടുക്കാൻ വേണ്ടി ആദ്യത്തെ കുറച്ചു നാടകങ്ങളിൽ മാത്രം സഹകരിച്ചാൽ മതി എന്നുള്ളതായിരുന്നു ആലുമ്മൂടന്റെ ആവശ്യം. അങ്ങനെ മൂന്നു വർഷത്തെ ഇടവേളക്കുശേഷം ലീല അരങ്ങത്തേക്ക് തിരിച്ചെത്തി.
ഇരുപത് ദിവസങ്ങൾകൊണ്ട് ആന്റണി എഴുതിത്തീർത്ത ‘ജാതകം’ സംവിധാനം ചെയ്തത് കൊച്ചിയിലെ നാടകവേദിയിൽ പയറ്റിത്തെളിഞ്ഞ നാടകകൃത്തും ഗാനരചയിതാവുമായ നെൽസൺ ഫെർണാണ്ടസാണ്. ലീലയെക്കൂടാതെ ആലുമ്മൂടൻ, കെ.പി.എ.സി ഖാൻ, വീരൻ എന്ന പി.കെ. വീരരാഘവൻ നായർ, ചാക്കോ, ചങ്ങനാശ്ശേരി സുലോചന, വിജയമ്മ എന്നിവരായിരുന്നു മറ്റു നടീനടന്മാർ.‘‘ഹാസ്യവും ഹിംസയും ഇഴ നെയ്തെടുത്ത ‘‘ആന്റണിയുടെ കഥാപാത്രത്തെ തന്റെ ആത്മാവിലേക്ക് ആവാഹിച്ചെടുക്കാൻ ലീലക്ക് കുറച്ച് ആയാസപ്പെടേണ്ടിവന്നുവെന്ന് നെൽസൺ തന്റെ നാടകസ്മരണകളിൽ (‘നാടകരാവുകൾ) ഓർക്കുന്നു. ഊണും ഉറക്കവുമില്ലാതെ എന്തെങ്കിലും കഴിച്ചെന്നുവരുത്തി, റിഹേഴ്സൽ ക്യാമ്പിലുള്ള കിണറിന്റെ കരയിൽ ചെന്നിരുന്ന് സംഭാഷണം പലയാവർത്തി ഉറക്കെ ഉരുവിട്ടു പഠിച്ച് ലീല കഥാപാത്രത്തെ മെരുക്കിയെടുത്തു.
എറണാകുളം ടി.ഡി.എം ഹാളിൽ നാടകം അരങ്ങേറിയപ്പോൾ ആന്റണിയും നാടകം കാണാനെത്തിയിരുന്നു. നാടകം കഴിഞ്ഞ് ഗ്രീൻറൂമിലെത്തിയ ആന്റണി ലീലയെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു. ലീല ആ പാദങ്ങളിൽ തൊട്ടുവന്ദിച്ചു.
ഏതാനും സ്റ്റേജുകൾ കഴിഞ്ഞപ്പോൾ ലീല അരങ്ങുവിട്ട് വീണ്ടും അടുക്കളയിലേക്ക് മടങ്ങി. ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടുകൾക്കുശേഷം ലീല ഒരു നാടകത്തിൽകൂടി അഭിനയിച്ചു. തന്നെ ഒരു മികച്ച നടിയാക്കിയ കെ.പി.എ.സിയുടെ ഒരത്യാവശ്യഘട്ടത്തിൽ സഹായിക്കാനായിരുന്നു അത്. എക്കാലവും തന്റെ പ്രിയപ്പെട്ട ഗുരുവായി ബഹുമാനിക്കുന്ന തോപ്പിൽ ഭാസി ആവശ്യപ്പെട്ടതുകൊണ്ടാണ് കുറച്ചു നാളുകളിലേക്ക് ഒരു പകരക്കാരിയായി കെ.പി.എ.സിയുടെ അരങ്ങിലേക്ക് വീണ്ടുമെത്തിയത്.
തോപ്പിൽ ഭാസിയുടേതും ഒരു ഗുരുദക്ഷിണയായിരുന്നു. ഭാസി മാനസഗുരുവായി കണക്കാക്കുന്ന പ്രഫ. എൻ. കൃഷ്ണപിള്ളയുടെ വിഖ്യാത നാടകമായ ‘ഭഗ്നഭവനം’ കെ.പി.എ.സി അവതരിപ്പിച്ചത് 1986ലാണ്. മലയാളത്തിന്റെ അരങ്ങത്ത് ഒരു ഭാവുകത്വ സംക്രമണത്തിന് കാരണമായ ‘ഭഗ്നഭവനം’ പ്രഫഷനൽ നാടകത്തിന്റെ അരങ്ങത്ത് വിജയിക്കുമോ എന്ന് കൃഷ്ണപിള്ള സാറിന് ആശങ്കകളുണ്ടായിരുന്നെങ്കിലും ഭാസിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. നാൽപതുകളുടെ ഒടുവിൽ കൊച്ചിയിലെ അരങ്ങിൽ പ്രശസ്ത നാടകദമ്പതികളായ എഡ്ഡി മാസ്റ്റർ-മേരി എഡ്ഡി എന്നിവരുടെ നേതൃത്വത്തിൽ മികച്ച ഒരു ടീം ‘ഭഗ്നഭവനം’ അവതരിപ്പിച്ചു വിജയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ആദ്യം അവതരിപ്പിച്ചപ്പോൾ തിക്കുറിശ്ശി, പി.കെ. വിക്രമൻ നായർ തുടങ്ങിയ പ്രഗല്ഭനടന്മാരോടൊപ്പം നായിക കഥാപാത്രമായ രാധയുടെ റോൾ അരങ്ങത്ത് അതിഗംഭീരമാക്കിയത് എം.ജി. ഗോവിന്ദൻ കുട്ടിനായരെന്ന നടനായിരുന്നു. കൊച്ചിക്കാരുടെ നാടകത്തിൽ മേരി എഡ്ഡിയും ഒപ്പത്തിനൊപ്പംനിന്നു.
കെ.പി.എ.സിയുടെ നാടകത്തിൽ രാധയായി വന്നത് കവിയൂർ പൊന്നമ്മയുടെ ഇളയ സഹോദരി കവിയൂർ രേണുകയാണ്. അവർ ആ വേഷം മോശമാക്കിയില്ല. ഇടക്ക് കുറച്ചുനാൾ രേണുകക്ക് നാടകത്തിൽനിന്നു വിട്ടുനിൽക്കേണ്ടി വന്നു.
ദുരന്തനായികയായ രാധയുടെ വേഷത്തിലേക്ക് അനുയോജ്യമായ മറ്റൊരു മുഖവും ഭാസിയുടെ മനസ്സിൽ തെളിഞ്ഞില്ല.
‘‘നമ്മുടെ ലീലയോട് ഒന്നു ചോദിച്ചുനോക്കാം’’ എന്നായിരുന്നു ഭാസിയുടെ അഭിപ്രായം. കുറച്ചുനാളത്തേക്കുമാത്രം എന്ന ഉപാധിയിൽ ലീല അഭിനയിക്കാനൊരുങ്ങി. പ്രിയപ്പെട്ട നാടകപ്രസ്ഥാനവും ഗുരുതുല്യനായ തോപ്പിൽ ഭാസിയും തന്നെ ഓർമിച്ചല്ലോ എന്ന സന്തോഷമായിരുന്നു മനസ്സിൽ.
‘തുലാഭാര’ത്തിലെയും കൂട്ടുകുടുംബത്തിലെയും ദുഃഖപുത്രികളെ അവതരിപ്പിച്ച ലീലക്ക് രാധ തീരെ വെല്ലുവിളി ഉയർത്തിയില്ല എന്നുള്ളതാണ് സത്യം. പേക്ഷ, ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ ചില പ്രതിസന്ധികളും തിരിച്ചടികളും, അതും ഏറ്റവും ഉറ്റവരുടെയും ഉടയവരുടെയും ഭാഗത്തുനിന്ന് നേരിടേണ്ടി വന്നപ്പോൾ അഭിനയിച്ച വേഷങ്ങളുടെ അറം പറ്റിയതുപോലെ തോന്നി ലീലക്ക്.
ഓരോ നാടകത്തിനും ഇരുപത് രൂപയായിരുന്നു കെ.പി.എ.സിയിൽ ലീലക്ക് കിട്ടിയ ആദ്യ പ്രതിഫലം. പന്ത്രണ്ടു വർഷം കഴിഞ്ഞ് ‘ജീവിതം അവസാനിക്കുന്നില്ല’യിൽ അഭിനയിക്കുമ്പോൾ മുപ്പത്തിയഞ്ച് രൂപയും.
സീസൺ കാലത്ത് മാസത്തിൽ മുപ്പതു ദിവസവും നാടകമുണ്ടാകും. ചിലപ്പോഴൊക്കെ ഒരുദിവസംതന്നെ രണ്ടു നാടകങ്ങൾ കാണും. കിട്ടുന്നതിൽനിന്ന് ഒറ്റ പൈസപോലും ചെലവാക്കാതെ മുഴുവനും ചാച്ചനെ ഏൽപിക്കുകയായിരുന്നു പതിവ്. നാടകമില്ലാത്ത ദിവസം ഭക്ഷണത്തിന്റെയും മറ്റും ചെലവ് ലാഭിക്കാമല്ലോ എന്നു കരുതി പാമ്പാക്കുടക്ക് വണ്ടി കയറും. കെ.പി.എ.സിയിലെ നടിമാർ എല്ലാവരും കൂടി ഒരുമിച്ച് ഷോപ്പിങ് നടത്താനിറങ്ങുമ്പോൾ കൂട്ടത്തിൽ ചേരുമെങ്കിലും ലീല ഒന്നും വാങ്ങിക്കാതെ മാറിനിൽക്കുകയാണ് ചെയ്യാറ്.ചാച്ചന് സ്വന്തമായി ചെറിയൊരു തുണിക്കടയും തയ്യൽക്കടയുമുണ്ടായിരുന്നതുകൊണ്ട് അവിടെനിന്ന് ആവശ്യമുള്ള സാരിയും മറ്റും വാങ്ങിക്കും. ചാച്ചന്റെ സെലക്ഷൻ ഒക്കെ നല്ലതായതുകൊണ്ട് ലീല ഉടുക്കുന്ന സാരിയായിരിക്കും പലപ്പോഴും മറ്റുള്ളവരുടേതിനേക്കാൾ ആകർഷകമായത്.
കെ.പി.എ.സിയിൽ ലീലയോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന പോറ്റി സാറും ഖാനും എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു.‘‘ഒരു നാടകത്തിന് കിട്ടുന്നതിൽനിന്ന് അഞ്ചുരൂപയെങ്കിലും സ്വന്തമായി മാറ്റിവെക്കണം.’’
പോറ്റി സാർ നിർബന്ധിച്ച് ഒരു എൽ.ഐ.സി പോളിസി എടുപ്പിക്കുകയും ചെയ്തു. അതറിഞ്ഞപ്പോൾ ചാച്ചൻ ചോദിച്ചത്, നാടകമില്ലാത്തപ്പോൾ തവണ അടക്കുന്ന കാര്യത്തിൽ എന്തുചെയ്യും എന്നായിരുന്നു. ലീല പിന്നീട് പ്രീമിയം അടച്ചില്ല. വീട്ടിലെ കാര്യങ്ങളൊക്കെ നന്നായി മുന്നോട്ടുപോകുന്നതിലും ഇളയ സഹോദരങ്ങളുടെ പഠനമുൾപ്പെടെയുള്ള കാര്യങ്ങൾ ഒരു ബുദ്ധിമുട്ടും കൂടാതെ നടന്നുപോകുന്നതിലും തന്നെക്കൊണ്ടാവുന്നത് ചെയ്യാൻ കഴിയുന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു ലീലക്ക്. ഒരു സഹോദരൻ റൂർക്കേലയിലെ എൻജിനീയറിങ് കോളജിൽ പഠിക്കുകയായിരുന്നു. അനുജത്തിമാരിൽ ഒരാൾ നഴ്സിങ് പാസായി. മറ്റൊരാൾ കോളജിൽ. പിന്നീട് അവരൊക്കെ ഭേദപ്പെട്ട സാമ്പത്തികാവസ്ഥയിലായി.
വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ഡേവിഡ് ഗൾഫിൽ പോകാനായി ശ്രമം തുടങ്ങി. ലീലക്കും മക്കൾക്കും നാട്ടിൽ കഴിയാൻ വേണ്ടി ഒരു ചെറിയ വീട് വെക്കണമെന്നുള്ളത് അത്യാവശ്യമായി. പണ്ട് നാടകത്തിൽനിന്നു കിട്ടിയ വരുമാനവുമെല്ലാം കൂടി സ്വരൂപിച്ച് പാമ്പാക്കുട വീടിന്റെ സമീപത്തായി ചാച്ചൻ ഒരു സ്ഥലം വാങ്ങിയത് ഓർമവന്നു. അക്കാര്യം സംസാരിക്കാൻ വീട്ടിൽ ചെന്നപ്പോഴാണ് ആ സമ്പാദ്യങ്ങളിലൊന്നും തനിക്കൊരവകാശവുമില്ലെന്ന കാര്യം ലീല ഞെട്ടലോടെ തിരിച്ചറിയുന്നത്.
രണ്ടു കൊച്ചു മക്കളുമായി അപ്പോൾ തന്നെ വീടിന്റെ പടിയിറങ്ങി വീടിന്റെ കുറച്ചു താഴെയുള്ള ബസ് സ്റ്റോപ്പിൽ വന്നുനിൽക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ കഴിയുന്ന സഹോദരങ്ങളുടെ മക്കൾക്ക് ലീലയുടെ മക്കളെക്കാൾ ആ വീട്ടിൽ പ്രാധാന്യം കിട്ടിയിരുന്നു. ഇതും ലീലയെ വേദനിപ്പിച്ചു. ഗൾഫിലേക്ക് വിസ കിട്ടാൻ സഹായിച്ച ഡേവിഡിന്റെ മൂത്ത സഹോദരിയും ഭർത്താവും പറഞ്ഞതനുസരിച്ച് കൊല്ലത്തേക്ക് താമസം മാറി. അവിടെ ടൗൺ അതിർത്തിയിലും ഓയിലും തങ്കശേരിയിലുമൊക്കെ മാറി മാറി വാടകക്ക് താമസിച്ചു കുട്ടികളെ തങ്കശേരിയിലെ കോൺെവന്റിൽ ചേർത്തു. അബൂദബിയിൽ ഒരു സ്റ്റോർ കീപ്പർ ആയി ജോലി ചെയ്ത ഡേവിഡിന്റെ വരുമാനംകൊണ്ട് ജീവിതം പതിയെ പച്ചപിടിച്ചു. അതിനിടയിലാണ് ലീല വീണ്ടും നാടകത്തിലഭിനയിച്ചത്.
പിന്നീട് കടപ്പാക്കട പ്രതിഭാ ജങ്ഷനു സമീപം ഒരു വീടും വെച്ചു. ഡേവിഡ് ഗൾഫിൽനിന്നു മടങ്ങിവന്നശേഷം കുറെ നാൾ അസുഖബാധിതനായി കിടക്കുകയായിരുന്നു. 2017 ലാണ് മരിച്ചത്.
ലീലയുടെ മൂന്നുമക്കളും കലാവാസനയിൽ അച്ഛനമ്മമാരുടെ പാരമ്പര്യം പിന്തുടരുന്നവരാണ്. മൂത്തയാളായ ഷെല്ലി നല്ലതുപോലെ അഭിനയിക്കുകയും പാടുകയും ചെയ്യും. ഡാൻസ് ചെയ്യാനും താൽപര്യമുണ്ടായിരുന്നു. ഡേവിഡിനെപ്പോലെ വയലിനും ഓർഗനും വായിക്കാനും കഴിവുണ്ട്. വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കലയുടെ വഴിയേ പോയാൽ മതിയെന്നായിരുന്നു കുട്ടിക്കാലത്ത് മക്കളോട് പറഞ്ഞത്. മൂന്നുപേരും ഗൾഫിൽ ജോലി കിട്ടിപ്പോയതുകൊണ്ട് കല ഉപജീവനമാർഗമാക്കിയില്ല.
2017 ലാണ് ഡേവിഡ് വിടപറയുന്നത്. അന്നു സ്കൂൾ വിദ്യാർഥിനിയായിരുന്ന കൊച്ചുമകളുടെ കാര്യങ്ങളും നോക്കി സ്വസ്ഥമായി കഴിയുമ്പോഴാണ് അഭിനയം വീണ്ടും ലീലയെ തേടിയെത്തുന്നത്.
പത്ത്
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം കെ.പി.എ.സി ലളിതയുടെ ഒരു ഫോൺ വന്നു. ലളിതയുടെ സിനിമാഭിനയത്തിന്റെ അമ്പതാം വർഷം ഒരു ചാനൽ ആഘോഷിക്കുന്നു. തൃശൂരിൽവെച്ചാണ് ചടങ്ങ്. നാടകരംഗത്തെ പഴയ സഹപ്രവർത്തകരെ പ്രതിനിധാനംചെയ്ത് ലീല അതിൽ പങ്കെടുക്കണം. ഒഴിഞ്ഞുമാറരുത്.
അത്രയും നാൾ പൊതുചടങ്ങുകളിൽനിന്നൊക്കെ ഒഴിഞ്ഞുനിൽക്കുകയായിരുന്ന ലീലക്ക് ആദ്യം തോന്നിയത് പങ്കെടുക്കണ്ട എന്നായിരുന്നു. സുഖമില്ലാതെ കിടക്കുന്ന ഡേവിഡിനെ തനിച്ചാക്കി പോകാനുള്ള മടികൊണ്ടായിരുന്നു അത്. അപ്പോൾ ഭർത്താവാണ് നിർബന്ധിച്ചത്.
ആ ചടങ്ങിൽ ശാരദയും ഒരു അതിഥിയായിരുന്നു. ‘തുലാഭാര’ത്തിൽ തനിക്ക് ഉർവശി അവാർഡ് നേടിത്തന്ന വേഷം നാടകത്തിൽ അനശ്വരയാക്കിയ നടിയോട് അവർ ആദ്യമായി നേരിട്ട് സംസാരിക്കുന്നത് അപ്പോഴാണ്.
അനുമോദനങ്ങൾക്ക് മറുപടി പറയുമ്പോൾ ലളിത സദസ്സിനോട് പറഞ്ഞു: ‘‘വാസ്തവത്തിൽ ഞാനല്ല ഈ സ്ഥാനത്ത് ഇങ്ങനെ നിൽക്കേണ്ടത്. ഈ ഇരിക്കുന്ന ലീലയാണ്. നാടകത്തിൽ അഭിനയിക്കുമ്പോൾ ലീലയായിരുന്നു നായിക.’’ അതുകേട്ടപ്പോൾ ലീലയുടെ മനസ്സു നിറഞ്ഞു. എന്നാൽ, അടുത്തൊരു ദിവസം ഉണ്ടായത് മറിച്ചൊരനുഭവമാണ്. ആ ചടങ്ങിൽ പങ്കെടുത്തപ്പോൾ തൊട്ട് മനസ്സിൽ മൊട്ടിട്ട ഒരാഗ്രഹം ലളിതയുമായി പങ്കുവെച്ചപ്പോഴായിരുന്നു അത്. ‘‘എനിക്ക് ഒരു സിനിമയിൽ നല്ലൊരു വേഷം ചെയ്‌താൽ കൊള്ളാമെന്ന് ഒരാഗ്രഹമുണ്ട്’’ പൊട്ടിച്ചിരിയോടെ പരിഹാസരൂപത്തിൽ ലളിത മറുപടി പറഞ്ഞു. ‘‘പിന്നേ ഇനിയീ വയസ്സുകാലത്തല്ലേ സിനിമാഭിനയം! അവളുടെ ഒരാഗ്രഹം!’’ ലീലയുടെ മനസ്സ് അതുകേട്ട് വല്ലാതെ നൊന്തു. എന്നാൽ, കുറച്ചുനാൾ കഴിഞ്ഞപ്പോൾ മറ്റൊരു ഫോൺ വിളി ലീലയെ തേടിയെത്തി. സംവിധായകൻ ജയരാജന്റേതായിരുന്നു അത്. ലളിതയെ ആദരിക്കുന്ന ചടങ്ങിൽവെച്ചാണ് ജയരാജ് ലീലയെ ആദ്യമായി കാണുന്നത്. ജയരാജ് അടുത്തുതന്നെ എടുക്കുന്ന ഒരു സിനിമയിൽ പ്രധാനവേഷം ചെയ്യണം. ലീല ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല അത്.
കോട്ടയത്തായിരുന്നു പടത്തിന്റെ ചിത്രീകരണം. 2018ൽ കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ വയസ്സായ ദമ്പതികളുടെ കഥ പറയുന്ന ചിത്രത്തിന്റെ പേര് ‘രൗദ്രം 2018’ എന്നായിരുന്നു. ആർത്തലച്ചുവരുന്ന പ്രളയത്തിന്റെ നടുവിൽ ഒറ്റപ്പെട്ടുപോയ വീട്ടിൽ മാനസികപ്രശ്നമുള്ള ഭർത്താവിനെയും കൊണ്ട് അകപ്പെട്ടുപോയ ഭാര്യ ആരുടെയും സഹായം കിട്ടാതെ ഒടുവിൽ ദുരന്തത്തിന് കീഴ്പ്പെടുകയാണ്. രഞ്ജി പണിക്കർ ആയിരുന്നു ഭർത്താവിന്റെ വേഷത്തിൽ. വർഷങ്ങൾക്കു ശേഷം കാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന്റെ ഭയാശങ്കകൾ ആദ്യമൊക്കെ ഉണ്ടായിരുന്നെങ്കിലും വളരെ വേഗംതന്നെ ലീല കഥാപാത്രത്തിന്റെ ആത്മാവ് ഉൾക്കൊണ്ടു. സംവിധായകനും സാങ്കേതിക വിദഗ്ധരും ഒപ്പം അഭിനയിച്ചവരുമൊക്കെ അതിശയത്തോടെ ആ മഹാനടിയുടെ മടങ്ങിവരവ് കണ്ടുനിന്നു. ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയും ലീലയുടെ അഭിനയമികവിനെ അംഗീകരിച്ചുകൊണ്ട് പ്രത്യേകം പരാമർശം നടത്തി. എങ്കിലും ചിത്രം തിയറ്ററിൽ എത്താത്തതുകൊണ്ട് ചിത്രം കണ്ടവരുടെ എണ്ണം വളരെ കുറവായിരുന്നു.
ജയരാജ് തന്നെ സംവിധാനം ചെയ്ത ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രമായിരുന്നു അടുത്തത്. എം.ടി. വാസുദേവൻ നായരുടെ കഥകളെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ചിത്രങ്ങളുടെ പരമ്പരയിൽപെട്ടതായിരുന്നു അത്. നെടുമുടി വേണു അവതരിപ്പിച്ച മുഖ്യകഥാപാത്രമായ മാസ്റ്ററുടെ സഹോദരിയുടെ വേഷത്തിലായിരുന്നു അത്. ഒരുപാടൊന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും ലീലയുടെ മനസ്സിന് തൃപ്തി നൽകിയ വേഷമായിരുന്നു അത്.
ഹരികുമാറിന്റെ ‘ജ്വാലാമുഖി’, ജയരാജിന്റെതന്നെ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ തുടങ്ങി നാലഞ്ച് ചിത്രങ്ങൾ കൂടി പിന്നീട് ചെയ്തു. അതിൽ കെ.എസ്.എഫ്.ടി.സിയുടെ പ്രത്യേക പദ്ധതിയുടെ കീഴിൽ മിനി എന്ന സംവിധായിക ഒരുക്കിയ ‘ഡൈവോഴ്സ്’ എന്ന ചിത്രത്തിലെ വേഷം വേറിട്ടുനിന്നു. പത്തമ്പത് വർഷങ്ങൾ നീണ്ടുനിന്ന ഒരു ദാമ്പത്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാഗ്രഹിക്കുന്ന കുലീനയായ ഒരു ഗൃഹനായികയുടെ സവിശേഷതയുള്ള റോളിൽ ലീല സൂക്ഷ്മാഭിനയത്തിന്റെ മറ്റൊരു മുഖം കാണിച്ചുതന്നു.
ഏറ്റവുമൊടുവിൽ പുറത്തുവന്ന പൂക്കാലം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലീലയുടെ അഭിനയ ജീവിതത്തെ സംബന്ധിച്ചിടത്തോളവും അന്വർഥമായി. വിജയരാഘവനും ലീലയും വേഷമിട്ട തൊണ്ണൂറ് വയസ്സ് പിന്നിട്ട ദമ്പതികൾ, അവരുടെ ഉള്ളിൽ എന്നും ജ്വലിച്ചുനിൽക്കുന്ന അനുരാഗം, ഒരു ദിവസം അയാൾക്ക് അവരുടെ പേരിലുണ്ടാകുന്ന തെറ്റിദ്ധാരണയും തുടർന്ന് വിവാഹമോചനത്തിലേക്ക് വളരുന്ന പ്രശ്നസങ്കീർണതകളും, ആ സ്ത്രീ കടന്നുപോകുന്ന വൈകാരിക പിരിമുറുക്കങ്ങളും ആന്തരിക സംഘർഷങ്ങളും. ലീല ഏറെ ആസ്വദിച്ചാണ് ആ വേഷം ചെയ്തത്.
പടത്തിന്റെ ചിത്രീകരണം ആരംഭിച്ചപ്പോൾ മുതൽ സംവിധായകനും മറ്റു സാങ്കേതിക പ്രവർത്തകരുമൊക്കെ അതിശയാദരങ്ങളോടെയാണ് ലീലയുടെ പ്രകടനം കണ്ടുനിന്നത്. ചില ടേക്കുകൾ കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റുനിന്ന് കൈയടിക്കുന്ന അനുഭവങ്ങളുണ്ടായി. സിനിമയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിജയരാഘവനും ഒരുപാട് പിന്തുണ നൽകി. അങ്ങനെ വർഷങ്ങൾ അഭിനയത്തിൽനിന്നു വിട്ടുനിന്നതിനു ശേഷമുള്ള മടങ്ങിവരവ് പാഴായിപ്പോയില്ല എന്ന തിരിച്ചറിവ് നടന ലീലക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
ഈയടുത്ത കാലത്ത് ലീല അഭിനയരംഗത്ത് ശ്രദ്ധേയയായി തുടങ്ങിയ സമീപനാളുകളിൽ, സമൂഹ മാധ്യമത്തിലെവിടെയോ ഒരു കമന്റ് വായിക്കാനിടയായി. മറ്റാരെയൊക്കെയോ അനുകരിച്ച്, സ്വന്തം പേരിന്റെ മുന്നിൽ കെ.പി.എ.സി എന്നു വെക്കുന്നതിനെ കുറിച്ചായിരുന്നു അത്. മലയാള നാടകവേദി ഉച്ചസ്ഥായിയിലെത്തിയ തൊള്ളായിരത്തി അറുപതുകളിൽ, അരങ്ങു നിറഞ്ഞാടിയ അഭിനയപർവത്തിന് ചരിത്രം ചാർത്തിക്കൊടുത്ത സുവർണമുദ്രയാണ് കെ.പി.എ.സി ലീലയെന്ന പേര്. ഒരുപേക്ഷ, സുലോചന എന്ന അതുല്യ കലാകാരിക്കു ശേഷം, പ്രിയപ്പെട്ട നാടകപ്രസ്ഥാനത്തിന്റെ പേര് സ്വന്തം പേരിനോട് ചേർത്തുപിടിക്കാൻ മറ്റാരേക്കാളും അർഹതയുള്ള നടി. ഇതാണ് പുതുതലമുറ പ്രേക്ഷകന്റെ ഇതു സംബന്ധിച്ച സംശയത്തിനുള്ള മറുപടി.
പ്ലാങ്കുടിയിൽ കുര്യാക്കോസ് ലീല എന്ന പി.കെ. ലീല, ആദ്യം പാമ്പാക്കുട ലീലയും പിന്നീട് കെ.പി.എ.സി ലീലയുമായി മാറി, മലയാളത്തിന്റെ അരങ്ങു പിടിച്ചടക്കിയ കഥ മാത്രമേ ഇവിടെ പൂർണമാകുന്നുള്ളൂ. കൊല്ലത്തെ കടപ്പാക്കടക്ക് അടുത്തുള്ള പ്രതിഭാ ജങ്ഷനിൽ ഭാവനാ നഗറിലെ ലീലാഭവൻ എന്ന വീട്ടിൽ, സിനിമാഭിനയത്തിന്റെ വൈവിധ്യതയാർന്ന രംഗഭൂമികയിൽനിന്നുള്ള വെല്ലുവിളികൾ ഏറ്റെടുക്കാനായി കാത്തിരിക്കുകയാണ്, ഇപ്പോൾ കെ.പി.എ.സി ലീല.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.