നിരന്തര പഥികനായി, ചുമലിൽ ഒരു ഭാണ്ഡത്തിെൻറ ഭാരംപോലുമില്ലാതെ അപ്പൂപ്പൻതാടിപോലെ പറന്നു നടന്ന സണ്ണി കാസ്റ്റലിനോ എന്ന സംഗീതകാരനെ ഒാർമിക്കുന്നു. എത്രയോ സിനിമാഗാനങ്ങളിൽ പിയാനോ കട്ടകളിന്മേൽ പറന്നുനടന്ന അദ്ദേഹത്തിെൻറ മാന്ത്രിക വിരലുകൾ നമ്മുടെ മനസ്സിനെ മദിച്ചിട്ടുണ്ട്. എന്നാൽ, അധികം അറിയാതെ പോയ പ്രതിഭകൂടിയാണ് അദ്ദേഹം.
കലാലയ വിദ്യാഭ്യാസം കഴിഞ്ഞു ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ ചിതറിപ്പോയ പഴയ കാമ്പസ് സൗഹൃദങ്ങൾ വീണ്ടും പൂത്തുലഞ്ഞത് സാമൂഹിക മാധ്യമങ്ങളുടെ വരവോടെയാണ്. പലവഴിക്ക് പിരിഞ്ഞു പല ജോലികളിൽ ചേർന്ന് പലയിടങ്ങളിൽ താമസമുറപ്പിച്ച ഞങ്ങൾ പരസ്പരം തേടിപ്പിടിച്ചു. കൃത്യം നാല് പതിറ്റാണ്ടു മുമ്പ് കണ്ണൂർ ശ്രീനാരായണ കോളജിൽ നവാഗതരായി കാലെടുത്തു െവച്ചവർ ചേർന്ന് ഒരു പൂർവവിദ്യാർഥി സംഘടനകൂടി രൂപവത്കരിച്ചു. ഗതകാല യൗവനത്തിെൻറ തരളസ്മരണകൾ പങ്കിടാൻ വർഷത്തിൽ ഒരുതവണയെങ്കിലും മാതൃസ്ഥാപനത്തിൽ ഒത്തുചേരാനും തുടങ്ങി. മഹാമാരിയുടെ വരവ് സാമൂഹികസമാഗമങ്ങൾക്ക് തടയിടും മുമ്പ് നടന്ന ഒടുവിലത്തെ ഗെറ്റ് ടുഗതർ അവിസ്മരണീയമായിരുന്നു. അതിൽ പ്രതീക്ഷിക്കാത്തൊരു വിരുന്നായി മഹേഷ് കുമാറിെൻറ ഗാനമേള ഉണ്ടായിരുന്നു. അതിെൻറ ഗൃഹാതുരത്വം വാക്കുകൾക്ക് അതീതമാണ്. 'ആകാശവാണിയിൽ ഒഴുകിവരുന്ന ഗാനകല്ലോലിനികൾ' തലക്കു പിടിച്ചിരുന്ന ആ പ്രായത്തിൽ ഞങ്ങൾക്കൊരു ഹരമായിരുന്നു മഹേഷ് കുമാർ നയിച്ചിരുന്ന ഗാനമേള.
കണ്ണൂരിലെ പ്രശസ്തമായ രാഗം ഓർക്കസ്ട്രയുടെ തലവനായിരുന്ന അദ്ദേഹം കോളജിലെ പൂർവവിദ്യാർഥി കൂടിയായിരുന്നു. കാമ്പസിൽ പൊതുപരിപാടി ഉണ്ടാകുമ്പോൾ ട്രൂപ്പുമായി മഹേഷ് എത്തും. കോളജ് ഗായകർക്ക് വേണ്ടി ഇലക്ട്രോണിക് കീബോർഡിൽ പശ്ചാത്തല സംഗീതം തന്മയത്വത്തോടെ വായിച്ചിരുന്ന മഹേഷ് ആയിരുന്നു ഞങ്ങൾക്ക് താരം. റേഡിയോ ഒഴികെ മറ്റു വിനോദോപാധികൾ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ഗാനമേളകൾക്ക് ഒരു പ്രത്യേക പദവി ഉണ്ടായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ മഹേഷ് ലീവെടുത്താണെങ്കിലും ഞങ്ങളെ ആഹ്ലാദത്തിൽ ആറാടിക്കാൻ ഹിറ്റ് ഗാനങ്ങളുമായി വരുമായിരുന്നു. കണ്ണൂർ ആസാദ് എന്ന പേരിൽ അദ്ദേഹം ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങൾ സംവിധാനം ചെയ്തവതരിപ്പിച്ചത് കേൾക്കുന്നതും ഞങ്ങൾക്ക് അഭിമാനം ആയിരുന്നു.
ഇത്തവണ പഴയകാലത്തിെൻറ ദീപ്തസ്മരണകൾ ഉണർത്തിയ സംഗീതരാവിന് ശേഷം അടുത്തു കണ്ടപ്പോൾ എനിക്ക് മഹേഷ് കുമാറിനോട് ഒരു കൗതുകം ചോദിക്കാൻ ഉണ്ടായിരുന്നു -''എവിടെ നിന്നാണ് സംഗീതസംവിധാനം പഠിച്ചത്?'' സാമ്പ്രദായിക സംഗീതം നന്നായി പഠിച്ചവർക്ക് പോലും എളുപ്പം വഴങ്ങുന്ന ഒന്നല്ല പാട്ടിന് ഈണമിടലും പശ്ചാത്തല ഉപകരണസംഗീതം ഒരുക്കലും എന്ന് കേട്ടിട്ടുണ്ട്. അന്നത്തെ സിനിമാ സംഗീതസംവിധായകർ ഒക്കെ എത്രയോ വർഷങ്ങൾ അനുഭവപരിചയമുള്ള ഒരു ഗുരുവിന് കീഴിൽ പരിശീലനം നേടിയതിനുശേഷമാണ് രംഗത്ത് ശോഭിച്ചത് എന്നറിയാം. അങ്ങനെ ഒരു സൗഭാഗ്യം സ്വാഭാവികമായി ലഭിക്കാനിടയില്ലാത്ത ഒരു പ്രദേശമാണ് കണ്ണൂർ. ഇത് അറിയാവുന്നതിനാലാണ് മഹേഷ് ചെറുപ്രായത്തിൽതന്നെ ഓർക്കസ്ട്ര കൊണ്ടുനടക്കാൻ പ്രാപ്തനായതെങ്ങനെ എന്ന് സംശയം വന്നത്. അതിനുത്തരമായി മഹേഷിന് പറയാനുണ്ടായിരുന്നതാകട്ടെ വിചിത്രമായ ഒരു കഥയും.
അഭയാർഥിയായി വന്ന ഗുരു
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്നതിനാൽ കുട്ടിക്കാലം മുതലേ ക്ലാസിക്കൽ വായ്പ്പാട്ടിൽ പരിശീലനം കിട്ടിയിരുന്നു. കണ്ണൂരിലെ ഒരു മിഷൻ സ്കൂളിലാണ് മഹേഷ് പഠിച്ചത്. പള്ളിപ്പാട്ടിന് തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് പിയാനോയും മറ്റും പരിചയിക്കാൻ ഇടവന്നു. കോഴിക്കോട്ടെ ഒരു ആംഗ്ലോ-ഇന്ത്യൻ സംഗീത അധ്യാപകെൻറ കീഴിൽ വെസ്റ്റേൺ ക്ലാസിക്കൽ തിയറി അഭ്യസിച്ചു. ബിരുദപഠനം കഴിഞ്ഞ് െകാൽക്കത്തയിൽ ജോലി കിട്ടിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം തിരികെ വന്നു.
1977ലാണ് കണ്ണൂരിൽ കുറെ സംഗീതപരിശീലകർ ചേർന്ന് രാഗം ഓർക്കസ്ട്ര രൂപവത്കരിക്കുന്നത്. അതിൽ പാട്ടു പാടാനും ഹാർമോണിയം വായിക്കാനും അവസരം കിട്ടി. ഗാനമേളകളിൽ സിനിമാപ്പാട്ടുകൾക്ക് പശ്ചാത്തലം വായിക്കാൻ പഴയ പിയാനോ പരിശീലനം സഹായകമായി.
അന്ന് ഉത്സവാഘോഷങ്ങൾക്ക് ഗാനമേള അനുപേക്ഷണീയമായതിനാൽ സ്ഥിരം പരിപാടികൾ ഉണ്ടാകും. പക്ഷേ കഠിനമായി പ്രാക്ടീസ് ചെയ്യണം. എന്തെന്നാൽ ഹിറ്റ് പാട്ടുകൾ മനസ്സിൽ നിരന്തരം മൂളുന്ന പ്രേക്ഷകരാണ് മുന്നിലിരിക്കുന്നത്. പശ്ചാത്തലം കൃത്യമായി വായിച്ചില്ലെങ്കിൽ അവർ കല്ലുകടി തിരിച്ചറിയും. സിനിമാ ഗാനങ്ങളുടെ പശ്ചാത്തലം അനുകരിക്കണമെങ്കിൽ വെസ്റ്റേൺ കോർഡ് പദ്ധതിയെപ്പറ്റി ഗ്രാഹ്യവും സ്റ്റാഫ് നൊട്ടേഷൻ സമ്പ്രദായത്തിൽ എഴുതി ഈണം വായിക്കുന്നതിൽ പിടിപാടും വേണം. അത്യാവശ്യകാര്യങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും ഈ തന്ത്രങ്ങളിൽ പരിചയമുള്ള ആരുമില്ല സംശയം തീർത്തുതരാൻ. ബാങ്ക് ജോലി കിട്ടിയതിനാൽ ബാക്കി സമയമേ പരിശീലനത്തിന് മാറ്റിവെക്കാനാവൂ എന്ന അവസ്ഥയായി. പ്രാക്ടിസിന് സമയം കുറവ്.
കൃത്യം നാൽപതു വർഷം മുമ്പത്തെ ഒരു അവധിദിനം. സാധാരണ ഒഴിവുള്ള പകലുകളിൽ ചെയ്യാറുള്ളതുപോലെ തെക്കിബസാറിൽ ഓർക്കസ്ട്രയിലെ പ്രമുഖ ഗിറ്റാറിസ്റ്റ് ഫിലിപ്പ് നടത്തുന്ന സംഗീതോപകരണ ഷോപ്പിൽ ഇരിക്കുന്നു. മറ്റുള്ളവർ ഉണ്ണാൻ പോയ നേരത്താണ് ഒരു പയ്യൻ ഗിറ്റാർ വാങ്ങാൻ വന്നത്.
അയാൾക്ക് ഇഷ്ടപ്പെട്ട ഗിറ്റാറിൽ സ്ട്രിങ്സ് കെട്ടിയ കുറ്റികൾ അയഞ്ഞുപോകുന്നു. അവ മുറുക്കി ട്യൂൺ ചെയ്യാൻ ശ്രമിക്കുമ്പോൾ പുറത്തുനിന്നാരോ ഉച്ചത്തിൽ കലമ്പുന്ന ശബ്ദം. കടയുടെ പടിമേൽ ഒരു വഴിപോക്കൻ ആടിയാടി, വീണു-വീണില്ല എന്ന മട്ടിൽ നിൽക്കുന്നു. മുഷിഞ്ഞ ലുങ്കിയും ബനിയനും വേഷം. നന്നായി മദ്യപിച്ചിട്ടുണ്ടെന്നു വ്യക്തം. അയാൾ അകത്തേക്കു നോക്കി എന്തൊക്കെയോ ഇംഗ്ലീഷിൽ ആക്രോശിക്കുന്നു. ഗിറ്റാർ നൽകാൻ ഉദ്ദേശിച്ച് ''ഗിവ് മീ, ഗിവ് മീ'' എന്നാണ് പറയുന്നത്. കാര്യം പന്തിയല്ലെന്ന് കണ്ട് പൊയ്ക്കോളാൻ ആംഗ്യം കാട്ടി. അയാൾ പോകാൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല വേച്ചുവേച്ച് അകത്ത് വന്ന് ഗിറ്റാർ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നെ അതിെൻറ കുറ്റികൾ ഊരി തറയിലുരച്ചു തിരിച്ചിട്ടു സ്ട്രിങ്സ് മുറുക്കാൻ തുടങ്ങി. മദ്യപാനിയായ അതിക്രമിയെ കൈകാര്യം ചെയ്യാൻ ആളെ വിളിച്ച് കൂട്ടിയാലോ എന്ന് എന്ന് കരുതി പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് അത്ഭുതപ്പെട്ടുപോയത്. അയാൾ ഗിറ്റാർ ശരിയായി ട്യൂൺ ചെയ്തു കോർഡുകൾ മീട്ടി നോക്കുകയാണ്.
തെരുവ് ഗായകർ ഹാർമോണിയം നന്നായി വായിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ വെസ്റ്റേൺ കോർഡ് സിസ്റ്റത്തിൽ നല്ല പരിശീലനം വേണ്ടുന്ന ഗിറ്റാർപോലൊരു ഉപകരണത്തിൽ ഒരു തെരുവുവാസി പ്രയോഗം നടത്തുന്നത് ആദ്യമായി കാണുകയാണ്. അയാളുടെ തുടർന്നുള്ള പ്രകടനം കണ്ടു മഹേഷ് പുളകംകൊണ്ടു. താൻ കഴിഞ്ഞ കുറെ വർഷങ്ങളായി ഓർക്കസ്ട്രക്ക് വേണ്ടി നിരന്തരം ഉപകരണ സംഗീതം കേൾക്കുകയും പ്രാക്ടിസ് ചെയ്യുകയുമാണ്. അന്നോളം തെൻറ പരിചിതവലയത്തിൽ ആരും വായിച്ചുകേട്ടിട്ടില്ലാത്ത മാസ്മരിക ഈണങ്ങൾ ആണ് ആ 'അതിക്രമി' മീട്ടിക്കൊണ്ടിരിക്കുന്നത്.
കുറച്ചു കഴിഞ്ഞു അയാൾ വായന നിർത്തി പയ്യനോടായി ഉച്ചത്തിൽ ഇംഗ്ലീഷിൽ പറഞ്ഞു: ''വകയ്ക്ക് കൊള്ളാത്ത സാധനം... നീയിത് വാങ്ങണ്ട... പോ...'' ആദരവും അമ്പരപ്പും കലർന്ന ശബ്ദത്തിൽ മഹേഷ് ചോദിച്ചു: ''താങ്കൾ ആരാണ്?''
മറുപടിക്ക് പകരം ദാഹിക്കുന്നു എന്ന് ആംഗ്യം. കൂജയിൽനിന്ന് വെള്ളം എടുക്കാൻ തുടങ്ങിയപ്പോൾ വിലക്കി: ''നോ, നോ; ഐ വാണ്ട് ടോഡി...'' തൊണ്ട നനഞ്ഞപ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തി: സണ്ണി കാസ്റ്റലിനോ. ഗോവൻ വംശജൻ. വിവിധ സംഗീതോപകരണങ്ങൾ വായിക്കും. മൂന്നു പതിറ്റാണ്ടുകളായി ബോംബെയിലെ സിനിമാ സംഗീതലോകത്ത് പ്രവർത്തിക്കുന്നു. രാജ് കപൂറിെൻറ ആദ്യകാല ചിത്രങ്ങളിൽ സഹകരിച്ചുകൊണ്ട് തുടങ്ങിയതാണ്. ശങ്കർ ജയ്കിഷന് വേണ്ടി പാശ്ചാത്യ ശൈലിയിലുള്ള സംഗീതമൊരുക്കി പേരെടുത്തു. ലഹരി ഒരു ബലഹീനതയാണ്. എങ്ങോട്ടെങ്കിലും ഇറങ്ങി സഞ്ചരിക്കും. എത്തിയേടത്തുള്ള ഓർക്കസ്ട്രക്കാരെ സമീപിച്ചു ലഹരിക്കുള്ള വക വീണ്ടും കണ്ടെത്തും. ഇപ്പോൾ തിരുവനന്തപുരത്തുനിന്നുള്ള വണ്ടിയിൽ കയറി വരുന്നു. ദാഹം മൂത്തപ്പോൾ ഇറങ്ങി നഗരം ചുറ്റുകയായിരുന്നു. മ്യൂസിക് ഷോപ്പ് അന്വേഷിച്ചു ഇവിടെ വന്നു കയറി.
അത്ഭുതംകൊണ്ട് മരവിച്ച മഹേഷിന് സ്ഥലകാലബോധം വരാൻ സമയമെടുത്തു. ഹിന്ദി സിനിമയിലെ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് സ്വന്തം പ്രതിഭാവിലാസം ചാലിച്ച വലിയ ഒരു സംഗീതപ്രതിഭയാണ് അനാഥരൂപമായി ഷാപ്പിലെ ബെഞ്ചിൽ കിടക്കുന്നത്. താൻ പഠിക്കാനും പരിശീലിക്കാനും ആഗ്രഹിച്ച, സിനിമാഗാനം ഒരുക്കുന്ന തന്ത്രങ്ങൾ മുഴുവൻ പയറ്റി കഴിഞ്ഞയാൾ. അദ്ദേഹത്തിെൻറ മാന്ത്രിക വിരലുകൾ ഗ്രഹിച്ച് മഹേഷ് ചോദിച്ചു: ''എന്നെ പഠിപ്പിക്കുമോ?''
പ്രതികരണം പെട്ടെന്നായിരുന്നു: ''കുപ്പിക്ക് പറ...'' അങ്ങനെ ഓർക്കസ്ട്ര പരിശീലനം നടത്തുന്ന മുറിയിലേക്ക്. ''തുടർന്നുള്ള അഞ്ചു ദിവസങ്ങളാണ് എന്നെ ഞാനാക്കിയത്'' - മഹേഷ് പറഞ്ഞു.
ഭാവഗീതങ്ങൾ (ലിറിക്) സ്വരപ്പെടുത്തി തയാറാക്കുന്നതാണ് 'മെലഡി' എന്ന അടിസ്ഥാന ഈണം. അതിനെ പൊലിപ്പിച്ചെടുക്കുകയാണ് ഉപകരണ സംഗീതവിദഗ്ധെൻറ ജോലി. പാശ്ചാത്യ സംഗീതതത്ത്വങ്ങൾ പ്രകാരം മെലഡിയെ ഹാർമണൈസ് ചെയ്തെടുക്കുമ്പോൾ ആണ് പൂർണമായ ഗാനം ഉരുത്തിരിയുന്നത്. അതിനായി ഉപയോഗിക്കുന്ന കോർഡുകളുടെയും അനുപൂരക ഈണങ്ങളുടെയും പ്രായോഗിക വശങ്ങൾ സണ്ണി കാസ്റ്റലിനോ പഠിപ്പിച്ചുതന്നു. പാട്ടിനുപയോഗ്യമായ മ്യൂസിക് തിയറിയുള്ള പുസ്തകങ്ങളും പറഞ്ഞുതന്നു. അവ പിന്നീട് ബോംബെയിൽനിന്ന് തപാൽ മുഖേന വരുത്തി പഠിച്ചു. ''ഈയൊരു പരിശീലനമാണ് ഗാനമേളക്ക് അനായാസം പശ്ചാത്തലം വായിക്കാനും സംഗീതസംവിധാനത്തിൽ ഒരു കൈ നോക്കാനും ആത്മവിശ്വാസം തന്നത്.'' മഹേഷ് നന്ദിപൂർവം ഓർത്തു.
മുമ്പ് പിയാനോ പഠിച്ചിരുന്നതിനാൽ വേഗത്തിൽ കാര്യങ്ങൾ ഗ്രഹിക്കാൻ പറ്റി. അദ്ദേഹം സിനിമാഗാനങ്ങളിൽ വായിച്ച സ്കോറുകൾ ഉദാഹരിച്ചു പരിശീലിപ്പിച്ചതും മറക്കാനാകാത്ത അനുഭവമാണ് -ആ പാട്ടുകൾ ഒക്കെ റേഡിയോയിൽ കേൾക്കാമെന്നല്ലാതെ പിന്നാമ്പുറത്തെ ഈണ നിർമാണ തന്ത്രങ്ങൾ അറിയാൻ വേറെ നിർവാഹമൊന്നും ഉണ്ടായിരുന്നില്ലല്ലോ. എന്നാൽ പരിശീലനം അധികം നീണ്ടുനിന്നില്ല. ആറാം ദിവസം ഗുരു അപ്രത്യക്ഷമായിരിക്കുന്നു. എങ്ങോട്ട് പോയി എന്ന് ആർക്കുമറിയില്ല. പിന്നീടൊരിക്കലും കാണാനോ കൂടുതൽ വിവരങ്ങൾ അറിയാനോ ഇടവന്നിട്ടുമില്ല.
ഒരു സിനിമാക്കഥപോലെ വിചിത്രമായി തോന്നി മഹേഷിെൻറ അനുഭവം. ഊരുതെണ്ടിയായി വന്നു കയറിയ ഒരാൾ അസാമാന്യപ്രതിഭ ആണെന്ന് തിരിച്ചറിയുക; അയാളെ അടുത്തറിയും മുമ്പ് വന്നപോലെ അപ്രത്യക്ഷനാവുക!
സണ്ണി കാസ്റ്റലിനോ എന്ന വ്യക്തിയെക്കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. ലഹരിയും അകത്താക്കി ഒരു ജിപ്സിയെപ്പോലെ അലഞ്ഞു നടന്നിരുന്ന ആളാണെന്നു വ്യക്തം. അതിലപ്പുറം, സംഗീതപാടവംകൊണ്ട് കോടിക്കണക്കിന് ചലച്ചിത്രഗാന പ്രേമികളെ ആഹ്ലാദത്തിൽ ആറാടിച്ച കലാകാരൻകൂടിയാണല്ലോ അദ്ദേഹം. അങ്ങനെയൊരാൾ ഭ്രമാത്മകമായ ബോളിവുഡിലെ സിനിമാലോകം വിട്ട് അലഞ്ഞത് എന്തിനാണ്? എങ്ങനെയാണ് ഇങ്ങകലെ കണ്ണൂരിൽ എത്തിപ്പെട്ടത്? പിന്നീട് എന്തു സംഭവിച്ചു?
മനസ്സിൽ തോന്നിയ ഈ കൗതുകങ്ങൾക്ക് എന്തെങ്കിലും ഉത്തരം എന്നെങ്കിലും കിട്ടുമോ എന്ന് പ്രതീക്ഷിക്കുക വയ്യ. കാരണം, ഈ സംഭവം നടന്നിട്ട് തന്നെ നാലു പതിറ്റാണ്ടായി. ഒഴിഞ്ഞ കൈകളുമായി ഊരു ചുറ്റുന്ന സ്വഭാവക്കാരനാണ് കഥാപാത്രം എന്ന് മനസ്സിലാക്കാം. ചെല്ലുന്നിടത്തെ അതത് സമയത്തെ പരിചയക്കാർ ഒഴികെ ബന്ധുത്വം ബാക്കിവെക്കാത്ത ഒരാൾ. സ്വന്തമായി സ്ഥാവരവസ്തുക്കൾ ഒന്നും സമ്പാദിച്ചിട്ടില്ലാത്ത ഒരാൾ. അങ്ങനെ ഒരാളെപ്പറ്റി വിവരങ്ങൾ തേടിപ്പിടിക്കുക അസാധ്യംതന്നെ. ചലച്ചിത്രഗാനരംഗത്ത് സംഗീതസംവിധായകർക്കാണ് പ്രസക്തിയും പ്രശസ്തിയും. അവരുടെ പിന്നിൽ പ്രവർത്തിച്ചു പാട്ടുകളെ ഉപകരണസംഗീതത്തിെൻറ ആടയാഭരണങ്ങൾ അണിയിക്കുന്ന മ്യുസിഷ്യൻസിനെ സ്റ്റുഡിയോക്ക് പുറത്ത് ആരും അറിയാറില്ല. സ്ഥിരതയില്ലാത്ത താന്തോന്നിയായി നടക്കുന്നയാൾ ആകുമ്പോൾ പ്രത്യേകിച്ചും.
'വിവരവല' വിരൽത്തുമ്പിലുള്ളപ്പോൾ എന്തെങ്കിലും ഒരു സൂചന കിട്ടാതിരിക്കില്ലെന്നു പ്രതീക്ഷിച്ച് ഇൻറർനെറ്റിൽ പരതി. 'സണ്ണി കാസ്റ്റലിനോ' എന്ന പേര് ഉൾക്കൊള്ളുന്ന ഒരു പുസ്തകം ഉണ്ടെന്ന പിടിവള്ളി കിട്ടി. ഗ്രിഗറി ബൂത്ത് എന്ന സംഗീതതൽപരനായ പ്രഫസർ ഇന്ത്യയിൽ വന്ന് ബോളിവുഡിലെ പഴയ മ്യുസിഷ്യൻസിനെ ഒക്കെ കണ്ടു സംസാരിച്ച് പാട്ടുകളുടെ പിന്നാമ്പുറത്തെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ച 'ബിഹൈൻഡ് ദ കർട്ടൻ' എന്ന പുസ്തകം.
ഓൺലൈനിൽ പുസ്തകം വിദേശത്തുനിന്ന് വരാൻ സമയം എടുത്തെങ്കിലും കൈയിൽ കിട്ടിയപ്പോൾ ആവേശകരമായി. എന്തെന്നാൽ വളരെ പരിമിതമായ ചിത്രങ്ങൾ മാത്രമുള്ള ആ പുസ്തകത്തിൽ സണ്ണി കാസ്റ്റലിനോയുടെ പൂർണകായ ചിത്രം നൽകിയിരിക്കുന്നു. 1951ൽ ഇറങ്ങിയ രാജ് കപൂറിെൻറ പ്രശസ്ത ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം 'ആവാര'യിൽ ശങ്കർ-ജയ്കിഷെൻറ മുഖ്യസംഗീതസംവിധാനസഹായി ആയി പ്രവർത്തിച്ചു എന്നതായിരുന്നു അങ്ങനെ ഒരു പരിഗണന കിട്ടാൻ കാരണം. പക്ഷേ, അതിനപ്പുറം വളരെ കുറച്ച് വ്യക്തിഗത വിവരങ്ങളേ പുസ്തകത്തിൽ നൽകിയിട്ടുള്ളൂ.
ബർമയിൽ കുടിയേറിയ ഗോവൻ കുടുംബത്തിൽ ജനിച്ച് ചെറുപ്പം മുതൽ ഉപകരണ സംഗീതം പഠിച്ച് ഹോട്ടലുകളിലെ നൈറ്റ് ക്ലബുകളിൽ സംഗീതവിഭാഗത്തിൽ ഉപജീവനമാർഗം കണ്ടെത്തിയ ആളാണെന്നതിൽ ഒതുങ്ങുന്നു ആദ്യകാല ജീവിതചരിത്രം. എട്ടു പതിറ്റാണ്ടു പഴക്കമുള്ള കാലത്തെപ്പറ്റിയാണ് പറയുന്നത്. അന്ന് ബ്രിട്ടീഷ് കോളനികളിൽ സായിപ്പന്മാരുടെ വിനോദമാർഗം ഹോട്ടലുകളിലെ നിശാക്ലബുകൾ ആയിരുന്നു. അതിനാൽ സ്ഥിരവും മാന്യമായ വരുമാനം പാശ്ചാത്യ ഉപകരണസംഗീതം പഠിച്ചവർക്ക് ലഭിച്ചിരുന്നു. പിയാനോ, ഗിറ്റാർ, ക്ലാരിനെറ്റ് എന്നിവയിൽ പ്രാവീണ്യം നേടിയ സണ്ണി റംഗൂണിൽനിന്ന് െകാൽക്കത്തയിലെയും കറാച്ചിയിലെയും ഡൽഹിയിലെയും ഹോട്ടലുകൾ വഴി ബോംബെയിൽ വന്നുചേർന്നു.
പിൽക്കാലത്ത് ബോളിവുഡിെൻറ ഇതിഹാസമായി മാറിയ രാജ്കപൂർ സ്വന്തമായി സിനിമകൾ നിർമിച്ചു സംവിധാനം ചെയ്യാൻ ആരംഭിച്ച സമയമായിരുന്നു അത്. പുതുമുഖങ്ങളായ കലാകാരന്മാരെ വെച്ച് സിനിമാസംരംഭം തുടങ്ങാൻ ധൈര്യം കാണിച്ച രാജ് കപൂർ പ്രേക്ഷകരെ രസിപ്പിക്കാൻ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാനും തയാറായിരുന്നു. പുതുമുഖങ്ങളായിരുന്ന ശങ്കറിനെയും ജയ്കിഷനെയും സംഗീതസംവിധാനം ഏൽപ്പിച്ചപ്പോൾ അദ്ദേഹത്തിെൻറ മനസ്സിൽ വിദേശരാജ്യങ്ങളിൽ ലഹരിയായിരുന്ന ജാസ് സംഗീതം ആയിരുന്നു മാതൃക. അതിെൻറ ഓർക്കസ്ട്രേഷൻ തന്ത്രങ്ങൾ അറിയുന്ന വിദഗ്ധരെ അന്വേഷിച്ചിറങ്ങിയ ജയ്കിഷൻ തിരഞ്ഞെടുത്തത് സണ്ണി കാസ്റ്റലിനോയെ ആയിരുന്നു. രാജ് കപൂറിെൻറ 'ബർസാത്ത്' (1949), 'ആവാര' (1951) എന്നീ ചിത്രങ്ങളിൽ സണ്ണിയുടെ സഹായം വഴി ഇന്ത്യ മുഴുക്കെ വീശിയടിച്ച ഹിറ്റ് ഗാനങ്ങൾ സൃഷ്ടിക്കപ്പെട്ടു. മാത്രമല്ല, അത് ഹിന്ദി സിനിമയിൽ പുതിയ പാശ്ചാത്യ ജാസ് ശൈലിയുടെ പ്രവണതക്ക് കൂടി കാരണമായി.
പക്ഷേ, സിനിമയിലെ പ്രശസ്തിയും വരുമാനവും ഒന്നും സണ്ണിയെ ആകർഷിച്ചില്ല. സിനിമാ സ്റ്റുഡിയോയിൽ ജീവിതം തളച്ചിടുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരുന്നു. അന്നന്ന് കിട്ടുന്നതുകൊണ്ട് അന്ന് രാത്രി തന്നെ അർമാദിക്കുന്ന ജീവിതശൈലി. 'ആവാര'യുടെ ജോലി പൂർത്തിയായപ്പോൾ തെൻറ കൂടെയുള്ള സെബാസ്റ്റ്യൻ ഡിസൂസയെ ജയ്കിഷെൻറ സഹായത്തിനു ഏർപ്പാടാക്കി സണ്ണി സ്ഥലം വിട്ടു. എന്നാൽ ജയ്കിഷനെ സംബന്ധിച്ചിടത്തോളം സണ്ണിയെക്കൂടാതെ ഓർക്കസ്ട്ര അപൂർണമായിരുന്നു. അത്രക്ക് അനുപമമായ പ്രകടനമായിരുന്നു അയാളുടേത്. പ്രത്യേകിച്ച് പിയാനോയിൽ. പക്ഷേ, ഇടക്കിടെ കഥാപാത്രം എങ്ങോട്ടേക്കെന്നില്ലാതെ അപ്രത്യക്ഷനാകും. ഓരോ തവണയും ജയ്കിഷൻ നിർബന്ധമായും അയാളെ വിളിച്ചുകൊണ്ടുവരുമായിരുന്നു.
ഗ്രിഗറി ബൂത്ത് പലവട്ടം ഇന്ത്യ സന്ദർശിച്ച്, 2005 വരെ നടത്തിയ സംഭാഷണങ്ങൾ സമാഹരിച്ചാണ് 'ബിഹൈൻഡ് ദ കർട്ടൻ' എന്ന പുസ്തകം എഴുതിയിരിക്കുന്നത്. എന്നിട്ടും സണ്ണി കാസ്റ്റലിനോയുടെ പിൽക്കാല ജീവിതത്തെപ്പറ്റി വിവരങ്ങൾ ഒന്നും ഇല്ല. ഉള്ളതുതന്നെ സണ്ണിയുടെ സഹോദരീഭർത്താവായ പ്രശസ്ത ട്രമ്പറ്റ് വാദകൻ ജോൺ പെരേര പറഞ്ഞതും. സണ്ണി കാസ്റ്റലിനോയെപ്പറ്റി ബന്ധുക്കൾക്ക് തന്നെയും കൂടുതൽ ധാരണ (ജീവിച്ചിരിപ്പുണ്ടോ എന്നതുപോലും) ഇല്ലായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.
സണ്ണി കാസ്റ്റലിനോ ഇങ്ങു കേരളത്തിൽ എത്തിയത് എങ്ങനെ എന്നതിനുള്ള സൂചന, ഒരുപക്ഷേ അന്ന് കണ്ണൂരിൽവെച്ച് അദ്ദേഹം പരിചയപ്പെട്ട മറ്റാർക്കെങ്കിലും നൽകാൻ കഴിയുമോ എന്നായി ചിന്ത. അന്ന് രാഗം ഓർക്കസ്ട്രയിൽ ഉണ്ടായിരുന്ന ഗിറ്റാറിസ്റ്റ് ഫിലിപ്പ് ഫെർണാണ്ടസിനെ തപ്പിപ്പിടിച്ചു. അദ്ദേഹമിപ്പോൾ ഗായിക സയനോരയുടെ പിതാവ് എന്ന നിലയിലാണ് കൂടുതൽ അറിയപ്പെടുന്നത്! ഫിലിപ്പേട്ടന് സണ്ണിയുടെ വരവ് ഇപ്പോഴും കൃത്യമായി ഓർമയുണ്ട്:
''അദ്ദേഹം വന്ന ദിവസങ്ങളിൽ എെൻറ വീട്ടിലാണ് താമസിച്ചത്. ബോളിവുഡ് സിനിമയിലെ നല്ലൊരു ഗിറ്റാറിസ്റ്റ് കൂടി ആയ കാസ്റ്റലിനോ ഒരു എളിയ കലാകാരനായ എെൻറ വായന കേൾക്കാൻ ക്ഷമ കാട്ടി. നല്ല വാക്കുകൾ പറഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.''
മദ്യപാനം തൊട്ടുള്ള ദുശ്ശീലങ്ങൾക്ക് എല്ലാം അടിമയാണെന്ന് അറിഞ്ഞിട്ടുപോലും സണ്ണിയോട് 'രാഗ'ത്തിലെ മ്യുസിഷ്യൻസ് എല്ലാം ബഹുമാനത്തോടെയാണ് പെരുമാറിയത്.
''എന്തെന്നാൽ സണ്ണി കാസ്റ്റലിനോ എന്ന കലാകാരനെപ്പറ്റി ഞാൻ മുേമ്പ കേട്ടിരുന്നു. കണ്ണൂര് ബർണശ്ശേരി പള്ളിയിൽ ഞങ്ങളെ പാട്ടിന് വായിപ്പിച്ചിരുന്ന ഫാദർ പന്നിക്കോട് പറഞ്ഞ പഴയ അനുഭവങ്ങളിൽ ഒരു കഥാപാത്രമായിരുന്നു സണ്ണി. ഫാദർ കോഴിക്കോട് സെൻറ് ജോസഫ് പള്ളിയിൽ ആയിരുന്നപ്പോൾ അവിടെ പിയാനോ വായിച്ചിരുന്ന ഗോവക്കാരനായ പ്രഗല്ഭ മ്യുസിഷ്യൻ.'' അതിൽ കൂടുതൽ വിവരങ്ങൾ ഫിലിപ്പേട്ടെൻറ കൈയിലില്ല. അയാളെപ്പറ്റി പന്നിക്കോടച്ചൻ കൂടുതലൊന്നും പറഞ്ഞു കേട്ടില്ല. സണ്ണി ഇവിടെ പ്രത്യക്ഷപ്പെട്ടപ്പോൾ അച്ചനുമായി അയാൾക്കുള്ള പരിചയത്തെപ്പറ്റിയോ അതിനു മുമ്പും പിമ്പും നടത്തിയ ജീവിതയാത്രകളെപ്പറ്റിയോ ചോദിച്ചറിയാനുള്ള സ്വബോധത്തിൽ ആയിരുന്നുമില്ല.
എന്തായാലും നല്ലൊരു തുമ്പാണ് ഫിലിപ്പേട്ടനിൽനിന്ന് കിട്ടിയത്. അതിെൻറ മറ്റേയറ്റം കിടക്കുന്നത് കോഴിക്കോട്. പന്നിക്കോടച്ചൻ മുേമ്പ അന്തരിച്ചു. 1973-74 കാലത്ത് ആയിരുന്നിരിക്കണം സണ്ണി കാസ്റ്റലിനോ കോഴിക്കോട് ഉണ്ടായിരുന്നത്.
നാലര പതിറ്റാണ്ടിലേറെ പഴക്കമുള്ള ആ ചരിത്രം പരിചയമുള്ള ആരെങ്കിലും കാണുമോ എന്തോ. കിട്ടിയ തുമ്പിന് പിന്നാലെ കോഴിക്കോട്ടെ പ്രായംചെന്ന സംഗീതകലാകാരന്മാരെ തേടി ഇറങ്ങി. അങ്ങനെയാണ് സി. എം. വാടിയിൽ എന്ന വയോധികെൻറ സംഗീതസത്രത്തിലെത്തുന്നത്.
കോഴിക്കോടിെൻറ സ്വന്തം വയലിനിസ്റ്റ് ആണ് 'സിഎംക്ക' എന്ന് പരിചയക്കാർ സംബോധന ചെയ്യുന്ന സി.എം. വാടിയിൽ. നാടകങ്ങളുടെ പുഷ്കലകാലത്ത് കോഴിക്കോട് പരിസരത്ത് അദ്ദേഹം വായിക്കാത്ത സ്റ്റേജുകൾ ഇല്ല എന്നൊരു സ്ഥിതി ഉണ്ടായിരുന്നു. പിന്നെ സദിരുകളും കല്യാണകച്ചേരികളും ഗാനമേളകളും. വയസ്സ് എൺപതു കഴിഞ്ഞിട്ടും സിഎംക്ക പാട്ടിെൻറ കൂട്ടായ്മകളും മ്യൂസിക് ക്ലാസും മറ്റുമായി കർമനിരതനായി കഴിയുന്നു.
കോഴിക്കോട് നഗരത്തിന് സവിശേഷമായ സംഗീതപാരമ്പര്യം ഉണ്ട്. അവിടത്തെ അങ്ങാടികളിൽ ആദ്യകാലത്ത് ഇരുനിലക്കെട്ടിടങ്ങളുടെ നിരകളായിരുന്നു. താഴത്തെ പീടികയിൽ പകൽ കച്ചവടം. അന്തിമയങ്ങിയാൽ, അത് പൂട്ടുമ്പോൾ മാളിക എന്ന് വിളിക്കപ്പെടുന്ന മുകൾനിലയിൽ കലയുടെ കൂട്ടായ്മകൾ ചേക്കേറും. പീടികമാളികകളിലെ സംഗീത സദിരുകൾ കോഴിക്കോടിെൻറ ആത്മാവ് ആയിരുന്നു. സംഗീതസംവിധായകൻ ബാബുരാജ് നഗരത്തിൽ ഉണ്ടാകുമ്പോഴൊക്കെ വി.ഐ.പി ആയി സൽക്കാരത്തിൽ പങ്കുകൊണ്ട് പാടാൻ വരും. കൂടാതെ നാടകത്തിനും മറ്റും ആയി പ്രവർത്തിക്കുന്ന ഗായകരും ഉപകരണസംഗീതക്കാരും ഒക്കെ പലയിടത്തായി ഒത്തുകൂടും. ആ കാലത്തിെൻറ ഓർമക്ക് ബാബുക്കയുടെ അടുത്ത ബന്ധുകൂടിയായ സി.എം. വാടിയിൽ തനിക്ക് സ്വത്തായി കിട്ടിയ ബീച്ച് റോഡിലുള്ള പീടികമാളികയും അതിൽ ഒരൽപം സംഗീതവും എപ്പോഴും പരിരക്ഷിക്കുന്നു.
ഫയർ സ്റ്റേഷെൻറ എതിരായി പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിെൻറ വശത്തെ ചെറിയ ഗോവണി കയറിച്ചെല്ലുന്നത് സംഗീതത്തിെൻറ പഴമ മണക്കുന്ന കുടുസ്സു മുറികളിലേക്കാണ്. നിറയെ സംഗീതോപകരണങ്ങൾ, പഴയ സിനിമാ കലാകാരന്മാരുടെ ചിത്രങ്ങൾ.
പാട്ടിെൻറ ആരാധകനാണെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ സിഎംക്ക ആദ്യം അടുത്തു വന്ന് ആലിംഗനം ചെയ്തു. പിന്നെ തോളിൽ കൈയിട്ട് പുറത്തേക്ക്: ''ബാ ചങ്ങായി, ചായ കുടിച്ചിട്ട് സംസാരിക്കാം.'' റോഡിലുള്ള ഹോട്ടലിൽനിന്ന് കോഴിക്കോടൻ പലഹാരങ്ങളായ ചട്ടിപ്പത്തിരിയും ഉന്നക്കായും സൽക്കരിച്ചു. പന്നിക്കോടച്ചനെയും സണ്ണി കാസ്റ്റലിനോയെയും അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ തപ്പിപ്പിടിക്കലാണ് ലക്ഷ്യം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കുറെ നേരം ആലോചനയിലാണ്ടു. പിന്നെ നാടകീയമായി പറഞ്ഞു:
''ഒരുകാലത്തെ എെൻറ അടുത്ത സുഹൃത്തിനെ ആണ് താങ്കൾ ഓർമിപ്പിച്ചത്.''
അമ്പരന്നുപോയി. ഞാൻ എന്ത് വിവരം തേടിയാണോ വന്നത്, അതിതാ ആൾരൂപത്തിൽ മുന്നിലിരിക്കുന്നു! സണ്ണി കാസ്റ്റലിനോ എന്ന പഥികനെ ഒരു സുഹൃത്തായി സ്നേഹിച്ച, കുടുംബാംഗത്തെപോലെ പരിപാലിച്ച ആളായിരുന്നു സിഎംക്ക. അദ്ദേഹം ആ ചരിത്രത്തിെൻറ കെട്ടഴിച്ചു.
1973ലെ അവസാന മാസങ്ങളിലെപ്പോഴോ ആണ് സംഭവം. കലാകാരനെന്ന നിലയിൽ ഏറെ തിരക്കിട്ട ജീവിതം നയിച്ചിരുന്ന ഘട്ടം. നിരന്തരം നാടകങ്ങൾക്കും ഗാനമേളകൾക്കും വയലിൻ വായന. ഒരുപ്രാവശ്യം ദേവരാജൻ മാസ്റ്ററുടെ ട്രൂപ്പിൽ അത്യാവശ്യമായി ആളെ വേണമെന്ന് പറഞ്ഞപ്പോൾ മദ്രാസിൽ ചെന്ന് സിനിമാ റെക്കോഡിങ്ങുകൾക്കു വായിച്ചു. പിന്നെ ചില ഗാനമേള പര്യടനങ്ങളും. പക്ഷേ അവിടെ സ്ഥിരതാമസം ബുദ്ധിമുട്ടായതിനാൽ സിനിമ വിട്ട് തിരിച്ചുപോന്നു. നാട്ടിൽ തന്നെ തിരക്കൊഴിയുന്നില്ല. നഗരത്തിലെ പ്രശസ്തരായ ഹട്ടൻസ് ഓർക്കസ്ട്രയിലും ബാബുക്കയുടെ ഗാനമേള ട്രൂപ്പിലും നാടകങ്ങളിലും കല്യാണക്കച്ചേരികളിലും ഒക്കെ വായിക്കണം.
ഇടക്ക് സെൻറ് ജോസഫ് ചർച്ചിൽനിന്നും ഫാദർ പന്നിക്കോടിെൻറ വിളി വരും. സംഗീതതൽപരൻ ആയതിനാൽ പള്ളിപ്പാട്ടുകളെഴുതി ഈണമിടുന്ന പതിവുണ്ട്. പള്ളിയിൽ പ്രോഗ്രാമിന് സിഎംക്കയുടെ വയലിൻ നിർബന്ധം. അച്ചന് സംഗീതത്തിനു മുന്നിൽ ജാതി-മത പരിഗണനകളില്ല.
ക്രിസ്മസിന് മുന്നോടിയായുള്ള പ്രാക്ടീസിന് പള്ളിയിൽ ചെന്നതാണ്. അച്ചെൻറ കൂടെ ഒരു ബോംബെക്കാരൻ ഭായി നിൽക്കുന്നു. അമ്പതു വയസ്സിൽ കൂടുതൽ കാണും. ഹിന്ദി സിനിമയിൽ പിയാനിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തി: സണ്ണി കാസ്റ്റലിനോ. അച്ചൻ ഗോവയിലേക്ക് പോയ സമയം അവിടത്തെ പള്ളിയിൽ കണ്ടു പരിചയപ്പെട്ടതാണ്. ഒപ്പം വരാൻ താൽപര്യം കാട്ടി. കൂടും കുടുക്കയും ഒന്നുമില്ലാതെ പുറപ്പെട്ടു പോരുകയും ചെയ്തു. ഭായി എല്ലാവരോടും നന്നായി പെരുമാറി സൗഹൃദം സ്ഥാപിച്ചു. മാറാൻ വസ്ത്രം ഇല്ലെന്ന് കണ്ടു സിഎംക്ക ലുങ്കിയും ബനിയനും വാങ്ങിച്ചുകൊടുത്തു.
പിറ്റേന്ന് പള്ളിയിലേക്ക് പിയാനോ വരുത്തിച്ചു. സണ്ണി അത് ട്യൂൺ ചെയ്തു വിരലോടിച്ചു. എല്ലാവരും കോരിത്തരിച്ചുപോയി. അത്തരം ഒരു ഈണം ആരും അന്നുവരെ കേട്ടിരുന്നില്ല. തെൻറ സെലക്ഷൻ നന്നായതിൽ അച്ചന് ചാരിതാർഥ്യം. പ്രാക്ടീസിൽ പങ്കെടുത്ത് ക്രിസ്മസ് പരിപാടികൾക്ക് വായിക്കാൻ ഉണ്ടാകണമെന്ന് അച്ചൻ പറഞ്ഞപ്പോൾ ഒരു ജോലി സംഘടിപ്പിച്ചു തരാമെങ്കിൽ ഇവിടെതന്നെ കൂടിക്കോളാം എന്ന് സണ്ണി സമ്മതിച്ചു.
സണ്ണി നന്നായി ഇംഗ്ലീഷ് പറയുകയും വെടിപ്പായി എഴുതുകയും ചെയ്യും. ടൈപ്പിങ്ങും അറിയാം. തൊട്ടുള്ള കോമ്പൗണ്ടിലെ കോൺവെൻറിൽനിന്നും മദറിനെ വിളിച്ചുവരുത്തി പന്നിക്കോടച്ചൻ. കോൺവെൻറിൽ ജോലിക്ക് അയാൾ നിൽക്കട്ടെ എന്ന് തീരുമാനമായി. ഔട്ട് ഹൗസിൽ താമസത്തിന് ഏർപ്പാടാക്കി. ഒറ്റ ദിവസംകൊണ്ടുതന്നെ സണ്ണി കോൺവെൻറിലെ സിസ്റ്റർമാരുടെ സുഹൃത്തും മദറിെൻറ കണ്ണിലുണ്ണിയും ആയി എന്നു പറഞ്ഞാൽ മതി. പിറ്റേന്ന് രാത്രി അയാൾ പുറത്ത് പോകുന്നത് കണ്ടെങ്കിലും മടങ്ങിവന്നില്ല. നേരം പുലർന്നപ്പോൾ കോൺവെൻറിൽ പരിഭ്രാന്തി പരന്നു. പക്ഷേ ഏറെയൊന്നും തേടി നടക്കേണ്ടി വന്നില്ല. തൊട്ടപ്പുറത്തുള്ള ഓടയിൽ അതാ കഥാപാത്രം ലഹരി മാറാതെ ശയിക്കുന്നു. പന്നിക്കോടച്ചൻ ഉപദേശിക്കുകയും ലഹരി വിമോചന ചികിത്സ ഏർപ്പാടാക്കുകയും ചെയ്തു. അതൊന്നും പക്ഷേ ഫലം കണ്ടില്ല. പകൽസമയം ഇങ്ങനെ ഒരു നല്ല മനുഷ്യനില്ലെന്ന് തോന്നും. അന്തി മയങ്ങിയാൽ ദാഹം മൂക്കുമ്പോൾ എങ്ങനെയെങ്കിലും ചാടിപ്പോയി കാര്യം നിർവഹിച്ചിട്ടു വരും. മൂന്നു നാലു മാസങ്ങൾ കഴിഞ്ഞപ്പോൾ ആൾ അപ്രത്യക്ഷനായി.
''പിയാനോയിൽ അദ്ദേഹം ഇടതും വലതും കൈകൾകൊണ്ട് വ്യത്യസ്ത മെലഡികൾ രണ്ടു താളങ്ങളിൽ വായിച്ചു കണ്ടിട്ടുണ്ട്. ഒരു സാധാരണ മ്യുസിഷ്യനെ സംബന്ധിച്ചിടത്തോളം അസാധ്യമാണത്'' -സിഎംക്ക ഓർക്കുന്നു.
ആ വർഷം മാഹി പെരുന്നാളിന് പോയത് എങ്ങനെ മറക്കും! മാഹി പള്ളിയിലെ ഗാനമേളയും പരിപാടികളും നടത്താനുള്ള ചുമതല പന്നിക്കോടച്ചനാണ്. സണ്ണി ആയിരുന്നു ഓർക്കസ്ട്രയുടെ കേന്ദ്രസ്ഥാനത്ത് എന്നു പ്രത്യേകിച്ച് പറയേണ്ട. പക്ഷേ, ഭാരം കാരണം പിയാനോ ഒഴിവാക്കി. ധാരാളം വൈൻ പാർലർ ഉള്ള ഒരു സ്ഥലമാണ് മാഹി. സണ്ണിക്കതു ശാദ്വലഭൂമിയായി. പുള്ളി രഹസ്യമായി ഒന്നു മിനുങ്ങി. പരിപാടിക്കായി പള്ളിയുടെ തട്ടിൻപുറത്ത് ഒരു പിയാനോ ഉണ്ടെന്നറിഞ്ഞു. അതിെൻറ കട്ടകളിൽ വിരലോടിച്ച സണ്ണി ക്രുദ്ധനായി. ''ഔട്ട് ഓഫ് ട്യൂൺ'' എന്ന് പറഞ്ഞു അതിന്മേൽ ഒരു ചവിട്ടു കൊടുത്തു. ഒരു വിധത്തിൽ സമാധാനിപ്പിച്ചു. അപ്പോഴാണ് അവിടെനിന്നൊരു ക്ലാരിനെറ്റ് കിട്ടിയത്. ഒരു പിയാനിസ്റ്റിന് ഊതിവായിക്കുന്ന വിൻഡ് ടൈപ്പ് ഉപകരണങ്ങളിൽ പരിചയം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. പക്ഷേ സണ്ണി അതിമധുരമായി ക്ലാരിനെറ്റ് വായിച്ചു എല്ലാവരെയും അതിശയിപ്പിച്ചു. ആ വർഷത്തെ പെരുന്നാൾ അവിസ്മരണീയമായി.
''അദ്ദേഹം പതിവായി എെൻറ വീട്ടിൽ വരുമായിരുന്നു'', സിഎംക്ക ഓർക്കുന്നു. ''ലുങ്കിയുടുക്കുമ്പോൾ എങ്ങനെ മുറുക്കി ഉടുക്കാം എന്നതായിരുന്നു മിക്ക വരവിലും പ്രധാന അജണ്ട. മദ്യപാനം എനിക്ക് ഇഷ്ടമല്ല എന്ന് അറിയാവുന്നത്കൊണ്ട് ലഹരിയുള്ള സമയത്തൊന്നും അടുത്ത് വരാറില്ല. ഹിന്ദി സിനിമാഭ്രമം മൂത്ത് മകൾക്ക് ഞാൻ 'സൈരാബാനു' എന്നാണ് പേരിട്ടത്. നടി സൈരാബാനുവിനെ ഒക്കെ നേരിട്ട് കാണുന്നത് കൊണ്ടാവണം ആ പേരുകാരിയെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. കുട്ടികൾ അദ്ദേഹത്തെ മാമൻ എന്ന് വിളിക്കും.''
ഹിന്ദി സിനിമയിൽ പ്രവർത്തിച്ചതിെൻറ അനുഭവങ്ങൾ അദ്ദേഹം പറയുമായിരുന്നു. രാജ് കപൂറുമായുള്ള പരിചയവും ജയ്കിഷനുമായുള്ള സൗഹൃദവും, ആവാരാ സിനിമയിൽ അസിസ്റ്റൻറ് മ്യൂസിക് ഡയറക്ടർ ആയി പ്രവർത്തിച്ചതും ഒക്കെ.
മുഴുവനായി അതൊന്നും വിശ്വസിച്ചിരുന്നില്ല എന്നുള്ളതാണ് നേര്. സിനിമയിലെ ആ സെലിബ്രിറ്റി സ്രാവുകൾ ഇങ്ങനെയൊരു സ്ഥിരത ഇല്ലാത്ത ഒരാളെ അടുപ്പിക്കുകയില്ല എന്നുതന്നെ കരുതി.
അദ്ദേഹം സ്ഥലംവിട്ട ശേഷമാണ് കോഴിക്കോട് ടെലിവിഷൻ പ്രക്ഷേപണം ലഭ്യമായിത്തുടങ്ങിയത്. ഡൽഹി ദൂരദർശനിൽ പഴയ ഹിന്ദി സിനിമകൾ വരുമ്പോൾ വിടാതെ കാണും. അങ്ങനെയിരിക്കെ ഒരു ദിവസം രാജ്കപൂറിെൻറ 'ആവാര' വന്നു.
അതിൽ സംഗീതസംവിധായകരുടെ പേര് എഴുതിക്കാട്ടിയതിന് തൊട്ടു മുമ്പുള്ള ക്രെഡിറ്റിൽ അതാ കാണുന്നു 'അസിസ്റ്റൻറ് മ്യൂസിക് ഡയറക്ടർ - സണ്ണി കാസ്റ്റലിനോ.'
സന്തോഷവും കുറ്റബോധവും ഒരുമിച്ച് വന്നു. ഭാര്യയെ വിളിച്ച് കാര്യം പറയുമ്പോൾ തൊണ്ട ഇടറിപ്പോയി: ''എടോ, നമ്മുടെ ഭായിയെ ഞാൻ വെറുതെ അവിശ്വസിച്ചു.''
പോയി ഒരു വർഷം കഴിഞ്ഞപ്പോൾ സണ്ണിയുടെ ഒരു എഴുത്തുകിട്ടി, ''ഞാനിപ്പോൾ ബോംബെയിൽ കല്യാൺജി-ആനന്ദ്ജിയുടെ ട്രൂപ്പിലാണ്. എപ്പോഴും റെക്കോഡിങ് തിരക്കുകൾ...'' അത് വിശ്വസിക്കാതെ തരമില്ല; എന്തെന്നാൽ കല്യാൺജി-ആനന്ദ്ജിയുടെ ലോഗോ അച്ചടിച്ച പാട്ടിെൻറ നൊട്ടേഷൻ രേഖപ്പെടുത്തുന്ന പുസ്തകത്തിൽനിന്നും നിർദയം കീറിയെടുത്ത ഷീറ്റിലാണ് എഴുത്ത്.
അൽപകാലം എഴുത്തുകുത്തുകൾ തുടർന്നു എന്നാണ് ഓർമ. സൗഹൃദം മാത്രമല്ല, ഒരു മ്യുസിഷ്യൻ എന്ന നിലയിൽ അദ്ദേഹമെന്നോട് തികഞ്ഞ ബഹുമാനവും കാട്ടിയിരുന്നു.
''...മിസ്റ്റർ വാടിയിൽ, താങ്കൾ ബോംബെയ്ക്ക് വരണം. ഇവിടെ നിങ്ങളുടെ ആവശ്യം ഉണ്ട്'' എന്നുള്ള അദ്ദേഹത്തിെൻറ ക്ഷണം സിഎംക്കയെ വികാരാധീനനാക്കി. യാത്ര ചെയ്യാനും ബോംബെയിൽ താമസിക്കാനും ഉള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം അവസരം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ''എന്നാലും ഇപ്പോൾ ഓർക്കുമ്പോൾ അദ്ദേഹവുമായുള്ള സൗഹൃദംതന്നെയും ഏറെ സന്തോഷകരമായി അനുഭവപ്പെടുന്നു.''
ഈ എഴുത്തുകുത്തുകൾക്ക് ശേഷം നാലാം വർഷമാണ് സണ്ണി കണ്ണൂര് പ്രത്യക്ഷപ്പെടുന്നത്. ബോംബെയിൽ ആയിരുന്ന അദ്ദേഹം വീണ്ടും കേരളത്തിൽ എത്താനിടയായ ദേശാടനപാത കണ്ടെത്തുക ഇനി അസാധ്യംതന്നെ.
ചുമലിൽ കേവലമൊരു ഭാണ്ഡത്തിെൻറ ഭാരംപോലുമില്ലാതെ വെറുംകൈയുമായി സഞ്ചരിച്ച്, ചെന്നെത്തിയേടത്ത് കഷ്ടിച്ച് ദിവസങ്ങൾ മാത്രം തലചായ്ച്ച്, തേൻറതായ ഒന്നും അവശേഷിപ്പിക്കാതെ മറഞ്ഞുകളയുന്ന ഒരു സഞ്ചാരി. അങ്ങനെ ഒരാളെപ്പറ്റി നാലു പതിറ്റാണ്ടിനു ശേഷമാണ് അന്വേഷിക്കുന്നത്. അക്കാലത്ത് അദ്ദേഹത്തെ കണ്ടുമുട്ടിയവർപോലും ഇപ്പോൾ ഓർമവെക്കാൻ ഒരു കാരണവും കാണുന്നില്ല.
എന്നാൽ സണ്ണി കാസ്റ്റലിനോയുടെ ജീവിതകഥക്ക് എെൻറ മുന്നിൽ സ്വയം അനാവരണം ചെയ്യപ്പെട്ടേ പറ്റൂ എന്ന് തോന്നിക്കുംവിധമായിരുന്നു കാര്യങ്ങളുടെ പോക്ക്. കൃത്യം ആ കാലത്താണ് മദ്രാസിലെ സിനിമാ സ്റ്റുഡിയോകളിൽ പ്രവർത്തിച്ചിരുന്ന പ്രശസ്ത വയലിനിസ്റ്റ് പി.എസ്. രാമചന്ദ്രനുമായി പരിചയപ്പെട്ട് സൗഹൃദത്തിലാവുന്നത്. അദ്ദേഹത്തെ തപ്പിപ്പിടിക്കുന്നത് പൂർവവിദ്യാർഥി കൂട്ടായ്മയിൽനിന്ന് കിട്ടിയ വിവരങ്ങൾെവച്ചാണ്. അദ്ദേഹം കണ്ണൂര് ഞങ്ങളുടെ കുറച്ചു വർഷം സീനിയർ ആയി പഠിച്ചതാണ്. ഡോക്ടറായ അച്ഛെൻറ ട്രാൻസ്ഫർ പ്രകാരം ഇവിടെ എത്തിപ്പെട്ടതായിരുന്നു. അന്നേ വയലിൻ വായനയിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. കാഴ്ചയെ ബാധിച്ച ഒരു മസ്തിഷ്കാഘാതത്തെത്തുടർന്ന് ചെന്നൈയിലെ തിരക്കിട്ട സംഗീതജീവിതത്തിൽനിന്നും ഇടവേളയെടുത്ത് പത്തിരിപ്പാലയിലെ വീട്ടിൽ വിശ്രമിക്കുന്ന രാമചന്ദ്രനെ ചെന്ന് കണ്ടു.
പഴയ സംഗീതസ്മരണകൾ പങ്കുവെക്കവെയാണ് തികച്ചും ആകസ്മികമായി 'സണ്ണി കാസ്റ്റലിനോ' എന്ന പേര് വന്നു വീണത്. താൻ ആദ്യം കണ്ട സിനിമാ മ്യുസിഷ്യൻ എന്ന നിലയിലാണ് ആ പേര് അദ്ദേഹം ഓർത്തുവെക്കുന്നത്. കാരണം സണ്ണി കണ്ണൂര് തങ്ങിയ സമയം നേരിട്ട് കാണാൻ അവസരം വന്നു. കോളജ് പഠനം കഴിഞ്ഞു വയലിൻ ആർട്ടിസ്റ്റ് ആയി പേരെടുക്കണമെന്ന മോഹവും െവച്ച് നടന്ന സമയം. മഹേഷിെൻറ കൂടെ രാഗം ഓർക്കസ്ട്രയിൽ വയലിൻ വായിക്കുന്നത് പതിവാക്കി. ആയിടക്കാണ് സണ്ണി കാസ്റ്റലിനോ നഗരത്തിൽ അവതരിക്കുന്നത്. മഹേഷും ഫിലിപ്പും ചേർന്ന് ആദരിക്കുകയും 'സൽക്കരിക്കുക'യും ചെയ്തതിെൻറ സന്തോഷത്തിൽ 'രാഗ'ത്തിലെ ഓർക്കസ്ട്ര വായിക്കുന്നവർക്ക് വേണ്ടി ട്രെയിനിങ് നൽകാമെന്ന് സണ്ണി സമ്മതിച്ചു. വിവരം കിട്ടിയതനുസരിച്ച് പിറ്റേന്ന് കാലത്ത് ചെല്ലുമ്പോൾ കുപ്പിയും ഗ്ലാസും ഒക്കെയായി ഉസ്താദ് ഇരിക്കുകയാണ്.
''പഠിക്കാൻ വന്നതാ അല്ലേ'' എന്ന് ചോദിച്ചിട്ടദ്ദേഹം ഗ്ലാസിൽ 'പാനീയം' നിറച്ചു. ''ഇന്നാ പിടിപ്പിക്ക്. ഇതാണ് നിെൻറ ആദ്യ പാഠം.''
കർണാട്ടിക് ക്ലാസിക്കൽ വയലിൻ പഠിച്ച തന്നെ വയലിനിലെ വെസ്റ്റേൺ ശൈലി പരിചയപ്പെടുത്തിയത് സണ്ണിയാണെന്ന് രാമചന്ദ്രൻ ഓർക്കുന്നു. വെസ്റ്റേൺ വയലിനിൽ കമ്പികൾ ട്യൂൺ ചെയ്യുന്നതും സ്വരസ്ഥാനങ്ങളും വ്യത്യസ്തമാണ്. അത് ശീലിച്ചാലേ സിനിമയിൽ വായിക്കാൻ പറ്റൂ. അവിടെ വെസ്റ്റേൺ നൊട്ടേഷൻ പ്രകാരം ട്യൂൺ എഴുതിയത് നോക്കിയാണ് വായിക്കേണ്ടത്. ''സണ്ണിയുടെ ശിഷ്യത്വം രണ്ടു ദിവസമേ നീണ്ടുനിന്നുള്ളൂവെങ്കിലും പിന്നീട് സിനിമാ ഫീൽഡിൽ പ്രവേശിക്കാൻ എനിക്കത് വളരെ സഹായകമായി.''
ഈ സംഭവം നടന്നുകഴിഞ്ഞ് പിേറ്റത്തെ വർഷം രാമചന്ദ്രൻ മദ്രാസിലേക്ക് വണ്ടി കയറി. സിനിമയിൽ ഒരിടം കണ്ടെത്തി. അന്ന് ഏറ്റവും തിരക്കുള്ള ഇളയരാജയുടെയും ജോൺസെൻറയും ഒക്കെ ഓർക്കസ്ട്രയിൽ വായിക്കാൻ തുടങ്ങി. പിന്നീട് എ.ആർ. റഹ്മാെൻറ പ്രിയപ്പെട്ട വയലിനിസ്റ്റായി. മദ്രാസിലെ സംഗീത വൃത്തത്തിൽ പരിചയിച്ചപ്പോഴാണ് ഹിന്ദി സിനിമയിൽ പിയാനിസ്റ്റ് ആയിരുന്ന ഒരു ഗോവൻ സംഗീതവിദഗ്ധൻ കുറച്ച് കാലം മുമ്പ് അവിടെ ഉണ്ടായിരുന്നെന്ന് ആരോ സൂചിപ്പിച്ചത്. അത് മറ്റാരുമാവാൻ തരമില്ലല്ലോ!
ബോംബെയിലെ കല്യാൺജി-ആനന്ദ്ജിയുടെ താവളത്തിൽനിന്ന് മുങ്ങിയ സണ്ണി കാസ്റ്റലിനോ പിന്നെ പൊങ്ങുന്നത് മൈലാപൂരിലെ സായി ലോഡ്ജിലാണ്. അവിടെയാണ് മദ്രാസിലെ ഉപകരണസംഗീതരംഗത്തെ ഭീഷ്മാചാര്യൻ എന്നറിയപ്പെടുന്ന ധൻരാജ് മാസ്റ്റർ താമസിക്കുന്നത്. ആദ്യകാല തമിഴ് ബ്ലോക്ക് ബസ്റ്ററുകളിൽ പാശ്ചാത്യ ഓർക്കസ്ട്ര സംഗീതം സംവിധാനം ചെയ്തിരുന്ന അദ്ദേഹം പിന്നീട് യുവ ഉപകരണസംഗീത വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ജോലി ഏറ്റെടുത്തു. ധൻരാജ് മാസ്റ്റർ ഒറ്റത്തടിയായി താമസിച്ചിരുന്ന സായി ലോഡ്ജിെൻറ മുകൾ നില ഒരു സംഗീതസത്രമാണ്. നിരന്തരം ശിഷ്യന്മാർ കയറിവരും. പിയാനോയിലും വയലിനിലും സ്വയം പരിശീലനത്തിൽ മുഴുകും. തെറ്റുമ്പോൾ സിപ്പും നുണഞ്ഞു ചാരുകസേരയിൽ ഇരിക്കുന്ന മാസ്റ്റർ തിരുത്തിക്കൊടുക്കും. ദക്ഷിണേന്ത്യൻ സിനിമാഗാനങ്ങളിൽ ഓർക്കസ്ട്ര ഒരുക്കി പ്രശസ്തരായ എല്ലാവരും (ആർ.കെ. ശേഖറും ശ്യാമും ഇളയരാജയും ഒക്കെ) ആ കളരിയിൽ പഠിച്ചവരാണ്.
1976 കാലത്താവണം സണ്ണി കാസ്റ്റലിനോ അവിടെ എത്തിയത്. സാധാരണ തമിഴ് ഹിന്ദി പ്രൊഡ്യൂസർമാർ ഹിന്ദി റീമേക്ക് എടുക്കുമ്പോൾ റെക്കോഡിങ്ങിന് ബോംബെയിലെ സംഗീതജ്ഞരെ കൊണ്ടുവരാറുണ്ട്. അങ്ങനെ അവിടെയെത്തിയതായിരിക്കാനാണ് സാധ്യത. ധൻരാജ് മാസ്റ്ററുടെ മടയിൽ പിയാനോ പരിശീലകനായി പറ്റിക്കൂടി. മദ്യപാനം എന്ന ദുഃശീലം തുടർന്നു. വാസ്തവത്തിൽ സിനിമാവൃത്തങ്ങളിൽ അതൊരു ഗൗരവമുള്ള പ്രശ്നമായി പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാൽ സായി ലോഡ്ജിൽ ശിഷ്യന്മാർ സൂക്ഷിക്കുമായിരുന്ന സംഗീതോപകരണങ്ങൾ അപ്രത്യക്ഷമാവുകയും അവ സമീപത്തെ മദ്യശാലകളിൽനിന്ന് പണയവസ്തുക്കളായി കണ്ടെടുക്കപ്പെടുകയും ചെയ്തതോടെ സംഗതി ഗൗരവതരമായി. സണ്ണി അവിടെനിന്നും പുറത്തായി.
അതിനുശേഷം അദ്ദേഹത്തിെൻറ ജീവിതം തിരുവനന്തപുരത്ത് ആയിരുന്നു എന്ന വിവരവും സന്ദർഭവശാൽ രാമചന്ദ്രന് മനസ്സിലാക്കാൻ പറ്റി. യേശുദാസിെൻറ 'തരംഗനിസരി' മ്യൂസിക് സ്കൂളിൽ പിയാനോ പഠിച്ചു മദ്രാസിൽ എത്തിയ രവിയിൽനിന്നാണ് സണ്ണി കാസ്റ്റലിനോ ആ സ്ഥാപനത്തിൽ ഇൻസ്ട്രക്ടർ ആയി ജോലി ചെയ്തിരുന്നു എന്ന് കേൾക്കുന്നത്.
സണ്ണിയുടെ തിരുവനന്തപുരത്തെ ജീവിതപർവം അറിയാൻ അന്വേഷണം 'തരംഗനിസരി'യിലേക്ക് നീണ്ടു. ഇടപ്പഴഞ്ഞിയിലെ ആ മ്യൂസിക് സ്കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നു. 43 വർഷം മുമ്പത്തെ ചരിത്രം ചോദിച്ചറിയാൻ അവിടെ സീനിയർ വ്യക്തികളില്ല. പഴയ രേഖകളും എവിടെയോ കിടക്കുന്നു.
ഇതേപ്പറ്റി കൂടുതൽ വിവരം ലഭിക്കണമെങ്കിൽ ചോദിക്കാൻ ഒരാളേയുള്ളൂ -'തരംഗനിസരി'യുടെ ഉടമ, ഗാനഗന്ധർവൻ യേശുദാസ്! സംഗീത കച്ചേരികൾക്കിടയിൽ ഓടിനടക്കുകയായിരുന്ന ദാസേട്ടെൻറ തിരക്കിട്ട ജീവിതത്തിനിടയിൽ ഈ അന്വേഷണം നടത്താൻ ഒരവസരം സംഘടിപ്പിച്ചത് വളരെ പ്രയാസപ്പെട്ടാണ്. 44 വർഷത്തിനു ശേഷമാണെങ്കിലും അദ്ദേഹം ചരിത്രം ഓർത്തെടുത്തു. സ്വന്തം മാനസസന്തതി ആയതിനാൽ തരംഗനിസരി എന്ന മ്യൂസിക് സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അത്രയെളുപ്പം മറക്കാനാവില്ലല്ലോ. തിരുവനന്തപുരത്ത് സംഗീതവിദ്യാലയം തുടങ്ങുമ്പോൾ വെസ്റ്റേൺ ക്ലാസിക്കൽ പരിശീലനത്തിനായിരുന്നു പ്രാമുഖ്യം. ആദ്യം തന്നെ അതിനു പറ്റിയ ഒരാളെ കിട്ടി -കർണാടക സംഗീതത്തിൽ ഭ്രമം മൂത്ത് ഇന്ത്യയിലെത്തിയ അമേരിക്കൻ പിയാനോ വിദഗ്ധൻ റോജർ ജാൻകെ. ഇവിടത്തെ സംഗീതം പഠിക്കുന്നതോടൊപ്പം തരംഗനിസരിയിൽ പിയാനോ പഠിപ്പിക്കാനും അദ്ദേഹം സമ്മതിച്ചു. റോജേഴ്സിെൻറ വെസ്റ്റേൺ ഓർക്കസ്ട്ര ഒരുക്കുന്നതിലെ തഴക്കം സിനിമയിൽ പ്രയോജനപ്പെടുത്താനും അവസരം കിട്ടി. ദാസേട്ടൻ സംഗീതസംവിധാനം നിർവഹിച്ച 'തീക്കനലി'ൽ പാട്ടുകളുടെ പശ്ചാത്തലസംഗീതം അദ്ദേഹത്തെ ഏൽപ്പിച്ചു. ആ പാട്ടുകൾ വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പക്ഷേ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ വിസ പ്രശ്നങ്ങൾ കാരണം റോജേഴ്സിന് രാജ്യം വിടേണ്ടി വന്നു. ആ സമയത്താണ് മദ്രാസിലെ ഒരു റെക്കോഡിങ്ങിനിടയിൽ ഒരാൾ അസാമാന്യമായ രീതിയിൽ പിയാനോ വായിക്കുന്നത് കേട്ടത്. ചെന്ന് പരിചയപ്പെട്ടു- ഗോവക്കാരൻ സണ്ണി കാസ്റ്റലിനോ. ആൾക്ക് സിനിമ മടുത്തിരിക്കുന്നു. തരംഗനിസരിയിലേക്ക് വിളിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിച്ചു. ഒരു മൂന്നു വർഷത്തോളം അദ്ദേഹം അവിടെ ഉണ്ടായിരുന്നു. പിന്നീടൊരു നാൾ അപ്രത്യക്ഷനാവുകയും ചെയ്തു. അതിനുശേഷം ഒരു വിവരവും അറിയാനിടയായിട്ടില്ല.
തിരുവനന്തപുരത്തുനിന്നുള്ള മടക്കയാത്രയിലാണ് സണ്ണി കണ്ണൂര് ഇറങ്ങുന്നത്. പിന്നീടങ്ങോട്ട് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് സാംഗത്യമില്ല. അന്ന് അദ്ദേഹത്തിന് പ്രായം അറുപത്തഞ്ചിൽ കുറയില്ല. യൗവനത്തിൽപോലും ബന്ധങ്ങളൊക്കെ നഷ്ടപ്പെടുത്തിയ, ബന്ധുത്വമൊന്നും പാലിച്ചിട്ടില്ലാത്ത ഒരാളുടെ വാർധക്യത്തിെൻറ പരിണതി ഊഹിക്കാവുന്നതേ ഉള്ളൂ.
പക്ഷേ, കഥ പൂർത്തിയാകണമെങ്കിൽ ആ അധ്യായം കൂടി വേണമല്ലോ. സണ്ണിയുടെ ജീവിതത്തിെൻറ അന്തിമ പർവവുമായി ബന്ധപ്പെട്ട ഒരു രേഖ നിയോഗംപോലെ മുന്നിലേക്ക് പറന്നു വീണു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. കോഴിക്കോട്ട് സി.എം. വാടിയിലിനെ പരിചയപ്പെട്ട ശേഷം പഴയ ചരിത്രം തപ്പി ഇടക്കിടെ അങ്ങോട്ട് പോകുമായിരുന്നു. ഒരിക്കൽ അദ്ദേഹം തെൻറ പഴയ ഡയറിക്കകത്ത് ബാബുക്കയുടെ ചിത്രം തിരയുമ്പോൾ അതാ താഴെ വീഴുന്നു ഒരു പോസ്റ്റ് കാർഡ്.
സിഎംക്ക തന്നെ മറന്നുപോയിരുന്ന ഒരു ചരിത്ര രേഖ! അയച്ച ആളിെൻറ വിലാസമോ തീയതിയോ പോസ്റ്റൽ സീലോ ഒന്നുമില്ലാത്ത ആ കാർഡിെൻറ ഒടുവിലായി ''താങ്കളുടെ എക്കാലത്തെയും നല്ല സുഹൃത്ത് സണ്ണി കാസ്റ്റലിനോ'' എന്നെഴുതി ഒപ്പിട്ടിരിക്കുന്നു.
1980 ആഗസ്റ്റിൽ പെരുന്നാൾകാലത്ത് കിട്ടിയതാണെന്ന് സിഎംക്ക ഓർത്തെടുത്തു. കാർഡിന് പ്രധാന പുറത്ത് വരകളും കുറികളും ആയി തോന്നിക്കുന്നത് അറബി അക്ഷരങ്ങളിൽ 'ഈദ് മുബാറക്ക്' എന്ന് എഴുതിയതാണ്. അതിനു ചുവട്ടിൽ ഇംഗ്ലീഷിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു: ''ഞാനിന്നൊരു പൂർണ മുസ്ലിം ആണ്. സയ്യദ് സലീം എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യലാണ് ഇപ്പോഴത്തെ ചര്യ.''
കുടുംബത്തെക്കുറിച്ച്, പ്രത്യേകിച്ച് ബാനുവിനെക്കുറിച്ചുള്ള അന്വേഷണത്തിന് താഴെ എഴുത്ത് ഉപസംഹരിച്ചിരുന്നത് ഇങ്ങനെയാണ്: ''നിങ്ങൾ കണ്ട പഴയ ആളല്ല ഞാൻ. എെൻറ ദുർവാസനകളും ദുശ്ശീലങ്ങളും എല്ലാം ഞാൻ ഉപേക്ഷിച്ചുകഴിഞ്ഞിരിക്കുന്നു; സംഗീതവും.''
ഈ വ്യക്തിചിത്രത്തിൽ സണ്ണി കാസ്റ്റലിനോ ഒരു സംഗീതസംവിധാന സഹായി ആയിട്ടും, അതിലപ്പുറം ഒന്നാംകിട പിയാനിസ്റ്റ് ആയിട്ടും ആണ് പ്രത്യക്ഷപ്പെടുന്നത്. ഈ രണ്ടു സ്ഥാനങ്ങളും സിനിമാ സംഗീത വ്യവസായത്തിൽ അംഗീകാരം നൽകുന്നവയാണെങ്കിൽപോലും അദ്ദേഹത്തിന് ഇന്ത്യൻ സിനിമാ സംഗീത ചരിത്രത്തിൽ അതിലും മേലെ ഒരു സ്ഥാനമുണ്ട്. ഹിന്ദി സിനിമ ബാലാരിഷ്ടത പിന്നിടുന്ന കാലത്ത് സിനിമാ ഗാനങ്ങളുടെ കെട്ടിലും മട്ടിലും വലിയൊരു വഴിത്തിരിവുണ്ടാക്കാൻ കാരണക്കാരനായ വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെ കാണേണ്ടത്.
1940കളുടെ ഒടുവിൽ ഹിന്ദി മ്യൂസിക് ഇൻഡസ്ട്രിയിൽ കടന്നുവന്ന് സോങ് കോമ്പസിഷെൻറ തലവര മാറ്റി എഴുതിയ ഗോവൻ സംഗീത വിദഗ്ധരുടെ ആദ്യബാച്ചിൽ പെട്ട ആളായിരുന്നു സണ്ണി കാസ്റ്റലിനോ.
കഥയുടെ ഈ ഭാഗത്ത് മറ്റൊരു കഥാപാത്രം കടന്നുവരുന്നുണ്ട് -രാജ്യസ്വാതന്ത്ര്യാനന്തരം ബോളിവുഡിൽ ഹിന്ദി സിനിമയുടെ മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച രാജ് കപൂർ. അക്കാലത്തെ പ്രശസ്ത നടനും നാടക സംഘാടകനും ആയിരുന്ന പൃഥ്വിരാജ് കപൂറിെൻറ മൂത്തമകൻ. ആദ്യകാല സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൃഥ്വിരാജ് കപൂറിനു സ്വന്തമായി 'പൃഥ്വി തിയറ്റേഴ്സ്' എന്നൊരു നാടക ട്രൂപ്പ് ഉണ്ടായിരുന്നു. എന്നാൽ മകൻ രാജ് അച്ഛെൻറ തണലിൽ നിൽക്കാതെ സിനിമയുടെ നിർമാണം പഠിച്ച് സ്വന്തം സ്റ്റുഡിയോ തുടങ്ങി. ഇരുപത്തിനാലാം വയസ്സിൽ 'ആഗ്' എന്നൊരു പടം സ്വയം നിർമിച്ചു സംവിധാനം ചെയ്തു. നല്ല ഒരു കുടുംബ കഥ എടുത്തു നായകവേഷവും സ്വയം ചെയ്തെങ്കിലും പടം ഉദ്ദേശിച്ച വിജയം നേടിയില്ല.
ഭൂരിഭാഗം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിലുള്ള ചേരുവകൾ ഉണ്ടെങ്കിലേ സിനിമക്ക് പിടിച്ചുനിൽക്കാൻ ആവൂ എന്ന് രാജ്കപൂർ മനസ്സിലാക്കി. തോൽവിയിൽ തളരാതെ 'ബർസാത്ത്' എന്ന അടുത്ത ചിത്രം പ്ലാൻ ചെയ്തു. സംഗീതപരിശീലനം കൂടി നേടിയ അയാൾക്ക് േപ്രക്ഷകരെ കൈയിലെടുക്കാൻ പാട്ടുകൾക്കുള്ള ശേഷി നന്നായി അറിയാമായിരുന്നു. നിലവിൽ കേട്ടുകൊണ്ടിരിക്കുന്ന ഗാനങ്ങളിൽനിന്ന് വ്യത്യസ്തമായ ശൈലിയിൽ ആണെങ്കിലേ ജനങ്ങൾ ശ്രദ്ധിക്കൂ. പ്രത്യേകിച്ചും അന്ന് വിദേശങ്ങളിൽ വളരെ പ്രചാരത്തിൽ ഉണ്ടായിരുന്ന ജാസ് സംഗീതം തെൻറ സിനിമയിൽ കൊണ്ടുവരണമെന്ന് രാജ്കപൂർ ആഗ്രഹിച്ചു. 'ആഗി'െൻറ സംഗീതം പൃഥ്വി തിയറ്റേഴ്സിലെ രാം ഗാംഗുലിയാണ് നിർവഹിച്ചിരുന്നത്. പാശ്ചാത്യ സംഗീതം പ്രയോഗിക്കാൻ മാത്രം അനുഭവജ്ഞാനം അദ്ദേഹത്തിനില്ല എന്ന് തിരിച്ചറിഞ്ഞ രാജ്കപൂർ ചെറുപ്പക്കാരായ മ്യുസിഷ്യൻസിനെ തേടി. പൃഥ്വി തിയറ്റേഴ്സിൽത്തന്നെയുള്ള ഹൈദരാബാദുകാരൻ തബലിസ്റ്റ് ശങ്കർ സിങ് രഘുവംശിയും ഗുജറാത്തിയായ ഹാർമോണിസ്റ്റ് ജയ്കിഷൻ പഞ്ചാലും ഒരുമിച്ച് സംഗീതസംവിധാനത്തിൽ ഒരുകൈ നോക്കാമെന്നു പറഞ്ഞു. എന്നാൽ പാശ്ചാത്യ ഈണങ്ങളിലോ അതിലുപയോഗിക്കുന്ന വയലിൻ, ഗിറ്റാർ, പിയാനോ, സാക്സഫോൺ, അക്കോർഡിയൻ തുടങ്ങിയ ഉപകരണങ്ങളുടെ വായനയിലോ വൈദഗ്ധ്യമൊന്നും അവർക്കും ഉണ്ടായിരുന്നില്ല. പാശ്ചാത്യ ഓർക്കസ്ട്ര എങ്ങനെ സെറ്റു ചെയ്തെടുക്കണം എന്നറിയുന്ന മ്യുസിഷ്യൻസ് സിനിമാ വൃത്തങ്ങളിൽ അന്നുണ്ടായിരുന്നില്ലതാനും. രാജ്കപൂർ തന്നെ അതിനൊരു പോംവഴി കണ്ടുപിടിച്ചു - ഹോട്ടലുകളിലെ നിശാനൃത്തങ്ങൾക്ക് ജാസ് മ്യൂസിക് വായിക്കുന്ന ബാൻഡുകളിലെ ആൾക്കാരെ കൊണ്ടുവന്ന് പശ്ചാത്തലസംഗീതം ചെയ്യിക്കാം. അങ്ങനെ ജയ്കിഷൻ ആ ടീമുകളെ തേടിയിറങ്ങി, ഒടുവിൽ നല്ലൊരു പിയാനിസ്റ്റിനെത്തന്നെ കണ്ടുപിടിച്ചു -അത് മറ്റാരുമായിരുന്നില്ല -സണ്ണി കാസ്റ്റലിനോ!
അതുപോലെ രാജ്കപൂർ പാട്ടെഴുതാനും രണ്ടു പുതുമുഖങ്ങളെ കൊണ്ടുവന്നു- ഹസ്രത് ജയ്പുരിയും ശൈലേന്ദ്രയും. മൊത്തം പത്തു പാട്ടുകൾ. പാട്ടുപാടാൻ കൊണ്ടുവന്നതും അന്ന് പുതുതായി രംഗത്തെത്തിയ ഒരു മറാത്തി പെൺകുട്ടിയെയാണ് - നാടക കലാകാരൻ ദീനാനാഥ് മങ്കേഷ്കറുടെ മകൾ ലത. ഒന്പതു പാട്ടിലും അവർ ശബ്ദം നൽകി. അഭിനയിക്കാനായി ബോളിവുഡിലെത്തിയ മുകേഷ് ചന്ദ് മാഥൂർ എന്ന ചെറുപ്പക്കാരനെയാണ് മെയ്ൽ വോയ്സിനു കണ്ടെത്തിയത്. സണ്ണി കാസ്റ്റലിനോയുടെ നേതൃത്വത്തിൽ പശ്ചാത്തല സംഗീതം. സിനിമാ പ്രേക്ഷകർ അന്നുവരെ കേട്ടിട്ടില്ലാത്ത പുതിയ സംഗീതാനുഭവം.
ബർസാത് മേ തും സെ മിലെ, മുജേ കിസി സെ പയർ ഹോ ഗയാ, ജിയാ ബേകരാർ ഹൈ, ഹവാ മേ ഉഡ്താ ജായെ, ബിച്ച്ട ഹുയെ പർദേശി, പത്ലി കമർ ഹൈ, മേരി ആംഖോ മേ, അബ് മേരാ കോൻ സഹാരാ, ഛോഡ് ഗെയെ ബാലം, മേം സിന്ദഗി മേ (മുഹമ്മദ് റഫി പാടിയത്). എല്ലാം ഒന്നിനൊന്നു മെച്ചം. രാജ് കപൂറിന് വേണ്ടി സണ്ണി വായിച്ച പിയാനോ ബിറ്റിലൂടെയാണ് ഈ പാട്ടിെൻറ തുടക്കം -''ഛോഡ് ഗെയെ ബാലം...''
ഒരു മെഗാ മ്യൂസിക്കൽ ഹിറ്റ് ആയിമാറി 'ബർസാത്ത്' (1949). ലതാമങ്കേഷ്കർക്കു ബോളിവുഡിലെ ഏറ്റവും മികച്ച ഗായികയുടെ സിംഹാസനം പണിത ഗാനങ്ങൾ. രാജ്കപൂറിെൻറ ശബ്ദമായി മുകേഷ് അംഗീകരിക്കപ്പെട്ടു. രാജ്കപൂറിനും ശങ്കർ-ജയ്കിഷനും പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പക്ഷേ, പാട്ടുകൾ എടുത്തു കഴിഞ്ഞയുടൻ സണ്ണി അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.
'ബർസാത്തി'ലെ മാജിക് അടുത്ത ചിത്രത്തിലും ആവർത്തിക്കേണ്ടത് ശങ്കർ-ജയ്കിഷെൻറ നിലനിൽപ്പിെൻറ പ്രശ്നമായിരുന്നു. അതിനു സണ്ണിയെപ്പോലെ ഒരാൾ അനുപേക്ഷണീയവുമായിരുന്നു. അങ്ങനെയാണ് അവർ സ്ഥിരതയില്ലാതെ അങ്ങിങ്ങു നടക്കുന്ന സണ്ണിയെ വീണ്ടും പിടിച്ചുകൊണ്ടുവന്ന് 'ആവാര'യിൽ അസിസ്റ്റൻറാക്കി നിർത്തിയത്. രാജ്കപൂറിെൻറ അടുത്ത സംരംഭമായ 'ആവാര'യിൽ (1951) ഒരു ദരിദ്രനായ ഊരുതെണ്ടിയുടെ കഥയും കഥാപാത്രവുമായിരുന്നു. ആ പടം ഒന്നുകൂടി ഉയരെ പറന്നു - അന്നുവരെ ഹിന്ദി സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായി എന്ന് മാത്രമല്ല, അന്തർദേശീയ തലത്തിൽ പ്രശസ്തമാവുകയും ചെയ്തു. ഹിന്ദി സിനിമയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്റർ ആയിരുന്നു അത്. 'ഷോലെ' (1975) ഇറങ്ങുന്നതുവരെ 'ആവാര' അജയ്യമായി നിലകൊണ്ടിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ വറുതിയിലുഴലുന്ന ജനസാമാന്യത്തിെൻറ സ്വപ്നങ്ങളിൽ തൊടാൻ സാധിച്ചു എന്നതായിരുന്നു രാജ്കപൂറിെൻറ വിജയം. ഭാഷ അറിയാത്ത വിദേശികളുടെപോലും ശ്രദ്ധ പിടിച്ചുപറ്റാൻ 'ആവാര'ക്ക് കഴിഞ്ഞത് അതിലെ പാട്ടുകൾ കാരണമായിരുന്നു. പ്രധാനമായും ''ആവാരാ ഹൂം...'' ടൈറ്റിൽ സോങ്.
പൂർണമായും വെസ്റ്റേൺ കോമ്പസിഷനിൽ പിയാനോ-അക്കോർഡിയനും മാൻഡൊലിനും മാത്രമുപയോഗിച്ച് മെനഞ്ഞെടുത്ത സരളവും ആകർഷണീയവുമായ പശ്ചാത്തല ഈണം (പിയാനോ-അക്കോർഡിയൻ അന്ന് ഹിന്ദി സിനിമാഗാനങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നില്ല എന്നുതന്നെ വേണം പറയാൻ). ഇന്ത്യൻ സംഗീതം ശീലിച്ചവർക്ക് അന്യമാണെങ്കിലും ആ ട്യൂണിനു പറഞ്ഞറിയിക്കാനാകാത്ത വശ്യത. അതിനു രാജ്കപൂറും ശങ്കർ-ജയ്കിഷനും സണ്ണി കാസ്റ്റലിനോയോട് പൂർണമായും കടപ്പെട്ടിരിക്കുന്നു. നമ്മളെ മാത്രമല്ല, മിഡിൽ ഈസ്റ്റിലും റഷ്യയിലും ചൈനയിലും ഒക്കെയുള്ള സാമാന്യ ജനത്തെ പോലുമതു കീഴ്പ്പെടുത്തിക്കളഞ്ഞു. 'ആവാര' 1965ൽ ടർക്കിഷ് ഭാഷയിൽ റീമേക്ക് ചെയ്യപ്പെട്ടു -ഒപ്പം ഈ പാട്ടിെൻറ സ്കോറും ഉപയോഗിക്കപ്പെട്ടു.
'ആവാര'യിലെ ഓർക്കസ്ട്രേഷനിലെ മിടുക്ക് തെളിയിക്കുന്ന ഒരു മധുരമുള്ള ഡ്യുയറ്റ് ആണ് ''ദം ഭർ ജോ ഉദ്ധർ മുഹ് ഫെരെ...'' ഫ്ലൂട്ടിൽ സുമന്ത് രാജ്, മാൻഡോലിനിൽ ഐസക് ഡേവിഡ്, ക്ലാരിനെറ്റിൽ ദേവി ലാൽ വർമ; പിന്നെ താളത്തിനു കസ്റ്റനെറ്റ്സ് വായിക്കുന്നത് കാവാസ്ജി ലോർഡ് -പാട്ടിനു മൊത്തം പിയാനോയിൽ കോർഡ് പ്രോഗ്രഷൻ നൽകിയിരിക്കുന്നത് സണ്ണി. ഇത്രയും പരിമിതമായ ഉപകരണങ്ങൾ ഒരുമിച്ചു കലർത്തിയാണ് അവിശ്വസനീയമായ ഇഫക്ട് സൃഷ്ടിച്ചിരിക്കുന്നത്.
ഒരുപക്ഷേ പിയാനോ ശബ്ദം നിങ്ങൾ ശ്രദ്ധിച്ചെന്നേ വരില്ല. വറുത്തരച്ച കറിയിൽ തേങ്ങാപോലെ അതങ്ങു ലയിച്ചു കിടക്കും. പാട്ടിെൻറ പശ്ചാത്തലത്തിലെ മൊത്തം കോർഡ് പ്രോഗ്രെഷൻ പിയാനോയിലാണ് വായിച്ചിരുന്നത്. ഓപണിങ്ങിൽ സ്കോർ തുടങ്ങുന്നിടത്ത് ഇത് വേറിട്ട് കേൾക്കാം. പിന്നെ ഒടുവിൽ ലാൻഡിങ്ങിൽ മറ്റു ഇൻസ്ട്രുമെൻറ്സ് വായിച്ചു ഫിനിഷ് ചെയ്തയിടത്തും തെളിഞ്ഞു കേൾക്കാം. ബാക്കി പാട്ടിെൻറ പശ്ചാത്തലത്തിൽ ഉടനീളം ലയിപ്പിച്ചു വായിച്ചതുകാരണമാണ് നമുക്കതു ഫീൽ ചെയ്യാത്തത് -അതേസമയം ഈ പാട്ടിനു ചാരുതയേകുന്നതും പിയാനോയിലെ കോർഡുകളുടെ സാന്നിധ്യമാണ്.
ഹിന്ദി സിനിമാ ഗാനങ്ങളിൽ 'ഹാർമണൈസേഷെൻറ' പുതുവസന്തം കൊണ്ടുവന്നവരിൽ പ്രധാനി സണ്ണി കാസ്റ്റലിനോ ആണ്. പക്ഷേ, തെൻറ സ്വന്തം വില അദ്ദേഹം തിരിച്ചറിഞ്ഞോ എന്ന് സംശയം. അഥവാ, എവിടെയും ഒരു കസേരയോ അംഗീകാരമോ അദ്ദേഹം ആഗ്രഹിച്ചില്ല. പിന്നീട് മദൻമോഹന് വേണ്ടിയും ഒ.പി. നയ്യാറിനു വേണ്ടിയും ഓരോ പടങ്ങളിൽ അസിസ്റ്റൻറായി. എന്തുതന്നെ ആയാലും ജയ്കിഷന് സണ്ണിയുമായി ഒരാത്മബന്ധം ഉണ്ടായിരുന്നു. പാട്ടിൽ പിയാനോ വേണ്ടിവരുമ്പോഴൊക്കെ സണ്ണിയെ തപ്പിപ്പിടിച്ചു കൊണ്ടുവരും. മിക്കവാറും കടക്കാരിൽനിന്ന് രക്ഷപ്പെടാൻ ഒളിച്ചുനടക്കുകയാവും അയാൾ. കടമൊക്കെ തീർത്താലേ സണ്ണിയെ വിട്ടുകിട്ടൂ. അങ്ങനെ സണ്ണി പിയാനോ വായിച്ച എക്കാലത്തെയും മികച്ച രണ്ടു ഗാനങ്ങൾ ഉദാഹരിക്കാം: 'സംഗ'ത്തിലെ മുകേഷ് പാടിയ ''ദോസ്ത് ദോസ്ത് നാ രഹാ...'', 'ബ്രഹ്മചാരി'യിൽ റഫീ സാബ് പാടിയ ''ദിൽ കെ ഝരോകെ മേ...'' ഭാരതത്തിലും വിദേശത്തും കോടിക്കണക്കിനു ഹിന്ദി സിനിമാഗാനപ്രേമികൾ ഏറ്റുപാടിയ, ഇന്നും പഴമക്കാർ നെഞ്ചോട് ചേർക്കുന്ന രണ്ടു ഗാനങ്ങൾ. ഹിന്ദിയിൽ പശ്ചാത്തലത്തിൽ പിയാനോ വായിച്ച നിരവധി ഗാനങ്ങൾ തുടക്കം മുതലേ ഉണ്ടായിരുന്നു. കെ.എൽ. സൈഗാളിെൻറ ''സോജാ രാജകുമാരി'' ഓർത്തു നോക്കുക. എന്നാൽ മേൽപറഞ്ഞ രണ്ടു ഗാനങ്ങളിലെയും പിയാനോ നമ്മളെ വല്ലാതെ പാട്ടിലേക്കു വലിച്ചടുപ്പിച്ചു കളയും.
രാജ് കപൂറിെൻറ മറ്റൊരു സൂപ്പർ മെഗാഹിറ്റ് സിനിമയായിരുന്നു 'സംഗം' (1964). പതിവുപോലെ അതിലെ ഗാനങ്ങളും സൂപ്പർഹിറ്റുകൾ -ശങ്കർ ജയ്കിഷെൻറ സംഗീതം. അവരുടെ പ്രിയപ്പെട്ട രാഗമായ ഭൈരവിയിൽ ആണ് ''ദോസ്ത് ദോസ്ത് നാ രഹാ...'' ഈണമിട്ടിരിക്കുന്നത്.
സാധാരണഗതിയിൽ വിഷാദം കൊടുക്കാൻ സിത്താർ അല്ലെങ്കിൽ സരോദ് അല്ലെങ്കിൽ ഷെഹ്നായി ആവും തിരഞ്ഞെടുക്കുക. ഇവിടെയാകട്ടെ ലീഡ് ചെയ്യുന്നത് പിയാനോയാണ് പിന്നെ സ്ട്രിങ്സും (വയലിൻ -ചെല്ലോ സംഘം). പാട്ടിന് ഉദ്ദേശിക്കപ്പെട്ട മൂഡ് മുഴുവൻ കൊണ്ടുവരാൻ പറ്റിയതിനു കാരണം അതിസമർഥമായ പിയാനോയുടെ പ്രയോഗമാണ് എന്ന് പറയേണ്ടതില്ല.
മറ്റൊരു പ്രശസ്ത ബാനറായ സിപ്പി പ്രൊഡക്ഷൻസ് 1968ൽ ഇറക്കിയ പടമാണ് 'ബ്രഹ്മചാരി'. ('നൈഷ്ഠിക ബ്രഹ്മചാരി' ഒന്നുമല്ല ആൾ. കാമുകിയും കുടുംബവും പിള്ളേരും ഒക്കെയുണ്ട് -ബ്രഹ്മചാരി എന്നത് ഷമ്മി കപൂർ അഭിനയിച്ച കഥാപാത്രത്തിെൻറ സ്വന്തം പേരാണ്!) ഈ സിനിമയുടെ ഹൈലൈറ്റ് എന്നത് തന്നെ ''ദിൽ കെ ഝരോകെ മേ...'' എന്ന ഗാനമാണെന്നു പറഞ്ഞാൽ തെറ്റില്ല - അത്രക്കായിരുന്നു ആ പാട്ട് പ്രേക്ഷകരിലുണർത്തിയ ആവേശം.
ശങ്കർ ജയ്കിഷെൻറ തന്നെ സംഗീതം. ഇവിടെയും പിയാനോയും വയലിൻ-ചെല്ലോകളുമാണ് മുഖ്യം. മൊത്തം ഒരു വെസ്റ്റേൺ ഈണമാണെന്നു ഒറ്റ കേൾവിയിൽ തോന്നിപ്പോകും. കാരണം, ക്ലാസിക്കൽ ശൈലിയിലെ ഗമകപ്രയോഗം വലുതായിട്ടൊന്നും ഇല്ല -എന്നാൽ, ഒന്ന് ശ്രദ്ധിച്ചാൽ അതിലുപയോഗിച്ചിരിക്കുന്നത് ശിവരഞ്ജിനി രാഗത്തിെൻറ നോട്സ് ആണെന്ന് കാണാം. സന്ദർഭമനുസരിച്ച് ഒരു വിഷാദ-വിരഹ ഗാനം. സംഗീതസംവിധായകർ ഉദ്ദേശിച്ച രാഗത്തെ പിയാനോ െവച്ച് ഹാർമണൈസ് ചെയ്ത് ഒരു സംഗീതശിൽപം മെനയുകയായിരുന്നു സണ്ണി കാസ്റ്റലിനോ. പാളിപ്പോകാൻ സാധ്യതയുള്ള രണ്ടും കൽപിച്ചുള്ള ഒരു പരീക്ഷണം.
അപൂർവവും അസാധാരണവുമായ 'ഡൈനാമിക്സ്' ആണ് ഈ പാട്ടിെൻറ മുഖമുദ്ര. വിഷാദഗാനങ്ങളിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ചടുലമായ താളം. അതിദ്രുതമുള്ള പിയാനോവാദനം കീബോർഡിെൻറ അഞ്ച് സ്ഥായികളിലും ഈണം കയറിയിറങ്ങുന്നുണ്ട് - രണ്ടു കൈയിലെ വിരലുകളും ഓടണം. ഒരേസമയം പാട്ടിനു കോർഡ് സപ്പോർട്ട് നൽകാനും കൗണ്ടർ-ഫില്ലർ മെലഡികൾ ഇടാനും അതുപയോഗിച്ചിട്ടുണ്ട്. വിഷാദഗാനത്തിനു ചേരാത്തവിധം ഉയർന്ന സ്ഥായിയിലെ ഓപണിങ്. ചരണത്തിെൻറ ആദ്യഭാഗം ആരോഹണത്തിലൂടെ കയറിപ്പോകുന്നത് നമ്മെ സംഭ്രമിപ്പിക്കും. എന്നാൽ അടുത്ത വരിയിൽ നമ്മെ സമാശ്വസിപ്പിച്ചുകൊണ്ടു വിഷാദപൂരിതമായ അവരോഹണം ഇറങ്ങിവരുന്നുണ്ട്. ഒരു നിരൂപകൻ പറഞ്ഞത് ഇങ്ങനെ: ''ചരണത്തിെൻറ ആദ്യം കഥാപാത്രം കാമുകിയോട് പ്രതിഷേധിക്കുന്നു; പിന്നെ സ്വയം സമാധാനിപ്പിച്ചു പഴിക്കുന്നു.'' പാടാൻ കടുത്ത വെല്ലുവിളി ഉയർത്തുന്ന, റഫി എന്ന ഗായകെൻറ സാധ്യത മുഴുവൻ പിഴിഞ്ഞെടുത്ത ഗാനം. റഫിയുടെ ശബ്ദത്തെക്കാളും പാട്ടിെൻറ വരികളെക്കാളും നമ്മെ ആകർഷിക്കുന്നത് അതിലെ പിയാനോയാണ്. പാട്ടിലെ വരികൾ ഫിൽറ്റർ ചെയ്തു മാറ്റിയാലും പിയാനോ മാത്രം സുഖമായി കേട്ടിരിക്കാം! ഇതിലെ കോർഡ് പ്രോഗ്രഷനിൽ ശിവരഞ്ജിനി രാഗത്തിൽ വരാത്ത നോട്ട്സ് സണ്ണി കാസ്റ്റലിനോ ഉപയോഗിച്ചിട്ടുണ്ട്. എന്നിട്ടും ഒരിടത്തുപോലും അപസ്വരം വരുന്നില്ല. പ്രത്യേക സ്വരങ്ങളെ പൊലിപ്പിക്കാനാണ് കോർഡ് പ്രയോഗിക്കുക. അതിലെ സ്വരക്കൂട്ടം തിരഞ്ഞെടുക്കുന്നതാണ് സംഗീതജ്ഞെൻറ മിടുക്ക്. സണ്ണി കാസ്റ്റലിനോയുടെ പാടവം ഫലം കണ്ടു. പാളിപ്പോകാൻ എല്ലാ സാധ്യതകളുമുള്ള ''ദിൽ കെ ഝരോകെ മേ...'' എക്കാലത്തെയും മികച്ച ഹിറ്റായി. അന്നത്തെ യുവാക്കൾക്കിടയിൽ ഒരു ജ്വരമായി പടർന്നു.
ഇടക്ക് സണ്ണി കാസ്റ്റലിനോ ഓരോ ചിത്രത്തിൽ ഒ.പി. നയ്യാർക്കും മദൻമോഹനും അസിസ്റ്റൻറായി പ്രവർത്തിച്ചു. കോഴിക്കോടുനിന്ന് ബോംബെയിലേക്ക് തിരിച്ചുപോയ ശേഷം കല്യാൺജിക്ക് വേണ്ടി 'ധർമാത്മാ', 'റഫൂ ചക്കർ' തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. പക്ഷേ, ആ ഘട്ടമായപ്പോഴേക്കും അദ്ദേഹം വരും പിയാനോ വാദകനായി മാത്രം ഒതുങ്ങിപ്പോയിരുന്നു.
സണ്ണി കാസ്റ്റലിനോയെക്കുറിച്ചുള്ള ഈ ഒാർമക്കുറിപ്പിന് ഒരു തലക്കെട്ട് പ്രത്യേകിച്ച് തേടേണ്ട ആവശ്യമില്ല. അദ്ദേഹം മുഖ്യസംഗീതസംവിധാനസഹായി ആയി പ്രവർത്തിച്ച ആദ്യ സിനിമയുടെ പേര് തന്നെ മുന്നിലുണ്ട് - 'ആവാര' -ആരോരുമില്ലാത്ത ഊരുതെണ്ടി.
ഒരു മനുഷ്യന് ഉണ്ടാകാവുന്ന എല്ലാ ബലഹീനതകളും ജീവിതത്തോടൊപ്പം കൊണ്ടുനടന്നയാൾ. സംഗീതത്തിെൻറ ലഹരിയിൽ, ലഹരിയുടെ സംഗീതത്തിൽ മുങ്ങിപ്പൊങ്ങി നടന്നയാൾ. ഭൗതികമായി ഒന്നും സമ്പാദിച്ചുകൂട്ടാത്ത നിരന്തര പഥികൻ. ചുമലിൽ ഒരു ഭാണ്ഡത്തിെൻറ ഭാരംപോലുമില്ലാതെ അപ്പൂപ്പൻതാടി പോലെ പറന്ന് നടന്നയാൾ. സംഗീതോപകരണവായനയിൽ ജന്മനാ കിട്ടിയ അപൂർവ സിദ്ധിപോലും അദ്ദേഹത്തിന് ഒരു ബാധ്യതയായിരുന്നു. മുപ്പതു വർഷം സിനിമാരംഗത്ത് വന്നും പോയും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും സെല്ലുലോയിഡിൽ ഒരിടത്തു മാത്രമേ ആ പേര് തെളിഞ്ഞുള്ളൂ. കാലത്തിെൻറ വാലൻപാറ്റകൾ അരിച്ച് ഓർമകളുടെ തട്ടിൻപുറത്തു കിടന്ന ആ വ്യക്തിചിത്രം പൊടിതട്ടിയെടുത്ത് ഇവിടെ അവതരിപ്പിക്കാൻ അവസരം വന്നതിൽ ചാരിതാർഥ്യമുണ്ട്. പിയാനോ കട്ടകളിന്മേൽ പറന്നുനടന്ന് നമ്മുടെ മനസ്സിനെ രസിപ്പിച്ച ആ മാന്ത്രികവിരലുകൾക്ക് നമോവാകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.