എയ്ഞ്ചൽ എന്നാൽ മാലാഖ. ദൈവത്തിന് ഏറ്റവും അടുപ്പമുള്ളവർ. മനുഷ്യരേക്കാൾ മഹത്ത്വമുള്ളവർ. ദൈവിക സിദ്ധിയുള്ളവർ. ‘ജ്വാലാമുഖി’യിലെ എയ്ഞ്ചലും സാധാരണ മനുഷ്യരേക്കാൾ മഹത്ത്വമുള്ളവളാണ്. ചുടലയൊരുക്കലാണ് അവളുടെ ജോലി. സാധാരണ സ്ത്രീകൾ ചെയ്യാൻ ധൈര്യപ്പെടാത്ത ഈ ജോലി സാഹസികതകൊണ്ട് അവൾ ഏറ്റെടുത്തതല്ല. കുടിച്ചു കുടിച്ച് മരിച്ചുപോയ അപ്പന്റെ തോളിൽനിന്ന് അന്നമാഗ്രഹിച്ച് ഗതികേടുകൊണ്ട് തോളിലേറ്റിയതാണ്. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലുള്ള ശ്മശാനത്തിൽ സെലീന എന്ന ശ്മശാന ജോലിക്കാരിയുണ്ട്. കേരളത്തിൽതന്നെ ഇത്തരം ജോലിചെയ്യുന്നവർ അപൂർവമാണ്. പ്രശസ്ത ചലച്ചിത്രസംവിധായകൻ ഹരികുമാറിന്റെ മകൾ ഗീതാഞ്ജലി ഒരു...
എയ്ഞ്ചൽ എന്നാൽ മാലാഖ. ദൈവത്തിന് ഏറ്റവും അടുപ്പമുള്ളവർ. മനുഷ്യരേക്കാൾ മഹത്ത്വമുള്ളവർ. ദൈവിക സിദ്ധിയുള്ളവർ.
‘ജ്വാലാമുഖി’യിലെ എയ്ഞ്ചലും സാധാരണ മനുഷ്യരേക്കാൾ മഹത്ത്വമുള്ളവളാണ്. ചുടലയൊരുക്കലാണ് അവളുടെ ജോലി. സാധാരണ സ്ത്രീകൾ ചെയ്യാൻ ധൈര്യപ്പെടാത്ത ഈ ജോലി സാഹസികതകൊണ്ട് അവൾ ഏറ്റെടുത്തതല്ല. കുടിച്ചു കുടിച്ച് മരിച്ചുപോയ അപ്പന്റെ തോളിൽനിന്ന് അന്നമാഗ്രഹിച്ച് ഗതികേടുകൊണ്ട് തോളിലേറ്റിയതാണ്.
എറണാകുളം ജില്ലയിലെ തൃക്കാക്കരയിലുള്ള ശ്മശാനത്തിൽ സെലീന എന്ന ശ്മശാന ജോലിക്കാരിയുണ്ട്. കേരളത്തിൽതന്നെ ഇത്തരം ജോലിചെയ്യുന്നവർ അപൂർവമാണ്. പ്രശസ്ത ചലച്ചിത്രസംവിധായകൻ ഹരികുമാറിന്റെ മകൾ ഗീതാഞ്ജലി ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി അവരുടെ അടുത്തെത്തുന്നു. സെലീനയുടെ ജീവിതം ഡോക്യുമെന്ററിയിൽ ഒതുക്കാതെ ഗീതാഞ്ജലി അതൊരു ഫീച്ചർ ഫിലിമാക്കി എഴുതിയതാണ് ‘ജ്വാലാമുഖി’യിലെ കഥ. തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് സംവിധായകനായ ഹരികുമാറും കവി പി.എൻ. ഗോപീകൃഷ്ണനും ചേർന്നാണ്.
സെലീനയെന്ന ശ്മശാന ജോലിക്കാരിയാണ് സിനിമയിലെ എയ്ഞ്ചൽ. സെലീനയുടെ ജീവിതം അതേപടി പകർത്തിയെഴുതുകയല്ല, വേറിട്ട ഒരു പെൺജീവിതാനുഭവത്തിന്റെ സാധ്യതകളെ കഥാസ്വരൂപത്തിലേക്ക് പരിവർത്തനംചെയ്യാനാണ് കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത്.
ചിതയിലെ തീ ശരീരം ദഹിച്ചുകഴിഞ്ഞാൽ അണയുന്നു. എന്നാൽ, ഒരിക്കലും കത്തിത്തീരാതെ എരിഞ്ഞുകൊണ്ടിരിക്കുന്ന ചിതപോലെയുള്ള ജീവിതാനുഭവങ്ങളുമായി ജീവിക്കുന്ന ചിലരുണ്ട്. കൂടുതലും അടിസ്ഥാന വർഗത്തിൽപെടുന്ന പെണ്ണുങ്ങൾ. ഹിമാചൽപ്രദേശിൽ ഒരിക്കലും കെടാതെ തീ ആളിക്കൊണ്ടിരിക്കുന്ന ഒരു ക്ഷേത്ര പരിസരമുണ്ട്. ജ്വാലാമുഖി എന്നാണ് അവിടം അറിയപ്പെടുന്നത്. ദക്ഷയാഗത്തിൽനിന്നിറങ്ങിപ്പോയ പരമശിവനെ ഓർത്ത് പരിതപിച്ച് ചിതകൂട്ടി ജീവൻ വെടിഞ്ഞ് സതിയായിത്തീർന്നവളായിരുന്നു പാർവതി. ജ്വാലാമുഖി സതി ചിത കൂട്ടിയ സ്ഥലമാണത്രേ.
സിനിമക്കകത്ത് എയ്ഞ്ചലിനെക്കുറിച്ചൊരു ഡോക്യുമെന്ററി ചിത്രീകരണമുണ്ട്. എയ്ഞ്ചൽ, അമ്മയായ അന്നംകുട്ടി, എയ്ഞ്ചലിന്റെ മക്കളിൽ മൂത്തവളായ ടീന എന്നിവരാണ് തങ്ങളുടെ കഥ പറയുന്നത്. ക്രിസ്ത്യാനിയായി ജനിച്ച് മുസ്‍ലിമിന്റെ കൂടെ ജീവിച്ച് ഹൈന്ദവ ശ്മശാനത്തിൽ ചുടലയൊരുക്കലുകാരിയായി മാറിയ എയ്ഞ്ചലും സാമാന്യം തരക്കേടില്ലാത്ത ഒരു കുടുംബത്തിൽ ജനിച്ച് ചുടലയൊരുക്കലുകാരന്റെ ഭാര്യയായിത്തീർന്ന അന്നംകുട്ടിയും വിധിയെ മാത്രമാണ് പഴിക്കുന്നത്. കടുത്ത ദാരിദ്ര്യത്തിൽ അവർക്കൊന്നും ഒളിച്ചുവെക്കാനില്ല. എന്നാൽ, മൂന്നാം തലമുറയിൽപെട്ട ടീന തന്റെ പാരമ്പര്യത്തെയാണ് പഴിക്കുന്നത്. അവൾക്കതുകൊണ്ട് വീട്ടുകാരിൽനിന്ന് പലതും മറച്ചുവെക്കാനുമുണ്ട്.
ജ്വാലാമുഖി എന്ന നാലാം സെ ഗ്മെന്റിലേക്ക് സിനിമ അങ്ങനെയാണ് പ്രവേശിക്കുന്നത്. അത് അത്യന്തം ഹൃദയഭേദകമാണ്. കുടുംബഭാരം തലയിലേറ്റുന്ന മിക്ക സ്ത്രീകളും ചെയ്യാത്ത ജോലികളില്ല. പുരുഷൻ ചെയ്യുന്നതുപോലെ അത്യധികമായ കായികാധ്വാനം ആവശ്യമുള്ള ചുരുക്കം ചില രംഗങ്ങളിൽനിന്ന് മാത്രമാണ് സ്ത്രീകൾ വിട്ടുനിൽക്കാറ്. ടാക്സിഡ്രൈവർമാരായും കച്ചവടക്കാരായും കാവൽജോലിക്കാരായും സ്ത്രീകളെ കാണാറുണ്ട്. ചുടലയൊരുക്കലിൽ കായികാധ്വാനമല്ല, ഉൾക്കരുത്താണ് പ്രധാനം. ഒരു പുരുഷൻ ചെയ്താൽ വലിയ പ്രാധാന്യം കിട്ടാത്ത ഈ ജോലി സ്ത്രീ ചെയ്യുമ്പോൾ കാണുന്നവർക്ക് അത്ഭുതംകൂറാനുള്ള ഒന്നായി മാറുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. മറ്റൊന്ന് ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പണിയെടുക്കേണ്ടി വരും. ശാരീരികാധ്വാനത്തിന്റെ ഭാരത്തേക്കാൾ തങ്ങളുടെ ശരീരം കാംക്ഷിച്ചെത്തുന്ന കുറുക്കന്മാരെയാണ് അവർ പേടിക്കേണ്ടത്. ഏത് രംഗത്തും ഏത് കാലത്തും ഒരു മാറ്റവും വരാതെ നിലനിൽക്കുന്ന സത്യം. എയ്ഞ്ചലിന്റെ ജീവിതം ഈ സത്യങ്ങളോടുള്ള പടവെട്ടലാണ്. കൗമാരപ്രായത്തിൽ അച്ഛനെ സഹായിക്കാനായി ചുടലപ്പറമ്പിലെത്തി ആ ജോലി ഏറ്റെടുക്കേണ്ടി വന്നവളാണവൾ. രണ്ടു കുഞ്ഞുങ്ങളായപ്പോൾ പിരിഞ്ഞുപോയ ഭർത്താവും കിടപ്പുരോഗിയായ സ്വന്തം അമ്മയും ഒരു സാമ്പത്തിക ഭദ്രതയുമില്ലാത്ത ചുടലപ്പറമ്പിലെ ജോലിയും, ഒരിക്കലും വാടക കുടിശ്ശിക തീരാത്ത വീടും ഒന്നുമല്ല അവളെ പേടിപ്പിക്കുന്നത്. ഇപ്പോൾ കൗമാരപ്രായത്തിൽ എത്തിയ രണ്ടു പെൺകുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭീതിയാണ്. ഒരു തള്ളക്കോഴിയുടെ കരുതലോടെ കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കാൻ അവൾ പ്രയത്നിക്കുന്നു. പരുന്തുകളും കുറുക്കന്മാരും വട്ടമിട്ട് നടക്കുമ്പോൾ ഒരുപാട് തവണ അവൾ മക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിനിമ ഒരു സങ്കടക്കടലായി മാറുന്നത് ഇവിടെയാണ്.
അച്ഛന്റെ സ്വത്തായി കിട്ടിയ, താൻ പിറന്നുവീണ നാലു സെന്റ് ഭൂമിയിൽ ഒരു വീട് വെക്കുക എന്ന സ്വപ്നവുമായി വില്ലേജ് ഓഫിസിലും മുനിസിപ്പാലിറ്റിയിലും കയറിയിറങ്ങുന്ന എയ്ഞ്ചൽ അവിടെ കാണുന്ന കാഴ്ചകൾ സർക്കാർ ലാവണങ്ങളുടെ സ്ഥിരം കെടുകാര്യസ്ഥതകളുടേതാണ്. ഒരിക്കൽപോലും മാറാൻ കൂട്ടാക്കാത്ത, അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങുന്ന ഒരു സാധാരണക്കാരന്റെ പ്രതിനിധിയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രം. നിത്യജീവിതത്തിൽ നമ്മൾ എന്നും കണ്ടുകൊണ്ടിരിക്കുന്ന, ഉദ്യോഗസ്ഥർക്ക് ഭരിക്കാൻ മാത്രമുള്ള ഒരു നാടാണ് നമ്മുടേതെന്ന യാഥാർഥ്യം അസ്വാഭാവികതയില്ലാതെ നാം ഉൾക്കൊണ്ടിരിക്കുന്നു. ഒരു ചൂണ്ടുവിരലിന്റെ പ്രതിഷേധംപോലും ഉയർന്നുവരുന്നത് പലപ്പോഴും എത്ര ഭയന്നിട്ടാണ്!
മക്കളെക്കുറിച്ച് വലിയ പ്രതീക്ഷകൾ െവച്ചുപുലർത്തുന്ന എല്ലാ മാതാപിതാക്കളെയും പോലെയാണ് എയ്ഞ്ചലും. കനത്ത ഫീസ് നൽകിയാണ് രണ്ട് പെൺകുട്ടികളെ സമ്പന്നർ പഠിക്കുന്ന വിദ്യാലയത്തിൽ അയച്ചു പഠിപ്പിക്കുന്നത്. അത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതും. തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും സമയം വൈകിപ്പോയി.
സഹായിക്കാൻ ഒരാൾപോലുമില്ലാതെ ഓരോ ദിവസവും തള്ളിനീക്കുന്ന എയ്ഞ്ചലിന് ഒരു സുഹൃത്ത് പോലുമില്ല. ചിരിക്കാൻ മറന്നുപോയ ഒരു മുഖം. ഒരു മണിക്കൂർ 50 മിനിറ്റുള്ള സിനിമയിൽ എപ്പോഴെങ്കിലും എയ്ഞ്ചൽ ചിരിച്ചോ എന്ന് സംശയമാണ്. തീരാദുഃഖം തളംകെട്ടി നിൽക്കുന്ന ഒരു ജീവിതമായി മുന്നിലേക്കെത്തുകയാണ് ഈ കഥാപാത്രം. ഏറ്റിറക്കങ്ങളില്ലാത്ത കഥാപാത്രം എന്ന രീതിയിൽ പാത്രസൃഷ്ടിക്ക് ഒരൽപം പിഴവ് വന്നിട്ടുണ്ട്. അത് അനുവാചകനിൽ വലിയ വൈക്ലബ്യം സൃഷ്ടിക്കുന്നുമുണ്ട്. സുരഭി ലക്ഷ്മി അതിമനോഹരമായാണ് ഈ കഥാപാത്രത്തെ കൈകാര്യംചെയ്തിരിക്കുന്നത്. കുടുംബഭാരം കൈകാര്യംചെയ്യുന്ന ഒരു അമ്മയുടെ റോൾ ‘മിന്നാമിനുങ്ങ്' എന്ന സിനിമയിൽ ചെയ്തതിനാണ് അവർക്ക് ദേശീയ അംഗീകാരം ലഭിച്ചത്. അതിനേക്കാൾ ഏറെ മനോഹരമായിട്ടുണ്ട് എയ്ഞ്ചൽ എന്ന കഥാപാത്രം. എന്നാൽ, ഈ കഥാപാത്രങ്ങൾ തമ്മിലുള്ള ചെറിയ സാമ്യംകൊണ്ടാകാം അവർക്ക് ഈ സിനിമയിൽ മികച്ച നടിക്കുള്ള സർക്കാർ അംഗീകാരം ലഭിക്കാതെ പോയത്. എന്നാൽ, മികച്ച അഭിനയത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി.
പത്തു ദിവസത്തോളം എയ്ഞ്ചൽ എന്ന കഥാപാത്രത്തിന് മാതൃകയായ സെലീനയുടെ കൂടെ താമസിക്കുകയും ശവം ദഹിപ്പിക്കുന്നതും മറ്റും കണ്ടു മനസ്സിലാക്കുകയും ചെ യ്തതിനു ശേഷമാണ് സുരഭി ലക്ഷ്മി എയ്ഞ്ചലായി മാറിയത്.
പച്ചമാംസം കരിയുന്ന മണം പെട്ടെന്ന് മറക്കാൻ കഴിയില്ലെന്നും ഛർദിക്കാൻ തോന്നുമെന്നും ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടെന്നും സുരഭി ചുരുങ്ങിയ ദിവസങ്ങളിലെ അനുഭവം വിവരിക്കുമ്പോൾ, യഥാർഥ കഥാപാത്രം പൊതുസമൂഹത്തിൽനിന്ന് നേരിടുന്ന അകറ്റിനിർത്തലും വിവേചനവും വിവരണാതീതമാണ്.
സംസ്കാര ചടങ്ങിന് ഈടാക്കുന്ന ഫീസ് 1500 രൂപയാണ്. 500 രൂപ വിറകിനു ചെലവാകും. 550 രൂപ മുനിസിപ്പാലിറ്റിയിൽ അടക്കണം. ബാക്കി 450 രൂപയാണ് എയ്ഞ്ചലിന് ലഭിക്കുന്ന പ്രതിഫലം. ഇത്തരമൊരു തൊഴിൽ ചെയ്യുമ്പോഴുള്ള മാനസികവും ശാരീരികവുമായ പ്രയാസങ്ങളും ഒരു കുടുംബത്തെ ഒറ്റക്ക് തോളിലേറ്റുമ്പോൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടും എത്രയെന്ന് ഊഹിക്കാൻ സാധിക്കും.
സർക്കാർ ഓഫിസിലെ ജീവനക്കാരിൽനിന്നോ മക്കൾ പഠിക്കുന്ന കോൺവെന്റ് സ്കൂളിൽനിന്നോ ശവദാഹത്തിനെത്തുന്നവരിൽനിന്നോ അനുതാപത്തിന്റെ ഒരു വാക്ക് പോലും കേൾക്കാൻ സാധിക്കാത്ത എയ്ഞ്ചലിന് ഇടക്ക് വല്ലപ്പോഴും ആശ്വാസമാകുന്നത് വാടക പിരിക്കാൻ വരുന്ന വൃദ്ധനായ വീട്ടുടമയുടെ അനുകമ്പ നിറഞ്ഞ വാക്കുകൾ മാത്രമാണ്. വീട്ടുടമയായി പ്രത്യക്ഷപ്പെടുന്ന ജനാർദനൻ വളരെ കുറച്ച് സീനുകളിൽ മാത്രമേ ഉള്ളൂ. മറ്റൊരാൾ അവളെ സമീപിക്കുന്ന പത്രപ്രവർത്തകയാണ്. നിസ്സഹായയായ ഒരു സ്ത്രീയുടെ ജീവിതത്തിൽ അധികാര ശക്തികൾ എപ്രകാരമൊക്കെ കടന്നുകയറുമെന്നും, നിസ്സംഗത പാലിക്കുമെന്നും ഈ സിനിമയിലെ രണ്ടു മൂന്നു രംഗങ്ങൾ സാക്ഷ്യംവഹിക്കുന്നുണ്ട്. അനാഥ ശവങ്ങളെ സൗജന്യമായി ദഹിപ്പിക്കാൻ ആവശ്യപ്പെടുന്ന പൊലീസുകാർതന്നെ ഒരു പരാതിയുമായി എയ്ഞ്ചൽ സ്റ്റേഷനിൽ ചെല്ലുമ്പോൾ എത്ര ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത്! സ്നേഹത്തിന്റെ കാവൽഭടന്മാരായി പൊതുവെ കരുതിപ്പോരുന്ന പാതിരിയുടെ അധികാരത്തിന്റെ സ്വരം എയ്ഞ്ചലിന്റെ മുറിവുകളുടെ തീവ്രത വർധിപ്പിക്കുന്നേയുള്ളൂ.
പതംപറച്ചിലുകളുമായി കിടക്കുന്ന അന്നംകുട്ടി എന്ന അമ്മ ആ കുടുംബത്തിന്റെ കഠിനമായ ജീവിതവ്യഥകളുടെ സാക്ഷ്യപത്രമാണ്. ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം സ്തീകളാണ്. വിശപ്പിന്റെ കാഠിന്യവും മകളെക്കുറിച്ചുള്ള ഉത്കണ്ഠകളും ഭരിക്കുന്ന അന്നംകുട്ടിയെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നത് കെ.പി.എ.സി ലീലയാണ്. ‘ജ്വാലാമുഖി’യിലെ ചില രംഗങ്ങൾ സത്യജിത്ത് റായിയുടെ ‘പഥേർ പാഞ്ചാലി’യിലെ ചില രംഗങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. കാമറ കൈകാര്യംചെയ്തിരിക്കുന്ന നൗഷാദ് ഷെരീഫ് അഭിനന്ദനമർഹിക്കുന്നു. ചിതയിലെ തീജ്വാലയുടെ തിളക്കംപോലെ മഞ്ഞ കളർ ടോൺ ആണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ദാരിദ്ര്യം അനുഭവിച്ചറിയാൻ കഴിയുന്നവണ്ണം പ്രകാശം വളരെ മിതമായ രീതിയിലാണ് വീടിനകത്ത് ഉപയോഗിച്ചിരിക്കുന്നത്. ഒട്ടനവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള കൃഷ്ണനുണ്ണിയാണ് ശബ്ദസന്നിവേശം നിർവഹിച്ചിരിക്കുന്നത്. വിറകടുക്കിവെക്കുന്നതും തീ കത്തുന്നതും വേഗത്തിലും പതുക്കെയുമുള്ള എയ്ഞ്ചലിന്റെ നടപ്പിന്റെ രീതിമാറ്റങ്ങളും അതിസൂക്ഷ്മമായി പ്രേക്ഷകന് അനുഭവിച്ചറിയാനാകുന്നുണ്ട്.
‘ജ്വാലാമുഖി’ പ്രമേയംകൊണ്ടും കഥാപാത്രങ്ങളുടെ സ്ക്രീൻ പ്രസൻസ് കൊണ്ടും മറക്കാനാവാത്ത നിരവധി അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ഹരികുമാറിനെ പോലെയൊരു മികച്ച സംവിധായകന്റെ കൈയൊപ്പു പതിഞ്ഞ സിനിമയെന്ന നിലയിൽ വേണ്ട രീതിയിൽ ഈ സിനിമ പ്രേക്ഷകരിലേക്കെത്താതിരിക്കുന്നത് ചലച്ചിത്രലോകത്തിന് വലിയ നഷ്ടമായിരിക്കും.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.