ഓരോ വർഷവും ശരാശരി 1500 കോടി രൂപയുടെ പ്രവർത്തനനഷ്ടമുണ്ടാകുന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി). മൊത്തം സാമ്പത്തിക ബാധ്യത 3500 കോടി രൂപയാണ്. അടിക്കടിയുണ്ടാവുന്ന നിരക്കുവർധനയുടെ മൂലകാരണവും ഇതുതന്നെ. ബോർഡിന്റെ പുതിയ ചെയർമാനായി രാജൻ ഖൊബ്രഗഡെ ചുമതലയേൽക്കുമ്പോൾ എന്തിനെല്ലാമാണ് അദ്ദേഹം മുൻഗണന നൽകേണ്ടത്?
മൂഴിയാർ പവർ ഹൗസിലെ 60 മെഗാവാട്ടിന്റെ ഒരു ടർബൈനും പള്ളിവാസൽ പവർഹൗസിലെ മൊത്തം 15 മെഗാവാട്ട് ശേഷിയുള്ള രണ്ട് ടർബൈനുകളും അനേക വർഷങ്ങളായി ഓടുന്നില്ല. ഇതുകൊണ്ടുണ്ടാവുന്ന പ്രതിദിന ഉൽപാദനനഷ്ടം 18 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. യൂനിറ്റൊന്നിന് ആറുരൂപ വെച്ച് കണക്കുകൂട്ടിയാൽപോലും ഓരോ ദിവസവും ബോർഡിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം, ഒരു കോടി രൂപയുടെ മേലെയാണ്.
കെ.എസ്.ഇ.ബി.യുടെ പ്രസരണനഷ്ടം ആറു ശതമാനവും വിതരണനഷ്ടം പത്തു ശതമാനവുമാണ്. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഉപയോഗിച്ച 26281 മില്യൻ യൂനിറ്റ് വൈദ്യുതിയിൽ, 17552 മില്യൻ യൂനിറ്റും പുറമെനിന്ന് വാങ്ങിച്ചതായിരുന്നു. ഇതിന് ചെലവായ തുകയാവട്ടെ 8578 കോടി രൂപയും. ഇത്ര കൂടുതൽ വൈദ്യുതി പുറമേനിന്ന് കൊണ്ടുവരുമ്പോൾ കമ്പി ചൂടായി കനത്തനഷ്ടം സംഭവിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തുതന്നെ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചാൽ ഈ നഷ്ടം കുറക്കാം. വിതരണശൃംഖല നവീകരിച്ചുകൊണ്ട് വിതരണനഷ്ടം ഏഴു ശതമാനത്തിലേക്ക് കുറക്കാനും ലക്ഷ്യമിടണം.
വൈദ്യുതി റെഗുലേറ്റി കമീഷൻ ഈയിടെ പുറപ്പെടുവിച്ച നിർദേശമനുസരിച്ച് 2024 ആകുമ്പോഴേക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 10.5 ശതമാനം സൗരോർജത്തിൽനിന്നാക്കണം. ഭൂമധ്യരേഖയുടെ സമീപത്തുകിടക്കുന്ന സംസ്ഥാനമായതുകൊണ്ട് കേരളത്തിൽ സോളാറിന് സാധ്യതകൾ ഏറെയാണ്. സ്കൂളുകളുടെയും കോളജുകളുടെയും സർക്കാർ ഓഫിസുകളുടെയും മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചാൽ സ്ഥലനഷ്ടം ഇല്ലാതെ കറന്റ് ഉൽപാദിപ്പിക്കാം.
വൻകിടക്കാരിൽനിന്ന് വൈദ്യുതി ചാർജിനത്തിൽ കെ.എസ്.ഇ.ബിക്ക് ലഭിക്കാനുള്ളത് 3200 കോടി രൂപയാണ്. ഇത് തിരിച്ചുപിടിക്കാൻ ലവലേശം താൽപര്യമെടുക്കാതിരിക്കുകയും പാവപ്പെട്ടവരുടെ കുടിലുകളിൽ വന്ന് ഫ്യൂസ് ഊരുകയും ചെയ്യുന്ന രീതിയാണ് കാലങ്ങളായി കേരളത്തിൽ. സർക്കാർ സ്ഥാപനങ്ങളും വമ്പൻ മുതലാളിമാരും വരുത്തുന്ന വീഴ്ചക്ക് പിഴയടച്ചു പോരുന്നത് സംസ്ഥാനത്തെ സാധാരണക്കാരായ ഉപഭോക്താക്കളാണ്.
കെ.എസ്.ഇ.ബിയിൽ നിലവിൽ 33493 സ്ഥിരം ജീവനക്കാരാണുള്ളത്. ഏതാനും വർഷം മുമ്പ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ പഠനമനുസരിച്ച് ബോർഡിന്റെ സുഗമമായ നടത്തിപ്പിന് 2400 ജീവനക്കാരാണ് ആവശ്യം. അധികമുള്ള ജീവനക്കാരെ ആൾക്ഷാമം നേരിടുന്ന മറ്റു സർക്കാർ വകുപ്പുകളിൽ പുനർവിന്യസിക്കണം.
സംസ്ഥാനത്ത് നിലവിലെ ഉൽപാദനശേഷി 3140 മെഗാവാട്ടാണ്. ഇതിൽ ജലവൈദ്യുതിയുടെ വിഹിതം 2140 മെഗാവാട്ടാണ്. 778 മെഗാവാട്ട് ശേഷിയുള്ള 128 ചെറുകിട ജലവൈദ്യുതി പദ്ധതികൾ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
ചെറുകിട ജലവൈദ്യുതി പദ്ധതികൾക്ക് അണക്കെട്ടോ ജലസംഭരണമോ ആവശ്യമില്ല. അതുകൊണ്ട് പരിസ്ഥിതിക്ക് കോട്ടമൊന്നും സംഭവിക്കുന്നുമില്ല. മേലെ സൂചിപ്പിച്ച ചെറുകിട ജലവൈദ്യുതി പദ്ധതികൾ പൂർത്തിയാക്കിയാൽ പ്രതിദിനം 1.8 കോടി യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവും.
ചെറുകിട ജലവൈദ്യുതി പദ്ധതികൾ ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലുമായി പരന്നുകിടക്കുന്നുവെന്നതിനാൽ പ്രസരണ ശൃംഖലയുടെ ഉറപ്പ് വർധിക്കുകയും പ്രസരണനഷ്ടം കുറയുകയും ചെയ്യും. മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ ഏറ്റവും പഴയതാണ് കണ്ണൂർ ജില്ലയിലെ വഞ്ചിയം പദ്ധതി. മൂന്ന് മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി 1993ലാണ് നിർമാണം ആരംഭിച്ചത്. 20 വർഷങ്ങൾക്കിപ്പുറവും അവിടെനിന്ന് ഒരു യൂനിറ്റ് കറന്റ് പോലും ഉൽപാദിപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് സാധിച്ചിട്ടില്ല.
മറ്റൊരു ശ്രദ്ധേയ പദ്ധതിയാണ് 2007ൽ നിർമാണമാരംഭിച്ച 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം. ഈ പദ്ധതി എന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്ന് കെ.എസ്.ഇ.ബിക്ക് ഇനിയും നിശ്ചയമില്ല. ഈ പശ്ചാത്തലത്തിൽ വേണം ഈയിടെ നിർദേശിക്കപ്പെട്ട 800 മെഗാവാട്ടിന്റെ ഇടുക്കി എക്സ്റ്റൻഷൻ സ്കീമിനെ പരിഗണിക്കാൻ. നിലവിൽ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതിക്ക് ഏകദേശം അമ്പതു വയസ്സായി. ഈ പദ്ധതിക്കുമീതെ പുതിയ 800 മെഗാവാട്ടിന്റെ ശേഷിയുള്ള പവർ ഹൗസ് നിർമിക്കുകയെന്നത് തീർത്തും അപകടകരമാണ്. അതുകൊണ്ട് ചെറുകിട ജലവൈദ്യുതി പദ്ധതികൾ പൂർത്തിയാക്കുകയാണ് അഭികാമ്യമായിട്ടുള്ളത്.
(ടണൽ അറ്റ് പള്ളിവാസൽ എന്ന ഗ്രന്ഥത്തിെൻറ രചയിതാവാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.