കായലിലേക്ക് ചാഞ്ഞു വീഴുന്നു നിഴൽ നിഴലിന്റെ കരയിൽ ഒരു കൊച്ചുപയ്യൻ. അവനു മുകളിലൂടെ ആയിരത്തി തൊള്ളായിരത്തി എൺപതുകൾ ഉദിച്ചുനിൽക്കുന്നു. ആലപ്പുഴയിലേക്ക് ചരക്കുമായി വരുന്ന ഒരു വള്ളം കാണുന്നു മുട്ടക്കാരന്റെ ഉച്ചത്തിലുള്ള കൂവൽ കേൾക്കുന്നു കരയിൽ ചീക്കത്തൊണ്ടു തല്ലുകയും കയറു പിരിക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ. അടുത്തുള്ള തെങ്ങിൻതോപ്പിൽ വട്ടം കൂടിയിരുന്നു ചീട്ടു കളിക്കുന്ന ആണുങ്ങൾ. ഷോർട്ട് ഹാൻഡ് പാഠങ്ങൾ പകർത്തി പഠിക്കുന്ന സുന്ദരി...
കായലിലേക്ക്
ചാഞ്ഞു വീഴുന്നു നിഴൽ
നിഴലിന്റെ കരയിൽ
ഒരു കൊച്ചുപയ്യൻ.
അവനു മുകളിലൂടെ
ആയിരത്തി തൊള്ളായിരത്തി
എൺപതുകൾ ഉദിച്ചുനിൽക്കുന്നു.
ആലപ്പുഴയിലേക്ക്
ചരക്കുമായി വരുന്ന ഒരു വള്ളം കാണുന്നു
മുട്ടക്കാരന്റെ ഉച്ചത്തിലുള്ള കൂവൽ കേൾക്കുന്നു
കരയിൽ ചീക്കത്തൊണ്ടു
തല്ലുകയും
കയറു പിരിക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ.
അടുത്തുള്ള തെങ്ങിൻതോപ്പിൽ
വട്ടം കൂടിയിരുന്നു
ചീട്ടു കളിക്കുന്ന ആണുങ്ങൾ.
ഷോർട്ട് ഹാൻഡ് പാഠങ്ങൾ
പകർത്തി പഠിക്കുന്ന സുന്ദരി ഒരുവൾ
ഗുലാൻ പരിശിനിടയിലൂടെ
അവളെ നോക്കി നോക്കി ഒരു ഹിപ്പിക്കാരൻ
അടുക്കളയിൽ വേവുന്ന
കാരിക്കറി.
ഉറിയിൽ തൂങ്ങുന്ന കോഴിക്കറി
വല്യമ്മക്ക് മംഗളം വായിച്ചുകൊടുത്തും
പേൻ പെറുക്കി കൊടുത്തും കൊച്ചു മക്കൾ
ചായ്പ്പിലിരുന്ന് ചാരായം മോന്തുന്ന
വല്യപ്പൻ.
5 മണിക്ക് വിപ്ലവം പ്രസംഗിക്കാൻ
തയാറായി കോളാമ്പിപ്പാട്ട്.
ഇതൊരു വിഷുക്കാലമെന്നു
വിളിച്ചു പറയുന്നു
പൂവരശ്ശും
കണിക്കൊന്നയും.
മഴക്കാലത്തിനു മുന്നേ
പുര കെട്ടി മേയണമെന്ന്
ആകുലപ്പെടുന്ന പ്രാരബ്ധങ്ങൾ.
നിഴലിന്റെ കരയിലിരുന്ന കൊച്ചു
പയ്യനെ
വലിയ ചുമരുകൾക്കിടയിലേക്ക്
പറിച്ചുനടുന്ന ആയിരത്തി തൊള്ളായിരത്തി
തൊണ്ണൂറുകൾ.
കമ്പനി ശാസ്ത്രം പഠിച്ചു
കണക്കപ്പിള്ളയായ അവന്
ആഗോളവത്കരണ ഉദാരവത്കരണ
ഉടുപ്പണിയിക്കുന്ന യൗവനം.
വേലികൾ പിഴുതുമാറ്റി
മതിലുകൾ തണലാകുന്ന കാലം.
ചക്കരക്കാരൻ പറമ്പ്
സുരാജ് ഭവനായി ഉടലു മാറുന്നു
നിഴലു കണ്ട പയ്യൻ തടിയനാവുന്നു.
സ്വന്തമായി ഭാര്യയും പിള്ളേരും ഉണ്ടാവുന്നു.
രണ്ടായിരത്തി ഇരുപത്തി ഒന്നിൽ
കായലിലേക്ക് വീഴാനാവാതെ വെയിൽ
ഓടയിൽ തലകുത്തനെ നിൽക്കുന്നു.
നഷ്ടകണ്ണടക്കിടയിലൂടെ
കായൽക്കരയിലെ ആ പഴയ പയ്യൻ
ചീഞ്ഞളിഞ്ഞ ഒരു നഗരത്തെ കാണുന്നു.
വിരലുകൾക്കിടയിൽ ഞെരിയുന്ന
മൗസിലൂടെ അയാൾ
ആയിരത്തി തൊള്ളായിരത്തി
എൺപതുകളെ പുനഃസൃഷ്ടിക്കാനൊരു
ആപ്പ് തയാറാക്കുന്നു.
വെയിലിനു ചാഞ്ഞു വീഴാനായി
ഒരു കായലിനെ ഗൂഗിളിൽ സേർച്ച് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.