ഉയിർക്കും കവിത

ഉയിർക്കും കവിത

ഉയിർക്കുന്നു രാവിൻ രതിച്ചതുപ്പിൽനി- ന്നുഷപ്രകാശത്തിൻ തുറസ്സിലേക്കൊരു നിമിഷത്തേക്കല്ല, സ്ഥലം, കാലം, ദേശം വരച്ചിടുന്നതാം അതിർത്തി ഭേദിച്ചു കുതിച്ചുയരുന്നൂ ക്ഷണവേഗം മിന്നൽ- ക്കൊടി പിളർക്കുന്നൂ കൊടിയ ശൈത്യത്തിൻ മലകളൊന്നായി- ട്ടുരുകി വൻജല- പ്രവാഹമാവുന്നു; കലങ്ങുന്നു വന- സ്ഥലികളിൽനിന്നു പഴയ വേരുകൾ പിഴുതെറിയുന്നൂ; ചുഴലിയായ് തീരം കവിഞ്ഞൊഴുകുന്നു നിവരുന്നൂ പച്ച- പ്പൊടിപ്പുകൾ പുത്തൻ കരുത്തുമായ് ജീവൽ- പ്രവാഹഭാഷയിൽ. കൊടുംവനങ്ങളിൽ, സമുദ്രത്തിൽ, നാട്ടു- നിരത്തി,ലീ റെയി ലുരുക്കിൽ, റോക്കറ്റു കുതിക്കും വ്യോമത്തിൻ വഴിക്കുമത്ഭുതം നിറയ്ക്കും മൗനത്തിൻ തുറുങ്കു...

യിർക്കുന്നു രാവിൻ

രതിച്ചതുപ്പിൽനി-

ന്നുഷപ്രകാശത്തിൻ

തുറസ്സിലേക്കൊരു

നിമിഷത്തേക്കല്ല,

സ്ഥലം, കാലം, ദേശം

വരച്ചിടുന്നതാം

അതിർത്തി ഭേദിച്ചു

കുതിച്ചുയരുന്നൂ

ക്ഷണവേഗം മിന്നൽ-

ക്കൊടി പിളർക്കുന്നൂ

കൊടിയ ശൈത്യത്തിൻ

മലകളൊന്നായി-

ട്ടുരുകി വൻജല-

പ്രവാഹമാവുന്നു;

കലങ്ങുന്നു വന-

സ്ഥലികളിൽനിന്നു

പഴയ വേരുകൾ

പിഴുതെറിയുന്നൂ;

ചുഴലിയായ് തീരം

കവിഞ്ഞൊഴുകുന്നു

നിവരുന്നൂ പച്ച-

പ്പൊടിപ്പുകൾ പുത്തൻ

കരുത്തുമായ് ജീവൽ-

പ്രവാഹഭാഷയിൽ.

കൊടുംവനങ്ങളിൽ,

സമുദ്രത്തിൽ, നാട്ടു-

നിരത്തി,ലീ റെയി

ലുരുക്കിൽ, റോക്കറ്റു

കുതിക്കും വ്യോമത്തിൻ

വഴിക്കുമത്ഭുതം

നിറയ്ക്കും മൗനത്തിൻ

തുറുങ്കു ഭേദിച്ചു

വരികയായിതാ;

കൊടുങ്കാറ്റിൻ ഗതി-

ക്കെതിർനിന്നും കടൽ-

ത്തിരകൾ പിന്നിട്ടും

കരിമ്പാറക്കെട്ടിൻ

ഉറവിലും, കാണാ-

ക്കിനാവിലും

ചിറ തകർത്തു പായുന്നു!

കുറിക്കുന്നൂ സൂക്ഷ്മ-

ലിപികളാൽ ജൈവ-

കുലത്തിൻ നീതികൾ,

നിലനിൽപിൻ സ്വരം

പുതിയ കാലത്തിൻ

കലതൻ വ്യഞ്ജനം

എതിർദിശയിൽ നി-

ന്നൊരു ചില്ലക്ഷരം!

പുനർജനിക്കുന്നു

മതമില്ലാ, ജാതി-

യതിരില്ലാ, ജനം

എതിരില്ലാമനം

നിവർന്നുനിൽക്കുന്നൂ,

ശിരസ്സുയർത്തുന്നു

പരിസരങ്ങളെ-

പ്പകർത്തും തൂലിക

മിഴി തുറക്കുന്നു,

ചെറുകിടാങ്ങളും

വയസ്സറിയിച്ച

പുരുഷസ്ത്രീയെന്ന

വിവേചനമില്ലാ-

തുണരുന്നൂ പുത്തൻ

സ്വരങ്ങളൊന്നായി-

ട്ടുയിർക്കുന്നൂ നേരിൻ

കവിതകൾ മണ്ണിൻ

പിറന്ന ഭാഷയിൽ!

അതിൻ തിളപ്പിലായ്

ഉരുകുന്നൂ മഞ്ഞു-

മലകളായ് പണ്ടേ-

യുറഞ്ഞ രീതികൾ,

പഴമ്പുരാണങ്ങൾ,

തറവാടിത്തങ്ങൾ;

അതിൻ പ്രവാഹത്തിൽ

ഒലിച്ചുപോകുന്നു

അതിരുകൾ മാടി-

യൊതുക്കും രഥ്യകൾ,

അതിന്റെയൊച്ചയിൽ

നിശ്ശബ്ദമാകുന്നു

അവമതിയേറ്റും

അധികാരാജ്ഞകൾ.

അനേക കാതങ്ങൾ,

യുഗങ്ങൾ നാളേയ്ക്കു

വരവിളികളായ്

പുതുകാലത്തോറ്റം

അരികുകൾ തോറു

മടിഞ്ഞ ഭാഷകൾ

ഞെരുങ്ങി നീർന്നുയി-

രെടുക്കുന്നൂ; കാടും

കടലുമാർക്കുന്ന

സ്വരപ്രവാഹത്തിൽ

പുതിയൊരാകാശം

പുതിയ ഭൂമിയും

പുതിയ ജീവിത-

ചരിത്രരേഖയായ്!

പുതിയ ജൈവിക

ലിഖിത ഭൂപടം

നിവരുന്നൂ മുന്നിൽ

സ്വതന്ത്രഭാഷണം

തിളച്ച ലാവയായ്

പുറത്തെഴുന്നതാ

പരക്കുന്നു ഭൂവിൽ

ഖരാക്ഷരങ്ങളായ്.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.