കുന്നത് തീരും മുൻപേ കോഴ്സത് തുടങ്ങണം എല്ലാവരും പറക്കണം ഇത് തൂവലിതു ചിറകെന്ന് ബോർഡിലെഴുതി ഗൃഹപാഠം ചെയ്യിച്ച് സകലരേയും കൊല്ലരുത് പറക്കാൻ പഠിപ്പിക്കണമത് പറന്നുതന്നെ പഠിക്കണം. ഒത്ത തൂവൽതന്നെ നോക്കിവാങ്ങാൻ പറയണം അഡ്മിഷനെടുക്കാൻ നേരമവ കൈയിലില്ലേയെന്നു നോക്കണം. വേഗം വേഗം നേരമേറെ ഇല്ലിനിയൊന്നിനും. എനിക്ക് ദുബായി തൂവ- ലെനിക്കു...
കുന്നത് തീരും മുൻപേ
കോഴ്സത് തുടങ്ങണം
എല്ലാവരും പറക്കണം
ഇത് തൂവലിതു ചിറകെന്ന് ബോർഡിലെഴുതി
ഗൃഹപാഠം ചെയ്യിച്ച്
സകലരേയും കൊല്ലരുത്
പറക്കാൻ പഠിപ്പിക്കണമത്
പറന്നുതന്നെ പഠിക്കണം.
ഒത്ത തൂവൽതന്നെ നോക്കിവാങ്ങാൻ പറയണം
അഡ്മിഷനെടുക്കാൻ നേരമവ കൈയിലില്ലേയെന്നു നോക്കണം.
വേഗം വേഗം
നേരമേറെ ഇല്ലിനിയൊന്നിനും.
എനിക്ക് ദുബായി തൂവ-
ലെനിക്കു കാനഡത്തൂവൽ
എനിക്കോ അമേരിക്കയെനിക്കു ചൈന.
ചേട്ടാ ജപ്പാൻ തൂവലുണ്ടോ?
തീർന്നുപോയി നാളേക്ക് വരുത്തിക്കാം.
റഷ്യത്തൂവൽ?
ഉണ്ടു പക്ഷേ നിറം മങ്ങി.
ഈ തൂവലേത് രാജ്യത്തിന്റെ?
അതു ഉക്രൈന്റെ,
ഇപ്പോഴെടുക്കേണ്ടിതു ശരിയാവില്ല.
കേരളത്തൂവലുണ്ടോ?
എവിടേക്കും പോകേണ്ടാത്തവർക്ക്.
കേരളത്തൂവലോ?
കേരളത്തിലേക്കു പറക്കാനല്ലേ കേരളത്തൂവൽ വേണ്ടൂ,
അവയൊക്കെ അരിയിറക്കി പോകും ലോറിയിൽ, ആളെക്കയറ്റിപ്പോകും വിമാനങ്ങളിൽ കയറ്റിവിട്ടു.
ഉള്ളിലെ കൊച്ചു വീടിന്
ഇടി വീണു,
പറമ്പിലെ ചക്കരമാവിൽ മഴുവീണു
മാവിൻകൊമ്പിലെ ഊഞ്ഞാൽക്കയറിൽ തൂങ്ങിമരിച്ച സ്വപ്നത്തെയാരോ താഴെയിറക്കി കിടത്തി.
കണ്ണുനിറഞ്ഞ്
ഒരു പുഴയൊഴുകി
കടക്കാരൻ മലമുഴക്കി വേഴാമ്പലിന്റെയൊരു തൂവൽ വെറുതേ കൊടുത്തു, ഇത് നീയെടുത്താ പുഴയൊപ്പിയെടുക്കൂ.
മറുകൈയിലൊരു മിഠായിപ്പൊതികൊടുത്തു, ക്ലാസിൽനിന്ന് ഇറങ്ങിയോടാൻ വഴി തിരയും കണ്ണുകളിൽനിന്നാ ചിന്തയെ ചിരിയാക്കി മാറ്റുവാൻ.
തൂവലില്ലാതഡ്മിഷൻ തരില്ല കുഞ്ഞേ
ഭാവിയെന്ന ചൂരലോങ്ങി
കടക്കാരന്റെ മൊഴി.
ഇരുവശവും
നീണ്ടുകിടക്കും ഭൂമിയെ നോക്കിയിട്ടയാളുടെയിളം ചിരി.
പോകുന്നൂ, ഇവിടമാകെ വഴികൾ വന്നു നിറയാൻ
ഈ നിങ്ങൾക്ക് ഇറങ്ങിപ്പോകാനുള്ളവയേറെയും.
തൂവല്‍ വാങ്ങൂ,
നാളെ അഡ്മിഷനല്ലേ,
പറക്കാൻ പഠിക്കണ്ടേ?
നന്നായി പഠിക്കൂ
പറന്നുപോകൂ,
ഒരു വേനലവധിക്ക് കേരളത്തൂവൽ ചൂടി തിരികെ വരൂ...
മഴയെത്തും മുൻപേ തിരിച്ചുപറക്കൂ...
പോകെ പോകെ
ലോകത്തിലെയെല്ലാ കിളികളും അഭയാർഥികളാകും
എല്ലാ തൂവലുകളും വിറ്റുപോകും
എല്ലാ കൂടുകളും വാടകമുറികളാകും.
പിന്നേതു പക്ഷിയി-
തെന്റെ കൂട്, എന്റെ മരം,
മരം നിൽക്കും മണ്ണെന്നെങ്ങനെ
കലപില കൂട്ടും, ചിറകിട്ടടിക്കും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.