1.
അകം മുറിയിൽ
ആദ്യാനുഭൂതിയുടെ നട്ടുച്ചയെ
അവർ ആദ്യരാത്രിയെന്ന് വിളിച്ചു.
വികാരങ്ങൾ
വിശന്നുകരഞ്ഞ വിഴുപ്പലക്കുമ്പോൾ
വിശേഷങ്ങളും
അറബിക്കടലോളം ഒഴുകി
നിന്റച്ഛൻ സൂര്യനെപ്പോലെയാ
പ്രണയിച്ച് പ്രണയിച്ച്
ഞാൻ കറുത്തുപോയി
-അമ്മ കെറുവിച്ചു
അമ്മ ആകാശമാണെന്ന്
നീ പറയാറില്ലേ
കാർമേഘംപോലെ കറുത്തെന്നും.
ഞാൻ പെയ്യാറുണ്ടെടാ
തീരുവോളം
തോരുവോളം
-അമ്മ എന്നെ കരയിച്ചു.
2.
രണ്ട് പെറ്റപ്പോഴേക്കും
അമ്മ തളർന്നതല്ല
അച്ഛൻ കുഴങ്ങി
രണ്ടെണ്ണം,
ഒരാണും ഒരു പെണ്ണും
അത് മതിയല്ലോ..!
ലോകമുണ്ടാവാൻ...
അവനൊരു തോക്കും
അവൾക്കൊരു പാവയും.
പാവക്കുട്ടിക്കും
അവളെപ്പോലെ പെറ്റിക്കോട്ടുണ്ടായിരുന്ന്
അതിനെയമർത്തുമ്പോൾ
ഒരു പീപ്പിയൊച്ചയും.
ഉടുപ്പഴിച്ചാൽ
എന്നെപ്പോലെയാണോന്ന്
ഒരിക്കൽ നോക്കി.
മാറില്ല
മറുകില്ല
മറ്റെന്തൊക്കെയോയില്ല
എന്നിട്ടും അവളും ഞാനും
പെങ്കുട്ടികൾ..!
3.
അച്ഛനന്ന് മുറുക്കിത്തുപ്പിയത്
അഴയിലെ
എന്റെ അടിയുടുപ്പിലേക്ക്.
തുപ്പൽ ചുവപ്പിന്റെ
ചോപ്പുണങ്ങിയപ്പോൾ
ചായ്പിലെ മൂലയിൽ
ഞാനത് പൂഴ്ത്തി
അമ്മയതുകണ്ട്
എനിക്കായി പഴന്തുണി പകുത്തു
മഞ്ഞളിട്ട് കുളിപ്പിച്ചു.
മനസ്സും ശരീരവും കുളിർത്തു
എന്തിനെന്നറിയാതെ
ആണ്ടുരണ്ടു കടന്നാണ്
പിന്നെയങ്ങനെ കുളിച്ചത്.
മാറു പുതച്ചു
മാല ചമച്ചു
അമ്മയുടെ സഖാവേന്ന് വിളിച്ചു.
ഞാനും സഖാവ്
അമ്മയും സഖാവ്
ലോകത്തെ പെൺകൊടികളെല്ലാം
ഏഴു ദിനം സഖാവ്.
ചോന്നവർ
ചോദിച്ചാലും വേദന പറയാത്തവർ.
4.
അടുക്കളപ്പുറത്തെ
അടക്കം പറച്ചിലിൽ
അമ്മയോടായ്
അയൽക്കാരി പറഞ്ഞു.
അതിയാനിപ്പം
മടിയിൽ കിടന്ന് പാപ്പം വേണം
തൊട്ടിലിൽ ഉറങ്ങണം
കട്ടിലിൽ മുള്ളണം
തറയിൽ അപ്പിയിടണം.
നിക്കറിടാതെ നടക്കണം
ഞങ്ങൾക്ക് മക്കളില്യാലേ...
അങ്ങേര് മോനാകും
ഞാനമ്മയും
ഞാൻ മോളാകും
അവരപ്പനും.
അന്നത്തെ
അന്തിവെയിൽ ചായുമ്പോൾ
അലമാര തുറന്ന്
ഞാൻ പാവയെ എടുത്ത്
അയലക്കത്തേക്കോടി.
5.
എന്റെ ഉണക്കാനിട്ട പെറ്റിക്കോട്ടു കാണുമ്പോ
അയൽക്കാരൻ തിരക്കും
അവളിവിടെയില്ലയോടീ...ന്ന്
തഞ്ചത്തിലൊരുനേരം
അവരത് റാഞ്ചും
ആഞ്ഞു മണക്കും
ന്റെ വേർപ്പുമണം
തൊടിയിലെ
ചെടിമറകൾക്കിടയിൽനിന്ന്
രണ്ടു കണ്ണുകൾ എന്നെ പാളിനോക്കും
എന്റെ പാവയപ്പോൾ കരയും.
6.
മുറ്റത്തൊരുനാൾ
ഉടുപ്പിടാതെ എന്റെ പാവ കിടന്നു
കാലുകൾക്കിടയിലെ
പീപ്പിയാരോ കവർന്നിരിക്കുന്നു.
തുടയിടയിലൊരു
മട മാത്രമായി
അവൾ വ്രണപ്പെട്ടിരിക്കുന്നു.
എത്രയമർത്തിയിട്ടും
അവൾക്ക് മിണ്ടാട്ടമേയില്ല.
അത്രയും പാവമായതുകൊണ്ടാവും
പാവയെന്ന് പേരുകിട്ടിയതെന്ന്
ഞാൻ ഓർക്കും.
7.
അമ്മേ... ഈ ഉടുപ്പിന്റെ പേരെന്തെന്ന്
ഞാൻ ഉറക്കെയാർക്കും
പെറ്റിക്കോട്ടെന്ന്
അടക്കത്തിലമ്മയും.
പെറ്റുകൂട്ടെന്ന്
എന്റെ കാതിലപ്പോൾ മുഴങ്ങും
കതകടച്ച്
ഞാൻ മുറിയിൽ ചുരുളും.
പെൺപാവ പെറുമോയെന്ന്
ഞാൻ വയറിൽ തടവിനോക്കും.
പിന്നെ
ഉടുപ്പുകൾ ഊരിവെച്ച്
മിണ്ടാട്ടംമുട്ടിയ പാവയെ നോക്കി
അയൽക്കാരിയുടെ പേരു വിളിച്ച്
ചിരിക്കും.
അവർ അപ്പോഴും
അമ്മയും കുട്ടിയും
കളിക്കുകയാവും
കാറ്റിലാടി
വെയിലിൽ വാടി
മഴയെല്ലാം ചൂടി
ന്റെ പെറ്റിക്കോട്ട്
അഴയിൽ കിടന്നു.
ഒരടയാളം
പെണ്ണല്ലേ
ഞാനും
പാവയും
അവരും...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.