അറുപതുകളിൽ, തലശ്ശേരിയിൽ എൻ. വിജയൻ, എം.എസ്. മേനോൻ, എം.ആർ.സി (എം.ആർ. ചന്ദ്രശേഖരൻ) തുടങ്ങിയ പ്രഗല്ഭരുടെ നേതൃത്വത്തിൽ 'കേരള സാഹിത്യ സമിതി' എന്നൊരു സംഘടന ഉണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ എഴുത്തുകാരെ സംഘടിപ്പിച്ചുകൊണ്ടുള്ള വിപുലമായ സാഹിത്യ സമ്മേളനങ്ങൾ വർഷംതോറും അവർ നടത്താറുണ്ടായിരുന്നു. ഒരിക്കൽ കോവിലനും പങ്കെടുത്തു. കോവിലൻ പ്രഭാഷണം തുടങ്ങിയത് ഇങ്ങനെയായിരുന്നു: ഒരു പൂവിടരുന്നതുപോലെ, അത്രയും സൗമ്യമായി തീരെ ശബ്ദം താഴ്ത്തി കോവിലൻ...
അറുപതുകളിൽ, തലശ്ശേരിയിൽ എൻ. വിജയൻ, എം.എസ്. മേനോൻ, എം.ആർ.സി (എം.ആർ. ചന്ദ്രശേഖരൻ) തുടങ്ങിയ പ്രഗല്ഭരുടെ നേതൃത്വത്തിൽ 'കേരള സാഹിത്യ സമിതി' എന്നൊരു സംഘടന ഉണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ എഴുത്തുകാരെ സംഘടിപ്പിച്ചുകൊണ്ടുള്ള വിപുലമായ സാഹിത്യ സമ്മേളനങ്ങൾ വർഷംതോറും അവർ നടത്താറുണ്ടായിരുന്നു. ഒരിക്കൽ കോവിലനും പങ്കെടുത്തു. കോവിലൻ പ്രഭാഷണം തുടങ്ങിയത് ഇങ്ങനെയായിരുന്നു: ഒരു പൂവിടരുന്നതുപോലെ, അത്രയും സൗമ്യമായി തീരെ ശബ്ദം താഴ്ത്തി കോവിലൻ ആരംഭിച്ചു. ''ഓർമകൾ വരുമല്ലോ...''
ഒരു ഹൈസ്കൂൾ വിദ്യാർഥി എന്ന നിലയിൽ ആ പ്രഭാഷണത്തിന്റെ തുടക്കം എന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. മലയാളത്തെ വിസ്മയിപ്പിച്ച ആ മഹാനായ എഴുത്തുകാരന്റെ പ്രഭാഷണത്തിന്റെ തുടക്കം, ഈ ഓർമക്കുറിപ്പിന്റെ ശീർഷകമായി ചേർത്തതിന് അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
ഓർമകൾ ആരംഭിക്കുന്നത് എഴുപതുകളിലെ തുടക്കത്തിലാണ്. കേന്ദ്ര ഗവൺമെന്റിന്റെ ആയുധ നിർമാണ ശാലയിൽ (ചെന്നൈ-ആവടി) ജോലി ചെയ്യുന്ന കാലം. 'തുല്യ ദുഃഖിതരായ' സഹപ്രവർത്തകർ തൊട്ടടുത്തുള്ള ക്ലോത്തിങ് ഫാക്ടറിയിലും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇന്ത്യൻ പട്ടാളക്കാർക്ക് യൂനിഫോം തയ്ക്കുന്ന ഫാക്ടറി. (ഇന്ത്യയിൽ ആയുധ നിർമാണ ഫാക്ടറികൾ നിർമിച്ചത് വി.കെ. കൃഷ്ണമേനോൻ എന്ന പ്രതിഭാശാലി രാജ്യരക്ഷാ മന്ത്രിയായിരുന്നപ്പോഴാണ്.) ക്ലോത്തിങ് ഫാക്ടറിയിലെ സുഗതൻ തമാശയായി ഇടക്ക് പറയാറുണ്ടായിരുന്നു. ''ഞങ്ങൾ ഒരു ദിവസം പണിമുടക്കിയാൽ പട്ടാളക്കാരൊക്കെ നഗ്നരാവു''മെന്ന്. യന്ത്രശാലയിലെ മടുപ്പിക്കുന്ന ജോലിയിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി, സാഹിത്യവും നാടകവും സിനിമയും നെഞ്ചിലേറ്റി നടക്കുന്ന ഞങ്ങൾ 'തുല്യ ദുഃഖിതർ' ഒരു നാടക സംഘടനക്ക് രൂപം കൊടുക്കുന്നു ('ഉപാസന'). ആ കാലഘട്ടത്തിലായിരുന്നു മലയാള നാടകത്തിന്റെ നൂറാം വാർഷികം. വളരെ വിപുലമായ രീതിയിൽ നൂറാം വാർഷികം ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നു. പ്രിയ സുഹൃത്ത് മോഹൻ പൊന്നമ്പത്ത് പരിചയപ്പെടുത്തിയ മദിരാശി ന്യൂ കോളജിലെ (എം.എൻ. വിജയൻ മാഷ് കുറച്ചുകാലം അധ്യാപകനായിരുന്ന കോളജ്) ഇംഗ്ലീഷ് പ്രഫസർ ടി.കെ. അബ്ദുൽ മജീദ്, സിനിമയിലേക്കുള്ള തന്റെ വഴികാട്ടി ആയിരുന്നു. (മജീദ് പ്രേംനസീർ അടക്കമുള്ള സകല സിനിമാക്കാരുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു. മദിരാശിയിൽനിന്നിറങ്ങുന്ന എല്ലാ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും സ്ഥിരമായി കോളമെഴുതിയ ആ നല്ല സുഹൃത്ത് ഇന്നില്ല.)
മലയാള സിനിമയുടെ മുഖച്ഛായ മാറ്റിക്കളയാമെന്ന വ്യാമോഹവുമായി മജീദുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. (പക്ഷേ, മാറിപ്പോയത് സ്വന്തം 'മുഖച്ഛായ' ആണെന്ന് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.) 'റോക്കും' 'അതിഥി'യും കണ്ട ആവേശ ലഹരിയിൽ മുഖ്യ അതിഥിയായി -മലയാള നാടകത്തിന്റെ നൂറാം വാർഷികത്തിന്- സംവിധായകൻ കെ.പി. കുമാരനെ ക്ഷണിക്കാൻ തീരുമാനിക്കുന്നു. അശോക നഗറിലുള്ള വലിയ വീട്ടിൽ മജീദുമായി കെ.പി. കുമാരനെ പോയി കാണുന്നു.
സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും തുടക്കം അതായിരുന്നു. ആവടിയിലെ ഡിഫൻസ് ഫാക്ടറിയിലെ വിശാലമായ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ തെയ്യത്തെപ്പറ്റി ആധികാരികമായ നീണ്ട പ്രസംഗം അദ്ദേഹം നടത്തുകയുണ്ടായി. ആ കാലയളവിലാണ് കെ.പി. കുമാരൻ 'നേരം പുലരുമ്പോൾ' എന്ന സിനിമ ചെയ്യുന്നത്. മമ്മൂട്ടി, മോഹൻലാൽ, ഭരത് ഗോപി തുടങ്ങിയ പ്രഗല്ഭർ അഭിനയിച്ച ചിത്രം. രമ്യാകൃഷ്ണന്റെ ആദ്യ സിനിമ. രഘുനാഥ് പലേരിയുടെ രചന- ഷാജി എൻ. കരുണിന്റെ കാമറ. സിവിക് ചന്ദ്രന്റെ 'പ്രേരണ' പ്രസിദ്ധീകരിച്ച യു.പി. ജയരാജിന്റെ ആദ്യ കഥാസമാഹാരമായ 'നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്' എന്ന പുസ്തകത്തിന്റെ കവർചിത്രം തയാറാക്കിയതുകൊണ്ട് ഒരു ചിത്രകാരനാണെന്ന തെറ്റിദ്ധാരണയിൽ എന്നെ ആ പടത്തിന്റെ കലാസംവിധായകനാക്കുകയായിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന് വേണ്ടി എറണാകുളത്ത് എത്താൻ ആവശ്യപ്പെട്ട പ്രകാരം വളരെ വൈകി, ഹോട്ടൽ മുറിയിലെത്തുമ്പോൾ, അദ്ദേഹം ഹെമിങ് വേയുടെ നോവൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് ഇവിടെ എഴുതാനുള്ള കാരണം അദ്ദേഹം എന്നും വായനയുടെ ലോകത്തായിരുന്നു എന്നു പറയാനാണ്. ഞാനതെന്നും നിശ്ശബ്ദനായി ശ്രദ്ധിക്കുകയുണ്ടായിരുന്നു. ഇപ്പോൾ സി.എസ്. വെങ്കിടേശ്വരന്റെ അഭിമുഖത്തിൽ (ചെലവൂർ വേണുവിന്റെ 'ദൃശ്യതാള'ത്തിൽനിന്ന്) അദ്ദേഹം പറയുകയുണ്ടായി. ''21ാം വയസ്സിൽ ടോൾേസ്റ്റായിയുടെ 'യുദ്ധവും സമാധാനവും' കമ്പോട് കമ്പ് വായിച്ചുകഴിഞ്ഞാണ് ഞാൻ തിരുവനന്തപുരത്ത് വണ്ടികയറിയതെന്ന്. ടോൾസ്റ്റോയിയും കാഫ്കയും കവാബത്തയും എന്റെ ജീവിതത്തെ പുതുക്കിപ്പണിതു. രണ്ട് സഹസ്രാബ്ദങ്ങളുടെ ചിത്രമുള്ള നാടകസാഹിത്യം ഏതാണ്ട് പൂർണമായും ഞാൻ ഉൾക്കൊണ്ടു. സോഫോക്ലിസ് മുതൽ എഡ്വേഡ് ആൽബി വരെ എന്റെ ഗുരുക്കന്മാരായി. നാടകാന്തം കവിത്വം എന്നതിന്റെ പൊരുൾ ഞാനറിഞ്ഞു.'' അദ്ദേഹത്തോടൊപ്പം നടന്നപ്പോഴൊക്കെയും ഞാൻ ശ്രദ്ധിച്ചത്, സാഹിത്യത്തെയും രാഷ്ട്രീയത്തെപ്പറ്റിയുമുള്ള അഗാധമായ അവബോധവും സൂക്ഷ്മമായ നിരീക്ഷണപാടവവും എന്നും സൂക്ഷിച്ചിരുന്നു എന്ന കാര്യമാണ്. (അതുകൊണ്ടായിരുന്നല്ലോ, 'ലക്ഷ്മി വിജയം' ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെ കെ. വേണുവുമായുള്ള അടുപ്പത്തിന്റെ പേരിൽ ശാസ്തമംഗലം പൊലീസ് ക്യാമ്പിൽ തടവിലാക്കപ്പെട്ടത്.)
എം.ടിയെ പറ്റിയുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ചെയ്യുന്ന ഇടവേളയിൽ സൗണ്ട് എൻജിനീയർ കൃഷ്ണനുണ്ണി (ചിത്രാഞ്ജലി)യോട് അദ്ദേഹം പറയുന്നത് കേൾക്കുകയുണ്ടായി. എം.ടി ഒരു വിദേശ യാത്രക്കിടയിൽ മാർകേസിന്റെ 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' വായിക്കുന്നു. നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം എം.ടി ആ നോവൽ സക്കറിയക്ക് വായിക്കാൻ കൊടുക്കുന്നു. സക്കറിയ അത് വായിച്ചുകഴിഞ്ഞതിന് ശേഷം സംവിധായകൻ അരവിന്ദന് കൊടുക്കുന്നു. അരവിന്ദന്റെ വീട്ടിൽ ചെന്ന് ആ നോവൽ, ഒറ്റയിരിപ്പിന് വായിച്ചുതീർത്ത കഥ, കെ.പി. കുമാരൻ പറഞ്ഞത് കൃഷ്ണനുണ്ണിയും ഞാനും കേട്ടു.
എം.ടിയെ പറ്റിയുള്ള ഡോക്യുമെന്ററി കോഴിക്കോട് പ്രദർശിപ്പിച്ചപ്പോൾ എം.ടി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു: ''കുമാരൻ ഒരുപാട് ഹോംവർക്ക് ചെയ്തിട്ടുണ്ട്. അതിന്റെ ഗുണം ഡോക്യുമെന്ററിയിൽ കാണാനുമുണ്ട്.''
1999ൽ യു.പി. ജയരാജ് വിടപറഞ്ഞ, ജൂലൈ മാസം, സി.വി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മാഹി കലാഗ്രാമിൽ ജയരാജ് അനുസ്മരണം സംഘടിപ്പിക്കുകയുണ്ടായി. എം.വി. ദേവൻ, പി.കെ. നാണു, സി.വി. ബാലകൃഷ്ണൻ, വി.എസ്. അനിൽകുമാർ, സിവിക് ചന്ദ്രൻ, വി.ആർ. സുധീഷ്, മാങ്ങാട് ര ത്നാകരൻ, പൊന്ന്യം ചന്ദ്രൻ തുടങ്ങിയ പ്രമുഖരായ എഴുത്തുകാർക്കൊപ്പം, വേദിയിൽ കെ.പി. കുമാരന്റെ മഹദ് സാന്നിധ്യവും ഉണ്ടായിരുന്നു. ഇതിവിടെ പ്രത്യേകം എഴുതാൻ കാരണം, ഒരൊറ്റ ഫോൺകാളിൽ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ആഴമറിയാവുന്ന കെ.പി. കുമാരൻ തിരുവനന്തപുരത്തുനിന്ന് മാഹി കലാഗ്രാമിൽ എത്തുകയായിരുന്നു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ മറ്റൊരു ഉദാഹരണംകൂടി മനസ്സിൽ തെളിയുന്നു; തൊണ്ണൂറുകളുടെ അവസാനത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളാൽ കലുഷിതമായ കണ്ണൂരിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരെ സാന്ത്വനിപ്പിക്കാൻ, കെ.പി. കുമാരന്റെ നേതൃത്വത്തിൽ നൂറു പേരടങ്ങുന്ന സംഘം 'അമ്മയെ കാണാൻ' എന്ന യാത്ര സംഘടിപ്പിക്കുകയുണ്ടായി. തിരുവനന്തപുരത്തുനിന്നും കൂത്തുപറമ്പ്, പാനൂർ തുടങ്ങിയ സ്ഥലത്തേക്കുള്ള കാരുണ്യയാത്ര. 'ഈട' എന്ന പടത്തിന്റെ സംവിധായകൻ മാത്രം ഈയടുത്ത കാലത്ത് ആ യാത്രയെ പറ്റി പരാമർശിക്കുകയുണ്ടായി.
മോഹൻലാലും നിത്യമേനോനും (ചിത്രം: ആകാശഗോപുരം)
2021ൽ കേരള ഗവ. നടത്തിയ തലശ്ശേരി ഫിലിം ഫെസ്റ്റിവലിൽ, മഹാകവി കുമാരനാശാന്റെ ജീവിതകഥയെ ആസ്പദമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്ന സിനിമ പ്രദർശിപ്പിക്കുകയുണ്ടായി. പടം കണ്ടതിന് ശേഷം കവിയും നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ ഇങ്ങനെ പറഞ്ഞു, ''ഞാൻ ഒരിക്കൽകൂടി കാണാനാഗ്രഹിക്കുന്ന ചിത്രം'' എന്ന്. കെ.പി. കുമാരന്റെ 'ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്ന സിനിമക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരമായി തോന്നി എനിക്ക് ആ വാക്കുകൾ. ഇബ്സന്റെ, 'മാസ്റ്റർ ബിൽഡർ' എന്ന നാടകമാണ് മോഹൻലാൽ അഭിനയിച്ച 'ആകാശഗോപുരം' എന്ന കെ.പി. കുമാരൻ സിനിമക്ക് അവലംബം. ഇബ്സന്റെ മറ്റൊരു നാടകമായ 'Enemy of the people' എന്ന നാടകത്തിലെ ഒരു സംഭാഷണം എഴുതിക്കൊണ്ട്, ഈ ഓർമക്കുറിപ്പിന് അർധവിരാമം ഇടുകയാണ്: The strongest man in the world is he who stands most alone.
അതാണ് കൂത്തുപറമ്പുകാരനായ കുമാരേട്ടൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.