സിനിമയുടെ എവറസ്റ്റ് ഓസ്കർ ആണെങ്കിൽ കാർത്തികി ഗോൺസാൽവസിന്റെ ‘എലിഫന്റ് വിസ്പറേഴ്സ്’ അത് കീഴടക്കിക്കഴിഞ്ഞു. ഹൃദയങ്ങളുടെ എവറസ്റ്റോ? അവിടെ പി. ബാലന്റെ ‘പതിനെട്ടാമത്തെ ആന’യോളം ആനയെ കേൾപ്പിച്ച രചന വേറെയേതാണ്? -ചലച്ചിത്രപ്രവർത്തകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ ചില നിരീക്ഷണങ്ങളും വിമർശനവും മുന്നോട്ടുവെക്കുന്നു.നേട്ടങ്ങളുടെയൊക്കെ ആത്യന്തിക മാനദണ്ഡം പുരസ്കാരങ്ങളാണെങ്കിൽ അതിന്റെ എവറസ്റ്റ് ഓസ്കർ അല്ലാതെ മറ്റെന്ത് എന്നൊരു...
സിനിമയുടെ എവറസ്റ്റ് ഓസ്കർ ആണെങ്കിൽ കാർത്തികി ഗോൺസാൽവസിന്റെ ‘എലിഫന്റ് വിസ്പറേഴ്സ്’ അത് കീഴടക്കിക്കഴിഞ്ഞു. ഹൃദയങ്ങളുടെ എവറസ്റ്റോ? അവിടെ പി. ബാലന്റെ ‘പതിനെട്ടാമത്തെ ആന’യോളം ആനയെ കേൾപ്പിച്ച രചന വേറെയേതാണ്? -ചലച്ചിത്രപ്രവർത്തകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ ചില നിരീക്ഷണങ്ങളും വിമർശനവും മുന്നോട്ടുവെക്കുന്നു.
നേട്ടങ്ങളുടെയൊക്കെ ആത്യന്തിക മാനദണ്ഡം പുരസ്കാരങ്ങളാണെങ്കിൽ അതിന്റെ എവറസ്റ്റ് ഓസ്കർ അല്ലാതെ മറ്റെന്ത് എന്നൊരു പൊതുബോധം നമുക്കിടയിൽ ശക്തമാണ്. അത് വെറുമൊരു മാധ്യമവിശ്വാസ നിർമിതി മാത്രമാെണന്ന് പറഞ്ഞ് തള്ളാനാവില്ല. പണംകൊണ്ടും പദവികൊണ്ടും ലോക സിനിമയുടെ കേന്ദ്രമായി വാഴുന്ന ഹോളിവുഡിന്റെ പ്രഭാവം സാധാരണ കാണിയുടെ അടിത്തട്ട് കീഴടക്കുന്നതിലും വിജയം കണ്ടിട്ടുണ്ട്. അതിന് മുന്നിൽ മറ്റെല്ലാ സിനിമകളും ചെറുതായിപ്പോകുന്നു. വലുപ്പച്ചെറുപ്പങ്ങളുടെ എ.ബി.സി.ഡി നാം പഠിക്കുന്ന പൊതുബോധത്തിന്റെ പാഠശാലകളിലൊക്കെ അതിന്റെ പ്രഭാവം വ്യക്തമാണ്. മൂലധനംതന്നെയാണ് കാര്യം.
കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ ഓസ്കർ പ്രഖ്യാപനത്തോടനുബന്ധിച്ചും പൊതുവിൽ മലയാള പത്രങ്ങൾ പ്രചരിപ്പിക്കുന്ന ഓസ്കർ വാർത്തകളെ അപനിർമിച്ച് വാസ്തവം അറിയിക്കാൻ സംവിധായകരായ ഡോ. ബിജുവും ജയൻ ചെറിയാനുമൊക്കെ നടത്തുന്ന സമൂഹമാധ്യമങ്ങൾ വഴിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന ഗൗരവം കിട്ടാതെ പോവുകയാണ് പതിവ്. തെറ്റായ വാർത്ത നൽകുന്ന മാധ്യമങ്ങളാകട്ടെ അതൊക്കെ കണ്ടില്ല എന്ന് നടിക്കുകയും ഓസ്കർ തന്നെ ആത്യന്തികം എന്ന ബോധത്തിലേക്ക് ജനതയെ നയിക്കുകയുമാണ്. അന്തർദേശീയവും ദേശീയവും പ്രാദേശികവുമായ മറ്റ് അംഗീകാരങ്ങളൊക്കെ അതിന് മുമ്പാകെ ചെറുതായിപ്പോവുകയും ചെയ്യുന്നു.
അമേരിക്കൻ പൗരൻകൂടിയായ മലയാളി സംവിധായകൻ ജയൻ ചെറിയാൻ പറഞ്ഞു മടുത്ത് നിർത്തിയെങ്കിലും ഡോ. ബിജു ഇത്തവണയും തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി മാധ്യമങ്ങളുടെ ഇക്കാര്യത്തിലുള്ള പാതിയറിവ് മാറ്റാൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്: ‘‘ഹോളിവുഡ് ഒഴികെ യൂറോപ്പും ലാറ്റിനമേരിക്കയും ഉൾപ്പെടെ ലോകരാജ്യങ്ങളിലെ സിനിമാലോകം ഒന്നുംതന്നെ അത്ര പ്രാധാന്യം കൽപിക്കാത്ത ഓസ്കറിന് മലയാള മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യംതന്നെ ഒരു തമാശയാണ്. അമേരിക്കയിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം മത്സരിക്കുകയും ഏതാണ്ട് പതിനായിരത്തോളം പേരുടെ വോട്ടിന്റെ അടിസ്ഥാനത്തിലും മാത്രം നൽകുന്ന ഒരു അവാർഡാണ് ഓസ്കർ. വിവിധ ലോകരാജ്യങ്ങളിലെ മികച്ച സിനിമകളിൽ ഭൂരിപക്ഷവും ഓസ്കറിന് മത്സരിക്കാറും ഇല്ല.’’
പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമുള്ള തിരഞ്ഞെടുത്ത ആൾക്കാരിലേക്ക് തങ്ങളുടെ സിനിമയെക്കുറിച്ചുള്ള വിശദാംശങ്ങൾ എത്തിക്കാനുള്ള പ്രസ് കിറ്റിന് മാത്രം മത്സരരംഗത്തുള്ള പ്രധാന സിനിമകൾ കോടികളുടെ ബജറ്റാണ് നീക്കിവെക്കുന്നത്. അഞ്ചു കോടി മുതൽ നമ്മുടെ നാട്ടിൽ ഒരു ബിഗ് ബജറ്റ് സിനിമയുടെ ബജറ്റിന് തത്തുല്യമായ തുക വരെ ഇതിനായി ചെലവഴിക്കുന്ന കമ്പനികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. പി.ആർ ദുർബലമായാൽ മത്സരരംഗത്തുണ്ടെന്നുപോലും ആരുമറിയില്ല എന്നുമാത്രം.
എലിഫന്റ് വിസ്പറേഴ്സ്
നെറ്റ്ഫ്ലിക്സിൽ നേരത്തേതന്നെ ഉണ്ടായിരുന്നുവെങ്കിലും കാർത്തികി ഗോൺസാൽവസിന്റെ ‘എലിഫന്റ് വിസ്പറേഴ്സ്’ ഓസ്കർ പ്രഖ്യാപനത്തിന് മുമ്പ് കണ്ടിരുന്നില്ല. ‘എലിഫന്റ് വിസ്പറേഴ്സ്’ എന്ന ആ പേരു കേട്ടപ്പോൾതന്നെ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ശബ്ദത്തിൽ ആന സ്വന്തം ആത്മകഥ മനുഷ്യരോട് മന്ത്രിച്ച പി. ബാലന്റെ ‘പതിനെട്ടാമത്തെ ആന’ എന്ന ഡോക്യുമെന്ററിയാണ് പെട്ടെന്ന് ഓർമയിൽ വന്നത്. കണ്ടപ്പോൾ ഓസ്കർ കിട്ടാത്ത ‘പതിനെട്ടാമത്തെ ആന’യിലെ ആനജീവിതം മനുഷ്യകേന്ദ്രീകൃതമായ സംസ്കാരത്തെ എത്ര ആഴത്തിലാണ് വിചാരണ നടത്തിയതെന്ന് ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുന്നു. രണ്ടും രണ്ടാണ്. കാർത്തികി ഗോൺസാൽവസിന്റെ ഡോക്യുമെന്ററി ആനയെ മെരുക്കുന്നവരും ആനയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുമ്പോൾ പി. ബാലൻ ആനയുടെ ആത്മകഥ പറയുന്നു. രണ്ടും തമ്മിലുള്ള താരതമ്യം പ്രസക്തമായ രാഷ്ട്രീയ സന്ദർഭംകൂടിയാണിത്.
‘‘കാട്ടുനായ്ക്കൻ എന്നാൽ കാടിന്റെ രാജാവ്’’, ആദിവാസിയായ ബൊമ്മനാണ് ‘എലിഫന്റ് വിസ്പറേഴ്സി’ൽ തന്റെ കഥ പറഞ്ഞുതുടങ്ങുന്നത്. അത് ആനയുടേത് എന്നതിനേക്കാൾ അയാളുടെ ജീവിതമാണ്. മുതുമല ടൈഗർ റിസർവ് ഫോറസ്റ്റിലെ ആദിവാസി ദമ്പതിമാരായ ബൊമ്മനും ബെല്ലിയുമാണ് ആനകൾക്കിടയിലെ അവരുടെ ജീവിതം പറയുന്നത്. ആടുജീവിതം ബെന്യാമിന്റെ നോവലിലൂടെ പ്രശസ്തമായതുപോലെ ആദിവാസികളുടെ ആനജീവിതം അധികം പറയപ്പെടാത്തതാണ്. അനാഥരായ രണ്ട് ആനക്കുട്ടികളെ പരിപാലിച്ച് വളർത്തിയ ദക്ഷിണേന്ത്യയിലെ ആദ്യ ദമ്പതിമാരാണ് ബൊമ്മനും ബെല്ലിയും. അവർ വളർത്തിയ രഘു, അമ്മു എന്നീ രണ്ട് ആനക്കുട്ടികളുടെ കൂടി കഥയാണത്.
കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ഓസ്കർ വേദിയിൽ
രണ്ട് ഇന്ത്യൻ സ്ത്രീകൾക്ക് ഡോക്യുമെന്ററിയുടെ പേരിൽ ഓസ്കർ വേദിയിൽ കയറിനിൽക്കാനായതിന്റെ അഭിമാനം ഇന്ന് സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ഓസ്കർവേദിയിൽ െവച്ചു തന്നെ ആ വിജയഗാഥ അവർ സമർപ്പിക്കുന്നത് ജനസംഖ്യയിൽ പാതിവരുന്ന സ്ത്രീസമൂഹത്തിനുമാണ്. നല്ല കാര്യം. എന്നാൽ, ആ ഡോക്യുമെന്ററിയിലൂടെ പ്രക്ഷേപിക്കപ്പെട്ട ജീവിതം സംസാരിക്കുന്നത് എന്താണ്? അത് നിഷ്കളങ്കമായ വെറുമൊരു ആനക്കഥയോ ആദിവാസികളുടെ ആനജീവിതമോ മാത്രമാണോ? ഒറ്റനോട്ടത്തിൽ അതിലൊരു കഥയുണ്ട്. വിഖ്യാതമായ പഴയ രാജേഷ് ഖന്ന സിനിമയായ ‘ഹാത്തി മേരെ സാത്തി’ പോലൊന്ന്. കാട്ടിൽ വഴി തെറ്റി അനാഥരായ രണ്ട് ആനക്കുട്ടികളെ സ്വന്തം മക്കളെ പോലെ എടുത്തുവളർത്തുന്ന ആദിവാസി ദമ്പതിമാർ. രണ്ടാമത്തെ ആനക്കുട്ടി അമ്മു വരുമ്പോൾ സ്നേഹം പങ്കുവെക്കേണ്ടിവരുമെന്ന് കണ്ട് ആദ്യത്തെ ആനക്കുട്ടി രഘുവിനത് അത്ര ഇഷ്ടപ്പെടുന്നില്ലെങ്കിലും പിന്നെ അവർ അടുപ്പത്തിലാകുന്നു. കുറച്ചു മുതിർന്നപ്പോൾ വനപാലകർ തലമൂത്ത രഘുവിനെ കൊണ്ടുപോയപ്പോൾ ആനയുടെ വളർത്തച്ഛനും വളർത്തമ്മയുമായ ബൊമ്മനും ബെല്ലിക്കുമൊപ്പം ആനക്കുട്ടി അമ്മുവിനും അത് താങ്ങാനാകുന്നില്ല. എല്ലാവരും കണ്ണീർ വാർക്കുന്നു. പിന്നെ കാട്ടിൽ വെച്ച് കാണുമ്പോഴും വഴിപിരിഞ്ഞ രഘു വളർത്തച്ഛനായ ബൊമ്മനെ കാണുമ്പോൾ സ്നേഹത്തോടെ ഓടിയെത്തുന്നു. ആന ഒരു ദുഷ്ടമൃഗമല്ല, സ്നേഹിച്ചാൽ സ്നേഹം തിരിച്ചുതരുന്ന എല്ലാ വികാരങ്ങളുമുള്ള ഒരു സ്നേഹമൂർത്തിയാണ്. ഇതാണ് ഡോക്യുമെന്ററിയുടെ പ്രാഥമികതലം. ഒരു കുട്ടിക്കഥ പോലെ അത് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാകും ‘ഹാത്തി മേരെ സാത്തി’പോലുള്ള ആനക്കഥകൾ കണ്ട് ഇഷ്ടപ്പെടുന്നവർ. അവരെ കുറ്റപ്പെടുത്താനുമാകില്ല. എന്നാൽ, അതിനപ്പുറത്ത് ഈ ആനക്കഥ സംസാരിക്കുന്ന രാഷ്ട്രീയമെന്താണ്? അതുകൂടി പരിശോധിക്കേണ്ടത് ചലച്ചിത്ര വായനയുടെ ഉത്തരവാദിത്തങ്ങളിൽപെടുന്നു. വിശേഷിച്ചും സിനിമയുടെ പ്രത്യയശാസ്ത്ര വായനയെന്നത് ഒരു തിരഞ്ഞെടുത്ത കാഴ്ചയായി മാറുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേകിച്ചും.
‘എലിഫന്റ് വിസ്പറേഴ്സ്’ ആനക്കഥ വിട്ട് കണ്ടു നോക്കുക. വിളക്ക് കൊളുത്തുന്ന കാട്ടുനായ്ക്കനിൽനിന്നാണതിന്റെ തുടക്കം. പിന്നെ ശിവൻ, പാർവതി, ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയ ഹിന്ദുദൈവ ചിത്രങ്ങളുടെ നീണ്ടനിര കാണാം. തുമ്പിക്കൈ ഉയർത്തി ചിഹ്നംവിളിച്ച് ഗണപതിയെ വണങ്ങുന്ന ആനക്കൂട്ടം ഡോക്യുമെന്ററിയിലെ പ്രധാന കാഴ്ചയാണ്. ആനയെ കുളിപ്പിക്കൽ, തലോടൽ, മക്കളെപ്പോലെ ആനയെ പരിപാലിക്കുന്ന ആദിവാസി ദമ്പതിമാർ എന്നീ ദൃശ്യങ്ങൾ നിരന്തരം ആവർത്തിച്ചു കാണിക്കുന്നുണ്ട്.
140 വർഷം മുമ്പ് സ്ഥാപിക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ ആനപരിപാലന ക്യാമ്പായ തെപ്പക്കാട് ഇന്നെങ്ങനെയാണ് എന്നുകൂടിയാണ് കാട്ടുന്നത്. കാട്ടിൽനിന്നും മരം കടത്താൻ ആനകളെ പരിശീലിപ്പിച്ചെടുക്കാൻ 1917ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ആനക്കോളനിയാണിത്. അവിടെ ഇന്ന് ആനകളെ തേച്ചു കുളിപ്പിക്കൽ, ഫുട്ബാൾ കളിക്കാൻ പഠിപ്പിക്കൽ എന്നീ ദൃശ്യങ്ങളിലൂടെ ആനകളും ആദിവാസികളുമൊക്കെ നമ്മുടെ കാടുകളിൽ എത്ര സന്തുഷ്ടരാണ് എന്ന പ്രതീതി സിനിമ നിരന്തരം പ്രസരിപ്പിക്കുന്നുണ്ട്. ആനകൾക്കും ആദിവാസികൾക്കുമൊക്കെ ഭീഷണിയായി, വില്ലനായി കാട്ടിൽ കറങ്ങുന്ന ഒരു നരിയെ ഇടക്കിടെ കാട്ടുന്നുണ്ട്. മറ്റൊരു ഭീഷണിയും അവർക്കില്ല.
മകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് ബെല്ലി ഓർക്കുന്നുണ്ട്. എന്നാൽ എങ്ങനെ, എന്തുകൊണ്ടായിരുന്നു ആ മരണമെന്ന് ഡോക്യുമെന്ററി തിരക്കുന്നില്ല. ആനയും അപ്പോൾ കണ്ണീർ വാർത്തു എന്ന് ഓർക്കുന്നുണ്ട്. ഒപ്പം കരഞ്ഞ ആന ബെല്ലിക്ക് ആശ്വാസമായതും. ആനയെ പരിപാലിക്കുന്ന ആദിവാസികളാണ് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നത്. ആനയുടെ രക്ഷകരാണ് മനുഷ്യരിവിടെ. മനുഷ്യരുടെ തടവ് സുഖമാണെന്ന് ആഖ്യാനം നമ്മെ ബോധ്യപ്പെടുത്തുന്നു. ആനയുടെ തീറ്റ കേന്ദ്രത്തിലെ ജോലിക്കാരായ ആദിവാസികളുടെ സന്തുഷ്ടി സിനിമ എടുത്തുകാട്ടുന്നുണ്ട്.
ആനകൾക്കുമേൽ കളംവരച്ച് മാലയിടീച്ച് ഗണപതി ക്ഷേത്രത്തിന് മുന്നിൽ കൊണ്ടുപോയി വണങ്ങിപ്പിച്ച് അനുഗ്രഹം വാങ്ങിപ്പിക്കുന്നുണ്ട്. ഇതിനായി വനമധ്യത്തിൽ നിർമിച്ച കൊച്ചു ഗണപതി ക്ഷേത്രവും നമുക്ക് കാണാം. ആദിവാസികൾ എപ്പോഴാണ് ഹിന്ദുക്കളായി മാറിയതെന്നതും അവരുടെ വനദൈവങ്ങൾ എങ്ങനെയാണ് ആ ഹിന്ദുവത്കരണത്തിനിടയിൽ ഓരങ്ങളിലേക്ക് പോയിമറഞ്ഞതെന്നും സിനിമയുടെ വിഷയമായില്ല. അത് കാണിച്ച ദൃശ്യങ്ങളിൽ അദൃശ്യമാക്കപ്പെട്ട ഒന്നാണ്. ആനപരിപാലകനായ ആദിവാസിതന്നെയാണ് ഇവിടെ പൂജാരിയും അതിനായി ഒരു ബ്രാഹ്മണനെ തൽക്കാലം എഴുന്നള്ളിച്ചിട്ടില്ല എന്നുമാത്രം. ആനയെ മെരുക്കലും ഗണപതി ക്ഷേത്രത്തിലെ പൂജാരിയായിരിക്കലും ചെയ്യാനായതിൽ ബൊമ്മൻ അഭിമാനിക്കുന്നുണ്ട്.
സന്തുഷ്ടരായ കാട്ടുനായ്ക്കർ ഒന്നിച്ച് പാട്ടുപാടി നൃത്തം ചവിട്ടുന്നുണ്ട്. മൂന്ന് കുരുടന്മാർ വനമധ്യത്തിൽ െവച്ച് ആനയെ കണ്ട കഥ ബെല്ലി അമ്മൂമ്മ പേരക്കുട്ടി സഞ്ജനക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. ആനയെ സ്നേഹിച്ചാൽ ആന ദുഷ്ടമൃഗമല്ലെന്നും തിരിച്ചും സ്നേഹിക്കുമെന്ന ഗുണപാഠമാണ് അമ്മൂമ്മ പകർന്നുനൽകുന്നത്.
ഫ്രഞ്ച് പതാകക്ക് സല്യൂട്ട് അർപ്പിക്കുന്ന കറുത്ത വർഗക്കാരന്റെ ചിത്രം പ്രസരിപ്പിക്കുന്ന രാഷ്ട്രീയ സന്ദേശത്തെക്കുറിച്ചുള്ള റൊളാങ് ബാർത്തിന്റെ വിശകലനം ഈ ഡോക്യുമെന്ററി കാണുമ്പോൾ ഓർത്തുപോകും. ഡോക്യുമെന്ററിയിൽ കാണപ്പെടുന്ന അത്ര നിഷ്കളങ്കമല്ല ആദിവാസികളുടെയും ആനകളുടെയും അവസ്ഥ എന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടാകുമെന്ന് തോന്നുന്നില്ല. അവിടെയാണ് ഡോക്യുമെന്ററി ഫിക്ഷനാകുന്നത്.
പാർലമെന്റ് നിയമം പാസാക്കിയിട്ടുണ്ടെങ്കിലും ആദിവാസി സംരക്ഷണത്തിനുള്ള വനാവകാശ നിയമം വികസനത്തിന്റെ പേരിൽ രാജ്യം കാറ്റിൽ പറത്തിക്കൊണ്ടിരിക്കുകയാണ്. വികസനം വഴി ആദിവാസികൾ കാട്ടിൽനിന്നും ആട്ടിയോടിക്കപ്പെടുകയും വംശനാശത്തിന്റെ മുനമ്പിലൂടെ അവർ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയുമാണ് എന്നതാണ് യാഥാർഥ്യം. വന്യമൃഗങ്ങളുടെ അവസ്ഥയും വംശനാശത്തിന്റെ പാതയിൽതന്നെയാണ്. കാട്ടിൽ ജീവിതം അസാധ്യമായ വന്യജീവികൾ നാട്ടിലേക്ക് കടന്നുകയറി ഭീഷണിയാകുന്നതിന്റെ വാർത്തകൾ നമുക്ക് സുപരിചിതമാണ്. അപ്പോഴും ആനയും ആനക്കമ്പവും ആനക്കഥകളും നമ്മുടെ ഉത്സവങ്ങളിലും സാമൂഹിക ജീവിതത്തിലും സജീവമായി നിൽക്കുകയും ചെയ്യുന്നു.
രണ്ട് പതിറ്റാണ്ട് മുമ്പുതന്നെ മനുഷ്യന്റെ ഇരയായ ആന പി. ബാലന്റെ ഡോക്യുമെന്ററിയിലൂെട പറഞ്ഞ ആത്മകഥ നമ്മൾ വീണ്ടും ഓർക്കുന്നതിന്റെ പ്രസക്തി ഇവിടെയാണ്. അത് പൊള്ളിക്കുന്ന ഓർമയായിരുന്നു. ആനക്കമ്പം വിട്ടുണരാൻ പ്രേരിപ്പിക്കുന്ന ഒന്ന്. മനുഷ്യർ ഭൂമി സ്വന്തമാക്കി അവകാശികളായ മറ്റു ജീവജാലങ്ങളോട് ചെയ്യുന്നതെന്ത് എന്നതിന്റെ തീക്ഷ്ണമായ ഓർമപ്പെടുത്തലായിരുന്നു ‘പതിനെട്ടാമത്തെ ആന’. രാജ്യം ‘എലിഫന്റ് വിസ്പറേഴ്സ്’ ഓസ്കറിന്റെ പേരിൽ ആഘോഷിക്കുമ്പോൾ ആനപ്പേരിൽ പതിനെട്ടാമത്തെ ആന വീണ്ടും കാണുകയും ഓർക്കുകയും ചെയ്യുക എന്നതാണ് മനുഷ്യകേന്ദ്രീകൃതമായ ഒരന്യായ സംവിധാനത്തെ തിരുത്താനുള്ള ശ്രമങ്ങളിൽ ഇനിയും മരിച്ചിട്ടില്ലാത്തവർക്ക് ചെയ്യാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.