മൊഴിമാറ്റം: പി.എസ്.എം
1
എന്തിനാണ് നാം ഇത്രമാത്രം
അന്ധമാകുന്നത്
ജീവിതത്തിന്റെ തിക്കുംതിരക്കിനുമിടയിൽ
നിറങ്ങളുടെ, സൗന്ദര്യത്തിന്റെ കലഹത്തിന്റെയും മണ്ണിൽ
സദാ പിന്തുടരുന്നൊരു പിശാച്
നമ്മുടെ ഭാവിയെ മങ്ങലുള്ളതാക്കുന്ന ഒരു ശല്യസ്വത്വം
ഉയരത്തിലും ഭീഷണമായും രൂപമാളുന്നു
വെറുപ്പിന്റെ കാറ്റുകൾ ഭീഷണമായും
ശക്തമായും വീശുമ്പോൾ,
തെരുവുകൾ രക്തത്താലും കണ്ണീരാലും
കറ പിടിക്കപ്പെട്ടിരിക്കുന്നു
നമ്മുടെ ഹൃദയങ്ങളെ നുറുക്കിയും
നമ്മുടെ പ്രവൃത്തികളെ തച്ചുടച്ചും
ഒരു ദുഷ്ടശക്തി നിഴലുകളിൽ അലഞ്ഞുതിരിയുന്നു.
ആൾക്കൂട്ട ആക്രമണം, നമ്മുടെ നാട്ടിലെ കൊടുംവിപത്ത്,
നമ്മുടെ രാഷ്ട്രത്തിന്റെ കൈയിലെ ഇരുണ്ട അധ്യായം,
കാട്ടുനീതി പരമമായി വാഴുന്നിടം,
ഇവിടെ നീതിയോ തകർന്നടിഞ്ഞ ഒരു കിനാവ് മാത്രം.
നിഷ്കളങ്ക ജീവിതങ്ങൾ വെറുതെ പടുതിരി കത്തുന്നു
അടങ്ങാത്ത വേദനയിൽ
അവരുടെ അലർച്ചകൾ പ്രതിധ്വനിക്കുന്നു.
ആൾക്കൂട്ടം ഭ്രാന്തമായി ഓടുമ്പോൾ
അവരുടെ ഉന്മാദം കെട്ടഴിയുന്നു
ചുറ്റും പ്രിയ നാശത്തിന്റെ
അടയാളങ്ങൾ മാത്രം ബാക്കിവെക്കുന്നു.
നമുക്കൊരുമയോടെ നിൽക്കാനും
പൊരുതാനും കഴിയുമ്പോൾ
നമ്മുടെ ലോകത്തെ കുറച്ചുകൂടി
തെളിച്ചമുള്ളതാക്കാൻ സാധിക്കുമ്പോൾ,
ഈ ദുഷ്ടശക്തിയെ വളരാനും ഭരിക്കാനും
അനുവദിച്ചുകൊണ്ട്
എന്തിനാണ് നാം ഇത്രമാത്രം അന്ധമാകുന്നത്;
ക്രൂരരാകുന്നതും?
സ്നേഹത്തിലും പ്രതീക്ഷയിലും നമുക്ക് ഒരുമിക്കാം
ഇരുളാർന്ന ഈ കയർ നമുക്ക് വലിച്ചെറിയാം
അപ്പോൾ മാത്രമേ നമുക്ക് സത്യസന്ധമായി
നാം ഒരു തിളക്കമാർന്ന
ദിനം നേടിയെന്ന് പറയാനാവൂ.
2
സത്യം
നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നു
ഇന്ത്യയുടെ സൗന്ദര്യത്തിന്റെയും
ശാന്തിയുടെയും ഭൂമിയിൽ
രാഷ്ട്രത്തിന്റെ ജീവിതത്തിനു മേൽ
ഒരു നിഴൽ വീണിരിക്കുന്നു
ഫാഷിസത്തിന്റെ ഉദയം,
നടന്നു പിടിക്കുന്ന ഒരു പുഴുപ്പുറ്റ്
നമ്മുടെ മനുഷ്യാവകാശങ്ങളെ
തകർത്തു കളയുമെന്നത് ഭീഷണി മുഴക്കുന്നു.
വെറുപ്പും മതഭ്രാന്തും വഴിവിളക്കുകളാക്കിയ
ഫാഷിസ്റ്റുകൾ നമ്മുടെ ഭീതികളെയും
വിറയലുകളെയും തീ പിടിപ്പിക്കാൻ ശ്രമിക്കുന്നു
നമ്മുടെ സമൂഹങ്ങളെ തകർന്നതും
വിണ്ടുകീറിയതും ആയി അവശേഷിപ്പിക്കാൻ
ഭിന്നതയുടെയും അവിശ്വാസത്തിന്റെയും
വിത്തുകൾ അവർ വിതറുന്നു.
ഭീകരതയും അതിക്രമങ്ങളും വെറുപ്പും
തുറന്നുവിട്ട് അവർ
മരണത്തിന്റെയും വിധിയുടെയും
അവശിഷ്ടങ്ങൾ രൂപപ്പെടുത്തുമ്പോൾ
ഈ ഫാഷിസ്റ്റുകളുടെ പകയുടെ,
അവരുടെ വെറിപിടിച്ച കോപത്തിന്റെ
ആഘാതങ്ങളത്രയും ഏറ്റുവാങ്ങേണ്ടി വരുന്നവർ
പ്രാന്തവത്കൃതരും എളുപ്പത്തിൽ
വഴങ്ങുന്നവരും തന്നെ.
ഫാഷിസ്റ്റുകളുടെ നിഷ്ഠുരവാഴ്ചക്കെതിരെയുയരുന്ന
ലോലമായ ആ പരിച, ഭരണഘടന,-
അതിനെ പോലും കീറിയെറിയാൻ,
കല്ലിന്മേൽ കല്ലുതൊടാതെ ഇല്ലായ്മ ചെയ്യാൻ
അവർ ശ്രമിക്കുന്നു
അങ്ങനെ നമ്മുടെ ജനാധിപത്യത്തെ
പഴന്തുണിയിലും രോഗത്തിലും തള്ളാൻ
അവർ യത്നിക്കുന്നു.
ആഖ്യാനങ്ങളെ അതിക്രമങ്ങൾകൊണ്ട്
ഫാഷിസ്റ്റുകൾ നിയന്ത്രിക്കുമ്പോൾ
മാധ്യമങ്ങളുടെ വാമൂടി കെട്ടപ്പെട്ടിരിക്കുന്നു,
സത്യം നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നു.
അവർ ഉയർത്തിപ്പിടിക്കുന്നതായി
പറയപ്പെടുന്ന ദേശീയതയുടെ പേരിൽ
എതിർശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നു,
കീഴടക്കപ്പെട്ടിരിക്കുന്നു.
എന്നിരുന്നാലും ഹൃദയത്തിലെ പ്രതീക്ഷകളോടെ
ഫാഷിസ്റ്റുകളുടെ കുതന്ത്രങ്ങൾക്കെതിരെ
പൊരുതാനുള്ള ധൈര്യത്തോടെ
നാം ഉയിർക്കുക തന്നെ ചെയ്യും.
കാരണം നാനാത്വമാണ്
നമ്മുടെ ഏറ്റവും വലിയ ശക്തി
ഫാഷിസ്റ്റുകളെ കൂടുതൽ ദൂരം പോകാൻ
നാം അനുവദിക്കുകയില്ല.
സ്നേഹത്തിലും സമാധാനത്തിലും
നാം ഒന്നിച്ചുനിൽക്കും
നമ്മുടെ സ്വാതന്ത്ര്യത്തെ
നമ്മുടെ അവകാശങ്ങളെ നമ്മുടെ അന്തസ്സിനെ
തകർത്തു കളയാൻ ഫാഷിസ്റ്റുകൾക്കെതിരെ
നാം പൊരുതും
കൂടുതൽ നല്ലൊരു ഇന്ത്യക്കായി,
നിങ്ങൾക്കും എനിക്കുമായി.
3
ഒരിരുൾ നെയ്തു
നിവരുന്നു
ജനാധിപത്യത്തെയും
സ്വതന്ത്ര നാടിനെയും ചവിട്ടിമെതിക്കുന്ന
ഉരുക്കുമുഷ്ടിയോടെ ഭരിക്കുന്ന ഒരു സർക്കാറിനു കീഴിൽ
ഭയം പെരുകുമ്പോൾ,
ഇന്ത്യയുടെ നിറങ്ങളുടെയും
ശബ്ദത്തിന്റെയും ഭൂമിയിൽ
ഒരിരുൾ നെയ്തു നിവരുന്നു.
നരേന്ദ്ര മോദിയുടെ ഭരണകാലഘട്ടത്തിൽ
രാഷ്ട്രത്തിന്റെ ആത്മാവ്
ഒരു വെള്ളിനാണയത്തിന് വിൽക്കപ്പെട്ടിരിക്കുന്നു
ഓരോ വിമതശബ്ദത്തെയും
സർക്കാർ നിശ്ശബ്ദമാക്കുമ്പോൾ
ഭരണഘടനയാകട്ടെ ഒരു വിദൂരസ്വപ്നം.
ഭരണകൂടത്തിന്റെ പ്രചാരണങ്ങൾ
ലജ്ജയില്ലാതെ പട്ടികപ്പെടുത്തുമ്പോൾ
മാധ്യമങ്ങൾ നിശബ്ദമാക്കപ്പെടുന്നു
സത്യം വളച്ചൊടിക്കപ്പെടുന്നു.
രാഷ്ട്രത്തിന്റെ മനസ്സാക്ഷി
അതിദയനീയമായി ഏകാന്തമാക്കപ്പെടുമ്പോൾ
വിമതശബ്ദങ്ങൾ അതിഭീകരമായി
നിശ്ശബ്ദമാക്കപ്പെടുന്നു.
ഭരണകൂടം അതിന്റെ ഗോപുരങ്ങൾ
ഉയരത്തിൽ കെട്ടിക്കയറ്റുമ്പോൾ
ന്യൂനപക്ഷങ്ങൾ പീഡകൾക്കും
കരച്ചിലിനും തള്ളിവിടപ്പെടുന്നു
ഭരണകൂടം രാഷ്ട്രത്തിന്റെ സമ്പത്ത്
പൂഴ്ത്തിവെക്കുമ്പോൾ
ദരിദ്രർ നിത്യവൃത്തിക്കായി
ഉപേക്ഷിക്കപ്പെടുന്നു.
മോദിയുടെ ഇന്ത്യയിൽ രാഷ്ട്രത്തിന്റെ
നാനാർഥം വിധിവിഹിതത്തിനായി വിടുമ്പോൾ
കാറ്റുകളിൽപോലും വെറുപ്പ് നിറയുന്നു.
ഫാഷിസ്റ്റുകളും മതഭ്രാന്തന്മാരും
അവരുടെ വിഷമയമായ പ്രത്യയശാസ്ത്രത്തിലും
ഭീകരമുഷ്ടിയാലും നാടു ഭരിക്കുന്നു.
എന്നിരുന്നാലും ജനത
പോരാട്ടത്തിനായി ഉയിർക്കുന്നു
രാഷ്ട്രത്തിന്റെ അവകാശങ്ങൾ
വീണ്ടെടുക്കുന്നതിനായി അവർ ഒരുങ്ങുന്നു
കാരണം ആൾക്കൂട്ടത്തെ അന്വേഷിക്കുന്ന
ഒരു ഭരണകൂടത്തെ അഭിമുഖീകരിക്കുമ്പോൾ
നാം നിശ്ശബ്ദമാക്കപ്പെടുകയില്ല,
തലകുനിക്കുകയുമില്ല
കാരണം ഇന്ത്യ പ്രതീക്ഷയുടെയും
വെളിച്ചത്തിന്റെയും നാടാണ്
നമുക്ക് ശരിയെന്നു തോന്നുന്നതിനുവേണ്ടി,
നീതിക്കും സമാധാനത്തിനുമായി നിൽക്കുന്ന
ഒരു രാഷ്ട്രം പണിതെടുക്കാൻ,
നാം പോരാടുക തന്നെ ചെയ്യും.
നാം പോരാടുക തന്നെ ചെയ്യും
അവിടെ നമുക്കെല്ലാം അഭിവൃദ്ധി പ്രാപിക്കാം,
വെറുപ്പിന് നശിച്ചുപോകാം.
♦
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.