അതിനാൽ സാമ്പത്തിക മാത്രമാം ശ്രമങ്ങളാൽ അവശസ്ഥിതി നീക്കാമെന്നു നാമോർത്തീടുകിൽ.. -സഹോദരൻ അയ്യപ്പൻ, 'പരിവർത്തനം'കോവിഡ് മഹാമാരിയെ മറികടന്ന കേരള നാടകവേദി സാമൂഹിക ശരീരത്തിൽ ആയിരത്താണ്ടുകളായി ആഴത്തിലാണ്ടിറങ്ങിയ മഹാമാരികളെ സൂക്ഷ്മവും നൈതികവും നാടകീയവുമായി വിമർശ പ്രതിനിധാനം ചെയ്യുന്നതാണ് നാം വർത്തമാനകാലത്ത് കാണുന്നത്. മാറ്റത്തോടുള്ള ആഭിമുഖ്യം കലയുടെ പുതുനാവായി മാറുകയാണ്. പുതുനാടക കർതൃത്വങ്ങളും എഴുത്തുകാരും നടീനടന്മാരും സമൂഹത്തിലെയും സംസ്കാര രാഷ്ട്രീയ സന്ദർഭങ്ങളിലെയും നിർണായക ചരിത്ര വിഷയങ്ങളെ ധീരമായി സംബോധന...
അതിനാൽ സാമ്പത്തിക മാത്രമാം ശ്രമങ്ങളാൽ അവശസ്ഥിതി നീക്കാമെന്നു നാമോർത്തീടുകിൽ..
-സഹോദരൻ അയ്യപ്പൻ, 'പരിവർത്തനം'
കോവിഡ് മഹാമാരിയെ മറികടന്ന കേരള നാടകവേദി സാമൂഹിക ശരീരത്തിൽ ആയിരത്താണ്ടുകളായി ആഴത്തിലാണ്ടിറങ്ങിയ മഹാമാരികളെ സൂക്ഷ്മവും നൈതികവും നാടകീയവുമായി വിമർശ പ്രതിനിധാനം ചെയ്യുന്നതാണ് നാം വർത്തമാനകാലത്ത് കാണുന്നത്. മാറ്റത്തോടുള്ള ആഭിമുഖ്യം കലയുടെ പുതുനാവായി മാറുകയാണ്. പുതുനാടക കർതൃത്വങ്ങളും എഴുത്തുകാരും നടീനടന്മാരും സമൂഹത്തിലെയും സംസ്കാര രാഷ്ട്രീയ സന്ദർഭങ്ങളിലെയും നിർണായക ചരിത്ര വിഷയങ്ങളെ ധീരമായി സംബോധന ചെയ്യുകയും പ്രേക്ഷക ശ്രദ്ധയോടെ അരങ്ങിലേറ്റുകയും ചെയ്യുന്നു.
ജീവനെയും ഭാവിയെയും കരുതുന്ന യാഥാർഥ്യ ചരിത്രബോധമുള്ള കലാവിഷ്കാരങ്ങൾ കേരള പൊതുമണ്ഡലത്തിൽ സജീവമാകുകയാണ്. വർത്തമാനകാലത്ത് പലതരം പ്രതിവിപ്ലവങ്ങളും പിന്നോട്ടടികളും ഭരണഘടനാ അട്ടിമറികളും അരങ്ങേറിയ കേരളത്തെ കൈവിട്ടുപോയ ആധുനിക നൈതിക നവോത്ഥാന സംസ്കാരത്തിലേക്കു തിരികെയെത്തിക്കാനെങ്കിലും ഇത്തരം സംസ്കാര രാഷ്ട്രീയ ചലനങ്ങൾ ഇടയാക്കിയേക്കാം എന്നാണ് പ്രതീക്ഷ. നാടക പ്രയോഗ സൗന്ദര്യശാസ്ത്ര രാഷ്ട്രീയ വഴക്കങ്ങളെയും ആഴത്തിൽ മാറ്റിയെഴുതുന്നതാണീ പ്രകടനങ്ങൾ. സമഗ്രാധിപത്യ ഹിംസാ സന്ദർഭങ്ങളെയും സൂക്ഷ്മമായി നഖമാഴ്ത്തിയ ശ്രേണീകൃത അസമത്വങ്ങളെയും അപരവത്കരണങ്ങളെയും അധീശ വ്യവഹാരങ്ങളെയും ജനസമക്ഷം കലാപരമായും കാലികമായും അവതരിപ്പിക്കുന്നതിൽ രണ്ടു വർഷത്തോളം നീണ്ട പൂട്ടിക്കെട്ടിയ ഇടവേളക്കു ശേഷം യുവ നാടക പ്രവർത്തകർക്കായിരിക്കുന്നു.
നാടകീയമായ പോരാട്ടങ്ങൾ
പാലക്കാട്ടു നിന്നുമാണ് അടച്ചുപൂട്ടലിനറുതി വരുത്തി ഇടിമുഴക്കംപോലെ ഇടിനാടകമായ നോക്കൗട്ട് യുവ നാടക പ്രതിഭയായ അലിയാർ അലി സാധ്യമാക്കിയത്. ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ, ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട് എന്നിവിടങ്ങളിൽ ഉന്നത നാടക കലാപഠനങ്ങൾ നടത്തിയ യുവ നാടകകാരനാണ് പാലക്കാട്ടെ അലിയാർ അലി. പുതുവർഷത്തിലെ നാടക വസന്തത്തിനിടിമുഴക്കംപോലെ, 2022 ജനുവരി 8നാണ് നോക്കൗട്ട് പാലക്കാട് നഗരത്തിലെ വിക്റ്റോറിയ കോളജിനടുത്തുള്ള പള്ളിക്കൂടത്തിൽ നടാടേ അരങ്ങേറിയത്. കേരളത്തിനുള്ളിൽ എല്ലായിടത്തുനിന്നും നാടക കാണികൾ വണ്ടിപിടിച്ചുവന്നിരുന്നു.
പോരാട്ടനടികരായ വയോധികനായ ദാസൻ കോങ്ങാടും യുവനടൻ ഐജാസ് അഹമ്മദും അത് ലറ്റ് കായിക നാടകവേദിക്കു വേണ്ടി ചെയ്ത നാടകം സാമുവൽ ബെക്കറ്റ് നാടകമായ ക്രാപ്സ് ലാസ്റ്റ് റ്റെയിപിനെ (1958) ഉപജീവിച്ച് മനുഷ്യമനസ്സിലെ സമഗ്രാധിപത്യ കാമനകളുടെ സംഘർഷങ്ങളെ നാടകവത്കരിക്കുന്ന നിർമിതിയാണ്. ആത്മത്തെയും അപരത്തെയും ദമനാത്മകമായി കീഴ്പ്പെടുത്താനായുന്ന അദമ്യ അധീശ കാമനയാണ് ഫാഷിസം എന്ന ഫുക്കോയുടെ നിരീക്ഷണത്തെ നാടകീയമാക്കി വെളിപ്പെടുന്ന കലാരചനയാണിത്. പള്ളിക്കൂട ചുമരിൽ തെളിയിച്ചു കാട്ടുന്ന പ്രായം ചെന്ന ബോക്സർ ഓർമിക്കുന്ന ചില ഡിജിറ്റൽ ദൃശ്യങ്ങളിലൂടെ ഓരോ കായിക പ്രതിഭയുടെയും കലാപ്രതിഭയുടെയും മനസ്സിലെ ആന്തര സംഘർഷങ്ങളെ ദൃശ്യമൂർത്തമാക്കി നാടകീയവത്കരിക്കുകയാണീ നാടകം. അധികാരഘടനകളുടെ ലോകത്തു ജീവിക്കുന്ന ഓരോ വ്യക്തിക്കും ബാധകമായ ചിത്രണവും പോരാട്ടവുമാണിത്. ആന്തരാധിനിവേശത്തോടുള്ള അടങ്ങാത്ത, കീഴടങ്ങാത്ത ആന്തരികപ്പോരാട്ടമായും ഇതിനെ കാണാം.
ഭൗതികവും ദൃശ്യമൂർത്തവുമായ ഫിസിക്കൽ തിയറ്ററും അസംബന്ധാവർത്തനങ്ങളുടെ അതികായികമായ അനവരത അബ്സേഡിസ്റ്റ് നാടകീയവത്കരണവും അംബേദ്കർ സർവകലാശാലയിലെ നാടകവിഭാഗം ഡീനായ കേരളീയനായ പ്രഫസർ ദീപൻ ശിവരാമൻ തെന്റ എഫ്.ബി പ്രമോയിൽ പറഞ്ഞ പോലെ കാലത്തെയും രാഷ്ട്രത്തെയും സാമൂഹികാവസ്ഥകളെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.
പാലക്കാട്ടെ കായിക നാടകവേദി അരങ്ങേറ്റിയ ഈ സാഹസിക കായിക നാടകം ഇന്ത്യയിലെതന്നെ ബോക്സിങ് ആധാരമാക്കുന്ന സ്പോർട്സ് തിയറ്ററിലെ അഭൂതപൂർവമായ സാക്ഷാത്കാരമാകുന്നു. ദാസൻ കോങ്ങാട് എന്ന മുതിർന്ന നടനെയും സെറ്റും ദൃശ്യ സംവിധാനവും നിർവഹിച്ച യുവ നാടക സംവിധായകനായ സജിത് കെ.വി. ചെറുമകനേയും ഡിജിറ്റൽ കലാവിഷ്കാരം സാധ്യമാക്കിയ മിഥുൻ മോഹനെയും അലിയാർ അലിയെന്ന പുത്തൻ നാടകകലയുടെ മുത്തുരത്നത്തോടൊപ്പം നാമറിഞ്ഞ് അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കേരള സംസ്കാര ആധാരങ്ങളിലേക്കും ചരിത്ര മർമങ്ങളിലേക്കും അലിയാറിനെപോലുള്ള യുവ കലാകർതൃത്വങ്ങളുടെ ശ്രദ്ധയുണ്ടാകട്ടെ എന്നാശിക്കാം.
നാട്ടകങ്ങളും വീട്ടകങ്ങളും നിലവിളികളും
കുഴിക്കാട്ടുശേരി ഗ്രാമിക കലാവേദി കൊടുങ്ങല്ലൂരും വേലൂരും 2022 മാർച്ച് 12നും 13നുമായി അവതരിപ്പിച്ച നിലവിളികൾ, മർമരങ്ങൾ, ആക്രോശങ്ങൾ എന്ന നാടകം ബർഗ്മാൻ സിനിമയുടെ കേരള സന്ദർഭത്തിലുള്ള ഒരു സംസ്കാരാന്തരമായ ട്രാൻസ് കൾച്ചറൽ ഉപജീവനമാണ്. ചരിത്രമെന്ന അധീശമായ ഹിസ് സ്റ്റോറിയിൽനിന്നും മായിക്കപ്പെടുന്ന വരേണ്യവും കുലീനവുമായ ആണത്ത ഹിംസയുടെ ഇരകളുടെ നിലവിളികൾ രേഖപ്പെടുത്തിയ സ്വീഡിഷ് സിനിമയെ കേരള പൗരോഹിത്യ ആൺകോയ്മയുടെ ക്രൈസ്തവ ചരിത്ര സഹസംബന്ധ വർത്തമാനങ്ങളുമായി ഇഴചേർത്തവതരിപ്പിച്ച കെ.എസ്. പ്രതാപെന്റ രചനയും സംവിധാനവും ഏറെ വർത്തമാന മൂർത്തവും പ്രസക്തവുമാകുന്നതായി കാണികളും നിരീക്ഷകരും വിലയിരുത്തുന്നു.
പ്രാതിനിധ്യ രാഷ്ട്രീയമായ ജനായത്തത്തെയും അതിനാധാരമായ സാഹോദര്യ സമഭാവനയുടെ മാനവിക സംസ്കാരത്തെയും വിഭജന ഭരണ കൗടില്യതന്ത്രങ്ങളിലൂടെ നിരന്തരം തുരങ്കംവെക്കുന്ന, സാമൂഹികനീതിയുടെ കരാറായ ഭരണഘടനക്കോട്ടയിടുന്ന സങ്കുചിത സാമ്പത്തിക വാദങ്ങളുടെ വിളനിലമായ ബ്രാഹ്മണിക പിതൃത്വാധികാര ഘടനകൾ ചെറുപുതുമതങ്ങളെപോലും വിഴുങ്ങുന്നതും വിഷലിപ്തമാക്കുന്നതും കേരള പരിസരത്ത് സമാനമായി അവതരിപ്പിച്ചിട്ടുള്ളത് ചെറുകഥനത്തിൽ സി. അയ്യപ്പൻ മാത്രമായിരിക്കും. സി. അയ്യപ്പെന്റ ഭ്രാന്തിനെ ആധാരമാക്കി അഭീഷ് ശശിധരൻ സാധ്യമാക്കിയ മാധ്യസ്ഥ കലാ പ്രകടനവും ഇവിടെ ഓർക്കാം. ഇതും 2021 അവസാനം കേരള സംഗീത നാടക അക്കാദമിയുടെ ചെറു നാടകോൽസവത്തിൽ (ഹോപ് ഫെസ്റ്റിവൽ) രണ്ടാമതും കളിച്ചിരുന്നു. അന്തരിച്ച വി.സി. ഹാരിസിെന്റ സി. അയ്യപ്പൻ കഥകളെ ആധാരമാക്കുന്ന സിനിമ സാധ്യമായില്ല. ഹാരിസ് ഒറ്റയാളായി അഭിനയിച്ച ബെക്കറ്റിനെ ആധാരമാക്കുന്ന ക്രാപ്പിന്റെ അവസാന റ്റെയിപ്പ് ഇവിടെ ഓർക്കാം. ക്രാപ്പും കുറുപ്പുമെന്ന അജു നാരായണൻ നാടകവും പാഠാന്തരമായി സൂചിതമാകുന്നു. വിഖ്യാതരായ ദത്താ ഭഗത്തിനെപോലുള്ള മറാഠി ദലിത് നാടകകൃത്തുക്കളും ആവർത്ത് പോലുള്ള രചനകളിൽ ബക്കറ്റിയൻ അസംബന്ധ ശൈലിയെ ആത്മവിമർശപരമായും ഉപയോഗിച്ചതിെന്റ രാഷ്ട്രീയവും സൗന്ദര്യശാസ്ത്ര വിവക്ഷകളും ഇന്ത്യൻ വർണാശ്രമ പരിസരത്തുള്ള വർത്തമാന പ്രസക്തിയും കൂടുതൽ വ്യക്തമാകുന്ന നാടകീയ പ്രകരണങ്ങളാണിവ.
നിലവിളികളുടെ ചമയവും സെറ്റും ദൃശ്യ പരിചരണവും വ്യതിരിക്തമാക്കിയ സമഗ്ര നാടക കലാകാരനായ സുരേഷ് മുട്ടത്തിയും രചയിതാവും സംവിധായകനുമായ കെ.എസ്. പ്രതാപനും ശരത് രേവതിയും പ്രത്യേക പരാമർശമർഹിക്കുന്നു. കേരള സമൂഹത്തിലെ ശ്രേണീകൃത അസമത്വം അനുഭവിക്കുന്ന നിരവധി സാമൂഹികവിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളെ ശക്തമായി അവതരിപ്പിച്ച നിധി, ബിന്ദു തങ്കം, ഐശ്വര്യ, ആതിര ടി.എൻ, സൗമ്യ എന്നീ സ്ത്രീകളുടെ അഭിനയപ്രകടനങ്ങളും ചരിത്രത്തിലെഴുതേണ്ടതുതന്നെ. സാമൂഹികോന്മുഖമായ ഈ പുത്തൻ നാടകങ്ങളിൽ പലതും, പലതും ത്യജിച്ചു സംഘടിപ്പിച്ചു സാധ്യമാക്കിയ കിട്ടൻ മാഷും വെളിച്ചം പകരുന്ന ജോസ് കോശിയും താവളങ്ങളൊരുക്കിയ രേണു രാംനാഥിനെപോലുള്ള കലാപരിപോഷകരും സത്യനീതികളുടെ വെളിച്ചം ചൊരിയുന്നവരത്രേ.
പോടാ പാകിസ്താനിലേക്ക്
യുവകഥാകൃത്തും അക്കാദമിക്കുമായ രൺജു എന്ന രഞ്ചിത്ത് തങ്കപ്പന്റെ (രൺജു) പാകിസ്താൻ എന്ന കഥയെ ആസ്പദമാക്കി ശരത് രേവതി രചനയും സംവിധാനവും നിർവഹിച്ച 1947 നോട്ടൗട്ട് എന്ന നാടകം മുസിരിസ് നാടകോൽസവത്തിലരങ്ങേറിയത് 2022 മാർച്ച് 14നാണ്. കഥയിൽനിന്നും നാടകീയമായ പല മാറ്റങ്ങളും വരുത്തി ഒരു ജനപ്രിയ ശൈലിയിൽ തമാശയും കോമിക് റിലീഫുകളും സിനിമാറ്റിക് പാട്ടും നൃത്തവും സംഘട്ടനവുമെല്ലാമായി ചിട്ടപ്പെടുത്തിയ നാടകം കാണികളെ കൈയിലെടുത്ത്, ജനപ്രിയ രീതിയിൽ അപരവത്കരണത്തെയും വംശഹത്യാത്മകമായ സമഗ്രാധിപത്യത്തെയും ജാതിഹിന്ദുത്വത്തിെന്റ പ്രാദേശിക നടുനായകത്തത്തെയും ദൃശ്യമാക്കുന്നു.
സാമൂഹികനീതിയുടെയും സാമുദായിക പ്രാതിനിധ്യത്തിന്റെയും പ്രാഥമിക യാഥാർഥ്യങ്ങളെ നാടകം സംബോധന ചെയ്യുമ്പോഴും അതിെന്റ ആധാരമായ സാമൂഹികനീതിചിന്തയെ ആഴത്തിലറിയിക്കാനാവുന്നോ, പ്രാഥമികമായി അടയാളപ്പെടുത്താനാവുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു. കളിതമാശയും ആട്ടുപാട്ടുകൊട്ടും സിക്സറടിയും കഴിയുമ്പോൾ മറക്കപ്പെടുന്നതും ആവിയാകുന്നതുമായ കാതലായ പ്രശ്നമായി അടിസ്ഥാന ജനായത്ത സാക്ഷരതയായ പ്രാതിനിധ്യ പ്രശ്നം പ്രതിസന്ധിയാകുന്നു. അമിത പ്രാതിനിധ്യ കുത്തക ദേവസ്വം ബോർഡിലെന്നപോലെ നൂറിനു നൂറും പെരുകുമ്പോളും സത്യനീതി വിരുദ്ധമായ സാമ്പത്തിക കൗടില്യ യുക്തിചെലുത്തി കുത്തക പെരുക്കാൻ വലതിടതു ഭേദമില്ലാതെ ജാതിഹിന്ദു സമവായത്തിനാകുന്നത് ഇങ്ങനെയാണ്.
നാടകത്തിനായി ജീവിതം ഉഴിഞ്ഞുെവച്ച സമഗ്രാവബോധമുള്ള നാടകകാരനായ ശശിധരൻ നടുവിലിന്റെ നേതൃത്വത്തിൽ തൃശൂർ വല്ലച്ചിറ നാടക ദ്വീപിലും 2022 തുടക്കത്തിൽ കോവിഡാനന്തരം നിരവധി ചെറു നാടകങ്ങൾ അരങ്ങേറുകയുണ്ടായി. ശക്തമായ രാഷ്ട്രീയ സാമൂഹിക വിമർശം ഈ ഉൾനാടിനകത്തുള്ള നാടകോത്സവത്തെ നിർണായകമാക്കുന്നു. കോട്ടയത്തെ സ്കൂൾ ഓഫ് ലെറ്റേഴ്സിലും അജു നാരായണൻ നേതൃത്വം കൊടുക്കുന്ന ഒരു നാടകസംഘം പുത്താണ്ടു പിറവിയിൽ പ്രഥുൽ കരിപ്പോടിന്റെയും മറ്റും സഹകരണത്തോടെ ദസ്തയേവ്സ്കിയെ ആധാരമാക്കിയ സെയിൻറ് പീറ്റേസ്ബർഗിലെ ചില രാപ്പകലുകൾ എന്ന നാടകം രംഗസംവിധാനത്തിലും അരങ്ങനുഭവത്തിലും പുതുമകൾ പുലർത്തുന്നതായിരുന്നു. അഭീഷും അജുവും രമണനും ഉപയോഗിക്കുന്ന വാസ്തുശിൽപ പ്രകൃതി പശ്ചാത്തലങ്ങൾ പ്രസ്താവ്യവും പഠനാർഹവുമാണ്.
യുവനാടകകാരനും നാടക അധ്യാപകനുമായ ശ്രീജിത് രമണെന്റ തീണ്ടാരി പച്ച ഒരുപക്ഷേ നാമജപ ഘോഷയാത്ര എന്നും വിശ്വാസി ലഹള എന്നും പുകൾപെറ്റ 2018ലെ തീണ്ടാരി ലഹളക്കു ശേഷം 2022ൽ ഏറെ കളിക്കുകയും കേരളമാകെ ചർച്ചയാകുകയും ചെയ്ത മികച്ച സ്ത്രീരംഗാവിഷ്കാരമാണ്. ഭരണഘടനാ അട്ടിമറി പകൽവെളിച്ചത്തിൽ പൊലീസിനെ നോക്കുകുത്തിയാക്കി നടത്തിയ തീണ്ടാരി ലഹളയെയും ശൂദ്രലഹളയെയും കുറിച്ച് പറയാൻപോലും പേടിക്കുന്ന അക്കാദമിക മാധ്യമമാന്യർ വിപ്ലവ വായാടിത്തവും പുരാണ വിടുവായത്തവും നടത്തുന്ന നാട്ടിലാണ് യുവസംവിധായകരും യുവതീയുവാക്കളുമായ കലാപ്രവർത്തകർ തങ്ങളുടെ സർഗ, വിമർശ ഭാവനകളെ ധീരവും നാടകീയവുമായി കലാപരമായി കേരളത്തിലുടനീളം ബഹുജനസമക്ഷം അവതരിപ്പിക്കുന്നത് എന്നത് പ്രതീക്ഷ തരുന്നു. കേരള നാടകം നാട്ടകങ്ങളെയും വീട്ടകങ്ങളെയും നാഗരീകങ്ങളെയും ഉണർത്തുകയും പുലർത്തുകയും ചെയ്യുമെന്നു കരുതാം. നാടകത്തിലൂടെ മഹാമാരികളെ അതിജീവിക്കുന്ന നാളുകളെ നമുക്കു കിനാവു കാണാം. സാമൂഹികമനസ്സിനെയും ശരീരത്തെയും സൗഖ്യമാക്കുന്ന സാംസ്കാരിക ഔഷധവും അറിവുമായി അലിവാർന്ന നാടകകല മാറുകയാണ്.
'തീണ്ടാരി പച്ച' നാടകാവതരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.