ചൈനയിലെ ജനസംഖ്യാ ഇടിവ്: സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ എന്തൊക്കെ?

ലോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന പദവി കാലങ്ങളായി അലങ്കരിച്ചിരുന്നത് ചൈനയാണ്. എന്നാൽ ചൈനയുടെ ജനസംഖ്യയിൽ വൻ ഇടിവാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ഈ വർഷം തന്നെ ചൈന ജനസംഖ്യയിൽ ഇന്ത്യയേക്കാൾ താഴെപ്പോകുമെന്നാണ് കണക്കുകൾ പറയുന്നത്.

2023 ജനുവരി 17ന് ചൈനീസ് ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം അറുപത് വർഷത്തിലാദ്യമായാണ് ചൈനയിൽ മരണനിരക്ക് ജനനനിരക്കിനേക്കാൾ കൂടുന്നത്. മുൻപ് ഇങ്ങനെ സംഭവിച്ചിട്ടുളളത് 1961ൽ കടുത്ത സാമ്പത്തിക മാന്ദ്യം മൂലം മൂന്ന് കോടി ആളുകൾ പട്ടിണി ബാധിച്ച് മരണപ്പെട്ടപ്പോളാണ്. എന്നാൽ ചൈനയുടെ ജനസംഖ്യാ പാറ്റേണുകളെ നിരീക്ഷിക്കുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് മനസിലായത് ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നാണ്. ദീർഘകാലമായി ചൈനീസ് ജനസംഖ്യ കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അതിന്റെ സ്വാഭാവികമായ പരിണിതഫലം മാത്രമാണിപ്പോൾ സംഭവിച്ചത്.

ചൈന ഇപ്പോഴത്തെ ജനന നിരക്കായ ദമ്പതികളൊന്നിന് ശരാശരി 1.3 കുട്ടികൾ എന്നതു തുടരുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തിലേക്ക് ജനസംഖ്യയിൽ 45% ഇടിവ് സംഭവിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭ വിലയിരുത്തുന്നത്. എന്നാൽ കാലങ്ങളായി ചൈനയുടെ ജനന നിരക്ക് കുറഞ്ഞ് കൊണ്ടിരിക്കുകയാണ് എന്നത് മറ്റൊരു പ്രശ്നമാണ്.

ദമ്പതികൾക്കൊന്നിന് ഒരു സന്താനം എന്ന നയത്തിന് മുൻപ് തന്നെ ചൈനയുടെ ജനനനിരക്ക് കുറഞ്ഞ് തന്നെയായിരുന്നു. തൊണ്ണൂറുകൾ മുതൽ ജനസംഖ്യ പുഷ്ടിപ്പെടുത്താനാവശ്യമായ ജനനനിരക്ക് ചൈനയിൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ മുപ്പത് വർഷമായി സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടിനും താഴെയാണ്. കുടിയേറ്റം ഒഴിച്ചുനിർത്തിയാൽ ജനസംഖ്യയിൽ വൻ ഇടിവ് വ്യക്തമാണെന്ന് മനസിലാക്കാം.

കണക്കുകൾ പ്രകാരം ചൈനീസ് ജനത ഇനി അനുഭവിക്കാൻ പോകുന്നത് വയസ്സായവരുടെ ആധിക്യമായിരിക്കും. 2040 ആകുമ്പോഴേക്ക് ചൈനീസ് ജനസംഖ്യയുടെ ഏകദേശം കാൽഭാഗവും 65 വയസ്സിന് മുകളിലുള്ളവരാകും.

ചുരുക്കിപ്പറഞ്ഞാൽ, ഇത് മൂന്ന് പ്രധാന മേഖലകളിൽ ചൈനയെ വളരെ പ്രതികൂലമായി ബാധിക്കും.

സമ്പദ്‌വ്യവസ്ഥ

ചൈന കഴിഞ്ഞ 40 വർഷം കൊണ്ടാണ് കാർഷിക സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് വ്യാവസായവും സേവന മേഖലയും മുഖ്യ പങ്കുവഹിക്കുന്ന സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള ചരിത്രപരമായ മാറ്റം കൈവരിക്കുന്നത്. അതിന്റെ ഭാഗമായി ജനങ്ങളുടെ ജീവിത നിലവാരവും വരുമാനവും വർധിച്ചിട്ടുമുണ്ട്. നിലവിലെ ജനസംഖ്യയിലെ വൃദ്ധരുടെ വർധന ചൈനയുടെ തൊഴിലധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുപോലെ ഇന്ത്യയും വിയറ്റ്നാമും പോലുള്ള രാജ്യങ്ങൾ സാങ്കേതികമായ പുരോഗതി കൊണ്ടും തുച്ഛമായ തൊഴിൽ ചെലവ് കൊണ്ടും ചൈനീസ് ഭരണകൂടത്തിന് കടുത്ത മത്സരം സൃഷ്ടിക്കുന്നതും ഇപ്പോഴത്തെ സമ്പദ്‌വ്യവസ്ഥയെ അധികകാലം ആശ്രയിക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവിലേക്ക് ഭരണകൂടത്തെ എത്തിച്ചിട്ടുണ്ട്.

ചരിത്രപരമായ ഈ ദശാസന്ധിയിൽനിന്ന് ഒരു പോസ്റ്റ്-മാനുഫാക്ചറിങ്, പോസ്റ്റ്-ഇൻഡസ്ട്രിയൽ സാമ്പത്തിക വ്യവസ്ഥയിലേക്ക് മുന്നേറാൻ ചൈന തയ്യാറെടുക്കുകയാണ്.

ജനസംഖ്യയിലെ ഇടിവും വയസ്സായവരുടെ വർദ്ധനയും ബീജിങ്ങിന് ഹൃസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള ഒരുപാട് തലവേദനകൾ സൃഷ്ടിക്കുന്നുണ്ട്. വളരെ ചുരുക്കം തൊഴിലാളികൾക്കേ ഇനി സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാവാൻ സാധിക്കൂ. സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമല്ലാത്ത ഒരു വിഭാഗം ജനങ്ങൾക്ക് ഭരണകൂടം സാമ്പത്തിക കൈത്താങ്ങ് കൊടുക്കേണ്ടി വരികയും ചെയ്യും.

2023 ജനുവരി 17ൽ പുറത്തുവിട്ട കണക്ക് പ്രകാരം 2022 എന്ന വർഷം ചൈനക്ക് ജനസംഖ്യാശാസ്ത്രപരമായി നിർണായകമാവുന്നതോടൊപ്പം തന്നെ 1976ന് ശേഷമുണ്ടായ ഏറ്റവും മോശം സാമ്പത്തിക വർഷം കൂടിയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സമൂഹം

ചൈനീസ് സമൂഹത്തിലെ മുതിർന്ന ആളുകളുടെ വർധന കേവലം ഒരു സാമ്പത്തിക പ്രശ്നം എന്നതിലുപരി മൊത്തം സമൂഹത്തിന്റെ തന്നെ ഗതിമാറ്റുന്ന ഒരു പ്രശ്നമാണ്. മുപ്പത്തഞ്ച് വർഷം നിലനിന്നിരുന്ന 2016ൽ അയവ് വരുത്തിയ ഏക സന്താന നയം മൂലം ഈ മുതിർന്നവരെല്ലാം ഏക സന്താനം മാത്രമുള്ളവരായിരിക്കും.

ഏക സന്താനം മാത്രമുള്ള പിന്തുണ ആവശ്യമായ ഈ വയസായ രക്ഷിതാക്കൾ ഗുരുതര പ്രതിസന്ധികൾ സൃഷ്ടിക്കും. അവർക്ക് സാമ്പത്തിക പിന്തുണ മാത്രമായിരിക്കില്ല സാമൂഹികവും വൈകാരികവുമായ പിന്തുണ കൂടി ആവശ്യമായി വരും. ഇവരുടെ കുട്ടികൾ പല പ്രതിസന്ധികളെയും തരണംചെയ്യേണ്ടിവരും. സ്വന്തം കുട്ടികളേയും മാതാപിതാക്കളേയും ജോലിയേയും ഒരേസമയം ഇവർക്ക് കൈകാര്യം ചെയ്യണം. സ്വാഭാവികമായും ഇവരുടെ ആരോഗ്യവും പെൻഷൻ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ട ബാധ്യത ചൈനീസ് ഗവൺമെന്റിന് ഉണ്ടാവും. എന്നാൽ പതിറ്റാണ്ടുകളെടുത്ത് സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാക്കിയെടുത്ത പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ചൈനയുടെ അവസ്ഥ. ജനസംഖ്യപരവും സാമ്പത്തികവുമായ പ്രതികൂലാവസ്ഥകളെ തരണം ചെയ്തു വേണം ചൈനക്ക് ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ.

2000ങ്ങളിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഉയർച്ചയിലായിരുന്ന സമയത്ത് ചൈനീസ് ഭരണകൂടം വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ ഒരുപാട് നിക്ഷേപങ്ങൾ നടത്തിയിരുന്നു. യൂണിവേഴ്സൽ പെൻഷൻ സംവിധാനങ്ങൾ വർധിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ഇപ്പോഴത്തെ പ്രതികൂലാവസ്ഥകളെ തരണം ചെയ്യാൻ മതിയായ സംവിധാനങ്ങളല്ല എന്നാണ് മനസിലാക്കുന്നത്. മാത്രവുമല്ല സാമൂഹിക പെൻഷൻ സംവിധാനങ്ങൾ വഴിയുള്ള ആനുകൂല്യങ്ങൾ ശരിയായി വിതരണം ചെയ്യപ്പെടുന്നുമില്ല.

രാഷ്ട്രീയം

ജനസംഖ്യാപരമായി നിലവിൽ ഉണ്ടായിട്ടുള്ള ഈ പ്രതിസന്ധികളെ എങ്ങനെ ഭരണകൂടം കൈകാര്യം ചെയ്യുന്നു എന്നതിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവി. പൊതുജനത്തിന്റെ പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചില്ലെങ്കിൽ പാർട്ടി പ്രതിസന്ധിയിലാവും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടാവുന്ന വ്യതിയാനങ്ങൾ നേതൃത്വത്തെ ഗുരുതര പ്രതിസന്ധിയിലാക്കും.

നിലവിൽ ചൈനീസ് ഭരണകൂടത്തിന്റെ മെല്ലെപ്പോക്കിനെതിരെ കാര്യമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. തൊണ്ണൂറുകൾ മുതൽ തന്നെ ജനനനിരക്ക് കുറഞ്ഞിട്ടും ഏക സന്താന നയത്തിൽ മാറ്റംവരുത്തിയില്ലെന്നും അയവ് വരുത്താൻ 2016 വരെ കാത്തിരുന്നത് ഗുരുതര പ്രശ്നമായെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഏകസന്താന നയത്തിന് നിലവിലെ അവസ്ഥയിൽ ഒരു പ്രധാന പങ്കുണ്ടെന്നിരിക്കെ വിശേഷിച്ചും.

എന്തായാലും ജനസംഖ്യയിൽ ഗണ്യമായ വർധനവുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ജനസംഖ്യയിലെ ഇടിവിനെ പിടിച്ചുനിർത്താൻ പോലും ചൈനക്ക് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യമെന്ന കിരീടം ചൈനക്ക് എന്തായാലും നഷ്ടമാകും. നിലവിലെ അവസ്ഥയെ തുടർന്നുണ്ടാകുന്ന സമ്പദ്‌വ്യവസ്ഥയിലെ ഏതു വ്യതിയാനവും വലിയ രാഷ്ട്രീയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പ്.

ഇർവൈനിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ സോഷ്യോളജി പ്രൊഫസറായ ലേഖകൻ ചൈനയിലെ ജനസംഖ്യാ മാറ്റങ്ങളെയും സാമൂഹിക ഉച്ഛനീചത്വങ്ങളെയും അന്വേഷിക്കുന്ന വിദഗ്ദ്ധനാണ്.

കടപ്പാട്: ദി കോൺവർസേഷൻ
സ്വതന്ത്ര വിവർത്തനം: നസീഫ് ടി.

Tags:    
News Summary - Why China’s shrinking population is a big deal by Feng Wang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.