ആകാശത്തു നിന്നിറങ്ങിവരുന്ന ആദ്യത്തെയാളിനു വേണ്ടി എഴുതാനിരുന്നു. മൂന്നാമത്തെ നിരയിൽ പേനരിച്ചതോടെ വരി വളഞ്ഞ് കവിത തീർന്നു. മുന്നിലെ രണ്ടുനിരകളിലുമായി കിനിഞ്ഞു വന്നതത്രയും പുതിയ മഴയിലേക്കിട്ട് പേൻ മുട്ടി. പുറത്ത് പിന്നെയും മഴ. ഒലിച്ചു പോയതത്രയും അവൻ കാണുകയും, പുറപ്പെട്ട യാത്രയെ മടക്കിവെക്കുകയും ചെയ്യും. ആകാശത്തു നിന്ന് ഒരാളും വരില്ലെന്നോർത്ത് പിന്നെയും...
ആകാശത്തു നിന്നിറങ്ങിവരുന്ന
ആദ്യത്തെയാളിനു വേണ്ടി എഴുതാനിരുന്നു.
മൂന്നാമത്തെ നിരയിൽ
പേനരിച്ചതോടെ
വരി വളഞ്ഞ്
കവിത തീർന്നു.
മുന്നിലെ രണ്ടുനിരകളിലുമായി
കിനിഞ്ഞു വന്നതത്രയും
പുതിയ മഴയിലേക്കിട്ട്
പേൻ മുട്ടി.
പുറത്ത് പിന്നെയും മഴ.
ഒലിച്ചു പോയതത്രയും
അവൻ കാണുകയും,
പുറപ്പെട്ട യാത്രയെ
മടക്കിവെക്കുകയും ചെയ്യും.
ആകാശത്തു നിന്ന്
ഒരാളും വരില്ലെന്നോർത്ത്
പിന്നെയും പേൻ മുട്ടി.
പുറത്ത് പിന്നെയും മഴ.
പിന്നെയും
പിന്നെയും
വേദന!
ചൊറിഞ്ഞും, മാന്തിയും
മഴ മുന്നിലോടുന്നു.
ഒഴുക്കിൽപ്പെട്ട പേനുകൾ
ഒരൊഴിവിനു വേണ്ടി
കവിതയിലേക്ക് കയറുന്നു.
മൂന്നാമത്തെ നിരയിൽ
പേനരിച്ചതോടെ
വരി വളഞ്ഞ്
കവിത തീരുന്നു.
ആകാശത്തുനിന്നും
സാവധാനം
നടന്നു വരുന്ന
അവസാനത്തെയാളിനുവേണ്ടി
മുടിയൊതുക്കുന്നു.
പ്രേമമൊരു പേൻതലച്ചിയാണ്.
ഒരു കവിതയിലും തീരില്ല
അതിന്റെ ആസക്തി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.