1.ബുദ്ധൻ എന്റെ അയൽക്കാരനും ബന്ധുവിനും ഇടയിലെ അലക്കുകല്ലിൽ ഒരു കുമിളക്കുമേലെ ആകാശമായി കിടന്നു. ആഴത്തെക്കുറിച്ച് സംസാരിക്കാനാണ് കിണർ നിറഞ്ഞുവന്നത് കുടുക്കിവച്ചു കോരിയെടുത്തപ്പോൾ കുറഞ്ഞുപോയി എന്നു പറയാൻ നിൽക്കാതെ വെള്ളം വട്ടത്തിൽ കൈകോർത്തുനിന്നു. കൂട്ടിപ്പിടിച്ച വിരലുകളിൽനിന്നും നഖം മുറിക്കിടെ പിന്നോട്ട് തെന്നിയ മാംസം ഒരു മൈനയായി, മുന്നിലൂടെ നീങ്ങിയ ചാണകവണ്ടുകളെപ്പോലെ അത് ഉരുണ്ടുരുണ്ട് കുറച്ചുദൂരം മുന്നോട്ടുപോയി. അരികുചെത്തിയ...
1.
ബുദ്ധൻ
എന്റെ അയൽക്കാരനും
ബന്ധുവിനും ഇടയിലെ
അലക്കുകല്ലിൽ
ഒരു കുമിളക്കുമേലെ
ആകാശമായി കിടന്നു.
ആഴത്തെക്കുറിച്ച് സംസാരിക്കാനാണ്
കിണർ നിറഞ്ഞുവന്നത്
കുടുക്കിവച്ചു കോരിയെടുത്തപ്പോൾ
കുറഞ്ഞുപോയി എന്നു പറയാൻ
നിൽക്കാതെ വെള്ളം
വട്ടത്തിൽ കൈകോർത്തുനിന്നു.
കൂട്ടിപ്പിടിച്ച വിരലുകളിൽനിന്നും
നഖം മുറിക്കിടെ
പിന്നോട്ട് തെന്നിയ മാംസം
ഒരു മൈനയായി,
മുന്നിലൂടെ നീങ്ങിയ
ചാണകവണ്ടുകളെപ്പോലെ അത്
ഉരുണ്ടുരുണ്ട് കുറച്ചുദൂരം മുന്നോട്ടുപോയി.
അരികുചെത്തിയ ഒരു പാത്രം
ഇറങ്ങിയതിനു മേലെ
ആരും അളന്നുനോക്കിയിട്ടില്ലെങ്കിലും
മഴയുള്ള ഉച്ചനേരങ്ങളിൽ
ആരുമില്ലാത്തപ്പോൾ
തണുത്ത കാറ്റിന്റെ ശബ്ദമുള്ള
ചില നീല നിറങ്ങൾ
പുറത്തേക്കിറങ്ങിപ്പോയിട്ടുണ്ട്.
2.
പക്ഷികളുടെ കലമ്പൽ
നേർത്ത ഒരരുവിയുടെ
പ്രേതമാവുന്നു.
കാതിൽ ഇമ്പമുള്ള വഴക്കായി
അത്
കരയിലുള്ളതിനെ തിരിച്ചുകാണിച്ചു.
കുറുകലും കരച്ചിലും ചേർന്ന
ഒരു വാക്കും ഞാനും തമ്മിലുള്ള
അകലമായി പക്ഷി.
അവയിൽ ഉണങ്ങാനിട്ട തുണിപോലെ
നാറ്റവും ഈർപ്പവും കുടിച്ച വെയിലായി അത് മെരുങ്ങി.
3.
ചുമലുമടങ്ങിയ ഒരു ഹാങ്ങറിനൊത്ത്
വാ പിളർന്നു കളഞ്ഞു.
നനഞ്ഞ ഒരു ഷർട്ടിന്റെ
ഇരുകൈകളും കാറ്റിലാടുന്നതിലാണു
ശ്രദ്ധ.
വിരിഞ്ഞമാറും കയ്പുള്ള
തൊണ്ടക്കുഴിയുമുള്ളവരുടെ-
രാത്രിയെ വിഴുങ്ങിയ ഞാൻ
അന്ധയാണെന്ന് വിശ്വസിക്കരുത്.
ചുവന്ന ഒരിറ്റു ഹൃദയം
നിങ്ങളിലേക്ക് തെറിപ്പിച്ചുകൊണ്ട്
കടന്നുപോയ നഗരത്തെപ്പോലെ
തിങ്ങിഞെരുങ്ങിയതെങ്കിലും.
മുരൾച്ച കേട്ട് എണീറ്റവരുടെ
പടിക്കെട്ടിൽ നിറയെ ഒച്ചുകൾ
അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ
കുപ്പായമിടാതെ, കിതയ്ക്കാതെ
ഒരു റീത്തിൽ ഒതുക്കിവെച്ച
പൂക്കളെപ്പോലെ നിറഞ്ഞുനിന്നു.
ചവിട്ടിമെതിച്ചാൽ കാലിൽ ഒട്ടിപ്പിടിച്ചേക്കാവുന്ന
കൊഴുത്ത ചുനയിൽ അവയുടെ ഉടലുമിന്നി.
ഇഴച്ചിലുകളിൽ ഇക്കിളിപൂണ്ട്
വിമ്മിട്ടപ്പെട്ട് മണ്ണ്, കിടത്തത്തിന്റെ
ചെരിവുകളോടെ സംസാരിക്കുന്നു.
ഉയർത്തിയും താഴ്ന്നും.
4.
മരവുരിയുള്ള കൈപ്പിടിയിൽ
ഒതുങ്ങാത്ത മുലഞെട്ടുകളിലൂടെ
ഒഴുകിയ പാലുതേച്ച
ഉണ്ടകൾ പൊട്ടിച്ചിതറി
ഒച്ചത്തിൽ -ഓളത്തിൽ
ഉഴറാത്ത നേരം നോക്കി
ചുണ്ടുനോക്കി, ഉള്ളുനോക്കി
കാഞ്ചിയിൽ പേറ്റുമണം നോക്കി
നിവർക്ക് ആണുമൂത്തു.
വെന്ത അരിയുടെ കൊഴുപ്പിനൊത്ത്
ചേർത്ത വെടിമണം.
ആഴത്തിൽ കരിപൂത്ത കണ്ണീർത്തടങ്ങൾ
കവിളോളം ഉരുണ്ടുമുരണ്ട്
വെടികൊണ്ട പന്നിയോളം ഓടി,
മുറിവു പുകയുന്ന ദൂരമത്രയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.