രാത്രിയിൽ ഫോണിലെത്തുന്നു പേരറിയാ നമ്പർ ആരാ എന്താ? അവർ നിലവിളിക്കുന്നു. ആർക്കുമത് മനസ്സിലാകുന്നില്ല ചെവിക്കു വേണ്ട സുഖകരമായ വിവർത്തനത്തിൽ ക്രമമായിരുന്നില്ല അത് അതിന്? ഭാഷാ പ്രശ്നം ആദ്യത്തെ നോവ് ഇടയ്ക്കും ആദ്യത്തേത് അവസാനവുമായി മാറ്റി വായിക്കേണ്ടതുണ്ട് കാലം വൃത്തം വിസർഗം ലയം ശാരീരം ഉടച്ചുമാറ്റിയാലേ അതാകൂ, ഒരു പാട്ടായി മാറണമെങ്കിപ്പോലും. കൊള്ളാല്ലോ...
രാത്രിയിൽ
ഫോണിലെത്തുന്നു
പേരറിയാ നമ്പർ
ആരാ എന്താ?
അവർ നിലവിളിക്കുന്നു.
ആർക്കുമത് മനസ്സിലാകുന്നില്ല
ചെവിക്കു വേണ്ട സുഖകരമായ
വിവർത്തനത്തിൽ
ക്രമമായിരുന്നില്ല അത്
അതിന്?
ഭാഷാ പ്രശ്നം
ആദ്യത്തെ നോവ് ഇടയ്ക്കും
ആദ്യത്തേത് അവസാനവുമായി
മാറ്റി വായിക്കേണ്ടതുണ്ട്
കാലം വൃത്തം വിസർഗം ലയം ശാരീരം
ഉടച്ചുമാറ്റിയാലേ അതാകൂ,
ഒരു പാട്ടായി മാറണമെങ്കിപ്പോലും.
കൊള്ളാല്ലോ അതൊന്നു മൂളാമോ?
മകനടിച്ചു കൊല്ലുന്ന അമ്മയുടെ ചുളിഞ്ഞയീണം
കൈകെട്ടിയ ക്രിസ്തുവായ ആ ദലിതമൗനം
ടിപ്പർ നെഞ്ചിൽ കയറിയിറങ്ങിയ ചതഞ്ഞ ഇരമ്പം
അമ്മ ക്ലോസറ്റിലിട്ട പിഞ്ചിന്റെ പടപട ചിറകടി
ഉറക്കമുറിയിലെ പാമ്പിന്റെ നീലിച്ച വിഷരാഗം
വിഷച്ചോറിന്റെ കയ്ക്കുന്ന
പെരുന്നാൾ കൊട്ട്
ആസിഡ് കത്തിച്ച കണ്ണിൻ ആളുന്ന മിന്നൽ
മാൻഹോളിൽ വളഞ്ഞൊടിഞ്ഞ വാടയുള്ള ശ്വാസം
വിശന്ന പൊരിവെയിലിൽ വഴിമറന്ന ഭിക്ഷ
ഇനീം മുണ്ടഴിക്കാൻ വയ്യാത്ത ഭക്തി...
അയ്യേ, അല്ല അയ്യോ, മതിയെത്ര
ലളിതം നിലവിളികൾ
അടുത്ത എപ്പിസോഡിൽ
ബ്രാന്റഡ് പരസ്യവുമായി പരിഭാഷപ്പെടുത്താം.
സാങ്കേതികമായി ചില...
ഒരു പൊട്ടിച്ചിരിയെ
ഉരുൾപൊട്ടൻ പരിഭാഷപ്പെടുത്തും
പോലെ ഫോൺ,
ഇതെങ്ങനെ തീരും
എന്ന കൊടുംമഴയും ഇടിവെട്ടും
മരനൃത്തവും
ലൈവ് കൊടുത്താലോ
കിടു
കിക്കിടു
കിടിലോൽ കിടിലം
സിഗ്നൽ കുറയുന്നുണ്ട്
നീ ആരാ?
എല്ലാവരും സ്വയം പരിഭാഷപ്പെടുത്തുന്നത്
സ്വയംപോലും വായിക്കാത്ത
ഭാഷയിലാണ്
നേരംപോക്കിനിങ്ങനെ ചിരിച്ച്
നിന്ന് തൂറി...
എന്ന കമന്റ് ഉടനേ നീ എഴുത്
നാളെ വൈറലാകും.
നീ കവിയല്ലേ?
നാളെ കാണണമെന്നില്ല
അല്ലെങ്കിലെന്തിന് പാഠമല്ലേ.
നിന്നോട്
മീൻ കുഞ്ഞുങ്ങളും
മണ്ണിരകളും
പ്രതികാരം ചെയ്യും,
നിന്റെ ഒളിച്ചോട്ടത്തിന്.
അവർ അതിജീവിക്കും,
പുതിയ ഭാഷയിൽ
പരിഭാഷയിൽ.
നീ ആരാ?
ആരോ ഏലിയസ് ഒരമ്പ്
Arrow alias an arrow.
ശരി. നന്ദി.
കവി എഴുന്നേറ്റിരുന്ന്
സന്തോഷത്തോടെ
പരിഭാഷ എന്ന കവിതയെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.