നരച്ചു കരിമ്പനടിച്ച ആകാശവും, വസന്തം പടിയിറങ്ങിയ ഭൂമിയും, വേലിയിറക്കമാത്രയിലെയാഴിയും, പ്രതീക്ഷ പടിയിറങ്ങുന്ന നേരങ്ങളിൽ ചോരവറ്റി, വിളർക്കുന്ന ഞാനും, മരണകുറിപ്പെഴുതാറുണ്ട്. * ''എന്തിനെ പോലെ തന്നെയും ആത്മാഹുതിയൊരു കലയാണ്. ഞാനത് വിശേഷാൽ നിറവേറ്റുകയും ചെയ്യും.'' എങ്കിലോ? വ്യഥകൾക്കുമേൽ അമരത്വം വരിച്ചവളുടെയോരോ മരണങ്ങളും...
നരച്ചു കരിമ്പനടിച്ച ആകാശവും,
വസന്തം പടിയിറങ്ങിയ ഭൂമിയും,
വേലിയിറക്കമാത്രയിലെയാഴിയും,
പ്രതീക്ഷ പടിയിറങ്ങുന്ന നേരങ്ങളിൽ
ചോരവറ്റി, വിളർക്കുന്ന ഞാനും,
മരണകുറിപ്പെഴുതാറുണ്ട്.
* ''എന്തിനെ പോലെ തന്നെയും
ആത്മാഹുതിയൊരു കലയാണ്.
ഞാനത് വിശേഷാൽ
നിറവേറ്റുകയും ചെയ്യും.''
എങ്കിലോ?
വ്യഥകൾക്കുമേൽ അമരത്വം
വരിച്ചവളുടെയോരോ
മരണങ്ങളും നശ്വരമാണ്.
അടക്കമില്ലാത്ത ചിന്തകൾ ഭ്രമത്തിന്റെ
പ്രാന്തങ്ങളിൽ നുഴഞ്ഞുകയറുന്ന പകലുകളിൽ
ഒറ്റക്കായി പോയ വറ്റില്ലാത്ത ചോറ്കലത്തിൽ,
വിഷാദ രാത്രികളിലെ അലർച്ചയിൽ
ചുടുകണ്ണീരുണങ്ങിയ കൈമെത്തയിൽ,
നോവു കുഴച്ചെടുത്തു ശിൽപങ്ങളുണ്ടാക്കിയ
കടലാസുതുണ്ടുകളുടെ പണിശാലയിൽ,
എരിഞ്ഞടങ്ങിയ പട്ടടയിലെ
ചിതാഭസ്മ ധൂമപടലങ്ങളിൽ,
കെട്ടുപോയ തീക്കൊള്ളിയിൽ,
ഞാൻ മരണപ്പെട്ടിരുന്നു.
എങ്കിലോ?
ഉയിർത്തെഴുന്നേൽപിന്റെ സടകുടച്ചിലിൽ
പോയ ജന്മപീഡകൾ പറക്കുന്നു.
ഞാൻ,
ഇലമുളച്ചി,
കരൾ,
ഫീനിക്സ്,
മഹിഷി,
ആകുന്നു.
ആത്മഹത്യ വേദനസംഹാരിയാണ്.
* ''ഞാനൊരു മന്ദഹസിക്കുന്ന അംഗനയാണ്.
ഞാൻ വെറുമൊരു മുപ്പതുകാരി മാത്രമാണ്.
മാർജാരനെ പോലെ എനിക്ക് ഇനിയും
മരിക്കുവാൻ ഒന്പത് തവണകളുണ്ട്.''
ഓരോ പുനരുജ്ജീവനത്തിലും,
നവീകരണപ്പെട്ട് രൂപാന്തരീകരണയായ ഞാൻ,
നിങ്ങൾക്ക് *'ദിവ്യാത്ഭുത'മായ് തോന്നിയേക്കാം!
* അമേരിക്കൻ കൺഫെഷനൽ കവി സിൽവിയ പ്ലാതിന്റെ 'ലേഡി ലാസാറസ്' (Lady Lazarus) എന്ന കവിതയിലെ വരികൾ സ്വതന്ത്ര വിവർത്തനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.