ഒാപൺഹൈമറിന് ഏഴ് ഒാസ്കർ അവാർഡുകളാണ് ലഭിച്ചത്. ഇൗ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഒാപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്യാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.
ഓസ്കർ അവാർഡ് ഒരുപറ്റം കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പു മാത്രമാണെങ്കിലും ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട ഏറ്റവും മഹത്ത്വപൂർണമായ അംഗീകാരമാണെന്നാണ് പൊതുബോധം പ്രഖ്യാപിക്കുന്നത്. ഇതിനോട് യോജിക്കാത്ത നമ്മളിൽ മിക്കവരും ‘ഗാന്ധി’ സിനിമ ഈ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ, എ.ആർ. റഹ്മാനും മരകതമണിക്കും അവാർഡ് കിട്ടിയപ്പോൾ ആഹ്ലാദചിത്തരായവർ ആണെന്നുള്ള സത്യം മറക്കേണ്ടതല്ല. അക്കാദമി കമ്മിറ്റിക്കാർ ഏഴ് അവാർഡുകളാണ് ‘ഒാപൺഹൈമർ’ സിനിമക്ക് ചാർത്തിക്കൊടുത്തത്.
ഏറ്റവും നല്ല ചിത്രം, ഏറ്റവും നല്ല സംവിധായകൻ, നല്ല നടൻ, എന്നതൊന്നും മാത്രമല്ല, സംഗീതത്തിനും എഡിറ്റിങ്ങിനും സിനിമാറ്റോഗ്രഫിക്കും സഹനടനും സമ്മാനങ്ങളുണ്ട്. ഒാപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്യാനമോ അല്ല ഈ സിനിമ, പ്രത്യുത അദ്ദേഹത്തിന്റെ ആന്തരിക സംഘർഷങ്ങളുടെ നോലൻ രീതിയിലുള്ള, തികച്ചും നോലൻ കാഴ്ചപ്പാടുകളിലുള്ള ആഖ്യാനമാണിത്. ഗാലക്സികളും നക്ഷത്രങ്ങളും നെബുലകളും ഒാപൺഹൈമറുടെ വിഹ്വലതകൾക്ക് ദൃശ്യം ചമച്ചുകൊണ്ട് സിനിമ പുരോഗമിക്കുന്നതിനിടക്കാണ് സംവിധായകൻ കഥ വിരിയിച്ചെടുക്കുന്നത്.
സ്വയം നിർമിച്ച മാരകായുധത്തെ പിന്നീട് നിരാകരിച്ചുകൊണ്ടും ഒരു യുദ്ധോപകരണമായി മാറിയതിൽ പരിതപിച്ചുകൊണ്ടും സ്വയം ഇല്ലാതാകലിലേക്ക് നടന്നുനീങ്ങുന്ന ഒാപൺഹൈമർ ആണ് ചിത്രീകരിക്കപ്പെടുന്നത്. ശാസ്ത്രവും ധാർമികബോധവും നേർക്കുനേർ പൊരുതുന്നതും അവ തമ്മിലുള്ള സമതുലിതാവസ്ഥ എപ്രകാരം തകർക്കുമെന്നും സത്യമായ ലോകചര്യകളെ ഇത് എങ്ങനെ ദുഷിപ്പിക്കുന്നു എന്നും സിനിമ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തന്റെ കമ്യൂണിസ്റ്റ് ചായ്വ് അദ്ദേഹത്തെ തടങ്കലിൽപെടുത്തുന്നതിന്റെ വ്യഥകളും ഇതോടൊപ്പമുണ്ട്.
ഒരു ശാസ്ത്രജ്ഞന്റെ ജീവിതം ഒട്ടും നാടകീയത കലർന്നതോ അത്ഭുതകരമായ പരിണാമഗുപ്തികൾ വന്നുഭവിക്കുന്നതോ ആയിരിക്കാറില്ല. അവരുടേത് മിക്കവാറും മടുപ്പുളവാക്കുന്ന ജോലിയാണ്, മറ്റുള്ളവർക്ക് വിരസത തോന്നാനാണ് അവരുടെ ജീവിതാഖ്യാനങ്ങൾ വഴിവെക്കാറ്. ശാസ്ത്രജ്ഞരുടെ വ്യക്തിജീവിതം പ്രത്യേകത ഉൾച്ചേർന്നതോ സ്വകാര്യസംഭവങ്ങൾ അസാമാന്യമായതോ വിചിത്രമോ ആയാൽ മാത്രമേ അതിൽ നാടകീയത കലർത്തി സിനിമാറ്റിക് ആക്കാനോ തിയറ്റർ അനുഭവമാക്കാനോ സാധിക്കൂ. എങ്കിലും പലേ ശാസ്ത്രജ്ഞരുടെ ജീവിതം ചില സിനിമകൾക്ക് ഉപോദ്ബലകം ആയിട്ടുണ്ട്.
പക്ഷേ, എന്തെങ്കിലും പ്രത്യേകത അവരിൽ ഉണ്ടായിരിക്കും, അതിനെ ആഖ്യാനകേന്ദ്രമായായിരിക്കും കഥ നിർമിച്ചെടുക്കുന്നത്. നൊബേൽ ജേതാവായ ജോൺ നാഷിന്റെ ജീവിതം ‘എ ബ്യൂട്ടിഫുൾ മൈൻഡ്’ എന്ന പേരിൽ സിനിമയായത് അദ്ദേഹത്തിന്റെ മാനസികപ്രശ്നത്തിന് ഊന്നൽ നൽകിക്കൊണ്ടാണ്. ‘The Theory of Everything’ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ബയോപിക് ആണ്. അദ്ദേഹത്തിന്റെ എ.എൽ.എസ് (A.L.S) അസുഖമാണ് സിനിമക്ക് പ്രത്യേകത നൽകുന്നത്. ശാരീരികമായ അപകർഷങ്ങളെ വെല്ലുവിളിച്ച് മുന്നേറുന്നവരുടെ ദീപ്തമായ ജീവിതമാണ് ഈ രണ്ടു സിനിമകളിൽക്കൂടിയും വരച്ചിടപ്പെടുന്നത്.
ഈ പശ്ചാത്തലത്തിൽ മാത്രമേ ആറ്റം ബോംബിന്റെ ഉപജ്ഞാതാവായ ഒാപൺഹൈമറിനെക്കുറിച്ചുള്ള സിനിമ ഉരുത്തിരിച്ചെടുത്തതിനെ വിശകലനം ചെയ്യാനാവൂ. മേൽപറഞ്ഞ ശാസ്ത്രജ്ഞരുടെ മാനസിക/ ശാരീരിക പ്രശ്നസമൃദ്ധ ജീവിതമൊന്നും ഒാപൺഹൈമറിനു അവകാശപ്പെട്ടിട്ടില്ല. വിവാഹത്തിനു ശേഷവും കാമാതുരനായി ആദ്യസഖിയെ പ്രാപിച്ചിരുന്നു എന്നത് അത്ര വലിയ അസാമാന്യ ജീവിതവിശേഷം ഒന്നുമല്ല. പക്ഷേ, കഠിനമായ ആന്തരികസംഘർഷം അനുഭവിച്ചിരുന്നു എന്നതാണ് പ്രധാനം. തന്റെ ശാസ്ത്രാവിഷ്കാരം ലോകത്തിന്റെ സർവനാശത്തിനു വഴിതെളിക്കുന്നതാണെന്നുള്ള പരമസത്യം മനസ്സിലാക്കൽ ആത്മശോഷണത്തിനു കാരണമാകുകയാണ്.
ഹൈഡ്രജൻ ബോംബ് നിർമാണത്തെ എതിർത്തത് അതുവരെ അഭ്യുദയകാംക്ഷിയായിരുന്ന ലൂയിസ് സ്ട്രോസിനെ പ്രകോപിപ്പിക്കുകയും കഠിന വിചാരണയിലേക്ക് ഒാപൺഹൈമർ തള്ളിയിടപ്പെടുകയും ചെയ്തു. കമ്യൂണിസ്റ്റ് ചായ്വ് എന്നത് അദ്ദേഹത്തെ തല്ലാനുള്ള വടിയായി ഉപയോഗിക്കുകയാണ് അമേരിക്കൻ ഗവൺമെന്റ്; റഷ്യൻ ചാരൻ എന്ന സംശയത്തിനു വരെ ഇടവരുത്തുകയും ചെയ്തു. ഇത് നൽകിയ ക്ലിഷ്ടത കഠിനമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഒാപൺഹൈമറെ.
സിനിമയുടെ ആഖ്യാനത്തിന്റെ കാതലും ഇതുതന്നെ. മാനസികവും ശാരീരികവുമായ അസുഖങ്ങൾ യാതനകളേൽപ്പിച്ച സ്വരൂപമായിരുന്നു അദ്ദേഹത്തിന്റേത്. ഉറ്റവരേക്കാൾ തിയററ്റിക്കൽ ഫിസിക്സിനെ പ്രണയിച്ച വികാരജീവി. സംഹാരം എന്ന കർമം താൻ അറിയാതെ തന്നിൽ ഏൽപിക്കപ്പെട്ടപ്പോൾ –അത് നേരത്തേതന്നെ അറിയുന്നുമുണ്ട് – അതിന്റെ വിഹ്വലനിസ്സഹായതയിൽ മനസ്സ് ശിഥിലമായവൻ. എന്നാൽ, കാമാതുരത അദ്ദേഹത്തെ വലച്ചിരുന്നു, കുറ്റബോധം ഒരു കൂടപ്പിറപ്പെന്നപോലെ പിന്തുടർന്നിരുന്നു. സിനിമ വരച്ചിടുന്നതും ഇത്തരം ചില മാനസിക വ്യാപാര വ്യതിചലനങ്ങളാണ്.
ആറ്റം ബോംബ് നിർമിക്കുക എന്നത് ഒരു കൊടുംപാതകമാണെന്ന് തോന്നിത്തുടങ്ങുമ്പോൾ ആ സംഘർഷങ്ങളിൽക്കൂടി ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം കടന്നുപോയി എന്നത് ചിത്രീകരിക്കുന്നതിലാണ് നോലൻ ഊന്നൽ നൽകിയിരിക്കുന്നത്. ഈ ആകുലതകളുടെ പശ്ചാത്തലം ഉരുത്തിരിഞ്ഞതിന്റെ ചരിത്രവും വ്യക്തമായി കഥാഗതിയിൽ പെടുത്തിയിട്ടുണ്ട്. ഓപൺഹൈമറുടെ ജീവിതമുഹൂർത്തങ്ങൾ മുന്നോട്ടും പിന്നോട്ടും പായുന്ന രീതിയിലാണ് ചിത്രാഖ്യാനം; മറ്റു പല ശാസ്ത്രജ്ഞരുടെ ബയോപിക് സിനിമകളുമായി അതുകൊണ്ട് ഒരു സാമ്യവുമില്ല. അപരിമേയ വിസ്തൃതിയിൽ അനന്തകോടി നക്ഷത്രങ്ങൾ ഭ്രമണം ചെയ്യുന്ന ഭ്രമാത്മക പ്രപഞ്ചവും ഒരു വൻ മിന്നലോടെ അത് ഇടിഞ്ഞില്ലാതാകുന്നതും ഒരു വെളിപാടുപോലെ സ്വപ്നത്തിൽ വന്നണയുന്നത് ദൃശ്യപ്പെടുത്തിയാണ് ഓപൺഹൈമറുടെ കഥ ആരംഭിക്കുന്നതുതന്നെ.
ക്ലിഷ്ടമായ ഈ കഥാപാത്ര അവതരണം മിഴിവോടെ, വിശ്വസനീയത ജന്യമാക്കുംവിധം പ്രകടമാക്കിയ കിലിയൻ മർഫിക്ക് നല്ല നടനുള്ള സമ്മാനം കിട്ടിയെങ്കിൽ അത്ഭുതപ്പെടാനില്ല. പക്ഷേ, ലൂവിസ് സ്ട്രാസ് എന്ന സമർഥൻ കൗശലക്കാരന്റെ– ഇദ്ദേഹമാണ് ഓപൺഹൈമറെ ഗവേഷണ ഏജൻസിയുടെ തലവനാക്കിയതും പിന്നീട് ഓപൺഹൈമറെ ഒരിക്കലും പൊങ്ങാതെ അടിച്ചമർത്തിയതും – പാത്രസൃഷ്ടിയാണ് ഗംഭീരമായത്. റോബർട്ട് ബ്രൗണി ജൂനിയറിനു സഹനടൻ അവാർഡ് കിട്ടിയതിനു പിന്നിൽ അനന്യമായ ഈ കഥാപാത്രസൃഷ്ടിക്കാണ് പ്രധാന പങ്ക്.
പല പ്രേക്ഷകർക്കും –സിനിമാനിരൂപകർ ഉൾപ്പെടെ – ഈ സിനിമയിൽ ഓപൺഹൈമറുടെ കണ്ടുപിടിത്തം നാശകാരിയാകുന്നത് ദൃശ്യപ്പെടുത്തിയില്ല, അദ്ദേഹത്തെ വെളുപ്പിച്ചെടുക്കാൻ നിർമിച്ച സിനിമതന്നെ ഇതെന്ന് അഭിപ്രായമുണ്ട്. ഈ സിനിമയുടെ ഉദ്ദേശ്യമോ പശ്ചാത്തലമോ നിർമിച്ചെടുക്കുന്ന വാതാവരണത്തിന്റെ ആന്തരികമോ ബാഹ്യമോ ആയ ചാരുതയോ ഉൾച്ചേർന്ന വ്യക്തിസത്തയുടെ അന്വേഷണത്വരയോ മനസ്സിലാക്കാതെ പോയതിന്റെ ദൃഷ്ടാന്തമാണിത്. അണുബോംബ് സ്ഫോടനത്തിന്റെ ദുരന്തചിത്രീകരണം ലാക്കാക്കി എടുത്ത യുദ്ധ സിനിമ (war movie) ആണിത് എന്നൊരു തെറ്റിദ്ധാരണയും വന്നു ഭവിച്ചിട്ടുണ്ട്.
ഒരു ശാസ്ത്രജ്ഞനും അയാളുടെ/ അവളുടെ കണ്ടുപിടിത്തത്തിന്റെ ഫലപ്രാപ്തിക്കും (ദുരു) ഉപയോഗത്തിനു ബാധ്യസ്ഥരല്ലെന്നുള്ള അവശ്യം അറിവ് ഇല്ലാതെപോയതാണ് ഈ ചിന്തയുടെ ആധാരം. റൈറ്റ് സഹോദരന്മാർ വിമാനം പറത്താം എന്ന് കണ്ടുപിടിച്ചതോടെ സർവസംഹാരത്തിനു കോപ്പുകൂട്ടുന്ന പെന്റഗൺ അപ്പോൾതന്നെ അവകാശങ്ങൾ എഴുതിവാങ്ങി. മുകളിൽനിന്ന് ബോംബ് വർഷിച്ച് കൂടുതൽ ആളുകളെ കൊല്ലാമല്ലോ എന്നായിരുന്നു പെന്റഗണിന്റെ കണക്കുകൂട്ടൽ. ഇത് അവർ സാധിച്ചെടുക്കുകയും ചെയ്തു.
പക്ഷേ, ലോസ് അലാമോസിലെ വിസ്ഫോടന പരീക്ഷണം ഓപൺഹൈമറുടെ കാർമികത്വത്തിൽ നടന്നതാണ്, വൻ കൂട്ടക്കൊലക്കുള്ള തയാറെടുപ്പാണ് എന്ന് അറിഞ്ഞിരുന്നതുമാണ്. വൻദുരന്തത്തിന്റെ മുന്നോടിയാണിതെന്ന് അദ്ദേഹത്തിനു വെളിപാടുണ്ടാകുന്ന വിധമാണ് സിനിമയിൽ രംഗങ്ങൾ ദൃശ്യപ്പെടുത്തിയിരിക്കുന്നത്. അറ്റോമിക് ഫിഷൻകൊണ്ട് ഓപൺഹൈമർ മനുഷ്യസംഹാരത്തിനു വേണ്ടി മനഃപൂർവം സൃഷ്ടിച്ചതല്ല അണുബോംബ് എന്നതും ഹിരോഷിമയിൽ എങ്ങനെ അത് ഉപയോഗിക്കപ്പെട്ടു എന്നതിന്റെ എല്ലാ പിന്നാമ്പുറ കഥകളും സിനിമയിൽ വിദിതമാക്കിയിട്ടുണ്ട്.
ഭരണകൂടവും ശാസ്ത്രജ്ഞരും തമ്മിലുള്ള ബന്ധത്തെ വിചാരണചെയ്യുന്നത് സിനിമയുടെ ഒരു ഉദ്ദേശ്യംതന്നെ എന്ന് വ്യക്തമാക്കപ്പെടുന്നുണ്ട് പലേ സന്ദർഭങ്ങളിലും. ഓപൺഹൈമറുടെ വ്യഥകൾ പലതും ഇതുമായി ബന്ധപ്പെട്ടതാണ്; വിഹ്വലതകൾ തീക്ഷ്ണമാക്കപ്പെട്ടതും. ഒാപൺഹൈമർ പല വിചാരണകൾക്കും വശംവദനായിട്ടുണ്ട്, സിനിമയിൽ ഈ വിചാരണാവേളകൾ ദീർഘമേറിയതാണ്. അതിലെ ചോദ്യങ്ങൾ ഓപൺഹൈമറുടെ മാനസികാവസ്ഥയും അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയജടിലതയും വെളിവാക്കപ്പെടുന്നതാണ്.
സിനിമയിൽ പലയിടത്തായിട്ടാണ് ഈ വിചാരണകൾ നിജപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും കഥ വിദിതമാക്കുന്നതു നിർത്തിയിട്ട് ഈ വിചാരണാവേളകൾ പ്രത്യക്ഷപ്പെടുകയാണ്. അല്ലെങ്കിൽ ഈ വിചാരണകൾ കഥാനായകന്റെ ആന്തരികവ്യഥകളെ തുറന്നുകാട്ടാനുള്ളവയാണ്.
സ്ഫോടനം നടന്നയുടൻ അനുമോദന മീറ്റിങ് വേളയിൽ സംഹാരത്തിന്റെ എല്ലാ കരാളദുരന്താനുഭവങ്ങളും വിഹ്വലതയോടെ മനസ്സിൽ ആഞ്ഞടിക്കുന്നത് പ്രതീകാത്മകമായാണ് അവതരിക്കപ്പെട്ടിട്ടുള്ളത്. ഓഡിറ്റോറിയത്തിൽ അദ്ദേഹത്തിനു വേണ്ടി കൈയടിക്കുന്നവർ ഒരു നിമിഷംകൊണ്ട് ഇല്ലാതാകുന്നത് അദ്ദേഹം നേരിൽ കണ്ട് അനുഭവിക്കുന്നതായിട്ടാണ് രംഗചിത്രീകരണം. ലോസ് അലാമോസിലെ സ്ഫോടനം ദുരന്തത്തിന്റെ തുടക്കമാണെന്ന് വ്യഞ്ജിക്കപ്പെട്ടതുപോലെ ദൃശ്യങ്ങൾ ആകെ വെളുപ്പിച്ചാണ് റേഡിയേഷൻ പരക്കുന്നത് വ്യക്തമാക്കുന്നത്. അമേരിക്കൻ പ്രസിഡന്റിനെ സന്ദർശിക്കുന്ന വേളയിൽ “എന്റെകൈകളിൽ ചോരപുരണ്ടിരിക്കുന്നു” എന്ന് സ്വയം സമ്മതിക്കുന്ന ഓപൺഹൈമർക്ക് ഒരു ചെറിയ തൂവാല നൽകി അതുമതി ആ കുറ്റബോധം തുടച്ചുകളയാനെന്ന് കളിയാക്കി പ്രഖ്യാപിക്കുന്ന ഭരണകൂട നേതാവിനെയാണ് നേരിടേണ്ടിവരുന്നത്.
ഭഗവദ്ഗീതയെ സാക്ഷ്യപ്പെടുത്തി താൻ സർവസംഹാരിയാണെന്ന് മതിഭ്രമവിഹ്വലതയോടെ തിരിച്ചറിയുന്ന രംഗങ്ങൾ ഒന്നിലധികമുണ്ട്. തന്റെ ജീവിതവും വിശ്വാസസംഹിതകളും പാടേ തെറ്റുകളുടെ കൂമ്പാരമാണെന്നും ആത്മവീര്യം വേണ്ടവനല്ലെന്നും മറ്റുമുള്ള കുറ്റബോധമാണ് മനസ്സിനെ എപ്പോഴും മഥിക്കുന്നത് എന്നത് ആവർത്തിച്ചുറപ്പിക്കുന്നുണ്ട് കഥാരംഗങ്ങൾ. പ്രണയിനിയുടെ ആത്മഹത്യാവേളയിൽ ഇത് ഉൽക്കടമാകുന്നുണ്ട്, ഭാര്യയാണ് അദ്ദേഹത്തെ ഇതിൽനിന്നും പുറത്തുകടത്താൻ ഉദ്യമിക്കുന്നത്. ഇത് തക്കവണ്ണം ദൃശ്യപ്പെടുത്താനെന്ന വണ്ണമാണ് വിചാരണാരംഗങ്ങൾ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. തന്റെ ഉന്മത്തമായ രത്യോന്മുഖത സ്വയം വെളിപ്പെടുത്തി വിചാരണയിൽ അതിന്റെ കുറ്റം ഏറ്റുവാങ്ങുന്നപോലെ ചിത്രീകരിക്കപ്പെട്ട ഒരു രംഗമുണ്ട്.
ഭാര്യ നോക്കിനിൽക്കുമ്പോഴാണ് പൂർവപ്രണയിനിയുമായുള്ള ഈ സ്വപ്നസമാനമായ, ആസക്തിപൂരിതമായ ഈ രതിലീല. സ്വയം വിചാരണയുടെ വേളതന്നെ ഇത്. പരാജയങ്ങളുടെ മുറിവുകൾ തന്റെ ആന്തരികമായ വിജയങ്ങളുടേതാക്കി സ്വയം കൽപിച്ചെടുത്തു അദ്ദേഹം. ലോസ് അലാമോസ് ലാബ് പ്രദേശങ്ങളെല്ലാം അവിടത്തെ തനത് അമേരിക്കൻ ഇന്ത്യക്കാർക്ക് (നവാഹോ ഇന്ത്യൻസ് Navajo Indians) വിട്ടുകൊടുക്കണമെന്ന് വാദിച്ചു അദ്ദേഹം. ഭരണകൂടത്തെ തെല്ലല്ല ഇത് ചൊടിപ്പിച്ചത്. ന്യൂക്ലിയർ ആയുധങ്ങൾക്കെതിരെ പൊരുതുന്നതും ആവശ്യം കഴിഞ്ഞ് ഭരണകൂടങ്ങൾ ശാസ്ത്രജ്ഞരെ കൈയൊഴിയുന്നതും സാധാരണമാണെന്നും അത് സംഭവിക്കാൻ പോകുകയാണെന്നും സാക്ഷാൽ ഐൻസ്റ്റൈൻതന്നെ അദ്ദേഹത്തെ ധരിപ്പിക്കുന്നുണ്ട്.
വെറുതെ ആൽജിബ്ര പഠിച്ച് അതിലെ അക്ഷരങ്ങളിലും അക്കങ്ങളിലും ഭ്രമിച്ചുവശായാൽ മതിയോ? പോരാ. അതിനുള്ളിൽനിന്ന് ഒരു സംഗീതംകേട്ട് തുടങ്ങണം. ശാസ്ത്രത്തിനുള്ളിലെ രഹസ്യമയമായ എന്നാൽ അലൗകികമയ സംഗീതം ഉള്ളിൽ ആവാഹിക്കുന്നവനാണ് യഥാർഥ ശാസ്ത്രജ്ഞൻ. ഓപൺഹൈമർക്ക് ഗുരുതുല്യനായ സാക്ഷാൽ നീൽസ് ബോർ (Niels Bohr) ബോധിപ്പിക്കുന്നത് ശാസ്ത്രത്തിന്റെ ഉള്ളിന്റെയുള്ളിൽ തുടിക്കുന്ന സംഗീതം കേൾക്കണമെന്നാണ് –ഉപരിപ്ലവമായ ആശയങ്ങളെക്കാൾ മനുഷ്യത്വം കലർന്ന, ഭാവിയിലേക്കും ഭൂതത്തിലേക്കും നീളുന്ന ആന്തരികാർഥവും പ്രപഞ്ചവുമായുള്ള സൗന്ദര്യാത്മക ബന്ധപ്പെടലും ആസ്വദിച്ചറിയണം എന്നാണ്. ശാസ്ത്രജ്ഞർ കൗതുകത്താൽ ഓരോ കല്ല് പൊക്കുകയാണ്. അതിനടിയിൽ സർപ്പം കണ്ടേക്കാം എന്ന ബോധം വേണ്ടിയിരിക്കുന്നു, ആ സർപ്പത്തെ തുറന്നുവിടുന്നതിന്റെ വരുംവരായ്കകൾ അറിഞ്ഞിരിക്കേണ്ടതുമുണ്ട് എന്നൊക്കെ ധരിപ്പിക്കുന്നുണ്ട്. ഇത് അവസാനം ഐൻൈസ്റ്റനോട് തുറന്നുപറയുന്നുണ്ട് ഒാപൺഹൈമർ.
ഉടനീളം സംഗീതനിബന്ധനയാൽ ആഖ്യാനം വേറിട്ടതാക്കാൻ ശ്രമിച്ചിട്ടുണ്ട് നോലൻ. സങ്കീർണമായ വയലിൻ പ്രയോഗങ്ങളാണ് ഒാപൺഹൈമറുടെ മാനസികനിലയുടെ പ്രതിബിംബമായി വിനിയോഗിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഏകാന്തതയും വിഹ്വലതകളും വയലിൻ പ്രയോഗങ്ങളിൽ പുതുമകളേറ്റി സംഗീതസംവിധായകൻ Ludwig Goransson പ്രകടനാത്മകത സന്നിവേശിപ്പിച്ചിട്ടുണ്ട്. സ്വീഡിഷ് സംഗീതജ്ഞനായ ഈ ചെറുപ്പക്കാരൻ ഇതിനുമുമ്പ് രണ്ട് എമി അവാർഡും മൂന്ന് ഗ്രാമി അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ആറ്റങ്ങൾ തമ്മിൽ ഇടയുന്നതും ഊർജത്തിന്റെ മഹാപ്രവാഹം തലങ്ങും വിലങ്ങും പായുന്നതും അനന്തവിഹായസ്സിൽ അതീന്ദ്രിയാനുഭവം നൽകുന്ന നക്ഷത്രങ്ങളുടെ പ്രോജ്വലനവും ഉചിതമായ വയലിൻ പ്രയോഗങ്ങളാലാണ് ഗാംഭീര്യമിയന്ന ദൃശ്യങ്ങൾക്ക് വിശ്വസനീയത കൈവരുത്തുന്നത്. ക്വാണ്ടം ഫിസിക്സ് സംഗീതമാക്കാൻ ശ്രമിച്ചു എന്ന് അദ്ദേഹം പറയുന്നു.
പലപ്പോഴും വിസ്ഫോടനങ്ങളുടെ അപകടസാധ്യത തെര്യപ്പെടുത്താൻ നൂതന ട്രിക്കുകൾക്ക് അദ്ദേഹം തുനിഞ്ഞിട്ടുണ്ട്. രണ്ടു മിനിറ്റിനുള്ളിൽ 21 ടെമ്പോ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ക്ലിഷ്ടതരമായ പ്രയോഗങ്ങളും ഇതിൽ ഉൾപ്പെടും. ശാസ്ത്രകൗതുകങ്ങൾക്കിടയിൽനിന്ന് അതിന്റെ അഗാധതയിൽ സംഗീതം കേൾക്കുന്നത് പ്രമേയമായി വരുമ്പോൾ അതിനു ഉചിതമായി വയലിൻ പ്രയോഗങ്ങൾ കൊണ്ടുവരാൻ ഏറെ പണിപ്പെട്ടുവെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഓപൺഹൈമറും കൂട്ടരും അനന്തവിഹായസ്സു നോക്കിനിൽക്കുമ്പോൾ അന്യഗ്രഹജീവികൾ വന്നിറങ്ങുന്ന പ്രതീതി ഉണർത്തുന്ന സംഗീതം വഴിഞ്ഞൊഴുകുന്നുണ്ട്. അലർച്ചയുടെ സ്വഭാവത്തിൽനിന്ന് വ്യതിചലിച്ച് സ്വച്ഛന്ദാനുഭൂതിയുടെ മേഖല തഴുകി ചെവിയിലോതുന്ന രഹസ്യമെന്നപോലെ മന്ദ്രതരമാകുന്നതൊക്കെ ഗോരൻസൺ അനുഭവപ്പെടുത്തുന്നുണ്ട്.
ജലോപരിതലത്തിലെ ഓളവലയങ്ങൾ ആദ്യവസാനം ഐൻസ്റ്റൈനുമായുള്ള കൂടിക്കാഴ്ചയിലും നിബന്ധിച്ച് സൗകുമാര്യമുളവാക്കാൻ ശ്രദ്ധവെച്ചിട്ടുണ്ട് സംവിധായകൻ. വളരെ ചെറിയ സീക്വൻസുകൾ (കട്ടുകൾ) തലങ്ങും വിലങ്ങും നിജപ്പെടുത്തിയാണ് കഥയുടെ സൂക്ഷ്മാംശങ്ങൾ വെളിവാക്കുന്നത്. ഒരു സംഭവത്തിനിടയിൽ മറ്റൊന്ന് മുറിച്ചു ചേർക്കുന്നത് പല ഇടങ്ങളിലുമുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കാൻ അതിസൂക്ഷ്മമായ കാഴ്ച പ്രേക്ഷകനിൽനിന്ന് ആവശ്യപ്പെടുന്നുമുണ്ട്. രേഖീയമായ കാലമാറ്റത്തിനനുസരിച്ചല്ല പലപ്പോഴും ഈ ചെറിയ സംഭവാംശങ്ങൾ കടന്നുവരുന്നത്. ചിലപ്പോൾ നേരത്തേ പ്രേക്ഷകനു പിടികിട്ടാത്തതോ വിശദീകരിച്ചിട്ടില്ലാത്തതോ ആയ വഴിത്തിരിവുകൾ ഇപ്രകാരമാണ് ബോധ്യപ്പെട്ടുവരുന്നത്.
ചിലപ്പോൾ പരസ്പരബന്ധമില്ലെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്ന, മൂന്നോ നാലോ രംഗങ്ങൾ കൂട്ടിച്ചേർത്തു വെച്ചിട്ടുണ്ട് നോലൻ. പെട്ടെന്ന് മിന്നിമറയുന്ന വിഹ്വലതകേളാ ഭ്രമാത്മകചിന്തകളോ പ്രപഞ്ചത്തിൽ എവിടെയോ നടക്കുന്ന വിസ്ഫോടകങ്ങളോ നക്ഷത്രപ്പകർച്ചകളോ നെബുലാവിന്യാസങ്ങളോ ഒക്കെയായാണ് നായകന്റെ അവബോധത്തിൽക്കൂടി കടന്നുപോകുന്നതെന്ന് ബോധ്യപ്പെടുത്താൻ സംവിധായകൻ ശ്രദ്ധവെച്ചിട്ടുണ്ട്. പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും സംഗീതം ശ്രവിക്കുന്നവനെന്ന് ബോധ്യപ്പെടുത്തുന്ന ദൃശ്യങ്ങളാണിവ.
ചിത്രത്തിൽ അനുസ്യൂതം പ്രത്യക്ഷപ്പെടുന്ന വിചാരണ നമ്മൾ കാണുന്നത്, ഒാപൺഹൈമർ കാണുന്നതും അനുഭവിക്കുന്നതും സംവിധായകൻ കാണുന്നത്/ കാണിക്കുന്നത് ഇങ്ങനെ മൂന്നു രീതിയിൽ പ്രത്യക്ഷപ്പെടുത്തുന്നുണ്ട്. അവസാനം ഓപൺഹൈമറുടെ പരാജയങ്ങൾ ദൃശ്യപ്പെടുത്തുന്നത് അദ്ദേഹത്തിൽനിന്ന് മാറിനിന്നുള്ള നോട്ടങ്ങളാലുമാണ്. തടാകക്കരയിൽ ഐൻസ്റ്റൈനുമൊത്തുള്ള രംഗം രണ്ടു തവണ, രണ്ട് വീക്ഷണകോണുകളിൽനിന്ന് അവതരിപ്പിക്കപ്പെടുന്നുണ്ട്. ആദ്യത്തേത് ലിവിസ് സ്ട്രോസിന്റെ വീക്ഷണമാണെങ്കിൽ രണ്ടാമത്തേത് ഓപൺഹൈമറുടെ ഏറ്റുപറച്ചിലിന്റെ രംഗമാണ്.
സിനിമ തുടങ്ങുമ്പോഴുള്ള ദൃശ്യമായ കുളത്തിലെ ഓളവലയങ്ങൾ ഒന്നോടൊന്നു ചേരുന്നത് അവസാനവും എത്തുന്നുണ്ട്. ഒരു ആറ്റം മറ്റൊന്നിനെ ചെന്നിടിക്കുമ്പോൾ സംഭവിക്കുന്ന ‘ചെയിൻ റിയാക്ഷൻ’കൊണ്ട് സർവനാശം സംഭവിക്കുന്നതിനെ ദ്യോതിപ്പിക്കാനാണിത് എന്നതാണ് വ്യത്യാസം. നമ്മുടെ തലക്കു മീതെ ശൂന്യാകാശമല്ലെന്നും ഓപൺഹൈമറുടെ ആത്മപരിശോധനയെ മുൻനിർത്തി അറ്റോമിക്/ ഹൈഡ്രജൻ ബോംബുകളുടെ സർവസംഹാരശക്തി അവിടെ ഘനീഭവിച്ച് തൂങ്ങുന്നു എന്നും ദ്യോതിപ്പിക്കാനാണ് ക്രിസ്റ്റഫർ നോലന് ഔത്സുക്യം.
ഇത് വൃത്തിയായി അവതരിപ്പിക്കാൻ തക്കവണ്ണമുള്ള സ്ക്രിപ്റ്റ് നോലൻതന്നെ ചമച്ചതാണ്. പലപ്പോഴും ഓപൺഹൈമറിനു പറയാനുള്ള കഥപോലെയാണ് അവതരണം. പ്രേക്ഷകരോട് നേരിട്ട് തന്റെ ഹിപ്നോട്ടിക് ചിന്തകളും ഭാവങ്ങളും സംവദിക്കുന്നവിധം മുഖത്തിന്റെ ക്ലോസ്അപ് ഷോട്ടുകൾ ധാരാളമുണ്ട്. ന്യൂക്ലിയർ ബോംബ് പൊട്ടിക്കുമെന്ന് പേടിപ്പിക്കുന്ന വ്ലാദിമിർ പുടിെന്റയും വടക്കൻ കൊറിയൻ ഭരണകൂടത്തിന്റെയും ഭീഷണികൾ മുഴങ്ങുന്ന ഇക്കാലത്തോടാണ് ഒാപൺഹൈമർ സംവദിക്കുന്നതെന്ന് തോന്നത്തക്കവിധം ഈ നേരിട്ടുള്ള സംവേദനം കഥയിൽ കോർത്തുവെച്ചു എന്നത് നോലന്റെ വൈദഗ്ധ്യം മാത്രമല്ല ഉദ്ദേശ്യവുമാണ്. ഒാപൺഹൈമർ ഭയപ്പെട്ടവിധം ഒരു പുതിയ ലോകക്രമം സംഭവിച്ചിരിക്കയാണ്, 1947ൽ അദ്ദേഹം ഇത് വ്യക്തമാക്കിയതാണെങ്കിൽ അത് ഒന്നുകൂടി ഓർമിപ്പിക്കാനാണ് നോലന്റെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.