''ഉഴവു പഴിച്ചാൽ വിളവു പിഴയ്ക്കും'' എന്നാണ് ചൊല്ല്. അത് സാർഥകമാക്കുകയാണ് കെ.എസ്.ആർ.ടി.സി (കേരള റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ). പലതരത്തിൽ അരങ്ങേറുന്ന അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയുമാണ് സ്ഥാപനത്തിൻെറ മുഖമുദ്ര. ഉദ്യോഗസ്ഥ ഭരണതലത്തിൽ അടി മുതൽ മുടി വരെ കുത്തഴിഞ്ഞു. ഇരകളാവുന്നതാകട്ടെ ജീവനക്കാരും പൊതുസമൂഹവും. കെ.എസ്.ആർ.ടി.സിയിൽ നടമാടുന്ന അഴിമതികളിൽ വലിയൊരു ശതമാനം പുറത്ത് വരാറില്ല; പലതും മൂടിവെക്കുന്നുണ്ട്. ഭരണരംഗത്ത് വഴിപിഴച്ച അരാജകത്വമാണ്. വളരെ അപൂർവമായി ചിലർ കെണിയിൽ കുരുങ്ങും. രക്ഷക്കുള്ള എല്ലാ വഴികളും അടഞ്ഞുകഴിഞ്ഞാൽ സർക്കാർ അവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യും.
2021 സെപ്റ്റംബർ 23ന് ഗതാഗതവകുപ്പ് പുറത്തിറക്കിയ ഉത്തരവ് വായിക്കുമ്പോൾ തിരിച്ചറിയുന്നത് അഴിമതിയുടെ ലോകമാണ്. കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം ചീഫ് എൻജിനീയർ ആർ. ഇന്ദുവിനെ സർക്കാർ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. കോൺട്രാക്ടർമാരെ നിയമവും ചട്ടവും മറികടന്ന് സഹായിക്കാൻ ശ്രമിച്ചുവെന്നാണ് ഇന്ദുവിനെതിരായ ആരോപണങ്ങളിലൊന്ന്.
ഗതാഗത മന്ത്രിയുടെ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ധനകാര്യവിഭാഗം കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗത്തിൽ പരിശോധന നടത്തി. 2020 ഡിസംബർ മുതൽ 2021 മാർച്ച് വരെയായിരുന്നു പരിശോധന
ഹൈബി ഈഡൻ (നേരത്തേ എം.എൽ.എ ) അടക്കമുള്ളവർ നാടിെൻറ വികസനത്തിനായി നീക്കിവെച്ച കോടികൾ വാങ്ങി കെ.എസ്.ആർ.ടി.സി നിർമാണം നടത്തി. എന്നാൽ, എവിടെയും എത്തിയില്ല. വിവിധ ഡിപ്പോകളിൽ നടന്ന നിർമാണങ്ങളിൽ കാലതാമസം വരുത്തി സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് അന്വേഷിക്കുന്നതിന് തീരുമാനിച്ചത്. ഗതാഗത മന്ത്രിയുടെ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ധനകാര്യവിഭാഗം കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗത്തിൽ പരിശോധന നടത്തി. 2020 ഡിസംബർ മുതൽ 2021 മാർച്ച് വരെയായിരുന്നു പരിശോധന. എറണാകുളം (കരിക്കാമുറി), കണ്ണൂർ, മൂവാറ്റുപുഴ, തൊടുപുഴ, ചെങ്ങന്നൂർ, ഹരിപ്പാട് ഡിപ്പോകളിലെ ഏതാനും നിർമാണങ്ങളാണ് പരിശോധിച്ചത്. ഈ ഡിപ്പോകളിലെ നിർമാണ നടത്തിപ്പിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. ലഭിച്ച രേഖകൾ, ഫയലുകൾ, ഉദ്യോഗസ്ഥരുടെ മറുപടികൾ, വിശദീകരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന പൊതുമേഖലാ സ്ഥാപനത്തിനുള്ളിലെ തട്ടിപ്പും കെടുകാര്യസ്ഥതയും വെളിപ്പെടുത്തുകയാണ് റിപ്പോർട്ട്. സിവിൽ വിഭാഗത്തിലെ ചീഫ് എൻജിനീയറുടെ കെടുകാര്യസ്ഥതയും ക്രമക്കേടും കേൺട്രാക്ടർമാരെ സഹായിക്കാൻ നടത്തിയ വഴിവിട്ട നടപടികളുമാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സിവിൽ വിഭാഗം ചീഫ് എൻജിനീയറെ 2021 ഒക്ടോബർ 21ന് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. എന്നാൽ, ചീഫ് എൻജിനീയർ നടത്തിയ അഴിമതിയുടെ വൻ മലയുടെ ചെറു ശിഖരം മാത്രമാണ് പരിശോധനയിലൂടെ പുറത്തുവന്നത്.
എറണാകുളം ഡിപ്പോയിലെ കാരിക്കാമുറി അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൻെറയും 12 - ബേ ഗാരേജിൻെറയും നിർമാണത്തിന് തുക അനുവദിച്ചത് ഹൈബി ഈഡൻെറ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ്. എറണാകുളം ഡിപ്പോ യൂനിറ്റിനോട് ചേർന്ന് ഇത് നിർമിക്കുന്നതിന് രണ്ടു കോടിയുടെ എസ്റ്റിമേറ്റും തയാറാക്കി. 2014 ഫെബ്രുവരി 26ന് ഭരണാനുമതിയും ഏപ്രിൽ 19ന് സാങ്കേതിക അനുമതിയും നൽകി. ഇ-ടെൻഡർ ക്ഷണിച്ചെങ്കിലും ബിഡുകൾ ഒന്നും ലഭിക്കാത്തതിനാൽ 2014 മേയ് 19ന് റീ ടെൻഡർ ചെയ്തു. മൂന്നുപേർ അപേക്ഷ നൽകിയതിൽ ഐസക് മാത്യുവിന് സെക്ഷൻ നോട്ടിസ് നൽകി. ഒക്ടോബർ എട്ടിന് കരാറിൽ ഒപ്പിട്ടു.
2015 ഫെബ്രുവരി 20ന് ആരംഭിച്ച നിർമാണത്തിന് ഒക്ടോബർ ഉത്തരവുപ്രകാരം 60.01 ലക്ഷവും 2017 ഏപ്രിൽ 22ലെ ഉത്തരവ് പ്രകാരം 79.51 ലക്ഷവും (ആകെ 1.39 കോടി) നൽകി. നിർമാണം നടക്കുന്നതിനിടയിൽ അപാകത കാരണം കെട്ടിടത്തിൽ വിള്ളൽ ഉണ്ടായി. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണവും നടത്തി. അനന്തപത്മനാഭൻ എന്ന പേരിൽ അജ്ഞാതനായ ഒരാൾ അയച്ച കത്ത് എറണാകുളം വിജിലൻസ് ഓഫിസിൽ ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. നിർമാണത്തിൽ സമൂഹത്തോട് വഞ്ചനാപരമായ സമീപനമാണ് കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം അധികൃതർ സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രണ്ട് കോടി ചെലവഴിച്ച് കെട്ടിടം നിർമിക്കുമ്പോൾ അത് ദീർഘകാലത്തേക്ക് ഉപയോഗിക്കാനുള്ള സാധ്യത മുന്നിൽ കണ്ടില്ല. ഏതെങ്കിലും തരത്തിൽ കെട്ടിടത്തിന് അപകടം സംഭവിച്ചാൽ തൊഴിലാളികൾക്ക് മാത്രമല്ല പൊതുജനങ്ങൾക്കുകൂടി അതിൻെറ ദോഷം അനുഭവിക്കേണ്ടി വരും. പൊതുജനങ്ങളിൽനിന്ന് നികുതിയിനത്തിൽ സംഭരിക്കുന്ന പണം ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി സമൂഹത്തിന് ഗുണകരമാകുന്ന സംരംഭത്തിന് ഉപയോഗപ്പെടുത്തുമ്പോൾ അതിൻെറ ഉദ്ദേശ്യശുദ്ധി ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിക്കു വേണ്ടി നൽകുന്ന സർക്കാർ ധനം ദുർവ്യയം ചെയ്തുവെന്നും, സിവിൽവിഭാഗം അധികൃതരും കരാറുകാരനും സ്വാർഥ ലാഭത്തിനുവേണ്ടി പ്രവർത്തിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തം.
ഫയൽ പരിശോധനയിൽ എറണാകുളം ഡിപ്പോയിൽ സൈറ്റ് കണ്ടീഷൻ സംബന്ധിച്ചോ, സൈറ്റിൻെറ പ്രത്യേകത സംബന്ധിച്ചോ ഒരു ഡാറ്റയും ഇല്ലെന്ന് ഫയലിൽ രേഖപ്പെടുത്തി. എന്നിട്ടും ലഭ്യമായ രേഖകൾ െവച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ ചീഫ് എൻജിനീയർ നിർദേശിച്ചുവത്രെ. നിർമാണവുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ ഡാറ്റ, വിശദമായ എസ്റ്റിമേറ്റ്, പ്ലാൻ എന്നിവ ചീഫ് ഓഫിസിൽനിന്നും ലഭ്യമായിട്ടുള്ളതാണെന്ന് എറണാകുളം അസിസ്റ്റൻറ് എൻജിനീയറുടെ 2016 ജൂലൈ 22ലെ കത്തിൽ സൂചിപ്പിച്ചു. ഇതിൽനിന്നും ചീഫ് എൻജിനീയർ എറണാകുളത്തെ സൈറ്റ് വിസിറ്റ് ചെയ്യാതെയും മണ്ണിൻെറ അവസ്ഥ മനസ്സിലാക്കാതെയുമാണ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളതെന്ന് വ്യക്തം. എറണാകുളം അസിസ്റ്റൻറ് എൻജിനീയറുടെ 2016 ജൂൺ 10ലെ കത്ത് പ്രകാരം നിർമാണത്തിലുള്ള കെട്ടിടത്തിൻെറ ചുവരുകളിൽ വിള്ളൽ ഉണ്ടെന്ന് ചീഫ് എൻജിനീയറെ അറിയിക്കുകയും തുടർന്ന് ചുവരിലെ വിള്ളൽ സംബന്ധിച്ച് സ്ട്രക്ചറൽ കൺസൽട്ടിൻെറ അഭിപ്രായം തേടാൻ 2016 ജൂൺ 16 കത്ത് പ്രകാരം ചീഫ് എൻജിനീയർ നിർദേശിച്ചു.
സ്റ്റ്യൂബ എൻജിനീയറിങ് കൺസൽട്ടൻസിയാണ് കെട്ടിട പരിശോധന നടത്തിയത്. ഈ പ്രദേശത്തെ മണ്ണിൽ 21 മീറ്റർ വരെ വളരെ അയഞ്ഞ സോയിലാണെന്ന് അവർ റിപ്പോർട്ട് ചെയ്തു. നിർമാണപ്രദേശം പരിശോധിക്കാതെ എസ്റ്റിമേറ്റ് തയാറാക്കി. നിർമാണത്തിലുള്ള കെട്ടിടത്തിൻെറ ബേസ്മെൻറിന് ഗുരുതര അപാകതയുണ്ടെന്ന് ചീഫ് എൻജിനീയർക്ക് നല്ല ബോധ്യമുണ്ടായിട്ടും ആ വിവരം ചൂണ്ടിക്കാണിക്കാതെ രണ്ടാംഘട്ട ബിൽ തുകയായ 80.01 ലക്ഷം രൂപക്കു വേണ്ടി സർക്കാറിലേക്ക് കത്തയക്കാൻ 2017 ഫെബ്രുവരി 13ന് ശിപാർശചെയ്തു. 2017 ഏപ്രിൽ 22ലെ ഉത്തരവ് പ്രകാരം 79.51ലക്ഷം രൂപയിൽ കരാറുകാരന് 62.41 ലക്ഷം അനുവദിച്ചു നൽകിയതും ചീഫ് എൻജിനീയറുടെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണ്. രണ്ടാം ഘട്ടത്തിൽനിന്നും ഈടാക്കിയ അഡീഷനൽ സെക്യൂരിറ്റി തുക (8,00,186 രൂപ) ആവശ്യപ്പെട്ടതുപ്രകാരം ഈ തുക അനുവദിക്കാൻ ശിപാർശ നൽകിയെന്നും ഫയൽ പരിശോധനയിൽ കണ്ടെത്തി. ചീഫ് എൻജിനീയറുടെ ഈ നടപടികളെല്ലാം കരാറുകാരന് സഹായിക്കാൻ വേണ്ടിയുള്ളതാണ്. അവർ അഴിമതിക്ക് കൂട്ടുനിൽക്കുകയായിരുന്നു.
പരിശോധന വിഭാഗം 2021 മാർച്ച് 18ന് സ്ഥലം സന്ദർശിക്കുകയും കെട്ടിടം ഉപയോഗിക്കാൻ കഴിയാത്തവിധത്തിൽ അപകടാവസ്ഥയിൽ ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. നിർമാണത്തിലെ അപാകതകളും കെട്ടിടത്തിൻെറ അപകടസ്ഥിതിയും വ്യക്തമാക്കുന്ന ഫോട്ടോകളും എടുത്തു. കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ (കാരിക്കാമുറി) അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൻെറയും 12 - ബേ ഗാരേജിൻെറയും നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശം പരിശോധിക്കാതെ എസ്റ്റിമേറ്റ് തയാറാക്കുന്നത് മുതൽ അഴിമതി തുടങ്ങി. എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് പൊതുജനങ്ങളുടെ ആവശ്യത്തിന് നിർമിക്കുന്ന കെട്ടിടത്തിൻെറ നിർമാണത്തിന് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം മേധാവി എന്ന നിലയിൽ ആർ. ഇന്ദുവിെൻറ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായതു കാരണം സർക്കാർ 1.39 കോടിയാണ് പാഴാക്കിയത്. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും അന്വേഷണത്തിന് അടിസ്ഥാനത്തിൽ സർക്കാറിൽ ഉണ്ടായ നഷ്ടം (1.39 കോടി) ചീഫ് എൻജിനീയറിൽനിന്നും ഈടാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു (2021 നവംബർ 10ന് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു).
ജീവനക്കാരുടെ വിശ്രമമുറികളുടെയും ഓഫിസ് കെട്ടിടത്തിൽ നിർമാണത്തിന് എം.എൽ.എയുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചു. പദ്ധതിക്ക് 2015 ജൂലൈ 23ന് ഭരണാനുമതിയും 28ന് സാങ്കേതിക അനുമതിയും നൽകി. ഇ - ടെൻഡറിൽ എസ്റ്റിമേറ്റ് തുകയേക്കാൾ 4.5 ശതമാനം കുറവ് ക്വാട്ട് ചെയ്ത പന്നേരി ദിനേശന് കരാർ നൽകി. 2015 ഡിസംബർ 29ന് അടങ്കൽ തുക 95.50 ലക്ഷം നിശ്ചയിച്ചാണ് കരാർ ഉറപ്പിച്ചത്. കരാർ പ്രകാരം പൂർത്തീകരണ കാലാവധി 10 മാസമായിരുന്നു. കരാറുകാരന് 2016 ഫെബ്രുവരി എട്ടിന് സൈറ്റ് കൈമാറി നൽകി നിർമാണം പൂർത്തീകരിക്കേണ്ട തീയതി 2016 ഡിസംബർ ഏഴായിരുന്നു.
2016 ഡിസംബർ ഒന്നിന് കരാറുകാരന് ആദ്യത്തെ ഭാഗിക ബില്ലായി 47.55 ലക്ഷം നൽകി. നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ സാധിക്കാതിരുന്ന കരാറുകാരൻ കരാറിലെ പൂർത്തീകരണ തീയതി ഡിസംബർ ഏഴിന് മുമ്പായി തീയതി നീട്ടികിട്ടുന്നതിനുള്ള അപേക്ഷ നൽകണമെന്ന ചട്ടവും പാലിച്ചില്ല. 2017 മേയ് 22നാണ് കരാർ നീട്ടി നൽകാനുള്ള അപേക്ഷ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. എന്നാൽ അപേക്ഷയിൽ തീയതി 2016 നവംബർ 23 എന്നാണ് രേഖപ്പെടുത്തിയത്.
തുടർന്ന് 2016 ഡിസംബർ എട്ടിന് പൂർത്തീകരണ തീയതി 2017 ഒക്ടോബർ 30 ആയി ദീർഘിപ്പിച്ച് സപ്ലിമെൻററി കരാർ െവച്ചുവെങ്കിലും ആ തീയതിക്കുള്ളിൽ നിർമാണം പൂർത്തീകരിച്ചില്ല. കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ നൽകുകയും ചെയ്തില്ല. രണ്ടാമതും കാലാവധി നീട്ടണമെന്നുള്ള അപേക്ഷ കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത് 2017 നവംബർ 20നാണ്. തുടർന്ന് 2018 ഒക്ടോബർ 30ലേക്ക് പൂർത്തീകരണ കാലാവധി നീട്ടിെക്കാണ്ടുള്ള സപ്ലിമെൻററി കരാർ വെക്കുന്നത് ഡിസംബർ 21നാണ്. അതായത്, പൂർത്തീകരണ കാലാവധി കഴിഞ്ഞ 52 ദിവസങ്ങൾക്കുശേഷം കെട്ടിടത്തിലെ ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികളിൽ എസ്റ്റിമേറ്റിൽ പറഞ്ഞിട്ടുള്ളതിൽനിന്നും വ്യത്യസ്തമായി ചില പ്രവൃത്തികൾ അധികമായി ചെയ്യേണ്ടി വന്നതിനാൽ അത് സംബന്ധിച്ച് 95.50 ലക്ഷം രൂപയിൽ നിന്ന് 99.95 ലക്ഷം രൂപയായി വർധിപ്പിച്ച് സപ്ലിമെൻററി കരാർ വെച്ചത് 2019 ഫെബ്രുവരി 19ന് (80 ദിവസങ്ങൾക്ക് ശേഷം) മാത്രമാണ് എന്നത് കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗത്തിൻെറ സൂപ്പർവൈസറി കെടുകാര്യസ്ഥത വ്യക്തമാക്കുന്നു. ഇതുസംബന്ധമായ വിശദീകരണത്തിൽ ജീവനക്കാരുടെ എണ്ണം പരിമിതമായതുകൊണ്ട് ഇത്തരത്തിൽ കാലതാമസം വന്നിട്ടുണ്ടെന്നാണ് ചീഫ് എൻജിനീയർ അറിയിച്ചത്. രണ്ടാമത്തെയും അവസാനത്തേതുമായ 45.48 ലക്ഷം രൂപയുടെ ബിൽ 2020 ജനുവരി 13ന് സമർപ്പിച്ചു. കാലതാമസം വരുത്തിയതിന് പിഴയിനത്തിൽ 1.60 ലക്ഷം ഈടാക്കിയ ശേഷം ബാക്കി തുകയായ 43.87 ലക്ഷം കരാറുകാരന് അനുവദിച്ചു നൽകാവുന്നതാണെന്ന് അക്കൗണ്ട്സ് വിഭാഗം ശിപാർശ ചെയ്തു. എന്നാൽ, എസ്റ്റിമേറ്റ് റിവൈസ് ചെയ്യുമ്പോൾ അതിനെ ഭരണസമിതിയോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെയോ അനുമതിയോ അംഗീകാരമോ ഉണ്ടായിരുന്നില്ലെന്ന കാരണത്താൽ ബിൽ പാസാക്കി നൽകിയില്ല. തുക മാറികിട്ടുന്നത് കാലതാമസം വന്നതിനെത്തുടർന്ന് കരാറുകാരനായ പന്നേരി ദിനേശൻ 2020 ഡിസംബർ ഏഴിന് കേസ് ഫയൽ ചെയ്തു.
ഇത് സംബന്ധമായ രേഖകൾ പരിശോധിച്ചതിൽ കേസിനാസ്പദമായ പ്രവൃത്തി പൂർത്തീകരിച്ച് തീയതി രേഖപ്പെടുത്തിയതിൽപോലും എതിർ സത്യവാങ്മൂലത്തിൽ പിഴവ് വരുത്തിയെന്ന് കണ്ടെത്തി. നിർമാണം പൂർത്തീകരിച്ചത് 2018 ഒക്ടോബർ 30നാണെന്ന് കരാറുകാരും അംഗീകരിച്ചിരുന്നു. എന്നാൽ, 2016 ഒക്ടോബർ 30ന് പൂർത്തിയാക്കിയതായി സിവിൽ വിഭാഗത്തിൽനിന്നും തയാറാക്കി എതിർ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തി. അത് ഗുരുതര വീഴ്ചയാണ്. യഥാർഥത്തിൽ പൂർത്തീകരണ തീയതി രണ്ടുവർഷം മുമ്പാണെന്ന് എതിർ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത് സംബന്ധിച്ച് വിശദീകരണത്തിൽ 'ക്ലറിക്കൽ എറർ' എന്ന് നിസ്സാരമായ മറുപടി നൽകി തടിയൂരി. ഹൈകോടതിയിൽ ഫയൽ ചെയ്യുന്ന സത്യവാങ്മൂലം തയാറാക്കുമ്പോൾ കേസിനെ വിധിയെപോലും ദോഷകരമായി ബാധിക്കുന്ന തരത്തിൽ കരാറുകാരനെ സഹായിക്കുംവിധം കാര്യങ്ങൾ ചെയ്യുന്നത് ഒട്ടും അഭിലഷണീയമല്ല.
ഹരിപ്പാട് ഡിപ്പോയിൽ എം.എൽ.എ ഫണ്ടിൽനിന്ന് യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ഗാരേജും നിർമിക്കാൻ തീരുമാനിച്ചു. 2014 ആഗസ്റ്റ് 18ന് 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. സെപ്റ്റംബർ 22ന് സാങ്കേതിക അനുമതിയും നൽകി. ആദ്യത്തെ ഇ- ടെൻഡറിൽ ഒരു കരാറുകാരൻ മാത്രമേ പങ്കെടുത്തുള്ളൂ. അതിനാൽ ഡിസംബർ 19ന് റീടെൻഡർ നടത്തി. അതിലും ഒരു കരാറുകാരൻ മാത്രമേ പങ്കെടുത്തുള്ളൂ. ടെൻഡർ സമർപ്പിച്ച പി.ഐ. മുഹമ്മദ് ഷമീറിന് എസ്റ്റിമേറ്റ് തുകയേക്കാൾ 3.67 ശതമാനം കുറവിൽ (72, 24,750) നിർമാണം അനുവദിച്ചു. നിർമാണത്തിൻെറ കാലാവധി എട്ടു മാസം നിശ്ചയിച്ചാണ് ഏപ്രിൽ ഒമ്പതിന് കരാർ ഉറപ്പിച്ചത്. 2015 ജൂൺ 17ന് സ്ഥലം കരാറുകാരന് കൈമാറി. എന്നാൽ എട്ട് മാസം മാത്രം പൂർത്തീകരണ കാലാവധിക്കുള്ളിൽ ഗാരേജ് നിർമാണം മാത്രം 2016 ഫെബ്രുവരി 26ന് പൂർത്തീകരിക്കുകയും ബിൽ ഇനത്തിൽ 43,06,184 രൂപ 2016 മേയ് 19ന് അനുവദിച്ചു. യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തിൻെറ നിർമാണം നാളിതുവരെ നടപ്പാക്കിയിട്ടില്ല.
നിർമാണത്തിൽ ഉടനീളം ക്രമക്കേട് കണ്ടതിനാൽ ചീഫ് എൻജിനീയർ ആർ. ഇന്ദുവിനോട് പരിശോധനാ സംഘം വിശദീകരണം തേടി. കെ.എസ്.ആർ.ടി.സി ഭരണസമിതിയുടെ അംഗീകാരവും ലഭിച്ചതിനുശേഷമാണ് എഗ്രിമെൻറ് വെച്ച് നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് ചീഫ് എൻജിനീയർ മറുപടി നൽകി. ഇക്കാര്യത്തിൽ ഫയലുകൾ സൂക്ഷ്മതലത്തിൽ പരിശോധിച്ചപ്പോൾ കാര്യങ്ങൾ തകിടംമറിഞ്ഞു. വകുപ്പ് മേധാവി തലവനായും ഫിനാൻസ് ഓഫിസറും ടെൻഡർ ക്ഷണിക്കുന്ന അധികാരിയും അംഗങ്ങളായിട്ടുള്ള കമ്മിറ്റിക്ക് റീ ടെൻഡർ പ്രകാരമുള്ള സിംഗിൾ ബിഡ് അംഗീകരിക്കാവുന്നതാണ്. എന്നാൽ, ഈ ഉത്തരവിന് 2015 മുതൽ മാത്രമേ സാധുതയുള്ളൂ. 2014 ഡിസംബർ 31ന് റീടെൻഡർ ചെയ്ത് (ഹരിപ്പാട് ഡിപ്പോയിൽ എം.എൽ.എയുടെ നിയോജക മണ്ഡലത്തിലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഗാരേജ്, യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്ര നിർമാണം എന്നിവ പ്രവർത്തിക്കുക) സിംഗിൾ ടെൻഡർ അംഗീകരിച്ചത് 2015 ജൂലൈ 30ലെ ഉത്തരവ് പ്രകാരം ആണെന്ന സി.ഇയുടെ വാദം അംഗീകരിക്കാനാവില്ല. ഉത്തരവ് ചൂണ്ടിക്കാട്ടി പരിശോധനാ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് ആർ. ഇന്ദു നൽകിയത്. സിംഗിൾ ടെൻഡർ അംഗീകരിക്കാമെന്ന ചീഫ് എൻജിനീയറുടെ അഭിപ്രായം ബോർഡ് ഓഫ് ഡയറക്ടേഴ്സ് സമ്മതിക്കുകയായിരുന്നുവെന്ന് ഫയലുകളിൽ വ്യക്തമാണ്.
2015 ജൂൺ 17ന് സൈറ്റ് കൈമാറിയത് ഗാരേജ് പണിയുന്നതിനാണെന്നും കാത്തിരിപ്പ് കേന്ദ്രത്തിനല്ലായെന്നും ചീഫ് എൻജിനീയർ നൽകിയ മറുപടിയും പരിശോധനാ സംഘം തള്ളി. കാരണം ഗാരേജ് നിർമാണവും യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ നിർമാണവും ഒരേ ഉത്തരവ് പ്രകാരമാണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും നൽകിയത്. ആ ഉത്തരവ് പ്രകാരം ഒറ്റ കരാറാണ് നൽകിയിട്ടുള്ളത്. സൈറ്റ് കൈമാറി നൽകിയ 2015 ജൂൺ 17 ഉത്തരവിലും construction of passengers waiting area and Garage എന്നാണ് രേഖപ്പെടുത്തിയത്. ഇതിൽനിന്നും പ്രവൃത്തി വീതിച്ചു നൽകിയെന്ന ചീഫ് എൻജിനീയറുടെ വാദം അവാസ്തവമാണ്.
യൂനിറ്റിൽനിന്നും സമയബന്ധിതമായി കാത്തിരിപ്പ് കേന്ദ്രത്തിൽ നിർമാണത്തിനുള്ള സൈറ്റ് എൻജിനീയറിങ് വിഭാഗത്തിന് കൈമാറ്റം ചെയ്തില്ല. അത് കാരണം കരാറുകാരനു സൈറ്റ് കൈമാറ്റം ചെയ്യാൻ സാധിച്ചില്ല. കാത്തിരിപ്പ് കേന്ദ്രത്തിെൻറ സൈറ്റ് ക്ലിയർ ചെയ്തത് 2019ൽ മാത്രമാണെന്നാണ് അസി. എൻജിനീയർ അറിയിച്ചത്. തടസ്സമില്ലാതെ സൈറ്റ് നൽകിയതിനു ശേഷം മാത്രമേ ടെൻഡർ നടപടികൾ കൈക്കൊള്ളാവൂ എന്നിരിക്കെ പ്രവൃത്തിയുടെ നടത്തിപ്പിനായി കരാറുകാരന് കൈമാറാൻ കഴിയാത്തത് സിവിൽ വിഭാഗത്തിൻെറ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. 2015ൽ അനുവദിച്ച പ്രവൃത്തി നാളിതുവരെ നടപ്പാക്കാൻ കഴിയാത്തത് ചീഫ് എൻജിനീയറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ്.
തടസ്സങ്ങളില്ലാത്ത സൈറ്റ് ലഭ്യമാക്കാതെ പ്രവൃത്തികൾ അനുവദിച്ചു ടെൻഡർ നൽകുക, സിംഗിൾ ടെൻഡർ അംഗീകരിക്കുക, കരാറുകാരെൻറ അപേക്ഷയോ അസിസ്റ്റൻറ് എൻജിനീയറുടെ ശിപാർശയോ ഇല്ലാതെ പ്രവൃത്തി 2016 ഏപ്രിൽ 30 മുതൽ 2017 മേയ് 31 വരെ ദീർഘിപ്പിച്ച് നൽകി മുൻകാലപ്രാബല്യത്തോടെ 2020 ആഗസ്റ്റ് 14ൽ കരാർ സൃഷ്ടിക്കുക, ഗാരേജ് നിർമാണം പൂർത്തീകരിച്ച് രണ്ടു വർഷങ്ങൾക്കു ശേഷം അസിസ്റ്റൻറ് എൻജിനീയർ സമർപ്പിച്ച റിവൈസ്ഡ് എസ്റ്റിമേറ്റ് ഡയറക്ടർ ബോർഡിെൻറ അംഗീകാരമില്ലാതെ ചീഫ് എൻജിനീയർ അംഗീകരിക്കുക, പഴയ താൽക്കാലിക ഗാരേജ് യഥാസമയം പൊളിച്ചുമാറ്റിയത് സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കി, അതിെൻറ അടിസ്ഥാനത്തിൽ പ്രവൃത്തി ക്ലോസ് ചെയ്ത് ബിൽ തുക നൽകാൻ സി.എം.ഡി നൽകിയ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് ക്ലോസ് ചെയ്യുക തുടങ്ങിയ ഗുരുതരമായ വീഴ്ചകൾ ചീഫ് എൻജിനീയർ ആർ. ഇന്ദു ഉത്തരവാദിയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഹരിപ്പാട് ഡിപ്പോയിൽ ബസ് ടെർമിനലും ഷോപ്പിങ് കോംപ്ലക്സും നിർമിക്കുന്നതിനായി സമർപ്പിച്ച ഡിസൈനും നിർമാണപ്രവർത്തനങ്ങൾക്ക് മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റും ഭരണസമിതിയുടെ 366ാമത് യോഗം അംഗീകരിച്ചു. ഇതു നടപ്പാക്കാൻ ടോട്ടൽ പ്രോജക്ട് ചെലവിെൻറ 2.50 ശതമാനം തുക ഫീസായി നൽകി ആർക്കിടെക്ടറൽ കൺസൽട്ടൻസി സ്ഥാപനമായ ജെ.സി.ജെ.ആർ പാർട്ണർഷിപ്പ് (കവടിയാർ) എന്ന സ്ഥാപനവുമായി കരാർ ഉണ്ടാക്കാനും തീരുമാനിച്ചു. 2013 മാർച്ച് ഒന്നിലെ ഉത്തരവുപ്രകാരം ബസ് ടെർമിനലും ഷോപ്പിങ് കോംപ്ലക്സും നിർമിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു.
2014 ആഗസ്റ്റ് 25ന് അവസാന തീയതി നിശ്ചയിച്ച് നടത്തിയ ആദ്യത്തെ ഇ- ടെൻഡറിൽ ഒരു കരാറുകാരൻ മാത്രമേ പങ്കെടുത്തുള്ളൂ. അതിനാൽ 2014 സെപ്റ്റംബർ 26 അവസാന തീയതി നിശ്ചയിച്ച് റീ ടെൻഡർ നടത്തി. രണ്ടുപേർ അതിൽ പങ്കെടുത്തു തുക രേഖപ്പെടുത്തി(എസ്റ്റിമേറ്റിനേക്കാൾ 11.9 ശതമാനം കൂടുതൽ) അബ്ദുൽ വഹാബിന് നിർമാണ കരാർ അനുവദിച്ചു. ഡിസംബർ 19ന് ചേർന്ന ഭരണസമിതി യോഗത്തിൽ 2012ലെ ഉത്തരവിൻെറ അടിസ്ഥാനത്തിൽ നിർമാണത്തിന് 5.35 കോടിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുകയും ടെൻഡർ ക്ഷണിച്ച നടപടിക്ക് സാധൂകരണം നൽകുകയും ചെയ്തു. എസ്റ്റിമേറ്റിനേക്കാൾ കൂടുതലായ തുകക്ക് 5.98 കോടിക്ക് കരാർ സമർപ്പിച്ച ഇ.ജെ കൺസ്ട്രക്ഷന് നൽകാൻ തീരുമാനിച്ചു. എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ ഉയർന്ന തുക കെ.എസ്.ആർ.ടി.സിക്ക് വഹിക്കാനാകാത്തതിൽ എം.എൽ.എ ഫണ്ട് ലഭ്യമാക്കാനായി സർക്കാറിനെ അറിയിക്കാനും തീരുമാനിച്ചു.
നിർമാണത്തിന് സാങ്കേതിക അനുമതി നൽകേണ്ടത് ചീഫ് എൻജിനീയറുടെ ഉത്തരവാദിത്തമായിരുന്നു. സാങ്കേതിക പരിജ്ഞാനമില്ലാത്ത എഫ്.എ ആൻഡ് സി.എ.ഒ/ സി.എം.ഡിയോട് കുറിപ്പ് ഫയലിൽ എസ്റ്റിമേറ്റ് സാങ്കേതികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട ചീഫ് എൻജിനീയറുടെ നടപടി ക്രമപ്രകാരമല്ല. സാങ്കേതിക അനുമതിയില്ലാതെ ഒരു നിർമാണവും നടപ്പാക്കാൻ കഴിയില്ലെന്നിരിക്കെ ഇത് ചീഫ് എൻജിനീയർ നടത്തിയ ഗുരുതര കൃത്യവിലോപമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ടെൻഡർ വിവരം പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ടെൻഡറിൽ കരാറുകാരുടെ പങ്കാളിത്തം കൂടുമായിരുന്നു. അത് സ്റ്റോർ പർച്ചേസ് നിയമങ്ങളുടെയും സി.വി.സി മാർഗനിർദേശങ്ങളുടെയും നഗ്നമായ ലംഘനമായിരുന്നു. മത്സരാധിഷ്ഠിത ടെൻഡർ അതുവഴി ഒഴിവാക്കി. കരാറുകാരൻ 28 മാസം വരെ കാലാവധിയുള്ള ബാങ്ക് ഗാരൻറിയാണ് നൽകേണ്ടത്. എന്നാൽ, ഇവിടെ സ്ഥലം കൈമാറിയശേഷം 18 മാസത്തിലാണ് നിർമാണം പൂർത്തീകരിക്കേണ്ടത്. ബാങ്ക് ഗാരൻറിയാകട്ടെ ആറ് മാസമാണ് നൽകിയത്. കരാറുകാരനെ സഹായിക്കാനാണ് ഇത് ചെയ്തത്. പൂർത്തീകരണ കാലാവധി ദീർഘിപ്പിക്കുന്നതിന് കരാറുകാരൻ അപേക്ഷ നൽകാതെ തന്നെ ചട്ടവിരുദ്ധമായി മുൻകാല പ്രബല്യത്തോടെ ദീർഘിപ്പിച്ച് നൽകിയതും ചീഫ് എൻജിനീയറാണ്.
ഹരിപ്പാട് ഡിപ്പോയിൽ ബസ് ടെർമിനലിൻെറയും ഷോപ്പിങ് കോംപ്ലക്സിൻെറയും നിർമാണം സംബന്ധിച്ച് സാങ്കേതിക അനുമതി പുറപ്പെടുവിക്കാതിരിക്കുക, പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധിയുടെ (മൂന്നിലൊന്ന്) കാലദൈർഘ്യം മാത്രമുള്ള ബാങ്ക് ഗാരൻറി-സെക്യൂരിറ്റി ഡെപ്പോസിറ്റായി പരിഗണിച്ച് പ്രവൃത്തി അനുവദിച്ചു കൊടുക്കുക, 2016 ജൂലൈ ഏഴ് മുതൽ 2017 വരെ ബാങ്ക് ഗാരൻറി ഇല്ലാതെ കരാറുകാരന് പ്രവൃത്തി നടപ്പിലാക്കാൻ അവസരമൊരുക്കുക, ചട്ടങ്ങൾക്ക് വിരുദ്ധമായി പൂർത്തീകരണ കാലാവധി ദീർഘിപ്പിച്ച് നൽകി കരാറുകാരനെ വഴിവിട്ട് സഹായിക്കുക. റിവൈസ്ഡ് എസ്റ്റിമേറ്റ് യഥാസമയം അതോറിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകൾക്ക് ചീഫ് എൻജിനീയർ ഉത്തരവാദിയാണ്.
മൂവാറ്റുപുഴ സ്റ്റേഷൻ യാഡ് നവീകരണത്തിനായി 1.75 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി. 2018 മാർച്ച് മൂന്നിന് ഭരണാനുമതിയും എട്ടിന് സാങ്കേതിക അനുമതിയും ലഭിച്ചു. ടെൻഡർ ക്ഷണിച്ചപ്പോൾ എട്ടുപേർ അപേക്ഷ നൽകി. എസ്റ്റിമേറ്റ് തുകയേക്കാൾ 18.03 ശതമാനം കുറവ് രേഖപ്പെടുത്തി സമർപ്പിച്ച ടെൻഡർ (1.43 കോടി) കെ. ഷൗക്കത്തലിക്ക് കരാർ നൽകി. 2018 സെപ്റ്റംബർ ആറിന് നിർമാണം ആരംഭിച്ച് 2019 മാർച്ച് മൂന്നിന് പൂർത്തിയാക്കി. പ്രവൃത്തി ആരംഭിച്ചശേഷം അസിസ്റ്റൻറ് എൻജിനീയർ റിവൈസ്ഡ് എസ്റ്റിമേറ്റിന് അപേക്ഷ സമർപ്പിച്ചു. അംഗീകരിച്ച എസ്റ്റിമേറ്റിലെ പല ഇനത്തിലും വ്യത്യാസം വരുത്തി റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ബോർഡിെൻറ അംഗീകാരം വാങ്ങിയിട്ടില്ല.
ഷൗക്കത്ത് അലിയുടെ ടെൻഡർ അംഗീകരിച്ച് കരാറിലേർപ്പെട്ട പ്രവൃത്തിക്ക് ബോർഡിെൻറ സാധൂകരണം ലഭിച്ചില്ല. അംഗീകരിച്ച എസ്റ്റിമേറ്റ് 15 ഇനങ്ങളിൽ വ്യത്യാസം വരുത്തിയും ഏഴിനങ്ങൾ അധികമായി ഉൾപ്പെടുത്തിയുമാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കിയത്. റിവൈസ്ഡ് എസ്റ്റിമേറ്റിന് ബോർഡിെൻറ അംഗീകാരം വാങ്ങിയില്ല. 1.75 കോടി രൂപ എസ്റ്റിമേറ്റ് തുകയുള്ള പ്രവൃത്തിയുടെ ടെൻഡർ നോട്ടിസ് പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടില്ല തുടങ്ങിയ അപാകതകളാണ് പരിശോധനാസംഘം ചൂണ്ടിക്കാണിച്ചത്.
ഇക്കാര്യത്തിൽ ചീഫ് എൻജിനീയറുടെ വിശദീകരണങ്ങൾ പരിശോധനാ വിഭാഗം തള്ളി. സൈറ്റിൻെറ പ്രത്യേക ആവശ്യങ്ങളും മണ്ണിെൻറ വ്യത്യസ്തമായ സ്വഭാവവും കാരണമാണ് 15 ഇനങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നതെന്ന ചീഫ് എൻജിനീയറുടെ വിശദീകരണം തൃപ്തികരമല്ല. എസ്റ്റിമേറ്റ് തയാറാക്കിയതിൻെറ കൃത്യതയില്ലായ്മയും വീഴ്ചയും കാരണമാണ് എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടിവന്നത്.
പ്രവൃത്തിയുടെ വർക്ക് സൈറ്റ് കണ്ടീഷൻ വിശദമായി പരിശോധിക്കാതെ, മണ്ണിെൻറ ഘടന പരിശോധിക്കാതെ എസ്റ്റിമേറ്റ് തയാറാക്കിയതിനാലാണ് ബസ് യാഡ് നിർമാണം പോലുള്ള പ്രവൃത്തികളുടെ പോലും എസ്റ്റിമേറ്റിൽ എല്ലാ ഇനങ്ങളിലും (15 എണ്ണം) മാറ്റം വരുത്തേണ്ടിവന്നത്. ഇതിന് ചീഫ് എൻജിനീയർ സാങ്കേതിക അനുമതി നൽകിയതിനു ശേഷമാണ് എസ്റ്റിമേറ്റ് എല്ലാ ഇനങ്ങളിലും മാറ്റം വരുത്തിയത്. എസ്റ്റിമേറ്റ് സൈറ്റ് കണ്ടീഷൻ അനുസരിച്ച് കൃത്യമായ എസ്റ്റിമേറ്റ് തയാറാക്കാത്തത് കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം ചീഫ് എൻജിനീയർ ആർ. ഇന്ദുവിൻെറ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്.
മൂവാറ്റുപുഴ ഡിപ്പോ നിലനിൽക്കുന്ന സ്ഥലത്ത് വെള്ളം മണ്ണിലേക്ക് വാർന്നുപോകുന്നില്ല. അതിനാൽ നിലവിലുണ്ടായിരുന്ന ശൗചാലയത്തിലെ മലിനജലം പുറത്തേക്ക് ഒഴുകി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ പുതിയ പദ്ധതി തയാറാക്കി. പുതുതായി ബസ് ടെർമിനൽ പൂർത്തീകരിക്കുമ്പോൾ ഉണ്ടാകാവുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് (എസ്.ടി.പി) നിർമാണത്തിനുള്ള കൺസൽട്ടൻസിയായി കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ് വിങ്ങിനെ തെരഞ്ഞെടുത്തു.
എസ്.ടി.പിയുടെ സിവിൽ വർക്കിന് 36.20 ലക്ഷവും ഇലക്ട്രോണിക് വർക്കിന് 24.12 ലക്ഷവും എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചു. ഈ നിർമാണത്തിന് സാങ്കേതിക അനുമതി കെ.എസ്.ആർ.ടി.സി നൽകിയില്ല. എസ്.ടി.പിയുടെയും സിവിൽ വർക്കിന് ഇ-ടെൻഡർ ക്ഷണിക്കുകയും കുറഞ്ഞ തുകയായ 30.11 ലക്ഷം ക്വാട്ട് ചെയ്ത മുഹമ്മദ് പി. സാദിക്കിന് നൽകി. 2016 ഡിസംബർ 27ലെ കരാർ പ്രകാരം മൂന്ന് മാസ കാലയളവിൽ പൂർത്തീകരിക്കണമെന്ന് വ്യവസ്ഥ ചെയ്തു. അടിയന്തരമായി പൂർത്തീകരിക്കേണ്ട സിവിൽ വർക്ക് ഒരു വർഷം കഴിഞ്ഞ് 2018 മാർച്ച് ഏഴിനാണ് തീർത്തത്. അതിന് ബിൽ തുകയായി 27.93 ലക്ഷം അംഗീകരിക്കുകയും ചെയ്തു.
24.12 ലക്ഷം എസ്റ്റിമേറ്റുള്ള ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തിക്ക് 2016 നവംബർ 19ന് ടെൻഡർ ക്ഷണിച്ചെങ്കിലും മതിയായ ബിഡുകൾ ലഭിക്കാത്തതിനാൽ റീ ടെൻഡർ ചെയ്തു. കുറഞ്ഞ തുകയായ 19.43 ലക്ഷത്തിന് കരാറൊപ്പിട്ടു. ആക്ടീവ് Environmental സർവിസ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തു. അവർ രണ്ടുവർഷം കഴിഞ്ഞ് 2019 ഫെബ്രുവരി രണ്ടിന് മാത്രമാണ് കരാറിൽ ഏർപ്പെട്ടത്. എന്നാൽ, ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല.
എസ്.ടി.പിയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി പത്രം ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല. മലിനീകരണ ബോർഡിെൻറ അനുവാദമില്ലാതെയാണ് പ്രവൃത്തി ആരംഭിച്ചതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. പണി പൂർത്തീകരിച്ച ശേഷം അനുവാദം വാങ്ങാമെന്നാണ് ചീഫ് എൻജിനീയറുടെ നിലപാട് ശരിയല്ല.
ഒരു പ്രവൃത്തിയുടെ േഡ്രായിങ്ങിലും /ഡിസൈനിങ്ങിലും വ്യത്യാസം വരുമ്പോൾ അതിലെ എസ്റ്റിമേറ്റിലും വ്യത്യാസം വരും. അപ്പോൾ റിവൈസ്ഡ് േഡ്രായിങ്ങും റിവൈസ്ഡ് എസ്റ്റിമേറ്റും ചീഫ് എൻജിനീയർ അംഗീകാരം നൽകേണ്ടതാണ്. അതും ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതിൽനിന്നും എസ്.ടി.പിയുടെ സിവിൽ വർക്ക് നടത്തിപ്പിൽ ചീഫ് എൻജിനീയറുടെ ഗുരുതരമായ മേൽനോട്ടപ്പിഴവ് ഉണ്ടായതായി കണ്ടെത്തി. കെ.എസ്.ആർ.ടി.സി ചട്ടപ്രകാരം 24 ദിവസം മാത്രമേ കരാർ ദീർഘിപ്പിച്ച് നൽകാൻ കഴിയൂ. എന്നാൽ ഇവിടെ ഒരു വർഷം കഴിഞ്ഞാണ് നിർമാണം പൂർത്തീകരിച്ചത്. ബോർഡിൻെറ അംഗീകാരമില്ലാതെ വീണ്ടും കരാർ നീട്ടി നൽകിയ നടപടി ചീഫ് എൻജിനീയറുടെ അധികാര ദുർവിനിയോഗമാണെന്ന് കണ്ടെത്തി. എസ്.ടി.പിയുടെ ഇലക്ട്രോണിക്സ്- മെക്കാനിക്കൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 2019 ഫെബ്രുവരി രണ്ടിന് കരാറിലേർപ്പെട്ടെങ്കിലും നാളിതുവരെയും പ്രവൃത്തി ആരംഭിച്ചിട്ടില്ല. എന്നിട്ടും കരാറുകാരൻെറ ഇ.എം.ഡി -എസ്.ഡി എന്നിവ കണ്ടുകെട്ടി കോർപറേഷൻ ഫണ്ടിലേക്ക് മുതൽക്കൂട്ടിയില്ല. ഈ കരാറുകാരനെ കെ.എസ്.ആർ.ടി.സിയുടെ മറ്റു പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ വിലക്കേർപ്പെടുത്തിയില്ല. കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിക്കുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾ ചീഫ് എൻജിനീയറുടെ ഭാഗത്തുനിന്നും ഉണ്ടായിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
തൊടുപുഴ ഡിപ്പോയിൽ യാഡും അനുബന്ധ പ്രവൃത്തികൾക്കും എം.എൽ.എ പി.ജെ. ജോസഫിെൻറ ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചു. കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സമർപ്പിച്ച എസ്റ്റിമേറ്റിന് 2016 ഫെബ്രുവരി 16ന് ഭരണാനുമതി നൽകി. തുടർന്ന് ഇ- ടെൻഡർ ക്ഷണിച്ചു. പങ്കെടുത്ത ഒമ്പത് കരാറുകാരിൽനിന്ന് കാറ്റ് കൺസ്ട്രക്ഷൻസ് എസ്റ്റിമേറ്റ് തുകയേക്കാൾ 19.12 ശതമാനം കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി 2017 ആഗസ്റ്റ് 30ന് കരാർ നൽകി. നിർമാണ കാലാവധി ആറുമാസം ആയിരുന്നു. 2017 സെപ്റ്റംബർ 14ന് സൈറ്റ് കൈമാറി. ആറു മാസ കാലാവധിക്ക് പകരം 11 മാസം അധികമെടുത്ത് 2019 ഫെബ്രുവരി 28ന് നിർമാണം പൂർത്തിയാക്കി. ബിൽ ഇനത്തിൽ 78.64 ലക്ഷം നൽകി. എസ്റ്റിമേറ്റിൽ വിവിധ ഇനങ്ങളുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുകയും ചില ഇനങ്ങൾ പുതുതായി വേണ്ടിവരുകയും ചെയ്തതിനാൽ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിക്കണമെന്ന ചീഫ് എൻജിനീയറുടെ ശിപാർശ 2018 ജൂലൈ 28ന് അംഗീകരിച്ചിരുന്നു.
എന്നാൽ, ഫയൽ പരിശോധിച്ചപ്പോൾ പല ക്രമക്കേടുകളും കണ്ടെത്തി.
ഒന്ന്. പൂർത്തീകരണ കാലാവധി ആറുമാസത്തിന് പകരം ചട്ടവിരുദ്ധമായി 11 മാസംകൂടി അധികമായി ദീർഘിപ്പിച്ച് നൽകി.
രണ്ട്. കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള കരാറുകാരൻെറ അപേക്ഷ ലഭിച്ചത് പൂർത്തീകരണ കാലാവധി കഴിഞ്ഞ ശേഷമാണ്.
മൂന്ന്. കാലാവധി കഴിഞ്ഞ്് മാസങ്ങൾക്കു ശേഷമാണ് കരാർ ദീർഘിപ്പിച്ച രണ്ട് ഉപകരാറുകളും സൃഷ്ടിച്ചത്.
നാല്. റിവൈസ്ഡ് എസ്റ്റിമേറ്റ് ബോർഡ് അംഗീകാരം ലഭിച്ചിട്ടില്ല. പ്രളയം ഏഴു മാസക്കാലം നഷ്ടമാക്കി എന്നാണ് ചീഫ് എൻജിനീയറുടെ ഇതിനുള്ള മറുപടി.
കെ.എസ്.ആർ.ടി.സിയുടെ നോട്ടിസ് inviting tender വ്യവസ്ഥപ്രകാരം പ്രവൃത്തിയുടെ പൂർത്തീകരണം ദീർഘിപ്പിക്കൽ യഥാർഥ പൂർത്തീകരണ കാലാവധിയുടെ 20 ശതമാനം മാത്രം അനുവദിക്കാവൂ എന്നാണ്. അത് പ്രകാരം പരമാവധി 36 ദിവസം മാത്രമേ ദീർഘിപ്പിച്ച് നൽകാൻ കഴിയൂ. 330 ദിവസം പൂർത്തീകരണ കാലാവധി ദീർഘിപ്പിച്ച് നൽകിയ ചീഫ് എൻജിനീയറുടെ നടപടി തികച്ചും ചട്ടവിരുദ്ധമാണ്. കരാർ കാലാവധി കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം കരാർ ദീർഘിപ്പിച്ചുകൊണ്ടുള്ള രണ്ട് ഉപകരാറുകൾ സൃഷ്ടിച്ചതും ക്രമപ്രകാരമല്ല.
പി.ഡബ്ല്യു.ഡി / കെ.എസ്.ആർ.ടി.സി ലൈസൻസുകാർക്കാണ് കെ.എസ്.ആർ.ടി.സിയിൽനിന്ന് സിവിൽ വർക്കുകൾ അനുവദിക്കുക. എന്നാൽ, കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം നടപ്പാക്കിയ നിർമാണങ്ങളുടെ ടെൻഡർ രേഖകൾ പരിശോധിച്ചതിൽ ലൈസൻസില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും ടെൻഡറിൽ പങ്കെടുത്തിരുന്നു. അതിനുശേഷം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കരാർ ലൈസൻസ് അനുവദിച്ചു നൽകുന്ന പ്രവണതയുണ്ട്. ഈ ടെൻഡറുകൾക്ക് ആധാരമായിട്ടുള്ള പ്രവൃത്തികളിൽ പ്രാവീണ്യം ഇല്ലാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ടെൻഡറിൽ പങ്കെടുക്കുന്നത് അഴിമതിക്ക് കളമൊരുക്കി. അതിനാൽ കെ.എസ്.ആർ.ടി.സിയിൽ സിവിൽ വർക്കുകൾക്കുള്ള ടെൻഡർ ക്ഷണിക്കുമ്പോൾ അംഗീകൃത പി.ഡബ്ല്യു.ഡി കരാർ ലൈസൻസുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രം ബിഡുകൾ പരിഗണിക്കേണ്ടതാണ്.
ധനകാര്യ പരിശോധനവിഭാഗം ഗൗരവമുള്ള ശിപാർശകളാണ് മുന്നോട്ട് വെച്ചത്. ഭരണ- സാമ്പത്തിക- സാങ്കേതികമായ ഗുരുതര ക്രമക്കേടുകൾക്ക് ഉത്തരവാദിയായ കെ.എസ്.ആർ.ടി.സി ചീഫ് എൻജിനീയർ ആർ. ഇന്ദുവിനെ അടിയന്തരമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത് തുടർനടപടി സ്വീകരിക്കണമെന്നായിരുന്നു ഒന്നാമത്തെ നിർദേശം
2013 ജൂലൈ 17ലെ ഉത്തരവ് പ്രകാരം വ്യക്തികളോ സ്ഥാപനങ്ങളോ നേരിട്ട് കരാർ ലൈസൻസ് എടുക്കുന്നതിന് സിവിൽ വർക്കിന് 'എ' കാറ്റഗറിക്ക് -ഒരു കോടി രൂപ, 'ബി' കാറ്റഗറിക്ക്- 50 ലക്ഷം, 'സി' കാറ്റഗറിക്ക് - 10 ലക്ഷം, 'ഡി' കാറ്റഗറിക്ക്- 12 ലക്ഷം രൂപയുടെയും നാഷനൽ/ ഷെഡ്യൂൾഡ് ബാങ്കിൽനിന്നുള്ള സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണം. പി.ഡബ്ല്യു.ഡിയുടെ പുതുക്കിയ മാനുവൽ അനുസരിച്ചുള്ള ഇ.എം.ഡി സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ, വർക്ക് ബില്ലുകളിൽനിന്നുള്ള റിട്ടേൺ നിരക്കുകൾ, കോൺട്രാക്ടർമാരുടെ ലൈസൻസ് രജിസ്ട്രേഷനും പുതുക്കലും ഉൾപ്പെടെയുള്ള മറ്റു ഭേദഗതികളും കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കാവുന്നതാണെന്നും കാലാകാലങ്ങളിൽ സർക്കാർ പൊതുമരാമത്തുകൾക്കായി നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവുകൾ കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കുന്നതിനും 2014 ഒക്ടോബർ 20ലെ 381ാമത് ബോർഡ് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനങ്ങൾക്കെല്ലാം വിരുദ്ധമായി ^രജിസ്ട്രേഷനില്ലാത്ത കോൺട്രാക്ടർമാർ ഇത്തരം രജിസ്ട്രേഷനുള്ള ഫീസിനൊപ്പം സെക്യൂരിറ്റി നിക്ഷേപമായി എ ക്ലാസിന് രണ്ടു ലക്ഷം, ബി ക്ക് - ഒരു ലക്ഷം, സി ക്ക് -50,000, ഡി ക്ക് -25,000 രൂപ എന്ന നിരക്കിലാണ് കെ.എസ്.ആർ.ടി.സി ഈടാക്കി വരുന്നത്. കരാർ ലൈസൻസിനായി പി.ഡബ്ല്യു.ഡി നിലവിലുള്ള നിരക്കിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലുള്ള സെക്യൂരിറ്റി നിക്ഷേപം കെ.എസ്.ആർ.ടി.സിയിൽ സ്വീകരിക്കുന്നു. അതിനാൽ 2014 ഒക്ടോബർ 20ന് കെ.എസ്.ആർ.ടി.സിയുടെ 381ാമത് ഭരണസമിതി യോഗത്തിൽ തീരുമാനം അടിയന്തരമായി നടപ്പിലാക്കണം.
ധനകാര്യ പരിശോധനവിഭാഗം ഗൗരവമുള്ള ശിപാർശകളാണ് മുന്നോട്ട് വെച്ചത്. ഭരണ- സാമ്പത്തിക- സാങ്കേതികമായ ഗുരുതര ക്രമക്കേടുകൾക്ക് ഉത്തരവാദിയായ കെ.എസ്.ആർ.ടി.സി ചീഫ് എൻജിനീയർ ആർ. ഇന്ദുവിനെ അടിയന്തരമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത് തുടർനടപടി സ്വീകരിക്കണമെന്നായിരുന്നു ഒന്നാമത്തെ നിർദേശം. സർക്കാർ ആ നിർദേശം പാലിച്ച് ഒക്ടോബർ 23ന് ഉത്തരവിറക്കി.
ചീഫ് എൻജിനീയർ എന്ന നിലയിൽ ആർ. ഇന്ദു നടപ്പിലാക്കി പൂർത്തീകരിക്കാത്ത പ്രവൃത്തികൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം. അതിനും സർക്കാർ കഴിഞ്ഞദിവസം അനുമതി നൽകി.
എറണാകുളം ഡിപ്പോയിലെ (കാരിക്കാമുറി) അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിെൻറയും 12- ബേ ഗാരേജിൻെറയും നിർമാണത്തിലെ അപാകതകൾമൂലം സർക്കാറിനുണ്ടായ 1.39 കോടി രൂപയുടെ നഷ്ടം മേൽ വിജിലൻസ് അന്വേഷണത്തിൻെറകൂടി അടിസ്ഥാനത്തിൽ ആർ. ഇന്ദുവിൽനിന്നും ഇൗടാക്കുന്നതിനു വേണ്ട നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണം. സാങ്കേതിക അനുമതി നൽകുന്നതിനും റിവൈസ് എസ്റ്റിമേറ്റുകൾ പരിശോധിക്കുന്നതിനുമായി ചീഫ് എൻജിനീയർ, സി.ടി.ഇയിലെ ടെക്നിക്കൽ എക്സാമിനർ എന്നിവരടങ്ങിയ ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കുന്നതിനുള്ള സാധ്യത ഭരണവകുപ്പ് പരിശോധിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.