മരിച്ചുപോയേക്കുമെന്ന് തോന്നുമ്പോൾ ഞാൻ ഉത്തരത്തിലെ കൊളുത്തുകളെ ഓർക്കും ഉത്തരമെമ്പാടും കൊളുത്തുകളിട്ടാണ് അപ്പൻ കൂര വാർത്തത് എന്തിനാണപ്പാ ഇത്തറേം കൊളുത്തുകളെന്ന് വാർക്ക കമ്പിമേലിരുന്ന് കുഴിയാനക്കിണറ് തോണ്ടി ഞാൻ ചോദിച്ചു മീശത്തുമ്പ് കടിച്ച് അപ്പന്റെ കറുത്ത ചുണ്ടുകൾ ചുമ്മാതെ ചിരിച്ചതേയുള്ളൂ പതിനാറ് കഴിഞ്ഞ് വിളക്കണയ്ക്കും വരെ പെരുമഴ...
മരിച്ചുപോയേക്കുമെന്ന് തോന്നുമ്പോൾ
ഞാൻ ഉത്തരത്തിലെ
കൊളുത്തുകളെ ഓർക്കും
ഉത്തരമെമ്പാടും കൊളുത്തുകളിട്ടാണ്
അപ്പൻ കൂര വാർത്തത്
എന്തിനാണപ്പാ
ഇത്തറേം കൊളുത്തുകളെന്ന്
വാർക്ക കമ്പിമേലിരുന്ന്
കുഴിയാനക്കിണറ് തോണ്ടി
ഞാൻ ചോദിച്ചു
മീശത്തുമ്പ് കടിച്ച്
അപ്പന്റെ കറുത്ത ചുണ്ടുകൾ
ചുമ്മാതെ ചിരിച്ചതേയുള്ളൂ
പതിനാറ് കഴിഞ്ഞ്
വിളക്കണയ്ക്കും വരെ
പെരുമഴ വീണിട്ടും
പന്തൽച്ചൂടി
കൊളുത്തിൽ ഉശിരോടെ നിന്നു
മരിച്ചുപോയേക്കുമെന്ന് തോന്നുമ്പോഴെല്ലാം
ആർത്തിയോടെ തുരുമ്പുരുക്കി
അപ്പനുണ്ണാൻ വിളിക്കും പോലെ
അവരെന്നെ വിളിക്കും
എന്റെ മുറിയിൽ
മൂന്നു കൊളുത്തുകളുണ്ട്
അതിൽ
മഞ്ഞ ജമന്തിപൂക്കൾ
തലകീഴായി തൂക്കിയിട്ട്
ഞാൻ വേദനകളുടെ അപ്പനാകും
മരിച്ചുപോയേക്കുമെന്ന് തോന്നുമ്പോഴെല്ലാം
തൊണ്ടമുഴയോളം തൂങ്ങി വരുന്നതിനെ
ഒരു വിധത്തിൽ പറഞ്ഞടക്കി
വിളിച്ചു കൊണ്ടുപോകലുണ്ട്
വെള്ളം വറ്റിയിട്ടും
മഞ്ഞ വറ്റാത്ത പൂക്കൾ
കഴിഞ്ഞ മഴക്കാലത്ത്
കൊളുത്തൊന്നിൽ
കൂടു െവച്ച കത്രികക്കിളി
അന്നത്തിൽ
ഉപ്പുപാട്ടുകൾ കൊത്തിനുറുക്കിയിട്ട്
പറന്നു പോയി
ഓരോ പാട്ടിലും
തീ പിടിച്ച വറ്റൽമുളകുകൾ
എന്റെ കണ്ണെരിക്കുന്നു
മരിച്ചുപോയേക്കുമെന്ന് തോന്നുമ്പോഴെല്ലാം
കൊളുത്ത് തെളിച്ച്
ഞാനൊരു മരത്തൊട്ടിലാകും
ജമന്തി മുക്കുറ്റിയാകും
കിളിക്കൂട് പാട്ടുപുരയാകും
മുളകുപാടങ്ങളിൽനിന്ന്
തേൻ നെല്ലിക്കകൾ
കിനാവിലേക്ക്
ഉരുണ്ടുരുണ്ട് വരും
അങ്ങനെയാണ്
മരിച്ച ഞാൻ
കവിതയെഴുതി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.