നമ്മളുണ്ടാക്കുക നമ്മൾക്കു വേണ്ടുന്ന യുക്തികൾ നമ്മൾ പരസ്പരം സൂക്ഷിച്ചു കൂടോത്രപ്പൂട്ടുകൾ പണിയുക. ചെക്കനൊരായിരം കുറ്റം ചെയ്താലും കുറ്റവാളിയെന്ന് അമ്മ പറയുമോ കള്ളം പറഞ്ഞാൽ ഓന്റെ പെണ്ണതു നോക്കിക്കോളും കള്ളനെന്ന് ഓള് ഓനെ വിളിക്കില്ലല്ലോ - കൊച്ചു കള്ളാ എന്നല്ലേ വിളിക്കൂ. നമ്മളുണ്ടാക്കുക നമ്മൾക്കു...
നമ്മളുണ്ടാക്കുക
നമ്മൾക്കു വേണ്ടുന്ന യുക്തികൾ
നമ്മൾ പരസ്പരം സൂക്ഷിച്ചു
കൂടോത്രപ്പൂട്ടുകൾ പണിയുക.
ചെക്കനൊരായിരം കുറ്റം ചെയ്താലും
കുറ്റവാളിയെന്ന് അമ്മ പറയുമോ
കള്ളം പറഞ്ഞാൽ
ഓന്റെ പെണ്ണതു നോക്കിക്കോളും
കള്ളനെന്ന് ഓള്
ഓനെ വിളിക്കില്ലല്ലോ - കൊച്ചു
കള്ളാ എന്നല്ലേ വിളിക്കൂ.
നമ്മളുണ്ടാക്കുക
നമ്മൾക്കു വേണ്ടുന്ന യുക്തികൾ
ഞാൻ ചെയ്ത കുറ്റം
നീ മായ്ച്ചു കളഞ്ഞേയ്ക്ക്
നീ ചെയ്ത കുറ്റം
ഞാനും മായ്ച്ചുകളയാം-
ലാഭം നമുക്കു പങ്കുവെയ്ക്കാം.
അഴിമതിയ്ക്കഴിയെണ്ണി-
ക്കഴിയണോ കാരണോർ
ഒരു കാലത്തങ്ങേരും
ജഗലായിരുന്നേ!
നാമൊരേ കൊടിക്കൂറ
മൂടിയുറങ്ങേണ്ടോർ
കുഴിമന്തൻമാരായ്
കുഴിമന്തിമാരായ്
അഴിമതിക്കഥയെഴുതി
നേരം കളയണോ.
കള്ളനായാലും
തന്ത തന്തയല്ലോ
കള്ളിയായാലും
തള്ള തള്ളയല്ലോ
എന്തായാലും
കുലംകുത്തിയാവാതെ നോക്കണം
നട്ടുച്ച നേരം വിളക്കുകൊളുത്തി
ഉച്ചത്തിൽ വായിക്കണം കോമായണം.
നാടോടുകയല്ലോ
നടുവേ ഓടിയിട്ടെന്തു കാര്യം, സർവരും
നാട് നന്നാക്കികളാകുമ്പോൾ
ആരാരെ, കുറ്റപ്പെടുത്തും?
ഞാൻ കട്ടു തീർന്നു
ബാക്കിയിത്താക്കോൽ നിനക്കിരിക്കട്ടെ - തക്കം പാർക്കുക
വീർക്കുമ്പോൾ വീർക്കുമ്പോൾ
ചോർത്തിയെടുക്കുക-
'കൺപൊത്തി നിന്നോ കുഞ്ചിരാമാ
ചെവി പൊത്തി നിന്നോ കുഞ്ചിരാമാ
വായ് പൊത്തി നിന്നോ കുഞ്ചിരാമാ'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.