കെട്ട്യോൻ ചത്തവളുടെ കട്ടിൽ

ഒറ്റക്കാണ് താമസം മകളൊന്നുണ്ട് കെട്ട്യോന്‍ ചത്തിട്ട് കൊല്ലമെട്ടായി ടൗണിലാണ് വീടെങ്കിലും പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ സ്‌കൂട്ടിക്ക് പിറകിലിരിക്കാന്‍ ആണ്‍കോഴികള്‍ ലിഫ്റ്റ് ചോദിക്കും ഒരമ്മയും മകളും ഒറ്റക്ക് ദിനം തീര്‍ക്കുന്നിടത്ത് കാട്ടുപൂച്ചകള്‍ നോട്ടത്തിന്റെ കാട്ടുപൊന്തയൊരുക്കും രാത്രികളില്‍ ജനലുകളില്‍ കൊത്താന്‍ രാക്കണ്ണുകള്‍ ചുണ്ടുകൂര്‍പ്പിക്കും പേടിപെറ്റിട്ട ധൈര്യത്തില്‍ പുറത്തുപൊട്ടുന്ന പച്ചത്തെറി അവരെ മതിലു ചാടിക്കും മകള്‍ കോളേജില്‍ പോയിവരുമ്പോള്‍ സഹപാഠികള്‍ കൂട്ടുവരും ആണും പെണ്ണുമെന്ന വ്യത്യസ്ത അടയാളമിടാതെ അവര്‍...

ഒറ്റക്കാണ് താമസം

മകളൊന്നുണ്ട്

കെട്ട്യോന്‍ ചത്തിട്ട്

കൊല്ലമെട്ടായി

ടൗണിലാണ് വീടെങ്കിലും

പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍

സ്‌കൂട്ടിക്ക് പിറകിലിരിക്കാന്‍

ആണ്‍കോഴികള്‍ ലിഫ്റ്റ് ചോദിക്കും

ഒരമ്മയും മകളും

ഒറ്റക്ക് ദിനം തീര്‍ക്കുന്നിടത്ത്

കാട്ടുപൂച്ചകള്‍ നോട്ടത്തിന്റെ

കാട്ടുപൊന്തയൊരുക്കും

രാത്രികളില്‍

ജനലുകളില്‍ കൊത്താന്‍

രാക്കണ്ണുകള്‍ ചുണ്ടുകൂര്‍പ്പിക്കും

പേടിപെറ്റിട്ട ധൈര്യത്തില്‍

പുറത്തുപൊട്ടുന്ന പച്ചത്തെറി

അവരെ

മതിലു ചാടിക്കും

മകള്‍ കോളേജില്‍ പോയിവരുമ്പോള്‍

സഹപാഠികള്‍ കൂട്ടുവരും

ആണും പെണ്ണുമെന്ന

വ്യത്യസ്ത അടയാളമിടാതെ

അവര്‍ കാറ്റിനെപ്പോലെ

ഞങ്ങളുടെ മുറികളില്‍

സ്വാതന്ത്ര്യത്തിന്റെ

ചിരി പൊട്ടിക്കും

അയയില്‍ തൂക്കിയിട്ട

അടിവസ്ത്രങ്ങളില്‍

അവരുടെ കണ്ണുകള്‍

ഭൂപടങ്ങള്‍ ചികയും

ദൈവ ചിത്രങ്ങള്‍

വേരുറച്ച ഞങ്ങളുടെ

മൊബൈല്‍ ഫോണുകളില്‍

തുണ്ടുപടത്തിന്റെ

ആമ്പലുകള്‍ തിരഞ്ഞ്

അന്വേഷണത്തില്‍

'യൂറേക്കാ' പാടും

കിടക്കുന്ന കട്ടിലിനു ചുറ്റും

അവരുടെ ചിന്തകള്‍

വെറുതേ

റോന്തുചുറ്റും

ആന്റീ...

എന്തേലും കുറവുണ്ടോ

കുറവുണ്ടോയെന്ന് ?!

കെട്ടിയിടപ്പെട്ട

എന്തോ ഒന്ന്

അവര്‍ മണക്കും

ഒഴുക്ക് മുറിഞ്ഞൊരു പുഴയെ

കട്ടിലില്‍ അവര്‍

അടയാളപ്പെടുത്തും

കെട്ട്യോന്‍ ചത്തവളുടെ കട്ടില്‍

വ്യാമോഹിപ്പിക്കലുകളുടെ

ഊർജസരണികളാണ്

സ്വപ്നങ്ങള്‍ക്ക്

ഇരുമ്പു താഴിട്ടിടങ്ങളില്‍

കെട്ട്യോന്‍ ചത്തവളുടെ കട്ടില്‍

എന്ത് ചെയ്യുവാനാണ്?

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.