ആണ്ട് തോറും നേർച്ചക്കായിഒാരോ മുട്ടനാടുകളെ ഉപ്പാപ്പമുറ്റത്തെ അരശു മരത്തിൽഉഴിഞ്ഞ് കെട്ടും...മുശിടൻ വാടയിൽ തേഞ്ഞുരഞ്ഞ് തുടങ്ങിയമരത്തിലേക്ക്വലിഞ്ഞ് കേറി നിന്ന്ആണത്തം കാണിക്കുന്ന ആടിനെനോക്കി ഉമ്മാമ്മ എപ്പോഴുംനെടുവീർപ്പിടും...കഞ്ഞീം കാടിയും കുടിച്ച് വയറ് നിറഞ്ഞാലുംഇടക്കിടെ തിരിഞ്ഞു നിന്ന്പെടുത്ത് കുടിക്കുന്ന മൃഗതൃഷ്ണയെകണിശത കലർന്ന നോട്ടംകൊണ്ട്ഉപ്പാപ്പ കുറുക്കി കെട്ടും...അപ്പോഴൊക്കെചൂട് പൊടിഞ്ഞ നിശ്വാസങ്ങളെബബ്ബാന്ന, ഒറ്റഭാഷയിലാക്കിവമ്പത്തം...
ആണ്ട് തോറും നേർച്ചക്കായി
ഒാരോ മുട്ടനാടുകളെ ഉപ്പാപ്പ
മുറ്റത്തെ അരശു മരത്തിൽ
ഉഴിഞ്ഞ് കെട്ടും...
മുശിടൻ വാടയിൽ
തേഞ്ഞുരഞ്ഞ് തുടങ്ങിയ
മരത്തിലേക്ക്
വലിഞ്ഞ് കേറി നിന്ന്
ആണത്തം കാണിക്കുന്ന ആടിനെ
നോക്കി ഉമ്മാമ്മ എപ്പോഴും
നെടുവീർപ്പിടും...
കഞ്ഞീം കാടിയും കുടിച്ച്
വയറ് നിറഞ്ഞാലും
ഇടക്കിടെ തിരിഞ്ഞു നിന്ന്
പെടുത്ത് കുടിക്കുന്ന മൃഗതൃഷ്ണയെ
കണിശത കലർന്ന നോട്ടംകൊണ്ട്
ഉപ്പാപ്പ കുറുക്കി കെട്ടും...
അപ്പോഴൊക്കെ
ചൂട് പൊടിഞ്ഞ നിശ്വാസങ്ങളെ
ബബ്ബാന്ന, ഒറ്റഭാഷയിലാക്കി
വമ്പത്തം വെടിഞ്ഞ നിസ്സാരതയോടെ
ആട് ഇടം വലം കാവൽ നിൽക്കുന്ന
മലക്കുകളോട് മിണ്ടും...
ഇഴപറിഞ്ഞ പോക്കുവെയിലിൽ
പഴത്തൊലിയും പൊതിഞ്ഞ്
അയലോക്കക്കാർ ഇടക്കൊക്കെ
കൊമ്പനാടിനെ പുന്നാരിക്കാൻ വരാറുണ്ട്...
അറുക്കുന്നതിന് മുമ്പേ വേവ്
നോക്കാനുള്ള ആർത്തിയാൽ
തിളങ്ങുന്ന അവരുടെ കണ്ണുകളെ
പാട്ടിന് വിട്ട്, സ്ത്രൈണതകൊണ്ട്
കൊമ്പുരസുന്ന ആടിനപ്പോൾ
തന്റെ പൂർവികരുടെ ക്ഷമയറ്റ
നോട്ടങ്ങൾ കാണാം...
കയറുരസി മച്ചിയായി
പോയ അരശിന്റെ ചുവട്ടിൽ
കുളമ്പിട്ടടിച്ച് പെണ്ണാടിനെ
തിരയുന്ന ആടിന്റെ ചൂട്
പകുതി തിമിരം മൂടിയ
ഇടം കണ്ണുകൊണ്ട്
കണ്ട് രസിക്കുന്ന ഉപ്പാപ്പയെ
കതകിന്റെ വിടവിലൂടെ
പല കണ്ണുകൾ ഒപ്പിയെടുക്കും...
ഒടുവിൽ ഒന്നും അറിയാത്ത മട്ടിൽ
പ്ലാവിലതണ്ടൊടിച്ച്
തിന്നാൻ
കൊടുക്കുമ്പോൾ
ഊശാൻ താടി വിറപ്പിച്ച്
പകുതി പ്രാർഥനയിൽ
ആട് ഉപ്പാപ്പയുടെ മേലേക്ക്
ചാടിക്കയറും...
മൂക്ക് വിടർത്തി കാറ്റ് പിടിച്ച
ചിന്തകളോടെ ആണിന്റെയും
പെണ്ണിന്റെയും മണം പിടിച്ചെടുക്കുന്ന
ആട് അറവ് ലക്ഷണമാണ്...
അതോടെ
റാത്തീബിന്റെ പന്തലിൽ
ആടിനെ മണവാളനാക്കാൻ തുടക്കമിട്ട്
ഉപ്പാപ്പ അറവു കത്തിക്ക്
മൂർച്ചകൂട്ടും...
അതറിഞ്ഞ്
ആടിന്റെ കൂമ്പും കരളും
എനിക്ക് തന്നെ തരണേന്ന്
രണ്ട് വീടപ്പുറത്തെ കദീജാത്ത
നേരത്തേതന്നെ പറഞ്ഞുവെക്കും...
തേവിക്കളഞ്ഞ ഓർമകളിൽ
കിതച്ച് കൂനുന്ന ഉപ്പാപ്പക്കപ്പോൾ
അത്തറിന്റെ മണമാണ്...
അറുക്കുന്നതിന്റെ
തൊട്ട് തലേന്ന് മുതൽ
തലതാഴ്ത്തി നിൽക്കുന്ന
ആടിനോട് ഉപ്പാപ്പ
അടക്കത്തിലെന്തോ പറയാറുണ്ട്...
സുബർക്കത്തിലേക്കുള്ള വഴിയിൽ
എന്നേം കൂട്ടണേന്ന് പറയുന്നതാവും...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.