കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ ഞാനേതോ കഥാപാത്രങ്ങളുമായി പാതിമയക്കത്തിലായിരുന്നു വിശപ്പിന്റെ സൈറണ്‍ കാതില്‍ മുഴങ്ങിയപ്പോള്‍ ഞാനെഴുന്നേറ്റെങ്കിലും വേച്ചുപോയ മനസ്സും കാലുകളും എന്റെയോട്ടത്തെ തടഞ്ഞു ചെറുത്തുനിൽപിന്റെ പാതയോരത്ത് തളര്‍ന്നുവീഴുമ്പോഴും പുറത്തെയിരുട്ട് എന്നെ ഗൗനിക്കാതെ ക്രൂരമായിക്കൊണ്ടിരുന്നു സ്നേഹത്തിന്റെ രണ്ടു കുഞ്ഞരുവികള്‍ എന്റെ...
കലാപം
പൊട്ടിപ്പുറപ്പെടുമ്പോള്‍
ഞാനേതോ കഥാപാത്രങ്ങളുമായി
പാതിമയക്കത്തിലായിരുന്നു
വിശപ്പിന്റെ സൈറണ്‍
കാതില്‍ മുഴങ്ങിയപ്പോള്‍
ഞാനെഴുന്നേറ്റെങ്കിലും
വേച്ചുപോയ
മനസ്സും കാലുകളും
എന്റെയോട്ടത്തെ തടഞ്ഞു
ചെറുത്തുനിൽപിന്റെ
പാതയോരത്ത്
തളര്‍ന്നുവീഴുമ്പോഴും
പുറത്തെയിരുട്ട്
എന്നെ ഗൗനിക്കാതെ
ക്രൂരമായിക്കൊണ്ടിരുന്നു
സ്നേഹത്തിന്റെ
രണ്ടു കുഞ്ഞരുവികള്‍
എന്റെ ചുണ്ടുകളെ
നനച്ചൊഴുകി
അപമാനത്തിന്റെയും
നിന്ദയുടെയും
കരിങ്കല്‍ചീളുകള്‍
മുഷിഞ്ഞ പുഞ്ചിരിയുടെ മറപറ്റി
എന്നെ ലക്ഷ്യംവെക്കുന്നത്
കാണാത്തമട്ടില്‍
ഞാനടച്ചുവെച്ചു
അനസ്ത്യേഷ്യയെ
മറികടന്നതും,
പിറവിയുടെ പുഴയില്‍ മാത്രം
ഉദരം മുറിഞ്ഞുതോറ്റതും
ഓർമകളായി
എന്നാലിന്ന്
കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍
ഒന്നോടിമാറാനാവാത്ത
വിധമെന്റെ കാലുകള്‍
കുരുക്കിലായിരിക്കുന്നു
കൊടും വറുതിയുടെ
നാളുകളിലേക്കാരോ
സ്നേഹത്തിന്റെ അന്നമുരുട്ടിയെറിയുമ്പോള്
കലാപത്തിന്റെ കൊടിക്കൂറ
പാതിയിലേറെയും
അരൂപിയായൊരാത്മാവ്
താഴ്ത്തികെട്ടിയിരിക്കുന്നു
അരൂപികളുടെ കണ്ണുകളില്‍
ക്രോധം പടിയിറങ്ങുന്ന,
കൊമ്പുകള്‍ ഞെരിഞ്ഞമരുന്ന,
മിന്നല്കൊട്ടുകള്
താളം മുറുക്കുമ്പോള്‍
മുറ്റത്തിന്റെ നാലതിരുകളില്‍
തളംകെട്ടിക്കിടക്കുന്ന
തണുപ്പിലേക്കെന്റെ കണ്ണുകള്‍
മെല്ലെയൊന്നു തുറന്നോട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.