മുത്താച്ചി നിഴൽപ്പക്കം

കാമാച്ചി മുത്താച്ചി എല്ലാ രാത്രിയിലും മൂന്നാലുവട്ടം ഉണരും. പേനാ ടോർച്ചും കത്തിച്ച്, മുറ്റത്ത് മൂത്രിക്കാൻ പോകും. ഒന്നരേം മുണ്ടും ചുരുട്ടി ഊരക്ക് മേലോട്ട് വെക്കും. മമ്പണി കഴിഞ്ഞ് ചാണം തേച്ച, മുറ്റത്തെ തിണ്ടത്തിരുന്ന് തൊടിയിലേക്ക് മൂത്രമൊഴിക്കും. കൂന്നുപോയൊരു പെൺജീവിതം, മാടിക്കേറ്റിയ മുണ്ടുമായി, വേലിച്ചെടികളിൽ നിഴലിക്കും. കുറുക്കൻമാർ നീട്ടി ഓരിയിടും. നീല മാൻകണ്ണുകളുമായി അമ്പിളി പൂത്തൊരു രാവത്ത്, മുത്താച്ചി വെറുതെയങ്ങ് മരിച്ചുവീണു. അന്നും കുറുക്കൻമാർ ഓരിയിട്ടു. പിന്നെ, എടോഴിയിൽ ഒറ്റക്ക് കിടക്കാൻ അമ്മയ്ക്ക് പേടിയായി. മുത്താച്ചിക്കട്ടിലായിരുന്ന ഉമ്മറത്തെ...

കാമാച്ചി മുത്താച്ചി

എല്ലാ രാത്രിയിലും

മൂന്നാലുവട്ടം ഉണരും.

പേനാ ടോർച്ചും കത്തിച്ച്,

മുറ്റത്ത് മൂത്രിക്കാൻ പോകും.

ഒന്നരേം മുണ്ടും ചുരുട്ടി

ഊരക്ക് മേലോട്ട് വെക്കും.

മമ്പണി കഴിഞ്ഞ് ചാണം തേച്ച,

മുറ്റത്തെ തിണ്ടത്തിരുന്ന് തൊടിയിലേക്ക്

മൂത്രമൊഴിക്കും.

കൂന്നുപോയൊരു പെൺജീവിതം,

മാടിക്കേറ്റിയ മുണ്ടുമായി, വേലിച്ചെടികളിൽ

നിഴലിക്കും.

കുറുക്കൻമാർ നീട്ടി ഓരിയിടും.

നീല മാൻകണ്ണുകളുമായി അമ്പിളി

പൂത്തൊരു രാവത്ത്,

മുത്താച്ചി വെറുതെയങ്ങ് മരിച്ചുവീണു.

അന്നും കുറുക്കൻമാർ ഓരിയിട്ടു.

പിന്നെ,

എടോഴിയിൽ ഒറ്റക്ക് കിടക്കാൻ

അമ്മയ്ക്ക് പേടിയായി.

മുത്താച്ചിക്കട്ടിലായിരുന്ന ഉമ്മറത്തെ മഞ്ചപ്പുറം,

എന്റെ കട്ടിലായിത്തുടങ്ങി.

പെലപോയൊരു മൂന്നാലീസം കഴിഞ്ഞപ്പൊ,

ഒരുറക്കം കഴിഞ്ഞതും മൂത്രിക്കാൻ മുട്ടിത്തുടങ്ങി.

മാക്സിയും മാടിക്കേറ്റി മുറ്റത്തിറങ്ങിയപ്പൊ

മറ്റൊരു മുത്താച്ചി വേലിച്ചെടികളിൽ നിഴലിച്ചു നിന്നു.

ഉമ്മറത്തെ ബൾബ് പെട്ടെന്നണഞ്ഞു.

ഞാൻ പേനാടോർച്ച് ഞെക്കിക്കത്തിച്ചു.

തിണ്ടത്തിരുന്ന് മൂത്രമൊഴിച്ച് തിരിഞ്ഞു

നോക്കാതെ നടന്നു.

ഓരിക്കുറുക്കൻമാർ വിഷംതീണ്ടിച്ചത്ത

ആ രാവിനുശേഷം,

എല്ലാ ദിവസവും,

ഉമ്മറത്തെ ബൾബ്

രാവിലെ വരെ

വാശിയോടെ കത്തിക്കിടന്നു.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.