അല്ലാ തമാശ്യാക്കാണ്? ന്നാങ്ങനെ ആക്കണ്ട ട്ടാ...

മലയാള സിനിമയിലെ ഹാസ്യസങ്കൽപങ്ങളെക്കുറിച്ചോ ഹാസ്യാവിഷ്കാരങ്ങളെക്കുറിച്ചോ കാര്യമായ ചർച്ചകളൊന്നും നടന്നിട്ടില്ല. മലയാള സിനിമകളിലെ ഹാസ്യത്തെയും ഹാസ്യാഭിനേതാക്കളെയും മലയാള സിനിമാലോകവും പ്രേക്ഷകരും എപ്രകാരമാണ് പരിഗണിച്ചതെന്ന് വിമർശനാത്മകമായി ചർച്ചചെയ്യാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിൽ.

‘‘ഒരു പാത്രത്തിൽ കാരക്ടർ റോളും മറ്റൊരു പാത്രത്തിൽ ഹാസ്യറോളും കൊണ്ടുവെച്ചാൽ ഞാൻ ഏത് റോൾ തിരഞ്ഞെടുക്കും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? തീർച്ചയായും അത് ഹാസ്യംതന്നെയായിരിക്കും” –അഭിനേതാവ് സലിം കുമാറിന്റേതാണ് ഈ വാക്കുകൾ (ദേശാഭിമാനി വാരിക, 05 മാർച്ച് 2023). ഹാസ്യറോളുകൾ വാഗ്ദാനം ചെയ്ത സംവിധായകർ ആരെങ്കിലും കാരക്ടർ റോളുമായി വന്നവരായിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്.

ഹാസ്യാഭിനേതാക്കളെപ്പറ്റി കേൾക്കുന്ന ഒരു പ്രധാന വിലാപമാണ് ഇവർക്ക് ഗൗരവമായ കഥാപാത്രങ്ങൾ കിട്ടിയില്ല, കുറച്ചേ കിട്ടിയുള്ളൂ, അതുപോലെ ഹാസ്യവേഷങ്ങൾ അവതരിപ്പിച്ചവർക്ക് ‘മികച്ച വേഷം’ കിട്ടാൻ ഒരുപാടുകാലം കാത്തിരിക്കേണ്ടിവന്നു എന്നൊക്കെ. ഈ പ്രസ്താവനകളെല്ലാം തെളിയിക്കുന്നത് മികച്ച അഭിനേതാവാകണമെങ്കിൽ ഗൗരവമുള്ള/ പ്രധാനവേഷം ചെയ്യണമെന്നാണ്. ഇത്തരത്തിലുള്ള പൊതുബോധം മലയാള സിനിമയെ സംബന്ധിച്ച് എല്ലാ കാലത്തും ശക്തമായി നിലനിൽക്കുന്നുണ്ട്. മികച്ച ഹാസ്യാഭിനേതാക്കൾ എന്നല്ലാതെ ‘മികച്ച അഭിനേതാവായി’ ഹാസ്യകലാകാരന്മാരെ കാണുന്നതിന് മലയാളി പ്രേക്ഷകരും സിനിമാലോകവും ഇതുവരെയും തയാറായിട്ടില്ല. സാമൂഹികവും സാംസ്കാരികവുമായ നിരവധി കാര്യങ്ങൾകൂടി ഇതിനു കാരണമാകുന്നുണ്ട്. മലയാളിയുടെയും മലയാള സിനിമയുടെയും ഹാസ്യ പാരമ്പര്യം പരിശോധിച്ചാൽ ഇത് വ്യക്തമാകും.

വലിയൊരു ഹാസ്യ പാരമ്പര്യമുണ്ട് മലയാളിക്ക്. സിനിമയുടെ കാര്യത്തിലും അങ്ങനെത്തന്നെ. സിനിമകളുടെ ജനപ്രിയാംശത്തിൽ എന്നും മുൻപന്തിയിലാണ് ഹാസ്യത്തിന് സ്ഥാനം. മലയാള സിനിമയുടെ വളർച്ചയിൽ ഹാസ്യത്തിന് വലിയ പങ്കുണ്ട്. എല്ലാം മറന്ന് ചിരിക്കാൻ പ്രേക്ഷകരെ സഹായിക്കുന്ന, മാനസികോല്ലാസം നൽകുന്ന ഹാസ്യം എന്തുകൊണ്ട് വേണ്ടരീതിയിൽ പരിഗണിക്കുന്നില്ല? ഹാസ്യസിനിമകൾക്കും ഹാസ്യം അവതരിപ്പിച്ചവർക്കും അർഹിച്ച അംഗീകാരം ലഭിച്ചിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാകുന്ന ഒരു കാലഘട്ടംകൂടിയാണിത്. ഹാസ്യത്തെയും ഹാസ്യം അവതരിപ്പിക്കുന്നവരെയും കുറിച്ച് പ്രേക്ഷകരുടെയും സിനിമാപ്രവർത്തകരുടെയും അവാർഡ് കമ്മിറ്റികളുടെയും മനോഭാവം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

മലയാള സിനിമയിൽ ഹാസ്യം കൈകാര്യം ചെയ്യാൻ നിരവധി കഴിവുറ്റ കലാകാരന്മാർ എക്കാലത്തുമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. അനുകരിക്കാൻ കഴിയാത്ത അഭിനയത്തിലൂടെ അവരെല്ലാം മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചു. അതിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തു. ശരീരത്തിന്റെയും സ്വന്തം ഭാഷയുടെയും സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വതഃസിദ്ധമായ ശൈലിയിലൂടെ തങ്ങളുടെ ഇടം കണ്ടെത്താൻ ഹാസ്യംചെയ്ത മിക്ക അഭിനേതാക്കൾക്കും കഴിഞ്ഞിട്ടുണ്ട്.

ആ അർഥത്തിൽ ഹാസ്യാഭിനേതാക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ട് എന്ന് പറയാം. അതാണ് പലരുടെയും വിജയത്തിന് കാരണമായതും. കഥാഖ്യാനത്തിന് കോട്ടംതട്ടാത്ത തരത്തിൽ തങ്ങളുടേതായ പ്രകടനം നടത്താൻ സംവിധായകർ ഹാസ്യാഭിനേതാക്കളെ സമ്മതിക്കുന്നു. കുതിരവട്ടം പപ്പുവിന് പൂർണസ്വാതന്ത്ര്യം ഇക്കാര്യത്തിൽ നൽകാറുണ്ടെന്ന് സംവിധായകൻ പ്രിയദർശൻ ഒരഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരം അഭിനേതാക്കളുടെ ശേഷിയിലാണ് മലയാള സിനിമ ഏറെക്കാലവും മുന്നോട്ടു പോയിട്ടുള്ളത്.

 

ജഗദീഷ്,കൽപന

നിരവധി സിനിമകളുടെ വിജയത്തിന് ഹാസ്യം പ്രധാന ഘടകമായി വർത്തിച്ചു എന്നു കാണാം. ‘‘ ‘ജീവിതനൗക’യുടെ അസാധാരണമായ വിജയത്തിന് അതിലെ കൊമേഡിയനായ ശ്രീ. എസ്.പി. പിള്ളയുടെ തമാശ ഒരു പ്രധാന കാരണമായിരുന്നു” എന്ന് 1951ൽ പുറത്തിറങ്ങിയ ‘ജീവിതനൗക’യുടെ പ്രൊഡ്യൂസർ കെ.വി. കോശി രേഖപ്പെടുത്തുന്നു (‘എന്റെ സിനിമാസ്മരണകൾ’ 1963:72). മലയാള സിനിമ സജീവമാകുന്ന അമ്പതുകളിൽതന്നെ ഹാസ്യത്തിനുണ്ടായിരുന്ന പ്രാധാന്യം ഇത് വെളിപ്പെടുത്തുന്നു.

ഇവയൊന്നും ഹാസ്യത്തിന്റെ ഉന്നതമായ ആവിഷ്കാരങ്ങളായിരുന്നില്ല. എന്നാൽ, സിനിമയുടെ വാണിജ്യവിജയത്തിൽ ഹാസ്യം മുഖ്യപങ്കു വഹിക്കാൻ തുടങ്ങി. ഇത് മനസ്സിലാക്കിയ സംവിധായകരും നിർമാതാക്കളും ഹാസ്യത്തിന് പ്രാധാന്യം നൽകി സിനിമയെടുക്കാൻ തുടങ്ങി. എസ്.പി. പിള്ള, മുതുകുളം രാഘവൻ പിള്ള, പി.കെ. രാമൻപിള്ള, അടൂർഭാസി, ബഹദൂർ, അടൂർ പങ്കജം തുടങ്ങിയ അഭിനേതാക്കൾ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. എന്നാൽ, ശാരീരിക ചലനങ്ങളിലൂടെയും അബദ്ധങ്ങളിലൂടെയും ഇവർ അവതരിപ്പിച്ച രംഗങ്ങൾ അടുക്കളഹാസ്യം എന്ന പേരിൽ അറിയപ്പെട്ടു.

ഹാസ്യത്തെപ്പറ്റിയുള്ള സംവിധായകരുടെയും എഴുത്തുകാരുടെയും കാഴ്ചപ്പാടുകളും തെറ്റായ ധാരണകളും ഹാസ്യത്തിന്റെ അധഃപതനത്തിന് കാരണമായിട്ടുണ്ട്. ഇത് ഹാസ്യം പലതരത്തിൽ ഇകഴ്ത്തപ്പെടാനുള്ള കാരണമായി. സിനിമയുടെ ജയപരാജയങ്ങൾ നിർണയിക്കുംവിധം ഹാസ്യം മാറിയപ്പോൾ എന്ത് വിഡ്ഢിത്തം കാണിച്ചും ഹാസ്യമുണ്ടാക്കാമെന്ന തരത്തിലേക്ക് മലയാള സിനിമ മാറി.

പലപ്പോഴും മുഖ്യകഥയോട് ബന്ധമില്ലാതെയും ആവശ്യമില്ലാത്തിടത്ത് ഹാസ്യരംഗം തിരുകിക്കയറ്റിയും ഹാസ്യം അവതരിപ്പിച്ചത് വിപരീതഫലമാണുണ്ടാക്കിയത്. ആദ്യകാല കോമഡിയെപ്പറ്റി എൻ.പി. സജീഷ് സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: “1950കളുടെ ആരംഭഘട്ടത്തിലിറങ്ങിയ ‘ശശിധരൻ’, ‘ബാബുക്ക’, ‘ചേച്ചി’ തുടങ്ങിയ സിനിമകളിലൂടെയാണ് ഹാസ്യം സിനിമയിൽ ഇടംപിടിച്ചു തുടങ്ങിയത്. എന്നാൽ, ഇക്കാലത്തെ ഹാസ്യം തമിഴ് ഹാസ്യമാതൃകയിലുള്ളതായിരുന്നു. മുഴുനീള കോമഡി ചിത്രങ്ങൾ മലയാളത്തിൽ രൂപപ്പെടുന്നത് ആദ്യ സിനിമയുണ്ടായി അരനൂറ്റാണ്ടിന് ശേഷമാണ്.

ഇതിവൃത്തത്തിൽനിന്ന് വേറിട്ട ഖണ്ഡങ്ങളായാണ് ഹാസ്യരംഗങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത്. ‘അടുക്കളഹാസ്യം’ എന്ന് അധിക്ഷേപിക്കപ്പെട്ട ഈ രംഗങ്ങൾ ആസ്വാദകന് കോമിക് റിലീഫ് നല്‍കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിക്കണം” (തിരമലയാളത്തിന്റെ അവസ്ഥാന്തരങ്ങൾ, 2007: 75). ഹാസ്യവും ഹാസ്യം അഭിനയിക്കുന്നവരും പലയിടത്തും പരിഗണിക്കപ്പടാതിരിക്കാൻ ആദ്യകാല ഹാസ്യാവിഷ്കാര രീതികൾ വലിയ കാരണമായിട്ടുണ്ട്. ഇത് പ്രേക്ഷകരെയും വലിയരീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

മറ്റുള്ളവരുടെ ന്യൂനതകൾ ആഘോഷിക്കാതെത്തന്നെ കോമഡി ഉണ്ടാക്കാമെന്ന് വളരെക്കാലം മുമ്പുതന്നെ ചാപ്ലിനും, ബസ്റ്റൺ കീറ്റണുമെല്ലാം തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ, തന്നിലേക്ക് നോക്കുകയും തന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും അതിനെ ഹാസ്യത്തിലൂടെ മറികടക്കുകയും ചെയ്യുന്നത് ഹാസ്യത്തിന്റെ ഉന്നതമായ ആവിഷ്കാരമായി കാണുന്നു. ഭിന്നശേഷി വിഭാഗത്തിൽപെട്ടവരെ പരിഹസിക്കുന്ന തരത്തിലുള്ള കോമഡികൾ ഇന്ത്യൻ സിനിമകളിലെ പ്രധാന വിഭവമായിരുന്നു. കൂടാതെ ശരീരത്തിന്റെ കറുപ്പ് നിറം, ഉയരക്കുറവ് തുടങ്ങിയവയെല്ലാം ചിരി ഉണ്ടാക്കാനുള്ള മുഖ്യ ചേരുവയായിരുന്നു. “ഇന്ത്യൻ ചിത്രങ്ങളിൽ ഹാസ്യമെന്നത് തികച്ചും പരാജയമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. പ്രേക്ഷകരെ ചിരിപ്പിക്കണമെന്ന് തോന്നുമ്പോൾ ഒരു മുടന്തനെയോ കുടവയറനെയോ ഒറ്റക്കണ്ണനെയോ അല്ലെങ്കിൽ അത്തരത്തിലുള്ള വല്ല അംഗഹീനന്മാരെയോ ഇന്ത്യൻ ഡയറക്ടർമാർ മുന്നോട്ടുകൊണ്ടുവരികയാണ് പതിവ്.

ഇവയൊന്നുംതന്നെ വാസ്തവത്തിൽ ഹാസ്യരസപ്രദങ്ങളല്ല” (ഫിലിം മാസിക. ഡിസംബർ). 1949ൽ തന്നെ പ്രശസ്ത നിരൂപകൻ ശങ്കർ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാലത്തും ഇത്തരം കോമഡി സീനുകൾ ചില സിനിമകളിൽ കാണാം. മലയാള ടെലിവിഷൻ ചാനലുകളിലെ ഹാസ്യപരിപാടികളിൽ സ്ത്രീവിരുദ്ധതയും ശരീരത്തെ കളിയാക്കുന്നതും മുഖ്യവിഭവമായി ഇന്നും ഉപയോഗിച്ചുവരുന്നു. ഇത്തരം വിഷയങ്ങളിൽ എളുപ്പത്തിൽ കോമഡി ഉണ്ടാക്കാൻ കഴിയുമെന്നതാണിതിന് കാരണം. എന്നാൽ, അതിനെ അധഃപതിച്ച ഹാസ്യമായിപ്പോലും കാണാൻ സാധിക്കില്ല, പരിഹാസമാണത്. ഇത് വേറെത്തന്നെ പഠിക്കേണ്ട വിഷയമാണ്.

“ഇന്ത്യൻ സിനിമയിലെ ഐറ്റം നമ്പറിനും കോമഡിട്രാക്കിനും സമാനമായ ചില ഘടകങ്ങളുണ്ട്. രണ്ടും നായികാനായകന്മാർ ചെയ്യാൻ മടിച്ചിരുന്നതും തരത്തിൽ താണവരായി മാറ്റിനിർത്തപ്പെട്ട അഭിനേതാക്കൾ കൈയാളിപ്പോന്നതുമായിരുന്നു. മുഖ്യധാരാ നായികാനായകന്മാർ തന്നെ ഇത്തരം വേഷങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോഴാണ് അവക്ക് ബഹുമാനവും സ്വീകാര്യതയും ലഭിച്ചത്’’ (എ. ചന്ദ്രശേഖർ -സിനിമ, ഒരു ദൃശ്യ പ്രതിഷ്ഠാപനം. 2018:105). നായികാനായകന്മാർ ഹാസ്യവേഷങ്ങൾ ചെയ്തിട്ടും ഇന്ത്യൻ സിനിമകളിൽ ഹാസ്യത്തിന് കിട്ടുന്ന അംഗീകാരത്തിന് വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ലെന്നതാണ് വസ്തുത.

എന്നാൽ, മുഖ്യധാരാ നായിക-നായകന്മാർ ഹാസ്യവേഷങ്ങൾ ചെയ്തപ്പോൾ വ്യക്തിപരമായി ലഭിച്ച സ്വീകാര്യത അവരുടെ താരപദവികൊണ്ടുതന്നെയാണ്. അല്ലാതെ, ഹാസ്യാഭിനേതാക്കൾക്ക് സിനിമക്ക് അകത്തും പുറത്തും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല. മലയാള സിനിമയിൽ എൺപതുകളിലും തൊണ്ണൂറുകളിലും നായകന്മാർ മുഴുനീള ഹാസ്യസിനിമകൾ ചെയ്യാൻ തുടങ്ങി. അതിൽ പ്രധാനി മോഹൻലാലായിരുന്നു.

ജഗതി ശ്രീകുമാർ,ഇന്നസെന്റ്

 ‘പൂച്ചയ്ക്കൊരു മൂക്കുത്തി’, ‘അരം പ്ലസ് അരം =കിന്നരം’, ‘ബോയിങ് ബോയിങ്’, ‘ധീം തരികിട തോം’, ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’, ‘ഹലോ മൈ ഡിയർ റോംഗ് നമ്പർ’, ‘ടി.പി. ബാലഗോപാലൻ എം.എ’ തുടങ്ങിയ സിനിമകളിൽ യൗവനത്തിന്റെ ചോരത്തിളപ്പും ജീവിതപ്രാരബ്ധവും സമ്മേളിക്കുമ്പോൾ സംഭവിക്കുന്ന ഹാസ്യം വളരെ തന്മയത്വത്തോടെ അദ്ദേഹം അവതരിപ്പിച്ചു. മോഹൻലാലൊരു താരമായി മാറുന്നതിന് ഇത്തരം വേഷങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ നായികയായി ഹാസ്യകഥാപാത്രങ്ങളവതരിപ്പിച്ചത് ഉർവശിയായിരിക്കും.

‘മഴവിൽക്കാവടി’, ‘മൈ ഡിയർ മുത്തച്ഛൻ’, ‘തലയണമന്ത്രം’, ‘യോദ്ധ’, ‘കടിഞ്ഞൂൽ കല്യാണം’, ‘വിഷ്ണുലോകം’, ‘ഉത്സവമേളം’, ‘അച്ചുവിന്റെ അമ്മ’ തുടങ്ങി ചെറുതും വലുതുമായ വേഷങ്ങൾകൊണ്ട് തന്റെ കരിയറിലുടനീളം പ്രേക്ഷകരെ ചിരിപ്പിക്കാൻ ഉർവശിക്ക് കഴിഞ്ഞു. മറ്റു കഥാപാത്രങ്ങൾ പോലെതന്നെ ഹാസ്യകഥാപാത്രങ്ങൾക്കും അവർ പ്രാധാന്യം നൽകിയിരുന്നു എന്ന് മനസ്സിലാക്കാം. കോമഡി റോളെന്നോ കാരക്ടർ റോളെന്നോ നോക്കാതെ ‘അഭിനയം മുഖ്യം ബിഗിലേ’ എന്ന് വിചാരിച്ച അഭിനേതാക്കളിലൊരാളാണ് ഉർവശി.

മറ്റു വേഷങ്ങൾക്കില്ലാത്ത ചില പ്രത്യേകതകൾ ഹാസ്യവേഷത്തിനുണ്ട്. “ഹാസ്യം ഒഴിച്ച് മറ്റേത് ഭാവവും ഒരു നടൻ ആവറേജായി ചെയ്താലും അയാളെ സഹായിക്കാൻ മറ്റുപല കാര്യങ്ങളും കാണും. എന്നാൽ ഹാസ്യത്തിന് അങ്ങനെ പറ്റില്ല. ഒരാൾ ഒറ്റക്ക് തന്നെ ചെയ്ത് അത് തെളിയിക്കണം.” ഇക്കാര്യംകൂടി സലിം കുമാർ അഭിമുഖത്തിൽ പറയുന്നു. മറ്റു വേഷങ്ങൾ ചെയ്യാൻ അഭിനയം അറിഞ്ഞാൽ മതി. എന്നാൽ ഹാസ്യം കൈകാര്യംചെയ്യണമെങ്കിൽ അഭിനയം മാത്രം പോരാ, ഹ്യൂമർസെൻസ് കൂടിവേണമെന്ന് ഇത് തെളിയിക്കുന്നു. അഭിനേതാക്കൾ സാന്ദർഭികമായി ഉണ്ടാക്കുന്ന ഹാസ്യം ഈ അവസരത്തിൽ പറയേണ്ടതാണ്.

ഹാസ്യത്തിന് കൃത്യമായ സ്ക്രിപ്റ്റ് ഉള്ളപ്പോഴും അഭിനേതാക്കളുടെ സംഭാവന ഹാസ്യരംഗങ്ങളിലുണ്ടായിട്ടുണ്ട്. ‘കിലുക്കം’ സിനിമയിൽ ജഡ്ജിയുടെ (തിലകൻ) വീട്ടിൽ ഒളിച്ചുകയറുമ്പോൾ വാതിലിന്റെ ഗ്ലാസ് കൈകൊണ്ട് തുടയ്ക്കാൻ സംവിധായകൻ (പ്രിയദർശൻ) പറഞ്ഞപ്പോൾ ജഗതി നക്കിത്തുടയ്ക്കുകയാണ് ചെയ്തത്. ഇത് സംവിധായകന്റെ നിർദേശത്തിനും നിയന്ത്രണത്തിനും അപ്പുറത്ത് ഒരു അഭിനേതാവിന്റെ ദീർഘദർശനമാണ് തെളിയിക്കുന്നത്. ഇത്തരം ‘ഇംപ്രവൈസേഷൻ’ മിക്ക ഹാസ്യസീനുകളിലും കാണാം.

ഹാസ്യത്തെക്കുറിച്ച് പല തെറ്റായ കാഴ്ചപ്പാടുകൾ പേറുന്നവരാണ് മലയാളികൾ. ഹാസ്യത്തെ മാനദണ്ഡമാക്കി ബുദ്ധിയെ നിർണയിക്കുന്ന സ്വഭാവം പണ്ടുമുതലേ നിലനിൽക്കുന്നു. ‘ഗൗരവം’ ബുദ്ധിജീവിത്വത്തിന്റെ അടയാളമെന്നോണം കൊണ്ടുനടക്കുന്നവരെപ്പറ്റി ‘ബുദ്ധിജീവികൾ ചിരിക്കാറില്ല’ എന്ന് പൊതുവെ കളിയാക്കിപ്പറയാറുണ്ട്. ചലച്ചിത്രനിരൂപകൻ നാദിർഷ തന്റെ ലേഖനത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു: “എന്തുകൊണ്ടാണെന്നറിഞ്ഞുകൂടാ, പലർക്കും, എന്നുവെച്ചാൽ ചിന്തയുടെ ഉന്നതമണ്ഡലങ്ങളിൽ മാത്രം വിഹരിക്കുന്നവരായ പലർക്കും ഒരു ധാരണയുണ്ട്, ചിരി കനക്കുറവിന്റെയും ഗൗരവം അഗാധചിന്തയുടെയും ലക്ഷണങ്ങളാണെന്ന്.

തലക്കനം വീണവരെന്നു വെച്ചിട്ടുള്ളവരുടെ പ്രസംഗങ്ങൾ ശ്രദ്ധിച്ചോളൂ, ലേഖനങ്ങൾ വായിച്ചോളൂ, ആശയവിനിമയാർഥമുള്ള അവരുടെ പ്രവർത്തനങ്ങളെല്ലാം നോക്കിക്കോളൂ അതിലൊക്കെക്കാണാം ഹാസ്യത്തെ ഒരു തീണ്ടാപ്പാടകലെ നിർത്തിയിരിക്കുന്നത്’’ (നാദിർഷ -സിനിമ; കളിയും കാര്യവും, 2005: 147). ആവിഷ്കാരത്തിൽ മാത്രമല്ല, ആസ്വാദനത്തിലും ഹാസ്യത്തെ ബുദ്ധിയുമായി ബന്ധപ്പെടുത്തുന്നത് കാണാം. നല്ല ഹാസ്യ സിനിമകൾ നന്നായി ആസ്വദിച്ചാലും നല്ലതാണെന്ന് പറയാൻ മടിക്കുന്നവരാണ് പലരും. തന്റെ ആസ്വാദനശേഷിയെ വിലകുറച്ച് കാണുമോ എന്ന ഭയമാണ് ഇതിന് കാരണം. മനസ്സിലാകാത്തതോ സങ്കീർണമെന്ന് തോന്നിപ്പിക്കുന്നതോ ആയ സിനിമ മികച്ചതാണെന്ന് പറയുന്നവരും ഉണ്ട്. ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒന്നും മനസ്സിലാകാത്ത പെയ്ന്റിങ് നോക്കി “ഇതിനൊക്കെ ഭയങ്കര അർഥാണ് ട്ടാ” എന്ന് പറയുന്നത് പോലെയുള്ള മനോഭാവം കൊണ്ടുനടക്കുന്നവരാണധികവും.

 

മാമുക്കോയ,കുതിരവട്ടം പപ്പു

ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ച സലിം കുമാറിന്റെ മറുപടിക്കുശേഷം ഹാസ്യത്തെക്കുറിച്ചും തന്നിലെ അഭിനയ താൽപര്യത്തെക്കുറിച്ചും ചില കാര്യങ്ങൾ അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ഹാസ്യറോളിന് അംഗീകാരമൊന്നും കിട്ടില്ലായിരിക്കും. അംഗീകാരം കിട്ടണമെങ്കിൽ ഈ നാട്ടിൽ ഇപ്പോഴും സീരിയസ് വേഷം തന്നെ ചെയ്യണം. അത് നമ്മുടെ നാടിന്റെ പരിമിതിയാണ്. നേരത്തേ പറഞ്ഞപോലെ ഹാസ്യത്തിനെ അംഗീകരിക്കാൻ നമുക്കിപ്പോഴും ബുദ്ധിമുട്ടാണ്. മണിരത്നത്തിന്റെ ‘കടൽ’ എന്ന സിനിമയും ലാലിന്റെ ‘കോബ്ര’ എന്ന സിനിമയും ഒരുമിച്ചുവന്നപ്പോൾ ഞാൻ കോബ്രയാണ് തിരഞ്ഞെടുത്തത്” (ദേശാഭിമാനി വാരിക.

മാർച്ച് 5). ഹാസ്യവേഷങ്ങളുടെ അവസ്ഥ എന്താണെന്നും ആളുകൾ എങ്ങനെ കാണുന്നുവെന്നും വളരെ കൃത്യമായി അദ്ദേഹം വ്യക്തമാക്കുന്നു. ഇവിടെ മികച്ച അഭിനേതാവാണെന്ന് തെളിയിക്കാൻ സീരിയസ് റോളുകൾ ചെയ്യേണ്ടിയിരിക്കുന്നു, മികച്ച അഭിനേതാവിനുള്ള അവാർഡ് ലഭിക്കുന്നതിനും. ‘ആദാമിന്റെ മകൻ അബു’, ‘അച്ഛനുറങ്ങാത്ത വീട്’ എന്നീ സിനിമകളിലെ അഭിനയത്തിന് ലഭിച്ച ദേശീയ അവാർഡും സംസ്ഥാന അവാർഡുമൊക്കെ ഈ പ്രസ്താവന ശരിവെക്കുന്നു. ഹാസ്യ റോളുകളേക്കാൾ മികച്ചതാണ് കാരക്ടർ റോൾ എന്ന ധ്വനി മുമ്പ് സൂചിപ്പിച്ച അഭിമുഖത്തിലെ തുടർന്നുള്ള ചോദ്യങ്ങളിലും കാണാം.

മികച്ച അഭിനേതാക്കളിലൊരാളായ മാമുക്കോയ മരിച്ചതിനുശേഷം പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളിലും അദ്ദേഹത്തിന് ഗൗരവമായ റോളുകൾ ലഭിക്കാത്തതിലുള്ള നിരാശ കാണുകയുണ്ടായി. “ഉപനായകനായിട്ടും അഭിനയമികവിന് പ്രത്യേക പുരസ്കാരം നൽകി ആദരിക്കപ്പെടുന്ന ഒരു വേഷം കിട്ടാൻ, 1979ൽ നിലമ്പൂർ ബാലന്റെ ‘അന്യരുടെ ഭൂമി’യിലൂടെ സിനിമയിലെത്തിയ മാമുക്കോയക്ക് കാത്തിരിക്കേണ്ടിവന്നത് കാൽനൂറ്റാണ്ടാണ്.

എന്തൊരു നഷ്ടമാണ്’’ (പ്രേംചന്ദ് –നഷ്ടനായകൻ മാമുക്കോയ, ദേശാഭിമാനി വാരിക, 14 മേയ് 2023). പകരംവെക്കാനില്ലാത്ത രീതിയിൽ ചെയ്ത ഹാസ്യ കഥാപാത്രങ്ങളാണ് അദ്ദേഹത്തെ മികച്ച അഭിനേതാവാക്കിയതെന്നതിൽ സംശയമില്ല. വൈക്കം മുഹമ്മദ് ബഷീർ തന്റേതായ ശൈലിയിൽ എഴുതി പ്രശസ്തനായതിനുശേഷം ഇനി ആനന്ദ് എഴുതുന്നപോലെ എഴുതാമായിരുന്നു എന്ന് വിചാരിച്ചാൽ അതിൽ എന്താണ് യുക്തി? ‘റാംജിറാവു സ്പീക്കിങ്ങ്’ എന്ന സിനിമയിൽ ഒരു ചെറിയ റോളായിട്ടുപോലും കുറച്ചുനേരത്തേക്ക് മാമുക്കോയ ലീഡ് ചെയ്യുന്നത് നാം കണ്ടതാണ്.

അതിൽ പൈസ കിട്ടിയില്ലെങ്കിൽ തന്റെ പെങ്ങളുടെ കല്യാണം മുടങ്ങുമെന്ന് പറയുന്നതിലൂടെ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇതുപോലെ ഹാസ്യവും വൈകാരികരംഗങ്ങളും ഒത്തുചേർന്ന, അഭിനയശേഷി മനസ്സിലാക്കിത്തന്ന എത്രയെത്ര കഥാപാത്രങ്ങൾ... എന്നിട്ടും അദ്ദേഹത്തിന് ഗൗരവമായ റോൾ കിട്ടാത്തതിലോ മികച്ച നടനുള്ള അവാർഡ് കിട്ടാത്തതിലോ വിലപിക്കേണ്ടതുണ്ടോ? ‘ചന്ദ്രലേഖ’, ‘മഴവിൽക്കാടി’, ‘നാടോടിക്കാറ്റ്’, ‘ഹിസ് ഹൈനസ് അബ്ദുള്ള’, ‘മന്ത്രമോതിരം’, ‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘വെട്ടം’ തുടങ്ങിയ നിരവധി സിനിമകളിലൂടെ ചെറുതും (സമയംകൊണ്ട്) വലുതുമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ മികച്ച നടനാണെന്ന് വർഷങ്ങൾക്ക് മുമ്പുതന്നെ തെളിയിച്ചതാണല്ലോ.

 

സലിംകുമാർ,സുരാജ് വെഞ്ഞാറമൂട്

‘ഹാസ്യാ’ഭിനേതാക്കളും അവാർഡും

ഏതൊരു മേഖലയിലും മികച്ച പ്രകടനം നടത്തുന്നവർക്ക് നൽകുന്ന അംഗീകാരമാണ് അവാർഡുകൾ. ഹാസ്യറോളുകൾ അവതരിപ്പിക്കുന്നവർക്ക് ലഭിക്കുന്ന അവാർഡിലും പല പ്രശ്നങ്ങൾ ഉള്ളതായിക്കാണാം. 1969ലാണ് കേരള സർക്കാർ സംസ്ഥാന ചലച്ചിത്ര അവാർഡ് ആരംഭിക്കുന്നത്. 1970ലാണ് ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് നൽകാൻ തുടങ്ങിയത്. ആദ്യം ബഹദൂറിനാണ് ലഭിച്ചത്. അടൂർ ഭാസി രണ്ടാമത്തെ അവാർഡ് വാങ്ങി (1971). 1972ൽ വീണ്ടും ബഹദൂറിന് ലഭിച്ചു. ‘ഹാസ്യനടനു’ള്ള അവാർഡിനെപ്പറ്റി അടൂർ ഭാസി ഒരു വേദിയിൽവെച്ച് നടത്തിയ പ്രസംഗത്തിന്റെ ഭാഗം ജഗതി ഓർക്കുന്നു, ‘‘ഇനി ഈ അവാർഡ് കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച നടനുള്ള അവാർഡ് മതിയെന്നും അതിൽ ഹാസ്യനടനെയും പരിഗണിക്കണമെന്നും പറഞ്ഞു’’ (നേരേ ചൊവ്വേ, ജഗതി-ജോണി ലൂക്കോസ് -അഭിമുഖം). പിന്നീട് ഈ അവാർഡ് നിർത്തുകയുണ്ടായി. എന്നാൽ, ഹാസ്യം കൈകാര്യംചെയ്യുന്ന അഭിനേതാക്കൾക്ക് മികച്ച നടനുള്ള അവാർഡ് കിട്ടിയതുമില്ല. പലപ്പോഴും അവർ മികച്ച സഹനടനുള്ള അവാർഡുകളിൽ ഒതുങ്ങി. ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് വീണ്ടും നൽകിത്തുടങ്ങുന്നത് 2008ലാണ്. ‘ഇന്നത്തെ ചിന്താവിഷയം’ എന്ന സിനിമയിലെ അഭിനയത്തിന് മാമുക്കോയക്ക് ഹാസ്യതാരത്തിനുള്ള അവാർഡ് ലഭിച്ചു. ‘ഹാസ്യനടൻ’ എന്ന പുരുഷകേന്ദ്രിതമായ പദമുപയോഗിക്കുന്നതിനു പകരം ‘ഹാസ്യതാരം’ എന്നാക്കിയെങ്കിലും അതിൽ സ്ത്രീകഥാപാത്രങ്ങൾ ഉൾപ്പെട്ടിരുന്നില്ല. ഇതുവരെയും ഒരഭിനേത്രിക്ക് പോലും മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടില്ല എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. 2008ൽ വീണ്ടും അവാർഡ് കൊടുത്തു തുടങ്ങിയെങ്കിലും 2013ൽ അത് വീണ്ടും നിർത്തലാക്കി. ആ വർഷം സുരാജിനാണ് ഹാസ്യതാരത്തിനുള്ള അവാർഡ് ലഭിച്ചത്.

‘നേരേ ചൊവ്വേ’ എന്ന ടെലിവിഷൻ അഭിമുഖത്തിൽ ജഗതി ശ്രീകുമാറിനോട് മികച്ച നടനുള്ള അവാർഡ് എന്തുകൊണ്ട് കിട്ടുന്നില്ല എന്ന ജോണി ലൂക്കോസിന്റെ ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി താനൊരു മികച്ച നടനാണെന്ന വിശ്വാസമുണ്ടെന്നും എന്നാൽ ഇന്ത്യൻ/മലയാള സിനിമകളിൽ പൊതുവെ പ്രധാന നടനെയാണ് മികച്ച നടനായി തിരഞ്ഞെടുക്കാറുള്ളതെന്നുമാണ്. എന്നാൽ, ഇംഗ്ലീഷ് സിനിമകളിൽ രണ്ടോ മൂന്നോ സീനുകളിൽ അഭിനയിച്ചവർക്കും നന്മയുടെ പ്രതീകമല്ലാത്ത പ്രതിനായകനും ഓസ്കർ അവാർഡ് ലഭിച്ചിട്ടുണ്ടെന്നും ഓർമപ്പെടുത്തുന്നു (ജഗതി-ജോണി ലൂക്കോസ് അഭിമുഖം).

കമലിന്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന് മാമുക്കോയക്ക് മികച്ച നടനുള്ള പ്രത്യേക പുരസ്കാരം ലഭിച്ചു. 2010ൽ ‘ആദാമിന്റെ മകൻ അബു’വിലൂടെ സലിം കുമാർ മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടി. ഹാസ്യനടന്മാർ എന്ന് അറിയപ്പെട്ടിരുന്നവരാണ് 2017 മുതൽ തുടർച്ചയായി മൂന്നു വർഷവും മികച്ച നടനുള്ള അവാർഡുകൾ നേടിയത്. ഇന്ദ്രൻസ് (‘ആളൊരുക്കം’ -2017), സൗബിൻ ഷാഹിർ (‘സുഡാനി ഫ്രം നൈജീരിയ’ -2018), ജയസൂര്യ (‘ക്യാപ്റ്റൻ’, ‘ഞാൻ മേരിക്കുട്ടി’ -2018), സുരാജ് ‘(ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25’, ‘വികൃതി’ -2019) എന്നിവരാണ് അവാർഡിന് അർഹരായവർ. 2020ൽ ജയസൂര്യ വീണ്ടും മികച്ച നടനുള്ള അവാർഡ് നേടി (‘വെള്ളം’). 2021ൽ ബിജുമേനോൻ (‘ആർക്കറിയാം’), ജോജു ജോർജ് (‘നായാട്ട്’, ‘മധുരം’, ‘തുറമുഖം’, ‘ഫ്രീഡം ഫൈറ്റ്’) എന്നിവർ പങ്കിട്ടു.

 

കൊച്ചിൻ ഹനീഫ,ഇന്ദ്രൻസ്

മേൽപറഞ്ഞ അഭിനേതാക്കളെല്ലാം ഹാസ്യം കൈകാര്യംചെയ്തവരാണ്. എന്നാൽ, ഈ അവാർഡുകളെല്ലാം ഹാസ്യറോളുകൾക്കല്ല, സീരിയസ്റോളുകൾക്കാണ് ലഭിച്ചത്. ഇപ്പോഴും മികച്ച നടൻ/നടി എന്നീ പുരസ്കാരങ്ങൾക്ക് ഹാസ്യകഥാപാത്രങ്ങളെ പരിഗണിക്കുന്നില്ല എന്ന് തന്നെയാണിത് സൂചിപ്പിക്കുന്നത്. പ്രധാന റോൾ അഭിനയിക്കുന്നതും നന്നായി അഭിനയിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന പഴയ ചിന്താഗതിയിൽനിന്നുതന്നെയാണ് ഇന്നും അവാർഡുകൾ നൽകിക്കൊണ്ടിരിക്കുന്നത്. സിനിമയിലെ സ്ഥാനം (നായകൻ/ നായിക/ പ്രതിനായകൻ/ പ്രതിനായിക/ കോമഡി ചെയ്യുന്നവർ) നോക്കാതെ അഭിനയം മാനദണ്ഡമാക്കി മികച്ച അഭിനേതാവിന് അവാർഡ് ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്.

കാലത്തിനും മാധ്യമത്തിനും അനുസരിച്ച് പുതിയ പ്രവണതകൾ കാണിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഹാസ്യം. വാമൊഴികൾ, കൈയെഴുത്തുകൾ, പ്രിന്റ് മീഡിയ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി ഓരോ മാധ്യമം വഴിയും ഹാസ്യം അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി. നാടകം, സിനിമ, എഫ്.എം റേഡിയോ, സകലതിലും ഹാസ്യം മറ്റ് ആഖ്യാനങ്ങൾക്കൊപ്പവും അല്ലാതെയും നിലനിൽക്കാനുള്ള കെൽപുണ്ടാക്കി. എല്ലാ മാധ്യമങ്ങളിലും ‘ട്രോൾ’ വലിയ സ്വാധീനമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ന്യൂസ്ചാനലുകൾപോലും ഹാസ്യത്തിന്റെ കൂട്ട് പിടിച്ചുകഴിഞ്ഞു. മുഖ്യകഥയോട് ബന്ധപ്പെട്ട് നിൽക്കുന്ന ഹാസ്യമായിരിക്കും ഇക്കാലത്ത് കൂടുതൽ സ്വീകരിക്കപ്പെടുക. കഥയിൽനിന്ന് വേറിട്ട് നിൽക്കുന്ന രംഗങ്ങൾ മിക്കപ്പോഴും പ്രേക്ഷകർക്ക് അരോചകമായി മാറുന്നുണ്ട്. ഹാസ്യത്തെയും ഹാസ്യം ചെയ്യുന്ന അഭിനേതാക്കളെയും വളരെ പ്രാധാന്യത്തോടെ പരിഗണിച്ചാൽ മാത്രമേ ഹാസ്യത്തിന്റെ ഉയർന്ന ആവിഷ്കാരങ്ങൾ നമുക്ക് ലഭിക്കുകയുള്ളൂ. ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങിയ വിഭാഗങ്ങളെ പരിഹസിക്കുന്നത് ഒഴിവാക്കണം എന്നത് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ പുതിയ സിനിമക്കാർ കൂടുതൽ ശ്രദ്ധിക്കുന്നതായി കാണാം. പുതിയകാലത്ത് നല്ല ഹാസ്യമുണ്ടാക്കാൻ അതീവ ജാഗ്രത വേണം. ഹാസ്യത്തെ ഒരു ‘തമാശ’യായി കാണരുത്.

======

സഹായക ഗ്രന്ഥങ്ങൾ:

ചന്ദ്രശേഖർ എ, സിനിമ, ഒരു ദൃശ്യ പ്രതിഷ്ഠാപനം, ഡോൺ ബുക്സ്, 2018.

നാദിർഷ: സിനിമ; കളിയും കാര്യവും, കറന്റ്‌ ബുക്സ്, തൃശൂർ, 2002.

പരമേശ്വരന്‍പിള്ള മേക്കൊല്ല. 1969, ഹാസ്യദര്‍ശനം, നാഷനല്‍ബുക്‌സ്, കോട്ടയം.

വെങ്കിടേശ്വരന്‍ സി.എസ്, 2011, ഉടലിന്റെ താരസഞ്ചാരങ്ങള്‍, ഡി.സി ബുക്‌സ് കോട്ടയം.

സജീഷ് എൻ.പി: തിരമലയാളത്തിന്റെ അവസ്ഥാന്തരങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2007.

കുറിപ്പ്​:

1. തലക്കെട്ട്​: കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് (‘വെള്ളാനകളുടെ നാട്’).

2. ഹാസ്യം കൈകാര്യംചെയ്യുന്നവരെ ഹാസ്യാഭിനേതാക്കൾ എന്ന് ലേഖനത്തിൽ എഴുതിയത് വേർതിരിച്ചറിയാൻ വേണ്ടി മാത്രമാണ്. ഏത് വേഷം ചെയ്യുന്നവരെയും അഭിനേതാക്കൾ എന്നുതന്നെയാണ് വിളിക്കേണ്ടത്.

* * *

(കാ​ലി​ക്ക​റ്റ് സ​ർവ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ള-​കേ​ര​ള​പ​ഠ​ന​ വി​ഭാ​ഗ​ത്തി​ൽഗ​വേ​ഷ​ക​നാ​ണ്​ ലേ​ഖ​ക​ൻ)

Tags:    
News Summary - weekly culture film and theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.