ഞാൻ വെളുപ്പാൻ കാലത്ത് നടക്കാൻ ഇറങ്ങിയതായിരുന്നു കിളികളുടെ നേർത്ത നാദം തിളങ്ങുന്ന സൂര്യവെളിച്ചം പരക്കുന്ന പ്രസരിപ്പ് പുൽത്തകിടിയിൽ ഒരു കവിതാ ആശയം വീണു കിടക്കുന്നു അത് വിങ്ങിക്കരഞ്ഞു എന്നെ അരികിലേക്ക് വിളിച്ചു ‘‘നിന്റെ കോടിയ മുഖവും കരുവാളിച്ച ചുണ്ടും കണ്ടിട്ട് ഒരു കാൽകവി പോലെയുണ്ട് ഫേസ് ബുക്ക് കവികൾ കണ്ടാൽ അവരുടെ പേരിൽ എന്നെയെടുത്ത് ഓൺലൈനിലിടും അവിടെ വികലാംഗനായി കിടക്കുന്നതിനേക്കാൾ ഇവിടെ കിടന്നു മരിക്കുന്നതാണ്...
ഞാൻ വെളുപ്പാൻ കാലത്ത്
നടക്കാൻ ഇറങ്ങിയതായിരുന്നു
കിളികളുടെ നേർത്ത നാദം
തിളങ്ങുന്ന സൂര്യവെളിച്ചം
പരക്കുന്ന
പ്രസരിപ്പ്
പുൽത്തകിടിയിൽ
ഒരു കവിതാ ആശയം
വീണു കിടക്കുന്നു
അത് വിങ്ങിക്കരഞ്ഞു
എന്നെ അരികിലേക്ക്
വിളിച്ചു
‘‘നിന്റെ കോടിയ മുഖവും
കരുവാളിച്ച ചുണ്ടും കണ്ടിട്ട്
ഒരു കാൽകവി പോലെയുണ്ട്
ഫേസ് ബുക്ക് കവികൾ കണ്ടാൽ
അവരുടെ പേരിൽ
എന്നെയെടുത്ത്
ഓൺലൈനിലിടും
അവിടെ വികലാംഗനായി കിടക്കുന്നതിനേക്കാൾ
ഇവിടെ കിടന്നു
മരിക്കുന്നതാണ് ഭേദം
മനുഷ്യർക്ക്
പുതിയ വെളിച്ചം നൽകുന്ന
ആശയമാണ് ഞാൻ
കഴിയുമെങ്കിൽ
എന്നെ ഒരു സുന്ദരകവിതയാക്കൂ’’
ഞാൻ പറഞ്ഞു
‘‘നിന്നെ കണ്ടപ്പോഴേ
ഒഴിഞ്ഞുമാറാൻ
നോക്കിയതാണ്
ഞാൻ കവിതയെഴുത്ത്
നിർത്തി
അത് പൊല്ലാപ്പാണ്
പകരം ചേമ്പും
കാച്ചിങ്ങയും
നട്ടുവളർത്തുന്നു
ആട്ടെ
ഈ വഴി
സച്ചിദാനന്ദനോ
റ്റൊമാസ് ട്രാൻസ്ട്രൊമറോ
കടന്നുപോയോ
അവരുടെ ഓർമയിൽനിന്നും
ഊർന്നുവീണതാണോ നീ’’
‘‘അല്ലേയല്ല’’
അത് വീണ്ടും മോങ്ങി
‘‘മനുഷ്യർക്ക്
പുതിയ വെളിച്ചമേകാൻ
ദൈവം എന്നെ ഇവിടെ
കൊണ്ടിട്ടതാണ്
അതിനുശേഷം
പുള്ളിക്ക്
ഒരു ഉത്തരവാദിത്തവും ഇല്ല
ഞാൻ ഇവിടെ കിടന്ന്
ശ്വാസം കിട്ടാതെ മരിച്ചുപോകും’’
കരുണ തോന്നി
ഞാൻ അതിനെയെടുത്ത്
വീട്ടിലേക്കു പോയി
ഒരു അലമാരിയിൽ സൂക്ഷിച്ചുവെച്ചു
പിന്നീട് ആ കാര്യം വിട്ടുപോയി
ഒരുദിവസം നോക്കിയപ്പോൾ
അതിനെ അവിടെ കണ്ടില്ല
പിന്നെയൊരു നാൾ
മഹാഗ്രന്ഥങ്ങൾ
വായിച്ചുകൊണ്ടിരിക്കേ
വരികൾക്കിടയിൽ അതിനെ കണ്ടു
ഭാഗ്യം!
മുമ്പേ
ആവിഷ്കരിക്കപ്പെട്ടത്
പിന്നീട് ആവിഷ്കരിക്കണ്ടല്ലോ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.