നിരത്തിവെച്ച നിലവിളക്കുകളിലൊക്കെയും മരണം തിരിയിടുന്നു പുലർച്ചെ പൂജാമുറിയിൽ മുരുകന്റെ പടത്തിൽ ഒരു പഴുതാര ലളിതാസഹസ്രനാമം വായിച്ചുതീർക്കെ അയൽവീട്ടിലൊരു നിലവിളി എല്ലാ വാതിലും അടച്ച് കുറ്റിയിട്ടെന്ന് ഉറപ്പ് വരുത്തി അയാൾ മക്കൾക്ക് തീ കൊളുത്തി പിറന്നുവീണ കുഞ്ഞിന്റെ കാൽവിരലുകളിൽ കുഴിച്ചിടുമ്പോഴും ഒരു തരിപ്പ് മണ്ണിൽ...
നിരത്തിവെച്ച നിലവിളക്കുകളിലൊക്കെയും
മരണം തിരിയിടുന്നു
പുലർച്ചെ
പൂജാമുറിയിൽ
മുരുകന്റെ പടത്തിൽ
ഒരു പഴുതാര
ലളിതാസഹസ്രനാമം
വായിച്ചുതീർക്കെ
അയൽവീട്ടിലൊരു നിലവിളി
എല്ലാ വാതിലും അടച്ച് കുറ്റിയിട്ടെന്ന്
ഉറപ്പ് വരുത്തി
അയാൾ മക്കൾക്ക് തീ കൊളുത്തി
പിറന്നുവീണ കുഞ്ഞിന്റെ
കാൽവിരലുകളിൽ
കുഴിച്ചിടുമ്പോഴും
ഒരു തരിപ്പ്
മണ്ണിൽ നടക്കാൻ കൊതിച്ചൊരു
മിടിപ്പ്
വിരുന്നു മേശയിൽ വിളമ്പിയ
വാഴയിലയിൽ
പൊള്ളിച്ച കരിമീന്‍
കായലിൽ ചാടി ചത്ത
പെൺകുട്ടിയുടെ രുചി
നിലത്തിറക്കി കിടത്തിയപ്പോൾ
കർഷകന്റെ ജഡത്തിന്
വെളുത്തുള്ളിയുടെ മണം
എല്ലാവരും
ആത്മഹത്യ ചെയ്യുന്ന കാലത്ത്
ഞാനേത് ഭാഷയിൽ
കവിതയെഴുതണം?
ഹിന്ദി
വഴങ്ങുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.