മൂന്ന് നദികള്‍ എത്തിച്ചേരുന്ന കല്ലറ കവല മുന്നിലേക്ക് പോയാല്‍ പ്രകാശന്റെ വീട്ടിലെത്താം വലത്തോട്ട് പോയാല്‍ രവീടെയും പിന്നിലോട്ട് പോയാല്‍ (ഇല്ല, ഞാന്‍ പിന്നിലേക്കില്ല) അവിടെയാണ് എന്റെ വീട് കവലയിലെ കലുങ്കില്‍ നാല് നരച്ച കണ്ണുകള്‍ കണ്ടത് മതിയെന്ന് പറഞ്ഞ് വെള്ള കയറിയ നാലെണ്ണം ആരെയും കൂസാതെ അവര്‍ സംസാരിക്കുന്നു ഏറ്റുമാനൂര്‍ക്ക് പോകുന്ന ജാക്വിലിനും ചേര്‍ത്തലയ്ക്ക് പോകുന്ന മണ്ണ് വണ്ടിക്കും വൈക്കത്തിന് പോകുന്ന ഒരത്യാവശ്യത്തിനും...
മൂന്ന് നദികള്‍
എത്തിച്ചേരുന്ന
കല്ലറ കവല
മുന്നിലേക്ക് പോയാല്‍
പ്രകാശന്റെ വീട്ടിലെത്താം
വലത്തോട്ട് പോയാല്‍ രവീടെയും
പിന്നിലോട്ട് പോയാല്‍
(ഇല്ല, ഞാന്‍ പിന്നിലേക്കില്ല)
അവിടെയാണ് എന്റെ വീട്
കവലയിലെ കലുങ്കില്‍
നാല് നരച്ച കണ്ണുകള്‍
കണ്ടത് മതിയെന്ന്
പറഞ്ഞ് വെള്ള കയറിയ നാലെണ്ണം
ആരെയും കൂസാതെ
അവര്‍ സംസാരിക്കുന്നു
ഏറ്റുമാനൂര്‍ക്ക് പോകുന്ന ജാക്വിലിനും
ചേര്‍ത്തലയ്ക്ക് പോകുന്ന
മണ്ണ് വണ്ടിക്കും
വൈക്കത്തിന് പോകുന്ന
ഒരത്യാവശ്യത്തിനും
ഇടയിലൂടെ സാഹസപ്പെട്ട്
റോഡിനിപ്പുറമെത്തിയ പോക്കാച്ചി
ഒരു വിജയിയെ പോലെ
നാല് കണ്ണുകളിലേക്കും ചിരിച്ചു
ആളില്ലാ സീറ്റുകളിലേക്ക്
കൊതിയോടെ നോക്കുന്നുണ്ട്
ബസ് സ്റ്റോപ്പിലെ
ചില തളര്‍ന്ന കണ്ണുകള്‍
നിറഞ്ഞ കൂടയും
ഒഴിഞ്ഞ ഒറ്റാലുമായി
ഒരുവന് കാലാട്ടാന്‍*
തെക്കോട്ട് വച്ച് പിടിക്കുന്നുണ്ടാകും
കലുങ്കിന് പിന്നിലെ തെങ്ങ്
ഒരിലയെ കൈവിട്ടു
തൊട്ടിലിലെന്നോണം ആടിയാടിയത്
ഒരു ഞെട്ടലോടെ മണ്ണിനെ തൊട്ടു.
നാളെ കാണാമെന്ന് പറഞ്ഞ്
സൂര്യന് പോകാനുള്ള വട്ടം കൂട്ടി
അസ്തമന സൂര്യനെ
സുന്ദരനാക്കിയയ്ക്കാന് തന്നെയാകും
ആകാശത്തില്‍
പലവിധ ചിത്രങ്ങള്‍ വരച്ച്
കിളികള്‍ പറക്കും
ഉടനെ
ഏറ്റുമാനൂര്‍ക്കുള്ള
അവസാന ബസ്സും പോകും
പോക്കാച്ചി തവള
തിരികെ ഒരിക്കല്‍ക്കൂടി
സാഹസത്തിനൊരുങ്ങുന്നുണ്ടാകും
തെങ്ങിന് ചുവട്ടില്‍
അതിന്റെ ഇല
തിരികെ കയറാനാകാത്ത
വീട്ടിലേക്ക് നോക്കി
കിടക്കുന്നുണ്ടാകും
കലുങ്കില്‍
ആരോ ഊരിവച്ച
നാല് കണ്ണുകള്‍
അപ്പോഴുമിരിക്കുന്നുണ്ടാകും.
*ഷാപ്പില് പോകാന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.