ചെറുത്തുനിൽപിന്റെയും അതിജീവനത്തിന്റെയും കഥകൾ പറയുന്ന നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ഫലസ്തീന്റേതായി പുറത്തുവന്നിട്ടുണ്ട്. ഫലസ്തീന്റെ സിനിമാ ഇഷ്ടങ്ങളെക്കുറിച്ചും പുറത്തുവന്ന സിനിമകളെയും കുറിച്ച് എഴുതുകയാണ് ലേഖകൻ.സൗന്ദര്യത്തിന്റെ അളവുകോലിൽ പ്രസിദ്ധ അറബ് നടന്മാരായ മഹ്മൂദ് യാസീന്റെയോ മഹ്മൂദ് മലീജിയുടെയോ നാലയലത്തൊന്നുമെത്തില്ല ഫലസ്തീൻ സമരനായകനായിരുന്ന യാസിർ അറഫാത്ത്. എന്നാൽ, അമ്പരപ്പിക്കുംവിധം കാമറകളുടെ ഇഷ്ടഭാജനമായിരുന്നു ഫലസ്തീന്റെ ഈ പ്രിയപുത്രൻ. തീക്ഷ്ണ ദൃഷ്ടികളോടും മെലിഞ്ഞ ശരീരപ്രകൃതിയോടുംകൂടിയ യുവാവായ കാലത്ത്, അൽ ഫതഹിന്റെ ഔദ്യോഗിക വക്താവായത് മുതൽ നിരവധി ദശകങ്ങളോളം...
ചെറുത്തുനിൽപിന്റെയും അതിജീവനത്തിന്റെയും കഥകൾ പറയുന്ന നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ഫലസ്തീന്റേതായി പുറത്തുവന്നിട്ടുണ്ട്. ഫലസ്തീന്റെ സിനിമാ ഇഷ്ടങ്ങളെക്കുറിച്ചും പുറത്തുവന്ന സിനിമകളെയും കുറിച്ച് എഴുതുകയാണ് ലേഖകൻ.
സൗന്ദര്യത്തിന്റെ അളവുകോലിൽ പ്രസിദ്ധ അറബ് നടന്മാരായ മഹ്മൂദ് യാസീന്റെയോ മഹ്മൂദ് മലീജിയുടെയോ നാലയലത്തൊന്നുമെത്തില്ല ഫലസ്തീൻ സമരനായകനായിരുന്ന യാസിർ അറഫാത്ത്. എന്നാൽ, അമ്പരപ്പിക്കുംവിധം കാമറകളുടെ ഇഷ്ടഭാജനമായിരുന്നു ഫലസ്തീന്റെ ഈ പ്രിയപുത്രൻ.
തീക്ഷ്ണ ദൃഷ്ടികളോടും മെലിഞ്ഞ ശരീരപ്രകൃതിയോടുംകൂടിയ യുവാവായ കാലത്ത്, അൽ ഫതഹിന്റെ ഔദ്യോഗിക വക്താവായത് മുതൽ നിരവധി ദശകങ്ങളോളം സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമായ കൂഫിയ അഴിച്ചുവെച്ച് മറ്റൊരു വേഷം ധരിച്ച് അമ്മാനിലേക്കും പിന്നെ പാരിസിലേക്കും വിമാനം കയറുമ്പോൾ അറഫാത്തിനെ ക്ലിക്ക് ചെയ്ത ഫിലിമുകളും ദൃശ്യങ്ങളും ആർക്കാണ് എണ്ണിത്തീർക്കാനാവുക. എന്നാൽ, അദ്ദേഹത്തിന്റെ ബാഹ്യാകാരത്തിൽപോലും ചലച്ചിത്രകാരന്മാർ ഒരു ചിത്രത്തിനുള്ള ആകർഷണം കണ്ടെത്തിയിരുന്നു.
ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ജമാൽ അബ്ദുന്നാസിർ കഴിഞ്ഞാൽ അറഫാത്തിനെ പോലെ കരിസ്മയുള്ള ഒരു വ്യക്തിത്വം അറബ് ലോകത്ത് സുദുർലഭമത്രെ. പലതലങ്ങളിലും സമാനതകൾ പുലർത്തുന്നവരായിരുന്നു ഇരുവരും. പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റുന്നതിൽ വിസ്മയിപ്പിക്കുന്ന മിടുക്കുണ്ടായിരുന്നു രണ്ടുപേർക്കും. ഓരോ സന്ദർഭത്തിലും അറഫാത്ത് ഉയർത്തിപ്പിടിച്ച വിജയചിഹ്നങ്ങളുടെ മൂല്യം ആർക്കും കുറച്ചുകാണാൻ കഴിയില്ല. ശിരോവസ്ത്രമായ കൂഫിയപോലെ, ക്ഷൗരം ചെയ്യാതെ അലസമായിവിട്ട താടിരോമങ്ങൾപോലെ, സന്ദർഭോചിതം വിറക്കുന്ന ചുണ്ടുകൾപോലെ അറഫാത്തിന്റെ വ്യതിരിക്തമായ അടയാളമായിരുന്നു അതും. കാമറകൾ അതൊക്കെ ഒപ്പിയെടുത്തു. അതിൽ എടുത്തുപറയേണ്ടതാണ് ചലച്ചിത്രകാരൻ ഒലിവർ സ്റ്റോണിന്റെ കാമറ.
സ്റ്റോണിന്റെ ‘അനഭിമതൻ’
അമേരിക്കൻ രാഷ്ട്രീയത്തിന്റെ എതിരൊഴുക്കിൽ കാലുറപ്പിച്ച ഒലിവർ സ്റ്റോൺ അനേകം പടങ്ങൾ –മിക്കതും കഥാധിഷ്ഠിതം –സാക്ഷാത്കരിച്ച ചലച്ചിത്രകാരനാണ്. ഈ പടങ്ങളൊക്കെ ചെയ്തതിന്റെ പിൽക്കാലത്താണ് ഒരു ആശയം സ്റ്റോണിന്റെ മനസ്സിലുദിച്ചത്. വൈറ്റ്ഹൗസിന്റെ അധികാരബുദ്ധിയും ഒരു പരിധിയോളം ജനസാമാന്യ ബുദ്ധിയും അമേരിക്കയുടെ ഏറ്റവും വലിയ ശത്രുക്കളായി കരുതുന്ന രണ്ട് വ്യക്തിത്വങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് എന്തുകൊണ്ട് ഡോക്യുമെന്ററി ഫിലിമുകൾ ആയിക്കൂടാ? അങ്ങനെയാണ് കഥാഷ്ഠിത പടങ്ങളിൽനിന്ന് മാറി ഫിദൽ കാസ്ട്രോവിനെയും യാസിർ അറഫാത്തിനെയും കുറിച്ചുള്ള ഡോക്യുമെന്ററികളിലേക്ക് സ്റ്റോൺ തിരിയുന്നത്.
സ്റ്റോണിന്റെ ഈ ഇരട്ട പദ്ധതികളിൽ കാമറകളോട് വലിയ ചങ്ങാത്തം കൂടാഞ്ഞ കാസ്ട്രോ തന്റെ ശരീരവടിവുകളും സംഭാഷണങ്ങളും ചിന്തകളുമായി പൂർണമായും സഹകരിച്ചപ്പോൾ അറഫാത്ത് തന്റെ റോൾ പൂർണതയിലെത്തിക്കുകയുണ്ടായില്ല. തന്റെ ‘ശത്രുവിന്റെ ശത്രു’വിന് മുന്നിൽ സ്വന്തം രാഷ്ട്രീയ ഒസ്യത്ത് പൂർണരൂപത്തിൽ സമർപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കാസ്ട്രോവിന് നല്ല ബോധ്യമുണ്ടായിരുന്നു. അറഫാത്താകട്ടെ, പോരാട്ടത്തിന് കർട്ടനിടാൻ സമയമായിട്ടില്ലെന്നും തന്റെ മുന്നിൽ കളികൾക്ക് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ടെന്നും അപ്പോൾ വിശ്വസിച്ചപോലെ തോന്നുന്നു. ഓർമക്കുറിപ്പുകളെഴുതുന്നതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞുനിർത്തിയതിന്റെ കാരണവും ഇത് തന്നെയാകാം. ഒലിവർ സ്റ്റോണിന്റെയും സ്റ്റോൺ നിർമിക്കുന്ന പടത്തിന്റെയും പ്രാധാന്യത്തെ കുറിച്ചു നന്നായറിയാമായിരുന്നിട്ടും തന്റെ സമയത്തിന്റെ ഗണ്യമായ ഭാഗം ആ ചിത്രത്തിന് നീക്കിവെക്കുന്നതിൽ അറഫാത്ത് ശുഷ്കാന്തി കാണിക്കുകയുണ്ടായില്ല.
‘അനഭിമതൻ’ എന്ന വെർണർ വിഡിയോ വിതരണം ചെയ്യുന്ന ഈ ഡോക്യുമെന്ററിയിൽ അറഫാത്തും അദ്ദേഹത്തിന്റെ സഹായികളും ഇരിക്കുന്ന വീട്ടിൽ ഒലിവർ സ്റ്റോണും ടീമും കടന്നുവരുന്നതാണ് നാം കാണുന്ന ഒരു രംഗം. ‘‘താങ്കളെ അഭിമുഖം നടത്താൻ ഉദ്ദേശിച്ചുവന്ന ചലച്ചിത്രകാരനാണ് ഇതെന്ന്’’ അപ്പോൾ ഒരാൾ അറഫാത്തിനോട് പറയുന്നത് നാം കേൾക്കുന്നു. അറഫാത്ത് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് സ്റ്റോണിനെ അഭിവാദ്യംചെയ്യുന്നു. തുടർന്ന് തന്റെ ഇടതുവശത്ത് മൂന്നാല് ഇരിപ്പിടങ്ങൾക്കപ്പുറത്ത് സ്റ്റോണിനെ ഇരുത്തുന്നു. അപ്പോഴും അവിടെ കൂടിയിരിക്കുന്നവരൊക്കെ പരസ്പരം സംസാരം തുടങ്ങുകയും കടന്നുവരുന്നവരെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അൽപം കഴിയുമ്പോൾ അറഫാത്തിന്റെ വക്താവ് ഒരു സ്പെഷൽ യോഗമുണ്ടെന്ന് അറിയിച്ച് സ്റ്റോണിനോട് ഖേദപ്രകടനം നടത്തുന്നു.
സ്റ്റോൺ പിന്നെ അവിടെ നിൽക്കുന്നില്ല. ‘‘നമ്മോട് കാത്തിരിക്കാനാണ് അവർ പറയുന്നത്. പക്ഷേ, നമ്മൾ മടങ്ങുകയാണ്’’ എന്നാണ് സ്റ്റോൺ അപ്പോൾ തന്റെ ടീമിനോട് പറയുന്നത്. അതേ രാത്രിതന്നെ മറ്റൊരു രംഗം ചിത്രീകരിക്കുമ്പോൾ ആൾക്കൂട്ടത്തിന്റെ തിക്കും തിരക്കും സ്റ്റോണിനെ അലോസരപ്പെടുത്തുന്നുണ്ട്. ഉദ്ദേശിച്ചപോലെ അറഫാത്തുമായുള്ള അഭിമുഖം സ്റ്റോണിന് പൂർത്തീകരിക്കാൻ കഴിയാതെ പോവുകയാണ്. അങ്ങനെ അറഫാത്തിനെ കുറിച്ചുള്ള ആ ചിത്രം അറഫാത്ത് പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ വളരെ കുറഞ്ഞതും അറഫാത്തിനെയും അറഫാത്ത് ഏറ്റെടുത്ത പ്രശ്നത്തെയും കുറിച്ച് മറ്റുള്ളവർ സംസാരിക്കുന്നതുമായ ഒരു പടമായാണ് പുറത്തിറങ്ങിയത്.
ഷിമോൺ പെരസ്, എഹൂദാ ബാറാക്, െനതന്യാഹു തുടങ്ങിയ ഇസ്രായേലി നേതാക്കൾ മാത്രമല്ല, ഹമാസിന്റെയും അൽഅഖ്സ ബ്രിഗേഡിന്റെയും വക്താക്കളും മുഖംമൂടി ധരിച്ച പോരാളികളുമൊക്കെ ഈ ഡോക്യുമെന്ററിയിൽ മുഖം കാണിക്കുന്നുണ്ട്. ഇവർക്ക് ഫലസ്തീൻ രാഷ്ട്രത്തിൽ ഒരു താൽപര്യവുമില്ലെന്നും ഇസ്രായേലിനെ തകർക്കൽ മാത്രമാണ് ലക്ഷ്യമെന്നും ഒരു രംഗത്തിൽ െനതന്യാഹു പറയുന്നത് കാണാം. അപ്പോൾ കാമറ ഇസ്രായേലി ടാങ്കുകൾ റാമല്ലയിൽ ഫലസ്തീൻ അഭയാർഥി ക്യാമ്പുകൾ തകർക്കുന്നതിന്റെയും ഫലസ്തീൻ കുട്ടികൾ തോക്കുധാരികളായ ഇസ്രായേലി ഭടന്മാരെ കല്ലെറിയുന്നതിന്റെയും ദൃശ്യങ്ങളിലേക്ക് തിരിയുന്നു. ബൈറൂതിലും ഇതര അഭയാർഥി കേന്ദ്രങ്ങളിലും അറഫാത്തും പി.എൽ.ഒയും നേരിട്ട് ഉപരോധങ്ങളും മറ്റും ചിത്രീകരിച്ചുകൊണ്ടാണ് അറഫാത്തിന്റെ അഭാവം സൃഷ്ടിച്ച ശൂന്യത ചിത്രത്തിൽ സ്റ്റോൺ നികത്തുന്നത്.
നഷ്ടസന്ദർഭങ്ങൾ വേറെയും
അറഫാത്തിനെ പകർത്താനുള്ള അവസരങ്ങൾ ചലച്ചിത്രകാരന്മാർക്ക് നഷ്ടപ്പെടുന്നത് ഇതാദ്യമല്ല. മുമ്പ് ഒരു ഫലസ്തീനി ഡോക്യുമെന്ററികാരൻ മണിക്കൂറുകൾ നീളുന്ന അറഫാത്തിന്റെ ജീവിതം ചിത്രീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. ചലച്ചിത്രകാരന്മാരോടും അവരുടെ തൊഴിലിനോടും അനുഭാവമുണ്ടായിട്ടും എന്തുകൊണ്ടായിരിക്കാം അറഫാത്ത് ഈ സംരംഭങ്ങളോട് മുഖംതിരിച്ചത്. തന്റെ പക്കലുള്ള പുതിയതും പഴയത് തന്നെയാെണന്ന അറഫാത്തിന്റെ ബോധ്യമായിരിക്കുമോ? മുമ്പ് ചിത്രീകരിക്കപ്പെട്ടതിന്റെ വിശദാംശങ്ങളിൽതന്നെ വരാനിരിക്കുന്ന ദീർഘാവസരങ്ങൾ വേണ്ടത്രയുണ്ടെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകുമോ? പുതിയൊരു പടമെടുക്കാനുള്ള തീം പഴയതിൽനിന്നുതന്നെ ചലച്ചിത്രപ്രതിഭകൾക്ക് കണ്ടെത്താനാകുമെന്ന് അദ്ദേഹം വിശ്വസിച്ചുകാണുമോ?
അറഫാത്തിന്റെ പോരാട്ടജീവിതത്തിലെ നിമിഷങ്ങൾ മുഴുവൻ ചലച്ചിത്രത്തിലേക്ക് ഭാഷാന്തരംചെയ്തിട്ടില്ലെന്നത് സത്യംതന്നെയാണ്. ഫലസ്തീന്റെ അവകാശത്തിനും മോചനത്തിനും പോരിനിറങ്ങിയ അൽ ഫത്ഹിന്റെയും പോരാട്ട സംഘടനകളുടെ ഛത്ര ശിബിരമായ പി.എൽ.ഒവിന്റെയും സാരഥി, ജോർഡനിൽ സ്വന്തം സഖാക്കളെയും ഫലസ്തീനി സഹോദരന്മാരെയും ആത്മഹത്യയിൽനിന്ന് തടഞ്ഞുനിർത്തിയവൻ, മധ്യ പൗരസ്ത്യ ദേശത്ത് അനേകം സുഹൃത്തുക്കളെയും ശത്രുക്കളെയും സമ്പാദിച്ച രാഷ്ട്രീയ പ്രഹേളിക, വിധികർത്താവും പോരാളിയും മധ്യസ്ഥനും മിതവാദിയുമൊക്കെയായി മാറിമാറി വർഷങ്ങളോളം കളംനിറഞ്ഞാടിയ നടൻ, ബൈറൂത് ഉപരോധകാലത്ത് അറേബ്യൻ ‘ഹാനോയി’ൽനിന്നാരംഭിച്ച ‘വിപ്ലവത്തി’ന്റെയും അറേബ്യൻ വിമോചന പ്രസ്ഥാനത്തിന്റെയും ചിലപ്പോൾ ലോക വിമോചന പ്രസ്ഥാനത്തിന്റെ തന്നെയും വിജയം അടുത്തെത്തിയെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ –അങ്ങനെ എത്രയെത്ര ചിത്രങ്ങൾ.
‘അറേബ്യൻ ഹാനോയ്’ –ഒരുകാലത്ത് പി.എൽ.ഒ തമ്പടിച്ച ബൈറൂതിനെ ചിലർ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു–എന്തൊരു പ്രഹസനമായിരുന്നു ആ വിശേഷണം എന്ന് ഇന്ന് നാം തിരിച്ചറിയുന്നു. മേൽചൊന്ന സന്ദർഭങ്ങളിലൊക്കെ അറഫാത്ത് കാമറക്കണ്ണുകളിൽ പതിഞ്ഞിട്ടുള്ളതാണ്. കാമറകളോട് പ്രതികരിക്കുന്നതിൽ മിടുക്കനുമായിരുന്നു അദ്ദേഹം. കാമറക്ക് മുന്നിൽ എങ്ങനെ പുഞ്ചരിതൂകണം, എങ്ങനെ പുരികം ചുളിക്കണം, കരചലനത്തിലൂടെ, അല്ലെങ്കിൽ അതില്ലാതെ എങ്ങനെ ഭാവാവിഷ്കാരം നടത്തണം ഇതൊക്കെ കാമറയുടെ ശക്തിയും പ്രാധാന്യവും ഉൾക്കൊണ്ട അറഫാത്തിന് നന്നായറിയാമായിരുന്നു.
ഇതൊക്കെ വെച്ചുനോക്കുമ്പോൾ ഫലസ്തീന്റെ പ്രതീകമായ ഒലിവ് നിറമുള്ള പാന്റ്സിനൊപ്പം അഖ്സാ മസ്ജിദിനെ ആകൃതിവത്കരിക്കുന്ന കൂഫിയ ധരിച്ച കരിസ്മാറ്റിക്കായ ആ നടന വിദഗ്ധൻ ഫലസ്തീന്റെ ചലച്ചിത്ര ഭൂമികയിൽ താനെന്ന ഹീറോയെ പ്രതിഷ്ഠിക്കേണ്ടതെങ്ങനെയാണെന്നതിൽ തീരെ അജ്ഞനായിരുന്നുവെന്ന് പറഞ്ഞുകൂടാ. ചുരുങ്ങിയത് 1969 മുതൽ മുസ്തഫാ അബൂഅലിയും ഹാനി ജൗഹരിയ്യയും മറ്റും സാക്ഷാത്കരിച്ച ‘ലാലിൽ ഹില്ലിസ്സിൽമി’ (സമാധാനപരമായ പരിഹാരത്തിനില്ല) എന്ന പടം മുതൽ ഒലിവർ സ്റ്റോണിന്റെ ‘അനഭിമതൻ’ (Persona non grata) വരെ അറഫാത്തിനെ ഒപ്പിയെടുത്ത പടങ്ങൾ നൂറുകണക്കിലുണ്ട്. ഗാലിബ് ശഅസ്, സദീർ നമിർ, ഖൈസ് സുബൈദി, ജാൻ ശംഊൻ (ശമോൻ) തുടങ്ങിയ ദശക്കണക്കിൽ അറബ് ചലച്ചിത്രകാരന്മാരുടെയും ഗൊദാർദിനെ പോലുള്ള ഫ്രഞ്ച് ചലച്ചിത്രകാരന്മാരുടെയും വെനീസാ റെഡ്ഗ്രൈവ് തുടങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രകാരന്മാരുടെയും വിരലൊപ്പ് പതിഞ്ഞ അനേകം പടങ്ങൾ ഇതിലുൾപ്പെടുന്നു. ഈ പടങ്ങളിലൂടെ കടന്നുപോകുമ്പോൾ ചലച്ചിത്രം ഫലസ്തീനും അതിന്റെ വിപ്ലവ നായകനും നൽകിയ സ്നേഹവിരുന്നിന്റെ ആത്മാർഥത നമുക്ക് ബോധ്യപ്പെടും.
ജമാൽ അബ്ദുൽനാസർ, യാസിർ അറഫാത്ത്, ഒലിവർ സ്റ്റോൺ
ഫലസ്തീൻ സിനിമയുടെ ചരിത്രം
ഫലസ്തീൻ പ്രശ്നത്തിന്റെ തുടക്കം മുതൽതന്നെ ഫലസ്തീൻ പ്രമേയമായുള്ള അഭ്രാവിഷ്കാരത്തിനും തുടക്കം കുറിച്ചിരുന്നു. എന്നാൽ, അതിന്റെ കർതൃത്വം ഫലസ്തീനികൾക്കായിരുന്നില്ലെന്ന് മാത്രം. ഭൂമിശാസ്ത്രപരമായി ഫലസ്തീന് പുറത്തുള്ള അറബ് ചലച്ചിത്രകാരന്മാരുടെ മുൻകൈയാലെയാണ് ആ സിനിമകൾ സാക്ഷാത്കരിക്കപ്പെട്ടത്.
ശ്രദ്ധേയമെന്ന് വിശേഷിപ്പിക്കാവുന്ന ആദ്യത്തെ കഥാധിഷ്ഠിത ഫലസ്തീനി സിനിമ പുറത്തുവരുന്നത് 1971ൽ സിറിയൻ സംവിധായകനായ തൗഫീഖ് സാലിഹിന്റെ മുൻകൈയിലാണ്. എന്നാൽ, പ്രമുഖ ഫലസ്തീനി നോവലിസ്റ്റായ ഗസ്സാൻ കനഫാനിയുടെ ‘അൽ മഖ്ദു ഊൻ’ (കബളിതർ) എന്ന നോവലായിരുന്നു ഈ സിനിമയുടെ ആധാരം. കനഫാനിയുടെ തന്നെ ‘രിജാലുൻ ഫിശ്ശംസ്’ (സൂര്യതാപത്തിൽ) എന്ന നോവലും വെള്ളിത്തിരയിലെത്തുകയുണ്ടായി. കനഫാനിയുടെ ‘അഹ്‍ലാമുൽ മൻഫാ’ (പ്രവാസ സ്വപ്നങ്ങൾ)ക്ക് ചലച്ചിത്രാവിഷ്കാരം നൽകിയതും ഒരു സിറിയക്കാരൻ തന്നെയായിരുന്നു –മുഹമ്മദ് മലിസ്വ്. ശാതില കൂട്ടക്കൊലയെ ആസ്പദമാക്കി സ്വിസ് ചലച്ചിത്രകാരനായ റിച്ചാർഡ് ഡിൻഡോ സംവിധാനംചെയ്ത ‘ജീനെ ശാതില്ലെ’ (Genet -a -Chatila)യും ഫലസ്തീൻ ചലച്ചിത്ര ഭൂപടത്തിൽ സ്ഥാനപ്പെടുത്തേണ്ട സംഭാവനയാണ്. ലബനീസ് സംവിധായകനായ ബുർഹാൻ അലവിയാണ് ഫലസ്തീന്റെ പുറത്തുനിന്ന് ഫലസ്തീൻ സിനിമയെ സമ്പന്നമാക്കുന്നതിൽ പങ്കുവഹിച്ച മറ്റൊരു ചലച്ചിത്രപ്രതിഭ.
പിന്നീട് നസ്രേത്തിൽനിന്നുള്ള മിഷാൽ ഖലീഫി, റശീദ് മിശ്ഹറാവി, ഏലിയ സുലൈമാൻ എന്നിവർ ഈ രംഗത്ത് കടന്നുവന്നതോടെ ഫലസ്തീനികളുടേതായ ഫലസ്തീനി സിനിമകളും ലോകം കണ്ടുതുടങ്ങി. ഖലീഫിയുടെ ‘ദാകിറ’ (സ്മൃതി), ‘അൽ ഖസ്വ് ബ’ (ഉർവരത), ‘അറസ് ഫിൽ ജലീലി’ (ഗലീലിയിലെ കല്യാണം) എന്നിവ എടുത്തോതേണ്ട കലാസൃഷ്ടികളത്രെ. ഫലസ്തീനി വംശജയായ ഭാര്യ മയ് മസ്വ്ര് രിയുമായി ചേർന്ന് ഖലീഫി ഒരു ഡസനിലേറെ ഫലസ്തീനി സിനിമകൾ സംവിധാനം ചെയ്യുകയുണ്ടായി. മയ് സ്വന്തമായി സംവിധാനംചെയ്ത പടമാണ് ‘മനാം’ (നിദ്ര). അഭയാർഥി ക്യാമ്പുകളിലെ കൈശോര ജീവിതങ്ങളാണ് ഈ പടത്തിലെ പ്രമേയം.
ഓസ്കർ നിഷേധിക്കപ്പെട്ട പടം
പുതിയ തലമുറയിലെ വളരെ പ്രധാനപ്പെട്ട ചലച്ചിത്രകാരനാണ് ഏലിയ സുലൈമാൻ. 2006ലെ ഐ.എഫ്.എഫ്.കെയിലെ ജൂറിയായി ക്രിസ്ത്യൻ വംശജനായ ഈ ഫലസ്തീനി ചലച്ചിത്രകാരൻ കേരളത്തിൽ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘യദുൻ ഇലാഹിയ്യ’ യിലും അറഫാത്ത് മുഖം കാണിക്കുന്നുണ്ട്; ശാരീരികമായിട്ടല്ല വരയായിട്ടാണെന്നുമാത്രം. 2002ൽ പുറത്തിറങ്ങിയ ‘ദൈവികമായ ഇടപെടൽ’ എന്ന ഈ ചിത്രത്തിന് വലിയൊരു രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഓസ്കർ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട ഈ പടം ഫലസ്തീൻ എന്ന ഒരു രാജ്യമില്ല എന്ന ഒറ്റക്കാരണത്താൽ പുറംതള്ളപ്പെട്ടു എന്നതാണത്.
ഫലസ്തീനി പ്രണയജോടികളുടെ പ്രണയസാഫല്യത്തിന്റെ രാഷ്ട്രീയമാണ് ഈ പടത്തിന്റെ തീം. പടത്തിന്റെ അന്ത്യത്തിലാണ് അറഫാത്ത് പ്രത്യക്ഷപ്പെടുന്നത്. കാമുകീ കാമുകന്മാർ (നായകൻ ഏലിയാ സുലൈമാനും നായിക മനാൽ ഖദറും) മധുവിധു ആഘോഷിക്കാൻ റാമല്ലയിൽനിന്ന് ജറൂസലമിലേക്ക് സഞ്ചരിക്കെ ഇസ്രായേലി ചെക്ക് പോസ്റ്റിൽ വെച്ച് അവരുടെ കാർ സെക്യൂരിറ്റി ഭടന്മാർ തടഞ്ഞിടുന്നു. പ്രയാണം തുടരാൻ കഴിയാതെ വിഷണ്ണനായി കാറിലിരിക്കുന്ന ഏലിയ സുലൈമാൻ ഒരു വർണ ബലൂണുമായി പുറത്തിറങ്ങുന്നു. ബലൂൺ വീർപ്പിക്കുമ്പോൾ അതിൽ ചിത്രാങ്കിതമായ അറഫാത്ത് തെളിഞ്ഞുവരുകയാണ്. നായകൻ കാറ്റ് നിറഞ്ഞ ബലൂൺ വായുവിലേക്ക് തട്ടുമ്പോൾ ബലൂൺ സെക്യൂരിറ്റി ഭടന്മാരുടെയും ചെക്ക്പോസ്റ്റിന്റെയും കടമ്പകൾ കൂട്ടാക്കാതെ മന്ദം മന്ദം മുന്നോട്ടു സഞ്ചരിക്കുന്നു.
കാമറക്കണ്ണുകൾ ബലൂണിനെ പിന്തുടരുമ്പോൾ അറഫാത്തിന്റെ മിഴിനീരണിഞ്ഞ പ്രസിദ്ധമായ പുഞ്ചിരി തെളിയുന്ന ചിത്രവുമായി കിലോമീറ്ററുകൾ താണ്ടി ജറൂസലമിലെ അൽ അഖ്സ പള്ളിയുടെ അന്തരീക്ഷത്തിൽ കറങ്ങിക്കറങ്ങി പള്ളിയങ്കണത്തിൽ ചെന്നിറങ്ങുന്നു. അങ്ങനെ ഫലസ്തീന്റെ പ്രണയം സാക്ഷാത്കരിക്കപ്പെടുകയാണ്. പ്രതീകാത്മകമായ രാഷ്ട്രീയ സാഫല്യം തേടുകയാണ് ‘ദൈവികമായ ഇടപെടൽ’ എന്ന ഈ പടത്തിലൂടെ ഏലിയാ സുലൈമാൻ. ഫലസ്തീൻ പ്രശ്നത്തിൽ ദൈവികമായ ഇടപെടലിൽ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഫലസ്തീൻ ജനതയിലുണ്ട്. ഇപ്പോഴത്തെ ഗസ്സ യുദ്ധത്തിലും ആ ഇടപെടൽ കാണുന്നവരാണ് ആ ജനതയിലെ വലിയൊരു വിഭാഗം സാധാരണക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.