‘റോഡ് മൂവികൾ’ എന്നു വിശേഷിപ്പിക്കാവുന്ന സിനിമകളെക്കുറിച്ചാണ് ഈ പഠനം. സിനിമ റോഡ്മൂവിയെ ശരിയായി പ്രയോജനപ്പെടുത്തിയോ? ഈ സിനിമകൾ എന്തു ദൗത്യമാണ് നിർവഹിച്ചത്? - വിശകലനം.
ഏറെ ആഴവും വ്യത്യസ്തമായ അർഥതലങ്ങളും വ്യാപ്തിയുമുള്ള ഒരു വാക്കാണ് യാത്ര. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള സഞ്ചാരം എന്ന സർവലളിതമായ ഒന്നിൽനിന്ന് ആത്മീയവും തത്ത്വചിന്താപരവുമായ ഒരുപാട് അർഥങ്ങളെ വരെ അത് ഉൾക്കൊള്ളുന്നു. ജീവിതം ഒരു യാത്രയാെണന്ന് പറയുംപോലെ. യാത്രപോയ ആളല്ല തിരികെ വരുന്നത് എന്ന് പറയുംപോലെ. അതേസമയം, ഭൗതികമായ സ്ഥലംമാറ്റങ്ങൾ ഇല്ലാതെ, നാം നിൽക്കുന്ന അതേ ഇടത്തുപോലും സംഭവിക്കുന്ന ഒന്നുകൂടിയാണ് യാത്ര. തികച്ചും ആന്തരികമായ യാത്രകൾ. കുറെക്കാലം മുമ്പുവരെ സാഹിത്യകൃതികളാണ് യാത്രകൾക്ക് പ്രേരണയായിരുന്നതെങ്കിൽ ഇന്നതിന്റെ സ്ഥാനം യാത്രാസിനിമകൾക്കാണ്; കഥാസിനിമയെന്നോ ഡോക്യുമെന്ററിയെന്നോ വ്യത്യാസമില്ലാതെതന്നെ. ‘മഞ്ഞ്’ വായിച്ച് നൈനിതാളിലേക്കും ‘വാനപ്രസ്ഥം’ വായിച്ച് കുടജാദ്രിയിലേക്കും ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ വായിച്ച് ഹരിദ്വാറിലേക്കും, ‘ഹിമവാന്റെ മുകൾത്തട്ടിൽ’ വായിച്ച് ഹിമാലയത്തിലേക്കും പോയപോലെ യാത്രാസിനിമകളും ഡോക്യുമെന്ററികളും വ്ലോഗുകളും ഇന്ന് യാത്രികരെ നയിക്കുന്നു.
യാത്രാസിനിമകൾ പ്രേക്ഷകരെ ആകർഷിക്കുന്നത് അതിലെ ചലനാത്മകതയും ഊർജവും അത് പകർന്നു നൽകുന്ന പോസിറ്റിവിറ്റിയും കൊണ്ടുകൂടിയാണ്. കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരെക്കൂടി കൂടെക്കൂട്ടുന്ന സിനിമകൾ. ഒരുവേള ചാരുകസേര യാത്രികരെപ്പോലും അതിൽനിന്ന് എഴുന്നേൽപിക്കുന്ന മായാജാലം.
യാത്രാസിനിമകൾ സൃഷ്ടിക്കുന്ന മറ്റൊരു ഫലം വിനോദ സഞ്ചാരമേഖലയിൽ ഉണ്ടാക്കുന്ന ചലനമാണ്. സിനിമയിൽ കടന്നുവരുന്ന സ്ഥലങ്ങൾ, ഭൂപ്രകൃതി, ഭക്ഷണം, പ്രവർത്തനങ്ങൾ ഇതൊക്കെ അവിടേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നു. ആളുകളെ യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നവകൂടിയാണ് നല്ല യാത്രാസിനിമകൾ. ഓരോ പ്രേക്ഷകനിലും അവ ഉണ്ടാവുന്നത് വ്യത്യസ്ത കാരണങ്ങൾകൊണ്ടാവുമെന്നു മാത്രം.
സഞ്ചാരികളുടെ മനഃശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ‘പുഷ് ആൻഡ് പുൾ’ ഘടകം എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് സിനിമാ ടൂറിസത്തിന്റെ കാര്യത്തിലും പ്രസക്തമാണ്. (Crompton JL, ,1979, Motivations for Pleasure Vacation) Beeton, 2010, The Advance of Film Tourism). പുഷ് ഫാക്ടർ എന്നത് ആന്തരികമായ പ്രേരണകൾ എന്ന് വിളിക്കപ്പെടുമ്പോൾ പുൾ ഫാക്ടറാണ് സിനിമ കാരണം ഉണ്ടാക്കപ്പെടുന്നത്. യാത്ര പോകാനുള്ള ആഗ്രഹം പുഷ് വിഭാഗത്തിലും എവിടെ പോകണം എന്ന തീരുമാനം പുൾ വിഭാഗത്തിലും വരുന്നു. അതേസമയം, യാത്ര പോകണം എന്ന തോന്നിപ്പിക്കലിനും യാത്രാസിനിമകൾ കാരണമാവാറുണ്ട് എന്നതാണ് എന്റെ നിരീക്ഷണവും അനുഭവവും.
ഏതു ജോണറിൽപെട്ട സിനിമയായാലും അത് ചിത്രീകരിച്ചതോ അതിൽ പരാമർശിക്കപ്പെട്ടതോ ആയ സ്ഥലങ്ങൾ കുറച്ച് പ്രേക്ഷകരെയെങ്കിലും യാത്രക്ക് പ്രേരിപ്പിക്കുമെന്നത് വസ്തുതയാണ്. അതിൽനിന്നൊക്കെ എത്രയോ മടങ്ങ് പ്രേരകശക്തിയാണ് യാത്രാ സിനിമകൾ നൽകുന്നത്.
‘നാച്ചുറൽ ബോൺ കില്ലേഴ്സ്’ (1994)
സിനിമ എത്തുന്നിടത്തെല്ലാം അതിന്റെ അനുരണനങ്ങൾ ഉണ്ടാവുന്നു. സിനിമ ചിത്രീകരിച്ച ഇടങ്ങൾ പിന്നെ അതിന്റെ പേരിൽ അറിയപ്പെടുന്നതായി മാറുന്നു. അത് കേരളത്തിലായാലും രാജ്യാന്തരതലത്തിലായാലും മാറ്റമൊന്നുമില്ല.‘ഓർഡിനറി’ സിനിമക്കുശേഷം ഗവിയും ‘ചാർളി’യിലെ ഒരു പരാമർശംകൊണ്ട് മാത്രം മീശപ്പുലിമലയും ‘ആനന്ദ’ത്തിലൂടെ ഹംപിയും സഞ്ചാരികളുടെ ശ്രദ്ധനേടിയത് സമീപകാല അനുഭവങ്ങളാണ്. എന്തിന്, ചിത്രീകരണശേഷം ഉപേക്ഷിക്കപ്പെട്ട സെറ്റുകൾപോലും സഞ്ചാരികളെ ആകർഷിക്കുന്നു. രാമോജി സ്റ്റുഡിയോപോലുള്ള കൃത്രിമ ഇടങ്ങളും.
ടൂറിസം വരുമാനം ലക്ഷ്യമിട്ട് ഇന്ന് പല രാജ്യങ്ങളും സംസ്ഥാനങ്ങളും അവിടെ സിനിമാ ചിത്രീകരണം പ്രോത്സാഹിപ്പിക്കുകയും സബ്സിഡി അടക്കമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇതിന്റെ മറുവശമെന്നോണം സഞ്ചാരികളുടെ തള്ളിക്കയറ്റം കാരണം കുറെക്കാലത്തേക്ക് സ്വാഭാവിക ജീവിതാന്തരീക്ഷം നഷ്ടപ്പെട്ട സ്ഥലങ്ങളും ഉണ്ടായിട്ടുണ്ട്. പരിസ്ഥിതിനാശത്തിനും ഈ സഞ്ചാരബാഹുല്യം ഇടയാക്കിയിട്ടുണ്ട്. പലപ്പോഴും ഒരു സിനിമ തങ്ങളിൽ ഉണ്ടാക്കിയ അതേ വൈകാരിക അനുഭവങ്ങൾ കൂടി പ്രതീക്ഷിച്ചാണ് സന്ദർശകർ/പ്രേക്ഷകർ ഈ സ്ഥലങ്ങളിലെത്തുക എന്നൊരു കുഴപ്പംകൂടിയുണ്ട്. അത് ചിലപ്പോൾ നിരാശജനകവും ആയേക്കാം. സിനിമയിൽ കഥാസാഹചര്യം അനുസരിച്ച് മോശമായി ചിത്രീകരിക്കേണ്ടിവരുന്ന ഒരു മികച്ച സ്ഥലം അക്കാരണംകൊണ്ട് സന്ദർശകർ ഒഴിവാക്കുന്ന സാഹചര്യവും ഉണ്ടാകും. ഓരോ സിനിമയും അതിലെ സ്ഥലങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് നൽകുന്ന ചിത്രംപോലിരിക്കുമത്.
വാതിൽപുറ ചിത്രീകരണം തുടങ്ങും മുമ്പ് സ്റ്റുഡിയോകളിൽ നിർമിക്കപ്പെട്ടിരുന്നതുകൊണ്ടാവാം സിനിമയുടെ ആദ്യകാലങ്ങളിൽ ഇല്ലാതിരുന്നതും ഏറെ വൈകിമാത്രം കടന്നുവരുകയും ചെയ്ത ഒന്നാണ് യാത്രാ ഫീച്ചർ സിനിമകൾ. അതുകൊണ്ടുതന്നെ, സിനിമയുടെ ജോണർ തരം തിരിക്കലുകളിൽ യാത്രാസിനിമയെന്നത്, ഒരു സ്വതന്ത്ര വിഭാഗംപോലും ഇന്നും ആയിട്ടില്ല. നിരവധിപേർ ഇഷ്ടപ്പെടുന്ന ഒരു വിഭാഗമായിട്ടുപോലും അഡ്വഞ്ചർ വിഭാഗത്തിന്റെ ഉപവിഭാഗത്തിലാണ് പലപ്പോഴും യാത്രാസിനിമകൾ. ‘റോഡ് മൂവീസ്’ എന്ന പേരിലും ഇവ അറിയപ്പെടുന്നു.
കഥാപാത്രങ്ങൾ റോഡിലിറങ്ങി സഞ്ചരിക്കുന്ന കുറച്ച് രംഗങ്ങൾ മതി റോഡ് സിനിമയെന്ന ടാഗ് ലൈൻ വരാൻ. സിനിമയിൽ കാർയാത്രകളും ബൈക്ക് യാത്രകളുമൊക്കെ കടന്നുവരുന്നുവെങ്കിലും ഇവയൊക്കെ യാത്രാസിനിമകളുടെ അന്തസ്സത്ത ഉള്ളതാവണമെന്നില്ല. അതുകൊണ്ടുതന്നെ റോഡ് മൂവീസ് വിഭാഗം ശരിക്കുള്ള യാത്രാസിനിമകൾ തേടുന്ന പ്രേക്ഷകരെ പലപ്പോഴും വഴിതെറ്റിക്കും.
യാത്രകൾ കടന്നുവരുന്ന സിനിമകളിലും റോഡ് മൂവികളിലും ആവർത്തിച്ച് വരുന്ന കുറെ പ്രമേയങ്ങളുണ്ട്. പൊലീസിൽനിന്നോ നീതിന്യായ സ്ഥാപനങ്ങളിൽനിന്നോ രക്ഷപ്പെട്ട് ഒളിച്ചോടുന്ന കഥാപാത്രങ്ങൾ, മാതാപിതാക്കളെ അന്വേഷിച്ച് പോകുന്നവർ, യുദ്ധമേഖലയിൽനിന്ന് പലായനം ചെയ്യുന്നവർ, സ്വന്തം രാജ്യത്തുനിന്ന് മറ്റൊരിടത്തേക്ക് അനധികൃതമായി കുടിയേറുന്നവർ, അപകടങ്ങളിലും മറ്റും ഒറ്റപ്പെട്ട് അതിജീവനത്തിന് ശ്രമിക്കുന്നവർ, വെസ്റ്റേൺ എന്ന് വിളിക്കപ്പെടുന്നതരം സിനിമകൾ തുടങ്ങിയവയൊക്കെ ഇങ്ങനെ ആവർത്തിക്കുന്ന വിഷയങ്ങളാണ്. നിയമത്തിൽനിന്ന് രക്ഷപ്പെട്ട് ഓടുന്ന കുറ്റവാളി മിഥുനങ്ങൾ, റോഡ് സിനിമകളിൽ ആദ്യകാല സിനിമകൾ മുതൽ നിരന്തരം ആവർത്തിക്കപ്പെടുന്ന ഒന്നാണ്.
‘യു ഒൺലി ലിവ് വൺസ്’ (1937), ‘പേഴ്സൻസ് ഇൻ ഹൈഡിങ്’ (1939), ‘ദെ ലിവ് ബൈ നെറ്റ്’ (1949), ‘ദ സാഡിസ്റ്റ്’ (1963), ‘ഗൺ ക്രേസി’ (1949), ‘ബോണി ആൻഡ് ക്ലൈഡ്’ (1967), ‘ദ ഗെറ്റവേ’ (1972), ‘ബാഡ്ലാൻഡ്സ്’ (1973), ‘ബിഗ് ബാഡ് മമ്മ’ (1974), ‘ദ ഷുഗർലാൻഡ് എക്സ്പ്രസ്’ (1974), ‘തീവ്സ് ലൈക് അസ്’ (1974), ‘വൈൽഡ് അറ്റ് ഹാർട്ട്’ (1990), ‘തെൽമ ആൻഡ് ലൂയിസ്’ (1991), ‘കാലിഫോർണിയ’ (1993), ‘ട്രൂ റൊമാൻസ്’ (1993), ‘ദ ഗെറ്റവേ’ (1994), ‘ലവ് ആൻഡ് എ.45’ (1994), ‘നാച്ചുറൽ ബോൺ കില്ലേഴ്സ്’ (1994) തുടങ്ങിയവ അതിൽ ചിലതാണ്.
കോമഡി സിനിമകളാണ് ആവർത്തിച്ചുവരുന്ന മറ്റൊരു ഉപവിഭാഗം ‘റോഡ് ടു സിംഗപ്പൂർ’ (1940), ‘റോഡ് ടു സാൻസിബാർ’ (1941), ‘റോഡ് ടു മൊറോക്കോ’ (1942), ‘റോഡ് ടു ഉട്ടോപ്യ’ (1946), ‘റോഡ് ടു റിയോ’ (1947), ‘റോഡ് ടു ബാലി’ (1952), ‘റോഡ് ടു ഹോങ്കോങ്’ (1962), ‘ദ ലോങ് ലോങ് ട്രെയിലർ’ (1954), ‘ഇറ്റ്സ് എ ഗിഫ്റ്റ്’ (1934), ‘ദ ഗ്രേറ്റ് റേസ്’ (1965), ‘ഇറ്റ്സ് എ മാഡ് മാഡ് മാഡ് വേൾഡ്’ (1963), ‘ദോസ് ഡയറിങ് യങ് മെൻ ഇൻ ദെയർ ജോണ്ടി ജലോപീസ്’ (1969)... ഇതൊക്കെ ആദ്യകാല കോമഡി റോഡ് സിനിമകളാണ്.
‘തെൽമ ആൻഡ് ലൂയിസ്’ (1991)
സിനിമകളെക്കുറിച്ച് ആയിരക്കണക്കിന് ലേഖനങ്ങളും പുസ്തകങ്ങളും ലോകത്തുണ്ട്. അതിൽ യാത്രാസിനിമകളെക്കുറിച്ചുള്ളവ തുലോം കുറവാണ് എന്നത് ഒരു വസ്തുതയാണ്. 1982ലെ ‘ദി റോഡ് മൂവീസ്’ (മാർക് വില്യംസ്) ആവും ഈ വിഷയത്തിൽ ലോകത്തിലെ ആദ്യ പുസ്തകം. പിന്നീട് ‘ദി റോഡ് മൂവി ബുക്ക്’ (സ്റ്റീവൻ കൊഹൻ, ‘ഇന റേ ഹാർക്ക്’ 1997), ‘എ സിനിമ വിത്തൗട്ട് വാൾസ്’ (തിമോത്തി കൊറിഗൻ 1991), ‘ലോസ്റ്റ് ഹൈവേയ്സ്’ (ജാക് സർജന്റ്, സ്റ്റെഫാനി വാട്സൺ -1999), ‘ഡ്രൈവിങ് വിഷൻസ്’ (ഡേവിഡ് ലാഡർമാൻ 2002), ‘ക്രോസിങ് ന്യൂ യൂറോപ്’ (മസീർക്ക, റസ്കറോളി) എന്നിവയും പുറത്തിറങ്ങി.
1895ലാണ് ലൂമിയർ ബ്രദേഴ്സ് സിനിമാറ്റോഗ്രാഫ് നിർമിക്കുന്നതും തുടർന്ന് ചലനചിത്രങ്ങളുമായി രംഗത്തു വരുന്നതും. അവരുടെ പ്രധാന ആദ്യകാല ചിത്രങ്ങളിലൊന്നായ ‘അറൈവൽ ഓഫ് ട്രെയിൻ’, ‘ദി ഫോട്ടോഗ്രഫിക്കൽ കോൺഗ്രസ് അറൈവ്സ് ഇൻ ലിയോൺ’ എന്നിവയൊക്കെ ആദ്യത്തെ ട്രാവൽ സിനിമകളായോ ട്രാവൽ ഡോക്യുമെന്ററികളായോ പറയാം. ജോർജ് മെലിസിന്റെ ‘എ ട്രിപ് ടു ദി മൂൺ’ (1902) ആദ്യകാല സയൻസ് ഫിക്ഷൻ വിഭാഗത്തിലാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഒരു യാത്രാസിനിമകൂടിയാണ്.
ന്യൂസ് റീലുകളായും ലോകത്തിലെ അപൂർവ കാഴ്ചകളായും പ്രദർശിപ്പിച്ചിരുന്ന കഥേതര സിനിമകളാണ് യാത്രാ സിനിമകളുടെ ആദ്യകാല രൂപങ്ങൾ. ഫീച്ചർ സിനിമകളെക്കാളും ഡോക്യുമെന്ററികളാണ് യാത്രാസിനിമയിൽ ആദ്യകാലത്ത് നിറഞ്ഞുനിന്നിരുന്നത്. ഇക്കാലത്തും അങ്ങനെതന്നെയാണ്.
‘നാനൂക് ഓഫ് ദി നോർത്ത്’ (1922) ചെയ്ത ഡോക്യുമെന്ററി സംവിധായകൻ റോബർട്ട് ഫ്ലാഹർട്ടിയെയാണ് യാത്രാസിനിമകളുടെ പിതാവായി, നിരവധി യാത്രാ സിനിമകൾ ചെയ്ത വാൾട്ടർ സാലെസ് കണക്കാക്കുന്നത്. ‘നാനൂക്കും’, ‘സോങ് ഓഫ് സിലോണു’മൊക്കെയാണ് (ബേസിൽ റൈറ്റ്സ് 1934) യാത്രകളെ ആദ്യകാലത്ത് അടയാളപ്പെടുത്തിയ സിനിമകൾ. ആദിമമനുഷ്യന്റെ നാടോടി ജീവിതത്തെയാണ് യാത്രകളുടെ പ്രേരകശക്തിയായി വിം വെന്റഴ്സ് സൂചിപ്പിക്കുന്നത്. ലാസ്കോവിലെയും അൽത്താമിറയിലെയും ഗുഹാചിത്രങ്ങൾ യാത്രയുടെ ആദിമരൂപങ്ങളും.
‘ഇറ്റ് ഹാപ്പൻഡ് വൺ നൈറ്റ്’ (1934), ‘ദി വിസാർഡ് ഓഫ് ഓസ്’ (1939), ‘സ്റ്റേജ് കോച്ച്’ (1939), ‘ദി ഗ്രേപ്സ് ഓഫ് റാത്ത്’ (1940), ‘ദെ ഡ്രൈവ് ബൈ നൈറ്റ്’ (1940), ‘സള്ളിവൻസ് ട്രാവൽസ്’ (1941), ‘ഡീ ടൂർ’ (1946) എന്നിവയൊക്കെ ആദ്യകാല ക്ലാസിക് റോഡ് സിനിമകളായി കണക്കാക്കപ്പെടുന്നു.
റോഡ് മൂവീസ് എന്ന വിഭാഗത്തിൽ ഹോളിവുഡ് സിനിമകൾതന്നെയാവും കൂടുതൽ എങ്കിലും, യാത്ര ഒരു അനുഭവമായി കടന്നുവരുന്ന സിനിമകളിൽ ലാറ്റിൻ അമേരിക്കൻ സിനിമകളാണ് മുന്നിൽ. വാൾട്ടർ സാലെസ് പോലെയുള്ള സംവിധായകർ ലാറ്റിൻ അമേരിക്കൻ യാത്രാസിനിമകളെ ശ്രദ്ധേയവുമാക്കുന്നു. പരസ്പരം ഒരേ വേരുകളും സംസ്കാരവും ഭാഷയുമൊക്കെ പങ്കുവെക്കുന്ന ഈ രാജ്യങ്ങൾക്കിടയിൽ സഞ്ചാരമെന്നത് ഒരു ജീവിതരീതികൂടിയായതുകൊണ്ടുമാവാം തെക്കേ അമേരിക്കൻ സിനിമകളിൽ യാത്ര ജീവസ്സുറ്റതായി മാറുന്നത്. ദൈർഘ്യമേറിയ യാത്രകൾ ആവശ്യമായി വരുന്ന ആസ്ട്രേലിയ, കാനഡപോലെയുള്ള വലിയ രാജ്യങ്ങളിൽ യാത്രാസിനിമകൾ സ്വാഭാവികമായി സംഭവിക്കുമ്പോഴും, മറ്റൊരു വലിയ രാജ്യമായ ഇന്ത്യയിൽ യാത്രാസിനിമകൾ ഉണ്ടായത് ഏറെ വൈകിയാണ്. പ്രാദേശിക സിനിമാതലത്തിൽനിന്നും പാൻ ഇന്ത്യൻ സിനിമകൾ സംഭവിക്കുന്ന 21ാം നൂറ്റാണ്ടുവരെ അവ താമസിച്ചുവെന്ന് വേണമെങ്കിൽ പറയാം.
പുറപ്പെട്ടു പോക്ക്, ഏത് ദേശത്തും വ്യക്തികളുടെ കലാപത്തിന്റെയോ പ്രതിഷേധത്തിന്റെയോ ഉൾസംഘർഷങ്ങളുടെയോ അടയാളങ്ങളാണ്. അതുകൊണ്ടുതന്നെയാവും യാത്രാസിനിമകളിൽ പലപ്പോഴും അത് അങ്ങനെ അടയാളപ്പെടുത്തപ്പെടാറുമുള്ളത്. അത് സമൂഹം, കുടുംബം, സ്റ്റേറ്റ് തുടങ്ങിയ എസ്റ്റാബ്ലിഷ് മെന്റുകളോടുള്ള എതിർപ്പുകൂടിയായി മാറുന്നുണ്ട്. വ്യക്തിപരവും സാംസ്കാരികപരവുമായ അസ്തിത്വദുഃഖമാണ് അറുപതുകളിലെയും എഴുപതുകളിലെയുമൊക്കെ റോഡ് മൂവീസ്.
പലപ്പോഴും ആത്മാന്വേഷണത്തിന്റെ സ്വയം കണ്ടെത്തലിലും പരിവർത്തനത്തിലുമാണ് ഇത്തരം സിനിമകൾ അവസാനിക്കാറ്. ‘ദി സെർച്ചേഴ്സ്’ (ജോൺ ഫോർഡ്), ‘ഡീ ടൂർ’ (എഡ്ഗാർ ജി ഉൽമർ 1945), ‘എംപറർ ഓഫ് ദി നോർത്ത് പോൾ’ (1973), ‘ദി ഗ്രേപ്സ് ഓഫ് റാത്ത്’ (1940) തുടങ്ങിയവയൊക്കെ ഇത്തരം വിഷയങ്ങൾ പറയുന്നു.
കാലത്തിന്റെ മാറ്റം യാത്രാ സിനിമകളിലും കടന്നുവരുന്നുണ്ട്. പുരുഷകേന്ദ്രീകൃതമായ, പുരുഷൻ മാത്രം യാത്രചെയ്തിരുന്ന ഒന്നായിരുന്നു ആദ്യകാല സിനിമകൾ. വെസ്റ്റേൺ സിനിമകളും മോട്ടോർ സൈക്കിൾ സിനിമകളുമൊക്കെ അത്തരം പുരുഷയാത്രകളുടെ കഥകൾ മാത്രമായിരുന്നു. എന്നാൽ ഇന്ന്, തനിച്ചോ കൂട്ടായോ യാത്രചെയ്യുന്ന സ്ത്രീകളിലേക്കും യാത്രാസിനിമകൾ എത്തിനിൽക്കുന്നു. 1990കളിൽ ‘തെൽമ ആൻഡ് ലൂയിസ്’ (1991 റിഡ്ലി സ്കോട്ട്) ആയിരിക്കണം അതിന് നാന്ദി കുറിച്ചത്. ഇന്നാവട്ടെ ഗേ, ലെസ്ബിയൻ കഥാപാത്രങ്ങൾക്കും കുറവില്ല. ഏതുതരം കഥാപാത്ര കോമ്പിനേഷനുകളിലേക്കും ഇന്ന് യാത്രാസിനിമകൾ പാകമായിരിക്കുന്നു.
1960കളിലാണ് റോഡ് മൂവീസ് എന്ന പേരിൽ അമേരിക്കൻ സിനിമകൾ തരംതിരിക്കപ്പെട്ടു തുടങ്ങിയത്. കഥാപാത്രങ്ങൾ റോഡ് സഞ്ചാരം ചെയ്യുന്ന, അല്ലെങ്കിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള സഞ്ചാരത്തിൽ കഥ നടക്കുന്ന സിനിമകളാണ് അവ. പിന്നീട് പക്ഷേ, ഈ വിഭാഗത്തിൽ നിരവധി ഉപവിഭാഗങ്ങൾ ആവശ്യമായ തരം സിനിമകൾ വന്നു. ഡെന്നിസ് ഹോപ്പറുടെ ‘ഈസി റൈഡേഴ്സ്’ റോഡ് മൂവി വിഭാഗത്തിൽ കാര്യമായ പൊളിച്ചെഴുത്ത് നടത്തുകയുണ്ടായി. ഒരു കൾട്ട് മൂവിയായി ‘ഈസി റൈഡേഴ്സ്’ വിവക്ഷിക്കപ്പെടുന്നു.
ഓർക്കേണ്ടത് ഒരു കാര്യമാണ്. യാത്രാസിനിമകൾ റോഡ് മൂവീസ് തന്നെ ആവണമെന്നില്ല. അതിന്റെ സാധ്യതകളും പ്രയോഗങ്ങളും റോഡ് മൂവീസ് എന്നതിനപ്പുറം കടന്നുകഴിഞ്ഞിരിക്കുന്നു. വിമാനയാത്രകളും കപ്പൽയാത്രകളും വനയാത്രകളും എല്ലാം യാത്രാമാധ്യമങ്ങളായി ഉപയോഗിച്ചു തുടങ്ങിയിട്ടും റോഡ് മൂവീസ് എന്ന ഉപവിഭാഗത്തിൽനിന്നും ട്രാവൽ മൂവീസ് എന്ന വിശാലതയിലേക്ക് ജോണർ ലോകം ഇനിയും പരിവർത്തനം ചെയ്യപ്പെട്ടുവരുന്നേയുള്ളൂ എന്നതൊരു തമാശയാണ്.
റോഡ് ട്രിപ് മൂവി ഫോർമുല ഹോളിവുഡിന് അനന്തമായി തോന്നുന്ന ആഴക്കടലാണ്. ഈ സിനിമാഫോർമുലയുടെ സൗകര്യമാർന്ന സ്വഭാവം റോഡ് എന്ന ആശയത്തിൽ നിരവധി വ്യതിയാനങ്ങൾ നിർമിക്കാൻ ചലച്ചിത്രപ്രവർത്തകരെ പ്രേരിപ്പിച്ചിട്ടുണ്ട്. യാത്രാ സിനിമകൾ കൈകാര്യം ചെയ്യുന്നത് ജേണിയാണ്, ഡെസ്റ്റിനേഷൻ അല്ല എന്ന് പറയാറുണ്ട്. പലപ്പോഴും യാത്രയെന്നത് ഡെസ്റ്റിനേഷൻ ആയി ധരിക്കപ്പെടുമ്പോൾ അത്തരം ഡെസ്റ്റിനേഷൻ സിനിമകളും യാത്രാ സിനിമകൾ എന്ന പേരിൽ മുദ്രയടിക്കപ്പെടാറുണ്ട്. ‘ലോസ്റ്റ് ഇൻ ട്രാൻസ് ലേഷൻ’, ‘അണ്ടർ ദി ടസ്കൻ സൺ’, ‘ദി ഹോളിഡേ’, ‘ഈറ്റ് പ്രേ ലവ്’ എന്നിവയൊക്കെ അത്തരം മുദ്ര കിട്ടിയ ഡെസ്റ്റിനേഷൻ സിനിമകളാണ്.
യാത്രാസിനിമകളുടെ പൊതുവെയുള്ള പ്രത്യേകത അതിന്റെ ചടുലതയാണ്. പ്രേക്ഷകർ പൊതുവേ വിമർശിക്കുന്ന മന്ദതാളം ഇത്തരം സിനിമകളിൽ അപൂർവമാണ്. സഞ്ചരിക്കുന്ന കാമറതന്നെയാവും ഒരു കാരണം. വാഹനത്തിനകത്തും പുറത്തും നിന്ന് കാമറ വേഗതയുടെ ദൃശ്യങ്ങൾ കണ്ടെടുക്കുന്നു. സ്ക്രീനിൽ മാറിമറയുന്ന ദൃശ്യങ്ങൾ രംഗത്തിന് വേഗത തോന്നിപ്പിക്കുന്നു. മനോഹരമായ ലാൻഡ്സ്കേപ്പുകൾ പ്രേക്ഷകരെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു.
റോഡ് സിനിമകളുടെ നിർവചനത്തിൽ ഒന്ന് അതിന്റെ പ്രവചനാതീതതയാണെന്ന് വാൾട്ടർ സാലെസ് പറയുന്നുണ്ട്. ഒരേ വഴിയിൽ നിരവധി തവണ സഞ്ചരിച്ചാലും അടുത്തതവണ എന്താവും കാണുകയെന്ന് പ്രതീക്ഷിക്കാനാവില്ല. മഞ്ഞ് പെയ്താലും മഴ പെയ്താലും അതിനെ ഉൾക്കൊള്ളിക്കുകതന്നെ വഴി. സാലസ് പറയുന്നു. യഥാർഥ യാത്രകളും അങ്ങനെത്തന്നെയാണല്ലോ. പ്രവചനാതീതം. അപ്രതീക്ഷിതം. റോഡിൽ നടക്കുന്നവ വെച്ച് മാത്രമേ റോഡ് മൂവികൾക്ക് രൂപപ്പെടാനാവൂ.
ഫീച്ചർ യാത്രാസിനിമകൾ ഫിക്ഷന്റെയും ഡോക്യുമെന്ററിയുടെയും മിശ്രണമാണ്. കഥാംശങ്ങൾ ഫിക്ഷൻ ആവുമ്പോഴും സഞ്ചാരമെന്നത് യാഥാർഥ്യമായിത്തന്നെ ചിത്രീകരിക്കപ്പെടുന്നു (അത് യഥാർഥ ലൊക്കേഷൻതന്നെ ആവണമെന്നില്ലെങ്കിലും). വഴിയിൽ കടന്നുപോകുന്നവരോ കണ്ടുമുട്ടുന്നവരോ യഥാർഥത്തിൽ ഉള്ളവരാകാം. ഫിക്ഷന്റെയും ഡോക്യുമെന്ററിയുടെയും നേർത്ത അതിർവരമ്പുകൾ..!
ലോകസിനിമാ മേഖലയിൽ, മുഖ്യധാരയിലാവട്ടെ, സ്വതന്ത്ര സിനിമാരംഗത്താവട്ടെ, ഇക്കാലത്ത് താൽപര്യവും പ്രശസ്തിയും ഏറിവരുന്ന ഒന്നാണ് യാത്രാ സിനിമ. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ഷൂട്ടിങ് സംഘത്തെ നിരന്തരമായി മാറ്റിക്കൊണ്ടിരിക്കേണ്ടി വരുന്നത് യാത്രാസിനിമകളുടെ നിർമാണെച്ചലവ് വർധിപ്പിക്കുന്ന കാര്യമാണ്. പൊതുവേ ചെറിയ ബജറ്റിൽ നിർമിക്കുന്ന ഒന്നാണ് മലയാള സിനിമ. യാത്രാസിനിമകൾ ഇതുവരെ മലയാളത്തിൽ മാത്രമല്ല, ഇന്ത്യൻ ഭാഷകളിലും കുറച്ചുമാത്രം നിർമിക്കപ്പെടാനുള്ള ഒരു കാരണവും ഈ വർധിച്ച നിർമാണച്ചെലവുതന്നെയാണ്. ചലച്ചിത്രനിർമാണം സാങ്കേതികമായി ഏറെ മാറിയ ഇക്കാലത്ത്, ഡിജിറ്റൽ സിനിമ നിർമാണം എളുപ്പമായി മാറുമ്പോൾ മുൻ കാലങ്ങളിലെപ്പോലെ ബുദ്ധിമുട്ടേറിയ ഒന്നല്ല ഇപ്പോൾ യാത്രാസിനിമ. ആകാശ കാമറകൾ ഇപ്പോൾതന്നെ ചെറിയ സിനിമകളിൽപോലും യാത്രയുടെ ദൃശ്യങ്ങൾ സാധ്യമാക്കുന്നുണ്ട്.
അകലങ്ങൾ ഇല്ലാതായിക്കഴിഞ്ഞ, ടെലിവിഷന്റെയും ഇന്റർനെറ്റിന്റെയും പുതിയ ലോകത്ത്, യാത്രാസിനിമകളുടെ പ്രസക്തിയും നിലനിൽപും ചോദ്യമായേക്കാം. റോഡിനവസാനം എന്താണെന്നറിയാൻ യാത്രപോകേണ്ടതില്ലാത്ത കാലം. അവിടെ യാത്രാസിനിമകൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകത എന്താെണന്ന് വാൾട്ടർ സാലസ് ചോദിക്കുന്നുണ്ട്. അനുരൂപതയുടെ (Conformity) സംസ്കാരത്തെ നേരിട്ട് വെല്ലുവിളിക്കുകയാണ് റോഡ് മൂവീസ്. അനുഭവങ്ങളെക്കുറിച്ചാണ് അവ. എല്ലാറ്റിനും ഉപരിയായി അവ യാത്രയെക്കുറിച്ചാണ്. വ്യത്യസ്തരായ മറ്റുള്ളവരിൽനിന്നും എന്ത് പഠിക്കാമെന്നതാണ്. പ്രതിരോധത്തിന്റെയൊരു രൂപം എന്നനിലയിലും അവ പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയ സാമൂഹിക മാറ്റങ്ങൾ സൃഷ്ടിച്ച കുടിയേറ്റ കാലത്ത് നമ്മൾ ആരാണെന്നും എവിടെനിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോകുന്നതെന്നും പറയാൻ റോഡ് മൂവികൾ എന്നത്തേയുംപോലെ ആവശ്യമാണെന്ന് ഇതിന് ഉത്തരമായി ‘ന്യൂയോർക് ടൈംസി’ലെഴുതിയ ലേഖനത്തിൽ വാൾട്ടർ സാലസ് പറയുന്നു.
ഒരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ വ്യത്യസ്തവും വ്യതിരിക്തവുമായ സ്വഭാവസവിശേഷതകളെ അടയാളപ്പെടുത്തുന്നവയാണ് യാത്രാസിനിമകൾ. പ്രകൃതിദൃശ്യങ്ങളാണെങ്കിലും ആളുകളാണെങ്കിലും സംസ്കാരങ്ങളാണെങ്കിലും ഓരോ യാത്രാസിനിമകളും വ്യത്യസ്തമാകുന്നത് അതുകൊണ്ടാണ്; ഒരേ ഉള്ളടക്കവും ഒരേ സ്ഥലവും ആണെങ്കിൽപോലും. റീമേക്ക് സിനിമകളിൽപോലും ആ വ്യത്യാസം കാണാം. യാത്രകൾ പോലെത്തന്നെയാണത്.
യാത്രാസിനിമകളുടെ വെല്ലുവിളികളിലൊന്ന് പ്രേക്ഷകനെ താനും കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായി തോന്നിപ്പിക്കുക എന്നതാണ്. ഏതുതരം സിനിമയും ഇത് ആവശ്യപ്പെടുന്നുവെങ്കിലും യാത്ര പകരുന്ന അനുഭവം പ്രേക്ഷകരിലേക്ക് നൽകുക അത്ര എളുപ്പമല്ല.
റോഡ് സിനിമകൾ പലതും ക്ലീഷേ രംഗങ്ങൾകൊണ്ട് സമൃദ്ധമാണ്. അമേരിക്കൻ സിനിമകളിലെ സ്ഥിരം രംഗങ്ങളിലൊന്ന് പുറെകവന്ന് പരിശോധന നടത്തുന്ന പൊലീസ് ആണ്. മറ്റ് രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി അമേരിക്കൻ ഹൈവേകളിലെ ഒരു സ്ഥിരം അനുഭവമായിരിക്കാമത്. ഡ്രോണുകളുടെ ആഗമനം യാത്രാസിനിമകളെ കാര്യമായി സഹായിക്കുമെങ്കിലും നിരന്തരമായ ഉപയോഗംകൊണ്ട് അതുമൊരു ക്ലീഷേയായി മാറാനുള്ള സാധ്യതയും മുന്നിലുണ്ട്.
കാർ, ബൈക്ക് എന്നിവപോലെ ആർ.വി എന്നുവിളിക്കുന്ന റിക്രിയേഷൻ വെഹിക്കിൾ അമേരിക്കയിലും യൂറോപ്പിലും ആസ്ട്രേലിയയിലുമൊക്കെ നിത്യസാധാരണമായ ഒന്നാണ്. ആർ.വി പാർക്കിങ്ങിനും ക്യാമ്പിങ്ങിനുമൊക്കെ പ്രത്യേകം സ്ഥലവും സൗകര്യങ്ങളും അവിടെയുണ്ട്. കാരവൻ എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന ഇത്തരം വാഹനങ്ങളിൽ യാത്ര ഒരു ജീവിതശൈലിയാക്കിയ നിരവധി പേരുണ്ട്. അതുകൊണ്ടുതന്നെ വിദേശ യാത്രാസിനിമകളിൽ ആർ.വി ഒരു പ്രധാന ഘടകവുമാണ്. ഇന്ത്യയിൽ മോഡിഫൈഡ് വാഹനമായി കണക്കാക്കുന്ന കാരവൻ സിനിമാതാരങ്ങളുടെ വിശ്രമമുറി എന്നതിലപ്പുറം യാത്രാമാധ്യമമായി കാണുന്നുമില്ല. അതുകൊണ്ടുതന്നെ കാരവൻ കഥാപാത്രമാകുന്ന യാത്രാ സിനിമകൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ എന്നുപോലും സംശയമാണ്. യാത്രയെന്നത് നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായി മാറുമ്പോൾ മാത്രമേ യാത്ര വിഷയമായ കൂടുതൽ സിനിമകൾ ഉണ്ടാവുകയുള്ളൂ.
ലോക സിനിമയിലെ പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നായ യാത്രാസിനിമകൾ, അതിന്റെ കൃത്യമായ അർഥത്തിൽ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. കാലടിയിൽ നിന്ന് ശങ്കരാചാര്യർ നൂറ്റാണ്ടുകൾക്കുമുമ്പ് സഞ്ചാരിയായെങ്കിലും, ചേരമാൻ പെരുമാൾ മക്കത്ത് പോയെങ്കിലും വാസ്കോഡ ഗാമയടക്കം നിരവധി വിദേശസഞ്ചാരികൾ സന്ദർശകരായെത്തിയെങ്കിലും മലയാളികൾ പൊതുവേ സഞ്ചാരങ്ങൾക്ക് വിമുഖരായിരുന്നു. കഴിഞ്ഞ ഒന്നോ രണ്ടോ ദശാബ്ദത്തിലാവും യാത്ര ഒരു വികാരമായി മലയാളി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ വളരെ ശുഷ്കമായ അവസ്ഥയാണ് മലയാളത്തിലെ യാത്രാസിനിമകൾക്കും.
മലയാള സിനിമ, സ്റ്റുഡിയോ ഫ്ലോറുകൾക്ക് അകത്ത് ഒതുങ്ങിനിന്ന ഒന്നായിരുന്നു ഏറെക്കാലം.
‘കണ്ണൂർ ഡീലക്സ്’ (1969) ആവണം മലയാളത്തിലെ ആദ്യത്തെ മുഴുനീള യാത്രാസിനിമ. അതിനുപക്ഷേ സജീവമായൊരു തുടർച്ച ഉണ്ടായില്ല. ‘സ്വയംവരം’, ‘യാത്ര’, ‘യാത്രയുടെ അന്ത്യം’, ‘നമ്പർ 20 മദ്രാസ് മെയിൽ’, ‘ഏഴാം കടലിനക്കരെ’ തുടങ്ങി യാത്ര ഭാഗികമായി പശ്ചാത്തലമായ ഏതാനും സിനിമകൾ കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട്. രണ്ടായിരാമാണ്ട് മുതൽ ഇങ്ങോട്ടാണ് അതിന് അൽപമെങ്കിലും മാറ്റമുണ്ടായത്. ‘വീട്ടിലേക്കുള്ള വഴി’, ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘ഭ്രമരം’, ‘റാണി പത്മിനി’, ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’, ‘ട്രാഫിക്’, ‘പാസഞ്ചർ’, ‘നോർത്ത് 24 കാതം’, ‘ചാർലി’, ‘അനാർക്കലി’ തുടങ്ങിയ സിനിമകൾ പൂർണമായോ ഭാഗികമായോ യാത്ര വിഷയമാക്കി. യാത്രാ സിനിമയായി വിവക്ഷിക്കപ്പെടാത്തതും എന്നാൽ യാത്ര അതിന്റെ ആത്മീയമായ അർഥത്തിൽ ഉടനീളം കഥാപാത്രമാവുകയും ചെയ്ത ഒരു സിനിമയാണ് ജോൺ എബ്രഹാം സംവിധാനം ചെയ്ത, നിർമാണ പ്രദർശന രീതികൾ കൊണ്ട് വേറിട്ടുനിൽക്കുന്ന ‘അമ്മ അറിയാൻ’ (1986).
മികച്ച യാത്രാസിനിമകൾ പകരുന്ന ധ്യാനാത്മകമായൊരു അവസ്ഥയുണ്ട്. ബാഹ്യമായ സഞ്ചാരത്തിനൊപ്പം ആന്തരികമായ സഞ്ചാരംകൂടി അത് കഥാപാത്രങ്ങളിൽ സന്നിവേശിപ്പിക്കുന്നു. അത്തരം മികച്ചൊരു സിനിമാനുഭവമാണ് എമിലിയോ എസ്തവസ് സംവിധാനംചെയ്ത ‘ദി വേ’ (2010).പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിക്കുന്ന നഷ്ടബോധമാണ് ഈ സിനിമയുടെ കാതൽ. ലോകം കാണാനിറങ്ങിയ മകൻ ഡാനിയേൽ, സാന്റിയാഗോയിലേക്കുള്ള വഴിയുടെ തുടക്കത്തിൽതന്നെ അപകടത്തിൽപെട്ട് മരിച്ചതറിഞ്ഞ്, ശരീരം ഏറ്റുവാങ്ങാൻ ഫ്രാൻസിലെത്തിയതാണ് ഡോക്ടറായ അച്ഛൻ തോമസ് അവെരി (ടോം). മകന് പൂർത്തിയാക്കാനാവാതെ പോയ വഴി, അവന്റെ ചിതാഭസ്മവുമായി, അവനുവേണ്ടി, അവനൊപ്പം നടന്ന് തീർക്കാൻ അച്ഛൻ ടോം തീരുമാനിക്കുന്നു. മകന്റെ ബാക്ക് പാക്കുമായി അയാൾ യാത്ര തുടങ്ങുന്നു. മകനുവേണ്ടിയെന്ന് പറയാമെങ്കിലും യഥാർഥത്തിൽ സാന്റിയാഗോയിലേക്കുള്ള യാത്രയെന്നും അവരവർക്കുവേണ്ടിയുള്ളതാണ്. സാന്റിയാഗോ എന്നത് വെറുമൊരു തീർഥാടനത്തിനപ്പുറം ഒരു രൂപകംകൂടിയാണ്. ഒരന്വേഷണമാണ്. യാത്രകൾ ഒരാളെ ആന്തരികമായി മാറ്റുന്നതെങ്ങനെയെന്ന് നമുക്ക് ഈ സിനിമയിൽ കാണാം.
അതേസമയം, യാത്രപോകുന്നത് എല്ലായ്പോഴും ഏതെങ്കിലും ഒരു സ്ഥലമോ ദേശമോ തേടിയാവണമെന്നില്ല. അത് നമ്മുടെ ഓർമകളിലേക്കും വീടുകളിലേക്കുമാവാം. പീറ്റർ മാറ്റേഴ്സൺ സംവിധാനംചെയ്ത ‘ദി ട്രിപ് ടു ബൗണ്ടിഫുൾ’ എന്ന സിനിമ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത് അത്തരമൊരു യാത്രയിലേക്കാണ്. ഇവിടെയും നേരത്തേ പറഞ്ഞ ആന്തരികമായ യാത്രാനുഭവം സിനിമ നൽകുന്നുണ്ട്.
യാത്രപോകുന്നവരെക്കുറിച്ചാണ് യാത്രാസിനിമകളൊക്കെയും. യാത്രപോകാൻ ആവാത്തവരെക്കുറിച്ചോ? അത്തരമൊരു വ്യത്യസ്തമായ സിനിമയാണ് ഫ്രാങ്സ്വാ പിറൊട്ട് സംവിധാനംചെയ്ത 2012ലെ ‘മൊബൈൽ ഹോം’ എന്ന െബൽജിയൻ ചിത്രം. യാത്രപോവാൻ ആഗ്രഹിക്കുകയും എന്നാൽ, പിൻവിളികളിൽ പെട്ടുഴറി ആ തീരുമാനമെടുക്കാൻ കഴിയാതെപോകുകയും ചെയ്യുന്നവരെക്കുറിച്ചുള്ള സിനിമ. യാത്രയെന്ന, ഉള്ളിൽ കൊളുത്തിവലിക്കുന്ന വികാരത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ബാഹ്യമായ യാത്രയില്ലാത്ത ഈ സിനിമ.
ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള സഞ്ചാരത്തിനും ഡെസ്റ്റിനേഷൻ കഥകൾക്കുമപ്പുറം യാത്രയെന്ന ആന്തരിക ഘടകത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമകൾ വളരെക്കുറവാണ്. ഉപരിപ്ലവമായി കഥപറയാനൊരു വഴി എന്നതിലപ്പുറം യാത്രതന്നെയൊരു കഥാപാത്രമായി മാറുന്ന സിനിമകൾ അക്കാരണംകൊണ്ടുതന്നെ കണ്ടെത്താൻ പ്രയാസപ്പെടും. കഥാപാത്രങ്ങളുടെ ഭൗതികമായ സ്ഥല ചലനങ്ങൾക്കപ്പുറം അവരുടെ മാനസികമോ ആത്മീയമോ ആയ യാത്രകൂടി സംഭവിക്കുമ്പോഴേ വെറും റോഡ് മൂവീസിൽനിന്നു യാത്രാസിനിമകളിലേക്ക് അവ ഉയരുകയുള്ളൂ.
♦
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.