കടം വാങ്ങിയ പണം ഉൽപാദനമേഖലയിൽ മുടക്കാത്തിടത്തോളം അത് ഭാരമായിത്തീരും. കേരളത്തിന്റെ കടഭാരം വർധിക്കുകയാണ്. ആ ഭാരം വരുന്നത് പാവങ്ങളുടെമേലാണ്. ഉൽപാദനമേഖല എന്നത് വരുമാനം സൃഷ്ടിക്കാൻ കഴിയുന്നതുമാകണം. പശ്ചാത്തല സൗകര്യം വികസിക്കാത്തതാണ് കേരളത്തിന്റെ സാമ്പത്തിക വികസനം നേരിടുന്ന ഏറ്റവും വലിയ തടസ്സമെന്ന അഭിപ്രായവും ശരിയല്ല. അക്കാര്യം ചൂണ്ടിക്കാണിക്കുന്ന ഒരു ഗവേഷണ പഠനംപോലും നിലവിലില്ല. ഡോ. തോമസ് ഐസക്കിന്റെ അഭിപ്രായമല്ലാതെ മറ്റൊരു...
കടം വാങ്ങിയ പണം ഉൽപാദനമേഖലയിൽ മുടക്കാത്തിടത്തോളം അത് ഭാരമായിത്തീരും. കേരളത്തിന്റെ കടഭാരം വർധിക്കുകയാണ്. ആ ഭാരം വരുന്നത് പാവങ്ങളുടെമേലാണ്. ഉൽപാദനമേഖല എന്നത് വരുമാനം സൃഷ്ടിക്കാൻ കഴിയുന്നതുമാകണം.
പശ്ചാത്തല സൗകര്യം വികസിക്കാത്തതാണ് കേരളത്തിന്റെ സാമ്പത്തിക വികസനം നേരിടുന്ന ഏറ്റവും വലിയ തടസ്സമെന്ന അഭിപ്രായവും ശരിയല്ല. അക്കാര്യം ചൂണ്ടിക്കാണിക്കുന്ന ഒരു ഗവേഷണ പഠനംപോലും നിലവിലില്ല. ഡോ. തോമസ് ഐസക്കിന്റെ അഭിപ്രായമല്ലാതെ മറ്റൊരു പഠനമോ റിപ്പോർട്ടോ നിലവിലില്ല. ഏതു പഠനറിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളതെന്ന് ഐസക് തന്നെ വ്യക്തമാക്കണം. കേരളത്തിലെ തൊഴിൽ മേഖലയിലെ സമരങ്ങളും തൊഴിലാളികളുടെ ഉയർന്ന കൂലിയും വികസനത്തിന് തടസ്സമാകുമെന്ന് വലതുപക്ഷക്കാർ നേരത്തേ പറഞ്ഞിരുന്നു. അതേസമയം, അടിസ്ഥാനസൗകര്യ വികസനത്തിന്റെ പോരായ്മയാണ് കേരളത്തിന്റെ വികസനത്തിന് തടസ്സമെന്ന് ആരും ചൂണ്ടിക്കാണിച്ചിട്ടില്ല. അടിസ്ഥാനസൗകര്യ വികസനം ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകും എന്ന കാര്യത്തിൽ സംശയമില്ല. റോഡ്, ആശുപത്രി, സ്കൂൾ എന്നിവയുടെ നിർമാണം ജനങ്ങളെ സഹായിക്കുന്ന കാര്യങ്ങളാണ്.
അടിസ്ഥാന സൗകര്യം വികസിപ്പിച്ചാൽ വൻതോതിൽ മുതൽമുടക്ക് ഉണ്ടാകുമെന്ന് പറയുന്നതും ഒരബദ്ധധാരണയാണ്. ആദ്യം പശ്ചാത്തല വികസനം പിന്നാലെ വികസനം എന്ന രീതിയിലല്ല അതിന്റെ ചലനക്രമം. അടിസ്ഥാനസൗകര്യ വികസനവും മൂലധനത്തിന്റെ നിക്ഷേപവും ഒന്നിനു പിറകെ മറ്റൊന്നായിട്ട് വരുന്നതല്ല. അടിസ്ഥാനസൗകര്യ വികസനം ഉണ്ടായതുകൊണ്ടു മാത്രം മുതൽമുടക്ക് വരണമെന്നില്ല. ഇതു രണ്ടും ഏതാണ്ട് ഒപ്പത്തിനൊപ്പമായി വരുന്നതായിട്ടാണ് പല രാജ്യങ്ങളുടെയും ചരിത്രാനുഭവം. പലയിടത്തെയും വികസനപാത പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാണ്. അതേസമയം, സമ്പദ് വികസനത്തിൽ പശ്ചാത്തല സൗകര്യങ്ങൾക്ക് പങ്കുണ്ട്. പശ്ചാത്തല സൗകര്യമുള്ളതുകൊണ്ടു മാത്രം വികസനവും വന്നുകൊള്ളണമെന്നുമില്ല. ഉദാഹരണമായി, മുംബൈയിലെ സബർബൻ റെയിൽവേ. രാജ്യത്തെ പൊതുഗതാഗത മാർഗങ്ങളിൽ പ്രധാനപ്പെട്ടതാണിത്. സബർബൻ ട്രെയിൻ വന്നതുകൊണ്ടല്ല ടെക്സ്റ്റൈൽ മില്ലുകൾ അവിടെ സ്ഥാപിച്ചത്. ആദ്യം ടെക്സ്റ്റൈൽ മില്ലുകൾ വന്നു. പിന്നെ മില്ലുകളിലെ തൊഴിലാളികളുടെ യാത്രാ സൗകര്യത്തിന് സബർബൻ ട്രെയിൻ വന്നു. കൂടുതൽ ദൂരെയുള്ള തൊഴിലാളികളെ മില്ലുകളിൽ സമയത്ത് എത്തിക്കാൻ സബർബൻ ട്രെയിൻ ആവശ്യമായി. സാമ്പത്തിക വികസനത്തിന് സമാനമായാണ് സബർബൻ റെയിൽവേ നെറ്റ് വർക്ക് രൂപപ്പെട്ടത്.
പശ്ചാത്തല സൗകര്യം സൃഷ്ടിച്ചാൽ വ്യവസായ മേഖലയിൽ മൂലധന നിക്ഷേപം വർധിക്കുമെന്ന തോമസ് ഐസക്കിന്റെ ലളിത സമവാക്യം വികസന സമ്പദ്ശാസ്ത്രത്തിന് നിരക്കുന്നതല്ല. കടം വാങ്ങിയാൽ അത് ഉൽപാദനമേഖലയിൽ മുടക്കണം. ഉൽപാദനമേഖല എന്നത് വരുമാനമുണ്ടാക്കുന്നതാകണം. എങ്കിൽ മാത്രമേ സാമ്പത്തിക വളർച്ച ഉണ്ടാകൂ. അപ്പോൾ കടം തിരിച്ചടക്കാനുള്ള ശേഷി ഉണ്ടാകും. കേരളം കടം വാങ്ങുന്നത് ശമ്പളവും പെൻഷനും നൽകാനാണ്. അതിന് സാമ്പത്തികരംഗത്ത് നാമമാത്രമായ ചലനമേ ഉണ്ടാകൂ.
വികസിത രാജ്യങ്ങളെ മുൻനിർത്തി കേരളത്തിന്റെ കടബാധ്യതയെ ന്യായീകരിക്കുന്നതും നിരുത്തരവാദിത്തമാണ്. സമ്പദ് വ്യവസ്ഥയുടെ ചരിത്രപരമായ പരിണാമം, ഘടനാപരമായ സവിശേഷതകൾ, ഉൽപാദനാടിത്തറയുടെ വലുപ്പം, സാമ്പത്തിക വളർച്ചനിരക്ക്, പൊതുധനകാര്യ നിർവഹണ കാര്യക്ഷമത, ലോക സമ്പദ്ക്രമത്തിലെ സ്ഥാനം എന്നിവയൊന്നും പരിഗണിക്കാതെ രാഷ്ട്രങ്ങളുടെ കടബാധ്യതയെ താരതമ്യം ചെയ്യാനാവില്ല. കേരളത്തിന്റെ അത്രതന്നെയോ അതിൽ കൂടുതലോ കടബാധ്യതയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുണ്ട് എന്നത് ശരിയാണ്. എന്നാൽ, അതിൽ എങ്ങനെ ആശ്വാസംകൊള്ളും. ഇന്ത്യയെക്കാൾ ദരിദ്രമായ രാജ്യങ്ങളുണ്ട്. അതിനാൽ ഇവിടത്തെ ദാരിദ്ര്യം സാരമുള്ളതല്ലെന്നു പറയുന്നതുപോലെ നിരർഥകമാണ് അത്തരം വിലയിരുത്തലുകൾ.
ഉറച്ച ഉൽപാദന അടിത്തറയും അഖിലേന്ത്യാ വിപണിയാദാനവുമുള്ള സംസ്ഥാനത്തിന്റെയും അനിശ്ചിതമായ കയറ്റുമതി-പ്രവാസ വരുമാനത്തെ ആശ്രയിക്കുന്ന സംസ്ഥാനത്തിന്റെയും കടബാധ്യതകളെ ഒരേ നിലയിൽ കാണാനാവില്ല. ഉദാഹരണമായി, റിസർവ് ബാങ്ക് 2019ൽ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഫിനാൻസസ് റിപ്പോർട്ടിൽ കേരളത്തിന്റെ അത്രതന്നെ കടബാധ്യതയുള്ള സംസ്ഥാനമാണ് ബിഹാർ. 2018-19ൽ സംസ്ഥാനത്തെ വരുമാനത്തിന്റെ 31 ശതമാനമായിരുന്നു ബിഹാറിന്റെ കടബാധ്യത. കേരളത്തിന്റേത് ഒരൽപം കുറവ്- 30.6 ശതമാനം. സംസ്ഥാന വരുമാനത്തിന്റെ പകുതിക്ക് തുല്യമായിരുന്നു 2001ൽ ബിഹാറിന്റെ കടബാധ്യത. ഇത് 2019 ആയപ്പോൾ 20 ശതമാനമാക്കി കുറക്കാൻ അവർക്കു കഴിഞ്ഞു. ഇതേ കാലയളവിൽ കേരളത്തിൽ കടബാധ്യത മൂന്നു ശതമാനത്തിൽ താഴെയേ കുറക്കാനായുള്ളൂ. അതായത്, 33.4ൽനിന്ന് 30.6 ശതമാനമാക്കി. ബിഹാർ റവന്യൂ ചെലവിന്റെ ഏഴു ശതമാനം പലിശക്കായി വിനിയോഗിക്കുമ്പോൾ കേരളത്തിന് അതിന്റെ ഇരട്ടി ചെലവാക്കേണ്ടിവരുന്നു. കടം വീട്ടാനായി ബിഹാർ കരുതൽ നിധിയിലേക്ക് മാറ്റിയ തുകയുടെ നാലിലൊന്നുപോലും കേരളം വകയിരുത്തിയിട്ടില്ല. ഇത്തരം സങ്കീർണതകൾ കണക്കിലെടുക്കാതെ കടബാധ്യതകൾ കേവലമായി തുലനംചെയ്യുന്നത് സമ്പദ്ശാസ്ത്രയുക്തിക്ക് നിരക്കുന്നതല്ല.
കടമെടുപ്പ് സമ്പദ്വ്യവസ്ഥക്കു താങ്ങാനാവുമോ എന്നതിന്റെ മാനദണ്ഡം നിലവിലെ ബാധ്യതയും പ്രതീക്ഷിത സാമ്പത്തിക വളർച്ചയുമാണ്. സംസ്ഥാനത്തിന്റെ കടം മൂന്നു ലക്ഷം കോടി രൂപ കവിഞ്ഞു. വാർഷിക ആഭ്യന്തരോൽപാദനത്തിന്റെ 36 ശതമാനത്തിന് തുല്യമാണിത്. കാലിക വരവിന്റെ 22 ശതമാനം പലിശക്കായി മാറ്റിവെക്കേണ്ടി വരുന്നു. ഓരോ വർഷവും തനതു വരുമാനത്തിന്റെ വർധിക്കുന്ന പങ്ക് പലിശക്കായി ചെലവഴിക്കേണ്ട അവസ്ഥ. അത് 2011-12ൽ 22 ശതമാനമായിരുന്നു. 2020-21 ആയപ്പോൾ 37 ശതമാനമായി ഉയർന്നു. കടം കൂടുന്നുവെങ്കിലും സമ്പദ് വളർച്ച ഉണ്ടാകുന്നില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലൂടെ കടം 11 മടങ്ങായെങ്കിലും ആഭ്യന്തര ഉൽപാദനം എട്ടു മടങ്ങേ കൂടിയിട്ടുള്ളൂ.
കടം നടത്തിപ്പ് കാര്യക്ഷമമാകണമെങ്കിൽ കാലികവരവിന്റെ നിശ്ചിത പങ്ക് തിരിച്ചടവിനായി മാറ്റിവെക്കണം. നിക്ഷേപിച്ചുകിട്ടുന്ന പലിശ കടം വീട്ടാൻ ഉപയോഗിക്കണം. അതിനായി രണ്ടു സഞ്ചിതനിധികൾ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു- സംസ്ഥാന സർക്കാർ എടുക്കുന്ന എല്ലാ കടങ്ങൾക്കുമായി ഋണനിമജ്ജന സഞ്ചിതനിധിയും ഈട് നൽകുന്ന കടങ്ങൾക്ക് പ്രത്യേകമായി ഈടുവായ്പ തിരിച്ചടവ് നിധിയും. രണ്ടു നിധികളും സൂക്ഷിക്കുന്നത് റിസർവ് ബാങ്കാണ്. സംസ്ഥാനങ്ങൾ നിധിയിൽ അടക്കുന്ന പണം റിസർവ് ബാങ്ക് കേന്ദ്ര സർക്കാർ ഇറക്കുന്ന കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നു. പലിശ വരവ് വെക്കുന്നു. കടം തിരിച്ചടവിനായി പിൻവലിക്കാൻ അനുവദിക്കുന്നു. സംസ്ഥാനം നിധിയിലടക്കുന്ന വിഹിതത്തിന് ആനുപാതികമായി പലിശ ഇളവ് നൽകുന്നു. കാലികകമ്മി ഉണ്ടായാലും നിധിയിലേക്ക് അടവ് മുടക്കരുതെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം.
എന്നാൽ, കേരളം ഇതിനോട് അങ്ങേയറ്റത്തെ ഉദാസീനതയാണ് കാണിച്ചത്. പല സംസ്ഥാനങ്ങളും ബാധ്യതയുടെ നാലു മുതൽ 12 ശതമാനം വരെ നിധിയിൽ നിക്ഷേപിച്ചു. അഖിലേന്ത്യ സംസ്ഥാന ശരാശരി മൂന്നു ശതമാനമാണ്. കേരളത്തിലാകട്ടെ ഒരു ശതമാനത്തിൽ താഴെ. അതുതന്നെ പലപ്പോഴും മുടങ്ങുന്നു. 2018 -19 ൽ 1073 കോടി രൂപ സഞ്ചിത നിധിയിലേക്ക് മാറ്റേണ്ടതായിരുന്നു. അങ്ങനെ ചെയ്തിട്ടില്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടി. അടവ് മുടങ്ങിയെങ്കിലും പിൻവലിക്കൽ മുറക്ക് നടത്തി. അതിനാൽ കേരളത്തിന്റെ നിധിയിൽ നീക്കിയിരിപ്പ് തുച്ഛമാണ്. 2020-21 അവസാനം 2050 കോടി രൂപയേ നിധിയിൽ അവശേഷിച്ചിരുന്നുള്ളൂ. അതിന്റെ പത്തിരട്ടിയോളമായിരുന്നു വാർഷിക പലിശഭാരം.
റിസർവ് ബാങ്കിന്റെ നിർദേശത്തിനു പുറമേ സംസ്ഥാന സർക്കാറിന്റെ ഈടുവായ്പ പരിധി നിയമത്തിലും വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് രണ്ടാമത് പറഞ്ഞ ഈട് വായ്പാ തിരിച്ചടവ് നിധി. നിയമം നിലവിൽ വന്ന് 18 വർഷം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇപ്പോഴും നിധി രൂപവത്കരിച്ചിട്ടില്ല. മുൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ ഇതിന് തുനിഞ്ഞില്ലെന്ന് സി.എ.ജി വിമർശനം ഉയർത്തി. പൊതുമേഖല സംരംഭങ്ങളുടെ വായ്പകൾക്ക് നൽകുമ്പോൾ പിരിക്കുന്ന കമീഷനാണ് സർക്കാർ നിധിയിൽ അടക്കേണ്ടത്. മറ്റു പല സംസ്ഥാനങ്ങളും വായ്പയുടെ ഒന്നര മുതൽ രണ്ടു ശതമാനം വരെ കമീഷൻ ഈടാക്കുമ്പോൾ കേരളം 0.75 ശതമാനമെന്ന കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചത്. അതുപോലും യഥാസമയം പിരിച്ചെടുക്കാറില്ല. 2019-20ൽ 170 കോടി രൂപ കുടിശ്ശികയായിരുന്നു. നിധി രൂപവത്കരിക്കാത്തതിനാൽ പിരിച്ചെടുക്കുന്ന തുക കടം തിരിച്ചടവിനല്ല കാലിക ചെലവിലാണ് വിനിയോഗിക്കുന്നത്. 2003-04 മുതൽ 2018-19 വരെ കമീഷനായി ഈടാക്കിയ 1200 കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്ന് സി.എ.ജി പരിശോധനയിൽ കണ്ടെത്തി. പൊതുധനകാര്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുടെ ലംഘനമാണിത്.
ഇന്ത്യയിലെ ഏറ്റവും ആളോഹരി ഉപഭോഗമുള്ള സംസ്ഥാനമാണ് കേരളം. പെരുത്ത മധ്യവർഗവും പടരുന്ന മധ്യവർഗ ഉപഭോഗ ശീലങ്ങളും പ്രവാസിപ്പണവും വിപണിയെ വിപുലമാക്കിയിട്ടുണ്ട്. എന്നാൽ, അതിനനുസൃതമായ വർധന ഉപഭോഗ വിപണിയിൽനിന്നുള്ള ചരക്ക്-സേവന നികുതി വരുമാനത്തിൽ ഉണ്ടായില്ല. വ്യാജബില്ലും ബില്ലില്ലാ കച്ചവടവും വലിയതോതിൽ ചോർച്ചക്ക് വഴിയൊരുക്കുന്നു. കച്ചവടക്കാരന്റെ ലാഭക്കണ്ണും ഉപഭോക്താവിന്റെ അൽപത്വവും നികുതി ഉദ്യോഗസ്ഥന്റെ കൈക്കൂലിയും ഒത്തുചേരുന്നതിനാലാണ് ഇത്രയും വലിയ കൊള്ള അരങ്ങേറുന്നത്.
ഇവിടെ രണ്ടു പ്രശ്നമുണ്ട്. നേരത്തേ ചുമത്തിയ നികുതി പിരിച്ചെടുക്കുന്നതിലെ പരാജയമാണ് ആദ്യത്തേത്. 2019-20ലെ കണക്കുകൾ നോക്കുമ്പോൾ 19,000 കോടി രൂപയുടെ നികുതി കുടിശ്ശികയുണ്ടായിരുന്നു. അതിൽ 11,000 കോടി തർക്കത്തിലും കോടതിയിലുമായി. ബാക്കി 8000 കോടി രൂപയുടെ മൂന്നിലൊന്നെങ്കിലും പിരിച്ചിരുന്നുവെങ്കിൽ കിഫ്ബിയുടെ മസാലബോണ്ട് കടമെടുപ്പ് ഒഴിവാക്കാമായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, സംസ്ഥാന സർക്കാർ തനതുവിഭവ സമാഹരണത്തിൽ കാട്ടുന്ന അലസത, നിലവിലെ ബാധ്യതയും പ്രതീക്ഷിത സമ്പദ് വളർച്ചയും പ്രകാരമുള്ള കടമെടുപ്പുശേഷി, വികലവും അപര്യാപ്തവുമായ തിരിച്ചടവ് സംവിധാനം എന്നിവ വെളിവാക്കുന്നത് കിഫ്ബിയുടേതെന്നല്ല, സംസ്ഥാന സർക്കാറിന്റെ ഏതു വലിയ കടമെടുപ്പും ഇന്നത്തെ സാഹചര്യത്തിൽ സാധൂകരിക്കാനാവില്ല.
എഴുത്ത്: ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.