എന്റെയീ ചെറുരാവിനുള്ളിൽ കണ്ടുമുട്ടുന്നു കാറ്റുമിലകളും തമ്മിൽ എന്റെയീ ചെറുരാത്രിക്കുള്ളിൽ ഉള്ളത് പേടി, ശൂന്യതയെക്കുറിച്ചുള്ള ഭയം കാതോർക്കൂ. കാറ്റിനെപ്പോലിരുള് മുരളുന്നു കേൾക്കൂ. ഈ സമൃദ്ധിയെ നോക്കുന്നു ഞാനന്യമാം കണ്ണുകളാൽ ഞാനെന്റെ നിരാശയിലാസക്തയായിരിക്കുന്നു. ശ്രദ്ധിക്കൂ ഇരുട്ട് വീശുന്നത് കേൾക്കുന്നില്ലേ? ഈ നിമിഷത്തിൽ, ഈ രാവിനുള്ളിൽ അറിയാത്തതെന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു. ചന്ദ്രൻ അസ്വസ്ഥമായ് ചുവന്നിരിക്കുന്നു;...
എന്റെയീ ചെറുരാവിനുള്ളിൽ
കണ്ടുമുട്ടുന്നു കാറ്റുമിലകളും തമ്മിൽ
എന്റെയീ ചെറുരാത്രിക്കുള്ളിൽ
ഉള്ളത് പേടി, ശൂന്യതയെക്കുറിച്ചുള്ള
ഭയം
കാതോർക്കൂ.
കാറ്റിനെപ്പോലിരുള് മുരളുന്നു
കേൾക്കൂ.
ഈ സമൃദ്ധിയെ നോക്കുന്നു
ഞാനന്യമാം കണ്ണുകളാൽ
ഞാനെന്റെ നിരാശയിലാസക്തയായിരിക്കുന്നു.
ശ്രദ്ധിക്കൂ
ഇരുട്ട് വീശുന്നത് കേൾക്കുന്നില്ലേ?
ഈ നിമിഷത്തിൽ, ഈ രാവിനുള്ളിൽ
അറിയാത്തതെന്തോ ഒന്ന്
സംഭവിക്കാൻ പോകുന്നു.
ചന്ദ്രൻ
അസ്വസ്ഥമായ് ചുവന്നിരിക്കുന്നു; മേഘങ്ങൾ
വിലാപയാത്രക്കാരെന്ന പോലെ
തകർന്നുവീഴാനൊരുങ്ങുമീ മേൽക്കൂരക്കു മേലെ
മിഴിനീർ പൊഴിക്കാൻ കാത്തുനിൽക്കുന്നു.
ഒരു നിമിഷം,
പിന്നീട്, ഒന്നുമില്ല.
ഈ ജനാലക്കപ്പുറം രാത്രി വിറയ്ക്കുന്നു,
ഭൂമി വീണ്ടുമതിന്റെ തിരിച്ചിലൊന്നു നിർത്തിവെക്കുന്നു.
ഈ ജനാലക്കപ്പുറത്തുനിന്നും,
അജ്ഞാതമായൊന്നിന്റെ നോട്ടം
എനിക്കും നിനക്കും മേലെ.
ഹരിതമാകാം നിനക്ക്,
കാൽവിരൽത്തുമ്പുമുതൽ
നെറുകയോളം-
പനി പിടിച്ചൊരോർമപോൽ
നിൻ കരങ്ങളെന്റേതിൽ വെക്കൂ...
നിന്നെ പ്രണയിക്കുമെന്റെയീ കൈകളിൽ.
നിന്റെ ചുണ്ടുകളെ
ജീവിതോഷ്മളമാക്കുമൊരു
വികാരംപോൽ
പ്രണയാതുരമാമെന്നധരങ്ങളുടെ
ലാളനക്കായ് വിട്ടുതരൂ.
കാറ്റുവീശിയകറ്റും നമ്മെയൊരു ദിനം
കാറ്റ് നമ്മെ കൊണ്ടുപോകും അകലേക്ക്.
ഫറൂഅ് ഫർഖസാദ്
പേർഷ്യൻ സാഹിത്യത്തിലെ അതുല്യയായ കവികളിലൊരാൾ. ഇറാനിലെ സിൽവിയാ പ്ലാത്ത് എന്ന് വിശേഷിക്കപ്പെട്ടിട്ടുള്ള ഫറൂഅ് ഫർഖസാദ് സ്വന്തം സമൂഹത്തിലെ പുരുഷാധിപത്യ പ്രവണതകളെ എഴുത്തിലൂടെയും ജീവിതത്തിലൂടെയും ചോദ്യംചെയ്ത കവിയാണ്. സ്നേഹത്തെക്കുറിച്ചും അഭിലാഷങ്ങളെക്കുറിച്ചും സ്വതന്ത്രമായെഴുതി അവർ. ഇറാനിലെ കുഷ്ഠരോഗബാധിതരുടെ ജീവിതം പ്രമേയമാക്കി ഫറൂഅ് ഫർഖസാദ് സംവിധാനംചെയ്ത ‘ദ ഹൗസ് ഇസ് ബ്ലാക്ക്’ എന്ന ഡോക്യുമെന്ററി ഫിലിം ഇറാനിയൻ നവതരംഗ സിനിമയുടെ ആരംഭഘട്ടത്തിലെ പ്രധാന ചുവടുവെപ്പുകളിലൊന്നായി കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.