കാ​ണാ​തെ പോ​കു​ന്ന തി​ര​ക്ക​ഥ​ക​ൾ

ഏപ്രിൽ 18ന്​ വിടവാങ്ങിയ തിരക്കഥാകൃത്ത്​ ബൽറാം മട്ടന്നൂരിനെ ഒാർക്കുന്നു. ബൽറാമി​ന്റെ ജീവിതവും സിനിമാ സങ്കൽപങ്ങളും എന്തായിരുന്നുവെന്നും എഴുതുന്നു.“സി​നി​മ അ​സ​ന്തു​ഷ്ട​മാ​യ ക​ല​യാ​ണ്, കാ​ര​ണം അ​ത് പ​ണ​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു”- ആ​ന്ദ്രേ താ​ർ​ക്കോ​വ്സ്കിചി​ല സൗ​ഹൃ​ദ​ങ്ങ​ൾ എ​പ്പോ​ഴാ​ണ് ജീ​വി​ത​ത്തി​ൽനി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ത് എ​ന്ന് മ​ന​സ്സി​ലാ​വു​ക​യേ ഇ​ല്ല. ഓ​ർമ​പ്പെ​ടു​ത്താ​ൻ ഒ​ടു​വി​ൽ മ​ര​ണംത​ന്നെ മു​ട്ടിവി​ളി​ക്കേ​ണ്ടി വ​രു​മ്പോ​ഴാ​ണ് ന​ഷ്ട​ങ്ങ​ളു​ടെ ക​ഥ​യോ​ർ​ക്കു​ക. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19ന് ​രാ​വി​ല​ത്തെ പ​ത്ര​ത്തി​ൽ, എ​ട്ടാം പേ​ജി​ൽ എ​ട്ടാം കോ​ള​ത്തി​ൽ ...

ഏപ്രിൽ 18ന്​ വിടവാങ്ങിയ തിരക്കഥാകൃത്ത്​ ബൽറാം മട്ടന്നൂരിനെ ഒാർക്കുന്നു. ബൽറാമി​ന്റെ ജീവിതവും സിനിമാ സങ്കൽപങ്ങളും എന്തായിരുന്നുവെന്നും എഴുതുന്നു.

“സി​നി​മ അ​സ​ന്തു​ഷ്ട​മാ​യ ക​ല​യാ​ണ്, കാ​ര​ണം അ​ത് പ​ണ​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു”- ആ​ന്ദ്രേ താ​ർ​ക്കോ​വ്സ്കി

ചി​ല സൗ​ഹൃ​ദ​ങ്ങ​ൾ എ​പ്പോ​ഴാ​ണ് ജീ​വി​ത​ത്തി​ൽനി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ത് എ​ന്ന് മ​ന​സ്സി​ലാ​വു​ക​യേ ഇ​ല്ല. ഓ​ർമ​പ്പെ​ടു​ത്താ​ൻ ഒ​ടു​വി​ൽ മ​ര​ണംത​ന്നെ മു​ട്ടിവി​ളി​ക്കേ​ണ്ടി വ​രു​മ്പോ​ഴാ​ണ് ന​ഷ്ട​ങ്ങ​ളു​ടെ ക​ഥ​യോ​ർ​ക്കു​ക. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19ന് ​രാ​വി​ല​ത്തെ പ​ത്ര​ത്തി​ൽ, എ​ട്ടാം പേ​ജി​ൽ എ​ട്ടാം കോ​ള​ത്തി​ൽ എ​ട്ടു സെ​ന്റിമീ​റ്റ​റി​ൽ ‘ബ​ൽ​റാം മ​ട്ട​ന്നൂ​ർ അ​ന്ത​രി​ച്ചു’ എ​ന്ന വാ​ർ​ത്ത​യി​ൽ അ​കാ​ല​ത്തിൽ നി​ല​ച്ച ഒ​രു കോ​ഴി​ക്കോ​ട​ൻ സൗ​ഹൃ​ദ​ത്തിന്റെ ഓ​ർമ വേ​ദ​ന​യു​ണ​ർ​ത്തി.

ബ​ൽ​റാം മ​ട്ട​ന്നൂ​ർ ‘ക​ളി​യാ​ട്ടം’ എ​ന്ന പ്ര​ശ​സ്ത സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യി മാ​റു​ന്ന​ത് അ​വന്റെ കോ​ഴി​ക്കോ​ട​ൻ ജീ​വി​ത​ത്തി​നു ശേ​ഷ​മാ​ണ്. എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ചെ​ല​വൂ​ർ വേ​ണു ഏ​ട്ടന്റെ ‘സൈ​ക്കോ’യി​ൽ ഒ​റ്റ​യാ​ൾ സ​ഹ​പ​ത്രാ​ധി​പ​രാ​യും മാ​നേ​ജ​റാ​യും സ​ന്ത​തസ​ഹ​ചാ​രി​യാ​യും ക​ഴി​ഞ്ഞി​രു​ന്ന കാ​ല​ത്താ​ണ് ബ​ൽ​റാ​മി​നെ ഞാ​നാ​ദ്യം പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ബ​ൽ​റാം അ​ന്ന് ‘മു​യ​ൽഗ്രാ​മം’ എ​ന്ന ബാ​ല​സാ​ഹി​ത്യ​ കൃ​തി എ​ഴു​തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ത​വ​ൻ ഒ​മ്പ​താം ക്ലാ​സി​ലോ മ​റ്റോ പ​ഠി​ക്കു​മ്പോ​ൾ എ​ഴു​തി​യ​താ​ണ് എ​ന്നാ​ണ് ക​ഥ. അ​തി​ന് ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​രം കി​ട്ടി​യ​തോ​ടെ അ​വ​ൻ അ​തി​ന്റേ​താ​യ പ്ര​ശ​സ്തി​യി​ലു​മാ​യി​രു​ന്നു. സ്വ​ന്ത​മാ​യി ഒ​രു ബാ​ല​സാ​ഹി​ത്യ പു​സ്ത​ക പ്ര​സാ​ധ​ക​ശാ​ല​യും ‘സൈ​ക്കോ’ കാ​ല​ത്ത് അ​വ​ൻ ന​ട​ത്തി​യി​രു​ന്നു എ​ന്നു തോ​ന്നു​ന്നു. എ​പ്പോ​ൾ കാ​ണു​മ്പോ​ഴും മ​നോ​ഹ​ര​മാ​യ വ​ർണപു​സ്ത​ക​ങ്ങ​ൾ കൈയി​ലു​ണ്ടാ​കും. അ​ട​ക്കി​പ്പി​ടിച്ച മ​ട്ടി​ലാ​ണ് സം​സാ​രി​ക്കു​ക. സം​സാ​ര​ത്തോ​ടൊ​പ്പം ചി​രി​യു​മു​ണ്ടാ​കും. പ​ല​പ്പോ​ഴും പ​റ​ഞ്ഞ​ത് വ്യ​ക്ത​മാ​കി​ല്ല, ത​ന്നോ​ട് ത​ന്നെ എ​ന്ന മ​ട്ടി​ലു​ള്ള ആ ​സം​സാ​രം പ​ക്ഷേ ഒ​രി​ക്ക​ലും മ​റ​ന്നി​ട്ടി​ല്ല.

സോ​വി​യ​റ്റ് യൂ​നിയ​ൻ ഉ​ള്ള കാ​ല​മാ​യി​രു​ന്നു അ​ത്. റ​ഷ്യ​യി​ൽനി​ന്നും പ്ര​ഭാ​ത് ബു​ക്സി​ൽ എ​ത്തി​യ ഒ​രു ഗൊഗോ​ളിന്റെ സെ​ന്റ് പീ​റ്റേ​ഴ്സ്ബ​ർഗി​ലെ ക​ഥ​ക​ളി​ൽനി​ന്നും ഇ​റ​ങ്ങിവ​ന്ന ഒ​രു ക​ഥാ​പാ​ത്രംപോ​ലെ റാം ​റാം എ​ന്ന എ​ഴു​ത്തു​കാ​ര​ൻ ക​ണ്ണൂ​രി​ലെ മ​ട്ട​ന്നൂ​രി​ൽനി​ന്നും കോ​ഴി​ക്കോ​ട്ട് ഏ​കാ​ന്തജീ​വി​തം ന​യി​ച്ചുപോ​ന്നു. ഒ​രു എ​ഴു​ത്തു​കാ​രൻ ആ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ന്നെ ആ​യി​രു​ന്നി​രി​ക്ക​ണം ആ ​പ്ര​വാ​സം. ‘സൈ​ക്കോ’യി​ലെ തീ ​പി​ടി​ച്ച ച​ർ​ച്ച​ക​ൾ ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ൾ പ​ല​പ്പോ​ഴും റാം ​റാം (അ​ത് ബ​ൽ​റാം എ​ന്ന സ്വ​ന്തം പേ​ര് പ​രി​ഷ്കരി​ച്ച​താ​ണ്) എ​ന്നോ​ടൊ​പ്പം കൂ​ടാ​റു​ണ്ട്. ചി​ല​പ്പോ​ൾ ആ ​ന​ട​ത്തം ക​ട​പ്പു​റത്തേക്ക് നീ​ളും. അ​ല്ലെ​ങ്കി​ൽ, മാ​നാ​ഞ്ചി​റ​ക്കു ചു​റ്റും വ​രെ നീ​ളും. ചു​റ്റു​മു​ള്ള ലോ​കം അ​വ​നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ആ​ക​ർ​ഷി​ച്ച​താ​യി തോ​ന്നി​യി​ട്ടേ​യി​ല്ല. ഭൂ​ത​കാ​ല​ത്തോ​ടാ​യി​രു​ന്നു അ​വ​​ന്റെ ആ​ഭി​മു​ഖ്യം. മി​ത്തു​ക​ളു​ടെ​യും ക​ഥ​ക​ളു​ടെയും ലോ​ക​ത്താ​യി​രു​ന്നു അ​വ​ൻ ജീ​വി​ച്ചി​രു​ന്നതെ​ന്ന് തോ​ന്നി​ച്ചു ആ ​ന​ട​ത്ത​ങ്ങ​ളി​ൽ. അ​തെ​പ്പോ​ഴോ മു​റി​ഞ്ഞുപോ​യി. അ​വ​ൻ അ​വ​​ന്റെ വ​ഴിക്കും ഞാ​ൻ എ​​ന്റെ വ​ഴിക്കും തി​രി​യു​ന്ന​തോ​ടെ ര​ണ്ടു പേ​ർ കാ​ണാ​താ​വു​ന്നു. .......

ക​ളി​യാ​ട്ടം കാ​ലം

1997ലാ​യി​രു​ന്നു ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ‘ക​ളി​യാ​ട്ടം’ വ​രു​ന്ന​ത്. ഷേ​ക്സ്പി​യ​റിന്റെ ‘ഒ​ഥ​ല്ലോ’ ബ​ൽ​റാം മ​ട്ട​ന്നൂ​രിന്റെ ‘ക​ളി​യാ​ട്ട’​മാ​യി പ​രി​ഭാ​ഷ​പ്പെ​ട്ട​തോ​ടെ കു​റ​സോ​വ ‘മാ​ക്ബ​ത്തി’​നെ ‘ത്രോ​ൺ ഓ​ഫ് ബ്ല​ഡ്’ ആ​ക്കി പ​രി​വ​ർ​ത്തി​പ്പി​ച്ച ഒ​രു മാ​ജി​ക് ‘ക​ളി​യാ​ട്ട​’ത്തി​​ന്റെ ര​ച​ന​യി​ൽ തെ​ളി​ഞ്ഞു കാ​ണാ​മാ​യി​രു​ന്നു. അ​ബോ​ധ​ത്തി​ന്റെ വി​ള​നി​ലം ‘ക​ളി​യാ​ട്ട’​ത്തി​ൽ ബ​ൽ​റാം തു​റ​ന്നി​ട്ടു. സു​രേ​ഷ്ഗോ​പി​ എ​ന്ന ന​ടന്റെ ജീ​വി​ത​ത്തി​ൽ അ​ത് പു​തി​യ വ​ഴി​ത്തി​രി​വ് സൃ​ഷ്ടി​ച്ചു. മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി എ​ത്തി. ക​ണ്ണ​ൻ പെ​രു​മ​ല​യ​ൻ എ​ന്ന ക​ഥാ​പാ​ത്രം അ​ങ്ങനെ ച​രി​ത്ര​മാ​യി.

സം​വി​ധാ​യ​ക​ൻ ലാ​ൽ ഒ​രു ന​ടന്റെ ജീ​വി​തത്തിന് വെ​ള്ളി​ത്തി​ര​യി​ൽ തു​ട​ക്ക​മി​ട്ട​ത് ‘ക​ളി​യാ​ട്ട’​ത്തി​ലെ പ​നി​യ​നാ​ണ്, മ​ഞ്ജുവാ​ര്യ​രു​ടെ താ​മ​ര​യും അ​വ​രു​ടെ വേ​റി​ട്ട മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവെ​ച്ച സി​നി​മ​യാ​യി ‘ക​ളി​യാ​ട്ട’​ത്തെ രേ​ഖ​പ്പെ​ടു​ത്തി. മ​റ​ന്നുപോ​കാ​ത്ത നി​ര​വ​ധി പാ​ട്ടു​ക​ളു​ള്ള സി​നി​മ: ‘ക​ളി​യാ​ട്ടം’ മ​ല​യാ​ളി​യു​ടെ ഓ​ർ​മയു​ടെ തു​മ്പ​ത്തു​ണ്ട് എ​ന്നും. കൈ​ത​പ്രം ര​ച​ന​യും സം​ഗീ​ത​വും നി​ർ​വഹി​ച്ച എ​ല്ലാ പാ​ട്ടു​ക​ളും ഒ​ന്നി​നൊ​ന്നു മെ​ച്ചം. ദേ​ശീ​യ സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ അ​തിന്റെ പ്ര​ശ​സ്തി​ക്ക് ആ​ക്കം കൂ​ട്ടി. തി​ര​ക്ക​ഥാ​കൃ​ത്ത് ബ​ൽ​റാം മ​ട്ട​ന്നൂ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം വീ​ണ്ടും എ​​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നുവ​രു​ന്ന​ത് ക​ളി​യാ​ട്ടം ജ​യാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ന​ടു​വി​ലാ​ണ്. ഏ​ത് ഷേ​ക്സ്പി​യ​ർ കൃ​തി​യെ​യും ഏ​ത് ഷേ​ക്സ്പി​യ​ർ ക​ഥാ​പാ​ത്ര​ത്തെ​യും ക​ണ്ണൂ​രി​ലെ തെ​യ്യ​ങ്ങ​ളു​ടെ ഭാ​ഷ സം​സാ​രി​പ്പി​ക്കാ​ൻ ക​രു​ത്തു​ള്ള ഒ​രു എ​ഴു​ത്തു​കാ​ര​നാ​യാ​യി​രു​ന്നു ആ ​വ​ര​വ്.

എ​ന്നാ​ൽ, ആ​ഘോ​ഷ​രാ​വു​ക​ൾ അ​സ്ത​മി​ച്ച​പ്പോ​ൾ ‘ക​ളി​യാ​ട്ട’ത്തി​ൽ ഏ​റ്റ​വും വി​സ്മ​രി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​ൻ അ​തൊ​രു സി​നി​മ​യാ​യി ആ​ദ്യം സ്വ​പ്നം ക​ണ്ട, ഷേ​ക്സ്പി​യ​​റി​​​ന്റെ ‘ഒ​ഥ​ല്ലോ’ ക​ണ്ണൂ​രി​ലെ തെ​യ്യം ക​ലാ​കാ​ര​ന്മാ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് പ​റി​ച്ചു​ന​ട്ട ബ​ൽ​റാം മ​ട്ട​ന്നൂ​ർ എ​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ് എ​ന്ന വ​സ്തു​ത വെ​ള്ളി​ത്തി​ര ബാ​ക്കി​യാ​ക്കി . ജ​യ​രാ​ജും സു​രേ​ഷ് ഗോ​പി​യും ലാ​ലും മ​ഞ്ജു​വാ​ര്യ​രും കൈ​ത​പ്ര​വും വെ​ള്ളി​ത്തി​ര​യി​ൽ പു​തി​യ ഉ​യ​ര​ങ്ങ​ളി​ൽ തി​ള​ങ്ങി​യ​പ്പോ​ൾ ബ​ൽ​റാം മ​ട്ട​ന്നൂ​രി​നെ തേ​ടി പു​തി​യ സി​നി​മ വ​ന്നി​ല്ല. ബ​ൽ​റാം വീ​ണ്ടും സ്വ​ന്തം വി​സ്മൃ​തി​യി​ൽ അ​ടു​ത്ത സ്വ​പ്ന​ത്തി​ലേ​ക്ക് ആ​ണ്ടി​റ​ങ്ങി. ശ്ര​ദ്ധി​ക്ക​പ്പെ​ടേ​ണ്ട വ​സ്തു​ത ‘ക​ളി​യാ​ട്ടം’ പോ​ലൊ​രു മി​ക​ച്ച അ​ഡാ​പ്റ്റേ​ഷ​ന് മി​ക​ച്ച അ​ഡാ​പ്റ്റ​ഡ് തി​ര​ക്ക​ഥ​ക്കു​ള്ള ദേ​ശീ​യ-സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​ക​പ്പെ​ട്ടി​ല്ല എ​ന്ന​താ​ണ്.

 

. ‘ജീ​​വി​​തം പൂ​​ങ്കാ​​വ​​നം’ എ​​ന്ന സ്മ​​ര​​ണി​​കാ പു​​സ്ത​​കം ന​​ട​​ൻ സു​​രേ​​ഷ്ഗോ​​പി പ്ര​​കാ​​ശനംചെ​​യ്യുന്നു 

‘ഒ​ഥ​ല്ലോ’ ‘ക​ളി​യാ​ട്ട’​വും ‘ഹാം​ല​റ്റ്’ ‘ക​ർ​മ​യോ​ഗി’​യു​മാ​യി ജ​യ​രാ​ജും വി.​കെ. ​പ്ര​കാ​ശും വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ചു. ര​ണ്ടും എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​ക്ക് സി​നി​മ​യി​ൽ പി​ടി​ച്ചുനി​ൽ​ക്കാ​ൻ ബ​ൽ​റാ​മി​ന് ഗു​ണം ചെ​യ്തി​ല്ല. ക​ഥ​ക​ളു​ടെ ഒ​രു ക​ട​ൽത​ന്നെ അ​വ​ൻ ഒ​പ്പം കൊ​ണ്ടുന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, ‘ക​ഥ​യാ​ണ് ഹീ​റോ’ എ​ന്ന് പ​ര​സ്യ​മാ​യി നി​ല​വി​ളി​ക്കു​ന്ന സി​നി​മ​ക്ക് അ​തൊ​ന്നും വേ​ണ്ടാ​യി​രു​ന്നു. താ​ര​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്ന​തെ​ന്തോ അ​ത് മാ​ത്ര​മാ​ണ് സി​നി​മ​ക്ക് ക​ണ്ട​ന്റ് അ​ഥ​വാ തി​ര​ക്ക​ഥ എ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ന് മു​ന്നി​ൽ ഒ​രെ​ഴു​ത്തു​കാ​രന്റെ സി​നി​മാ സ്വ​പ്ന​ങ്ങ​ൾ ത​ട്ടി​ത്ത​ക​ർ​ന്ന് ഇ​ല്ലാ​താ​യി.

 

‘ര​മ​ണം’ ​സി​നി​മ​യു​ടെ പ്ര​ച​ാര​ണ​ഗാ​നം യൂട്യൂ​ബി​ല്‍,അന്യലോകം 

ച​ങ്ങ​മ്പു​ഴ യാ​ത്ര​ക​ൾ

‘ക​ളി​യാ​ട്ട’​ത്തി​നും മു​മ്പേ, 1993ൽ ​തു​ട​ങ്ങി​യ​താ​ണ് ച​ങ്ങ​മ്പു​ഴ​യു​മൊ​ത്തു​ള്ള ബ​ൽ​റാ​മിന്റെ യാ​ത്ര​ക​ൾ. നാ​ട​ക​മാ​യും നോ​വ​ലാ​യും തി​ര​ക്ക​ഥ​യാ​യും ച​ങ്ങ​മ്പു​ഴ​യെ ബ​ൽ​റാം കൊ​ണ്ടുന​ട​ന്നു. തൊ​ണ്ണൂ​റു​ക​ളി​ൽ അ​ത് കേ​ൾ​ക്കാ​ത്ത മാ​ധ്യ​മ​ങ്ങ​ളും സം​വി​ധാ​യ​ക​രും ന​ട​ന്മാ​രു​മു​ണ്ടാ​കി​ല്ല. ഒ​ടു​വി​ൽ ‘ര​മ​ണം’ സി​നി​മ​യാ​ക്കാ​ൻ ബ​ൽ​റാം സ്വ​യം മു​ന്നി​ട്ടി​റ​ങ്ങി. ന​ട​ൻ മു​ര​ളി ഒ​പ്പം നി​ന്ന​പ്പോ​ൾ ബ​ൽ​റാം ത​ന്നെ അ​തി​​ന്റെ സം​വി​ധാ​യ​ക​നാ​കാ​ൻ സ്വ​യം തീ​രു​മാ​നി​ച്ചു. ആ ​തീ​രു​മാ​നം പ​ക്ഷേ മ​റ്റൊ​രു ദു​ര​ന്ത​മാ​യി. പ​ല നി​ർമാതാ​ക്ക​ളെ​യും അ​വ​ൻ എ​ത്തി​പ്പി​ടി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഓ​രോ​രു​ത്ത​രും കൈ​വി​ട്ടു. സി​നി​മ​യി​ൽ ഇ​ത്തി​രി ഇ​ടം വെ​ട്ടി​പ്പി​ടി​​ക്കാ​നു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലി​ൽ മു​മ്പൊ​രു സി​നി​മ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റിന്റെ അ​ഭാ​വ​ത്താ​ൽ വെ​ട്ടിവീ​ഴ്ത്ത​പ്പെ​ട്ടു. ഒ​ന്ന​ല്ല, എ​ത്ര​യോ ത​വ​ണ. ആ​യി എ​ന്ന് തോ​ന്നി​യി​ട​ത്ത് വെ​ച്ചു ത​ന്നെ പ​ല ത​വ​ണ. എ​ന്നാ​ൽ, അ​ത് സി​നി​മ​യാ​യി​ല്ല. മ​തി​യാ​യ ഒ​രു കൈ​ത്താ​ങ്ങ് സി​നി​മ​യി​ൽനി​ന്നും അ​തി​നാ​യി അ​വ​നു കി​ട്ടി​യി​ല്ല.

“സ​ഹൃ​ദ​യ​രെ,

മ​ഹാ​ക​വി ച​ങ്ങ​മ്പു​ഴ കൃ​ഷ്ണ​പി​ള്ള​യു​ടെ മ​റ്റൊ​രു ജ​ന്മ​ദി​നം കൂ​ടി എ​ത്തു​ക​യാ​ണ്. ക​വി​യു​ടെ ജീ​വി​ത​ത്തെ ഞാ​ൻ പ​ഠി​ച്ചി​ട്ട് 24 വ​ർ​ഷം തി​ക​യു​ക​യാ​ണ്. ‘​ര​മ​ണം’ എ​ന്ന പേ​രി​ൽ ക​വി​യു​ടെ ജീ​വി​ത​ത്തെ അ​വ​ലം​ബി​ച്ച് നോ​വ​ൽ, നാ​ട​കം, തി​ര​ക്ക​ഥ ഒ​ക്കെ വേ​റെ വേ​റെ എ​ഴു​തി. അ​ടു​ത്ത​വ​ർ​ഷം ക​വി​യു​ടെ ജ​ന്മ​ദി​നം വീ​ണ്ടും വ​രും. അ​പ്പോ​ൾ ‘ര​മ​ണം’ തി​ര​ക്ക​ഥ ച​ല​ച്ചി​ത്ര​രൂ​പം കൈ​ക്കൊണ്ട് പ്ര​ദ​ർ​ശ​ന​ശാ​ല​ക​ളി​ൽ എ​ത്തും. ‘ര​മ​ണം’ നോ​വ​ൽ, ‘ര​മ​ണം’ നാ​ട​കം പു​സ്ത​ക​ശാ​ല​ക​ളി​ൽ എ​ത്തും.  മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള എ​ന്റെത​ന്നെ പു​സ്ത​ക​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് വി​ൽപ​ന ന​ട​ത്തി​യാ​ണ് ‘ര​മ​ണ’​ത്തി​ന്റെ നി​ർ​മാ​ണ​ച്ചെ​ല​വ് ക​ണ്ടെ​ത്തു​ന്ന​ത്.www.remanam.com, remanam song, Remanam page

അ​ങ്ങ​യു​ടെ ബ​ൽ​റാം,

(ബ​ൽ​റാം മ​ട്ട​ന്നൂ​ർ)

2017 ഒ​ക്ടോ​ബ​ർ 9.’’

അ​തൊ​രു ഒ​റ്റ​യാ​ൾ യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു. അ​വ​സാ​നം സ്വ​യം ഏ​റ്റെ​ടു​ത്ത ച​ങ്ങ​മ്പു​ഴ​യു​ടെ ലോ​ഞ്ചി​ന് ക​ണ്ണൂ​രി​ൽ അ​വ​​ന്റെ നാ​ട്ടി​ലെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് പോ​യ ഓ​ർമ​യാ​ണ്. ദീ​ദി​യെ​യും പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ നി​ർ​ബ​ന്ധി​ച്ചു വ​രു​ത്തി​യി​രു​ന്നു. ഭ​യ​ങ്ക​ര ച​ട​ങ്ങാ​യി​രു​ന്നു അ​ത്. ഒ​രുനാ​ട് ത​ന്നെ ബ​ൽ​റാ​മി​​ന്റെ ച​ങ്ങ​മ്പു​ഴ സി​നി​മാ സ്വ​പ്ന​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന കാ​ഴ്ച അ​ന്നു ക​ണ്ടു. സി​നി​മ ന​ട​ന്നേ​ക്കും എ​ന്നുപോ​ലും തോ​ന്നി​ച്ചു. മാ​തൃ​ഭൂ​മി​യി​ൽ വ​ന്ന് എം.​ഡി. എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​നും പു​സ്ത​കം കൈ​മാ​റി. വ​ലി​യ വാ​ർ​ത്ത​ക​ൾ വ​ന്നു. അ​വ​ൻ സ്വ​പ്ന​ങ്ങ​ളു​ടെ ഭൂ​പ​ടം വ​ര​ച്ചി​ട്ടു അ​തി​ൽ. എ​ന്നാ​ൽ, അ​തും ന​ട​ന്നി​ല്ല. സി​നി​മ​ക്കാ​യി അ​ച്ച​ടി​ച്ച ആ ​പു​സ്ത​ക​ങ്ങ​ൾ വി​റ്റു​തീ​ർ​ന്നി​ല്ല. അ​തി​​ന്റെ ബാ​ധ്യ​ത​യി​ൽ ബ​ൽ​റാം പി​ന്നെ അ​പ്ര​ത്യ​ക്ഷ​നാ​യി. ബ​ൽ​റാ​മി​നെ പി​ന്നെ ക​ണ്ട​തേ​യി​ല്ല.

സ്വ​ന്തം പു​സ്ത​ക​ങ്ങ​ൾ ന​ട​ന്നു വി​റ്റ് സി​നി​മ സ്വ​യം നി​ർ​മി​ക്കു​ക എ​ന്ന​ത് എ​ത്ര വ​ലി​യ സാ​ഹ​സി​ക സം​രം​ഭ​മാ​ണെ​ന്ന് ബ​ൽ​റാം മ​ന​സ്സി​ലാ​ക്കി​യി​ല്ല. അ​ത് ഒ​രു വ​ലി​യ ദു​ര​ന്ത​മാ​യി മാ​റി. ഒ​രാ​ൾ​ക്കൊ​റ്റ​ക്ക് ന​ട​ന്നു വി​ൽ​ക്കാ​വു​ന്ന ഒ​ന്ന​ല്ല പു​സ്ത​ക വി​ൽപ​ന​യു​ടെ ലോ​കം എ​ന്ന് ബ​ൽ​റാ​മി​നെ ക​മ്പോ​ളം പ​ഠി​പ്പി​ച്ചു കാ​ണ​ണം. ആ ​തി​ര​ക്ക​ഥ ഓ​ർ​മയു​ടെ ഇ​രു​ണ്ട അ​ട്ട​ത്താ​യി. ജീ​വി​ത​ത്തി​ൽ നി​ന്നേ പി​ൻ​വാ​ങ്ങാ​നു​ള്ള സ​മ​യം നി​ശ്ച​യി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ത്ര​യേ ഭൂ​മി​യി​ൽ സ​മ​യം അ​നു​വ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു​ള്ളൂ.

 

ബൽറാം, ഭാര്യ സൗമ്യ, മകൾ ഡോ. ഗായത്രി

അ​വ​സാ​നം അ​ർ​ബു​ദ​വു​മാ​യു​ള്ള നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ന​ട​ൻ സു​രേ​ഷ്ഗോ​പി​യും സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജും സി.​പി.​എം സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​റു​മൊ​ക്കെ അ​വ​നൊ​പ്പം നി​ന്നു. ‘ര​മ​ണം’ യാ​ത്ര​യി​ൽ ഒ​പ്പം നി​ന്ന സ​ന്ത​തസ​ഹ​ചാ​രി​യും സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ര​ഞ്ജി​ത്ത് ശ്രീ​ധ​ര​ൻ എ​ല്ലാ​റ്റി​നും കൂ​ട്ടാ​യി നി​ന്നു. സൗ​മ്യ​യാ​ണ് ബ​ൽ​റാ​മി​​ന്റെ ജീ​വി​ത​പ​ങ്കാ​ളി. ഏ​ക മ​ക​ൾ ഡോ. ​ഗാ​യ​ത്രി സൈ​ക്കോ​ള​ജി​യി​ൽ പിഎ​ച്ച്.​ഡി നേ​ടി സ്വ​ന്തം നി​ല​യി​ൽ ജീ​വി​ത​യാ​ത്ര​യി​ൽ കാ​ലു​റ​പ്പിക്കു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഗാ​ധ​മാ​യി ആ​ഗ്ര​ഹി​ച്ചാ​ൽ ഒ​രു മി​ക​ച്ച തി​ര​ക്ക​ഥ​ക്ക് ഒ​രു സി​നി​മ​യാ​കാ​ൻ എ​ത്രനാ​ൾ കാ​ത്തി​രി​ക്ക​ണം?

പ​ത്തു വ​ർ​ഷം? ഇ​രു​പ​ത് വ​ർ​ഷം? മു​പ്പ​ത് വ​ർ​ഷം? പോ​രാ, ചി​ല​പ്പോ​ൾ അ​ത് ഒ​രി​ക്ക​ലും സി​നി​മ​യേ ആ​കി​ല്ല. തി​ര​ക്ക​ഥാ​കൃ​ത്ത് ആ ​കാ​ത്തി​രു​പ്പി​നിട​യി​ൽ എ​ന്നെ​ന്നേ​ക്കു​മാ​യി വി​ട പ​റ​യു​ക​യും ചെ​യ്യും. അ​താ​ണ് മ​ട്ട​ന്നൂ​ർ ബ​ൽ​റാ​മി​ന്റെ ര​മ​ണം. അ​താ​ണ് മ​ല​യാ​ള​ത്തി​​െൻറ വെ​ള്ളി​ത്തി​ര​യി​ലെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ ആ​ടു​ജീ​വി​തം. ത​ന്റെ ആ​യു​ഷ്കാല സ്വ​പ്ന​മാ​യ ച​ങ്ങ​മ്പു​ഴ സി​നി​മ നി​റ​വേ​റ്റാ​കാ​തെ ബ​ൽ​റാം മ​ട്ട​ന്നൂ​ർ വി​ട പ​റ​ഞ്ഞ​ത് അ​ങ്ങനെ​യാ​ണ്. എ​ന്നാ​ൽ, രോ​ഗ​ക്കി​ട​ക്ക​യി​ലും ബ​ൽ​റാം വെ​റു​തെ​യി​രു​ന്നി​ല്ല. കാ​ശി എ​ന്ന ബൃ​ഹ​ത് നോ​വ​ൽ എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ചു. എം.​വി. ഗോ​വി​ന്ദ​ൻ മാ​ഷ് പു​സ്ത​കം പ്ര​കാ​ശി​പ്പി​ച്ചു. ഒ​രാ​ൾ മാ​ത്രം അ​ഭി​ന​യി​ക്കു​ന്ന ‘അ​ന്യ​ലോ​കം’ എ​ന്ന തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ദ്ര​ൻ​സി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യാ​ൻ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി.

തി​ര​ക്ക​ഥ സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് കൈ​ത​പ്ര​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ‘ജീ​വി​തം പൂ​ങ്കാ​വ​നം’ എ​ന്ന സ്മ​ര​ണി​കാ പു​സ്ത​കം ന​ട​ൻ സു​രേ​ഷ്ഗോ​പി പ്ര​കാ​ശം ചെ​യ്തു. കൂ​ടാ​തെ ദ​സ്ത​യേവ്​സ്കി​യു​ടെ ‘കു​റ്റ​വും ശി​ക്ഷ​യും’ ‘ച​മ്മ​ട്ടി’ എ​ന്ന പേ​രി​ൽ സി​നി​മ​യാ​ക്കാ​ൻ തി​ര​ക്ക​ഥ​യും പ​ദ്ധ​തി​യു​മു​ണ്ടാ​ക്കി. സം​ഭ​വ ബ​ഹു​ല​മാ​യി​രു​ന്നു രോ​ഗ​ത്തെ നേ​രി​ട്ട കാ​ലം. ഞാ​ൻ ഒ​ന്നും അ​റി​ഞ്ഞി​രു​ന്നി​ല്ല. ആ​രും വി​ളി​ച്ചുപ​റ​ഞ്ഞി​രു​ന്നു​മി​ല്ല. ഫേസ്ബു​ക്കി​ൽ ബ​ൽ​റാം സു​ഹൃ​ത്ത​ല്ലാ​ത്ത​തുകൊ​ണ്ടാ​യി​രി​ക്കാം ഫേസ്ബു​​ക്ക് അ​ൽ​ഗോ​രി​തം ഒ​ന്നും അ​റി​യി​ച്ചി​രു​ന്നു​മി​ല്ല. തി​രി​ച്ച് ബ​ൽ​റാ​മിന്റെ ഗു​രു ചെ​ല​വൂ​ർ വേ​ണു ഏ​ട്ട​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ ഓ​ർമ മാ​ഞ്ഞ് കി​ട​പ്പു​ണ്ട് എ​ന്ന് അ​വ​ൻ അ​റി​ഞ്ഞി​രിക്കാ​ൻ ഇ​ട​യി​ല്ല. അ​റി​ഞ്ഞാ​ൽ ബ​ന്ധ​പ്പെ​ടു​മാ​യി​രു​ന്നു. അ​റി​യി​ക്കാൻ ബ​ൽ​റാം മ​ട്ട​ന്നൂ​ർ എ​വി​ടെ​യോ ഉ​ണ്ടെ​ന്ന് ഞാ​നും മ​റ​ന്നി​രു​ന്നു.

 

ബൽറാം മട്ടന്നൂർ ത​ന്റെ പുസ്​തകം മാതൃഭൂമി മാനേജിങ്​ ഡയറക്​ടർ എം.പി. വീരേന്ദ്രകുമാറിന്​ കൈമാറുന്നു

ഒ​രി​ക്ക​ൽ​ക്കൂ​ടി ആ​വ​ർ​ത്തി​ക്ക​ട്ടെ, നാം ​അ​ഗാ​ധ​മാ​യി ഒ​രു സ്വ​പ്നം ക​ണ്ടാ​ൽ അ​ത് ന​ട​പ്പാ​ക്കാ​ൻ ലോ​കം മു​ഴു​വ​ൻ അ​തി​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ഒ​പ്പം നി​ൽ​ക്കും എ​ന്ന് പൗ​ലോ കൊ​യ് ലോ പ​റ​ഞ്ഞ​ത് ചു​മ്മാ, അ​തൊ​രു ത​ട്ടി​പ്പാ​ണ്. അ​തൊ​ക്കെ വെ​റും വാ​ക്കു​ക​ൾ മാ​ത്രം. അ​ട​ക്കി​പ്പി​ടി​ച്ച ശ​ബ്ദ​ത്തി​ൽ സ്വ​കാ​ര്യം പ​റ​യു​ന്ന​തു പോ​ലെ ന​ട​ക്കുമെ​ന്നു ക​രു​തി​യ സ്വ​പ്ന​ങ്ങ​ൾ പ​ങ്കു​വെക്കാ​ൻ ക​യ​റിവ​രു​ന്ന ആ ​ച​ങ്ങാ​തി മ​ന​സ്സി​ൽനി​ന്നും മാ​യു​ന്നി​ല്ല. സി​നി​മ​യു​ടെ വെ​ള്ളി വെ​ളി​ച്ച​ത്തി​ൽ ക​രി​ഞ്ഞുപോ​യ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഇ​നി അ​വ​​ന്റെ പേ​രു​മു​ണ്ടാ​കും: ബ​ൽ​റാം മ​ട്ട​ന്നൂ​ർ. ച​ങ്ങാ​തി​ക്ക് വേ​ദ​ന​യോ​ടെ വി​ട.

(തു​ട​രും)

===============

അന്യലോകം

ബൽറാം അവസാനമെഴുതിയ കുറിപ്പ്

ഒമ്പതാം ക്ലാസിലെ വർഷാന്ത പരീക്ഷക്ക് മുമ്പ് ചിക്കൻപോക്സ് പിടിപെട്ടു. അക്കൊല്ലം പരീക്ഷയെഴുതാനായില്ല. അക്കാലത്ത് ഈ രോഗം അത്ര ചെറുതല്ല. രണ്ടാഴ്‌ചയെങ്കിലുമാകും ഭേദമാകാൻ. അക്കാലം മുഴുവൻ ആ കൗമാരക്കാരന് ഏകാന്ത ജീവിതമായിരുന്നു. രോഗം ഭേദമായതിനുശേഷം ആദ്യം ചെയ്‌തത്‌ പഴയ നോട്ടുബുക്കിൽനിന്ന്, എഴുതാത്ത കടലാസുകൾ കീറിയെടുത്ത് തുന്നിച്ചേർക്കുകയായിരുന്നു.

എന്താണ് എഴുതുന്നത് എന്ന് ഒരു രൂപവുമില്ലായിരുന്നു. നിർത്താതെ എഴുതി. ‘മുയൽഗ്രാമം’ എന്നൊരു പേരുമിട്ടു. ‘ബാലയുഗം’ എന്ന ബാലമാസികയാണ് ഇതിനുമുമ്പ് വായിച്ചിട്ടുള്ളത്. ‘മുയൽഗ്രാമം’ എഴുതിക്കഴിഞ്ഞപ്പോൾ തന്നിൽനിന്ന് എന്തോ ചോർന്നുപോയതായി തോന്നി. എന്താണ് സംഭവിച്ചതെന്ന് ഒട്ടും മനസ്സിലായില്ല.

പിന്നീട് 7 വർഷങ്ങൾക്കുശേഷം തലശ്ശേരി കനറാ ബാങ്കിന്റെ മാനേജരായി ബാലസാഹിത്യകാരൻ പി. നരേന്ദ്രനാഥ് വന്നപ്പോഴാണ് ഒരു രൂപമുണ്ടായത്. സുഹൃത്ത് ദിലീപാണ് കൂട്ടിക്കൊണ്ടു പോകുന്നത്. അവൻതന്നെയാണ് ലൈബ്രറികളിൽ പരിചയപ്പെടുത്തി പുസ്‌തകങ്ങൾ എടുത്തുതരുന്നത്. ലൈബ്രറിയുടെ മൂലയിലിരുന്ന് ഒരു ദിവസം തന്നെ മൂന്നും നാലും പുസ്ത‌കങ്ങൾ വായിക്കും. അക്കാലത്ത് മൂന്നും നാലും കഥകൾ എഴുതിയ ദിവസങ്ങളുണ്ട്. നരേന്ദ്രനാഥാണ് കോഴിക്കോട് ടൂറിങ് ബുക്സ്റ്റാളിലേക്ക് പറഞ്ഞുവിടുന്നത്.

1982ൽ ‘മുയൽഗ്രാമം’ പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന് ധാരാളം എഴുതി. പ്രസിദ്ധീകരിച്ചതിനെക്കാൾ എത്രയോ മടങ്ങ് പ്രസിദ്ധീകരിക്കാതെ അലമാരയിൽ കിടന്നു. 14 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. 4 സിനിമകൾക്ക് തിരക്കഥ എഴുതി. ധാരാളം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തു.

തിരക്കഥ എഴുതിയവയിൽ ‘കളിയാട്ടം’, ‘കർമയോഗി’ തുടങ്ങിയ സിനിമകൾ, ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരുപാട് പുര സ്കാരങ്ങൾ ലഭിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം ഫിലിം ഫെസ്റ്റി വലുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം യൂനിവേഴ്സിറ്റികളിൽ സിനിമയും തിരക്കഥയും പാഠ്യവിഷയങ്ങളായി. എം.ടി. വാസുദേവൻ നായർ, സുകുമാർ അഴീക്കോട്, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവർ കോഴിക്കോട് ആരംഭിച്ച പുസ്‌തക പ്രസിദ്ധീകരണശാലയായ ക്ലാസിക് ബുക്ക് ട്രസ്റ്റി​ന്റെ ചുമതലക്കാരനായി. അഴീക്കോടിന്റെ ‘തത്ത്വമസി’, ബഷീറിന്റെ ശ്രദ്ധിക്കപ്പെടാതെ കിടന്ന കൃതി ‘അനുരാഗത്തിന്റെ ദിനങ്ങൾ’ തുടങ്ങി ധാരാളം പുസ്‌തകങ്ങൾ ഈ പ്രസിദ്ധീകരണശാലയിലൂടെ വായനക്കാരിലേക്ക് എത്തി.

‘തുടിപ്പുകൾ’ എന്ന ദ്വൈവാരികയിൽ ‘ഭ്രാന്തന്റെ ഡയറി’ എന്നൊരു സ്ഥിരം പംക്തി എഴുതി. മലയാളത്തിലെ ആദ്യത്തെ മനഃശാസ്ത്ര മാസികയായ ‘സൈക്കോ’യിൽ പ്രവർത്തിച്ചു. ‘സൈക്കോ’യിൽ ചിത്രം വരച്ചു. മറ്റെല്ലാ ജോലികളും ചെയ്തു. പഠിക്കുന്ന സമയത്ത് ധാരാളമായി ചിത്രങ്ങൾ വരക്കുമായിരുന്നു. കണ്ണൂരിൽനിന്ന് പ്രസിദ്ധീകരിച്ച ‘ചേതന’ സായാഹ്നപത്രത്തിൽ ലേഖ നമെഴുതുകയും മറ്റ് ജോലികൾ ചെയ്യുകയും ചെയ്തു. പുനത്തിൽ കുഞ്ഞബ്‌ദുള്ള പറയുമായിരുന്നു ‘രാമാ നീ നോവലെഴുതാനൊന്നും മെനക്കെടേണ്ട. സിനിമക്ക് കഥയെഴുതാൻ നോക്കൂ’ എന്ന്. എന്റെ തലമുറക്ക് സംഘർഷഭരിതമായ ജീവിതമില്ല. അതിനാൽ, ഈടുറ്റ കൃതികൾ ഉണ്ടാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. തന്റെ ആശയവുമായി ഒത്തുനിൽക്കുമെന്ന് തോന്നിയ സംവിധായകരുമായി കഥ പറയുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്‌തുവെങ്കിലും പലപ്പോഴും പ്രോജക്ടു‌കൾ മുന്നോട്ടു പോയില്ല.

അന്യലോകം പ്രകാശനത്തിന്​ ശേഷം സംവിധായകൻ ജയരാജ്, സുഹൃത്ത് രഞ്ജിത്ത് ബാലകൃഷ്ണൻ തുടങ്ങിയവർക്കൊപ്പം ബൽറാം മട്ടന്നൂർ

കുട്ടിക്കാലം മുതലേ ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന സ്വഭാവമായിരുന്നു. ഈ അന്തർമുഖത്വം കാരണം സഹിത്യ-സിനിമാവേദി കളിലൊന്നും എത്തിച്ചേർന്നില്ല. അതുവഴി ലഭിക്കുമായിരുന്ന പുതിയ സൗഹൃ ദങ്ങളും പുത്തൻ അറിവുകളും നഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ട ഒരു പശ്ചാത്തലം, കഥ ലഭിച്ചാൽ അതിനെക്കുറിച്ച് പഠി ക്കാൻ ഇറങ്ങി പുറപ്പെടുകയായി. അതിനാവശ്യമായ പണച്ചെലവോ സമ യമോ ഗൗനിക്കില്ല. ഈ സ്ക്രിപ്റ്റ് സിനിമയാകുമെന്ന് ഉറപ്പില്ല. സിനിമയാ യില്ലെങ്കിൽ ഒക്കെ നഷ്ടം തന്നെ. അത്തരത്തിൽ ധാരാളം തിരക്കഥകൾ എഴുതപ്പെട്ടു. 1993ലാണ് മഹാകവി ചങ്ങമ്പുഴ കൃഷ്‌ണപിള്ളയെക്കുറിച്ച് പഠിക്കാൻ ഇറങ്ങി പുറപ്പെടുന്നത്. തുഞ്ചനും കുഞ്ചനും ശേഷം മലയാളം കണ്ട ഏറ്റവും ജനകീയനായ കവിയുടെ ജീവിതകഥയാണ് പറയുന്നതെന്ന ബോധം എനിക്കുണ്ടായിരുന്നു. പക്ഷേ, മലയാള സിനിമക്ക് ഉണ്ടായില്ല.

‘രമണം’ സിനിമയാക്കാനുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് സ്വന്തം പുസ്‌തകം അച്ചടിച്ച് വിറ്റ് ലഭിക്കുന്ന പണംകൊണ്ട് ‘രമണം’ നിർമിക്കാമെന്ന് തീരുമാനിച്ചത്.

അതിന് പ്രചോദനമായത് മൂന്ന് പേരാണ്: കലാമണ്ഡലം രൂപപ്പെടുത്താൻ മഹാകവി വള്ളത്തോൾ, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിക്കായി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റിക്കായി സർ സയ്യിദ് അഹമ്മദ് ഖാൻ എന്നിവർ സഹിച്ച അവഹേളനവും അവഗണനയും ഊർജമായി. പക്ഷേ, പ്രവർത്തനം നിശ്ചലമായിപ്പോയി. സാമൂഹിക കാരണങ്ങളുണ്ട്. അതിനപ്പുറം ആരോഗ്യപ്രശ്‌നങ്ങൾ വന്നുപെട്ടു.

അർബുദം പിടിപ്പെട്ടു. ദീർഘകാലമായി ചികിത്സയിലാണ് കഴിഞ്ഞ ഒരു വർഷത്തിനുമീതെയായി കിടപ്പിലാണ്. രോഗം തിരിച്ചറിയാൻ വൈകിപ്പോയിരുന്നു.

രോഗത്തിന്റെ തീവ്രതയിലാണ് ‘അന്യലോകം’ എഴുതുന്നത്. 22ന്​ ആ കൃതി പ്രകാശനം ചെയ്യപ്പെടുകയാണ്. എനിക്കും മാറാരോഗികളായ അനേകം പേർക്കും ഈ ഒരു ഉദ്യമം ആത്മവിശ്വാസവും പ്രചോദനവുമാകട്ടെ.

==================

അ​​​ടി​​​ക്കു​​​റി​​​പ്പ്:

തെ​​​യ്യം കാ​​​ണും മു​​​മ്പ് ആ ​​​ലോ​​​ക​​​ത്തേ​​​ക്ക് ത​​​ന്നെ പി​​​ടി​​​ച്ചു​​​യ​​​ർ​​​ത്തി​​​യ വ​​​ലി​​​യ എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​ണ് ബ​​​ൽ​​​റാം എ​​​ന്ന് ക​​​ളി​​​യാ​​​ട്ട​​​ത്തി​​​​ന്റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ജ​​​യ​​​രാ​​​ജ് ഓ​​​ർ​​​ക്കു​​​ന്നു. വീ​​​ണ്ടും ഒ​​​രു ഷേ​​​ക്സ്​പി​​യ​​​ർ ര​​​ച​​​ന അ​​​വ​​​ർ ആ​​​ലോ​​​ചി​​​ച്ചി​​​രു​​​ന്നു. എ​​​ങ്കി​​​ലും ന​​​ട​​​ന്നി​​​ല്ല. അ​​​വ​​​സാ​​​നം രോ​​​ഗ​​​കാ​​​ല​​​ത്തും ക​​​ളി​​​യാ​​​ട്ടം ടീം -സു​​​രേ​​​ഷ് ഗോ​​​പി​​​യും കൈ​​​ത​​​പ്ര​​​വും ജ​​​യ​​​രാ​​​ജും- ബ​​​ൽ​​​റാ​​​മി​​​നൊ​​​പ്പം ഒ​​​രു സാ​​​ന്ത്വ​​​ന​​​മാ​​​യി കൂ​​​ടെ നി​​​ന്നു.

‘ര​​​മ​​​ണം’ എ​​​ന്ന തി​​​ര​​​ക്ക​​​ഥ ബ​​​ൽ​​​റാം എ​​​ന്ന എ​​​ഴു​​​ത്തു​​​കാ​​​ര​​​​ന്റെ മൂ​​​ന്ന് പ​​​തി​​​റ്റാ​​​ണ്ടി​​​​ന്റെ ഓ​​​ർ​​​മക​​​ളു​​​ടെ വേ​​​രു​​​ക​​​ളു​​​ള്ള ഒ​​​രു ച​​​ങ്ങ​​​മ്പു​​​ഴ സ്വ​​​പ്ന​​​മാ​​​ണ്. അ​​​തി​​​ലും മി​​​ക​​​ച്ച മ​​​റ്റൊ​​​രു സ്മാ​​​ര​​​കം ബ​​​ൽ​​​റാം മ​​​ട്ട​​​ന്നൂ​​​ർ എ​​​ന്ന തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തി​​​ന് വേ​​​റെ​​​യു​​​ണ്ടാ​​​കാ​​​ൻ വ​​​ഴി​​​യി​​​ല്ല. അ​​​ത് സാ​​​ധ്യ​​​മാ​​​കാ​​​ൻ അ​​​വ​​​​ന്റെ ‘ക​​​ളി​​​യാ​​​ട്ട’ത്തി​​​ന് വെ​​​ള്ളി​​​ത്തി​​​ര ജീ​​​വി​​​ത​​​മൊ​​​രു​​​ക്കി​​​യ സം​​​വി​​​ധാ​​​യ​​​ക​​​ൻ ജ​​​യ​​​രാ​​​ജി​​​​ന്റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​റ്റൊ​​​രു ജ​​​ന​​​കീ​​​യസം​​​രം​​​ഭം ഉ​​​ണ്ടാ​​​ക​​​ട്ടെ. ബ​​​ൽ​​​റാ​​​മി​​​ന്റെ ഓ​​​ർ​​​മ​​​ക​​​ളോ​​​ട് ചെ​​​യ്യു​​​ന്ന നീ​​​തി​​​യാ​​​യി, സി​​​നി​​​മ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ സൗ​​​ഹൃ​​​ദ​​​ത്തി​​​ന്റെ സ്മാ​​​ര​​​ക​​​മാ​​​യി ര​​​മ​​​ണം ഇ​​​ടംപി​​​ടി​​​ക്കട്ടെ.

Tags:    
News Summary - weekly culture film and theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.