ഒറ്റക്കാലൻകാക്കയെ കണ്ടുതീവണ്ടിയാത്ര തുടങ്ങിയാൽ ഫലമെന്താണെന്നറിയുമോ? അറിയില്ല; എവിടെയാണ് അങ്ങോട്ടു നോക്കൂ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ഒറ്റക്കാലിൽ ഒരു പക്ഷി തത്തി നടക്കുന്നു ആരോ ബലിയിട്ടുപോയ ലെയ്സുപാളിയെ കൊത്തിയെടുക്കുന്നു സ്മാർട്ട്ബെഞ്ചിന്റെ തണലിൽ ചെന്നിരുന്ന് സ്വസ്ഥമായി കൊത്തിത്തിന്നുന്നു. മറ്റു പ്ലാറ്റ്ഫോമുകളിൽ ഉഴുന്നുവടയും ഫ്രൂട്ടി കവറും കൊത്തിച്ചിനക്കുന്ന പക്ഷിസഖാക്കൾക്ക് അതിന്റെ പേരോർമ കിട്ടുന്നില്ലല്ലോ എങ്കിലും തന്റെ...
ഒറ്റക്കാലൻകാക്കയെ കണ്ടു
തീവണ്ടിയാത്ര തുടങ്ങിയാൽ
ഫലമെന്താണെന്നറിയുമോ?
അറിയില്ല; എവിടെയാണ്
അങ്ങോട്ടു നോക്കൂ
നാലാം നമ്പർ പ്ലാറ്റ്ഫോമിൽ
ഒറ്റക്കാലിൽ ഒരു പക്ഷി
തത്തി നടക്കുന്നു
ആരോ ബലിയിട്ടുപോയ ലെയ്സുപാളിയെ
കൊത്തിയെടുക്കുന്നു
സ്മാർട്ട്ബെഞ്ചിന്റെ തണലിൽ ചെന്നിരുന്ന്
സ്വസ്ഥമായി കൊത്തിത്തിന്നുന്നു.
മറ്റു പ്ലാറ്റ്ഫോമുകളിൽ ഉഴുന്നുവടയും
ഫ്രൂട്ടി കവറും കൊത്തിച്ചിനക്കുന്ന
പക്ഷിസഖാക്കൾക്ക്
അതിന്റെ പേരോർമ കിട്ടുന്നില്ലല്ലോ
എങ്കിലും
തന്റെ പേരാണോ വിളിച്ചുപറയുന്നതെന്ന്
ഇടവിട്ടുള്ള റെയിൽവേ അറിയിപ്പുകൾക്ക്
കാതോർക്കുന്നുവല്ലോ
മറ്റേകാലെങ്ങനെ നഷ്ടപ്പെട്ടതായിരിക്കും?
ടിക്കറ്റെടുക്കാതെ ചാഞ്ഞും ചരിഞ്ഞും നോക്കിയതിന്
വെളുത്ത കുപ്പായങ്ങൾ തള്ളിവീഴ്ത്തിയതാകുമോ?
കൈവശാവകാശക്കാരായ മറ്റ് ജീവികൾ
കടിച്ചെടുത്തതാകുമോ?
ഗോതമ്പുവണ്ടിക്ക് മുകളിലിരുന്നുറങ്ങി
പെട്ടെന്നിളകി വീണിരിക്കുമോ?
നെയ്യപ്പം കൊത്തിയെടുക്കാൻ
പറന്നിറങ്ങുന്നതിനിടയിൽ
അതിവേഗവണ്ടി പാഞ്ഞുവന്നതുമായിടാം.
ആത്മഹത്യ പരാജയപ്പെട്ടതാണെങ്കിലോ?
ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിച്ചതുമായിക്കൂടേ?
ആനയെയോ ഉറുമ്പിനെയോ!
ആളുമാറി ആക്രമിക്കപ്പെട്ടതാണെങ്കിൽ?
ആരുമറിയാത്തൊരു സ്ഫോടനമാണെങ്കിൽ?
അങ്ങനെയൊക്കെയുണ്ടോ
പക്ഷികളുടെ ലോകത്തും.
പണ്ട് തീവണ്ടിയിൽനിന്ന് പുഴയിലേക്ക് വീണ
നാടോടിഗായകനെ ഓർമവരുന്നു
അയാളുടെ പാട്ടോർമ വരുന്നു
അതിനുശേഷം ഒരിക്കലും നിറഞ്ഞിട്ടില്ലാത്ത
ഹാർമോണിയത്തിന്റെ നദിയൊഴുക്കിനെ
ഓർമ തിരയുന്നു
അയാളുടെ കുട്ടിക്ക് കൊടുക്കാൻ
വിട്ടുപോയ നാണയത്തുട്ടുകൾ
കീശയിൽ കിടന്നു പെരുകുന്നു.
ഒരുപക്ഷേ
ജന്മത്തിലേ ഒറ്റക്കാലിലായിക്കൂടെ?
മരണത്തിന് മറവിരോഗം ബാധിച്ചതാവാമല്ലോ!
അതോ ഇതുമൊരു വെളുത്ത പക്ഷിയാണോ
കുളിക്കാൻ മറന്നുപോയ പക്ഷി.
അല്ലെങ്കിൽ
കുളിച്ചു കുളിച്ച് കൊറ്റിയായി മാറിയെന്ന്
സ്വയം വിശ്വസിച്ചു
ഒറ്റക്കാലിൽ അഭിനയിച്ചു നടക്കുന്ന
നാർസിസസ് പക്ഷി?
ഒരു പാക്കറ്റ് ലെയ്സ് കൂടി വാങ്ങൂ
വൈകിയോടുന്ന നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് വരൂ
പഴയ നഴ്സറി പാട്ട് ഓർമ കിട്ടുംവരെ
ഓരോ തുണ്ടമായിട്ടെറിഞ്ഞു കൊടുക്കൂ
ഒറ്റക്കാലാട്ടം പകർത്തിയെടുത്ത്
പക്ഷികളുടെയും വേട്ടക്കാരുടെയും
ലോകത്തിന് സമർപ്പിക്കൂ.
വണ്ടി വരാൻ ഇനിയും നേരമുണ്ട്
വീണ്ടും പുറപ്പെട്ടു പോകാൻ
അതിലുമേറെ നേരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.