മദിച്ചൊഴുകും ചെറുപുഴയിലേക്ക് ചാഞ്ഞുകിടക്കും മരക്കൊമ്പിൻ ചുള്ളിയിൽ, മഞ്ഞുമുത്തുകൾ ധ്യാനിച്ചിരിക്കും നേർത്ത പശനൂലിൻ മരണത്തണുപ്പിൽ, ചെറുചൂടു പാതിപൊതിയും ഇരുചിറകു വിടർത്താൻ കിണയുന്നു കുന്നിക്കുരുപ്പാതിയനക്കംപോലൊരു കുഞ്ഞുപ്രാണി. പതുങ്ങിവരുന്നുണ്ടിരു കണ്ണുകൾ എട്ടുകാലിൻ ദ്രുതതാളത്തിലാർത്തിയോടെ പറിഞ്ഞുപോകാതെ പ്രാണനെ ചേർത്തുവെക്കുമൊരുത്വരയുള്ളിലാളി വിഷദ്രവമൂർന്നുവീഴും പിടച്ചിലിൽ കാലുകളൊരുമിച്ചു...
മദിച്ചൊഴുകും ചെറുപുഴയിലേക്ക്
ചാഞ്ഞുകിടക്കും മരക്കൊമ്പിൻ ചുള്ളിയിൽ,
മഞ്ഞുമുത്തുകൾ ധ്യാനിച്ചിരിക്കും
നേർത്ത പശനൂലിൻ മരണത്തണുപ്പിൽ,
ചെറുചൂടു പാതിപൊതിയും
ഇരുചിറകു വിടർത്താൻ കിണയുന്നു
കുന്നിക്കുരുപ്പാതിയനക്കംപോലൊരു
കുഞ്ഞുപ്രാണി.
പതുങ്ങിവരുന്നുണ്ടിരു കണ്ണുകൾ
എട്ടുകാലിൻ ദ്രുതതാളത്തിലാർത്തിയോടെ
പറിഞ്ഞുപോകാതെ പ്രാണനെ
ചേർത്തുവെക്കുമൊരുത്വരയുള്ളിലാളി
വിഷദ്രവമൂർന്നുവീഴും പിടച്ചിലിൽ
കാലുകളൊരുമിച്ചു നിവർത്തിയൂക്കിൽ,
നൂലിൽ ഞെരിഞ്ഞുടയും ചിറകിൻ
വേദന കുത്തുമിളംമേനി
അരികേയാടുമില നെഞ്ചിലേക്ക് ചായ്ച്ചു
കിതപ്പൊന്നാറ്റി,
കിളിർക്കും നാമ്പിൻ
മാദകമണത്തേനിൽ
കുതിർന്നലിഞ്ഞു നിൽക്കേ,
ഒരു ചില്ലയിൽനിന്നു മറുചില്ലയിലേക്ക്
ചാടുമണ്ണാൻ വാലിന്നിക്കിളി തട്ടി വീഴുന്നു
പ്രാണിയിരിക്കും പച്ചയിലേക്ക്
ഉണങ്ങിയ മാവിലക്കൂട്ടങ്ങൾ
മിഴി ചിമ്മും നേരംകൊണ്ട്
മൂന്നിലത്തോണിയിലൊഴുകിനീങ്ങി
പ്രാണിയൊരു പുഴുക്കുത്തുപോലെ
വിറയലുമാറി ചുറ്റും തെളിയേ
വാനവും കുന്നും മരങ്ങളും
വെയിൽ ചായം തീർക്കും
നീരിലെ മീനോട്ടം കണ്ടത്ഭുതമൂറി
തുള്ളിത്തെറിക്കും പതക്കുമിളകൾ
പൊയ്കത്തടത്തിൽ വിരിയാനിരിക്കും
വെൺപൂങ്കുല ഹൃത്തിൽ വിടർത്തേ
പൂമ്പൊടി പടരും തണ്ടിൻ മിനുസം
ഉള്ളിൽ തരിക്കേ,
ഒടിഞ്ഞു തൂങ്ങിയ
ചുവന്ന പുറന്തോടിനുള്ളിലെ
മുറിച്ചിറകു വീശിയകമേ
കാടിൻ കിളിച്ചിലപ്പുകളിലൂടെ
ഇലക്കുളിരിലൂടെ
ഇതൾ നിറങ്ങളിലൂടെ
മധുരമാഴങ്ങളിലൂടെ
കൊക്കുകൂർപ്പിലൊരിരമിനുപ്പ്
നീലച്ചിറകിലരികേ നിന്നു പാറേ
പൊങ്ങിക്കിടക്കുമിലച്ചുരുളിൻ മീതെ
കനവ് മുറിഞ്ഞ്
പേടിയിൽ പൊള്ളി നീറി
മീൻ കൊത്തുകൾ തള്ളുന്ന
കരിയിലക്കമ്പിൽ
നനഞ്ഞു താഴാനൊരിലയുടെ
കൂർപ്പു മാത്രം
കുഴയും കാലിലേന്തി നിൽക്കേ
നീർക്കുമിളവന്നരികേയുടഞ്ഞു തേങ്ങി
തിരഞ്ഞുമടുത്തിരിക്കുന്നുണ്ടാവും
ചരിവിലെ മുളങ്കാട്ടിലൊരിലത്താഴെ
ഇണപ്രാണി
എവിടെനിന്നോ പറന്നുവന്നു
കുസൃതിച്ചുവയുള്ളാരു കൂർമ്പൻ മാങ്ങാക്കല്ല്,
വട്ടത്തിലുയർന്നു തെറിക്കും
നീർമുത്തുകളിലൊന്നിൽ
കോരിയെടുത്തെറിഞ്ഞൂ
കരയിൽ കൂമ്പിനിൽക്കും മണ്ണിലേക്ക്
നിലച്ചുപോം ശ്വാസമാന്നെടുത്ത്
ആശ്വാസം പൂണ്ടരിച്ചുകയറേ
പ്രാണിയറിഞ്ഞില്ല
വിണ്ടുകീറിെയാരു കാല്
മുകളിൽ പതിയാനിരിക്കുന്നത്
നനവിൽ താഴോട്ടാഴുന്നത്
അടുത്ത തൂമ്പക്കിളയിൽ പൊങ്ങുന്നത്
അടർന്നുരുണ്ട് വീഴുന്നത്,
ചാഞ്ചാടി കൊതിപ്പിക്കും
തണ്ടുകളിലാറാടി തിമിർക്കുന്നത്,
പഴങ്ങൾ തുടുക്കുന്നത്
ശലഭസ്വപ്നമുയരുന്നത്
ഇടയിലെപ്പോഴോ
ദൂരേക്കോ അടുത്തേക്കോ
നിന്നിടത്തേക്കോ
ഉണർന്നോ ഉറങ്ങിയോ
മറഞ്ഞുപാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.