മരവിപ്പിക്കുമീ മരുരാവിൽമണൽക്കൂനകളിൽ കാറ്റൊഴിഞ്ഞയാമ നിശ്ചലതയിൽഎട്ടുദിക്കും തൊട്ടു നോക്കുവാ-നിറങ്ങുന്നെന്നിലെ ഞാൻ.ചില പാളികളിൽ പൊന്തിയമർന്ന്പൊടുന്നനെ നിന്നുപോയമലകൾ, താഴ്വരകൾ,തുള്ളിയോടുന്ന നീരുകൾ, വേരുകൾ,ഹരിതത്തെ വലംവച്ചവിതകൾ, കൊയ്ത്തുകൾ,നീലയിലെ നിലയില്ലായോളങ്ങൾ,ബഹുത്വത്തിൻ ഗാഥ മീട്ടി നിൽപ്പതും-മണലെഴുത്തിൻ വടിവുകളാൽവിവിധതയുടെമറ്റൊരലങ്കാരവളപ്പായ്മരുപഥമിത് മിടിപ്പതും-ഒരേ...
മരവിപ്പിക്കുമീ മരുരാവിൽ
മണൽക്കൂനകളിൽ കാറ്റൊഴിഞ്ഞ
യാമ നിശ്ചലതയിൽ
എട്ടുദിക്കും തൊട്ടു നോക്കുവാ-
നിറങ്ങുന്നെന്നിലെ ഞാൻ.
ചില പാളികളിൽ പൊന്തിയമർന്ന്
പൊടുന്നനെ നിന്നുപോയ
മലകൾ, താഴ്വരകൾ,
തുള്ളിയോടുന്ന നീരുകൾ, വേരുകൾ,
ഹരിതത്തെ വലംവച്ച
വിതകൾ, കൊയ്ത്തുകൾ,
നീലയിലെ നിലയില്ലായോളങ്ങൾ,
ബഹുത്വത്തിൻ ഗാഥ മീട്ടി നിൽപ്പതും-
മണലെഴുത്തിൻ വടിവുകളാൽ
വിവിധതയുടെ
മറ്റൊരലങ്കാരവളപ്പായ്
മരുപഥമിത് മിടിപ്പതും-
ഒരേ മൺകട്ടയിലെ
പകർന്നാട്ടമെന്നറിഞ്ഞ്
ഉള്ളിലൊരു ചിത്രവിരിപ്പിന്
ഊടുകൾ, പാവുകൾ.
പുറത്ത് വിപരീതങ്ങളെ
പാകിയ അനന്ത കമ്പളം...
ഈ ഉൾരാവിൽ,
മണലിൻ താപത്താഴ്ചയി-
ലൂർന്നു മരവിച്ച മരുരാവിനോടു
ചോദിപ്പൂ ഞാൻ-
അകം നിറയുമീ ഇളംചൂടോ
പുറത്തുള്ള കല്പിതങ്ങളോ
ഏതാണ് വാസ്തവം?
മുൾച്ചെടികളുടെ സന്നിധികൾ,
പകൽച്ചൂടിൽ വെന്തിറങ്ങും
പൊടിക്കാറ്റിൻ പരുഷത,
സ്ഥാനാന്തരങ്ങളിലുലയും മണൽക്കൂനകൾ-
വിവിധതയുടെ മറ്റൊരടിവര.
ഏതാണ് വാസ്തവം?
അകംപുറം കലർന്നൊരു
ശീതോഷ്ണ സമതയി-
ലുള്ളിനെ നിർത്തുമ്പോൾ
പ്രാണങ്ങളുടെ സുപഥങ്ങളു-
മപഥങ്ങളും കുലുക്കി നിറച്ച
ഭൂവിൻ സംതുലന സമവാക്യം
മറ നീങ്ങി വരവായ്.
മണൽക്കാറ്റിലെങ്ങോ
മഴമണം, മഴയൊച്ച...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.