കേരളത്തിലെ ധനപ്രതിസന്ധിയെ സംബന്ധിച്ച് നിരന്തരം മുന്നറിയിപ്പ് നൽകിയ സാമ്പത്തിക പണ്ഡിതനാണ് ഡോ. ജോസ് സെബാസ്റ്റ്യൻ. നമ്മുടെ ധനമന്ത്രിമാരൊക്കെ അദ്ദേഹത്തിന്റെ വാദത്തെ പുച്ഛിച്ചുതള്ളുകയാണ് ചെയ്തത്. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ അങ്ങനെയെല്ലന്ന് ധനമന്ത്രി കെ.എൻ. ബാലേഗാപാലിനെങ്കിലും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. എന്താണ് നമ്മുടെ ധനപ്രതിസന്ധി? എന്താണ് ബദൽ?
കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2023-24ലെ കേരള ബജറ്റ് കേരളസമൂഹത്തിലെ ആരെയും തൃപ്തിപ്പെടുത്തുമെന്നു തോന്നുന്നില്ല. ധനകാര്യ സുസ്ഥിരതയിലേക്ക് സംസ്ഥാനത്തെ നയിക്കാനുള്ള വലിയ ഒരു അവസരം ധനമന്ത്രി നഷ്ടപ്പെടുത്തി.
ലളിതമായ ഒരു കാര്യം പറയാം. പാവപ്പെട്ടവരുടെയും പുറമ്പോക്കിൽ കിടക്കുന്നവരുടെയും പിച്ചച്ചട്ടിയിൽ കൈയിട്ടുവാരാൻ ധിറുതികാണിച്ച ധനമന്ത്രി ക്ഷേമപെൻഷനുകൾ 100 രൂപ പോകട്ടെ, 50 രൂപയെങ്കിലും വർധിപ്പിച്ചിരുന്നുവെങ്കിൽ! അങ്ങനെ വർധിപ്പിക്കുന്ന തുക മുഴുവനായിതന്നെ വിപണിയിലെത്തി വ്യാപാര-ചരക്കുകയറ്റ മേഖലകളെ ഉത്തേജിപ്പിക്കുമായിരുന്നു. ആ ചെലവിന്റെ പകുതിയെങ്കിലും ചരക്കുസേവന നികുതിയിനത്തിൽ തിരികെ വരുമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശിക കുറെയെങ്കിലും കൊടുക്കുന്നതല്ലേ തെരഞ്ഞെടുപ്പ് ജയിക്കാൻ നല്ലത്.
ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങളല്ലാതെ മറ്റൊരു വഴിയിെല്ലന്നാണ് ധനമന്ത്രി പറയുന്നത്. ഇന്നത്തെ ധനകാര്യ ഞെരുക്കത്തിന്റെ അടിസ്ഥാന കാരണം 2021ലെ ശമ്പള-പെൻഷൻ പരിഷ്കരണമാണെന്ന വസ്തുത മറച്ചുവെച്ചിട്ട് കാര്യമില്ല. 2020-21ൽ 46,671.14 കോടി രൂപയായിരുന്ന ശമ്പള-പെൻഷൻ ചെലവ് 2021-22 ആയപ്പോൾ 71,523.97 കോടി രൂപയായി. അതായത്, 53.25 ശതമാനം. എങ്ങനെയും തുടർഭരണമെന്ന ലക്ഷ്യംവെച്ച് സമൂഹത്തിലെ വെറും അഞ്ചു ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വാരിക്കോരി നൽകി. പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയുമൊക്കെ കാരണം പറഞ്ഞ് ശമ്പള-പെൻഷൻ പരിഷ്കരണം നീട്ടിവെക്കാമായിരുന്നു. അതിനു മുമ്പുള്ള ശമ്പള കമീഷനുകൾ പരിഷ്കരണം 10 വർഷം കൂടുമ്പോൾ മതിയെന്ന് ശിപാർശ ചെയ്തതുമാണ്. ഈ സാഹസം ഒഴിവാക്കിയിരുന്നെങ്കിൽ സംസ്ഥാന ഖജനാവിൽ എല്ലാ ആവശ്യങ്ങൾക്കുമുള്ള വിഭവങ്ങൾ കാണുമായിരുന്നു.
ഈ സാഹചര്യത്തിൽ ഒരു ധനമന്ത്രിയുടെ മുന്നിൽ അധിക വിഭവസമാഹരണവും ചെലവുചുരുക്കലും മാത്രമാണ് വഴിയുള്ളത്. പക്ഷേ, ഇവിടെയും നമ്മുടെ ധനമന്ത്രിക്ക് ഭാഗ്യക്കേട് സംഭവിച്ചു. അദ്ദേഹം രണ്ടു ബജറ്റുകളിൽ കാര്യമായ വിഭവസമാഹരണ ശ്രമങ്ങളൊന്നും നടത്താതെ ഈ ബജറ്റിൽ കുറെ മേഖലകളിൽ ഒന്നിച്ച് നിരക്കുകൾ വർധിപ്പിച്ചു. അവിടെയും പാവപ്പെട്ടവരെയും പുറമ്പോക്കിൽ കിടക്കുന്നവരെയും ഒഴിവാക്കാമായിരുന്നു. അതല്ല പക്ഷേ സംഭവിച്ചത്. പെട്രോളിയം ഉൽപന്നങ്ങളുടെ മേലുള്ള ലിറ്ററിന് രണ്ടുരൂപ സെസ് തന്നെ എടുക്കാം. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനക്കെതിരായി എന്തെല്ലാം കോലാഹലങ്ങൾ ഉണ്ടാക്കിയവരാണ് ഈ ഭരണക്കാർ. ഈ വർധന മൊത്തത്തിലുള്ള വിലവർധനയിലേക്ക് നയിക്കുമെന്ന കാര്യം അറിയാത്ത ആളല്ല ഇദ്ദേഹം. എന്നിട്ട് വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരിക്കുന്നു. ഇതുപോലെ ഒരു തമാശ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ധനമന്ത്രിക്ക് മറ്റെന്ത് വഴിയാണ് ഉണ്ടായിരുന്നതെന്ന ചോദ്യമുയരാം. വൈദ്യുതി കരം അദ്ദേഹം കൂട്ടിയില്ലേ? ഇതൊക്കെ മധ്യവർഗത്തെയും സമ്പന്നരെയുമല്ലേ ബാധിക്കുക. ശരിയാണ്. പക്ഷേ, മധ്യവർഗത്തിൽനിന്നും സമ്പന്നരിൽനിന്നും വിഭവസമാഹരണത്തിനുള്ള നല്ലൊരു അവസരം അദ്ദേഹം പ്രയോജനപ്പെടുത്തിയില്ല. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഫീസുകളാണ് അത്. 1970-71ൽ ഈ രംഗത്തെ റവന്യൂ ചെലവിന്റെ 5.55 ശതമാനം ഫീസുകളായി സമാഹരിച്ചിരുന്നു.
2021-22 (RE) പ്രകാരം 51,583.64 കോടിയാണ് റവന്യൂ ചെലവ്. ഫീസായി പിരിക്കുന്നത് 647.82 കോടി രൂപ മാത്രം. 1970-71ലെ നിരക്കുകളിൽ ഫീസുകൾ ചുമത്തിയാൽ 2862.89 കോടി രൂപ സമാഹരിക്കാമായിരുന്നു. ഇത് ധനമന്ത്രി കാണാതെ പോയതൊന്നുമല്ല. വിദ്യാർഥി സംഘടനകളുടെയും മധ്യവർഗത്തിന്റെയും സമ്പന്നരുടെയും എതിർപ്പ് മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മുന്നണിക്കുമില്ല.
ധനമന്ത്രി പദ്ധതികളെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ട് കാര്യമില്ല. കോടികളുടെ കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജുകൾ ഇപ്പോഴും തുടരുകയല്ലേ? നാളികേരത്തിനും റബറിനും വകയിരുത്തൽ വർധിപ്പിച്ചിട്ടുണ്ട്. കുടിയേറ്റ കർഷകർ നേരിടുന്ന വന്യമൃഗഭീഷണി നേരിടാനും പദ്ധതികളുണ്ട്. അവയൊക്കെ കടലാസിൽ അവസാനിക്കാതിരുന്നെങ്കിൽ എന്ന് പ്രാർഥിക്കുകയേ രക്ഷയുള്ളൂ. ഒരുലക്ഷത്തിൽപരം സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിലവിൽ വന്നു എന്ന് കൊട്ടിഗ്ഘോഷിക്കുന്നുണ്ട്. അവയുടെ ശാക്തീകരണത്തിനായി കാര്യമായ ഒരു ബജറ്റ് വകയിരുത്തൽ ഉണ്ടായിരുന്നെങ്കിൽ ‘മേക്ക് ഇൻ കേരള’ പദ്ധതിയിൽ 100 കോടി ഉണ്ടല്ലോ എന്ന് ആശ്വസിക്കാം. ധനപ്രതിസന്ധി ഇതുപോലെ തുടരുകയാണെങ്കിൽ ശമ്പളവും പെൻഷനും കൊടുക്കുക എന്ന മിനിമം പരിപാടിയിൽ എല്ലാം അവസാനിക്കും.
പ്രതിസന്ധിയെ മറികടക്കൽ
ബദൽ നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ ബാലഗോപാൽ നിർബന്ധിതനാണ്. കടം എടുക്കാനുള്ള പരിധി നീട്ടാത്ത സാഹചര്യത്തിൽ ചെലവുചുരുക്കുകയോ അധിക വിഭവസമാഹരണമോ മാത്രമേ പരിഹാരമുള്ളൂ. വെള്ളക്കരം കൂട്ടുക, തൊഴിൽ നികുതി വർധിപ്പിക്കുക, കെട്ടിടനികുതി വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു കഴിഞ്ഞു. അതിനപ്പുറം ഈ ബജറ്റിൽ മധ്യവർഗത്തെയും സമ്പന്നരെയും കാര്യമായി തൊടാൻ അദ്ദേഹം തയാറാവുകയില്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഫീസുകൾ ഉയർത്തുക, വൈദ്യുതി തീരുവ വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ ബജറ്റിനുശേഷം ജനങ്ങളുടെ പ്രതികരണമറിഞ്ഞിട്ടായിരിക്കും വരുക. ഈ വിഭവസമാഹരണം കാര്യമായി പ്രതിസന്ധി പരിഹരിക്കുകയില്ല.
ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിന്റെ വായ്പാബാധ്യത കുറവാണെന്ന് ബാലഗോപാൽ പറയുന്നുണ്ട്. എന്നാൽ, ഗുജറാത്തും മഹാരാഷ്ട്രയുമായി തട്ടിച്ചുനോക്കുന്നത് കടത്തിന്റെ കേവല സംഖ്യ വെച്ചല്ല. അത് ശാസ്ത്രീയമല്ല. ആളോഹരി കടം എടുത്ത് താരതമ്യംചെയ്യണം. അല്ലെങ്കിൽ കടം ജി.എസ്.ഡി.പി (GSDP)യുടെ ശതമാനം ആയി നോക്കണം. അങ്ങനെ ചെയ്താൽ കേരളത്തിന്റെ കടം കൂടുതലാണെന്നു കാണാം.
മറ്റൊരു കാര്യവുമുണ്ട്. ജി.എസ്.ഡി.പിയുടെ ഉള്ളടക്കം നോക്കണം. പുറംവരുമാനം പിന്തുണക്കുന്ന ഉപഭോഗമാണ് കേരളത്തിന്റെ ജി.എസ്.ഡി.പിയുടെ 62 ശതമാനം. ഇത് ബലൂൺപോലെ വീർത്തിരിക്കുന്നു എന്നെ ഉള്ളൂ. പുറംവരുമാനം കുറയുന്ന ആ നിമിഷം നമ്മുടെ ജി.എസ്.ഡി.പി കുറയും. കോവിഡ് മൂലം ഗൾഫിൽനിന്നും ആളുകൾ തിരികെ വന്ന 2020- 21 വർഷം നമ്മുടെ ജി.എസ്.ഡി.പി വളർച്ച -9.1 ശതമാനം ആയിരുന്നു. ഇന്ത്യയിൽ ആ വർഷം ഏറ്റവും കുറവ് വളർച്ച രേഖപ്പെടുത്തിയത് കേരളത്തിലാണ്. 2012 മുതൽ 2022 വരെയുള്ള 10 വർഷം ഏറ്റവും കുറഞ്ഞ ജി.എസ്.ഡി.പി വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണെന്ന് അടുത്തകാലത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം കാണിക്കുന്നു. അത് സൂചിപ്പിക്കുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ബലഹീനതയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ വ്യവസായികമായി വികസിച്ച സംസ്ഥാനങ്ങളാണ്. അവർ കടം വാങ്ങിക്കൂട്ടുന്നതുപോലെ കേരളത്തിനാവില്ല. ജി.എസ്.ടി വരുമാനം വളരെ ഉയർന്ന നിരക്കിൽ വർധിക്കുന്ന സംസ്ഥാനങ്ങളാണ് അവരെല്ലാം.
കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ റവന്യൂ കമ്മിയും ധനക്കമ്മിയും കുറയുകയാണുണ്ടായത് എന്ന ഡോ. തോമസ് ഐസക്കിന്റെ വിലയിരുത്തൽ ഒരുപക്ഷേ ശരിയായിരിക്കാം. അതിന്റെ കണക്കുകൾ കൈയിൽ ഇല്ല. ഇനി അഥവാ ഡോ. ഐസക് പറയുന്നതുപോലെ കുറഞ്ഞിട്ടുണ്ടെങ്കിൽ അത് മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിന്റെ തെളിവല്ല. റവന്യൂ ചെലവുകൾ (Revenue expenditure) എന്നുപറഞ്ഞാൽ ശമ്പളം, പെൻഷൻ, പലിശ എന്നിവ കൊടുക്കൽ മാത്രമല്ല. പൊതുസേവനങ്ങൾ എന്നുപറഞ്ഞാൽ സ്കൂളുകളിലും കോളജുകളിലും അധ്യാപകർ ഉണ്ടായാൽ മാത്രം ആയില്ല. അല്ലെങ്കിൽ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉണ്ടായാൽ പോരാ. സ്കൂളുകളിൽ നല്ല കെട്ടിടങ്ങളും ലബോറട്ടറികളും ആധുനിക അധ്യയനസങ്കേതങ്ങളും വേണം. അതുണ്ടോ? എത്രയോ സ്കൂളുകളിൽ പെൺകുട്ടികൾക്ക് മൂത്രപ്പുരയില്ല. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ആധുനിക കോഴ്സുകളില്ല. ആധുനിക ലബോറട്ടറികളും മറ്റുമില്ല. പരമ്പരാഗത കോഴ്സുകൾക്കു പഠിക്കാൻ കുട്ടികളെ കിട്ടുന്നില്ല.
സാമ്പത്തികമുള്ളവരൊക്കെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. കുടിയേറുന്നതിന്റെ കാരണം ഇതാണ്. ഇതുതന്നെയാണ് ആശുപത്രികളുടെയും സ്ഥിതി. വ്യക്തികൾ സ്വന്തം കൈയിൽനിന്നു ചെലവാക്കുന്ന ആരോഗ്യചെലവുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. സ്വകാര്യ ആശുപത്രികൾ തഴച്ചുവളരുന്നതിന്റെ കാരണവും ഇതാണ്. എന്നുപറഞ്ഞാൽ വിഭവദാരിദ്ര്യം മൂലം ശമ്പളവും പെൻഷനും ഒഴിച്ചുള്ള ചെലവുകൾ കുറച്ചുവെച്ചു റവന്യൂ കമ്മിയും ധനക്കമ്മിയും കുറക്കുകയാണ് ഉണ്ടായത്. കാരണം, കടമെടുത്താണല്ലോ റവന്യൂ കമ്മി പരിഹരിക്കുന്നത്. അത് ഒരു പരിധിക്കപ്പുറം പോകാൻ ഒക്കില്ലല്ലോ. ഏതു മേഖലയിലും പൊതുസേവനങ്ങളുടെ ഗുണനിലവാരം അടിക്കടി കുറഞ്ഞുവരുകയാണ്. കമ്മി കുറഞ്ഞതിനെക്കുറിച്ച് വീമ്പുപറയുന്നതിന്റെ പൊള്ളത്തരമാണിത്.
വരുമാനം കൂടുന്നതോടെ ധനസ്ഥിതി ഭദ്രമാകാനുള്ള എല്ലാ സാധ്യതയുമുണ്ട് എന്നാണ് തോമസ് െഎസക് പറഞ്ഞിരുന്നത്. വരുമാനം കൂടണമെങ്കിൽ പൊതുചെലവുകളിൽ അടിസ്ഥാനപരമായ പൊളിച്ചെഴുത്തു വേണം. സാധാരണ ജനങ്ങളിൽനിന്ന് മദ്യം, ലോട്ടറി, പെട്രോൾ എന്നിവയിലൂടെ പിഴിഞ്ഞെടുക്കുന്ന വിഭവങ്ങൾ പൊതുചെലവുകളുടെ രൂപത്തിൽ അവരിലേക്ക് തിരികെ എത്തണം.
പൊതുചെലവുകൾ സമൂലം പൊളിച്ചെഴുതി സാധാരണ ജനങ്ങളുടെ ഉപഭോഗം വർധിപ്പിക്കാതെ നികുതിവരുമാനം വർധിപ്പിക്കുക ഏറക്കുറെ അസാധ്യമാണ്. അതിനാണ് സാർവത്രിക പെൻഷൻ എന്ന ആശയം മുന്നോട്ടുവെച്ചത്. വസ്തുനികുതി, തൊഴിൽകരം, വെള്ളക്കരം എന്നിവയിൽ ചെറിയ വർധന ധനമന്ത്രി ഇപ്പോഴേ പ്രഖ്യാപിച്ചുകഴിഞ്ഞല്ലോ. എല്ലാ സർക്കാർ സേവനങ്ങളുടെയും ഫീസുകൾ വർധിപ്പിക്കാം. Electricity duty വർധിപ്പിച്ചു മധ്യവർഗത്തിൽനിന്നും സമ്പന്നരിൽനിന്നും കൂടുതൽ വിഭവങ്ങൾ സമാഹരിക്കാം. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സർക്കാർ സേവനങ്ങളുടെ റവന്യൂ ചെലവിന്റെ 5.55 ശതമാനം ഫീസുകളായി 1970കളിൽ പിരിച്ചിരുന്നു. ഇന്നത് 1.23 ശതമാനമായി കുറഞ്ഞു. അതായത്, 2019 -20ൽ 43,152.02 കോടി ചെലവാക്കുമ്പോൾ ഫീസുകളായി കിട്ടുന്ന റവന്യൂ 530.79 കോടി മാത്രം. ഇത് 10 ശതമാനമായി വർധിപ്പിച്ചാൽ 4315 കോടി സമാഹരിക്കാം.
2021-22ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 22.87 ശതമാനം പെൻഷനായി പോവുകയാണ്. അതായത്, ജനസംഖ്യയിലെ രണ്ടു ശതമാനം പേർക്ക്- 22.87 ശതമാനം. 19 മുഖ്യ സംസ്ഥാനങ്ങളുടെ ശരാശരി 12.23 ശതമാനം മാത്രമാണ്.
ഭരണഘടനപ്രകാരം കേന്ദ്രത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങൾക്ക് വിഭവസമാഹരണത്തിനുള്ള അധികാരങ്ങൾ കുറവാണ്. പക്ഷേ, ലഭ്യമായ അധികാരം ഓരോ സംസ്ഥാനത്തെയും സമ്പദ് വ്യവസ്ഥയുടെ സവിശേഷതകളും സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുത്ത് വിഭവസമാഹരണം നടത്താം. ഉദാഹരണമായി, ഖനനമേഖല ശക്തമായ സംസ്ഥാനങ്ങൾക്ക് ഖനനത്തിൽനിന്നുള്ള റോയൽറ്റി ഇനത്തിൽ വലിയതോതിൽ വരുമാനമുണ്ട്. വ്യവസായികമായി വികസിച്ച സംസ്ഥാനങ്ങൾക്ക് നികുതി ഇനത്തിലും നികുതിയിതര ഇനത്തിലും കൂടുതൽ വരുമാനമുണ്ടാകും. കേരളംപോലെ വൻതോതിൽ പുറംവരുമാനമുള്ള സംസ്ഥാനങ്ങൾക്ക് ഉപഭോഗത്തിന്മേലുള്ള നികുതികളാണ് പ്രധാന േസ്രാതസ്സ്. 1972–73ൽ പ്രധാന സംസ്ഥാനങ്ങളുടെ ഇടയിൽ ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം എട്ടാമതായിരുന്നു. 1970കളുടെ മധ്യം മുതൽ ആരംഭിച്ച ഗൾഫ് പണത്തിന്റെ വൻതോതിലുള്ള ഒഴുക്ക് കേരളത്തിലേക്കുണ്ടായപ്പോൾ ഉപഭോഗനില ഗണ്യമായി ഉയർന്നു. കേരളം 1983ൽ മൂന്നാം സ്ഥാനത്തേക്കും 1999 മുതൽ ഒന്നാം സ്ഥാനത്തേക്കും ഉയർന്നു. ഏറ്റവും അവസാനത്തെ സർവേ നടന്നത് 2011–12ൽ ആയിരുന്നു. അപ്പോഴും കേരളം ഒന്നാം സ്ഥാനത്താണ്. ഇത് കേരളം നടത്തിയ വൻകുതിപ്പാണ്.
നികുതി പിരിക്കാനുള്ള സാധ്യതകളുടെ ഭാഗത്തുനിന്നും നോക്കുമ്പോൾ പരിഗണിക്കേണ്ടത് ഉപഭോഗത്തിന്റെ ഉള്ളടക്കമാണ്. കാരണം, ഭക്ഷ്യേതരവസ്തുക്കൾ പൊതുവെയും ആഡംബരവസ്തുക്കൾ പ്രത്യേകിച്ചും ഉയർന്ന നിരക്കിൽ നികുതി ചുമത്തപ്പെടുന്നവയാണ്. കേരളത്തിന്റെ ഉപഭോഗത്തിന്റെ പ്രത്യേകത ആഡംബരവസ്തുക്കളുടെ വളരെ ഉയർന്ന ഉപഭോഗമാണ്. പക്ഷേ, വിഭവസമാഹരണത്തിനുള്ള ശേഷിയിലുണ്ടായ ഈ വൻവർധന യഥാർഥത്തിൽ സമാഹരിക്കുന്ന വിഭവങ്ങളിൽ പ്രതിഫലിച്ചിട്ടില്ല. കേരളം രൂപവത്കൃതമായതിനുശേഷമുള്ള ആദ്യ പത്തുവർഷം അതായത്, 1957 –58 മുതൽ 1966–67 വരെയുള്ള 10 വർഷം എടുത്താൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ മൊത്തം സമാഹരിച്ച തനതു വിഭവങ്ങളിൽ കേരളത്തിന് 4.45 ഓഹരി ഉണ്ടായിരുന്നു. അവസാന കണക്കുകൾ ലഭ്യമായ 2019–20ൽ ഇത് 4.34 ആയി കുറയുകയാണ് ചെയ്തത്.
ആളോഹരി കടം
ആളോഹരി നികുതിയിൽ ഒന്നാം സ്ഥാനത്തായിട്ടും നമ്മൾ റവന്യൂ കമ്മിയിൽ ഒന്നാം സ്ഥാനത്താണ്. എന്നുപറഞ്ഞാൽ പിരിക്കുന്ന നികുതി ചെലവുകൾക്ക് തികയുന്നില്ല എന്നർഥം. വേറൊരു തരത്തിൽ പറഞ്ഞാൽ ആളോഹരി നികുതിഭാരം ഇനിയും വളരെയധികം കൂടിയെങ്കിൽ മാത്രമേ ആളോഹരി ചെലവുകൾക്ക് തികയുകയുള്ളൂ. നികുതി നൽകാനുള്ള ആളോഹരി ശേഷിയിലും കേരളം ഒന്നാമതാണ്. ആളോഹരി ശേഷിക്ക് ആനുപാതികമായി നികുതി നൽകുകയാണെങ്കിൽ വിഭവദാരിദ്യ്രം മൂലം പൊതുസേവനങ്ങളുടെ ഗുണനിലവാരം താഴ്ന്നുപോകുന്നത് ഒഴിവാക്കാൻ കഴിയും. നിലവിൽ കടമെടുത്ത് റവന്യൂ ചെലവുകൾ നടത്തുന്നത് ഒഴിവാക്കാനും കഴിയും.
കടമെടുപ്പും നികുതിപിരിവും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. പിരിച്ചെടുക്കേണ്ട, പിരിക്കാവുന്നതായ നികുതി പിരിക്കാതെയിരുന്നാൽ അത് എന്നേക്കുമായി നഷ്ടപ്പെടുകയാണ്. ഉപഭോഗത്തിന്മേലുള്ള പരോക്ഷ നികുതികളുടെ ദൂഷ്യം ഇതാണ്. അതിനുപകരം കടമെടുക്കുന്നത് പലിശയടക്കം തിരികെ കൊടുക്കണം. മൊത്തം വരുമാനത്തിന്റെ 20 ശതമാനം പലിശയാണെന്ന് ഓർക്കണം. ഇതിന് മറ്റൊരു അപകടവും ഉണ്ട്. നികുതിയിൽനിന്നു നിയമാനുസൃതമോ അല്ലാതെയോ മാറിനിൽക്കാൻ ഭാഗ്യം സിദ്ധിച്ചവർക്കായിരിക്കും പലപ്പോഴും കടമെടുപ്പിന്റെ പ്രയോജനം. കടമെടുത്താണല്ലോ ഇപ്പോൾ ശമ്പളവും പെൻഷനും കൊടുത്തുവരുന്നത്. മദ്യം, ലോട്ടറി, പെട്രോൾ തുടങ്ങി പിരിക്കുന്ന നികുതിയുടെ ഭാരമാകട്ടെ പാവപ്പെട്ടവരുടെയും പുറമ്പോക്കിൽ കിടക്കുന്നവരുടെയും മേലാണുതാനും പതിക്കുന്നത്.
നികുതിപിരിവിനു പകരം കടമെടുക്കുന്നതിന്റെ മറ്റൊരു ദൂഷ്യം നികുതി കൊടുത്തില്ലെങ്കിലും സർക്കാർ കാര്യങ്ങൾ നടത്തിക്കോളും എന്ന ഒരു തെറ്റിദ്ധാരണ സമൂഹത്തിൽ സൃഷ്ടിക്കപ്പെടും എന്നതാണ്. ഇത് പുതിയ നികുതികൾ ഏർപ്പെടുത്തുന്നതിനും നിരക്കുകൾ വർധിപ്പിക്കുന്നതിനും എതിരായി വ്യാപകമായി എതിർപ്പുണ്ടാക്കും. കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. സന്നദ്ധമായ നികുതി നൽകൽ സംസ്കാരം ഒരു സമൂഹം വർഷങ്ങൾകൊണ്ട് പടുത്തുയർത്തുന്നതാണ്.
ലോട്ടറിയിൽനിന്നു 559.64 കോടി മാത്രമാണ് വരുമാനമെന്ന് ഡോ. തോമസ് ഐസക്കും ധനമന്ത്രി കെ.എൻ. ബാലഗോപാലും നിയമസഭയിലും പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇത്തരം വിതണ്ഡവാദങ്ങൾ ഉയരുന്നത്. നാളിതുവരെ ലോട്ടറി വിറ്റുകിട്ടുന്നത് സംസ്ഥാനത്തിന്റെ നികുതിയിതര വരുമാനത്തിന്റെ ഭാഗമായിരുന്നു. ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്തുവെച്ച ബജറ്റ് ഇൻ ബ്രീഫ് 2022–23 എന്ന ധനകാര്യവകുപ്പിന്റെ പ്രസിദ്ധീകരണത്തിന്റെ എ–2 പേജിൽ കൊടുത്തിട്ടുള്ള ടേബിൾ എ–2ൽ ലോട്ടറിയുടെ 2021–22ലെ വരുമാനം 6974 കോടി എന്നാണ് കൊടുത്തിട്ടുള്ളത്. വാദിച്ചുജയിക്കാൻ വസ്തുതകളെ സൗകര്യപൂർവം വളച്ചൊടിക്കുന്നതിന്റെ ഉദാഹരണമാണിത്.
ലോട്ടറി വിറ്റുകിട്ടുന്ന വരുമാനത്തിൽനിന്ന് പരസ്യച്ചെലവ്, ഏജന്റുമാരുടെ കമീഷൻ, സമ്മാനം എന്നിവ കുറച്ച് കിട്ടുന്നത് 559.64 കോടിയാണ് എന്നത് സത്യമാണ്. പക്ഷേ, സർക്കാറിന്റെ വരുമാനത്തെ സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കുന്ന അക്കൗണ്ടിങ് രീതിയനുസരിച്ച് വരുമാനത്തെ മൊത്തമായി എടുക്കുകയാണ് ചെയ്യുന്നത്. ആ വരുമാനം നേടാൻ വേണ്ടിവരുന്ന ചെലവുകൾ കുറച്ച് അറ്റവരുമാനമായി അല്ല രേഖപ്പെടുത്തുന്നത് എന്നർഥം. മുഴുവൻ സംസ്ഥാനങ്ങളിലും പിന്തുടരുന്ന രീതിയാണിത്. വരുമാനത്തിന് പകരം വരവും ചെലവും കഴിച്ച് ലാഭം എത്രയാണെന്ന് കണക്കുകൂട്ടുന്ന സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിങ് രീതിയല്ല സർക്കാറുകൾ പിന്തുടരുന്നത്.
ഡോ. തോമസ് ഐസക്കിനും ധനമന്ത്രിക്കും ഒന്നും അറിയാത്തതല്ല ഇത്. ഗവർണർ കേരളം മദ്യത്തെയും ലോട്ടറിയെയും ആശ്രയിച്ചാണ് പുലർന്നുപോകുന്നത് എന്ന് അഭിപ്രായപ്പെട്ടതാണ് പ്രകോപനം. സത്യത്തിൽ ലോട്ടറിയെന്ന വരുമാനം ഉണ്ടാക്കാനുള്ള ചെലവാണ് പരസ്യവും കമീഷനും സമ്മാനങ്ങളും. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും മറ്റു ചെലവുകളും കൂടി കുറച്ചാൽ ഒരുപക്ഷേ വരുമാനംതന്നെ കാണുകയില്ല. എല്ലാ നികുതികളുടെയും കാര്യത്തിൽ ഈ രീതിയാണ് പിന്തുടരുന്നതെങ്കിൽ കേരളത്തിന്റെ വരുമാനം എത്രമാത്രം കുറവായിരിക്കും?
കിഫ്ബിയുടെ തകർച്ച
അതിനിടയിൽ പൊതുസമൂഹത്തിൽ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. കിഫ്ബി വിഭാവനംചെയ്ത 73,908 കോടിയുടെ 993 പദ്ധതികൾ നടപ്പാക്കിയെങ്കിൽ കേരളത്തിന്റെ വികസനത്തിൽ വലിയ കുതിപ്പ് ഉണ്ടാകുമായിരുന്നില്ലേ? കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പിന്റെ പരിധിയിൽ കൊണ്ടുവന്ന് കിഫ്ബിയെ മനഃപൂർവം പരാജയപ്പെടുത്തുകയല്ലേ കേന്ദ്രസർക്കാർ? എന്നാൽ, മറിച്ചാണ് വസ്തുത.
2021 ജൂണിൽ തോമസ് ഐസക് പറഞ്ഞത് രണ്ടുമൂന്നു വർഷത്തിനുള്ളിൽ കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖല അടിമുടി നവീകരിക്കും എന്നാണ്. അടിസ്ഥാന സൗകര്യങ്ങളെ സാമ്പത്തിക അടിത്തറയുടെ അടിമുടിയുള്ള മാറ്റത്തിലേക്ക് പരിവർത്തനം ചെയ്യും എന്നും. എന്നാൽ, കിഫ്ബി നിൽക്കാൻ പോവുകയാണ്. ഡോ. ഐസക്കിന്റെ മലർപ്പൊടിക്കാരന്റെ സ്വപ്നമായി ഇതൊക്കെ. ചെറുപ്പക്കാർ വ്യാപകമായി പല രാജ്യങ്ങളിലേക്കും തൊഴിലും ജീവിതവും തേടി കുടിയേറുകയാണ്. കേരളത്തിൽ അവർക്ക് തൊഴിൽ നൽകാൻ കഴിയുന്നില്ല. നമ്മുടെ സർവകലാശാലകൾക്കു കീഴിലുള്ള കോളജുകളിൽ പല കോഴ്സുകൾക്കും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാർഥികൾ കേരളം വിട്ടുപോവുകയാണ്. അൺ ഇക്കണോമിക് സ്കൂളുകൾ എന്നപോലെ അൺ ഇക്കണോമിക് കോളജുകൾ വരാൻ പോവുകയാണ്. എം.എസ്.എം.ഇ മേഖലയിൽ കുതിപ്പുണ്ട്. ഒരുലക്ഷം സംരംഭങ്ങൾ എന്നതിൽ ഭൂരിപക്ഷവും കച്ചവടസ്ഥാപനങ്ങളാകാനാണ് സാധ്യത. കുറെ മാനുഫാക്ചറിങ് യൂനിറ്റുകൾ കണ്ടേക്കാം. പക്ഷേ, ഡോ. തോമസ് ഐസക് പറയുന്ന സ്കിൽഡ് മനുഷ്യാധ്വാനം (skilled manpower) ഉപയോഗപ്പെടുത്താൻ പ്രാപ്തമായ ആധുനിക ചെറുകിട-ഇടത്തരം വ്യവസായങ്ങൾ വളരെ കുറവാണ്. ഇതിന് ഉയർന്ന ഇടത്തരം-വൻകിട വ്യവസായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ. കാരണം, വൻ വ്യവസായങ്ങളുടെ ആൻസിലറി യൂനിറ്റുകളായാണ് ഇത്തരം വ്യവസായങ്ങൾ നിലനിൽക്കുന്നത്. അതിനുള്ള സാധ്യത കേരളത്തിൽ വളരെ കുറവാണ്.
കേന്ദ്രസർക്കാറാണ് കിഫ്ബിയെ പരാജയപ്പെടുത്തുന്നത് എന്ന വാദം വസ്തുതകൾക്ക് നിരക്കുന്നതല്ല. 2017 ജൂലൈ മാസം ഡോ. ഐസക് നിയമസഭയിൽ പ്രഖ്യാപിച്ചത് 15,000 കോടിയുടെ പദ്ധതികൾ കിഫ്ബി തയാറാക്കിക്കഴിഞ്ഞുവെന്നും 2017, 2018 വർഷങ്ങളിൽ 25,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ മാന്ദ്യവിരുദ്ധ പാക്കേജായി മാറും എന്നൊക്കെയാണ്. പക്ഷേ, 2022 ജൂലൈ മാസത്തിലെ കണക്കുകൾപ്രകാരം കഴിഞ്ഞ ആറരവർഷത്തിനിടെ കിഫ്ബി ആകെ ചെലവഴിച്ചിരിക്കുന്നത് 20,532 കോടി രൂപയാണ്. കിഫ്ബിക്ക് സമാഹരിക്കാനായത് വെറും 3102 കോടി രൂപ. ബാക്കിയൊക്കെ കേരളസർക്കാറിന്റെ ബജറ്റിലൂടെയുള്ള സംഭാവനയാണ്. കിഫ്ബിയുടെ തിരിച്ചടവിന്റെ പൂർണ ഉത്തരവാദിത്തം കേരളസർക്കാറിനായിരിക്കും എന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമാക്കുന്നുണ്ട്.
കേരള സർക്കാറിന്റെ മോശമായ ധനസ്ഥിതിയാണ് യഥാർഥത്തിൽ കിഫ്ബിയുടെ കടമെടുപ്പിന് തടസ്സം. റേറ്റിങ് ഏജൻസികൾ കേരളം നൽകുന്ന റേറ്റിങ്ങിനെ അടിസ്ഥാനപ്പെടുത്തിയാണ് കിഫ്ബിയിൽ നിക്ഷേപം വരുന്നത്. എന്നുപറഞ്ഞാൽ കേന്ദ്രസർക്കാർ വായ്പാപരിധി കൊണ്ടുവരുന്നതിനു മുമ്പുതന്നെ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ കിഫ്ബി പരാജയപ്പെട്ടിരുന്നു. കിഫ്ബിയുടെ മേന്മയായി കൊട്ടിഗ്ഘോഷിക്കപ്പെട്ടിരുന്നത് കാര്യക്ഷമതയും വേഗവുമായിരുന്നു. പി.ഡബ്ല്യു.ഡിയിലെ ചുവപ്പുനാടയും അഴിമതിയും ഒഴിവാക്കി പദ്ധതികൾ വേഗത്തിൽ ഏറ്റെടുക്കാനും പൂർത്തിയാക്കാനും കിഫ്ബിക്ക് കഴിയുമെന്നായിരുന്നു വാദം. പക്ഷേ, പൂർത്തിയായ സ്കൂൾ കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവയുടെ കാര്യത്തിലൊക്കെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നുവന്നു കഴിഞ്ഞു. മത്സരാധിഷ്ഠിത ടെൻഡറിന് പകരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പണി ഏൽപിക്കുന്നതുകൊണ്ട് ചെലവും കൂടാൻ സാധ്യതയുണ്ട്.
ഒരുതരത്തിൽ കിഫ്ബിയുടെ പരാജയം ഉർവശീശാപം ഉപകാരം എന്നപോലെയാണ്. ഡോ. ഐസക് അവകാശപ്പെട്ടിരുന്നതുപോലെ 70,000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുക്കുന്നു എന്നിരിക്കട്ടെ. പദ്ധതിച്ചെലവിന്റെ സിംഹഭാഗവും ഉയർന്ന പലിശക്കെടുക്കുന്ന വായ്പകൊണ്ടാണല്ലോ നിറവേറ്റുന്നത്. ഭാവിയിൽ വരുമാനം സൃഷ്ടിക്കുന്ന ആസ്തികൾ കിഫ്ബിയിൽ വളരെ കുറവാണ്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽനിന്നുള്ളതും കേന്ദ്രം അനുവദിക്കുന്ന വായ്പയിൽനിന്നുള്ളതും ഉപയോഗിച്ച് പണ്ട് നിർമിച്ചുവന്നിരുന്ന സ്കൂൾകെട്ടിടങ്ങളും പാലങ്ങളും റോഡുകളുമൊക്കെയാണ് ഉയർന്ന പലിശക്കെടുക്കുന്ന വായ്പകൊണ്ട് നടത്തിയെടുക്കുന്നത് എന്നോർക്കണം. കിഫ്ബിയുടെ ഭീമമായ തിരിച്ചടവ് ഒരുപക്ഷേ സംസ്ഥാനത്തെ സാമ്പത്തിക തകർച്ചയുടെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞേനേ.
ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ ധനകാര്യത്തെ 2021-22ലെ പുതുക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ പഠനം പുറത്തിറങ്ങിയിട്ടുണ്ട്. ഈ പഠനത്തിൽ നിതി ആയോഗ് പ്രധാന സംസ്ഥാനങ്ങളായി പരിഗണിക്കുന്ന 17 സംസ്ഥാനങ്ങളിൽ കേരളം എവിടെയാണ് നിൽക്കുന്നത്? ശമ്പളത്തിനും പെൻഷനുമായി ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് കേരളമാണ്. 17 സംസ്ഥാനങ്ങൾ മൊത്തം വരുമാനത്തിന്റെ ശരാശരി 40.63 ശതമാനം ശമ്പളത്തിനും പെൻഷനും വേണ്ടി ചെലവഴിക്കുമ്പോൾ കേരളം 61.57 ശതമാനമാണ് ചെലവാക്കുന്നത്. പെൻഷന്റെ കാര്യം മാത്രമെടുത്താൽ കേരളത്തിന്റേത് 22.87 ശതമാനമാണെങ്കിൽ 17 സംസ്ഥാനങ്ങളുടെ ശരാശരി 12.22 ശതമാനം മാത്രമാണ്. പലിശയുടെ കാര്യത്തിൽ മൊത്തം വരുമാനത്തിന്റെ 18.76 ശതമാനം കേരളം മാറ്റിവെക്കുമ്പോൾ 17 പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 14.58 ശതമാനം മാത്രമാണ്. ശമ്പളം, പെൻഷൻ, പലിശ എന്നിവ ‘ഏറ്റുപോയ’ ചെലവിനങ്ങളാണ്. എന്നു പറഞ്ഞാൽ അവക്ക് മാറ്റിവെച്ചുകഴിഞ്ഞ് ബാക്കിയുള്ളതും കടം കിട്ടുന്നതും ഉപയോഗിച്ചാണ് മറ്റു ചെലവുകൾ. കേരളം ഈ മൂന്ന് ഇനങ്ങൾക്കുമായി മൊത്തം വരുമാനത്തിന്റെ 80.33 ശതമാനം മാറ്റിവെക്കുമ്പോൾ 17 പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 55.21 ശതമാനം മാത്രമാണ്. എന്നു പറഞ്ഞാൽ 100 രൂപ വരുമാനം കിട്ടുമ്പോൾ 80.33 രൂപ മാറ്റിവെക്കേണ്ടിവരുന്നു. പിന്നെ ബാക്കിയുള്ളത് 19.67 മാത്രം. നേരെ മറിച്ച് 17 സംസ്ഥാനങ്ങൾക്ക് 55.21 കഴിച്ച് 44.79 ശതമാനം മറ്റ് ആവശ്യങ്ങൾക്ക് ലഭിക്കുന്നു. കടം വാങ്ങി അത്യാവശ്യം കാര്യങ്ങൾ നടത്തിവന്ന കേരളത്തിനാണ് കടമെടുപ്പിലെ നിയന്ത്രണം ബാധിക്കുന്നത് എന്നർഥം. മറ്റു സംസ്ഥാനങ്ങൾക്കൊക്കെ അത്യാവശ്യം കൈക്കാശ് ഉണ്ട്. നമുക്ക് കടം മാത്രമാണ് കൈമുതൽ.
♦
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗമാണ് ധനതത്ത്വശാസ്ത്ര വിദഗ്ധനായ ലേഖകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.