തത്ത്വചിന്തകൻ ഉറങ്ങി കഴിഞ്ഞപ്പോൾ തൊണ്ടമുഴ മെല്ലേ ഇറങ്ങിവന്ന് കിടക്കകോണിൽ സമാധിസ്ഥനായ് ഇങ്ങനെ ആത്മഗതം ചെയ്തു വെറുമൊരു മുഴക്കുപോലും ഹാ ചരിത്രത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയുന്നു തൊണ്ടയിലെ എന്റെ വേദനാപെരുക്കങ്ങളാൽ ഇയാളുടെ വാക്കുകൾ തീക്ഷ്ണമായി എഴുത്തിലും പ്രഭാഷണങ്ങളിലും...
തത്ത്വചിന്തകൻ ഉറങ്ങി കഴിഞ്ഞപ്പോൾ
തൊണ്ടമുഴ
മെല്ലേ ഇറങ്ങിവന്ന്
കിടക്കകോണിൽ
സമാധിസ്ഥനായ്
ഇങ്ങനെ ആത്മഗതം ചെയ്തു
വെറുമൊരു മുഴക്കുപോലും
ഹാ ചരിത്രത്തെ
എങ്ങനെ സ്വാധീനിക്കാൻ
കഴിയുന്നു
തൊണ്ടയിലെ
എന്റെ വേദനാപെരുക്കങ്ങളാൽ
ഇയാളുടെ വാക്കുകൾ
തീക്ഷ്ണമായി
എഴുത്തിലും പ്രഭാഷണങ്ങളിലും തീജ്വാലകളായി
യുവാക്കളും
ഉൽപതിഷ്ണുക്കളും
ഏറ്റുവാങ്ങി
സ്വേച്ഛാധിപതികൾ
ഉള്ളാലെ ഭയപ്പെട്ടു
അത്
സിംഹഗർജനങ്ങളായി
അവരുടെ കോട്ടകൊത്തളങ്ങളെ
വിറപ്പിച്ചു
ഭരണയന്ത്രങ്ങൾ
കൊഴിഞ്ഞുവീണു
രാജ്യത്തിന്റെ ചരിത്രം
ഞാൻ അങ്ങനെ
മാറ്റിയെഴുതി
എന്നാൽ
പണ്ഡിതർക്കും
ഗവേഷകർക്കും
ചരിത്രത്തിന്റെ
ഇരുൾ ചാലുകളിൽ
കുടികൊണ്ടിരുന്ന
എന്റെ പങ്ക്
കണ്ടെത്താനായില്ല
ഈ വൈരൂപ്യമാണിതിനു
കാരണമെന്നു
അറിയുന്നത്
ദൈവം മാത്രം
മഹാനായ തത്ത്വചിന്തകൻ എന്ന്
ഇയാൾ ജനങ്ങൾക്കിടയിൽ
അറിയപ്പെട്ടപ്പോൾ
ശത്രുതക്കിടയിൽ
എന്റെ പേരിൽ
വിഷം കുടുങ്ങിയ
നീലകണ്ഠൻ എന്ന്
പരിഹസിക്കപ്പെട്ടു
ഞാൻ മൂലമുണ്ടായ അപകർഷതയാൽ... ഇയാൾ സുന്ദരികളായ
ആരാധികമാരിൽനിന്നും
അകന്നു ജീവിച്ചു
ഇയാളെ സ്വവർഗക്കാരൻ
ആക്കിയതിലും
ഞാൻ പങ്കുവഹിച്ചു
എന്റെ സാന്നിധ്യമില്ലാത്ത
ഈ ഉറക്കത്തിൽ
ഇയാൾ മെല്ലേ ചിരിക്കുന്നു
പുല്ലിനും പുഴുവിനും
ഇടം നൽകിയ ദൈവം
ഇയാളുടെ തൊണ്ടയിൽ
എനിക്ക് പാർപ്പിടം നൽകി
തൊണ്ടമുഴ
ആത്മഗതം കഴിഞ്ഞ് വീണ്ടും
നുഴഞ്ഞു കേറിയപ്പോൾ
അയാൾ അവ്യക്തമായ്
എന്തോ പിറുപിറുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.