മുന്നിലുള്ളത്
തത്തുവണ്ണൻ
കയ്യിൽ ഓടക്കുഴൽ
കൂടെ ഞങ്ങൾ ആദിവാസികൾ.
തിരുവനന്തപുരം പട്ടണത്തിന്റെ
പര്യമ്പുറങ്ങളിലെ
ഓരോ വീട്ടിലും കയറി
ഞങ്ങൾ ചാക്കും സഞ്ചിയും കാണിച്ചു.
ആരാ? എന്തു വേണം?
ഓരോ വീടും ചോദിച്ചു.
ഞങ്ങളാദിവാസികളാണ്
കുടിൽകെട്ടു സമരം നടത്തുകയാണ്
കഴിക്കാനൊന്നുമില്ല
എന്തെങ്കിലും തരണം.
തത്തു വഴീൽ നിൽക്കും
ഞങ്ങൾ കയറിച്ചെല്ലും
അരിയോ തേങ്ങയോ എണ്ണയോ സോപ്പോ
മുളകോ, കുപ്പായമോ
എന്തെങ്കിലുമൊക്കെ അവർ സഞ്ചിയിലിട്ടു.
അന്തിയോടെ
ക്ലിഫ് ഹൗസിലെത്തി
അവിടിട്ട് വെച്ചനത്തി
അടുത്ത പകൽ
വീടുകേറിയിറങ്ങി.
കുടിൽകെട്ടു സമരത്തെക്കുറിച്ച്
അവരറിഞ്ഞിരുന്നോ?
അറിയില്ല.
എങ്കിലും
ഈ മരുന്നുവെച്ചോ,
പാവങ്ങള്‍ അവുത്തുങ്ങള്
വയനാട്ടീന്ന് വന്ന്,
ഈ ആന്റണിക്കിതൊന്നും
മനസ്സിലാകുന്നില്ല!
മക്കളെ നിങ്ങള്‍
എത്ര ദിവസമിങ്ങനെ കെടക്കും,
ഭരിക്കുന്നവന്മാർക്ക് എന്നാണ് പണി,
അപ്പീ നീവെല്ലോം തിന്നോടാ,
ജാനുവിനോട് മന്ത്രിയാകാൻ പറ.
ഞങ്ങള്‍ ആദിവാസികള്‍
പലേടത്തുന്നും വന്നതാണ്
കുടിൽകെട്ട് സമരമാണ്.
മാറിമാറിപ്പറേഞ്ഞാണ്ടിരുന്നു
കിട്ടുന്നവ ചാക്കുകളിൽ ചുമ്മി
വൈകീട്ട് സെക്രട്ടറിയേറ്റിലേക്കു പോയി.
അവിടെ സമരക്കാർ പാട്ടുപാടുന്നു
ആൾക്കാർ നോക്കിനിൽക്കുന്നു.
കോളനിയിലെല്ലാം കയറി
പൈപ്പിൻ ചുവട്ടിൽനിന്നവരും
ഗാങ്ങും ബാച്ചുകളും
സമരം കേട്ട് തലകുലുക്കി
ഗുണ്ടുകാടുള്ള അണ്ണൻ
സഹായങ്ങൾ ചെയ്തുതന്നു
എന്റെ മക്കൾ പിച്ചതെണ്ടുന്നുവല്ലോ
എന്ന്
ഒരു വീട്ടിലെ അമ്മ പൊട്ടിക്കരഞ്ഞു
എന്റെ കയ്യിൽ ഇത്രയേ ഒള്ളു മക്കളെ
അരിയും പൈസയുമിട്ട
കലം മുന്നിൽക്കൊണ്ടുവന്നു കുടഞ്ഞു
അവരുടെ ദാനം അതിന് ചരിത്രത്തോളം ആഴം
കിട്ടിയതൊക്കെ തിന്നു
കണ്ടതെല്ലാം കുടിച്ചു
വിശപ്പിനെന്തെങ്കിലും തരുമോ
നിവൃത്തികെട്ടപ്പോൾ ചോദിച്ചു.
എല്ലാ കടകളും അടഞ്ഞുകിടന്ന
വയറും ചാക്കും ഒട്ടിക്കിടന്ന
ഒരു പകൽ.
നട്ടുച്ച കഴിയുന്നു
മരങ്ങൾ തളരുന്ന
കലിങ്കിൻ തണൽ.
കുറച്ചു കഴിഞ്ഞപ്പോൾ
തത്തുവണ്ണൻ വന്നു
വരൂ, കഞ്ഞികുടിക്കാമെന്നു പറഞ്ഞു
ഞങ്ങൾ ചാക്കും മടക്കി നടന്നു
ബാർട്ടൺഹില്ലിലെ ഒരു
പെന്തക്കോസ്ത് പള്ളിയുടെ
മുന്നിലേക്കു കൊണ്ടുപോയി
അവിടെ കുട്ടികൾക്കൊപ്പം
കഞ്ഞിയും ഉപ്പും തന്നു
കറിതീർന്നണ്ണായെന്നാരോ പറഞ്ഞു.
വെള്ളവും വറ്റും വിറയും വിയർപ്പും
ചുമരുചാരിയിരിക്കും കുട്ടികളും
കുടിൽകെട്ടുസമരം ചർച്ച നടക്കുന്നുണ്ടെന്നും
സൺഡേ ക്ലാസ് ഒച്ചയും.
അതിനിടയിൽ
ഉൾക്കണ്ണുള്ള ഒരു പാസ്റ്റർ
മറ്റാരുടെയും കൈപിടിക്കാതെ
ഞങ്ങൾക്കു മുന്നിൽ വന്നു
ഓരോരുത്തരെയും നോക്കിച്ചിരിച്ചു
കൃഷ്ണമണിയില്ലാത്ത
മുഖത്തുനിന്നും
കരുണയുടെ നോട്ടമൊഴുകി.
കഞ്ഞി കുടിച്ചോ?
പുറത്തുതട്ടിക്കൊണ്ടു ചോദിച്ചു.
ക്രിസ്തുവിനെ കേട്ടിട്ടുണ്ടോ?
ഉണ്ടെന്നു തലയാട്ടി
സമരം വിജയിക്കും
ദൈവം നടത്തിത്തരും
കറിയെല്ലാം തീർന്നുപോയി
സൺഡേ ക്ലാസിന് കുട്ടികൾ വരും
ഉച്ചക്ക് ഇവിടെയെന്തെങ്കിലും കാണും
മക്കള്‍ വാ
പാസ്റ്ററിന്റെ പ്രാർഥനയുണ്ട്.
ഞങ്ങൾ ചാക്കുമായി നടന്നു
ഓരോ വീടുകളും
അതിലേക്ക് എന്തെങ്കിലും ഇട്ടു.
അതിനിടയിലൊരു ദിവസം
കുടിൽകെട്ടു സമരം വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.