മനുഷ്യൻ ആരാണ് എന്ന ചോദ്യത്തിന് പൂർണ ഉത്തരം കണ്ടെത്താൻ ഇനിയും നമുക്കായിട്ടില്ല. ചിന്തയുടെ ബലത്തിൽ സ്വന്തം അസ്തിത്വം നിർണയിച്ചുകൊണ്ട് ആരംഭിച്ച അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പേ അതിമാനുഷനിലേക്കും (Superman/Overman/Beyond-man) മാനവാനന്തര/മാനവേതര (Posthuman) യാഥാർഥ്യങ്ങളിലേക്കും നാം കടന്നുകഴിഞ്ഞു. ''ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാൻ ഉണ്ട്'' (Cogito, ergo sum) എന്ന ദെക്കാർത്തെയുടെ പരികൽപന (Discourse on the Method, 1637) സ്വത്വത്തെ ഉൺമയായി ആന്തരികതയിൽ തിരിച്ചറിയുമ്പോൾ നവോത്ഥാനചിന്തയുടെ കാതലായ മനുഷ്യകേന്ദ്രീകൃത വ്യവഹാരങ്ങളും ശക്തി പ്രാപിക്കുകയായിരുന്നു. ഈ കാലഘട്ടം അപരനിർമിതിയുടെ കാലംകൂടിയായിരുന്നു എന്നും പറയാം. ഇത്തരം മനുഷ്യകേന്ദ്രിത സങ്കൽപങ്ങളെ ചോദ്യംചെയ്താണ് നീത്ഷെ അതിമാനുഷൻ (Ubermensch) എന്ന തന്റെ ആശയം അവതരിപ്പിക്കുന്നത് (Thus Spoke Zarathustra, 1883). ഭൂമിയുടെ പൊരുളായി നീത്ഷെ പ്രതിഷ്ഠിക്കുന്ന 'അതിമാനുഷൻ' ആയിത്തീരുക എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ച് മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം. ''അതിമാനുഷൻ ഒരു മിന്നലാണ്, ഒരു ഭ്രാന്താണ്; ഒരു മിന്നലിന്റെ പേരാണ് അതിമാനുഷൻ'' എന്നെല്ലാം നീത്ഷെ പറയുന്നത് ശ്രദ്ധേയമാണ്. മിന്നലും ഭ്രാന്തും ഇടകലരുന്ന അതിമാനുഷൻ സ്വന്തം മൂല്യങ്ങൾ നിർണയിക്കാനുള്ള അധികാരം കൈയാളുന്നു. എന്നാൽ, പരമമായ ധാർമികതയെയും മൂല്യത്തെയും തള്ളിക്കൊണ്ടാണ് അതിമാനുഷൻ സ്വന്തം മൂല്യങ്ങൾ നിർണയിക്കുന്നത് എന്നത് ഒരു വിരോധാഭാസംതന്നെയാണ്. ഇവിടെയാണ് അതിമാനുഷൻ ഒരു വൈരുധ്യമാണ് എന്ന് പറയേണ്ടിവരുന്നത്. ഇത്തരത്തിലൊരു അതിമാനുഷൻ അസാധ്യമാണെന്നിരിക്കെത്തന്നെ അതിലേക്കുള്ള ഭാവനാപൂർണമായ പ്രയാണങ്ങൾ മനുഷ്യൻ തുടർന്നുകൊണ്ടേയിരിക്കുന്നു. 21ാം നൂറ്റാണ്ടിൽ ഈ അന്വേഷണം നമ്മെ മാനവാനന്തരചിന്തകളിൽ എത്തിച്ചിരിക്കുന്നു. മാനവാനന്തരം (Posthuman) എന്നത് മാനവേതരം (Post-anthropocene) കൂടിയാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്. ആരാണ് മനുഷ്യർ, ആരാണ് മനുഷ്യരല്ലാത്തവർ, അപമാനവീകരണത്തിന്റെയും മാനവീകരണത്തിന്റെയും വ്യാപ്തിയും പരിധിയും ആര്, എവിടെ, എങ്ങനെ നിർണയിക്കുന്നു എന്നതെല്ലാം മാനവാനന്തരത (Post-human) നിരന്തരം ഉയർത്തുന്ന ചോദ്യങ്ങളാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക അഭയാർഥികളെ നിർമിക്കുന്ന ലോകത്ത് അപരവത്കരണം എന്നത് സ്വന്തം നിയമങ്ങൾ സ്വയം നിർണയിക്കുന്ന അതിമാനുഷഭ്രമം ഉണർത്തുന്ന ആധിപത്യമനോഭാവത്തിന്റെ പരിണതഫലമാണെന്ന് പറയേണ്ടിവരും. ഈ യുക്തിതന്നെയാണ് സ്ത്രീകളുടെ അപരവത്കരണത്തിലൂടെ നീത്ഷെയുടെ സാരതുഷ്ട്ര പ്രതിഫലിപ്പിക്കുന്നത്. സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഗർഭധാരണമാണെന്ന വാക്കുകളിൽ ഇത് വ്യക്തമാണ്. അതിമാനുഷനെ ഗർഭം ധരിച്ച് പ്രസവിക്കുക എന്നതാണ് അവളുടെ ലക്ഷ്യമായിരിക്കേണ്ടത് എന്ന ചിന്തയിൽ സ്ത്രീകളുടെ കർത്തൃത്വവും പ്രവർത്തനക്ഷമതയും (agency) ചോദ്യം ചെയ്യപ്പെടുന്നത് തിരിച്ചറിയണം. ഇത്തരത്തിലൊരു കീഴാളസൃഷ്ടി (subaltern) അതിമാനുഷഭ്രമത്തിന്റെ യുക്തിയുടെയും കൽപനാഘടനയുടെയും ഭാഗമാണ്. ഒരു മിന്നലായ/ഭ്രാന്തായ അതിമാനുഷൻ മിന്നൽ മുരളിയാവുമ്പോഴും ഈ പദ്ധതി തുടരുന്ന കാഴ്ച വിശകലനം ചെയ്യേണ്ടതുണ്ട്. മാനവാനന്തര/ മാനവേതര അനുമാനങ്ങളുടെ അപരസ്വീകാരം/ദൃഢീകരണം അവിടെ സ്വീകാര്യമാകുന്നില്ല എന്നത് പ്രശ്നവത്കരിക്കപ്പെടേണ്ടതുതന്നെയാണ്.
അതിമാനുഷൻ എന്നത് ഒരേസമയം സങ്കൽപവും യാഥാർഥ്യവുമാണ്. ചരിത്രത്തിന്റെ ഏതെങ്കിലും കാലബിന്ദുവിൽ സങ്കൽപങ്ങൾ യാഥാർഥ്യമാകുന്നു. ബാലഭാവനക്കു മാത്രം നിരക്കുന്ന സാങ്കൽപികലോകമെന്നതിൽ കവിഞ്ഞ് അതിമാനുഷകഥകൾക്ക് പ്രാധാന്യമില്ലെന്ന് കരുതുന്നവരുണ്ടാകാം. എന്നാൽ, നിർമിതബുദ്ധിയുടെ കാലത്തും അതിമാനുഷസങ്കൽപം പ്രസക്തമാണ്. തോട്ടി കൈയുടെ നീട്ടൽ ആണെന്നു പറയുന്നതുപോലെ കമ്പ്യൂട്ടറും റോബോട്ടുമൊക്കെ മനുഷ്യമസ്തിഷ്കത്തിന്റെ വ്യാപനമാണെന്നു കരുതാം. അതിനാൽ അതിമാനുഷൻ എന്നത് കേവലസങ്കൽപമല്ല. പ്രാചീനമനുഷ്യനിൽനിന്നുള്ള രേഖീയവളർച്ചക്കു സമാന്തരമായി ഏതൊരു ഘട്ടത്തിലും ഇടവേളകളിൽ സംഭവിക്കുന്ന പ്രതിഭാസമെന്ന നിലയിലും സൂപ്പർഹീറോയെ കണക്കാക്കാം. ക്രോണോസ് എന്നും കെയ്റോസ് എന്നും ഉള്ള ഗ്രീക് കാലസങ്കൽപത്തിലും 'സംഭവാമി യുഗേ യുഗേ' എന്ന ഭാരതീയവിശ്വാസത്തിലുമെല്ലാം ഈ രണ്ടുതരം സാധ്യതകളുടെ സൂചനയുണ്ട്. സൂപ്പർഹീറോകളെ അവതരിപ്പിക്കാൻ പാകപ്പെട്ട മാധ്യമമാണ് ചലച്ചിത്രമെങ്കിലും അത്തരം കഥാപാത്രങ്ങൾ മലയാളസിനിമയിൽ പരിഗണിക്കപ്പെട്ടിട്ടില്ല. അരവിന്ദന്റെ 'എസ്തപ്പാൻ' പോലെ അപൂർവം ചിത്രങ്ങളിലാണ് അതിമാനുഷികത നായകസ്ഥാനത്ത് കടന്നുവരുന്നത്. ബേസിൽ ജോസഫിന്റെ 'മിന്നൽ മുരളി' ശ്രദ്ധേയമാകുന്നതിന്റെ ഒരു കാരണവും അതിമാനുഷ നായകനിർമിതിയാണ്.
കുറുക്കൻമൂല എന്ന സാങ്കൽപികഗ്രാമത്തിൽ 90കളിൽ നടക്കുന്ന സംഭവമെന്ന രീതിയിലാണ് 'മിന്നൽ മുരളി'യുടെ ആഖ്യാനം. ജയ്സൻ (ടൊവീനോ തോമസ്), ഷിബു (ഗുരു സോമസുന്ദരം) എന്നീ രണ്ടു ചെറുപ്പക്കാർക്ക് മിന്നലേൽക്കുന്നതോടെ അമാനുഷികശക്തി ലഭിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമയിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. എന്നാൽ ഒരേ മിന്നലാണ് ഏറ്റതെങ്കിലും തങ്ങൾക്കു ലഭിച്ച അധികോർജം രണ്ടുപേരും രണ്ടു വിധത്തിലാണ് വിനിയോഗിക്കുന്നത്. ജയ്സൻ തന്റെ അമാനുഷിക ശക്തി നന്മപ്രവൃത്തികൾക്ക് ഉപയോഗിക്കുമ്പോൾ ഷിബു നാശോന്മുഖമായ കൃത്യങ്ങൾക്ക് അത് ഉപകരണമാക്കുന്നു. തനിക്കു ലഭിക്കാത്ത സുഖങ്ങളൊക്കെ നാട്ടുകാർക്കും നിഷിദ്ധമാകട്ടെ എന്ന നിലപാടാണ് ഷിബുവിനുള്ളത്. മിന്നൽ മുരളി നാടകത്തിലെ കഥാപാത്രമാണ് എന്ന പരിചയപ്പെടുത്തൽ, പള്ളിക്കുന്നിലെ പുണ്യാളൻ എന്ന നാടകത്തിന്റെ അവതരണത്തോടെയുള്ള സിനിമയുടെ തുടക്കം, പുണ്യാളനെപ്പോലെ എതിരാളിയെ ശൂലംകൊണ്ട് കീഴ്പ്പെടുത്തുന്ന ഒടുക്കം എന്നിവ മിന്നൽ മുരളി എന്ന ചലച്ചിത്രശീർഷകത്തെയും ജയ്സൻ, ഷിബു എന്നീ സാധാരണ കഥാപാത്ര സംജ്ഞകളെയും ത്രിതലബന്ധത്തിൽ അവതരിപ്പിക്കുന്നു. അസാധാരണസംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മിന്നൽ മുരളി എന്ന് സംഭവസ്ഥലത്ത് രേഖപ്പെടുത്തുന്നതും ശ്രദ്ധിക്കേണ്ടതാണ്. 'ഒറിജിനൽ' എന്ന വിശേഷണം കൊടുക്കാനും ഇരുവരും തുടങ്ങിയതോടെ മിന്നൽ മുരളി സന്ദിഗ്ധവിഷയമായിത്തീരുന്നു. രണ്ടുപേരും താനാണ് ഒറിജിനൽ എന്ന് അവകാശപ്പെടുന്നതോടെ സിനിമക്കുള്ളിലെ സാമാന്യജനപ്രതിനിധാനത്തോടൊപ്പം പ്രേക്ഷകശ്രദ്ധയും കൂട്ടിച്ചേർക്കപ്പെടുന്നു.
മിന്നലടിക്കുന്ന സമയത്ത് ആളുകൾ മരിച്ചുവീഴുന്നതിന് കാരണം വിശദീകരിക്കുന്ന അധ്യാപികയോട് ''അപ്പോ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ?'' എന്ന ചോദ്യം ക്ലാസിലെ ഒരു കുട്ടി ചോദിക്കുന്നിടത്ത് ജയ്സന്റെ അതിമാനുഷശക്തികളെക്കുറിച്ചുള്ള ജോസ്മോന്റെ തിരിച്ചറിവുകൾ ആരംഭിക്കുന്നു. അതിമാനുഷരുടെ പല കഴിവുകളെക്കുറിച്ച് ജോസ്മോൻ തന്റെ മാമനോട് വിവരിക്കുന്നു. ഏതെല്ലാം കഴിവുകളാണ് തനിക്കുള്ളതെന്നും ഇല്ലാത്തതെന്നും ജയ്സൺ തിരിച്ചറിയുന്നു. മിന്നലടിച്ചിട്ടും മരിക്കാതിരുന്ന ജയ്സനിൽ അതിമാനുഷികശക്തി ഒരു പരിപൂരകമായി (Supplement) പ്രവർത്തിക്കുന്നു എന്നു വേണം കരുതാൻ. അമേരിക്കൻ അതിമാനുഷരെപ്പോലെ ജയ്സൻ മറ്റൊരു വ്യക്തിയായിത്തീരുന്നില്ല. സൂപ്പർമാൻ, സ്പൈഡർമാൻ, ബാറ്റ്മാൻ തുടങ്ങിയവരെല്ലാം മറ്റൊരു വ്യക്തിത്വം സ്വീകരിക്കുന്നുണ്ട്. അവരുടെ കർത്തൃത്വങ്ങളിലും മാറ്റങ്ങൾ സംഭവിക്കുന്നു. എന്നാൽ വ്യക്തിത്വ /കർത്തൃത്വ വ്യതിയാനങ്ങളില്ലാതെ ജയ്സൻ മിന്നൽ മുരളിയുടെ പാത്രനിർവഹണം സാധ്യമാക്കുന്നു. ജയ്സൻ തന്നെയാണ് മിന്നൽ മുരളിയെന്ന് എല്ലാവർക്കും വ്യക്തമാകുന്നു. ഇതുതന്നെയാണ് മിന്നലടിച്ച ഷിബുവിന്റെയും അവസ്ഥ. മനുഷ്യസഹജമായവയുടെ /സാധ്യമായവയുടെ വിപുലീകരണമാണ് അവരിൽ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് മിന്നൽ മുരളിക്ക് പറക്കുവാൻ സാധിക്കാത്തത്. എങ്കിലും ചലനവേഗത കൂട്ടാൻ കഴിയുന്നതുകൊണ്ട് വലിയ സാഹസങ്ങൾ ചെയ്യാൻ അവർക്കാകുന്നു. ഷിബുവിന് ദൃഷ്ടിനിയന്ത്രണവും സാധിക്കുന്നുണ്ട്. മനുഷ്യസാധ്യമായതിന്റെ പൂരകമാണ് ജയ്സനിലും ഷിബുവിലും കാണാൻ കഴിയുന്നത്. ദെറിദയുടെ ഭാഷയിൽ ഇതിനെ പൂരകത്തിന്റെ യുക്തിയായി (logic of supplementarity) കണക്കാക്കണം (Of Grammatology, 1967). ലഭ്യമായതിനോട് ലഭ്യമായതിന്റെതന്നെ ചേർക്കലാണത്. ഇല്ലാത്തതിന്റേത് എന്നതിലുപരി ഉള്ളതിന്റെ കലർത്തലാണത്. ഇവിടെ കൂട്ടിക്കലർത്തലിനുള്ള സാധ്യത വലുതാണ്. പാഠങ്ങളുടെ വായനയിൽ വിരുദ്ധമായവയെ ഒരുമിച്ചുചേർത്ത് വായിക്കുന്ന യുക്തിയാണിത്. ഒരു പാഠത്തിന്റെ വിരുദ്ധവായനകൾ ഇവിടെ സാധ്യമായിത്തീരുന്നു. പാഠം ഇവിടെ ഇരട്ടിക്കുകയാണ്. എന്നാൽ രണ്ടും ഒരേ പാഠം തന്നെയാണ്; എതിരായി തോന്നുമെങ്കിലും. പൂരകത്തിന്റെ ഈ യുക്തിതന്നെയാണ് മിന്നൽ മുരളിയുടെ ഇരട്ടിപ്പിലും നാം കാണുന്നത്. മിന്നൽ മുരളിയും ഒറിജിനലും ഇരട്ടിക്കുന്നു. ഒരേ മിന്നൽതന്നെയാണ് തങ്ങളെ അടിച്ചത് എന്ന ജയ്സന്റെ സംഭാഷണത്തിൽനിന്നും ഒരേ മിന്നലിന്റെ രണ്ടു പാഠഭേദങ്ങളാണ് മിന്നൽ മുരളിമാരായ ജയ്സനും ഷിബുവും എന്ന് തിരിച്ചറിയാൻ കഴിയും. വിഭിന്നമായ പൊരുളൈക്യമായി അവർ നിലനിൽക്കുന്നു. ഈ ഐക്യത്തിന്റെ ദൃശ്യസൂചന ഒരേ മിന്നലാണ് നമ്മളെ അടിച്ചതെന്ന് ജയ്സൻ ഷിബുവിനോടു പറയുന്ന ഷോട്ടിലെ ഇരുവരുടെയും ശരീരഭാഷയിൽപോലും പ്രകടമാണ്. അവിടെ കേൾക്കുന്നത് നായകനും വില്ലനും തമ്മിലുള്ള പോർവിളിയുടെ മുഴക്കമല്ല; സൗഹൃദഭാഷണത്തിന്റെ മൃദുസ്വനമാണ്.
പരസ്പരപൂരകങ്ങളായി ജയ്സനും ഷിബുവും സ്വയംപൂരകങ്ങളായ ആധിക്യങ്ങളിലൂടെ (excess) വിപുലീകരിക്കപ്പെടുന്നു. മിന്നലേൽക്കുന്നതോടുകൂടി അവർ പൂർണാർഥത്തിൽ അതിമാനുഷരാവുന്നില്ല. ഇരുവർക്കും കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളെ നഷ്ടപ്പെടുന്നു. ജയ്സനു പിതാവിന്റെ നഷ്ടവും ഷിബുവിനു മാതാവിന്റെ നഷ്ടവുമാണ് വൈകാരികസംഘർഷമുണ്ടാക്കുന്നത്. രണ്ടു പേർക്കും പ്രണയനഷ്ടവുമുണ്ട്. ജയ്സൻ അത് അത്ര കാര്യമാക്കുന്നില്ലെന്നതും ഷിബു അത് തീവ്രവികാരമായി സൂക്ഷിക്കുന്നു എന്നതും വ്യത്യാസമാണ്. പ്രണയനിഷ്ഠ ഷിബുവിനെ വ്യത്യസ്തനായ പ്രതിനായകനാക്കുന്നുമുണ്ട്. കുട്ടിക്കാലത്തെ അനാഥത്വവും ദുരിതങ്ങളുമെല്ലാം ഇരുവർക്കുമുണ്ട്. എന്നാൽ ഒഴിവാക്കപ്പെടലിന്റെ വേദന ഏറെ അനുഭവിച്ചത് ഷിബുവാണ്. ഒരേ മിന്നലാണ് ഇരുവരിലും തട്ടിയത്. എന്നാൽ ഒരാൾ അത് പൊതുജനഹിതാർഥം നിറവേറ്റി; മറ്റെയാൾ സ്വാർഥലാഭത്തിനായും. ഇപ്രകാരം ചിലത് ആവർത്തിക്കുകയും ചിലത് വ്യത്യാസപ്പെടുകയും ചെയ്യുന്നു. വ്ലാഡിമർ പ്രോപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ (Morphology Of the Folktale, 1928) സ്ഥിരാങ്കങ്ങളും ചരങ്ങളും (Constants and Variables). ഓട്ടോ റാങ്ക്, റാൾഫ് റ്റിംസ്, സിഗ്മണ്ട് ഫ്രോയ്ഡ് മുതലായവർ ദ്വയം (The Double) എന്ന ആശയം ഇത്തരം പ്രതിഭാസങ്ങളെ പൊതുവായി നിർവചിക്കാൻ ഉപയോഗിക്കുന്നു. സ്വത്വത്തിന്റെ ഭീഷണ /നീച ഭാവങ്ങളുടെ വ്യക്തിവത്കരണമായി ഓട്ടോ റാങ്ക് ദ്വയത്തെ കണക്കാക്കുന്നു. (The Double: A psycho analytic study, 2012). ഈ നിരീക്ഷണത്തോട് റ്റിംസ് യോജിപ്പ് പ്രകടിപ്പിക്കുന്നതായി കാണാം (Doubles in Literary Psychology, 1949). ആത്മരതിയിൽനിന്ന് രൂപപ്പെടുന്നതായി റാങ്ക് നിരീക്ഷിക്കുന്ന ദ്വയം പിന്നീട് മരണത്തിന്റെ ദൂതനായിത്തീരുന്നു. കാമിനിമാരിലേക്കുള്ള പ്രയാണത്തിലാണ് ജയ്സനും ഷിബുവിനും മിന്നലേൽക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കാമനകളിൽ വ്യക്തമാകുന്ന ഇരുവരുടെയും ആത്മരതി ഇവിടെ പ്രസക്തമാണ്. നിവർത്തിക്കപ്പെടാത്ത ഭാവിപ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഭാവനയായും വിപരീതസാഹചര്യങ്ങൾ ഹനിച്ച സ്വത്വത്തിന്റെ ആഗ്രഹങ്ങളായും ഫ്രോയ്ഡ് ദ്വയത്തെ വിവരിക്കുന്നു എന്നതും ('The Uncanny' 1919) മിന്നൽ മുരളിയുടെ വിശകലനത്തിൽ സംഗതമായ വസ്തുതകളായി കണക്കാക്കാം. ഒറ്റ നോട്ടത്തിൽ നന്മയും തിന്മയുമായി അവർ വിരുദ്ധധ്രുവങ്ങളിൽ നിൽക്കുമെങ്കിലും കാമനകളുടെ നിവൃത്തി എന്ന ഉപപാഠം ഒരു ആധിക്യമായി ഇരുവരിലും നിലനിൽക്കുന്നു. മിന്നൽ മുരളി എന്ന ജയ്സന്റെ രക്ഷാപ്രവർത്തനവും ഷിബുവിന്റെ സംഹാരതാണ്ഡവവും വേരൂന്നിയിരിക്കുന്നത് അവരുടെ കാമനകളിലാണ്, അവയുടെ പൂർത്തീകരണത്തിലാണ് എന്നതിന് തർക്കമില്ല. ജയ്സന്റെ രക്ഷകഭ്രമത്തിൽ (Saviour Complex) ഈ കാമനാപൂർത്തീകരണം വ്യക്തമാണ്. അവസാനരംഗത്തിൽ രക്ഷകനായി പ്രത്യക്ഷപ്പെടുമ്പോൾ ''എന്റെ നാടിന് എന്നെ വേണം'', ''ഞാൻ നാടിനെ രക്ഷിക്കും'' എന്നൊക്കെയുള്ള പ്രസ്താവനകളിൽ 'ഞാൻ', 'എന്റെ' എന്ന സംജ്ഞകൾ മുന്നിട്ടു നിൽക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരുടെ രക്ഷക്കും നന്മക്കും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് താനാണ് എന്ന മനോഭാവമാണ് രക്ഷകഭ്രമം. ജീവിതത്തിന്റെ ലക്ഷ്യംതന്നെ ഇതാണെന്ന് സ്വയം വിശ്വസിപ്പിക്കുന്ന മാനസികാവസ്ഥയാണിത്. ഈ മനോഘടനയിൽ മറ്റുള്ളവരുടെ ആവശ്യത്തെക്കാൾ പലപ്പോഴും സ്വന്തം സേവനമനോഭാവം അതിപ്രധാനമായി നിലനിൽക്കും. ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള തിരസ്കാരങ്ങളും മാനസികാഘാതങ്ങളും പിന്നീട് ഇത്തരത്തിലൊരു മനോനിലയിലേക്ക് ആ വ്യക്തിയെ നയിക്കുന്നു. സ്വീകാര്യതയാണ് ഇവിടെ മുഖ്യം. നന്മപ്രവൃത്തികൾക്കു പിന്നിൽ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന ആധിക്യം (Excess/Surplus) ഈ സ്വീകാര്യതയാണ്. ഇത്തരം രക്ഷകഭ്രമം ഒരു ആദിപ്രരൂപപ്രതിബിംബമാണെന്ന് യുങ് പ്രസ്താവിക്കുന്നുണ്ട് (Collected Works of C.G. Jung, 1973). അതിമാനുഷർ പലരും ഇത്തരത്തിൽ ആഘാതങ്ങൾ അനുഭവിച്ചിട്ടുള്ളവരും അതിനെ അതിജീവിക്കാനുള്ള ശ്രമത്തിൽ രക്ഷകഭ്രമത്തിലേക്ക് വഴുതിവീണവരുമാണ് (സ്പൈഡർമാൻ/ ബാറ്റ്മാൻ) എന്ന് നിസ്സംശയം പറയാം. മുമ്പ് സൂചിപ്പിച്ചതുപോലെ മിന്നൽ മുരളിയിലും നാം കാണുന്ന പ്രതിഭാസം മറ്റൊന്നല്ല. ഭാവിയിൽ വന്നേക്കാവുന്ന (വരാതിരിക്കാനും സാധ്യതയുണ്ട്) ശത്രുക്കളെ നിർമിച്ചുകൊണ്ടാണ് മിന്നൽ മുരളി തന്റെ സാംഗത്യം നിലനിർത്തുന്നത്. മിന്നൽ മുരളിയുടെ രക്ഷകഭ്രമം മൂലം 'ബ്രൂസ് ലീ' ബിജി (ഫെമിന ജോർജ്)യെന്ന കരാട്ടേ അധ്യാപികയുടെ രക്ഷാകരമായ ഇടപെടൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി സിനിമയിൽ കാണാം. ഒരു സാധാരണ സ്ത്രീയുടെ രക്ഷാപ്രവർത്തനം തമസ്കരിക്കപ്പെടുന്നത് അതിമാനുഷ /രക്ഷകഭ്രമത്തിന്റെ പുരുഷഭൂമികയിലാണ് എന്ന് സിനിമ പറഞ്ഞുവെക്കുന്നുണ്ട്. കുരിശിനൊപ്പം മിന്നൽ മുരളിയും നിൽക്കുന്ന രംഗവും പൊലീസുകാർ സഹായം അഭ്യർഥിച്ചുകൊണ്ട് നിൽക്കുന്ന രംഗവും ''കഴിവില്ലാത്തതുകൊണ്ടല്ല പറ്റാത്തതുകൊണ്ടാണ്'' എന്ന് സബ് ഇൻസ്പെക്ടർ സാജൻ (ബൈജു) പറയുന്ന അവസരവുമെല്ലാം രക്ഷകഭ്രമത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. മത-സാമൂഹികബോധവും സർക്കാർ സംവിധാനവും പരാജയപ്പെടുന്നിടത്ത് മിന്നൽ മുരളി വിജയിക്കുന്നു. മിശിഹായിസം നിയമത്തെ നിർവീര്യമാക്കുന്നു എന്ന അഗംബന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ് (Potentialities, 1999). 'രക്ഷകൻ' എന്ന ബസിലെ ആളുകളെയും ബസിനെയും രക്ഷപ്പെടുത്തുന്നിടത്ത് ഭ്രമം ബലപ്പെടുകയാണ്. എന്റെ നാടിന് എന്നെ വേണം, എന്നെ കാണുമ്പോഴുള്ള അവരുടെ കണ്ണുകളിലെ തിളക്കം എനിക്കറിയാം എന്നൊക്കെയുള്ള വിധത്തിൽ ജയ്സൻ/മിന്നൽ മുരളി സംസാരിക്കുമ്പോൾ നാം യഥാർഥത്തിൽ മറിച്ചാണ് കേൾക്കേണ്ടത്: എനിക്ക് എന്റെ നാടിനെ വേണം (സ്വീകാര്യത); അവരെ കാണുമ്പോൾ എന്റെ കണ്ണുകൾ തിളങ്ങുന്നു (ഭ്രമം)! ശരിയോ തെറ്റോ ആയ കാമനകളുടെ നിവൃത്തി മാത്രം ഉദ്ദേശിച്ചുകൊണ്ട് അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന നന്മയെന്ന് തോന്നിക്കുന്ന പ്രവൃത്തികളും തിന്മയോളംതന്നെ സ്വാർഥപരമമാണെന്ന തിരിച്ചറിവാണ് മിന്നൽ മുരളി നമുക്ക് നൽകുന്നത്. ഓരോ അതിമാനുഷനും/ വിശുദ്ധനും നമ്മെ ഓർമിപ്പിക്കുന്ന പാഠം ടി.എസ്. എലിയറ്റ് തന്റെ Murder in the Cathedral എന്ന കൃതിയിൽ കുറിക്കുന്നു: ''ഒടുവിലത്തെ പ്രവൃത്തിയാണ് ഏറ്റവും വലിയ വഞ്ചന: തെറ്റായ ഉദ്ദേശ്യങ്ങളോടെ ശരിയായ കാര്യങ്ങൾ ചെയ്യുക എന്നതാണത്.'' ഇത്തരമൊരു വിശ്വാസാഘാതകത്വം നിലനിൽക്കുന്ന അതിമാനുഷപരിസരങ്ങളിൽ സ്ത്രീകൾ തമസ്കരിക്കപ്പെടും, സമൂഹത്തിനു പ്രവർത്തിക്കാനുള്ള പ്രാപ്തി (Agency) നഷ്ടമാകും; എല്ലാത്തിനും അവർ അതിമാനുഷ ഇടപെടലുകൾ ആഗ്രഹിച്ചുകൊണ്ടിരിക്കും. ഇതിനെ ശോഷണമായി നാം തിരിച്ചറിയേണ്ടതുണ്ട്. സ്വന്തം അപര്യാപ്തതകളെ മറയ്ക്കുവാനുള്ള അബോധമനസ്സിന്റെ സ്വയേച്ഛയിലൂന്നിയ നന്മപ്രവൃത്തികൾ യഥാർഥത്തിൽ മുഖംമൂടികളാണെന്ന് തിരിച്ചറിയണം. അതിമാനുഷന്റെ മുഖംമൂടി വാസ്തവത്തിൽ അയാളുടെ ഈ നന്മതന്നെയാണെന്ന് പറയാതെ വയ്യ. അയാൾപോലും ഇത് പലപ്പോഴും തിരിച്ചറിയാതെ പോകുന്നു എന്നതിൽനിന്ന് അതിന്റെ ആഘാതതീവ്രത വ്യക്തമാണ്. Traumaയിലൂടെ വികേന്ദ്രീകൃതമായ സ്വത്വബോധത്തെ പുനർനിർണയിക്കുന്നിടത്ത് ഈഗോ വീണ്ടും കേന്ദ്രത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു. അവിടെ നന്മപ്രവൃത്തികളിലൂടെ സ്വന്തം താൽപര്യങ്ങൾ ഒളിച്ചുകടത്തപ്പെടുന്നു. സമൂഹത്തിൽ പ്രചാരം നേടിയിരിക്കുന്ന ഈ പ്രവണത നാം തിരിച്ചറിയാതെ പോകരുത് എന്നും മിന്നൽ മുരളി ഓർമിപ്പിക്കുന്നു.
സ്വയംപരിപാലന ശാശ്വതീകരണ (self perpetuation) യജ്ഞങ്ങളിലെല്ലാം താഴ്ത്തപ്പെട്ടവർ എപ്പോഴും അപരരായി തുടരുന്നതിന്റെ രാഷ്ട്രീയം പ്രശ്നവത്കരിക്കപ്പെടണം. താഴ്ത്തപ്പെട്ടവരുടെ (അതി) ശക്തി/പ്രാപ്തി എപ്പോഴും എതിരിടങ്ങളിലാണ് പ്രതിഷ്ഠിക്കപ്പെടുക. ഷിബുവിന്റെ വർഗ/വംശ സ്വത്വ/പ്രതിനിധാനം കൂടുതൽ വിശകലനങ്ങൾ അർഹിക്കുന്നു എന്നതിൽ എതിരഭിപ്രായം ഉണ്ടാവാൻ ഇടയില്ല. വില്ലത്തരത്തെ പ്രേക്ഷകനു മുമ്പിൽ അവതരിപ്പിക്കുന്നതിന് മലയാളസിനിമ പലപ്പോഴും ചില സവിശേഷ സാമുദായികസംജ്ഞകൾ ഉപയോഗിക്കുന്ന രീതി ക്ലീഷേ ആയിട്ടുണ്ട്. ഡിസൂസയും പെരേരയുമൊക്കെ ആ ഗണത്തിൽപെട്ടതാണ്. ഷാജി ഗുണ്ടകളുടെ 'ശാസ്ത്രീയനാമ'മാണെന്നുവരെ ചലച്ചിത്രട്രോളന്മാർ കണ്ടെത്തിയിട്ടുണ്ട്. നായക പ്രതിനായക വിഷയത്തിൽപ്പോലും 'മുൻഭാര'മില്ലാത്ത പേരുകളാണ് ജയ്സനും ഷിബുവും. അസാധാരണ പാത്രനിർമിതി ഈ സാധാരണതയിൽ തുടങ്ങുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. എന്നാൽ തിന്മയുടെ പക്ഷത്ത് ചലച്ചിത്രകാരൻ പരിചയപ്പെടുത്തുന്ന ഷിബു, ജയ്സനിൽനിന്നു വ്യത്യസ്തമായ പേരുകാരൻ മാത്രമല്ല മലയാളിയുടെ വംശീയപ്രതിനിധാനംപോലും അവകാശപ്പെടാനാവാത്ത അപരൻ ആണ്. തനിക്കില്ലാത്ത സ്വർഗം മറ്റാർക്കും വേണ്ട എന്ന നിലപാടിനെ താഴ്ത്തപ്പെട്ടവന്റെ സമരമുറയായി കാണുന്നവർക്ക് ഷിബു പ്രിയപ്പെട്ട വില്ലനായിത്തീരുന്നു. ഒഴിവാക്കലിന്റെ രാഷ്ട്രീയമാണ് അവിടെ പ്രേക്ഷകൻ തിരിച്ചറിയുന്നത്. ഒഴിവാക്കലിന്റെ യുക്തി ഷിബുവിന്റെ വർഗ/വംശ/സ്വത്വ നിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്ത്യരംഗത്ത് ജയ്സനെ ലോ ആംഗിൾ ഷോട്ടിലും ഷിബുവിനെ ഹൈ ആംഗിൾ ഷോട്ടിലും അവതരിപ്പിച്ചുകൊണ്ട് സാങ്കേതികതയും മറ്റൊരു തരത്തിലുള്ള താഴ്ത്തിക്കെട്ടലിന് അവസരമൊരുക്കുന്നു.
ഷിബുവിന്റെ പ്രതികരണം പലപ്പോഴും തിന്മയോടുള്ള പ്രതികരണമല്ല, മറിച്ച് അബോധമായ ചില സാമൂഹികതിരസ്കരണങ്ങളുടെ പ്രതിലോമരാഷ്ട്രീയമാണെന്ന് പറയേണ്ടിവരുന്നു. പുരോഗമനചിന്തയുള്ളവർ എന്ന് അഭിമാനിക്കുന്ന മലയാളിയുടെ സാംസ്കാരിക രാഷ്ട്രീയ ഘടനയിൽ ഇത്തരം അനവധി പിളർപ്പുകൾ ഗുപ്തമായിരിക്കുന്നു എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വൈരുധ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളും അവയുടെ തിരുത്തലുകളുമാണ് സമൂഹത്തെ രക്ഷിക്കുന്നത്. അതിമാനുഷരുടെ സ്വകാര്യകാമനകളുടെ പൂർത്തീകരണോപാധിയായി സ്വയം വിധേയപ്പെടുന്നതിൽ നാം രക്ഷ കണ്ടെത്തുകയില്ല. കുറുക്കൻമൂലയിലെ ജനങ്ങൾ ജയ്സനിൽ രക്ഷകനെ കണ്ടെത്തുന്നതും കണിമംഗലത്തിൽ ആറാംതമ്പുരാനില്ലെങ്കിൽ തങ്ങൾ അനാഥരായിത്തീരുമെന്ന് ആ നാട്ടുകാർ വിശ്വസിക്കുന്നതും എല്ലാം ഒരേ മാനസികാവസ്ഥയുടെ വ്യത്യസ്ത സന്ദർഭങ്ങൾ മാത്രമാണ്. തിന്മയോട് ജാഗ്രത കാട്ടുന്നതുപോലെതന്നെ നാം ചില നന്മകളോടും ജാഗ്രത പുലർത്തേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാൽ ഒറിജിനൽ എന്നത് വെറും അവകാശവാദമാണ്; രണ്ടു മുരളിമാരും ഡ്യൂപ്ലിക്കേറ്റു തന്നെ!
യാഥാർഥ്യമെന്നത് അവകാശവാദം മാത്രമാണെന്ന് ബോധ്യപ്പെടുമ്പോൾ മിന്നൽ മുരളി എന്ന ചിത്രത്തിന്റെ സാംസ്കാരികഭാഷ്യങ്ങൾകൂടി പരിശോധിക്കേണ്ടതാണ്. ഒട്ടേറെ ദൃശ്യചിഹ്നങ്ങളിലൂടെയാണ് സിനിമ അതിന്റെ സാംസ്കാരികപരിസരം സൃഷ്ടിക്കുന്നത്. മിന്നൽ , അഗ്നി, കുരിശ്, കുന്തം, സെന്റ് ജോർജ് തുടങ്ങിയ ചിഹ്നപരമ്പരകൾ മിന്നൽ മുരളിയുടെ സാംസ്കാരിക ചുറ്റുപാടിനെ രൂപപ്പെടുത്തുന്നുണ്ട്. മിന്നൽ മുരളിയിൽ ഉപയോഗിച്ചിരിക്കുന്ന ദൃശ്യസൂചനകൾ പലതും ബൈബിൾ പ്രതീകങ്ങളാണ്. സാധാരണക്കാരനെ സൂപ്പർഹീറോ ആക്കുന്ന മിന്നലിന്റെ പൂർവമാതൃക അപ്പോസ്തലനായ പൗലോസിന്റെ ജീവിതത്തിൽ കാണാം. ദൈവതേജസ്സ് മിന്നൽപോലെ വന്നുവീഴ്ത്തിയതിനു ശേഷമാണ് സാധാരണക്കാരനായിരുന്ന ശൗൽ വീരപ്രവൃത്തികൾ ചെയ്യുന്ന പൗലോസായി മാറിയത്. പൗലോസിനു മുന്നിൽ കാരാഗൃഹത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടതിനെ അനുസ്മരിപ്പിച്ചുകൊണ്ട് ജയ്സനും ജയിലിൽനിന്നു പുറത്തുവരുന്നുണ്ട്. എന്നാൽ മിന്നൽ മുരളി തന്റെ ശക്തിക്കു പിന്നിൽ ഒരു ദൈവികതയും അവകാശപ്പെടുന്നില്ലെങ്കിലും ജനങ്ങൾ ജയ്സനെ ദേവനാക്കുന്നുണ്ട്. 'മിന്നൽ മുരളി ഈ വാഹനത്തിന്റെ ഐശ്വര്യം' എന്ന മേലെഴുത്ത് ഉദാഹരണമാണ്. മതചിഹ്നങ്ങളെ പാർശ്വവത്കരിച്ചുകൊണ്ടാണ് ജയ്സൻകേന്ദ്രസ്ഥാനത്തക്ക് കടന്നുവരുന്നത്. പള്ളിക്കും കുരിശിനും മീതെയാണ് ജയ്സന്റെ വീരനായകത്വം നിലകൊള്ളുന്നത്. ഈ ചിഹ്ന-വ്യവഹാര ഘടനയിൽ ക്രിസ്തുവിന്റെ പുനരാഗമനംപോലെയുള്ള സഭയുടെ അടിസ്ഥാനവിശ്വാസങ്ങൾക്ക് ആഖ്യാനഭ്രംശം സംഭവിക്കുന്നു. ഹാസ്യവിഷയമാകുന്ന തരത്തിൽ ആരാധനാലയത്തിന്റെ ഭിത്തി തകർത്ത് അതിമാനുഷൻ ആരാധനാമധ്യേ പതിക്കുന്ന രംഗം ഇവിടെ ഓർക്കാവുന്നതാണ്. അന്ത്യരംഗത്തും പുണ്യാളസ്ഥാനമാണ് ജയ്സന് നൽകിയിരിക്കുന്നത്. എന്നാൽ അതിനു മുമ്പ് ക്രിസ്തുവിന്റെ മരണത്തെയും ഉയിർപ്പിനെയും ഓർമിപ്പിക്കുന്ന തരത്തിലുള്ള വീഴ്ചയും ഉണർച്ചയും ജയ്സന് സംഭവിക്കുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ബൈബിളുമായി ഇടഞ്ഞും ഇണങ്ങിയും പോകുന്ന സാംസ്കാരിക സൂചനകൾ മിന്നൽ മുരളിയിൽ കാണാം.
മിന്നൽ മുരളിയിലെ രക്ഷകബിംബം മുമ്പു സൂചിപ്പിച്ചതുപോലെ ആത്മരതിയാൽ പ്രചോദിതമാണ്. അത് സിനിമ അവതരിപ്പിക്കുന്ന ഇരുപക്ഷങ്ങളിലും ബാധകമാണ്. പൊതു താൽപര്യത്തിനു മേൽ സ്വകാര്യതാൽപര്യം നാശോന്മുഖമായി പ്രവർത്തിക്കുന്ന ഭീകരത ഏറ്റെടുക്കാൻ തീവ്രവാദിസംഘടനകൾ തുനിയാറുണ്ട്. നന്മപ്രവൃത്തി ചെയ്താൽ അത് പരസ്യപ്പെടുത്തുന്നതും സാമൂഹിക രാഷ്ട്രീയശീലമാണ്. ഖജനാവിലെ പണമാണെങ്കിലും ജനപ്രതിനിധികൾ ചെറിയ നിർമിതികളിൽപ്പോലും അവരുടെ പേര് വലിയ അക്ഷരത്തിൽ എഴുതിവെക്കാറുണ്ട്. മിന്നൽ മുരളിമാരും ഇതുതന്നെയാണ് അനുവർത്തിക്കുന്നത്. മിന്നൽ മുരളിയിലെ രക്ഷകബിംബം പിതൃരാശിയിലുള്ളതാണെന്നും എടുത്തുപറയേണ്ടതാണ്. പോരാട്ടഭൂമിയിൽ തളർന്നു കിടക്കുന്ന ജയ്സനെ ശാക്തീകരിക്കുന്നത് കുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞ സൂക്തങ്ങളാണ്. മിന്നൽ മുരളിയിൽ സ്ത്രീകഥാപാത്രങ്ങൾ പാർശ്വവത്കരിക്കപ്പെടുന്നു എന്ന് മുമ്പു സൂചിപ്പിച്ച ആശയവുമായും ഇതിനെ കൂട്ടി വായിക്കാവുന്നതാണ്. ക്ഷമതയുണ്ടായിട്ടും രക്ഷകബിംബമായി ഉയർത്തപ്പെടാതെ പോകുന്നു കരാട്ടേ അധ്യാപികയായ ബിജി. ആണത്തം എന്ന അതിശക്തി ഓരോ പുരുഷനെയും നിയന്ത്രിക്കുന്നുവെന്നാണ് പിയറി ബോർദ്യു നിരീക്ഷിക്കുന്നത് (Masculine Domination, 2002). ജയ്സന് താൻ ഒരു അനിവാര്യതയാണെന്ന തിരിച്ചറിവ് അപ്രകാരമാണുണ്ടാവുന്നത്. സിനിമയുടെ തുടക്കത്തിൽ അമേരിക്കയെ സ്വപ്നഭൂമിയായി കാണുന്ന ജയ്സനെയാണ് കാണുന്നതെങ്കിലും തന്നെ ഈ നാടിന് വേണമെന്ന് സ്വയം പ്രഖ്യാപിക്കുന്ന കഥാപാത്രത്തെയാണ് ഒടുക്കം കാണാൻ കഴിയുക. കുറുക്കൻമൂലയിലെ സകലരെയും അയോഗ്യരാക്കുന്ന പ്രക്രിയയാണ് സിനിമയുടെ അവസാനമുള്ളത്. പൊലീസും നിയമവ്യവസ്ഥയും വരെ അയോഗ്യമാക്കപ്പെടുന്ന പട്ടികയിലുണ്ട്. പൊലീസും നിയമവ്യവസ്ഥയും നിസ്സഹായരാണെന്ന് പ്രഖ്യാപിച്ച് തന്റെ മുന്നിൽ മുട്ടുമടക്കിയതിനു ശേഷമാണ് ജയ്സൻ വേഷത്തിലും സൂപ്പർമാൻ ആയി മാറുന്നത്. ഷിബു ആകട്ടെ നിയമസംവിധാനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തികളാണ് ചെയ്യുന്നത്. തയ്യൽക്കടക്ക് തീയിട്ടിട്ട് ''നാട്ടുകാരേ ഓടിവരണേ കടയ്ക്കു തീപിടിച്ചേ'' എന്ന് ഒച്ചവെച്ച് ആളെ കൂട്ടിയതും മിന്നൽ മുരളിയെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന പരസ്യപ്പലക പിടിച്ചിരുന്നതും എല്ലാം അന്വേഷണത്തെ വഴിതിരിച്ചുവിടുന്നതിനായിരുന്നു. എന്നാൽ, ഷിബുവിന്റെ അന്ത്യത്തെ സഹ്യന്റെ മകനു സംഭവിച്ച ദുരന്തത്തിനു സമാനമായി കാണുന്ന പ്രേക്ഷകരുമുണ്ട്.
90കളിലെ കേരളീയ കുഗ്രാമത്തിൽ ഹീറോ ആകണമെങ്കിൽ വിദേശജോലി തരപ്പെടണമായിരുന്നു എന്ന ചരിത്രയുക്തിയും ജയ്സനിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. തയ്യൽക്കട, പടക്കനിർമാണം, ചായപ്പീടിക, സ്റ്റുഡിയോ തുടങ്ങിവയാണ് അവിടത്തെ വലിയ സംരംഭങ്ങൾ. പൊലീസ് സ്റ്റേഷനും പള്ളിയുമാണ് പ്രധാന സ്ഥാപനങ്ങൾ. ഇവ എല്ലാറ്റിനും മീതെയാണ് ഒറിജിനൽ മിന്നൽ മുരളി എന്ന് സിനിമ സ്ഥാപിക്കുന്നു (ഒറിജിനൽ അല്ലെങ്കിലും). അതിനായി ഉയരത്തിൽനിന്നു വരുന്നവൻ എന്ന പ്രതീതി ജനിപ്പിക്കുന്ന ദൃശ്യഖണ്ഡമാണ് അവിടെ ഉപയോഗിച്ചിരിക്കുന്നതും. കുറുക്കൻമൂലയിൽനിന്നു പറക്കുന്നതിനുള്ള ശ്രമങ്ങളാണ് ജയ്സൻ നടത്തിക്കൊണ്ടിരുന്നത്. അതു സാധിക്കുന്നില്ലെങ്കിലും ദേവാലയ ഗോപുരമുകളിൽനിന്ന് ചാടിയിറങ്ങുന്ന ജയ്സൻ തന്റെ അതിമാനുഷഭ്രമം സാക്ഷാത്കരിക്കുന്നുണ്ട്. വ്യത്യസ്തമായ സൂപ്പർഹീറോ ചിത്രം എന്ന ആശയത്തോട് ഇണങ്ങുന്ന തരത്തിൽ സജ്ജമാക്കപ്പെട്ട അഭിനേതാക്കളും പരിധികൾ ലംഘിക്കാത്ത വിഷ്വൽ ഇഫക്ട്സും എല്ലാം മിന്നൽ മുരളിയുടെ പ്രത്യേകതയാണ്. ഹോളിവുഡിന്റെ കേവലാനുകരണത്തിനു ചലച്ചിത്രകാരൻ മുതിരാതെയിരുന്നതും വ്യത്യസ്ത ചലച്ചിത്രവായനകൾ നിർവഹിക്കുന്നതിനു സഹായകമായിട്ടുണ്ട്. അതിമാനുഷ കഥകളിൽനിന്ന് അകലം പാലിക്കുന്ന മലയാളിശീലത്തെ പരിഗണിച്ചുകൊണ്ടുതന്നെ അവരുടെ അതിമാനുഷഭ്രമത്തിന്റെ പ്രാതിനിധ്യം മിന്നൽ മുരളി നിർവഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.