നിണം തിളച്ച വാരിയെ-
ല്ലുതിര്‍ത്ത പ്രേമപഞ്ചമി
അതില്‍ തുളുമ്പുമാത്മമേ,
നിനക്കു വിശ്വമർമരം.
വിശുദ്ധചുംബനക്കടല്‍
ചുരന്ന നീല പൗർണമി
വിരിഞ്ഞ കാട്ടുതാമര-
ക്കുടന്നപോറ്റും നര്‍ത്തകി
അവള്‍ക്കു നൃത്തസാധകം
മരീചികം അചഞ്ചലം
അശാന്തരാത്രിവേവിനാല്‍
അനാദിദാഹദുന്ദുഭി.
അവള്‍ക്കു പാദമന്ത്രണം
നിലമറന്ന താണ്ഡവം
പ്രകാശവര്‍ഷസാക്ഷ്യമായ്
ചിലങ്കതന്‍ പരാഗണം.
അണിഞ്ഞിടുന്നഴിച്ചിടു-
ന്നഴകെഴും ശലാകകള്‍
വിടര്‍ന്ന മുദ്രയൊന്നിലായ്
അലംകൃതം ഉടല്‍ഹിതം.
നടത്തവും നടനവും
അവള്‍ക്കു തന്റെ നേര്‍വഴി
നിരത്തിവെച്ച വാക്കിനാല്‍
സ്വയമലിഞ്ഞ നര്‍ത്തനം.
ഉരച്ചവള്‍ ഉലഞ്ഞവള്‍
ഉറച്ചവള്‍ ഉടഞ്ഞവള്‍
കടല്‍മനം കടഞ്ഞവള്‍
സ്വയം മറന്ന നല്‍ത്തകി.
ചുവന്ന വീഞ്ഞുപോല്‍മിഴി
പതഞ്ഞപാല്‍ത്തിരച്ചിരി
തുടിച്ചുടല്‍ക്കൊലുസിനാല്‍
തൊഴുതു ദുഃഖവീണകള്‍.
അവള്‍ തിരഞ്ഞ വർണവും
അതില്‍ വിടര്‍ന്ന ഭാവവും
കടലിനും കവരിനും
പകുത്തുവെച്ച ജീവനം.
അലര്‍ച്ചകള്‍ക്കുമപ്പുറം
അവള്‍ക്കൊരൊറ്റ ദ്വീപിതില്‍
പൊടിഞ്ഞ സ്വപ്‌നമണ്‍തരി-
ത്തിളപ്പിലാടുമത്ഭുതം!
പെരും നുണപ്പടവുകള്‍
ഉടല്‍ മുറിച്ച നാവുകള്‍-
ക്കതീത തീവ്രനോവുകള്‍ -
ക്കകത്തുദിച്ച പോര്‍ക്കളം
ഭ്രമത്തില്‍നിന്നു മോചനം
കുറിച്ച ഭാരതീപദം
പവിത്ര വിശ്വഭാവുകം
പകര്‍ന്ന ഭാസുരപ്രിയം.
വരണ്ടവിണ്‍തലങ്ങളില്‍
വരം വിടര്‍ന്ന താളമേ...
മനം മടുത്ത വേട്ടയ-
ല്ലഗാധ സൗരമുദ്രകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.