മേയ് 8ന് വിടവാങ്ങിയ സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവനെ ഒാർമിക്കുകയാണ് തിരക്കഥാകൃത്തും സുഹൃത്തുമായ ലേഖിക. ഒരു നിശ്ചല ഛായാഗ്രാഹകനെന്നനിലക്ക് സംഗീത് ശിവന്റെ സംഭാവനകൾ ഇനിയും ക്യൂറേറ്റ് ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂവെന്നും എഴുതുന്നു.
ജീവിതത്തിൽ അത്രയും പ്രകാശം പരത്തിയ ഒരാൾ പൊടുന്നനെ ഇല്ലാതാകുമ്പോഴാണ് ഇല്ലാതായത് എന്തൊരു വെളിച്ചമായിരുന്നു എന്ന് നാം തിരിച്ചറിയുന്നത്. സംഗീത് ശിവൻ പറയാതെ പോയപ്പോൾ ഞാനും അറിയുന്നു ആ മനുഷ്യൻ എന്തൊരു വെളിച്ചമായിരുന്നു എന്ന്. പെട്ടെന്ന് ഇരുട്ടിലായപോലെ. എന്റെ അച്ഛൻ, തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്ററുടെ സുഹൃദ് വൃന്ദം എന്നത് അച്ഛന്റെ സിനിമപോലെത്തന്നെ ബൃഹത്തായിരുന്നു, ബഹുസ്വരവും. മീഞ്ചന്തയിലെയും ബേപ്പൂരിലെയും മീൻകാര് മുതൽ സിനിമയിലെയും രാഷ്ട്രീയത്തിലെയും താരാപഥങ്ങൾ വരെ അത് പരന്നുകിടക്കുന്നു. എന്നാൽ, 2012 മാർച്ച് 28ന് ആ വെളിച്ചം അണഞ്ഞതിൽ പിന്നെ ആ ബൃഹദ്പ്രപഞ്ചത്തിലെ താരാപഥങ്ങൾ -പ്രത്യേകിച്ച് സിനിമയിലെ- അധികവും തമോദ്വാരത്തിലേക്ക് (Black Hole) മറഞ്ഞു. അതാണ് സിനിമ.
സിനിമക്ക് ഇപ്പോൾ മാത്രമേയുള്ളൂവെന്ന് മറക്കരുത് എന്ന പാഠം സംഗീതസംവിധായകൻ ജോൺസൻ മാസ്റ്ററാണ് പണ്ട് പറഞ്ഞുതന്നത്. എന്നാൽ മാസ്റ്റർക്ക് തെറ്റി, സിനിമയില്ലെങ്കിലും ചില സ്നേഹസൗഹൃദങ്ങൾ മരിക്കാതെ നിൽക്കും. അതായിരുന്നു തിരുവനന്തപുരത്തെ ‘ശിവൻസ്’ കുടുംബം. അച്ഛന്റെ സ്ഥാനത്തു തന്നെ നിന്നു മരിക്കുംവരെയും ശിവൻ ചേട്ടൻ. സംഗീതും സന്തോഷും സഞ്ജീവും സരിതയും ചേർന്ന ശിവൻസ് കുടുംബം സ്വന്തം കുടുംബമായിതന്നെ ഞങ്ങളെ ചേർത്തുനിർത്തി. സിനിമ മാത്രമല്ല ജീവിതം എന്നും സിനിമക്കപ്പുറവും സ്നേഹബന്ധങ്ങളുണ്ട് എന്നും കാട്ടിത്തന്നു.
ശിവൻസ് കുടുംബത്തെ പിരിച്ചെഴുതാൻ ബുദ്ധിമുട്ടാണ്. അതൊരു ഗോത്രംപോലെയാണ്. എല്ലാവരും സിനിമക്കാർ. അമ്മ ചന്ദ്രമണി ചേച്ചിയാണ് നിർമാണത്തിനുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്ക് ആദ്യമായി എത്തിച്ച സ്ത്രീ എന്ന് പലപ്പോഴും ഓർക്കപ്പെടാറില്ല. എന്നാൽ, ശിവൻസ് കുടുംബത്തെ ഒന്നിപ്പിച്ചുനിർത്തുന്ന ശക്തി ചന്ദ്രമണിച്ചേച്ചിയാണ്. അവരുടെ പ്രണയമാണ് ശിവൻ ചേട്ടനെ സൃഷ്ടിച്ചത്. അത് ആരു മറന്നാലും ശിവൻ ചേട്ടൻ ഓരോ നിമിഷത്തിലും ഓർത്തുകൊണ്ടേയിരുന്നു. തിരുവനന്തപുരത്തെ പോങ്ങുംമൂടിലെ മണിമണ്ഡപം ആ സ്നേഹസ്മരണയുടെ സ്മാരകമാണ്.
അക്കാലത്ത് വിടപറഞ്ഞ ചന്ദ്രമണി ചേച്ചിയുടെ ഓർമദിനത്തിന് ലോകത്ത് എവിടെയായിരുന്നാലും മക്കൾ പറന്നെത്തുമായിരുന്നു. എല്ലാ ഓർമദിനവും സംഗീതാർച്ചനകൊണ്ട് സമ്പുഷ്ടമാക്കി ആ ഓർമയെ മരണത്തിന് വിട്ടുകൊടുക്കാതെ നിർത്തി ശിവൻ ചേട്ടൻ. ചേച്ചി ഇല്ലാത്ത ‘ശിവൻസി’ലേക്ക് ആദ്യം കടന്നുചെല്ലുമ്പോൾ ‘‘മോളേ ഇതാ, ദീദിയും പാപ്പാത്തിയും പ്രേംചന്ദും വന്നിട്ടുണ്ട്’’ എന്ന് പറഞ്ഞാണ് ശിവൻ ചേട്ടൻ ഞങ്ങളെ സ്വാഗതംചെയ്തത്. മോളേ എന്ന് വിളിച്ചത് മകൾ സരിതയെ ആയിരിക്കും എന്നാണ് ആദ്യം ധരിച്ചത്. പിന്നെയാണ് മനസ്സിലായത് ചേച്ചിയോട് പറയാതെ ശിവൻ ചേട്ടൻ ഒന്നും ചെയ്യാറില്ല എന്നത്. അനശ്വരപ്രണയം എന്നൊക്കെ കഥയിൽ വായിക്കാറുള്ള തരം പ്രണയത്തിന്റെ ആൾരൂപമായിരുന്നു ശിവൻ ചേട്ടനും ചന്ദ്രമണി ചേച്ചിയും തമ്മിലുള്ള പ്രണയം.
ശിവൻ ചേട്ടൻ നിശ്ചല ഛായാഗ്രഹണ രംഗത്തെ ചരിത്രപുരുഷനാണ്, ശിവൻസ് സ്റ്റുഡിയോവിലൂടെ മലയാള സിനിമയെ കോടമ്പാക്കത്തുനിന്നും കേരളത്തിലേക്ക് പറിച്ചുനടാൻ വഴികാട്ടിയവരിൽ മുൻഗാമിയാണ്. ഇന്നും ഓർക്കപ്പെടുന്ന അനശ്വര ഗാനങ്ങളുടെ ‘സ്വപ്നം’ എന്ന സിനിമ അദ്ദേഹത്തിന്റെ സ്വപ്നസന്തതിയാണ്. ശിവൻസ് സിനിമാ സ്കൂളിൽ കാമറ കളിപ്പാട്ടമാക്കി വളർന്ന സംവിധായകരാണ് മക്കളായ സംഗീത് ശിവൻ, സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്ന ത്രിമൂർത്തികൾ.
സരിത മാത്രമേ സിനിമയിൽ എത്താതെപോയുള്ളൂ. എന്നാൽ, സരിത എല്ലാവരുടെ സിനിമകളുടെയും പ്രചോദനമാണ്. ശിവൻസ് സ്കൂളിലേക്ക് വന്ന മരുമകളായ സഞ്ജീവ് ശിവന്റെ ജീവിതപങ്കാളി ദീപ്തിയും ഒരു സംവിധായികയായി നിലയുറപ്പിച്ചുകഴിഞ്ഞു. ശിവൻസിന്റെ അടുത്ത തലമുറയും ഇപ്പോൾ സിനിമയിൽ സജീവമാണ്. സംഗീതിന്റെ മക്കൾ സജ്നയും സന്തോഷിന്റെ മകൻ സർവജിത്തും സഞ്ജീവിന്റെ മകൻ സിദ്ധാൻശുവും സരിതയുടെ മകൻ ഉണ്ണിയും ആ വഴിയിലാണ്.
ശിവൻ എന്ന മഹാവൃക്ഷം എന്നും തണൽ വിരിച്ചുനിന്നു. ആ തണലിലേക്കാണ് ശിവൻ ചേട്ടൻ ഞങ്ങളെയും ചേർത്തുനിർത്തിയിരുന്നത്. ആയുസ്സിന്റെ സൗഹൃദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് ചെറിയ യുക്തികൾകൊണ്ട് വിശദീകരിക്കാനാകില്ല. 1991ലാണ് അച്ഛനെക്കൊണ്ട് ഒരു മോഹൻലാൽ സിനിമക്ക് തിരക്കഥ എഴുതിക്കാൻ സംഗീതും സന്തോഷും വീട്ടിലെത്തുന്നത്. ഹരിഹരൻ സാർ മുതൽ ഐ.വി. ശശി വരെയുള്ള എത്രയോ സംവിധായകരുമായി അച്ഛൻ തിരക്കഥ ചർച്ചചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. സംഗീതും സന്തോഷും കൊണ്ടുവന്ന ഒരു പ്രമേയത്തെ മുൻനിർത്തി രണ്ടാഴ്ചയോളം അച്ഛൻ അവരുമായി നടത്തിയ ചർച്ച മുന്നോട്ടുപോയില്ല. പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ ‘അദ്വൈതം’ തുടങ്ങിയതോടെ അത് മറ്റാരെങ്കിലും എഴുതുന്നതാകും നന്നാവുകയെന്ന് നിർദേശിച്ച് അച്ഛൻ പിൻവാങ്ങി. അതായിരുന്നു, അതാണ് അച്ഛൻ എഴുതാത്ത ‘യോദ്ധ’. സഞ്ജീവ് ശിവനും ഒരിക്കൽ ഒരു മമ്മൂട്ടി സിനിമക്കുവേണ്ടി അച്ഛനെക്കൊണ്ട് തിരക്കഥ എഴുതിക്കാൻ വന്നിരുന്നു. അത് വ്യത്യസ്തമായ ഒരു ഹൊറർ സിനിമയായിരുന്നു. അച്ഛൻ വീണ്ടും അവരെ നിരാശപ്പെടുത്തി തിരിച്ചയക്കുകയാണ് ചെയ്തത്. അതാണ് പിന്നീട് ‘അപരിചിതൻ’ എന്ന മമ്മൂട്ടി സിനിമയായി വന്നത്.
എന്നെ സിനിമയെഴുത്തിന് ആദ്യം പ്രചോദിപ്പിച്ചത് ശിവൻ ചേട്ടനാണ്. സരിത മാത്രം എന്തുകൊണ്ട് സിനിമയിൽ വന്നില്ല എന്ന ചോദ്യത്തിന് ശിവൻ ചേട്ടൻ ഒരു മറുചോദ്യമാണ് മറുപടിയായി തന്നത്. എന്തുകൊണ്ട് നീ വരുന്നില്ല എന്ന്. ജയരാജ് സംവിധാനംചെയ്ത ‘ഗുൽമോഹർ’ അങ്ങനെയാണ് എഴുതുന്നത്. മകൾ മുക്തയെ സിനിമ പഠിക്കാൻ വഴികാട്ടിയായി നിന്നതും ശിവൻ ചേട്ടനാണ്. ശിവൻസ് സ്റ്റുഡിയോയിലെ ഏത് കാമറയും അവൾക്കായി ഷട്ടർ തുറന്നുവെച്ചിരുന്നു. ചന്ദ്രമണി ചേച്ചിയുടെ വിയോഗത്തിൽ നിശ്ചലനായി നിന്നുപോയ ശിവൻ ചേട്ടൻ ‘ചിത്രഭൂമി’യിൽ ആത്മകഥ എഴുതിത്തുടങ്ങിയത് പ്രേംചന്ദുമായുള്ള സ്നേഹത്തിന്റെ വെളിച്ചത്തിലാണ്. കോവിഡ് മഹാമാരിയുടെ കാലത്ത്.
സരിത, പ്രേംചന്ദ്, ദീദി, സംഗീത് ശിവൻ, ജയശ്രീ സംഗീത് ശിവൻ
2021 ജൂൺ 24ന് ശിവൻ ചേട്ടൻ വിടപറയുന്ന ദിവസം വരെ ഈ മക്കളൊക്കെയും കുട്ടികൾ മാത്രമായിരുന്നു. കഷ്ടിച്ച് മൂന്നു വർഷം തികയുന്നതിനിടെയാണ് സംഗീതിന്റെ മരണം. പുതിയ ചിത്രമായ ‘കപ് കപി’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു സംഗീത്. മലയാളത്തിൽ സൂപ്പർഹിറ്റായ ‘രോമാഞ്ച’മാണ് ‘കപ് കപി’. അടുത്ത മാസമാണ് റിലീസ്. ശിവൻ ചേട്ടന്റെ ഓർമക്ക് തിരുവനന്തപുരത്തെ ശിവൻസ് സ്റ്റുഡിയോ ഒരു ബൃഹദ് കേന്ദ്രമാക്കി മാറ്റിയെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു മക്കൾ. പല നിലകളിൽ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും സാംസ്കാരിക സമുച്ചയവും ആറ് പതിറ്റാണ്ടിന്റെ ചരിത്രം പറയുന്ന ശിവൻസ് ചിത്രങ്ങളുടെ ഒരു മ്യൂസിയവുമടക്കമുള്ള ബഹുവിധ പദ്ധതികളായിരുന്നു അവരുടെ മനസ്സിൽ. ശിവൻ ചേട്ടന്റെ കഴിഞ്ഞ ഓർമദിനത്തിന് ആ പദ്ധതികളുടെ ഉദ്ഘാടനവും കുറിച്ചതായിരുന്നു.
അവസാന നിമിഷംവരെ സംഗീത് സിനിമയിൽ ജീവിച്ചു. ‘കപ് കപി’യുടെ ജോലി തീർത്ത് മുംബൈ കോകില ബെൻ ആശുപത്രിയിലേക്ക് ചെക്കപ്പുകൾക്കായി വീട്ടിൽനിന്നും നടന്നിറങ്ങിയതായിരുന്നു. വളരെ പെട്ടെന്നാണ് വൃക്കകളുടെ പ്രവർത്തനം നിലച്ചതറിയുന്നതും ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നതും. അവിടെ വെച്ചും മൊബൈൽ ഫോണിൽ അവിടത്തെ അന്തരീക്ഷം കാമറയിൽ പകർത്തുകയാണ് ചെയ്തത്. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെടുംവരെ ആ കണ്ണുകൾ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. വ്യത്യസ്തമായ ഓരോ വെളിച്ചങ്ങളോടുമുള്ള അഭിനിവേശം കണ്ണടയുംവരെ കാത്തുസൂക്ഷിച്ച പ്രതിഭയുടെ ഓർമച്ചിത്രങ്ങൾ.
മുംബൈ ആശുപത്രിയിൽ ഐ.സി.യുവിന് പുറത്ത് കാത്തിരിക്കുമ്പോഴാണ് സംഗീതിന്റെ ജീവിതപങ്കാളിയായ ജയശ്രീ പൊടുന്നനെയുണ്ടായ രോഗവിവരം വിളിച്ചറിയിക്കുന്നത്. കോവിഡ് കാലത്ത് ഒരു മാസത്തിലേറെ വെന്റിലേറ്ററിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന ചരിത്രമുള്ളതുകൊണ്ട് മാത്രമല്ല വീണ്ടും മലയാളത്തിൽ തിരിച്ചെത്താനുള്ള കെടാത്ത ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നതുകൊണ്ടുകൂടി സംഗീത് തിരിച്ചുവരും എന്നുതന്നെയായിരുന്നു പ്രതീക്ഷ.
സംവിധായകൻ
‘യോദ്ധ’ (1992) എന്ന ഒരൊറ്റ സിനിമ മാത്രം മതി മലയാള സിനിമയുടെ മുഖ്യധാരയിൽ ആ പേര് നിലനിൽക്കാൻ. അത്രയും സന്തോഷം പ്രസരിപ്പിക്കുന്ന ഒരു സിനിമയാണ് ‘യോദ്ധ’. ഇന്നും മറ്റൊരുതവണ മലയാളത്തിൽ ആവർത്തിക്കാനായിട്ടില്ലാത്ത ഒരു ‘എ.ആർ. റഹ്മാൻ’ മ്യൂസിക്കൽ എന്ന് ‘യോദ്ധ’യെ വിശേഷിപ്പിക്കാം. യേശുദാസും എം.ജി. ശ്രീകുമാറും ചേർന്ന് ആലപിച്ച ‘‘പടകാളി ചണ്ടിച്ചങ്കരി’’ ഇന്നും ഏത് പുതിയ തലമുറക്കും കാമ്പസ് വേദികളിലെ നൃത്തച്ചുവടിന് ഒരു വെല്ലുവിളിയാണ്. മലയാളത്തിലെ ആദ്യ സംവിധാനസംരംഭമായ ‘വ്യൂഹം’ (1990) ആഖ്യാനപാടവത്തിൽ ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന മലയാളത്തിലെ ത്രില്ലറുകളുടെ മുൻഗാമിയാണ്. രഘുവരൻ-സുകുമാരൻ ടീമിന്റെ അവിസ്മരണീയ പ്രകടനവും സിനിമയെ മികവുറ്റതാക്കി.
ദൃശ്യചാരുതയെ നവീകരിച്ച സംഗീത്-സന്തോഷ് ടീമിന്റെ വരവറിയിച്ച സിനിമയായിരുന്നു ‘വ്യൂഹം’. ആ ടീം മലയാളത്തിൽ പിന്നീട് ‘ഗാന്ധർവ്വം’ (1993), ‘നിർണ്ണയം’ (1995) എന്നീ മോഹൻലാൽ സിനിമകളിലും ആവർത്തിച്ചു. 1992ൽ അരവിന്ദ് സ്വാമി, സുരേഷ് ഗോപി എന്നിവരെ നായകരാക്കി ചെയ്ത ‘ഡാഡി’ എന്ന സിനിമ വിജയം കാണാതെ പോയി. 1993ൽ ചെയ്ത ‘ജോണി’ എന്ന കുട്ടികളുടെ ചിത്രം സംസ്ഥാന സർക്കാറിന്റെ മികച്ച കുട്ടികളുടെ സിനിമക്കുള്ള പുരസ്കാരം നേടിയിരുന്നു.
സലിൽ ചൗധരി, വാണി ജയറാം, ശിവൻ -അപൂർവ ചിത്രം
1989ൽ ആദിത്യ ബട്ടാചാര്യയുടെ ‘രാഖ്’ എന്ന സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായാണ് സംഗീത് ശിവൻ ബോളിവുഡിൽ അരങ്ങേറിയത്. ശിവൻ ചേട്ടന്റെ ആത്മമിത്രമായ ബോളിവുഡ് സംവിധായകൻ ബസു ബട്ടാചാര്യയുടെ മകനാണ് ആദിത്യ ബട്ടാചാര്യ. ബസു ബട്ടാചാര്യയുടെ അഭ്യർഥന മാനിച്ച് തന്റെ രണ്ടു മക്കളെയും കാമറകളുമായി ബോളിവുഡിലേക്ക് അയക്കുകയായിരുന്നു ശിവൻ ചേട്ടൻ. സംഗീത് നിർമാണത്തിന്റെ ചുക്കാൻ പിടിച്ചു. സന്തോഷ് കാമറ ചെയ്തു. ആമിർ ഖാൻ, പങ്കജ്കപൂർ, സുപ്രിയ പഥക് എന്നിവർ വേഷമണിഞ്ഞ ‘രാഖ്’ സംഗീത് ശിവന്റെ ഏറ്റവും ഇഷ്ട യോണർ ആയ ഹൊറർ സിനിമ എന്ന നിലക്ക് ബോളിവുഡിൽ നവതരംഗം സൃഷ്ടിച്ചു.
1998ൽ സണ്ണി ഡിയോളിനെ നായകനാക്കി ‘സോർ’ ബോളിവുഡിൽ സൂപ്പർഹിറ്റായതോടെയാണ് മലയാളത്തിൽനിന്നും സംഗീത് ശിവൻ ചുവടുമാറ്റിയത്. പിന്നീട് 2000ത്തിൽ ‘സ്നേഹപൂർവം അന്ന’ സംവിധാനംചെയ്തെങ്കിലും വിജയമാകാതെ പോയതും ബോളിവുഡിൽതന്നെ നിലയുറപ്പിക്കാനിടയാക്കി. ‘ചുരാ ലിയ ഹേ തുംനെ’ (2003), ‘ക്യാ കൂൽ ഹെ ഹം’ (2005), ‘അപ്ന സപ്ന മണി മണി’ (2006), ‘ഇകെ, ദ പവർ ഓഫ് വൺ’ (2009), ‘ക്ലിക്ക്’ (2010), ‘യംല പഗ്ല ദിവാന 2’ (2013) തുടങ്ങിയ സിനിമകൾക്ക് പുറമെ വെബ് സീരീസുകൾക്കും ചുക്കാൻപിടിച്ചു.
2000ത്തിനു ശേഷം രണ്ടുതവണ മാത്രമേ മലയാളത്തിലേക്ക് സംഗീത് എത്തിനോക്കിയിട്ടുള്ളൂ. 2012ൽ ‘ഇഡിയറ്റ്സ്’ എന്ന ആസിഫലി സിനിമയുടെ നിർമാതാവും 2017ൽ ‘ഇ’ എന്ന ഹൊറർ സിനിമയുടെ രചയിതാവും നിർമാതാവുമായും. ഈ സിനിമക്കൊക്കെ ഇടയിലും ഒരു സ്വപ്നംപോലെ ഒപ്പം കൊണ്ടുനടന്നത് തന്റെ തന്നെ ‘യോദ്ധ’യുടെ രണ്ടാം ഭാഗമായിരുന്നു. പല ഭാഷകളിലും അതിനായി ആലോചനകളുണ്ടായി. എന്നാലത് ഒരു സ്വപ്നമായിതന്നെ അവശേഷിച്ചു.
സംഗീത് ശിവൻ ഐ.എഫ്.എഫ്.കെ ശിവൻസ് ഫോട്ടോ പ്രദർശന കവാടത്തിൽ
സിനിമക്കപ്പുറം
എല്ലാ ഭാഷകളിലുമുള്ള സിനിമകളിലുള്ള അഗാധമായ അറിവും പരന്ന വായനയും രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളിലുള്ള അതിസൂക്ഷ്മമായ നിരീക്ഷണപാടവവുമുള്ള സംഗീത് ശിവൻ അതിനനുസൃതമായ സിനിമകൾ ചെയ്തിട്ടില്ല എന്നത് അത്ഭുതത്തോടെയേ കാണാനാവൂ. ജീവിതത്തിൽ ദുർഘട ഘട്ടങ്ങളിലൂടെ കടന്നുപോയ കാലത്തുടനീളം നിരന്തരം പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും സംസാരിച്ചുകൊണ്ട് മരണത്തെ നേരിടാൻ പ്രേരണ നൽകിയ സംഗീത് ശിവൻ ഒരു സിനിമക്കാരനായിരുന്നില്ല. ജീവിതം എന്നാൽ സിനിമ മാത്രമല്ല എന്ന പാഠം പകർന്നുതന്ന ആത്മമിത്രമായിരുന്നു.
2010ലോ 2011ലോ ഒരു ഗോവ ഐ.എഫ്.എഫ്.ഐ നടക്കുന്ന സമയത്തായിരുന്നു ശിവൻ ചേട്ടൻ ഹോട്ടലിൽ വീണ് പരിക്കേറ്റപ്പോൾ സംഗീത് മുംബൈയിൽനിന്ന് തന്റെ സിനിമകളുടെ തിരക്കുകൾ മാറ്റിവെച്ച് അച്ഛനെ പരിചരിക്കാൻ പറന്നെത്തിയത്. ശിവൻ ചേട്ടന്റെ ജീവിതത്തിലെ പോരാട്ടകാലങ്ങൾ കണ്ടത് മൂത്ത മകനായ സംഗീത് മാത്രമാണ്. മറ്റു മക്കളൊക്കെ മുതിരുമ്പോഴേക്കും ശിവൻസ് സ്റ്റുഡിയോ തിരുവനന്തപുരത്ത് ഒരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അച്ഛനെ കൊച്ചുകുട്ടികളെ എന്നപോലെ പരിചരിക്കുന്ന ഒരു മകനെയാണ് അവിടെ കണ്ടത്.
ആ ഗോവ ഫെസ്റ്റിവലിന്റെ ഒരിടവേളയിൽ എല്ലാവരും ഒന്നിച്ച് സംസാരിച്ചിരിക്കുമ്പോഴാണ് ‘യോദ്ധ 2’ എന്ന സ്വപ്നം അല്ലാതെയും മലയാള സിനിമയിൽ ഒരിടം ഉണ്ടെന്നും അവിടേക്ക് തിരിച്ചുവരണമെന്നും പറഞ്ഞപ്പോൾ എന്തുതരം സിനിമയുമായാണ് മലയാളത്തിലേക്ക് വരേണ്ടത് എന്ന കാര്യത്തിൽ തീർച്ചപ്പെടുത്താനാവാത്ത ഒരു മനുഷ്യനെയാണ് അവിടെ കണ്ടത്. ആ സംഭാഷണത്തിനൊടുവിൽ ‘‘ഞാനെന്ത് സിനിമ ചെയ്യണമെന്ന് നിനക്ക് കണ്ടെത്താൻ പറ്റും എന്നുറപ്പുണ്ടെങ്കിൽ ഞാൻ മലയാളത്തിലേക്ക് വരാം. അത് വേണമെങ്കിൽ നിനക്കെഴുതാം, അല്ലെങ്കിൽ ലോകസാഹിത്യത്തിൽനിന്നുള്ള ഒരു അഡാപ്ഷനാകാം, മലയാള സാഹിത്യത്തിൽനിന്നുള്ള ഒരു തിരഞ്ഞെടുപ്പാകാം, കണ്ടെത്തുക എന്ന ഉത്തരവാദിത്തം നിനക്കാണ്’’ എന്ന് സംഗീത് ഉപസംഹരിച്ചു. അതിൽ പിന്നെ എത്രയോ നോവലുകൾ, നാടകങ്ങൾ, സിനിമകൾ, സങ്കൽപങ്ങൾ ഒക്കെ പിന്നിട്ട രണ്ടു പതിറ്റാണ്ടിലേറെക്കാലത്ത് ഞങ്ങൾ ചർച്ചചെയ്തിട്ടുണ്ട്. എത്രയോ ഹൊറർ, കോമഡി, ത്രില്ലറുകളിലൂടെ ഒരു യാത്രയായിരുന്നു അത്. ഇക്കാലത്തിനിടയിൽ സംഗീത് ചെയ്ത ഓരോ സിനിമയുടെ തിരക്കഥയും വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ക്രിപ്റ്റ് ഡോക്ടറിങ്ങിലുള്ള ഒരു സ്കൂളിങ് തന്നെയായിരുന്നു ഈ വ്യായാമങ്ങൾ. അവസാനം മലയാളത്തിലെ ‘രോമാഞ്ചം’ ഹിന്ദിയിലെ ‘കപ് കപി’യാക്കുമ്പോഴും അതിന്റെ ബ്രെയിൻ സ്റ്റോമിങ് സെഷനിൽപോലും എന്നെയും പങ്കാളിയാക്കി. വിമർശനങ്ങളും നിർദേശങ്ങളും ഈഗോ ഒട്ടുമില്ലാതെ സ്വീകരിക്കാൻ മനസ്സ് കാണിച്ചു. ഏത് പുതിയ സിനിമ മലയാളത്തിൽ ഇറങ്ങിയാലും ആദ്യ ദിവസംതന്നെ അതിന്റെ അഭിപ്രായം കിട്ടുന്നതുവരെ അസ്വസ്ഥനായിരിക്കുന്ന ഒരു കാണിയെ സംഗീത് ശിവൻ എന്നും തന്റെ ഉള്ളിൽ കാത്തുസൂക്ഷിച്ചിരുന്നു. ആ ശീലം ഒരു മാറ്റവുമില്ലാതെ തുടർന്നുപോന്നിരുന്നു. അവസാനം ‘കപ് കപി’യുടെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിനിടയിലാണ് ‘മഞ്ഞുമ്മൽ ബോയ്സും’ ‘ഭ്രമയുഗ’വും ‘ആടുജീവിത’വും ഞങ്ങൾ ചർച്ചചെയ്തത്. ഐ.സി.യുവിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് ‘വർഷങ്ങൾക്കു ശേഷം’ ചർച്ചചെയ്തത്.
പിന്നെ ജന്മനാട്ടിലേക്ക് ഒരു തിരിച്ചുവരവില്ലാതെ അഗ്നിയിൽ ദഹിച്ച് മൺമറഞ്ഞതിന്റെ പിറ്റേന്ന് മുംബൈ അന്ധേരി വെസ്റ്റ് വീരദേശായി റോഡിലെ മെറിഡിയൻ അപ്പാർട്മെന്റ്സിലെ മൂന്നൂറ്റിരണ്ടാം ഫ്ലാറ്റിലേക്ക് കയറിച്ചെല്ലുമ്പോൾ അവിടെ ഒരു സംഗീത് വെളിച്ചമായി നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. സംഗീതിന്റെ ജയശ്രീയിലും അനിയത്തി സരിതയിലും മക്കളായ സജ്നയിലും ശാന്തനുവിലുമൊക്കെ ആ ഓർമയുടെ വെളിച്ചം ജ്വലിച്ചുനിൽപുണ്ടായിരുന്നു.
വീട്ടിൽനിന്നും ശ്മശാനത്തേക്കിറങ്ങുംവരെ സംഗീതിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ വെച്ചാണ് മക്കൾ അച്ഛന് പ്രണാമമർപ്പിച്ചത്. ആകാശത്തോളം ഉയർന്ന് ജ്വലിക്കുന്ന ചുമന്ന തീനാളത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് മകൾ സജ്ന അച്ഛന് ഏറ്റവും ഇഷ്ടപ്പെടുന്ന രീതിയിൽ, ‘സിനിമാറ്റിക്’ ആയിത്തന്നെ ആ വേർപാടിനെ രേഖപ്പെടുത്തിയത്. അവസാന ചിത്രമായ ‘കപ് കപി’ ‘യോദ്ധ’പോലെ വെള്ളിത്തിരയിൽ ഒരു ദൃശ്യവിസ്മയമാകും എന്നൊരു ഉറച്ചവിശ്വാസം പണി തീർന്നപ്പോൾ സംഗീത് ശിവൻ എന്ന തച്ചനുണ്ടായിരുന്നു. മഴ തോർന്നാലും മരം പെയ്യും: സംഗീത് ബാക്കിനിർത്തുന്ന പ്രത്യാശയാണത്.
ഒരു നിശ്ചല ഛായാഗ്രാഹകനെന്ന നിലക്ക് സംഗീത് ശിവന്റെ സംഭാവനകൾ ഇനിയും ക്യൂറേറ്റ് ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് ശിവൻ ചേട്ടൻ കൂടിയുള്ള എത്രയോ ഛായാപടങ്ങൾ അക്കാലത്ത് ശിവൻ ചേട്ടന്റെ സന്തതസഹചാരിയായി ഒപ്പം യാത്രചെയ്ത സംഗീത് ശിവന്റെ കണ്ണുകൾ കണ്ട കാഴ്ചകളാണ്. ബോളിവുഡിൽനിന്നും നാട്ടിലെത്തുന്ന ഓരോ ഇടവേളയിലും തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോയിൽ സ്റ്റിൽ ഫോട്ടോഗ്രഫി സംബന്ധിച്ച എത്രയോ കോഴ്സുകൾ സംഗീത് പല തലമുറകൾക്കായി നടത്തിയിട്ടുണ്ട്.
യാത്രകളായിരുന്നു സംഗീതിന്റെ മറ്റൊരു പാഷൻ. അത് ദൂരദേശങ്ങൾ എന്ന അർഥത്തിലല്ല, എത്തിച്ചേരുന്ന ഇടങ്ങളിലെല്ലാം വെളിച്ചത്തിന് പിറകെ സഞ്ചരിക്കുക എന്നതായിരുന്നു സംഗീതിന്റെ രീതി. ഓരോ യാത്രയിലും അങ്ങനെ എടുത്തുകൂട്ടിയ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ഫോട്ടോഗ്രാഫുകൾ ശിവൻസ് സ്റ്റുഡിയോവിലും സംഗീതിന്റെ സ്വകാര്യ സീഡി, ഡീവിഡി, ഡ്രൈവുകളിലുമൊക്കെയായി ചിതറിക്കിടപ്പുണ്ടാകും. കാലം അത് ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവരും എന്ന് തന്നെ ഞാൻ കരുതുന്നു.
ശിവൻ ചേട്ടൻ വിട പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സ്മരണക്കായി ചലച്ചിത്ര അക്കാദമിക്കുവേണ്ടി ഞാനും പ്രേംചന്ദും ചേർന്നായിരുന്നു ഓർമപ്പുസ്തകം തയാറാക്കിയത്. കോവിഡ് കാലമായിരുന്നതുകൊണ്ട് ഞങ്ങൾ കോഴിക്കോട്ടെ വീട്ടിലും സംഗീത് മുംബൈയിലെ വീട്ടിലും ശിവൻ ചേട്ടന്റെ ശിഷ്യന്മാരായ ലാലും ശ്യാമും തിരുവനന്തപുരത്തെ സ്റ്റുഡിയോവിലുമിരുന്നാണ് ദിവസങ്ങളോളം ഉറക്കമിളച്ച് പല കാലങ്ങളിൽ ശിവൻ ചേട്ടൻ എടുത്ത നൂറുകണക്കിന് നിശ്ചല ദൃശ്യങ്ങളിലൂടെ കടന്നുപോയി, അവയിൽനിന്നും ഒരു തിരഞ്ഞെടുപ്പ് നടത്തിയത്. ഓരോ ഫോട്ടോഗ്രാഫുകളെക്കുറിച്ച് പറയുമ്പോഴും അതെടുത്ത കാമറ, അതിന്റെ സവിശേഷതകൾ, വില, പരിണാമം എന്നിങ്ങനെ ഛായാഗ്രഹണത്തിന്റെ സാങ്കേതികവിദ്യ നമ്മുടെ കാഴ്ചയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സ്റ്റഡി ക്ലാസുകൾകൂടിയായിരുന്നു. അങ്ങനെയാണ് ‘ശിവൻസ്- കാലത്തെ കൊത്തിയ കണ്ണുകൾ’ എന്ന പുസ്തകം രൂപംകൊണ്ടത്.
‘ചെമ്മീൻ’ അടക്കമുള്ള സിനിമകൾക്കുവേണ്ടി എടുത്ത റോൾ ഫിലിമുകൾ കണ്ടെടുത്ത് സ്കാൻ ചെയ്താണ് ഫോട്ടോ ആൽബത്തിനായി വീണ്ടും തയാറാക്കിയത്. അതിൽ ചരിത്രം, സംസ്കാരം, സിനിമ, വ്യക്തി എന്നിങ്ങനെ നാലു ഭാഗങ്ങൾ ഉണ്ടായിരുന്നു. ചലച്ചിത്ര അക്കാദമിയുടെ പുസ്തകത്തിൽ സിനിമ സംബന്ധിച്ച ചിത്രങ്ങൾ മാത്രം മതി എന്ന തീരുമാനം വന്നപ്പോൾ ബാക്കി ചിത്രങ്ങൾ ആ വർഷത്തെ ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് നടന്ന ശിവൻസ് ഫോട്ടോ പ്രദർശനത്തിനായി മാറ്റിവെക്കുകയാണുണ്ടായത്. വാസ്തവത്തിൽ ശിവൻ ചേട്ടനെക്കുറിച്ചുള്ള ഒരു ഓർമപ്പുസ്തകം സിനിമയിലേക്ക് മാത്രമായി ചുരുക്കാനാകില്ല എന്ന് കണക്കാക്കിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നത്. അത്തരമൊരു പുസ്തകം ഇനിയും ഉണ്ടാകേണ്ടതായുണ്ട്.
സംഗീത് ശിവന്റെ ഫോട്ടോഗ്രാഫുകളുടെ ബൃഹദ് ശേഖരവും ഇനിയും പുറത്തെത്തിയിട്ടില്ലാത്ത ഒരു ഖനിയാണ്. പ്രൊഫൈലുകളും പ്രകൃതിയും പകർത്തുന്നതിൽ ഒരു മാസ്റ്റർ ക്ലാസാണ് ആ ചിത്രങ്ങൾ. അത് സമാഹരിക്കപ്പെടുകയെന്നതായിരിക്കും സംഗീത് ശിവൻ എന്ന പ്രതിഭക്ക് നൽകേണ്ട ഏറ്റവും ഉചിതമായ സ്മാരകം. വരും തലമുറയുടെ കാഴ്ചക്കും പഠനത്തിനുമായി അത് സംഭവിക്കാനിടവരട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രിയ സംഗീതിനോട് വിട പറയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.