അവർക്കൊരു പെരുത്ത കുഴിയാണ്
ചരിവു കുന്നുകളോടും
സമതല നക്ഷത്ര വിതാനങ്ങളോടും
ഇടയിടയായ് കലർന്ന പെരുക്കൻ പ്രപഞ്ചം
നിറയെ നിറയെ നിറയെ
ആദ്യത്തിരപ്പാടുകളെ അട്ടിവച്ച്
കുഴിയുറവുകൾ നിന്നു മാത്രം
ഭൂതകാലം മാത്രമുള്ള അവരുടെ കടൽ അവർക്കാവശ്യാനുസരണം പൊന്തി...
ആകാംക്ഷകളുടെ ശ്വാസം വിലക്കിയിട്ട
താഴ്പാളികളിൽ കമിഴ്ന്നടിച്ചുള്ള
ജീവിത പോക്കുകളിൽ
പാതാളച്ചേലുകളെ ആകെ വാരിയാണ്
ഉപരിമണ്ണിലെ പുരാചിന്തകർ
രാസ്വപ്നങ്ങളുടെ
കുഴിത്തണുപ്പുകളിൽ അന്തമില്ലാതെ
നിറഞ്ഞു നിലയറ്റപ്രകാശവർഷ ദൂരം
അവിടെ
ചൂടു-കിരണങ്ങൾ മാറി മാറി
രാവുപകലുകൾ മാറി മാറി
അജ്ഞാതഗോള-നക്ഷത്രങ്ങളുടെ നട്ടംതിരിൽ
നക്ഷത്രത്തുളകളിൽ പതിനേഴു കവിഞ്ഞ
ഹാരപ്പൻ പെണ്ണ്
കൽപ്പാന്തകാല നൃത്തം തുടങ്ങി.
എവിടെ?
എങ്ങനെ?
ഏതിലെ?
എങ്ങൂന്ന്?
ചോദിച്ചു ചോദിച്ചവർ
കുനിഞ്ഞു കുനിഞ്ഞു കുനിഞ്ഞു കുനിഞ്ഞു
മോഹൻജൊദാരൊയുടെ ഇഷ്ടികപ്പടവുകൾ
ഇറങ്ങുകയാണ്.
അവർക്കറിയും പ്രളയമോ ഭൂകമ്പമോ
ഖനനാന്വേഷകർക്കുവേണ്ടി
ഒരു അടയാള കമ്പുപോലും നാട്ടിയിട്ടില്ല എന്ന്.
പ്രതീക്ഷകൾ കുഴിഞ്ഞിടിയുമ്പോൾ
ഓർക്കാപ്പുറത്ത്
കുടക്കല്ലിൽ ചേർത്തുകെട്ടിയ വാസ്തവങ്ങൾ
നിമിത്തങ്ങളിലേക്ക് തിക്കെന്നൊരു പൊന്തലാണ്
തന്റെ പുരാമണം ഭൂതലോകത്തെ
വശീകരിച്ചാനയിക്കുന്നത് കണ്ട് അതിലൊരുവൻ
ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും
ഗുഹാ-നദീതടങ്ങളുടെയും
കലർപ്പ് ഭാഷയിൽ കാലവും, അതിന്റെ സാങ്കൽപിക ദൈവവുമായി
എത്രയെത്ര അഭിമുഖങ്ങളാണ്!
പോയ ഋതുക്കളും നദീകടലുകളും
സമതല-ശൈലങ്ങളുമായി എത്രതരം വാക്കേറ്റമാണ്!
നനുനനുവെന്ന്
പഴയ പഴയ പഴയ പാട്ടുപാട്ടിറമ്പിലൂടെ
നടക്കാനിറങ്ങുമ്പോൾ
മൺകാമ്പിടയിൽനിന്നും അതിന്റെ ശ്രുതിയുടമ
കടൽ കിന്നരവുമായി കാതോർക്കും...
പിന്നീട് സംഗീതമുണ്ടായ കാലത്തെ
സർവകണ്ഡസാമഗ്രികളും
അവർ അഴിച്ചു പണിയാരംഭമായി
പണ്ടുപണ്ടുപണ്ടത്തേതിലും പണ്ടത്തെ
കുയിൽപ്പാട്ടും മുളങ്കാറ്റും അത്രമേൽ
ആലിംഗനത്തിലാണ്
വേർപെടുത്തണമിനി...
ഇതേതാ രാഗം?
അടുത്തു നിന്നവൾ ചോദിപ്പൂ...
ഇനിയേറെനാൾ അവളുടെ കൈപിടിച്ചുള്ള
സായന്തന നടത്തമൊരു പൗരാണിക പാട്ടുപോലെ...
സ്വസ്ഥതയില്ലാത്ത പരതൽ
മുന്നിലേയ്ക്ക് പിന്നിലേയ്ക്ക്...
പിന്നിലാരോ പാപ്പിറസ് ഇലകളുടെ
ചുരുക്കഴിച്ചഴിച്ച് എന്നെത്തെയോ
ഭംഗിയുള്ള സന്ധ്യയെയും
അതിന്റെ ദേവതയേയും വായിക്കാൻ തുടങ്ങി.
പിന്നിലാരോ മെസപ്പൊട്ടോമിയയുടെ
അടുക്കുകളിൽ ശ്രദ്ധാപൂർവം
ആകാശ ദേവനുള്ള ഭംഗിയുള്ള
സിഗുറാത്തിനെ ചമയിച്ചു തുടങ്ങി.
കലപ്പയുമായി താഴ്വാരങ്ങളിലേക്ക് ഒരുവൾ
അവളുടെ തലത്തൂവൽ പൊഴിഞ്ഞയിടത്തെല്ലാം
രുചിയുള്ള ധ്യാനക്കതിരുകൾ ഇണങ്ങി
അവളെ മറികടന്ന്
കറുപ്പും വെളുപ്പും തവിട്ടുമായുള്ള മനുഷ്യർ
ഭൂഖണ്ഡങ്ങളുടെ അടിയിൽ
രത്നാവശിഷ്ടങ്ങളെ മുറുകെ മുറുകെ ചേർത്തു.
ആദിയവളും ആദിയവനും തൊട്ട്
ജനിച്ചവരൊന്നും മരിച്ചിട്ടില്ല.
അടക്കം ചെയ്തിട്ടില്ല.
അവരൊക്കെ പണ്ടത്തെ അവരുടെ
ചെങ്കൽ കുളപ്പടവിന്മേൽ ഉയർന്നുവന്ന
നഗരത്തിന്റെ വർത്തമാന തിക്കു
തിരക്കുകളിലേയ്ക്ക് പരുവപ്പെട്ടുകൊണ്ട്
പരുത്തി കുപ്പായത്തിൽ അയഞ്ഞ
മൺകുഴി കീശവച്ച ഒരു നരവംശകാരന്റെ
ഇടംകൈയിൽ തൂങ്ങിനടന്നു...
വലംകൈയിൽ
നഗ്നതയും, തോലിലകളും.
ഗുഹയിരുട്ടും കല്ലുമുനകളും
ഇരുമ്പൊച്ചകളും
എല്ലാ കാല കോലങ്ങളും മേളമൊപ്പിച്ച്
കൊണ്ടുനടക്കവെ
നട്ടെല്ലുറക്കാത്തവൻ, ഇടക്കിടെ
വഴിയിൽ കുഴഞ്ഞുവീഴും.
ചന്തമുള്ള താടിയെല്ല് വരഞ്ഞ്
നടുക്കൊരു ചുഴി ഇനിയും കുത്താൻ കഴിയാത്തവൾ
കൂടുതൽ വൈരൂപ്യമോടെ കരഞ്ഞു
അവരെ കൊണ്ടുപോകാൻ
ആയാൾ എ.ഡി 2024നെ
ഇനിയും കാലഗണന തുടങ്ങാത്ത
ഒരിടത്തേയ്ക്ക് തുണ്ടതുണ്ടമാക്കിയിട്ടു
പേരില്ലാത്ത ഒരുതുടം മതക്കുഴമ്പ് തേച്ച്
തങ്ങളുടെ പൂർവികർ പ്രാണ
പ്രതിഷ്ഠ നടത്തിയ ഒരു ദൈവത്തിന്റെ മേക്കോവർ കണ്ട്
ഒരു ബി.സി... നൂറ്റാണ്ടുകാരൻ
മിഴിഞ്ഞ നോട്ടത്തെയെന്നപോലെ
പരന്ന മൂക്കും ഉന്തിയ നെറ്റിയും ഉഴിഞ്ഞു.
ആന്ത്രപോളജിസ്റ്റ് എന്ന കലക്കൻ നാമധേയത്തിൽ.
കുഴിയുടെ മൂന്നു മട്ടുകൾ
ഒന്നാം മട്ടിൽ മാന്തൽ തൂമ്പകളുമായി
അയാളോട് നേരമ്പോക്ക് പറയും അദൃശ്യർ
രണ്ടാം മട്ടിൽ നന്നങ്ങാടികളുടെ വക്കുകൾ
തെളിഞ്ഞു തുടങ്ങി
മൂന്നാം മട്ടിൽ ഈ നൂറ്റാണ്ടിലേയ്ക്ക്
ഉണരാൻ നിയാണ്ടർത്താലിൽനിന്നും
ഒരുവൻ
അവന്റെ കനികളും
മേച്ചിലിടങ്ങളും
വീണ്ടും വീണ്ടും വിചാരണയ്ക്ക് നിരത്തവെ
വാവട്ടം വലുതായ ഗർത്താന്തരങ്ങളിലേക്ക്
കാണാതാകുന്ന നമ്മൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.