പെറ്റു വീണതേയുള്ളൂ- കൈകാൽ കുടയുന്നു; ഇളം ചുവപ്പുള്ള ഒരു ദിവസം. ചെറിയ ചെറിയ കിളി ചിലപ്പുകൾ. മഞ്ഞ് നടന്നുപോയതിന്റെ കാലടിപ്പാടുകൾ ഇലകളിൽ. ആകാശത്ത് ഒരൊറ്റ നക്ഷത്രം; അണയാൻ മടിച്ച്. റോഡിലൂടെ വേച്ചുവേച്ചു നീങ്ങുന്ന ഒരു വൃദ്ധൻ. ഇപ്പോൾ അതെന്നെ നോക്കി പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്നു. അതിനെ കൈകളിലെടുത്തു. ഒരു കുഞ്ഞുടുപ്പ് ഇടിയിച്ചു. അതിനേയും തോളിലിരുത്തി...
പെറ്റു വീണതേയുള്ളൂ-
കൈകാൽ കുടയുന്നു;
ഇളം ചുവപ്പുള്ള ഒരു ദിവസം.
ചെറിയ ചെറിയ കിളി ചിലപ്പുകൾ.
മഞ്ഞ് നടന്നുപോയതിന്റെ
കാലടിപ്പാടുകൾ ഇലകളിൽ.
ആകാശത്ത് ഒരൊറ്റ നക്ഷത്രം; അണയാൻ മടിച്ച്.
റോഡിലൂടെ വേച്ചുവേച്ചു നീങ്ങുന്ന ഒരു വൃദ്ധൻ.
ഇപ്പോൾ അതെന്നെ നോക്കി
പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്നു.
അതിനെ കൈകളിലെടുത്തു.
ഒരു കുഞ്ഞുടുപ്പ് ഇടിയിച്ചു.
അതിനേയും തോളിലിരുത്തി പണിക്കു പോയി.
ഇടക്കൊന്നും നിലത്തു വെച്ചതേയില്ല.
പാവം, കുറേ വെയിൽ കൊണ്ടു; വിയർത്തു.
സന്ധ്യക്ക് വീടണയുമ്പോൾ
ദിവസം എന്റെ കൂടെയുണ്ട്.
വീട്ടുകാർ അതു കണ്ടതായി നടിച്ചില്ല.
രാത്രി ഉറക്കത്തിൽ ഒരു സ്വരം
കേട്ടപോലെ തോന്നി.
ഉണർന്നപ്പോൾ മുഷിഞ്ഞ വേഷത്തിൽ
ഒരു വൃദ്ധൻ.
''ആരാണ്?''
ഒരു വിറയോടെ ഞാൻ ചോദിച്ചു.
തിരിഞ്ഞു നടക്കുമ്പോൾ ആ വൃദ്ധസ്വരം പറഞ്ഞു:
''ഞാൻ, ദിവസം.''
അതായിരുന്നു അവസാനത്തെ കണ്ടുമുട്ടൽ.
ആ രാത്രി ഞാൻ മരിച്ചുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.