ഈഗോ, ഓൾട്ടർ ഈഗോ എന്നു രണ്ടു കഷണമായി പ്രജ്ഞയെ പിളർത്തി. രണ്ടു പകുതികളിലും നീല നിലാച്ചാർത്തിന്റെ കാൽപനികതയും അതിന്റെ പ്രത്യുൽപന്നമായ നിഴലും വീണു കിടക്കുന്നുണ്ടായിരുന്നു. ഒരു കായലിന്റെ വക്കത്താണ് ഈഗോയും ഓൾട്ടർ ഈഗോയും കുടിപാർത്തിരുന്നത്. എന്നാൽ, ഒരു ദിനം ഓൾട്ടർ ഈഗോയെ മാതളപ്പഴത്തിനുള്ളിൽ ഒളിച്ചുപാർത്തിരുന്ന ചെറിയൊരു പുഴു ദംശിച്ചു. ദംശിക്കുന്ന നേരത്ത്...
ഈഗോ, ഓൾട്ടർ ഈഗോ എന്നു രണ്ടു കഷണമായി പ്രജ്ഞയെ പിളർത്തി. രണ്ടു പകുതികളിലും നീല നിലാച്ചാർത്തിന്റെ കാൽപനികതയും അതിന്റെ പ്രത്യുൽപന്നമായ നിഴലും വീണു കിടക്കുന്നുണ്ടായിരുന്നു. ഒരു കായലിന്റെ വക്കത്താണ് ഈഗോയും ഓൾട്ടർ ഈഗോയും കുടിപാർത്തിരുന്നത്. എന്നാൽ, ഒരു ദിനം ഓൾട്ടർ ഈഗോയെ മാതളപ്പഴത്തിനുള്ളിൽ ഒളിച്ചുപാർത്തിരുന്ന ചെറിയൊരു പുഴു ദംശിച്ചു. ദംശിക്കുന്ന നേരത്ത് പുഴു ഒന്ന് കുടഞ്ഞ് വലുതായി തക്ഷകരൂപം കൈക്കൊണ്ടെന്ന് പുരാണം. അതോടെ ഓൾട്ടർ ഈഗോ എന്ന പാതി പ്രജ്ഞ വിഷം തീണ്ടി കരിനീലിച്ച് വരണ്ടുപോയെന്നു മാത്രമല്ല, ദിനങ്ങൾ ചെന്നാറെ വിഷബാധയും മൗനവും മടുപ്പും മൂർച്ഛിച്ച് സ്വയം ഒരു സർപ്പമായി ചമഞ്ഞ് ഈഗോ എന്ന പാതിയെ ദംശിക്കുകയും ചെയ്തു. ഈഗോ ആവട്ടെ ഈ ദംശനത്തെ സർപ്പ ചുംബനമായി തെറ്റിദ്ധരിച്ചു. വിഷം തീണ്ടിയതായി അത് മനസ്സിലാക്കിയില്ലെന്നു മാത്രമല്ല അതിനെ അഗാധപ്രണയമായും കാൽപനികതയുടെ കാൽപ്പാടായുമൊക്കെ ആഘോഷിച്ച് അതേപ്പറ്റി ഒരു ഖണ്ഡകാവ്യംതന്നെ എഴുതാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഈ ദംശനത്തിന്റെ ഏഴാം ദിവസം ഈഗോക്ക് പനിയും തലവേദനയും ക്ഷീണവും വരുകയും അത് ക്രമേണ വിഷജ്വരമായി മാറുകയും ചെയ്തു. പനിയുടെ ഗ്രാഫ് കയറിയിറങ്ങി രോഗി പിച്ചും പേയും പറയുന്ന ഘട്ടത്തിലെത്തിയിട്ടും എന്റെ പ്രണയമേ, എന്റെ ഖണ്ഡകാവ്യമേ, നിലാവേ, നിലപ്പനേ എന്നൊക്കെ അത് നിലവിളിച്ചുകൊണ്ടിരുന്നു. ഏറ്റവുമൊടുവിൽ ജ്ഞാനം തെളിഞ്ഞപ്പോഴാണ് സർപ്പ ചുംബനത്തിനവസരം കൊടുത്ത താൻ പാപം ചെയ്തു എന്നതിനു മനസ്സിലായത്. ഞാൻ പാപിയാണ്, ഞാൻ പാപിയാണ് എന്നുരുവിട്ടുകൊണ്ട് അത് ഒടുവിൽ സിദ്ധികൂടി.
ഇത്രയേ പറയാനുദ്ദേശിച്ചുള്ളൂ. ഇതിൽ അന്യാപദേശം എവിടെ എന്നു ചോദിക്കരുത്. ഇതു താൻ അന്യാപദേശം. മറ്റെന്ത്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.