പണ്ടുപണ്ട് അശരീരി എന്നൊരാള്‍ ഉണ്ടായിരുന്നു. കാഴ്ചക്ക് പ്രാമുഖ്യം വരുന്നതിനു മുമ്പുള്ള ഘട്ടമാകയാല്‍ അശരീരി ശരീരത്തോടെ പ്രത്യക്ഷപ്പെടുക എന്നതിന് ഇന്നത്തെയത്ര പ്രാധാന്യമൊന്നും ഉണ്ടായിരുന്നുമില്ല. അങ്ങനെയിരിക്കെ പുഴക്കരയില്‍ കുളിക്കാന്‍ ചെന്നപ്പോഴോ മറ്റോ ആണ് സശരീരിയായ ഒരുവളെ അശരീരി മെല്ലെച്ചെന്നൊന്നു തൊട്ടത്. അതോടെ മാറിപ്പോയി സശരീരിയുടെ ലോകം. (അശരീരി എങ്ങനെയാ തൊടുന്നത്, ചെന്നതെങ്ങനെയാ ഇത്തരം ചോദ്യങ്ങള്‍ പറഞ്ഞില്ലേ, കഥയില്‍ വേണ്ട). അന്നു...
പണ്ടുപണ്ട് അശരീരി എന്നൊരാള്‍ ഉണ്ടായിരുന്നു. കാഴ്ചക്ക് പ്രാമുഖ്യം വരുന്നതിനു മുമ്പുള്ള ഘട്ടമാകയാല്‍ അശരീരി ശരീരത്തോടെ പ്രത്യക്ഷപ്പെടുക എന്നതിന് ഇന്നത്തെയത്ര പ്രാധാന്യമൊന്നും ഉണ്ടായിരുന്നുമില്ല. അങ്ങനെയിരിക്കെ പുഴക്കരയില്‍ കുളിക്കാന്‍ ചെന്നപ്പോഴോ മറ്റോ ആണ് സശരീരിയായ ഒരുവളെ അശരീരി മെല്ലെച്ചെന്നൊന്നു തൊട്ടത്.
അതോടെ മാറിപ്പോയി സശരീരിയുടെ ലോകം. (അശരീരി എങ്ങനെയാ തൊടുന്നത്, ചെന്നതെങ്ങനെയാ ഇത്തരം ചോദ്യങ്ങള്‍ പറഞ്ഞില്ലേ, കഥയില്‍ വേണ്ട). അന്നു മുതല്‍ സശരീരി അശരീരിയില്‍ അനുരക്തയായിച്ചമഞ്ഞു എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ കാര്യം. ഇടക്കിടെ അശരീരി സശരീരിയുടെ ചുറ്റും പുകമഞ്ഞുപോലെ പ്രത്യക്ഷപ്പെടുകയും പ്രേമം, പ്രണയം, അനുരാഗം മുതലായി അക്കാലത്തെ ചില നോവല്പുസ്തകങ്ങളില് പറയുന്ന മധുര പദങ്ങള്‍ സശരീരിയുടെ കാതില്‍ ആരും കേള്‍ക്കാതെ മൃദുവായി മന്ത്രിക്കുകയും അശരീര ചുംബനങ്ങള്‍കൊണ്ട് സശരീരിയെ മൂടുകയും ചെയ്തുപോന്നു.
അങ്ങനെ അശരീരി സശരീരിയുടെ ഊണിലും ഉറക്കത്തിലും ഉറക്കറയിലും സ്വപ്നത്തിലും എന്തിന് മുളക് കാക്ക കൊണ്ടുപോവാതെ കാവലിരിക്കുന്നേടത്തും കയറിപ്പറ്റി എന്നു പറഞ്ഞാല്‍ മതിയല്ലോ.
അരി വാര്ക്കുമ്പഴും തുണി കഴുകി വിരിക്കുമ്പഴും കൂട്ടാന്‍ കഷണം നുറുക്കുമ്പഴുമൊക്കെ അശരീരി ചുറ്റിപ്പറ്റി നിന്നു. അങ്ങനെ മുഴുവന്‍ സമയവും പാതിമയക്കത്തില്‍ നടന്നു നടന്ന്, മുളക് കാക്കയും പ്രാവും കൊത്തിക്കൊണ്ടു പോവുകയും അരി വെന്തുചീയുകയും പാവക്കയ്ക്കു പകരം വിരലരിയുകയും കഷായത്തിന് മരുന്നു മാറി ചതയ്ക്കുകയും എന്തിനേറെ, ഊണിന്നാസ്ഥ കുറയുകയും നിദ്ര നിശയിങ്കല്പ്പോലും ഇല്ലാതാവുകയുംചെയ്തു. ഇതോടെ സശരീരിയുടെ ശരീരത്തില്‍ ഗന്ധർവന് കയറിയതാണെന്ന് വീട്ടുകാര്‍ തീര്‍ച്ചപ്പെടുത്തി. (വായനക്കാര്‍ക്ക് വേണമെങ്കില്‍ ജിന്ന്/ സാത്താൻ കൂടി എന്നു തിരുത്തി വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്).
അങ്ങനെ അവര്‍ ഗന്ധര്‍വനെ (ജിന്നിനെ/ സാത്താനെ) ഒഴിപ്പിക്കാനുള്ള പലതരം ക്രിയകള്‍ ചെയ്തെങ്കിലും ഒഴിഞ്ഞില്ലെന്നു മാത്രമല്ല കൂടുതല്‍ കൂടുതല്‍ തീവ്രമായി ചുറ്റിപ്പറ്റി നിൽക്കാനും തുടങ്ങി. എന്നാല്‍, സശരീരിക്കാകട്ടെ താന്‍ ശരീരമുള്ള ആളായതുകൊണ്ട് അശരീരിയെ സശരീരനായിക്കാണണമെന്ന് ഒരേയൊരു വാശി. തന്നെയുമല്ല, ഇപ്പോള്‍ സശരീരിക്ക് താന്‍ വിചാരിക്കുന്ന സമയത്ത് അശരീരിയെ കാണാന്‍ (കാണുക എന്ന വാക്ക് ആലങ്കാരികമായി ഉപയോഗിച്ചതാണ്) പറ്റില്ല. അശരീരിക്ക് ഏത് പാതിരാക്കും കടന്നുവരാം.
ശരീരത്തിന്റെ ബാധ്യതയുള്ള സശരീരിക്കാകട്ടെ ഇതൊന്നും സാധ്യമല്ലല്ലോ. ഈ ബലതന്ത്രം സശരീരിയെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. (ഏജൻസി അഥവാ കർത്തൃത്വം എന്നൊന്നും അക്കാലത്ത് കേട്ടുകേൾവി പോലുമില്ല). പോരെങ്കില്‍ മൊബൈൽ ഫോണും ഇന്റർനെറ്റും സോഷ്യല്‍ മീഡിയയുമൊക്കെ വരുന്നതിനും ഏറെ മുമ്പായതുകൊണ്ട് ഇഷ്ടമാ, പ്രേമമാ, ദേഷ്യം വരണൂ, പിണക്കം, സങ്കടം വരണൂ, ഒറങ്ങാന്‍ പോവ്വാ മുതലായ ഇമോജികളൊന്നും ഉപയോഗിച്ച് വിളിച്ചുവരുത്താനും ആവതില്ലാതിരുന്നു.
അങ്ങനെയിരിക്കെ, ഒരുദിവസം അശരീരി വന്നില്ല. അന്നു മുഴുവനും പിറ്റേന്നും സശരീരി അഞ്ജനക്കണ്ണെഴുതി അറപ്പുരവാതിലില്കാത്തിരുന്നു. അതിന്റെ പിറ്റേന്നും പിറ്റേന്നിന്റെ പിറ്റേന്നും പിന്നെ ഒരിക്കലും അശരീരി വന്നതേയില്ല. കുറച്ചു നാളായില്ലേ, മടുപ്പു വന്നിട്ടാണോ സശരീരസ്ഥനാവാന് പറഞ്ഞതുകൊണ്ടാണോ അതോ വല്ല മന്ത്രവാദത്തിന്റെയും ശക്തി വൈകി ഏറ്റിട്ടാണോ അതോ പോയ വഴി എന്തെങ്കിലും പറ്റിയോ –ആര്‍ക്കറിയാം. സശരീരി കുറേനാള്‍ കരഞ്ഞും പിഴിഞ്ഞും നോക്കി. പട്ടിണി കിടന്നു നോക്കി. (നിരാഹാരസത്യഗ്രഹം നിലവില്‍ വരുന്നതിനും മുമ്പാണ്). ദൈവങ്ങള്‍ക്ക് വഴിപാട് (നേര്‍ച്ച എന്ന് മാറ്റാം വേണമെങ്കിൽ) നേര്ന്നുനോക്കി.
പഠിച്ച പണി പതിനെട്ടുമെടുത്തിട്ടും ഒരു ഫലമുണ്ടായില്ലാ എന്നു തന്നെയല്ല, ഇന്ദുലേഖാ എന്ന നോവല്പ്പുസ്തകത്തിലെ നായികയെപ്പോലെ സശരീരി ദീനക്കിടക്കയിലാവുകയും ചെയ്തു. തദവസരത്തിലാണ്, സശരീരനായ സൂരി എന്നോമറ്റോ പേരായ ഒരുവന് ഈ അവസരം മുതലാക്കാനെന്നോണം വൈദ്യവേഷത്തില് സശരീരിയുടെ അടുക്കല്‍ അവതരിച്ചത്.
ശേഷം കഥ ഊഹിക്കാവുന്നതാണല്ലോ. ഇക്കഥ നടക്കുന്ന ശീലാവതീയുഗത്തില് ഇത്തരം സ്ത്രീ പുരുഷന്മാര് ഉണ്ടായിരുന്നോ എന്ന് സംശയിക്കാവുന്നതാണെങ്കിലും അതല്ല ഇതെഴുതുന്നയാളെ വ്യാകുലപ്പെടുത്തുന്നത്. അശരീരിക്കെന്തു പറ്റി എന്നതാണ് ഇതെഴുതുന്നയാളുടെ പ്രധാന ഉത്കണ്ഠ. സശരീരി കൈവിട്ടുപോയത് അയാള്‍ അപ്പഴോ പിന്നെയോ അറിഞ്ഞു കാണുമോ?
സത്യത്തില്‍ അയാള്‍ കൈവിട്ടതാണോ? അതോ അല്ലേ? ഇനിയിപ്പോ മുമ്പേ പറഞ്ഞ ആ നോവല്‍പുസ്തകത്തിലെ നായകന്റെ പോലെ ദേശാടനം പോയിക്കാണുമോ? അശരീരികള്‍ ദേശാടനം പോകുമോ? അതോ പോനാല്പ്പോഹട്ടും എന്ന പാട്ടും മൂളി അടുത്ത സശരീരിയെത്തേടി പോയിക്കാണുമോ? ഇതെല്ലാം അയാള്‍ നേരത്തേ ആസൂത്രണംചെയ്തതായിരുന്നോ? അശരീരിയുടെ പിൽക്കാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്രവസ്തുതകള്‍ വല്ലതും നിലവിലുണ്ടോ? ആ, ആര്‍ക്കറിയാം. കഥയില്‍ ചോദ്യം ചോദിക്കുന്നത് ശിക്ഷാർഹവും നിയമം അലംഘനീയവുമാകയാല് അത് അങ്ങനെ പോട്ടെ.
ശുഭം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.